Current Date

Search
Close this search box.
Search
Close this search box.

ബുറാഖ് മതില്‍ ജൂതശേഷിപ്പിന്റെ ഭാഗമോ?

quds-wall.jpg

മസ്ജിദുല്‍ അഖ്‌സയെ ജൂതവല്‍കരിക്കാനുള്ള ശ്രമങ്ങള്‍ വളരെ ശക്തമായിരിക്കുകയാണിന്ന്. മസ്ജിദിന്റെ മതിലിന്റെ പേരില്‍ പോലും ഇത് പ്രതിഫലിക്കുന്നുണ്ട്. അതിനെ ‘ബുറാഖ് വാള്‍’ എന്നു വിളിക്കണോ ‘വെയ്‌ലിങ് വാള്‍’ എന്നു പറയണോ എന്നതാണ് തര്‍ക്കം. പേര് സംബന്ധിച്ച വിശദീകരണത്തിലേക്ക് കടക്കുന്നതിനു മുമ്പ് അല്‍-ബുറാഖ് മതിലിന്റെ ചരിത്രപശ്ചാത്തലത്തെ കുറിച്ച് ഏതാനും കാര്യങ്ങള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു. അല്‍ അഖ്‌സയുടെ പടിഞ്ഞാറന്‍ മതിലിന്റെ ഒരു ഭാഗമാണിത്. 1967 ലെ മിഡിലീസ്റ്റ് യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേമിന്റെ മറ്റ് ഭാഗങ്ങളോടൊപ്പം ഇസ്രയേല്‍ ഈ മതില്‍ പിടിച്ചെടുത്തു. നഗരത്തിന്റെ പ്രസ്തുത ഭാഗം തങ്ങളിലേക്ക് അവര്‍ കൂട്ടിചേര്‍ത്തെങ്കിലും അതിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചില്ല. ബൈബിള്‍ പരാമാര്‍ശിക്കുന്ന തങ്ങളുടെ ദേവാലയത്തിന്റെ ഭാഗമായി കണ്ട് മതിലിനടത്ത് ജൂതന്‍മാര്‍ പ്രാര്‍ഥനകള്‍ നടത്താനും ആരംഭിച്ചു. വിശാലമായ ഈ കേന്ദ്രത്തിന് അവര്‍ ‘ടെമ്പ്ള്‍ മൗണ്ട്’ എന്ന് നാമകരണവും ചെയ്തു. എന്നാല്‍ ഖുബ്ബത്തുസ്വഖ്‌റയും ഇസ്‌ലാമില്‍ പവിത്രമാക്കപ്പെട്ട മൂന്നാമത്തെ ഭവനമായ മസ്ജിദുല്‍ അഖ്‌സയും ഉള്‍ക്കൊള്ളുന്ന മേഖല ‘അല്‍ ഹറം അശ്ശരീഫ്’ (വിശുദ്ധ ഭൂമി) എന്നാണ് ഇസ്‌ലാമിക ചരിത്രത്തില്‍ അറിയപ്പെടുന്നത്.

പ്രസ്തുത മതിലിന്റെ പേരുമായി ബന്ധപ്പെട്ട് ഈജിപ്തിലെ മുന്‍ മുഫ്തി ആയിരുന്ന ഡോ. നാസര്‍ ഫാരിദ് വാസില്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ് : അല്‍-അഖ്‌സ മസ്ജിദിന്റെ ഭാഗമാണ് അല്‍-ബുറാഖ് മതില്‍. അല്‍-അഖ്‌സയാകട്ടെ, തീര്‍ത്തും ഒരു ഇസ്‌ലാമിക കേന്ദ്രവും. അതിനുമേല്‍ അവകാശം സ്ഥാപിക്കാനുള്ള അനുവാദം ഒരു അമുസ്‌ലിം ദേശത്തിനും ശരീഅത്ത് നല്‍കുന്നില്ല. ഈ മതില്‍ എക്കാലത്തും ഇസ്‌ലാമിക പൈതൃകത്തിന്റെ ഭാഗമായിത്തന്നെ നിലകൊള്ളും. ഒരു മുസ്‌ലിമും ഇതിനെ ‘വെയ്‌ലിങ് വാള്‍’ എന്ന് വിളിക്കാന്‍ പാടില്ല. മതപരമായി നോക്കുമ്പോള്‍ ഈ പ്രയോഗം ഒരിക്കലും സ്വീകാര്യമല്ല. ഈ മതില്‍ ‘അല്‍ ബുറാഖ്’ എന്ന പേരില്‍ തന്നെ അറിയപ്പെടണം. സര്‍വോപരി നിയമപരമായ ഒരധികാരവും ഈ മതിലിനു മേല്‍ ഇസ്രായേലിനില്ല.

ജറുസലേം മുഫ്തിയായ ശൈഖ് ഇക്‌രിമ സബ്‌രിയും ‘വെയ്‌ലിങ് വാള്‍’ എന്ന പ്രയോഗത്തെ ശക്തമായി എതിര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഫത്‌വ ഇങ്ങനെയാണ് : അല്‍-അഖ്‌സയിലെ പടിഞ്ഞാറന്‍ മതിലിന്റെ ഭാഗമാണ് അല്‍-ബുറാഖ് മതില്‍. അല്‍അഖ്‌സയിലെ എല്ലാ മതിലുകളും ഇസ്‌ലാമിന്റെ ആസ്തിയാണ്. ഇസ്‌റാഇന്റെയും മിഅ്‌റാജിന്റെയും ചരിത്രമുറങ്ങുന്ന വിശുദ്ധ മണ്ണാണവിടുത്തേത്. അന്ത്യനാളണയുന്നതു വരെ അത് ഇസ്‌ലാമിന്റെ മാത്രം ഭൂമികയായി നിലകൊള്ളും. ഞങ്ങളുടേതാണ് പ്രസ്തുത മതിലെന്ന ജൂതന്‍മാരുടെ അവകാശവാദത്തെ നമ്മളൊരിക്കലും അംഗീകരിക്കില്ല. ഹീബ്രു ചരിത്രവുമായി ബന്ധമുള്ള ഒരു കല്ലും അവിടെ അവശേഷിക്കുന്നില്ലെന്നും ഞാന്‍ തറപ്പിച്ചു പറയുന്നു. അല്‍-ബുറാഖ് മതിലിന്‍മേലുള്ള ആധിപത്യം അധിനിവേശത്തിലൂടെ ഉണ്ടാക്കിയെടുത്തത് മാത്രമാണ്. അതുകൊണ്ട് തന്നെ ഒരു അമുസ്‌ലിം ശക്തിക്കും അതിനുമേല്‍ ന്യായമായ ഒരവകാശവും ഇല്ല. ചുരുക്കത്തില്‍ അല്‍ ബുറാഖ് മതിലിനെ ‘വെയ്‌ലിങ് വാള്‍’ എന്ന് വിളിക്കുന്നതു പോലും വിശ്വാസത്തിനെതിരാണ്. ആളുകളും മാധ്യമങ്ങളുമെല്ലാം ‘അല്‍ബുറാഖ്’ എന്ന ഇസ്‌ലാമിക നാമം തന്നെ ഉപയോഗിക്കണം.

പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്‍ ശൈഖ് യൂസുഫുല്‍ ഖറദാവി ഇതിനെ കുറിച്ച് പറയുന്നു : അല്‍ ബുറാഖ് മതിലിനു മേലുള്ള ജൂതാധിനിവേശം ഈയടുത്ത് മാത്രം തുടങ്ങിയതാണ്. ജൂതന്‍മാരുടെ ഏറ്റവും നീണ്ട ആധിപത്യ കാലയളവ് 434 വര്‍ഷമാണ്. ഫലസ്തീനില്‍ അവരുടെ ആധിപത്യം ശൗല്‍, ഡേവിഡ്, സോളമന്‍ രാജാക്കന്‍മാരുടെ കാലത്തായിരുന്നു. സോളമന്റെ വിയോഗാനന്തരം അദ്ദേഹത്തിന്റെ മക്കള്‍ പലയിടങ്ങളിലേക്കായി പിരിഞ്ഞു. യഹൂദ ജറൂസലേമിലേക്ക് തിരിച്ചു. അതേസമയം നേപ്പിളില്‍ ഇസ്രാഈല്‍ ഭരണകൂടം സ്ഥാപിതമായി. നേപ്പിളിലെ ഇസ്രാഈല്‍ ഭരണകൂടം 298 ഉം അതിന് മുമ്പ് ഫലസ്തീനിലേത് 434 വര്‍ഷവുമാണ് നീണ്ടുനിന്നത്. ചുരുക്കത്തില്‍ ‘ഞങ്ങള്‍ക്ക് ഒരുപാട് കാലത്തെ ചരിത്രമുണ്ട്’ എന്ന് വീരവാദം പറയുന്നവര്‍ പച്ചക്കള്ളമാണ് പറയുന്നത്. ഏറിയാല്‍ 434 വര്‍ഷക്കാലത്തെ ചരിത്രമേ അവര്‍ക്കവിടെ ഉള്ളു. എന്നാല്‍ അറബികള്‍ ക്രിസ്തുവിന്റെ ജനനത്തിനും 30 നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഫലസ്തീനിലുണ്ട്. അവര്‍ ഇസ്‌ലാമിന്റെ കുടക്കീഴിലായിട്ട് 14 നൂറ്റാണ്ടോളമായി. ഇസ്‌ലാമിന്റെ ആഗമനത്തിനു മുമ്പ് ഫലസ്തീനില്‍ ഒരു ജൂതന്‍ പോലും ഇല്ലായിരുന്നു എന്നതാണ് വസ്തുത. കാരണം AD 70 വരെ ഫലസ്തീനില്‍ ജൂതന്‍മാരുടെയോ ഇസ്രയേലികളുടെയോ യാതൊരു അടയാളവും ഇല്ല.

ഏതെങ്കിലും ജൂത സ്മാരകത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളിലല്ല മുസ്‌ലിംകള്‍ തങ്ങളുടെ രാജ്യം സ്ഥാപിച്ചത്. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഈ ‘സോളമന്‍ ടെമ്പിളി’ന്റെ എന്തെങ്കിലുമൊരു അവശിഷ്ടം കണ്ടെടുക്കാനായി എല്ലാവിധ നൂതന സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ കഴിഞ്ഞ 30 വര്‍ഷത്തോളമായി ജൂതന്‍മാര്‍ തിരച്ചില്‍ നടത്തുന്നു. ഇതുവരെ അവര്‍ക്കൊന്നും കണ്ടെത്താനായിട്ടില്ല. പിന്നെ എവിടെയാണ് ഈ പറയപ്പെടുന്ന സോളമന്‍ ടെമ്പിള്‍ ഉണ്ടായിരുന്നത്.
 

അവലംബം: onislam
മൊഴിമാറ്റം: നബാ നബീല്‍ ചേന്ദമംഗല്ലൂര്‍

Related Articles