Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്‍ ഹൂദ്

hud.jpg

പ്രവാചകനായ നൂഹിന്റെ പുത്രന്‍ ശേമിന്റെ ഒമ്പത് മക്കളിലൊരാളാണ് അര്‍പ്പക്ഷദ്. അദ്ദേഹത്തിന്റെ പുത്രന്‍ ശേലഹിന്റെ മകനാണ് ഹൂദ്. ശാമിന്റെ പുത്രനായ അരാമിന്റെ വംശാവലിയിലാണ് ഹൂദിന്റെ ജനനമെന്നതാണ് മറ്റൊരു നിഗമനം. (ഇബ്‌നു ജരീര്‍). ശേമിന്റെ പുത്രന്‍ ഊസിന്റെ പുത്രന്‍ ആദിന്റെ വംശവലിയിലാണ് ഹൂദെന്നും ചില വിലയിരുത്തലുണ്ട്. ഇറമിന്റെ ആളുകളാണെന്ന ഖുര്‍ആനിന്റെ പരമാര്‍ശവും ആദ് സമുദായത്തിലേക്കാണ് ഹൂദ് നബി(അ) നിയോഗിതനായതെന്ന ഖുര്‍ആനിക വിശദീകരണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഈ നിഗമനങ്ങള്‍ വന്നിട്ടുള്ളത്.

ഖുര്‍ആന്‍ വിവരിക്കുന്ന പ്രവാചകന്മാരില്‍ നാല്‌പേര്‍ അറേബ്യയില്‍ ജീവിച്ചുവെന്ന് ഹദീസുകളില്‍ കാണാം. ഹൂദ്, സ്വാലിഹ്, ശുഐബ്, മുഹമ്മദ് എന്നിവരാണ് അവര്‍. ആദ്യമായി അറബി സംസാരിച്ചത് ഹൂദ് ആണെന്നും പറയപ്പെടുന്നുണ്ട്. അറേബ്യയില്‍ ധാരാളം സമൂഹങ്ങള്‍ ജീവിച്ചിരുന്നു. ആദ്, സമൂദ്, ജര്‍ഹം, ത്വസ്മ്, ജുദൈസ്, മദ്യന്‍, അബീല്‍, ഖഹ്താന്‍ എന്നിവ അവയില്‍ ചിലതാണ്.സഊദി അറേബ്യയിലെ അഹ്ഖാഫ് എന്ന പ്രദേശത്താണ് ഈ സമൂഹം നിവസിച്ചിരുന്നത്. മണ്‍കൂനയാല്‍ മൂടപ്പെട്ട ഒരു പ്രദേശമാണിത്. അമ്മാനിനും ഹദറമൗതിനുമിടിയില്‍ കടലിലേക്ക് നീങ്ങിയാണ് ഈ പ്രദേശമുള്ളത്. ‘കണ്ടിട്ടില്ലയോ, ആദുവര്‍ഗത്തോട് നിന്റെ നാഥന്‍ എന്താണ് ചെയ്തതെന്ന്? അതായത്, ഉയര്‍ന്ന തൂണുകളുള്ള ഇറമിനോട്? അവര്‍ക്ക് തുല്യം ഒരു ജനം നാടുകളിലെങ്ങും സൃഷ്ടിക്കപ്പെട്ടിട്ടില്ല.’ (89:7-8)

ആദ് സമൂഹവുമായിരുന്ന പ്രളയത്തിന് ശേഷം ആദ്യമായി ബിംബാരധനയിലേക്ക് തിരിച്ചു പോയ സമൂഹം. അവര്‍ ദേവതകളുണ്ടായിരുന്നു. സ്വദ്ദ്, സമൂദാ, വഹ്‌റാ. അവരിലേക്കായിരുന്നു അവരുടെ സഹോദരന്‍ ഹൂദിനെ അല്ലാഹു പ്രവാചകനായി നിയോഗിച്ചത്. ഖുര്‍ആന്‍ പറയുന്നു: ‘ആദ് സമുദായത്തിലേക്ക് നാം അവരുടെ സഹോദരനായ ഹൂദിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: ‘എന്റെ ജനമേ, അല്ലാഹുവിനു ഇബാദത്തുചെയ്യുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ദൈവമില്ലതന്നെ. നിങ്ങള്‍ ദുര്‍ന്നടപടികള്‍ വര്‍ജിക്കുന്നില്ലയോ?’ അദ്ദേഹത്തിന്റെ ജനത്തില്‍, ദൈവികസന്ദേശം അംഗീകരിക്കാന്‍ വിസമ്മതിച്ച പ്രമാണിമാര്‍ മറുപടി പറഞ്ഞു: ‘നീ വിഡ്ഢിത്തത്തിലകപ്പെട്ടതായി ഞങ്ങള്‍ കാണുന്നു. നീ വ്യാജനാണെന്നത്രെ ഞങ്ങള്‍ കരുതുന്നത്.’ അദ്ദേഹം പറഞ്ഞു: ‘എന്റെ ജനമേ, എനിക്കു വിഡ്ഢിത്തം സംഭവിച്ചിട്ടില്ല; പ്രത്യുത, ഞാന്‍ ലോകനാഥന്റെ ദൂതനാകുന്നു. ഞാന്‍ നിങ്ങള്‍ക്ക് എന്റെ റബ്ബിന്റെ സന്ദേശങ്ങള്‍ എത്തിച്ചുതരുന്നു. ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയല്ലോ. നിങ്ങളെ താക്കീതുചെയ്യുന്നതിനുവേണ്ടി, സ്വസമുദായക്കാരനായ ഒരാളിലൂടെ റബ്ബിങ്കല്‍നിന്നുള്ള ഉദ്‌ബോധനം ലഭിക്കുന്നതില്‍ ആശ്ചര്യപ്പെടുന്നുവോ? നൂഹിന്റെ ജനത്തിനുശേഷം അവന്‍ നിങ്ങളെ പ്രതിനിധികളാക്കിയതും നിങ്ങള്‍ക്ക് വര്‍ധിച്ച മെയ്യൂക്ക് നല്‍കിയതും മറക്കാതിരിക്കുവിന്‍. അല്ലാഹുവിന്റെ കഴിവിന്റെ അടയാളങ്ങള്‍ ഓര്‍മിക്കുവിന്‍. നിങ്ങള്‍ വിജയം പ്രാപിച്ചെങ്കിലോ!’ അവര്‍ ഉത്തരം കൊടുത്തു: ഞങ്ങള്‍ ഒരേയൊരു അല്ലാഹുവിനു മാത്രം ഇബാദത്തു ചെയ്യുന്നതിനും പൂര്‍വപിതാക്കള്‍ ഇബാദത്തു ചെയ്തുവന്ന ദൈവങ്ങളെ വെടിയുന്നതിനും വേണ്ടിയാണോ നീ ഞങ്ങളില്‍ വന്നിരിക്കുന്നത്? ആട്ടെ, നീ സത്യവാനെങ്കില്‍ ഞങ്ങളെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ആ ദൈവികശിക്ഷ ഇങ്ങു കൊണ്ടുവന്നാട്ടെ.’ അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ നാഥനില്‍നിന്നുള്ള ശാപവും കോപവും നിങ്ങളില്‍ പതിഞ്ഞിരിക്കുന്നു. നിങ്ങളും പൂര്‍വികരും ചമച്ചതും അല്ലാഹു ഒരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ കുറെ പേരുകളെച്ചൊല്ലി എന്നോടു തര്‍ക്കിക്കുകയാണോ? ശരി, നിങ്ങള്‍ കാത്തിരുന്നുകൊള്ളുക. ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കാം.’ ഒടുവില്‍ നാം നമ്മുടെ കാരുണ്യത്താല്‍ ഹൂദിനെയും സഖാക്കളെയും രക്ഷിക്കുകയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ തള്ളിപ്പറഞ്ഞവരെ മുരടറുത്തുകളയുകയും ചെയ്തു. അവര്‍ വിശ്വസിക്കുന്നവരായിരുന്നില്ല.” (7:5-72)

സൂറത്തു ഹൂദില്‍ നൂഹിന്റെ കഥക്ക് ശേഷം അല്ലാഹു പറയുന്നു: ‘ആദ് ഗോത്രത്തിലേക്ക്, നാം അവരുടെ സഹോദരന്‍ ഹൂദിനെ നിയോഗിച്ചു. അദ്ദേഹം പറഞ്ഞു: ‘അല്ലയോ ജനമേ, അല്ലാഹുവിന് ഇബാദത്തുചെയ്യുവിന്‍. നിങ്ങള്‍ക്ക് അവനല്ലാതെ ഇലാഹില്ല. നിങ്ങള്‍ കേവലം കള്ളം കെട്ടിപ്പറയുകയാകുന്നു. എന്റെ ജനമേ, ഈ ദൗത്യത്തിന് യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളില്‍നിന്നു കാംക്ഷിക്കുന്നില്ല. എന്റെ പ്രതിഫലമോ, എന്നെ സൃഷ്ടിച്ചവങ്കലാകുന്നു. നിങ്ങള്‍ ഒട്ടും ബുദ്ധി ഉപയോഗിക്കാത്തതെന്ത്? എന്റെ ജനമേ, നിങ്ങളുടെ റബ്ബിനോട് മാപ്പു തേടുവിന്‍. എന്നിട്ട് അവങ്കലേക്കു പശ്ചാത്തപിച്ചു മടങ്ങുവിന്‍. അവന്‍ നിങ്ങള്‍ക്കു മീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. നിങ്ങളുടെ നിലവിലുളള ശക്തിയുടെ മേല്‍ കൂടുതല്‍ ശക്തി ചേര്‍ത്തു തരികയും ചെയ്യും. ധിക്കാരികളായി പിന്തിരിയാതിരിക്കുവിന്‍. അവര്‍ മറുപടി കൊടുത്തു: ‘ഹേ ഹൂദേ, നീ ഞങ്ങളുടെ അടുക്കല്‍ സ്പഷ്ടമായ ഒരു തെളിവും കൊണ്ടുവന്നില്ല. നീ പറഞ്ഞതുകൊണ്ടു മാത്രം സ്വന്തം ആരാധ്യന്മാരെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഞങ്ങള്‍ നിന്നില്‍ വിശ്വസിക്കുകയുമില്ല. നിനക്ക് ദൈവങ്ങളിലാരുടെയോ ബാധയേറ്റിരിക്കുന്നു എന്നത്രെ ഞങ്ങള്‍ കരുതുന്നത്.’ ഹൂദ് പറഞ്ഞു: ‘ഞാന്‍, അല്ലാഹുവിന്റെ സാക്ഷ്യം സമര്‍പ്പിക്കുന്നു. നിങ്ങളും സാക്ഷികളാകുവിന്‍; എന്തെന്നാല്‍, അല്ലാഹുവിനെ കൂടാതെ ആരെയെല്ലാം നിങ്ങള്‍ ദിവ്യത്വത്തില്‍ പങ്കാളികളായി വരിച്ചിട്ടുണ്ടോ അവരില്‍നിന്നെല്ലാം ഞാന്‍ മുക്തനാകുന്നു. നിങ്ങളെല്ലാവരും ഏകോപിച്ച് എനിക്കെതിരില്‍ പ്രവര്‍ത്തിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തേണ്ടതില്ല. എനിക്കു തീരെ അവസരം നല്‍കേണ്ടതുമില്ല. ഞാനോ, എന്റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവില്‍ ഭരമേല്‍പിച്ചിരിക്കുന്നു. യാതൊരു ജീവിയുമില്ല; അതിന്റെ മൂര്‍ധാവില്‍ അവന്റെ പിടിത്തമില്ലാതെ. നിസ്സംശയം, എന്റെ നാഥന്‍ നേര്‍വഴിയിലാകുന്നു. നിങ്ങള്‍ പുറംതിരിയുകയാണെങ്കില്‍ തിരിഞ്ഞുകൊള്ളുക. ഏതൊരു സന്ദേശവുമായിട്ടാണോ ഞാന്‍ നിങ്ങളില്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്, അതു നിങ്ങള്‍ക്ക് എത്തിച്ചുകഴിഞ്ഞു. ഇനി എന്റെ റബ്ബ് നിങ്ങളുടെ സ്ഥാനത്ത് മറ്റൊരു ജനത്തെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. അവന് ഒരു ദ്രോഹവും ചെയ്യാന്‍ നിങ്ങളെക്കൊണ്ടാവില്ല. നിശ്ചയം, എന്റെ റബ്ബ് സകല വസ്തുക്കളിലും മേല്‍നോട്ടമുളളവനാകുന്നു.’ പിന്നീട്, നമ്മുടെ വിധി സമാഗതമായപ്പോള്‍ ഹൂദിനെയും അദ്ദേഹത്തോടൊപ്പം സത്യവിശ്വാസം കൈക്കൊണ്ടവരെയും കാരുണ്യത്താല്‍ രക്ഷപ്പെടുത്തി, പരുഷമായ പീഡനത്തില്‍നിന്നു മോചിപ്പിച്ചു. ഇതത്രെ ആദുവര്‍ഗം. അവര്‍ റബ്ബിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു. അവന്റെ ദൂതന്മാരെ ധിക്കരിച്ചു. സകല സ്വേച്ഛാപ്രമത്തരുടെയും ധിക്കാരമൂര്‍ത്തികളുടെയും ചൊല്‍പ്പടിയില്‍ നടക്കുകയും ചെയ്തു. അങ്ങനെ, ഈ ലോകത്തും ഉയിര്‍ത്തെഴുന്നേല്‍പുനാളിലും അഭിശപ്തരായിത്തീര്‍ന്നു. അറിയുവിന്‍! ആദുവര്‍ഗം അവരുടെ റബ്ബിനെ നിഷേധിച്ചു. അറിയുവിന്‍! ഹൂദിന്റെ ജനമായിരുന്ന ആദുവര്‍ഗം അതിദൂരം തൂത്തെറിയപ്പെട്ടു. (11:50-60)

സൂറത്തുല്‍ മുഅ്മിനൂനില്‍ നൂഹിന്റെ ജനതയുടെ കഥക്ക് ശേഷം അല്ലാഹു പറയുന്നത് കാണുക: ‘പിന്നെ, അവര്‍ക്കുശേഷം നാം മറ്റൊരു ജനത്തെ വളര്‍ത്തിക്കൊണ്ടുവന്നു. എന്നിട്ടവരിലേക്ക് അവരില്‍നിന്നുതന്നെ ഒരു ദൈവദൂതനെ നിയോഗിച്ചു. (അദ്ദേഹം അവരെ പ്രബോധനം ചെയ്തു:) അല്ലാഹുവിനു ഇബാദത്തു ചെയ്യുവിന്‍. അവനല്ലാതെ നിങ്ങള്‍ക്ക് ആരാധ്യരാരുമില്ല. നിങ്ങള്‍ ഭയപ്പെടുന്നില്ലേ? അദ്ദേഹത്തിന്റെ സമുദായത്തിലെ സത്യനിഷേധികളും, പരലോകത്തെ അഭിമുഖീകരിക്കുന്നതിനെ തള്ളിപ്പറഞ്ഞവരും, നാം ഭൗതികജീവിതത്തില്‍ ആര്‍ഭാടം കൊടുത്തിട്ടുള്ളവരുമായ പ്രമാണിമാര്‍ പറഞ്ഞു: ‘ഇയാള്‍ നിങ്ങളെപ്പോലൊരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്നതു തന്നെ തിന്നുകയും കുടിക്കുന്നതുതന്നെ കുടിക്കുകയും ചെയ്യുന്നു. നിങ്ങളെപ്പോലെയുള്ള ഒരു വെറും മനുഷ്യന്ന് വഴിപ്പെടുകയാണെങ്കില്‍ നിങ്ങള്‍ നഷ്ടപ്പെട്ടവരായതു തന്നെ. മരിച്ചു മണ്ണും അസ്ഥികൂടവുമായിത്തീര്‍ന്നിട്ട് പിന്നെ നിങ്ങള്‍ (ശ്മശാനങ്ങളില്‍നിന്ന്) പുറപ്പെടുവിക്കപ്പെടുമെന്ന് ഇവന്‍ പറയുന്നോ? വിദൂരം! ഇവനിപ്പറയുന്നത് ബഹുവിദൂരമായ സംഗതി തന്നെ! നമ്മുടെ ഈ ഐഹിക ജീവിതമല്ലാതൊരു ജീവിതമേയില്ല. ഇവിടെ നാം മരിക്കുന്നു; ജീവിക്കുന്നു. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല. ഈ മനുഷ്യന്‍ അല്ലാഹുവിന്റെ പേരില്‍ കേവലം കള്ളം ചമച്ചുകൊണ്ടിരിക്കുകയാകുന്നു. നാം ഒരിക്കലും ഇയാളില്‍ വിശ്വസിക്കാന്‍ പോകുന്നില്ല.’ ദൈവദൂതന്‍ പറഞ്ഞു: ‘നാഥാ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞതിനാല്‍, ഇനി നീ തന്നെ എനിക്കു സഹായമരുളേണമേ!’ മറുപടിയായി അരുള്‍ ചെയ്തു: ഭഅവര്‍ തങ്ങളുടെ ചെയ്തികളില്‍ ഖേദിക്കുന്ന സന്ദര്‍ഭം അടുത്തിരിക്കുന്നു.’ ഒടുവില്‍ തികച്ചും സത്യമായി, ഒരു ഘോര ഗര്‍ജനം അവരെ ബാധിച്ചു. അങ്ങനെ നാമവരെ ചവറുകളാക്കി എറിഞ്ഞുകളഞ്ഞു ധിക്കാരികള്‍ അതിദൂരെ!’ (23:31-41)

നൂഹ് ജനതയുടെ കഥാവിവരണത്തിന് ശേഷം അശ്ശുഅറാഅ് അധ്യായത്തില്‍ പറയുന്നു: ‘ആദുവര്‍ഗം ദൈവദൂതന്മാരെ തള്ളിപ്പറഞ്ഞു. അവരുടെ സഹോദരന്‍ ഹൂദ് അവരോട് പറഞ്ഞതോര്‍ക്കുക: ‘നിങ്ങള്‍ ഭക്തി കൈക്കൊള്ളാത്തതെന്ത്? ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ദൈവദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുവിന്‍. എന്നെ അനുസരിപ്പിന്‍. ഞാന്‍ ഈ ദൗത്യത്തിന് നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല. എനിക്കുള്ള പ്രതിഫലം സര്‍വലോക നാഥങ്കലാകുന്നു. നിങ്ങളെന്താണിച്ചെയ്യുന്നത്; ഉയര്‍ന്ന സ്ഥലങ്ങളിലൊക്കെ വൃഥാ സ്മാരകസൌധങ്ങളുണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഗംഭീരമായ കൊട്ടാരങ്ങളും പണിയുന്നുവല്ലോ. നിങ്ങള്‍ക്ക് അനന്തകാലം വസിക്കാനുള്ളതു പോലെ. ആരെയെങ്കിലും ദ്രോഹിക്കുമ്പോള്‍, നിഷ്ഠുരമായി ദ്രോഹിക്കുന്നു. നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുവിന്‍. എന്നെ അനുസരിപ്പിന്‍. നിങ്ങള്‍ക്ക് അറിയാവുന്നതൊക്കെ തന്നവനെ ഭയപ്പെടുവിന്‍. നിങ്ങള്‍ക്കു കാലികളെ തന്നു; സന്താനങ്ങളെ തന്നു; തോട്ടങ്ങള്‍ തന്നു; ഉറവിടങ്ങള്‍ തന്നു. ഞാന്‍ നിങ്ങളെ സംബന്ധിച്ച് ഒരു ഭയങ്കരനാളിലെ ശിക്ഷ ഭയപ്പെടുന്നു.’ അവര്‍ ഉത്തരം കൊടുത്തു: ‘നീ ഉപദേശിച്ചാലും ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഒരുപോലെ. ഇപ്പറയുന്നതൊക്കെ പണ്ടുമുതലേ നടന്നുവരുന്നതാകുന്നു. ഞങ്ങള്‍ ശിക്ഷിക്കപ്പെടാനൊന്നും പോകുന്നില്ല.’ അങ്ങനെ അവരദ്ദേഹത്തെ നിഷേധിച്ചു. നാമോ, അവരെ നശിപ്പിക്കുകയും ചെയ്തു.നിശ്ചയം, ഇതിലൊരു ദൃഷ്ടാന്തമുണ്ട്. പക്ഷേ, ഇവരിലധികമാളുകളും വിശ്വസിക്കുന്നവരല്ല. നിശ്ചയം, നിന്റെ റബ്ബ് അജയ്യനും ദയാമയനുമാകുന്നു.’ (26: 123-140)

‘ആദു വര്‍ഗത്തിന്റെ അവസ്ഥയെന്തായിരുന്നുവെന്നോ, അവര്‍ ഭൂമിയില്‍ അന്യായമായി അഹങ്കരിച്ചു. അവര്‍ ഘോഷിച്ചു: ‘ഞങ്ങളേക്കാള്‍ കരുത്തേറിയവരാരുണ്ട്?’ അവരെ സൃഷ്ടിച്ച അല്ലാഹുവാണ് അവരേക്കാള്‍ ശക്തനെന്ന് അവര്‍ക്കു മനസ്സിലായില്ല. അവര്‍ നമ്മുടെ സൂക്തങ്ങളെ നിഷേധിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ നാം ഏതാനും ദുര്‍ദിനങ്ങളില്‍ അവര്‍ക്കു നേരെ ഭീകരമായ കൊടുങ്കാറ്റയച്ചു ഐഹികജീവിതത്തില്‍തന്നെ അവരെ അപമാനകരമായ ശിക്ഷ രുചിപ്പിക്കാന്‍. പാരത്രിക ശിക്ഷയോ, ഇതിലുമധികം അപമാനകരമാകുന്നു. അവിടെ ആരാലും അവര്‍ സഹായിക്കപ്പെടുകയില്ല.’ (41:15,16)

‘ആദ് സഹോദരന്റെ (ഹൂദ്) കഥ ഇവര്‍ക്കൊന്ന് പറഞ്ഞുകൊടുക്കുക. അദ്ദേഹം അഹ്ഖാഫില്‍വെച്ച് സ്വജനത്തിനു മുന്നറിയിപ്പ് നല്‍കിയ സന്ദര്‍ഭം ഇവ്വിധം മുന്നറിയിപ്പു നല്‍കുന്നവര്‍ അദ്ദേഹത്തിനുമുമ്പും കഴിഞ്ഞുപോയിട്ടുണ്ടായിരുന്നു. അദ്ദേഹത്തിനുശേഷവും വന്നുകൊണ്ടിരുന്നുഎന്തെന്നാല്‍ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്. ഞാന്‍ നിങ്ങളുടെമേല്‍ ഒരു ഭയങ്കര നാളിലെ ശിക്ഷയെ ഭയപ്പെടുന്നു. അവര്‍ ഘോഷിച്ചു: പറഞ്ഞുപേടിപ്പിച്ച് ഞങ്ങളെ ദൈവങ്ങളില്‍നിന്ന് തെറ്റിക്കാനാണോ നീ വന്നിട്ടുള്ളത്? ശരി, ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന ആ ശിക്ഷയിങ്ങു കൊണ്ടുവന്നാട്ടെനീ പറയുന്നതു സത്യം തന്നെയാണെങ്കില്‍.’ അദ്ദേഹം പറഞ്ഞു: ‘അതുസംബന്ധിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നത്, എത്തിച്ചുതരാന്‍ ഞാന്‍ നിയുക്തനായ സന്ദേശമാകുന്നു. പക്ഷേ, നിങ്ങള്‍ അവിവേകം പ്രവര്‍ത്തിക്കുന്നതായിട്ടത്രെ കാണുന്നത്.’ ആ ശിക്ഷ സ്വന്തം താഴ്വരയിലേക്കണയുന്നത് കണ്ടപ്പോള്‍ അവര്‍ ഘോഷിച്ചുതുടങ്ങി: ‘നമുക്ക് മഴതരുന്ന കാര്‍മേഘമിതാ.’ ‘അല്ല, അത്, നിങ്ങള്‍ തിരക്കുകൂട്ടിക്കൊണ്ടിരുന്ന സംഗതിയാണ് കൊടുങ്കാറ്റ്. അതില്‍ നോവേറിയ ശിക്ഷകളുണ്ട്. റബ്ബിന്റെ ആജ്ഞാനുസാരം അതു സര്‍വതും സംഹരിച്ചുകളയും.’ അവസാനം അവിടെ അവരുടെ വാസസ്ഥലങ്ങളല്ലാതെ മറ്റൊന്നും കാണപ്പെടാത്ത സ്ഥിതി വന്നുചേര്‍ന്നു. ഇവ്വിധമത്രെ നാം ധിക്കാരികള്‍ക്ക് പ്രതിഫലം നല്‍കുന്നത്’ (46:21-25)

‘ആദുവര്‍ഗത്തിലും (നിങ്ങള്‍ക്കു ദൃഷ്ടാന്തമുണ്ട്). നാം അവര്‍ക്കു നേരെ വന്ധ്യമായ കാറ്റിനെ അയച്ചപ്പോള്‍ അതു കടന്നുപോയ യാതൊരു വസ്തുവിനെയും, ജീര്‍ണിപ്പിക്കാതെ വിട്ടില്ല’. (51:41-42)

‘പൗരാണിക ആദ് വര്‍ഗത്തെ നശിപ്പിച്ചതും അവന്‍ തന്നെ. ഥമൂദിനെയും. അവരിലാരെയും ബാക്കിവെച്ചില്ല. അതിനു മുമ്പെ നൂഹിന്റെ ജനതയെയും അവന്‍ നശിപ്പിച്ചു. കാരണം, അവര്‍ കടുത്ത അക്രമികളും ധിക്കാരികളുമായിരുന്നു.കീഴ്‌മേല്‍ മറിഞ്ഞ നാടിനെയും അവന്‍ തകര്‍ത്തു തരിപ്പണമാക്കി.
അങ്ങനെ അവനതിനെ വന്‍ വിപത്തിനാല്‍ മൂടി. എന്നിട്ടും നിന്റെ നാഥന്റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ് നീ സംശയിക്കുന്നത്? ‘ (53:50-55)

‘ആദ് സമുദായം സത്യത്തെ നിഷേധിച്ചു. അപ്പോള്‍ എന്റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ? അവരുടെ നേരെ നാം ചീറ്റിയടിക്കുന്ന കാറ്റിനെ അയച്ചു; വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്റെ നാളില്‍. അത് ആ ജനത്തെ പിഴുതുമാറ്റിക്കൊണ്ടിരുന്നു. കടപുഴകിവീണ ഈത്തപ്പനത്തടിപോലെ.’ (54:18-20)

‘ആദ് ഗോത്രം അത്യുഗ്രമായി ആഞ്ഞടിച്ച കൊടുങ്കാറ്റിനാലും നാമാവശേഷമായി. ഏഴു രാവും എട്ടു പകലും ഇടതടവില്ലാതെ അല്ലാഹു അതിനെ അവരുടെ നേരെ തിരിച്ചുവിട്ടു. അപ്പോള്‍ നുരുമ്പിയ ഈത്തപ്പനത്തടികള്‍ പോലെ ആ കാറ്റിലവര്‍ ഉയിരറ്റു കിടക്കുന്നത് നിനക്ക് കാണാമായിരുന്നു.’ (69:6-8)

‘ആദ് ജനതയെ നിന്റെ നാഥന്‍ എന്തു ചെയ്തുവെന്ന് നീ കണ്ടില്ലേ? ഉന്നതസ്തൂപങ്ങളുടെ ഉടമകളായ ഇറം ഗോത്രത്തെ? അവരെപ്പോലെ ശക്തരായൊരു ജനത മറ്റൊരു നാട്ടിലും സൃഷ്ടിക്കപ്പെട്ടിട്ടില്ല. താഴ്വരകളില്‍ പാറവെട്ടിപ്പൊളിച്ച് പാര്‍പ്പിടങ്ങളുണ്ടാക്കിയ ഥമൂദ് ഗോത്രത്തെയും’ (89:6-14)

ഹൂദിന്റെ ചരിത്രത്തെ കുറിച്ച് ഈ ആയത്തുകളുടെ വ്യാഖ്യാനങ്ങളില്‍ വ്യത്യസ്ത കഥകള്‍ ഉദ്ധരിക്കുന്നുണ്ട്. തൗബ, ഇബ്‌റാഹീം, ഫുര്‍ഖാന്‍, അന്‍കബൂത്ത്, സ്വാദ്, ഖാഫ് എന്നീ അധ്യായങ്ങളില്‍ ഇവരുടെ ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

 

 

 

Related Articles