Current Date

Search
Close this search box.
Search
Close this search box.

ജുറൈജ് : ജീവിത വിശുദ്ധി കൊണ്ട് മഹത്വം നേടിയ മഹാന്‍

camels.jpg

മുന്‍കഴിഞ്ഞ സമൂഹങ്ങളില്‍ സദ്‌വൃത്തരായ ധാരാളം ആളുകളുണ്ടായിരുന്നു. ലോകനാഥനായ അല്ലാഹുവിന് ആരാധനകളര്‍പ്പിക്കുന്നതില്‍ ജീവിതം ഉഴിഞ്ഞ് വെച്ചവരായിരുന്നു അവര്‍. അവരില്‍ ഒരാളായിരുന്നു ജുറൈജ്. അദ്ദേഹത്തിന്റെ നിരപരാധിത്വം അല്ലാഹുതന്നെ വെളിപ്പെടുത്തി. അസാധാരണമായ സംഭവങ്ങള്‍ അദ്ദേഹത്തിലൂടെ കാണിച്ചു. ദുര്‍വൃത്തരായ ആളുകള്‍ അദ്ദേഹത്തിനെതിരെ നടത്തി മ്ലേഛവൃത്തിയില്‍ പെടുത്താനുള്ള ശ്രമത്തെ പരാജയപ്പെടുത്തി. അദ്ദേഹത്തിന്റെ പ്രസിദ്ധിയും കീര്‍ത്തിയും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിച്ചിരുന്നത്. അദ്ദേഹത്തിന്റെ കഥ പ്രവാചകന്‍ (സ) വിവരിച്ച് തന്നിട്ടുണ്ട്. അബൂഹുറൈറയില്‍ നിന്നുള്ള പ്രസ്തുത റിപോര്‍ട്ട് ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്.

പ്രവാചകന്‍(സ) പറയുന്നു: തൊട്ടിലില്‍ വെച്ച് സംസാരിച്ചിട്ടുള്ളത് മൂന്ന് പേര്‍മാത്രമാണുള്ളത്. അതിലൊന്ന് ഈസാ(അ), രണ്ടാമത്തേത് ജുറൈജിന്റെ സംഭവത്തിലെ കുട്ടിയാണ്. തികഞ്ഞ ദൈവ ഭക്തനായിരുന്നു ജുറൈജ്. ആരാധനകള്‍ നിര്‍വഹിക്കുന്നതിനായി അദ്ദേഹം ഒരു ആശ്രമം കെട്ടി അവിടെ താമിസിക്കുകയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ഉമ്മ ജുറൈജിനെ കാണാനായി അവിടെ ചെന്നു. അദ്ദേഹമപ്പോള്‍ നമസ്‌കാരത്തിലായിരുന്നു. ഉമ്മ വിളിച്ചു: മോനേ ജുറൈജ്.. നാഥാ.. എന്റെ നമസ്‌കാരം.. എന്റെ ഉമ്മ.. എന്നു ചിന്തിച്ച് അദ്ദേഹം നമസ്‌കാരം പൂര്‍ത്തിയാക്കി. നമസ്‌കാരം കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോള്‍ ഉമ്മ തിരിച്ച് പോയിരുന്നു. അടുത്ത ദിവസവും അദ്ദേഹം നമസ്‌കാരത്തിലായിരിക്കെ ഉമ്മ വന്നു. അന്നും നമസ്‌കാരം കഴിഞ്ഞപ്പോഴേക്കും ഉമ്മ തിരിച്ച് പോയിരുന്നു. മൂന്നാമത്തെ ദിവസവും ഉമ്മ വന്നു. അന്നും അദ്ദേഹം നമസ്‌കാരത്തിലായിരുന്നു. അന്നും ജുറൈജ് നമസ്‌കാരം തുടര്‍ന്നപ്പോള്‍ ഉമ്മ പറഞ്ഞു: അല്ലാഹുവേ, ഒരു വേശ്യയുടെ മുഖം കാണാതെ ഇദ്ദേഹത്തെ മരിപ്പിക്കരുതേ.

ബനൂഇസ്രായീല്യര്‍ ജുറൈജിനെയും അദ്ദേഹത്തിന്റെ ആരാധനയെയും കുറിച്ച് പരസ്പരം പറയാറുണ്ടായിരുന്നു. സുന്ദരിയായ ഒരു വേശ്യ അവര്‍ക്കിടയിലുണ്ടായിരുന്നു. അവള്‍ പറഞ്ഞു: നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞാനവനെ വശീകരിക്കാം. അവള്‍ അദ്ദേഹത്തിന്റെ മുന്നിലൂടെ നടന്നു, എന്നാല്‍ ജുറൈജ് അവളിലേക്ക് നോക്കിയതേയില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ ആശ്രമത്തിലേക്ക് ഒരു ഇടയന്‍ കടന്ന് വന്നു. അവള്‍ ഇടയനുമായി അവിഹിതത്തിലേര്‍പ്പെട്ടു. അവള്‍ ഗര്‍ഭിണിയാവുകയും ചെയ്തു. അവള്‍ പ്രസവിച്ചപ്പോള്‍ പറഞ്ഞു: ഇത് ജുറൈജിന്റെ കുട്ടിയാണ്. ആളുകള്‍ ആശ്രമത്തില്‍ ചെന്ന് അദ്ദേഹത്തെ വലിച്ചിറക്കി. ആശ്രമം തകര്‍ക്കുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തു. അദ്ദേഹം ചോദിച്ചു: എന്തു പറ്റി നിങ്ങള്‍ക്കെല്ലാം? അവര്‍ പറഞ്ഞു: നീ ഈ വേശ്യയുമായി വ്യഭിചാരത്തിലേര്‍പ്പെട്ടു, അവള്‍ ഇപ്പോള്‍ പ്രസവിച്ചിരിക്കുന്നു. അദ്ദേഹം ചോദിച്ചു: കുട്ടി എവിടെ? അവര്‍ കുട്ടിയുമായി വന്നു. എന്നിട്ടദ്ദേഹം പറഞ്ഞു: ഞാനൊന്ന് നമസ്‌കരിക്കട്ടെ, നമസ്‌കരിച്ച ശേഷം കുട്ടിയുടെ വയറിന് തട്ടികൊണ്ട് ചോദിച്ചു: മോനേ, ആരാണ് നിന്റെ പിതാവ്? അപ്പോള്‍ കുട്ടി പറഞ്ഞു: ആ ഇടയനാണെന്റെ പിതാവ്. ആളുകളെല്ലാം ജുറൈജിനെ കെട്ടിപിടിച്ച് ക്ഷമാപണം നടത്തി. അവര്‍ പറഞ്ഞു: ഞങ്ങള്‍ സ്വര്‍ണ്ണം കൊണ്ട് നിങ്ങള്‍ക്കൊരു ആശ്രമം പണിതു തരാം. അത് വേണ്ട, മണ്ണുകൊണ്ടുള്ളത് തന്നെ മതിയെനിക്കെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ അവരത് ഉണ്ടാക്കി കൊടുത്തു.

ജുറൈജ് ഒരു കച്ചവടക്കാരനായിരുന്നു. കച്ചവടത്തില്‍ പലപ്പോഴും അദ്ദേഹത്തിന് ലാഭവും നഷ്ടവും ഉണ്ടാവാറുണ്ടായിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഈ കച്ചവടം കൊണ്ടൊരു പ്രയോജനവുമില്ല. ഇതിനെക്കാള്‍ നല്ല ഒരു കച്ചവടത്തെ കുറിച്ചാണ് ഞാനന്വേഷിക്കുന്നത്. തുടര്‍ന്നദ്ദേഹം ഭൗതിക വിരക്തിയിലും ആരാധനകളിലുമായി കഴിഞ്ഞു കൂടി. ആളുകളില്‍ നിന്നെല്ലാം അകന്ന് ഒരു ആശ്രമം പണിത് അവിടെ കഴിഞ്ഞു കൂടി. അദ്ദേഹത്തിന്റെ ഉമ്മ അദ്ദേഹത്തെ കാണുന്നതിനായി ഇടക്കിടെ അവിടെ ചെല്ലുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അത്തരത്തില്‍ അദ്ദേഹം നമസ്‌കാരത്തിലായിരിക്കെ ഉമ്മ കാണാന്‍ വരികയും ജുറൈജിനെ വിളിക്കുകയും ചെയ്തു. ഉമ്മയുടെ വിളിക്കുത്തരം നല്‍കുകയാണോ നമസ്‌കാരം പൂര്‍ത്തീരിക്കകുയാണോ വേണ്ടതെന്ന് അദ്ദേഹത്തിന് സംശയമുണ്ടായി. ഉമ്മയുടെ വിളി അവിടെ മാറ്റിവെച്ച് നമസ്‌കാരം പൂര്‍ത്തീരിക്കാനാണദ്ദേഹം തീരുമാനിച്ചത്. പിന്നീട് നമസ്‌കാരാനന്തരം തിരിഞ്ഞു നോക്കിയപ്പോഴേക്കും ഉമ്മ പോയിരുന്നു. ഇത് രണ്ടാമത്തെയും മൂന്നാമത്തെയും തവണ ആവര്‍ത്തിച്ചു. ഉമ്മയെ അത് ദേഷ്യം പിടിപ്പിച്ചു. അപ്പോഴാണ് ഉമ്മ മകനെതിരെ പ്രാര്‍ത്ഥിച്ചത്. ആ ഉമ്മയുടെ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുകയും ജുറൈജിനെ പരീക്ഷിക്കുകയും ചെയ്തു.

ഹദീസ് ഗ്രന്ഥങ്ങളില്‍ നിന്നും നമുക്ക് വായിക്കാനാവുന്ന ജുറൈജിന്റെ ചരിത്രമിതാണ്. ധാരാളം ഗുണപാഠങ്ങളും ഉപദേശങ്ങളുമുള്ള ഒരു സംഭവമാണിത്. മാതാപിതാക്കളെ നിന്ദിക്കുന്നതിലെ അപകടവും അതുണ്ടാക്കുന്ന ദുരന്തവും നമുക്കത് വരച്ച് കാണിച്ച് തരുന്നു. സദ്‌വൃത്തനായ ദൈവഭക്തന്‍ അതിന്റെ പേരില്‍ നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ വ്യക്തമാണ്. മാതാവിന്റെ വിളിക്ക് ഉത്തരം നല്‍കാത്തതിന്റെ പേരിലായിരുന്നു അവയെല്ലാം.

ഐശ്വര്യമുള്ളപ്പോള്‍ അല്ലാഹുവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതക്കും ഇത് ഊന്നല്‍ നല്‍കുന്നു. സല്‍കര്‍മ്മങ്ങളും നന്മയും ചെയ്യുന്നവരെ അല്ലാഹു കടുത്ത പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും രക്ഷിക്കും. ജുറൈജിനെ തന്റെ തഖ്‌വയും സല്‍കര്‍മ്മങ്ങളും കാരണം അല്ലാഹു രക്ഷിച്ചതോര്‍ക്കുക. അപ്രകാരം പരീക്ഷണങ്ങളില്‍ അകപ്പെടുമ്പോള്‍ നല്ലവരായ അല്ലാഹുവിന്റെ അടിമകളുടെ അവസ്ഥയും അതില്‍ വിശദീകരിക്കുന്നു. പരീക്ഷണങ്ങളില്‍ അവരുടെ സല്‍ബുദ്ധി നഷ്ടപ്പെടുകയില്ല. കാര്യങ്ങളെല്ലാ നിയന്ത്രിക്കുന്ന ജഗനിയന്താവില്‍ അവര്‍ അഭയം പ്രാപിക്കും. ജുറൈജ് നമസ്‌കാരത്തില്‍ അഭയം കണ്ടെത്തിയത് നാം കണ്ടതാണ്. പ്രയാസങ്ങല്‍ വരുമ്പോള്‍ നമസ്‌കാരത്തില്‍ അഭയം കണ്ടെത്തുകയെന്നത് പ്രവാകന്‍ മുഹമ്മദ് നബി(സ)യുടെ മാതൃകയായിരുന്നു.

എക്കാലത്തും ദുര്‍മാര്‍ഗികളും അസാന്മാര്‍ഗികളുമായവര്‍ നല്ലവരായ ആളുകളോട് സ്വീകരിച്ചിരുന്ന നിലപാട് ഇത് വ്യക്തമാക്കുന്നു. ഭക്തരുടെ മുഖം സമൂഹത്തില്‍ വികൃതമാക്കാനാണ് അവരുദ്ദേശിക്കുന്നത്. സല്‍കീര്‍ത്തി നശിപ്പിക്കുന്നതിന് ഏത് മാര്‍ഗവും സ്വീകരിക്കാനും അവര്‍ തയ്യാറാകുന്നു. അത്തരം കുതന്ത്രങ്ങളിലൂടെ ആളുകള്‍ക്കിടയില്‍ നല്ലവരെ കരിവാരിത്തേക്കാനാണ് അവര്‍ ശ്രമിക്കുക.

ഇത്തരം മ്ലേഛവൃത്തികളിലേര്‍പ്പെടുന്നവര്‍ മറ്റുള്ളവരെ കൂടി അതില്‍ പെടുത്താനാണ് ശ്രമിക്കുക. വിശുദ്ധമായ ജീവിതം നയിക്കാന്‍ അവര്‍ക്കൊരിക്കലും സാധിക്കുകയില്ല. മറ്റുള്ളവരെയും അവരേര്‍പ്പെടുന്ന വൃത്തികേടുകളില്‍ വീഴ്ത്താനായിരിക്കും അവരുടെ ശ്രമം. അധമവികാരങ്ങളില്‍ നിന്ന് മുക്തനായി അല്ലാഹുവിന്റെ അടിമകളാകുന്നതിലാണ് അവര്‍ ലജ്ജിക്കുക. ഉസ്മാന്‍(റ) ഒരിക്കല്‍ പറഞ്ഞു: ‘മുഴുവന്‍ സ്ത്രീകളും വ്യഭിചരിച്ചെങ്കില്‍ എന്നാണ് ഓരോ വേശ്യയും ആഗ്രിഹിക്കുക.’

നല്ലവരായ ആളുകളില്‍ നിന്ന് വല്ല വീഴ്ചയും സംഭവിക്കുമ്പോള്‍ ആളുകള്‍ക്ക് അദ്ദേഹത്തിലുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെടുമെന്നും ജുറൈജിന്റെ കഥ വ്യക്തമാക്കുന്നു. അത് വരെ അവര്‍ മാതൃകയായി കരുതിയിരുന്നയാളെ അവര്‍ തള്ളിപറയും. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ആരോപണം വന്നപ്പോള്‍ അവര്‍ക്കദ്ദേഹത്തോടുള്ള നിലപാടില്‍ മാറ്റം വന്നത്. അദ്ദേഹത്തെ അവര്‍ ആക്ഷേപിക്കുകയും ആശ്രമം തകര്‍ക്കുകയും ചെയ്തു.

ജനങ്ങള്‍ക്കിടയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവരും പണ്ഡിതന്‍മാരും ആളുകള്‍ക്ക് അവരിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. കാരണം അവരില്‍ നിന്ന് സംഭവിക്കുന്ന വീഴ്ചകള്‍ സാധാരണക്കാരില്‍ നിന്ന് സംഭവിക്കുന്ന വീഴ്ചകളെ പോലെയല്ല ആളുകള്‍ കാണുക. കാരണം അവര്‍ ആദരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരാണ്.

സ്ത്രീകളെയും വികാരങ്ങളെയും ആയുധമായി ഉപയോഗിക്കാനുള്ള ശത്രുക്കളുടെ പദ്ധതിയും ഈ കഥയില്‍ വെളിപ്പെടുന്നുണ്ട്. മതമൂല്യങ്ങളെ കുഴിച്ച് മൂടി സമൂഹത്തിന്റെയും യുവാക്കളുടെയും ശ്രദ്ധ അവയില്‍ തളച്ചിടാനുമാണ് അവര്‍ ശ്രമിക്കുക. വഴിതെറ്റിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഏറെയുണ്ടെങ്കിലും വളരെ പഴക്കമുള്ള പരിപാടിയായിരുന്നു സ്ത്രീകളെ ഉപയോഗിക്കുക എന്നതെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെയാണ് പ്രവാചകന്‍ (സ) അക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ‘ഇഹലോകത്തിന്റെയും സ്ത്രീകളുടെയും കാര്യത്തില്‍ നിങ്ങള്‍ സൂഷ്മത പാലിക്കുക. കാരണം ബനൂഇസ്രാഈല്യരില്‍ ആദ്യമായി പ്രശ്‌നമുണ്ടായത് സ്ത്രീകളിലായിരുന്നു.’ (അഹ്മദ്)

നല്ലവരായ അല്ലാഹുവിന്റെ ദാസന്‍മാരെ സംബന്ധിച്ചടത്തോളം വേശ്യകളുടെയും ദുര്‍വൃത്തകളായ സ്ത്രീകളുടെയും മുഖത്ത് നോക്കുക എന്നത് പോലും എത്രത്തോളം പ്രയാസപ്പെടുത്തുന്ന കാര്യമാണെന്നും നാം ചിന്തിക്കേണ്ടതുണ്ട്. വലിയ പരീക്ഷണവും ശിക്ഷയുമായിട്ടാണവരതിനെ കാണുന്നത്. ഒരു ഉമ്മ മകനെതിരെ കടുത്ത ദേഷ്യം കാരണം പ്രാര്‍ത്ഥിച്ചത് ഒരു വേശ്യയുടെ മുഖം കാണുന്നതിനായിരുന്നു എന്നും പ്രത്യേകം ശ്രദ്ധേയമാണ്. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുള്ള ഇക്കാലത്ത് ഇതിനെ എത്ര നിസാരമായിട്ടാണ് കാണുന്നതെന്ന് നാം താരതമ്യപ്പെടുത്തേണ്ടതുണ്ട്. ഇന്റര്‍നെറ്റിലും മറ്റു മാധ്യമങ്ങളിലും അഴിഞ്ഞാട്ടകാരികളായ സ്ത്രീകള്‍ നമ്മുടെ മുന്നില്‍ വരുന്ന കാലമാണിത്. നിഷിദ്ധമായ കാഴ്ചകളിലൂടെ ആളുകളെ തെറ്റുകാരാക്കാകുയാണവര്‍ ചെയ്യുന്നത്. വേശ്യകളുടെ മുഖം മാത്രമല്ല അതിലൂടെ കാണുന്നത് അതിലും വളരെ ഗുരുതരമായ കാഴ്കളാണതിലൂടെ വരുന്നത്. ഒരു വിശ്വാസിയെ സംബന്ധിച്ചടത്തോളം അത് വലിയ ശിക്ഷതന്നെയാണ്. അത്തരം കുഴപ്പങ്ങളില്‍ അകപ്പെടുന്നതില്‍ വിശ്വാസി അതീവ ജാഗ്രത കാണിക്കേണ്ടതുണ്ട്.

അല്ലാഹുവിന്റെ യഥാര്‍ത്ഥ അടിമകള്‍ക്ക് പരീക്ഷണങ്ങള്‍ ഇഹത്തിലും പരത്തിലും നന്മയാണ് വരുത്തുക. അവര്‍ അതില്‍ ക്ഷമിക്കുകയും നല്ലരീതിയില്‍ അതിനെ നേരിടുകയും സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരായിരിക്കും അവര്‍ എന്നാണ് ജുറൈജിന്റെ കഥ നമ്മെ പഠിപ്പിക്കുന്നത്. പരീക്ഷണത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശ്രേഷ്ഠത അതിന് ശേഷം അല്ലാഹുവിന്റെയും ആളുകളുടെയും അടുത്ത് അദ്ദേഹത്തിന് ലഭിച്ചത് നാം കണ്ടതാണ്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles