Current Date

Search
Close this search box.
Search
Close this search box.

ജിസ്‌യ നല്‍കി ജീവിച്ച പോപ്പ്

rome.jpg

മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കും ഒരുപോലെ അപരിചിതമായ ഒരു തലക്കെട്ടാണിത്. ഇത്തരത്തിലുള്ള തലക്കെട്ടുകള്‍ സ്വന്തം നിലക്കും മറ്റുള്ളവര്‍ ഉപയോഗിക്കുന്നതിനെയും നിഷേധാത്മകമായി കാണുന്നവരാണ് ധാരാളം ആളുകള്‍. പോപ്പിന്റെ സ്ഥാനം ജിസ്‌യ അടക്കേണ്ട ആളുകളേക്കാള്‍ ഉന്നതവും മഹത്വവുമാണെന്ന ധാരണയാണതിന് പിന്നില്‍. ഇസ്‌ലാമിക താല്‍പര്യങ്ങളുടെയും ദൈവിക മാര്‍ഗത്തിലെ സമരങ്ങളുടെയും പരിധിക്ക് പുറത്തുള്ള ഒന്നായിട്ടാണവര്‍ പോപ്പിന്റെ കസേരയെ കാണുന്നത്. പ്രതാപത്തിന്റെയും ധീരതയുടെയും നിലപാടുകള്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രശോഭിതമായ ചരിത്രം അത്തരം നിലപാടുകളെ വിസമ്മതിക്കുകയാണ് ചെയ്യുന്നത്. പ്രതാപത്തിന്റെ പുസ്തകത്തില്‍ ആദ്യകാല പോരാളികള്‍ വരച്ചു വെച്ച ചില ഏടുകളാണിവ. അവരുടെ രക്തവും ജീവനും കൊണ്ടാണവത് രചിക്കപ്പെട്ടത്. ലോകക്രിസ്ത്യാനിസത്തിന്റെ തലസ്ഥാനമായിരുന്ന യൂറോപ്പില്‍ അവര്‍ ചെന്നെത്തുകയും ഇസ്‌ലാമിക ഭരണകൂടത്തിന് ജിസ്‌യ നല്‍കാന്‍ പോപ്പ് നിര്‍ബന്ധിതനാവുകയും ചെയ്തു. പല സംഭവങ്ങളും നാം ഉദ്ധരിക്കുന്നത് യൂറോപ്യന്‍മാരുടെ സ്രോതസ്സുകളില്‍ നിന്നാണ്. അതുകൊണ്ട് തന്നെ അതില്‍ ശ്രേഷ്ഠത കല്‍പിക്കപ്പെടുന്നത് ശത്രുവിനാണ്.

സമുദ്രത്തില്‍ നേതൃത്വം മുസ്‌ലിംകള്‍ക്ക്
തങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്ന നാടോടികഥകളാല്‍ കടല്‍ സഞ്ചാരത്തെയും അതിന്റെ ഭീകരതയെയും ഭയക്കുന്നവരായിരുന്നു അറബികള്‍. വളരെ അനിവാര്യമായാലല്ലാതെ അവര്‍ അതിന് തയ്യാറാകുമായിരുന്നില്ല. ഇസ്‌ലാം പ്രചരിച്ചതിന് ശേഷവും ഈ അവസ്ഥ തുടര്‍ന്നു. ആദ്യകാലത്ത് അവര്‍ അനിവാര്യ സാഹചര്യത്തിലല്ലാതെ കടല്‍ യാത്ര ചെയ്യുന്നവരായിരുന്നില്ല. എന്നാല്‍ ഇസ്‌ലാമിക വിജയങ്ങളുടെ ചക്രം ധ്രുതഗതിയില്‍ മുന്നോട്ട് കറങ്ങുകയും അറേബ്യന്‍ ഉപഭൂഖണ്ഡത്തിന് പുറത്തേക്ക് വ്യാപിക്കുകയും ചെയ്തപ്പോള്‍ മുസ്‌ലിംകള്‍ ഘട്ടം ഘട്ടമായി കടല്‍ യാത്രയും ആരംഭിച്ചു. സമുദ്രത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന റോമക്കാര്‍ക്കുള്ള തിരിച്ചടിയിലൂടെയായിരുന്നു അതിന്റെ തുടക്കം. പിന്നീട് ഇസ്‌ലാമിക വിജയം യൂറോപിന് നേരെ നീങ്ങി. മൂന്ന് തവണ അവര്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ഉപരോധിച്ചു. ഒന്നാമത്തേത് ഹിജ്‌റ 44-ാം വര്‍ഷത്തിലായിരുന്നു. രണ്ടാമത്തേത് ഹിജ്‌റ 49-ലും അവസാനത്തേത് ഹി. 99-ലുമായിരുന്നു. ഈ മൂന്നനുഭവങ്ങളിലൂടെയും കടലിനെയും നാവികവിദ്യയെയും മനസിലാക്കേണ്ടതിന്റെയും പഠിക്കേണ്ടതിന്റെയും ആവശ്യകത മുസ്‌ലിംകള്‍ക്ക് ബോധ്യപ്പെട്ടു. കുറച്ച് കാലം അവര്‍ അതിനെ കുറിച്ച് പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായി ചെലവഴിച്ചു. ഹിജ്‌റ രണ്ടാം നൂറ്റാണ്ട് (എ.ഡി. 9-ാം നൂറ്റാണ്ട്) ഇസ്‌ലാമിക നാവിക സേനയുടെ പരിശീലന ഘട്ടമായിരുന്നു. തുടര്‍ന്ന് അവസ്ഥ മാറുകയും മുസ്‌ലിംകള്‍ കടലിലും അതികായന്‍മാരാവുകയും ചെയ്തു. മുസ്‌ലിം നാവികസേന തിരമാലകള്‍ മുറിച്ച് കടന്ന് ദൂരങ്ങള്‍ താണ്ടി. അതിന്റെ പരിധികളും അതിരുകളും അതിലൂടെ വിശാലമാക്കി. ഇബ്‌നുഖല്‍ദൂന്‍ മുസ്‌ലിംകളുടെ ഈ മുന്നേറ്റത്തെ കുറിച്ച് വിവരിക്കുന്നു: ‘ഇസ്‌ലാമിക ഭരണ കാലത്ത് മുസ്‌ലിംകള്‍ ഈ സമുദ്രത്തിന്റെ (മെഡിറ്ററേനിയന്‍) എല്ലാ വശങ്ങളിലും ആധിപത്യം പുലര്‍ത്തിയിരുന്നു. അവരുടെ കാലത്ത് വിജയങ്ങള്‍ക്കായി അതിലൂടെ സഞ്ചരിച്ചു. വിജയത്തെയും അതിലൂടെ ലഭിക്കുന്ന നേട്ടത്തെയും കുറിച്ച് അവര്‍ക്ക് വ്യക്തമായ കാഴ്ച്ചപാടുണ്ടായിരുന്നു.’
മുസ്‌ലിം കപ്പല്‍പടയിലെ ഭൂരിഭാഗം ആളുകളും സന്നദ്ധ സേവകരായിരുന്ന ഭടന്‍മാരായിരുന്നു എന്നത് വളരെ അത്ഭുതകരമായ കാര്യമായിരുന്നു. അവര്‍ രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തിന്റെ ഭാഗമായിരുന്നില്ല. അതായത് അവര്‍ ഉണ്ടാക്കിയ നേട്ടത്തിന്റെ ബഹുമതി ഖിലാഫത്തിനോ രാജ്യത്തിനോ ആയിരുന്നില്ലെന്ന് ചുരുക്കം. അതിന്റെ മുഴുവന്‍ ബഹുമതിയും സന്നദ്ധ സേവകരായിരുന്ന ഭടന്‍മാര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.

മുസ്‌ലിംകളും റോമാ വിജയവും
പഴയ റോമാ സാമ്രാജ്യത്തോട് മുസ്‌ലിം നാവികസേന നടത്തിയ യുദ്ധം അപ്രസക്തമായ ഒന്നായിരുന്നില്ല. സീസര്‍മാരുടെ നഗരത്തോട് രണ്ട് തവണ മുസ്‌ലിംകള്‍ യുദ്ധം ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പോരാട്ടങ്ങളെ സംബന്ധിച്ച് ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ വളരെ ചുരുങ്ങിയ പരാമര്‍ശം മാത്രമാണുള്ളതെന്നത് വളരെ ദുഖകരമാണ്. രാജ്യത്തിന്റെ ഖിലാഫത്തുമായി നേരിട്ട് ബന്ധമില്ലാത്ത സന്നദ്ധ സേവകരായ പോരാളികളിലൂടെയായിരുന്നു അത് നടന്നത് എന്നത് തന്നെയായിരുന്നു അതിന്റെ കാരണം. അതുകൊണ്ട് തന്നെ ഈ വിജയങ്ങളും അതിലെ പോരാളികളും മുസ്‌ലിം ചരിത്രകാരന്മാര്‍ക്ക് അപരിചിതമായിരുന്നു. ഇവയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത് യൂറോപ്യന്‍മാരുടെ സ്രോതസ്സുകളില്‍ നിന്നാണ്.

റോമാസാമ്രാജ്യത്തെ അക്രമിക്കുന്നതിനെകുറിച്ച് സന്നദ്ധ സേവകരായ പോരാളികള്‍ കൂടിയാലോചന നടത്തുകയും പ്രസ്തുത പദ്ധതി സിസിലി ഭരണകൂടത്തിന്റെയും അതിന്റെ ഗവര്‍ണ്ണര്‍ ഫദ്ല്‍ ബിന്‍ ജഅ്ഫര്‍ ഹംദാനിയുടെയും മുന്നില്‍ വെച്ചു. പ്രസ്തുത വിവരം അഗാലിബക്കാരുടെ അമീറായിരുന്ന അബുല്‍ അബ്ബാസ്, മുഹമ്മദ് ബിന്‍ അഗ്‌ലബിനെ അറിയിച്ചു. അദ്ദേഹം അതില്‍ താല്‍പര്യം കാണിക്കുകയും പോരാളികള്‍ക്ക് വലിയ തോതില്‍ ആയുധങ്ങളും ഭക്ഷ്യവസ്തുക്കളും ആളുകളെയും നല്‍കി സഹായിച്ചു. ഹി. 231-ല്‍ കപ്പല്‍പട ഇറ്റലിയുടെ നേരെ തിരിച്ചു. അവര്‍ തവേര നദിയുടെ ഉദ്ഭവസ്ഥാനത്ത് എത്തി. അതിന്റെ അവസാനത്തിലായിരുന്നു റോമാ സാമ്രാജ്യം നിലനിന്നിരുന്നത്. അക്കാലത്ത് റോമാ നഗരത്തിന്റെ ചുറ്റുമതില്‍ എല്ലാ പട്ടണങ്ങളെയും ഉള്‍ക്കൊണ്ടിരുന്നില്ല. മതഗ്രാമങ്ങളായി അറിയപ്പെട്ടിരുന്ന പ്രദേശങ്ങള്‍ മതിലിന് പുറത്തായിരുന്നു. പത്രോസിന്റെയും പൗലോസിന്റെയും പേരിലുള്ള പ്രസിദ്ധമായ രണ്ട് ദേവാലയങ്ങള്‍ അതിലായിരുന്നു. അതല്ലാത്ത വേറെയും ആരാധനാലയങ്ങളും ദേവാലയങ്ങളും ശ്മശാനങ്ങളും മതിലിന് പുറത്തായിരുന്നു. വാനലോകത്ത് നിന്ന് വിശുദ്ധമായ ആ പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന ക്രിസ്ത്യാനികളുടെ ധാരണയായിരുന്നു കാവലില്ലാതെ അവയെ ഉപേക്ഷിച്ചതിന് കാരണം. പോരാളികള്‍ ഗ്രാമങ്ങളെ കീഴടക്കുകയും അവിടത്തെ നിധികള്‍ കൈവശപ്പെടുത്തുകയും ചെയ്തു. നിര്‍ണ്ണയിക്കാന്‍ കഴിയാത്ത വലിയ സമ്പത്തായിരുന്നു അത്. പിന്നീടവര്‍ സീസര്‍മാരുടെ നഗരത്തെ ഉപരോധിച്ചു. നഗരം പരാജയത്തിന്റെ വക്കിലെത്തിയപ്പോള്‍ അന്നത്തെ റോമിലെ പോപ് സെര്‍ജിയസ് രണ്ടാമന്‍ ശക്തമായ ആക്രമണത്തില്‍ പരിഭ്രാന്തനാവുകയും യൂറോപിലെ മറ്റ് രാജാക്കന്‍മാരോടും ഭരണാധികാരികളോടും സഹായം തേടുകും ചെയ്തു. റോമിനെയും അതിലെ ദേവാലയങ്ങളെയും സംരക്ഷിക്കുന്നതിനായി ഫ്രഞ്ച് ചക്രവര്‍ത്തി ലൂയിസ് രണ്ടാമന്‍ ഒരു സൈന്യത്തെ അയച്ചു. മുസ്‌ലിം സൈനികര്‍ക്കിടയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അവര്‍ ഉപരോധം പിന്‍വലിക്കുകയും തങ്ങള്‍ക്ക് കിട്ടിയ യുദ്ധമുതലും ബന്ദികളെയും വഹിച്ച് സിസിലിയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു.

പഴയകാലത്ത് ലോകത്തിന്റെ തന്റെ തലസ്ഥാനവും ലോക ക്രിസ്ത്യാനികളുടെ കേന്ദ്രവുമായിരുന്ന റോമിന്റെ ദൗര്‍ബല്യം മുസ്‌ലിം പോരാളികളുടെ ആക്രമണത്തിലൂടെ വ്യക്തമായി. അവസരം ലഭിക്കുമ്പോള്‍ ഒരിക്കല്‍ കൂടി അക്രമിക്കാന്‍ മുസ്‌ലിംകള്‍ തീരുമാനിച്ചു. ഹിജ്‌റ 256-ല്‍ ആയിരുന്നു അത്. അക്കാലത്ത് അഗാലിബക്കാരുടെ അമീറായിരുന്ന മുഹമ്മദ് ബിന്‍ അഹ്മദ് ബിന്‍ അഗ്‌ലബ് അതിനെ ശക്തിപ്പെടുത്തി. അദ്ദേഹം ഹി. 255-ല്‍ മാല്‍ട്ട കീഴടക്കിയിരുന്ന സൈന്യത്തിന്റെ തലവനായിരുന്നു. റോമിനെ കീഴ്‌പ്പെടുത്താന്‍ തന്നെ അവര്‍ തീരുമാനിച്ചു. മുസ്‌ലിം പോരാളികളുടെ കപ്പല്‍ പടയോടൊപ്പം അഗാലിബക്കാരുടെ കപ്പലുകളും ചേര്‍ന്നു. കഴിഞ്ഞ ആക്രമണം നടത്തിയ അതേവഴിയിലൂടെ തന്നെ സഞ്ചരിച്ച് അവര്‍ തവേര നദിയുടെ ഉദ്ഭവസ്ഥാനത്തെത്തി. അന്നത്തെ പോപ് ലയോണ്‍ നാലാമന്‍  കഴിഞ്ഞ ആക്രമണത്തില്‍ നിന്നും പാഠമുള്‍കൊണ്ടിരുന്നു. ഓസ്റ്റിയ തുറമുഖത്തിനടുത്ത് വെച്ച് ഇരുവിഭാഗവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു. ഓസ്റ്റിയന്‍ തീരത്ത് ശക്തമായ കൊടുങ്കാറ്റുണ്ടായിരുന്നില്ലെങ്കില്‍ വിജയത്തോടടുത്ത മുസ്‌ലിംകള്‍ക്ക് ക്രിസ്ത്യന്‍ കപ്പല്‍ പടയെ കീഴ്‌പെടുത്താനാകുമായിരുന്നു. യുദ്ധം അതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു.

ശക്തമായ കൊടുങ്കാറ്റിനോ അതുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്കോ മുസ്‌ലിംകളുടെ മനോദാര്‍ഢ്യത്തെ തകര്‍ക്കാന്‍ സാധിച്ചില്ല. യുദ്ധം തുടരാന്‍ തന്നെ അവര്‍ തീരുമാനിച്ചു. റോമാ നഗരത്തെ അവര്‍ ഉപരോധത്തിലൂടെ പരാജയത്തിന്റെ വക്കത്തെത്തിച്ചു. ലയോണ്‍ നാലാമന് ശേഷം പോപ്പായിരുന്ന യോഹന്നാന്‍ എട്ടാമന്‍ ക്രിസ്ത്യാനികള്‍ക്ക് ബാധിച്ച ദുരന്തത്തില്‍ വളരെയധികം ദുഖിച്ചു. കാരണം അവര്‍ മുസ്‌ലിംകള്‍ വെച്ച നിബന്ധനകള്‍ പാലിച്ച് പോപ്പ് ജിസ്‌യ നല്‍കണമായിരുന്നു. പോപ്പ് ഇരുപതിനായിരം പൗണ്ട് വെള്ളിയായിരുന്നു ജിസ്‌യ  നല്‍കേണ്ടിയിരുന്നത്. ലോക ക്രിസ്ത്യാനികളെ സംബന്ധിച്ചടത്തോളം വളരെ പ്രയാസകരമായ കാര്യമായിരുന്നു ഇത്. അതിലുപരിയായി യൂറോപ്പിലെ ക്രിസ്ത്യാനികള്‍ക്കും അത് അതികഠിനമായിരുന്നു. അങ്ങനെയിരിക്കെ പോപ് എങ്ങനെ മുസ്‌ലിംകള്‍ക്ക് ജിസ്‌യ നല്‍കും. എന്നാല്‍ യാഥാര്‍ത്ഥ്യം അതായിരുന്നു. ജിസ്‌യ നല്‍കുകയല്ലാതെ അദ്ദേഹത്തിന് മറ്റ് മാര്‍ഗമൊന്നുമുണ്ടായിരുന്നില്ല. പാശ്ചാത്യര്‍ പോലും അവരുടെ രചനകളില്‍ രേഖപ്പെടുത്തുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുള്ള കാര്യമാണിത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles