Current Date

Search
Close this search box.
Search
Close this search box.

ഖാലിദിനെ ഉമര്‍ നീക്കം ചെയ്തതിന്റെ കാരണങ്ങള്‍

khald.jpg

അല്ലാഹുവിന്റെ അടുക്കല്‍ വളരെ ഉയര്‍ന്ന സ്ഥാനമുള്ളവരാണ് സ്വഹാബികള്‍. കാരണം നബി(സ)യോടൊപ്പം സഹവസിച്ചവരാണവര്‍. അവരിലൂടെയാണ് അല്ലാഹുവിന്റെ ദീന്‍ ഭൂമിയില്‍ സ്ഥാപിതമായത്. അല്ലാഹു പറയുന്നു: ‘സത്യമാര്‍ഗത്തില്‍ ആദ്യം മുന്നോട്ടു വന്ന മുഹാജിറുകളിലും അന്‍സ്വാറുകളിലും സല്‍ക്കര്‍മങ്ങളില്‍ അവരെ പിന്തുടരുന്നവരിലും അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവര്‍ അവനിലും സംതൃപ്തരാണ്. അവന്‍ അവര്‍ക്കായി താഴ്ഭാഗത്തിലൂടെ അരുവികളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങള്‍ തയ്യാറാക്കിവെച്ചിട്ടുണ്ട്. അവരവിടെ സ്ഥിരവാസികളായിരിക്കും’.(തൗബ: 100) അല്ലാഹു തൃപ്തിപ്പെട്ടവരെന്നു വ്യക്തമാക്കിയ വിഭാഗമായതിനാല്‍ തന്നെ മുസ്‌ലിങ്ങള്‍ക്കിടയില്‍ അവര്‍ക്ക് വളരെ ഉയര്‍ന്ന സ്ഥാനമാണുള്ളത്. വിശ്വാസികള്‍ സഹാബികളെ സ്‌നേഹിക്കുന്നത് നബി(സ)യെ സ്‌നേഹിക്കുന്നതിന്റെ ഭാഗമായാണ് . അപ്രകാരം തന്നെയാണ് അവരോട് ശത്രുതയും വിദ്വേഷവും വെച്ചു പുലര്‍ത്തുന്നതും.

ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ‘ആളുകളെ അവരുടെ കൂട്ടുകാരിലൂടെയാണ് അളക്കേണ്ടത്’

സഹാബികളോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നത് രണ്ടു രൂപത്തില്‍ ഇസ്‌ലാമിനോട് തന്നെ വിദ്വേഷം വെച്ചുപുലര്‍ത്തുന്നതിന് സമമാണ്. ഒന്നാമതായി നബി(സ)യുടെ ദീനിന്റെ അനുയായികളും പ്രവാചകന്റ(സ) കൂട്ടുകാരുമായിരുന്നു അവര്‍. നബി(സ) ഒരിക്കല്‍ പറഞ്ഞു: ‘വ്യക്തികള്‍ അവരുടെ കൂട്ടുകാരുടെ ദീനിലാണ്. അതിനാല്‍ നിങ്ങളോരൊരുത്തരും ആരുമായാണ് കൂട്ടുകൂടുന്നതെന്ന് നോക്കട്ടെ’. അവരുടെ ദീനെന്നത് നബി(സ)യുടെ ദീന്‍ തന്നെയാണ്, അതിനെ തള്ളിപ്പറയുന്നത് നബി(സ)യുടെ ദീനിനെ തള്ളിപ്പറയലുമാണ്. രണ്ടാമത്തെ വശം അവരാണ് അല്ലാഹുവിന്റെ ദീനിനെ നമ്മിലേക്ക് എത്തിച്ചത് എന്നതാണ്.

അബൂ സര്‍അഃ റാസി പറയുന്നു: സഹാബികളില്‍ ആരെയെങ്കിലും തള്ളിപ്പറയുന്നവന്‍ ദൈവനിഷേധിയാണെന്നറിഞ്ഞു കൊള്‍ക. കാരണം അല്ലാഹുവിന്റെ ദൂതന്‍ നമ്മുടെ അടുക്കല്‍ സത്യമാണ്. ഖുര്‍ആന്‍ സത്യമാണ്. നമുക്ക് ഖുര്‍ആനും പ്രവാചകചര്യയും എത്തിച്ചു തന്നത് സഹാബികളാണ്. അവരെ മോശപ്പെടുത്തുന്നതിലൂടെ ഖുര്‍ആനിനെയും പ്രവാചകചര്യയെയുമാണ് മലിനപ്പെടുത്തുന്നത്.’

ഇസ്‌ലാമിക ശരീഅത്തിനെതിരെ ശത്രുക്കള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം അത് കൈമാറ്റം ചെയ്തുവെന്നതിലാണ്. ശരീഅത്തിനെതിരെ വ്യക്തമായ ആരോപണമുന്നയിക്കാനവര്‍ ധൈര്യപ്പെടുന്നില്ല. അതിനായി സഹാബികളെ മോശമായി ചിത്രീകരിക്കുകയാണവര്‍ ചെയ്യുന്നത്. ചരിത്രങ്ങളുടെയും കഥകളുടെയും രചനകളിലൂടെയാണവരത് വെളിവാക്കുന്നത്. യാതൊരു വിധ മുന്‍ധാരണയോടും കൂടിയല്ല തങ്ങള്‍ ഇത്തരം രചനകള്‍ നടത്തുന്നതെന്നവര്‍ വാദിക്കുകയും ചെയ്യും. അവര്‍ നബി(സ)യുടെ അനുയായികളായ മഹദ് വ്യക്തിത്വങ്ങളെ കുറിച്ച് പറയുന്നവയില്‍ ആളുകള്‍ക്ക് വിശ്വാസം ഉണ്ടാക്കാനാണത് ചെയ്യുന്നത്.

അവര്‍ തങ്ങളുടെ രചനകള്‍ക്കവലംബിക്കുന്നത് ഓറിയന്റലിസ്റ്റുകളുടെയും ഇസ്‌ലാമിന്റെ ശത്രുക്കളുടെയും ചിന്തകളും ആശയങ്ങളുമാണ്. എന്നിട്ട് ഞങ്ങളുടെ വിഷയം മഹത്വരമാണെന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നു. ഉമര്‍(റ) ഖാലിദ്(റ)നെ സൈനിക നേതൃസ്ഥാനത്തുനിന്നു നീക്കിയ വിഷയത്തില്‍ വളരെയധികം ലേഖനങ്ങളും വീക്ഷണങ്ങളും കാണുകയുണ്ടായി. സ്വഹാബികളുടെ സ്ഥാനത്തിന് യോജിക്കാത്ത തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് അവയില്‍ കടന്നുകൂടിയിട്ടുള്ളത്. അതോടൊപ്പം അവരുടെ തഖ്‌വയും സൂക്ഷ്മതയും പ്രകടമാക്കുന്ന പ്രബലമായ റിപ്പോര്‍ട്ടുകളെ അവഗണിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം എഴുത്തുകാരില്‍ അധികപേരും ഊഹങ്ങളെയും കെട്ടുകഥകളെയും അടിസ്ഥാനമാക്കിയാണ് രചനകള്‍ നിര്‍വഹിച്ചിട്ടുള്ളത്. അതുകൊണ്ടും അവസാനിപ്പിക്കാതെ രോഗാതുരമായ അവരുടെ മനസ്സുകളിലെ പകയും വിദ്വേഷവും കളവുകളായി അതില്‍ ചേര്‍ക്കുകയും ചെയ്യുന്നു.

ദീനില്‍ കുഴപ്പമുണ്ടാക്കണമെന്നുദ്ദേശിക്കുന്നവരുടെയും സ്വഹാബികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവരുടെയും വാക്കുകളല്ല യാഥാര്‍ത്ഥ്യം. ഖാലിദി(റ)ന്റെ ചില നടപടികളോട് ഉമര്‍(റ) സ്വീകരിച്ച സമീപനം മുസ്‌ലിങ്ങളുടെ നന്മ ഉദ്ദശിച്ച് അദ്ദേഹം നടത്തിയ ഇജ്തിഹാദായിരുന്നു. ഖാലിദ്(റ)വും തന്റെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇജ്തിഹാദ് ശരിയാവാനും തെറ്റാനും ഒരുപോലെ സാധ്യതയുണ്ട്. രണ്ടായാലും പ്രതിഫലവുമുണ്ട്. ശരിയായാല്‍ രണ്ടും തെറ്റിയാല്‍ ഒരു പ്രതിഫലവും.

ഖാലിദ്(റ)നെ നീക്കാനുള്ള കാരണങ്ങള്‍:-
ഖാലിദ്(റ)നെ സൈനികനേതൃത്വത്തില്‍ നിന്ന് മാറ്റാനുള്ള കാരണത്തെകുറിച്ച് ചരിത്രകാരന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. പ്രധാനമായും അവയെ മൂന്നായി സംഗ്രഹിക്കാം.
1. അദ്ദേഹത്തിന്റെ കാര്‍ക്കശ്യം കാരണമാണദ്ദേഹത്തെ നീക്കിയത്. ഖലീഫയായ ഉമര്‍(റ) കടുത്ത കാര്‍ക്കശ്യക്കാരനായിരിക്കെ സൈന്യാധിപന്‍ കാര്‍ക്കശ്യക്കാരനല്ലാതിരിക്കാനായിരുന്നു അത്. ലോലഹൃദയനായ അബൂബകര്‍(റ)വാണ് അദ്ദേഹത്തെ നിയമിച്ചത്. ഉമര്‍(റ) ഖലീഫയായപ്പോള്‍ അദ്ദേഹത്തെ മാറ്റി അബൂ ഉബൈദയെ പകരക്കാരനാക്കി. ലോലഹൃദയനായ അബൂബകര്‍(റ)ന് കാഠിന്യമുള്ള ഖാലിദ്(റ)വാണ് കൂടുതല്‍ ചേരുക. അപ്രകാരം ഉമര്‍(റ)ന് ചേരുക അബൂ ഉബൈദയുടെ നൈര്‍മല്യമാണ്.

ഇബ്‌നു കസീര്‍ പറയുന്നു: ‘ഉമര്‍(റ) ഖലീഫയായപ്പോള്‍ ഖാലിദ്(റ)നെ മാറ്റി അബൂ ഉബൈദഃ ബിന്‍ ജര്‍റാഹി(റ)നെ പകരക്കാരനാക്കി. എന്നിട്ട് അദ്ദേഹത്തോട് ഖാലിദ്(റ)നോട് കൂടിയാലോചിക്കാനും കല്‍പ്പിച്ചു. അതിലൂടെ അദ്ദേഹം അബൂ ഉബൈദ(റ)യുടെ വിശ്വസ്തതയും ഖാലിദ്(റ)ന്റെ ധൈര്യവും മുസ്‌ലിം സമൂഹത്തിന് ഉപയോഗപ്പെടുത്തി.’

ഇബ്‌നു തൈമിയ പറയുന്നു: ‘മതപരിത്യാഗികളോടുള്ള അബൂബകര്‍(റ)ന്റെ യുദ്ധത്തില്‍ ഖാലിദ്(റ)നെ ഉപയോഗപ്പെടുത്തിയിരുന്നു. ഖാലിദ്(റ)ന് അതില്‍ ചില വ്യക്തിതാല്‍പര്യങ്ങളുണ്ടെന്ന് അബൂബകര്‍(റ)നോട് പറയപ്പെട്ടെങ്കിലും അദ്ദേഹത്തെ തല്‍സ്ഥാനത്തുനിന്നു മാറ്റുന്നതിനു പകരം ശകാരിക്കുകയാണ് ചെയ്തത്. അദ്ദേഹം തുടരുന്നതാണ് ദോഷത്തേക്കാളേറെ ഗുണമെന്ന് പരിഗണിച്ചായിരുന്നു പ്രസ്തുത തീരുമാനം. കാരണം മുഖ്യരക്ഷാധികാരി ലോലഹൃദയനായിരിക്കെ അദ്ദേഹത്തിന്റെ പകരക്കാരന്‍ കാര്‍ക്കശ്യക്കാരനായിരിക്കണമെന്നത് കാര്യങ്ങള്‍ സന്തുലിതമാവാനനിവാര്യമാണ്. അതുകൊണ്ടുതന്നെ ഖാലിദിനെ നീക്കുന്നതില്‍ അബൂബക്ര്‍(റ)ന് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഖാലിദിനെ മാറ്റി അബൂ ഉബൈദത്തുല്‍ ജര്‍റാഹിനെ സ്ഥാനമേല്‍പ്പിക്കണമെന്നായിരുന്നു ഉമര്‍(റ)ന്റെ അഭിപ്രായം. കാരണം ഖാലിദ്(റ) ഉമര്‍(റ)നെ പോലെ കാര്‍ക്കശ്യക്കാരനായിരുന്നു. അബൂ ഉബൈദ(റ) അബൂബകര്‍(റ)നെ പോലെ ലോലചിത്തനുമായിരുന്നു. കാര്യങ്ങളുടെ സന്തുലിതത്വത്തിന് ഓരോരുത്തരും തെരെഞ്ഞെടുത്തവര്‍ തന്നെയായിരുന്നു ഏറ്റവും അനുയോജ്യര്‍.’

അബൂബകര്‍(റ)ന്റെ കാലത്തുതന്നെ ഉമര്‍(റ) അദ്ദേഹത്തോടു പറഞ്ഞു: ‘അദ്ദേഹത്തെ മാറ്റുക, കാരണം അദ്ദേഹത്തിന്റെ വാള്‍ പ്രയാസപ്പെടുത്തുന്നതാണ്’. അപ്പോള്‍ അബൂബകര്‍ മറുപടി നല്‍കി: ‘നിഷേധികള്‍ക്കെതിരെ അല്ലാഹു ഊരിയ വാള്‍ ഞാന്‍ ഉറയിലിടുകയില്ല’

ഇബ്‌നു കസീര്‍ പറയുന്നു: ഖാലിദ്(റ)നെ നേതൃസ്ഥാനത്തു നിന്നു നീക്കാന്‍ ഉമര്‍(റ) നിരന്തരം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. അബൂബകര്‍(റ) അദ്ദേഹത്തോട് മദീനയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഖാലിദ്(റ) ഇരുമ്പിന്റെ ഒരു പടച്ചട്ട ധരിച്ചായിരുന്നു വന്നത്. രക്തത്തിന്റെ ആധിക്യം കാരണമത് തുരുമ്പിച്ചിരുന്നു.

അദ്ദേഹത്തിന്റെ കാര്‍ക്കശ്യത്തെ കുറിക്കുന്ന മറ്റൊരു സംഭവമായിരുന്നു ബനൂജുദൈമയിലെ യുദ്ധത്തടവുകാരെ വധിച്ചത്. ഖാലിദ്(റ) അവിടെ ചെന്ന് അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഞങ്ങള്‍ വിശ്വാസികളായിരിക്കുന്നു എന്നു പറയാന്‍ പാകപെട്ടവരായിരുന്നില്ല അവിടത്തുകാര്‍. ഞങ്ങള്‍ മതം മാറിയിരിക്കുന്നുവെന്നവര്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം അവരെ ബന്ധികളാക്കി വധിച്ചു. നബി(സ) ഇതറിഞ്ഞപ്പോള്‍ കൈകളുയര്‍ത്തി പറഞ്ഞു: ‘അല്ലാഹുവേ, ഖാലിദ് പ്രവര്‍ത്തിച്ചതില്‍ ഞാന്‍ നിരപരാധിയാണ്’.

പ്രസ്തുത സംഭവത്തെകുറിച്ച് ഖത്താബി പറയുന്നു: ഖാലിദി(റ)ന്റെ പ്രവര്‍ത്തനത്തില്‍ നിന്നും പ്രവാചകന്‍ ഒഴിവായതിന്റെ കാരണം അദ്ദേഹം ഇജ്താഹാദനുസരിച്ചു പ്രവര്‍ത്തിച്ചുവെന്നതാണ്. തന്റെ അനുവാദത്തോടെയല്ല അത് നടന്നതെന്ന് അറിയിക്കാനായിരുന്നു തനിക്കതില്‍ പങ്കില്ലെന്ന് നബി(സ) വ്യക്തമാക്കിയത്. അത്തരം ഒരു പ്രവര്‍ത്തി മറ്റാരെങ്കിലും ചെയ്യുമ്പോഴും സൂക്ഷ്മത കാണിക്കാനും കൂടിയായിരുന്നു പ്രസ്തുത നയം പ്രവാചകന്‍ സ്വീകരിച്ചത്.

അതുപോലത്തെ മറ്റൊരു സംഭവമാണ് മാലിക് ബിന്‍ നുവൈറയുടെ വധം. മാലിക് പ്രവാചകത്വം വാദിച്ചിരുന്നു. പിന്നീട് അതില്‍ ഖേദിച്ച് മടങ്ങുകയും ചെയ്തു. ഖാലിദ്(റ) മാലികിന്റെ ഗോത്രമായ ബിതാഹ് ലക്ഷ്യം വെച്ചു. അവിടെ സൈന്യത്തെ വിന്യസിച്ചു ജനങ്ങളെ ദീനിലേക്ക് ക്ഷണിച്ചു. ബനൂതമീമിലെ ഗോത്രത്തലവരെല്ലാം അനുസരണയോടെ കീഴ്‌പെടുകയും സകാത്ത് നല്‍കുകയും ചെയ്തു. എന്നാല്‍ തന്റെ കാര്യത്തില്‍ പരിഭ്രമമുണ്ടായിരുന്ന മാലിക് മാത്രം എത്തിയില്ല. ജനങ്ങളില്‍ ഒഴിഞ്ഞു നിന്ന അദ്ദേഹത്തെയും കൂട്ടുകാരെയും സൈന്യം പിടികൂടി ബന്ധികളാക്കി. അവരെ എന്തു ചെയ്യണമെന്നതില്‍ സൈന്യത്തിന് വ്യത്യസ്ത അഭിപ്രായമായിരുന്നു. ചിലര്‍ പറഞ്ഞു അവര്‍ നമസ്‌കരിക്കുന്നവരാണെന്ന്. മറ്റുചിലര്‍ അവര്‍ ബാങ്കുവിളിക്കയോ നമസ്‌കരിക്കുകയോ ചെയ്തിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. കടുത്ത തണുപ്പുള്ള ഒരു രാത്രിയായിരുന്നു അത്. അപ്പോള്‍ ഖാലിദ്(റ)ന്റെ അനുയായികളിരൊളാല്‍ അവരെ പുതപ്പിക്കാന്‍ അകലെ നിന്ന് വിളിച്ച് പറഞ്ഞു. അവരെ വധിക്കാനാണ് കല്‍പ്പിച്ചിരിക്കുന്നതെന്ന് കേട്ടവര്‍ തെറ്റിദ്ധരിച്ചു അവരെ വധിച്ചു കളഞ്ഞു. പിന്നീട് ഖാലിദ്(റ) ഇതറിഞ്ഞപ്പോള്‍ അല്ലാഹു ഉദ്ദേശിച്ചതാണവര്‍ക്ക് സംഭവിച്ചതെന്ന് പ്രതിവചിച്ചു.

2. ഖലീഫയോട് കൂടിയാലോചിക്കാതെ സമരാര്‍ജിത സ്വത്തുകള്‍ ചെലവഴിച്ചതും അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും നീക്കാന്‍ കാരണമായി. അദ്ദേഹത്തിന് ധനം കിട്ടിയാല്‍ അതിന്റെ അവകാശികള്‍ക്കത് വീതിച്ചു നല്‍കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. അതിന്റെ കണക്കുകളൊന്നും അബൂബകര്‍(റ)ലേക്ക് എത്തിച്ചിരുന്നില്ല. അബൂബകര്‍(റ) അറിയാതെയായിരുന്നു അദ്ദേഹം കാര്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.

ഇബ്‌നുകസീര്‍ മറ്റൊരു സംഭവം ഉദ്ദരിക്കുന്നു: ‘അശ്അസ് ബിന്‍ ഖൈസിന് പതിനായിരം അനുവദിച്ചു കൊടുത്തു എന്നതിനാലായിരുന്നു അദ്ദേഹത്തെ മാറ്റിയത്. പിന്നീട് അതിനെ കുറിച്ച് ഉമര്‍(റ) ചോദിച്ചപ്പോള്‍ യുദ്ധാനന്തര സ്വത്തില്‍ നിന്നാണത് നല്‍കിയതെന്നദ്ദേഹം മറുപടി നല്‍കി. വളരെ വിശ്വസനീയമായ ഒരു റിപ്പോര്‍ട്ടിലൂടെ ഇമാം അഹ്മദ് അത് ഉദ്ധരിച്ചിട്ടുണ്ട്. ഉമര്‍(റ) ജാബിയയിലെ ആളുകളോട് അതിന്റെ കാരണം ബോധിപ്പിച്ചു കൊണ്ട് പറഞ്ഞു: ‘ഖാലിദ് ബിന്‍ വലീദിന്റെ കാര്യത്തില്‍ ഞാന്‍ നിങ്ങളോട് ക്ഷമാപണം നടത്തുന്നു. മുഹാജിറുകളിലെ ദുര്‍ബലര്‍ക്കിടയില്‍ വിതരണം നടത്താനാണ് ഞാനദ്ദേഹത്തോട് കല്‍പ്പിച്ചത്. എന്നാല്‍ അദ്ദേഹം പ്രയാസപ്പെടുന്നവര്‍ക്കും കുലീനര്‍ക്കുമത് വിതരണം ചെയ്തു. അതിനാല്‍ അദ്ദേഹത്തെ മാറ്റി അബൂ ഉബൈദയെ അമീറാക്കുന്നു.’

3. അദ്ദേഹം മുഖേന ആളുകള്‍ കുഴപ്പത്തിലാകുമെന്ന ഭയത്താലാണ് ഉമര്‍(റ) ഖാലിദ്(റ)നെ നേതൃസ്ഥാനത്തുനിന്നു നീക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു സൈന്യവും ഇസ്‌ലാമിനു മുമ്പോ ശേഷമോ പരാജയം രുചിച്ചിട്ടില്ല. അല്ലാഹു അദ്ദേഹത്തില്‍ ധീരതയും ശക്തിയും കുതന്ത്രവും അഭിപ്രായ സുഭദ്രതയും യുദ്ധതന്ത്രവും നിയന്ത്രണപാടവവും ഒരുമിപ്പിച്ചിട്ടുണ്ട്. ഇത്തരം ഗുണങ്ങളെല്ലാം ഒരുമിച്ച ആളുകള്‍ വളരെ അപൂര്‍വ്വമാണ്. അത് വ്യക്തമാക്കുന്ന തെളിവുകളുണ്ട്.

– ഖാലിദ്(റ)നെ മാറ്റുന്നത് വഞ്ചനയോ വെറുപ്പോ കാരണമല്ല. അദ്ദേഹത്തിലൂടെ ആളുകള്‍ കുഴപ്പത്തിലാകുമെന്നതിനാലായിന്നു എന്ന് ഉമര്‍(റ) നാടുകളിലേക്ക് സന്ദേശം അയച്ചിരുന്നു.
– ഖാലിദ്(റ)നെ ശാമില്‍ നിന്നും മുസന്ന ബിന്‍ ഹാരിസിനെ ഇറാഖില്‍ നിന്നും മാറ്റിയപ്പോള്‍ ഉമര്‍(റ) പറഞ്ഞതായി സൈഫ് ബിന്‍ ഉമര്‍ റിപോര്‍ട്ട് ചെയ്യുന്നു: ‘അല്ലാഹുവാണ് ദീനിനെ സഹായിച്ചത് അവര്‍ രണ്ടുപേരുമല്ല എന്നു ജനങ്ങള്‍ക്ക് പഠിപ്പിക്കാനാണ് ഞാനവരെ മാറ്റിയത്. സകല ആധിപത്യവും അല്ലാഹുവിന് മാത്രമാണ്’.
– ഇബ്‌നു ഔന്‍ പറയുന്നു: ഉമര്‍(റ) അധികാരമേറ്റയുടനെ ഇപ്രകാരം പറഞ്ഞു. അല്ലാഹുവാണ് ദീനിനെ സഹായിക്കുന്നവനെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നതിനായി ഞാന്‍ ഖാലിദിനെ മാറ്റുക തന്നെ ചെയ്യും.

അദ്ദേഹത്തെ മാറ്റിയത് മേല്‍പറഞ്ഞ കാരണങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ അവയിലേതെങ്കിലും ഒന്നുകൊണ്ടോ ആയിരിക്കാം. ഏതായാലും അദ്ദേഹത്തെ മാറ്റലാണ് ഉത്തമമെന്ന് ഉമര്‍(റ)ന് ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ ഖലീഫയോട് കൂടിയാലോചിക്കാതെ സമ്പത്ത് വീതിച്ചത് ഒരു പക്ഷേ ഖാലിദ്(റ)ന്റെ ഇജ്തിഹാദായിരുന്നു. കൊടുക്കുന്നവരുടെ ഹൃദയം അതുമുഖേന ഇണക്കാമെന്ന് അദ്ദേഹത്തിന് തോന്നിയതാവാം. പ്രത്യേകിച്ചും അദ്ദേഹം യുദ്ധത്തെയും അതിന്റെ തന്ത്രങ്ങളെയും സംബന്ധിച്ച് നന്നായി അറിയുന്നവനായിരുന്നുവല്ലോ. അതുകൊണ്ടു തന്നെ ഇസ്‌ലാമിന് പ്രയോജനപ്പെടാത്ത രീതിയില്‍ അവ ചെലവഴിക്കപ്പെട്ടുവെന്ന് കരുതാവതല്ല. അതുപോലെ തന്നെ അദ്ദേഹത്തിന്റെ കാര്‍ക്കശ്യം ഇസ്‌ലാമിനും അതിന്റെ വിജയത്തിനും വേണ്ടിയുള്ളതായിരുന്നു. ബഹുദൈവാരാധകരും മതപരിത്യാഗികളുമുള്‍പ്പെടുന്ന ഇസ്‌ലാമിന്റെ ശത്രുക്കളെ ഭയപ്പെടുത്താന്‍ അദ്ദേഹം ഉദ്ദേശിച്ചു. അദ്ദേഹത്തിന്റെ ചില ഇജ്തിഹാദുകളില്‍ പിഴവ് സംഭവിച്ചു. അതിന്റെ പേരില്‍ അയാള്‍ കുറ്റക്കാരനാവുകയില്ല, ഇജ്തിഹാദിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്തു. അപ്രകാരം തന്നെയാണ് ബനൂജുദൈമയിലും സംഭവിച്ചത്. ആ പ്രവര്‍ത്തിയെ നബി(സ) അംഗീകരിച്ചില്ല, എന്നാല്‍ അതിന്റെ പേരില്‍ അദ്ദേഹത്തെ ശിക്ഷിച്ചതുമില്ല. അതുപോലെ ഇജ്തിഹാദിലെ പിഴവായി മനസിലാക്കി അബൂബകര്‍(റ)വും അദ്ദേഹത്തെ ശിക്ഷിച്ചില്ല. എന്നാല്‍ ഉമര്‍(റ) തന്റെ ഇജ്തിഹാദ് പ്രകാരമാണ് അദ്ദേഹത്തെ മാറ്റി അബൂഉബൈദയെ പകരം നിയോഗിച്ചത്.

തെറ്റിദ്ധാരണയും അതിനുള്ള മറുപടിയും
സ്വഹാബികള്‍ അവരുടെ വ്യക്തിതാല്‍പര്യത്തിനായി പ്രവര്‍ത്തിച്ചു എന്ന് ധ്വനിപ്പിക്കുന്ന ചില റിപ്പോര്‍ട്ടുകള്‍ ചരിത്രകാരന്‍മാര്‍ ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത വ്യക്തി താല്‍പര്യവും ഖാലിദ്(റ)നോടുള്ള വെറുപ്പുമാണദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയതിനു പിന്നിലെ കാരണമെന്നവര്‍ പറയുന്നു. അവര്‍ക്കിടയില്‍ മുമ്പ് നടന്ന ഒരു സംഘട്ടനവുമായി ബന്ധപ്പെടുത്തിയാണ് അവരത് പറയുന്നത്. ഖാലിദ്(റ) ഉമര്‍(റ)നെ അക്രമിച്ച് കാലിന് പരിക്കേല്‍പ്പിച്ചു. അതിന് പ്രതികാരമായിട്ടാണ് ഖലീഫയായ ഉടനെ അദ്ദേഹത്തെ സൈനിക നേതൃത്വത്തില്‍ നിന്നും നീക്കിയത് എന്നാണ് കഥ. ഇതും ഇതിന് സമാനവുമായ റിപോര്‍ട്ടുകള്‍ വ്യാജമെന്ന് കാണിക്കുന്ന ധാരാളം തെളിവുകളുണ്ട്.

1- വളരെ ഉന്നതമായ മാനസിക വിശുദ്ധി സൂക്ഷിച്ചവരായിരുന്നു സഹാബാക്കള്‍. ‘അവനോടൊപ്പമുള്ളവര്‍ സത്യനിഷേധികളോട് കാര്‍ക്കശ്യം കാണിക്കുന്നവരാണ്; പരസ്പരം കാരുണ്യത്തോടെ പെരുമാറുന്നവരും’ എന്നാണ് അല്ലാഹു ഹുദൈബിയ സന്ധിയില്‍ പങ്കെടുത്തവരെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ഹുദൈബിയയില്‍ പങ്കെടുത്തിട്ടുള്ള ഉമര്‍(റ) പോലുള്ള ഒരാള്‍ക്ക് ഖാലിദിനെ പോലെ ധീരനായ സ്വഹാബിയോട് എങ്ങനെ മനസില്‍ ശത്രുത വെച്ചുപുലര്‍ത്താനാവും?
സഹാബിമാര്‍ക്കു ശേഷം വന്ന താബിഈകളെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക: ‘അവര്‍ക്കു ശേഷം വന്നവര്‍ പറയുന്നു: ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ.’ താബിഈകളെ കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നതെങ്കില്‍ അവരേക്കാള്‍ ഈ വിശേഷണത്തിന് അര്‍ഹരായിട്ടുള്ളത് സഹാബികള്‍ തന്നെയാണ്. അവരില്‍ തന്നെ ശ്രേഷ്ഠരായിട്ടുള്ള ഉമര്‍(റ)നെയും ഖാലിദ്(റ)നെയും പോലുള്ളവരെക്കുറിച്ച് ഇത്തരത്തില്‍ ചിന്തിക്കാന്‍ തന്നെ ന്യായമില്ല.
2– മുസ്‌ലിം സമൂഹത്തോട് ഏറ്റവുമധികം ഗുണകാംക്ഷയുള്ള വ്യക്തിയായിട്ടാണ് ഉമര്‍(റ)നെ കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ ഭൗതിക വിരക്തിയും സൂക്ഷ്മതയും നീതിയുമെല്ലാം ചരിത്രത്തിലെ തന്നെ ഉത്തമമായ മാതൃകയാണ്. ഇത്തരത്തില്‍ ഗുണകാംക്ഷ കാണിക്കുന്നയാള്‍ തന്റെ അനുയായികളുടെ കാര്യത്തിലത് നഷ്ടപ്പെടുത്തുമെന്ന് വിചാരിക്കാനാവില്ല. അതിനാല്‍ തന്നെ ഖാലിദ്(റ)നെ നീക്കിയതില്‍ സമൂഹത്തിന്റെ നന്മയല്ലാതെ അദ്ദേഹത്തിന്റെ വ്യക്തി താല്‍പര്യം സ്വാധീനിച്ചിട്ടില്ലെന്ന് വ്യക്തമാണ്.
3– ഉമര്‍(റ) സഹാബിമാരില്‍ പ്രമുഖനും, സച്ചരിതരായ ഖലീഫമാരില്‍ ഒരാളുമാണ്. അവരുടെ ചര്യ പിന്‍പറ്റാനും മാതൃകയായി സ്വീകരിക്കാനും നബി(സ) കല്‍പ്പിച്ചിട്ടുണ്ട്. ‘എന്റെയും എനിക്കു ശേഷം സച്ചരിതരായ ഖലീഫമാരുടെയും ചര്യ നിങ്ങള്‍ മുറുകെ പിടിക്കുക’ എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഉമര്‍(റ) വ്യക്തി താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നവനായിരുന്നുവെങ്കില്‍ നബി(സ) അദ്ദേഹത്തെ വിശുദ്ധനാക്കുകയും പിന്‍പറ്റാന്‍ കല്‍പ്പിക്കുകയും ചെയ്യുമായിരുന്നു? അപ്രകാരം നബി(സ) പ്രവര്‍ത്തിച്ചതിനെ അല്ലാഹു അംഗീകരിക്കുകയായിരുന്നോ?
സഹാബികളുടെ ഗുണങ്ങള്‍ക്കനുയോജ്യമല്ലാത്ത വല്ല കഥയോ സംഭവമോ അറിഞ്ഞാല്‍ വിശ്വാസി പ്രഥമദൃഷ്ട്യാ അത് വിശ്വസിക്കരുത്. ഖുര്‍ആനിലും സുന്നത്തിലും ഖണ്ഢിതമായി വന്നിട്ടുള്ള കാര്യങ്ങളിലേക്ക് മടങ്ങുകയാണവന്‍ ചെയ്യേണ്ടത്. ബിദ്അത്തിന്റെയും വഴികേടിന്റെയും ആളുകളായിരിക്കും അത്തരം പ്രചരണങ്ങള്‍ക്ക് പിന്നില്‍. മിക്കപ്പോഴും അടിസ്ഥാനരഹിതമായതോ, അല്ലെങ്കില്‍ വളരെ ദുര്‍ബലരും വിശ്വാസ യോഗ്യരുമല്ലാത്ത ആളുകളിലൂടെ ഉദ്ധരിക്കപ്പെട്ടതോആയിരിക്കും അവ. എന്നാല്‍ സഹാബികള്‍ പാപസുരക്ഷിതരാണെന്നു വിശ്വസിക്കാവതല്ല. ഇജ്തിഹാദ് നടത്തുകയും അതില്‍ ശരിയാവുകയോ തെറ്റുപറ്റുകയോ ചെയ്യാവുന്ന മനുഷ്യര്‍ തന്നെയാണവരും. മറ്റുള്ളവരേക്കാള്‍ ശരിയിലേക്ക് ഏറ്റവും അടുത്തവര്‍ അവര്‍ തന്നെയാണ്. പ്രത്യേകിച്ചും അവരിലെ ആദ്യകാലത്തു തന്നെ ഇസ്‌ലാമിലേക്ക് പ്രവേശിച്ചവര്‍. അതുകൊണ്ടു തന്നെ ഉമര്‍(റ)നെ കുറിച്ചുള്ള ആരോപണം സ്വീകാര്യയോഗ്യമല്ല.
4– പ്രശ്‌നങ്ങളില്‍ ഖലീഫമാരുടെ അഭിപ്രായം ചോദിക്കുന്നതിന് പകരം സ്വന്തം ഇജ്തിഹാദ് ചെയ്യുന്ന വ്യക്തിയായിരുന്നു ഖാലിദ്(റ) എന്ന് ചരിത്രത്തില്‍ നിന്ന് മനസിലാക്കാം. അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതിനേക്കാള്‍ സമൂഹത്തിന് ഗുണം തല്‍ക്കാലം മാറ്റിനിര്‍ത്തുന്നതിലാണെന്ന് ഉമര്‍(റ) മനസിലാക്കി. ഇതെല്ലാം ഉമര്‍(റ)നെതിരെയുള്ള ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നതാണ്.

മേലുദ്ധരിച്ചവ കൂടാതെ വേറെയും തെളിവകളതിനെ കുറിക്കുന്നു.
1. ഉമര്‍(റ) തനിക്കു ശേഷം ഖാലിദ്(റ)നെ ഖലീഫയാക്കാന്‍ തീരുമാനിച്ചിരുന്നു. ശാമിലെ സൈനിക നേതൃത്വത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനമാണ് ഖലീഫ സ്ഥാനമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ, ഉമര്‍(റ)ന് മുമ്പ് ഖാലിദ്(റ) മരണപ്പെട്ടു. ശാസി തന്റെ മുസ്‌നദില്‍ അബൂല്‍ അജ്ഫാഇല്‍ നിന്നുദ്ദരിക്കുന്നു: ‘ഉമര്‍(റ)നോട് ചോദിക്കപ്പെട്ടു: താങ്കള്‍ ഒരു പിന്‍ഗാമിയെ കണ്ടെത്തിയിരുന്നുവെങ്കില്‍ ! അബൂ ഉബൈദ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെ പിന്‍ഗാമിയാക്കുമായിരുന്നു. എന്നിട്ടതിനെ കുറിച്ച് അല്ലാഹു ചോദിച്ചാല്‍ ഞാന്‍ പറയും: താങ്കളുടെ അടിമയും കൂട്ടുകാരനുമായ പ്രവാചകന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ടല്ലോ ‘ഓരോ സമൂഹത്തിനും വിശ്വസ്തരുണ്ട്. ഈ സമുദായത്തിന്റെ വിശ്വസ്തന്‍ അബൂ ഉബൈദയാണ്. ഖാലിദ് ബിന്‍ വലീദ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹത്തെ പിന്‍ഗാമിയാക്കുമായിരുന്നു. എന്നിട്ടതിനെ പറ്റി അല്ലാഹുവോട് പറയും: വിഗ്രഹാരാധകര്‍ക്കെതിരെ ഊരിയ അല്ലാഹുവിന്റെ വാളാണ് ഖാലിദ് എന്നു താങ്കളുടെ അടിമയും കൂട്ടുകാരനും പറഞ്ഞിട്ടുണ്ടല്ലോ.’
2. ഖാലിദിന്റെ നേതൃത്വം സമൂഹത്തില്‍ രൂപപ്പെടുമെന്ന് ധരിച്ച പ്രശ്‌നങ്ങള്‍ നീങ്ങിയപ്പോള്‍ അദ്ദേഹത്തെ തന്നെ വീണ്ടും നിയോഗിക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഹജ്ജിന് ശേഷം അത് നടപ്പില്‍ വരുത്തണമെന്നായിരുന്നു തീരുമാനം. പക്ഷെ അപ്പോഴേക്കും ഖാലിദ്(റ) മരണപ്പെട്ടു. സൈഫ് ബിന്‍ ഉമര്‍ റിപോര്‍ട്ട് ചെയ്ത സംഭവമാണിത്.
3. അബൂ ഉബൈദ(റ)നെ പകരക്കാരനാക്കിയപ്പോള്‍ തന്നെ യുദ്ധകാര്യങ്ങളില്‍ ഖാലിദ്(റ)നോട് കൂടിയാലോചിക്കാന്‍ ഉമര്‍(റ) അദ്ദേഹത്തോട് കല്‍പ്പിച്ചു. അദ്ദേഹത്തെ നേതൃത്വത്തില്‍ നിന്നും നീക്കിയതിനു ശേഷമായിരുന്നു ഇത്. ഉമര്‍(റ)ന്റെ മനസ്സില്‍ വല്ല ശത്രുതയും ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തോട് കൂടിയാലോചിക്കാന്‍ ഒരിക്കലും കല്‍പ്പിക്കുമായിരുന്നില്ല.
4. ഖാലിദ്(റ)ന് മരണാസന്നമായപ്പോള്‍ ഉമര്‍(റ)നായിരുന്നു വസിയ്യത്ത് ചെയ്തിരുന്നത്. ഉമര്‍(റ) ആ വസിയ്യത്ത് ഏറ്റെടുക്കുകയും ചെയ്തു. അവര്‍ക്കിടയിലുണ്ടായിരുന്ന സ്‌നേഹബന്ധത്തെയാണത് കുറിക്കുന്നത്. വിശ്വസ്തതയിലും സത്യസന്ധതയിലും സൂക്ഷ്മതയിലും വിശ്വാസവും സ്‌നേഹവുമുള്ള വ്യക്തിയെ മാത്രമേ വസിയ്യത്ത് ഏല്‍പ്പിക്കുകയുള്ളൂ. അപ്രകാരം തന്നെ വസിയ്യത്ത് സ്വീകരിക്കുന്ന വ്യക്തിക്കും ആ സ്‌നേഹം തിരിച്ചുണ്ടെങ്കില്‍ മാത്രമേ വസിയ്യത്ത് സ്വീകരിക്കുകയും അത് നടപ്പാക്കാന്‍ ശ്രമിക്കുകയുള്ളൂ.
5. കുഴപ്പങ്ങളുടെയും തിന്മകളുടെയും നേരെ അടച്ചിട്ട വാതില്‍ എന്ന് ഉമര്‍(റ)നെ ഖാലിദ്(റ) പ്രശംസിച്ചതായി അബുദ്ദര്‍ദാഅ്(റ) സാക്ഷ്യപ്പെടുത്തുന്നുണ്ട്. അദ്ദേഹം അബുദ്ദര്‍ദാഅ്(റ)നോട് പറഞ്ഞു: ‘അബുദ്ദര്‍ദാഅ,് അല്ലാഹുവാണെ, ഉമര്‍ മരിച്ചാല്‍ തീര്‍ച്ചയായും വെറുക്കപ്പെട്ട കാര്യങ്ങള്‍ നിങ്ങള്‍ കണേണ്ടി വരിക തന്നെ ചെയ്യും.’
മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു: ഒരാള്‍ ഖാലിദ്(റ)നോട് പറഞ്ഞു: ‘അബൂ സുലൈമാന്‍, താങ്കള്‍ അല്ലാഹുവെ ഭയപ്പെടുക. കുഴപ്പങ്ങള്‍ തുടങ്ങിയിരിക്കുന്നു’ അപ്പോള്‍ അദ്ദേഹം മറുപടി നല്‍കി: ‘ഖത്താബിന്റെ മകന്‍ ജീവിച്ചിരിക്കെയോ? അദ്ദേഹത്തിന് ശേഷം മാത്രമേ അതുണ്ടാവൂ.’ തന്നെ ഉമര്‍(റ) തന്നെ മാറ്റിയത് സ്വന്തം താല്‍പര്യത്തിന് വേണ്ടിയാണെന്ന് വിചാരിച്ചിരുന്നെങ്കില്‍ ഖാലിദ്(റ) ഇത്തരിത്തിലുള്ള ഒരു സാക്ഷ്യം നല്‍കുമായിരുന്നില്ല.
6. ഖാലിദ്(റ)ന്റെ മരണത്തില്‍ ഉമര്‍(റ)ന്റെ വ്യസനവും അനുശോചനവും അദ്ദേഹത്തിന്റെ ഗുണഗണങ്ങളെ പറ്റിയുള്ള പ്രശംസയും നിരീക്ഷിക്കുകയാണെങ്കില്‍ മനസ്സില്‍ എന്തെങ്കിലും നീരസം അവശേഷിക്കുന്ന ഒരാളില്‍ നിന്നും ഇത് ഉണ്ടാവുകയില്ല എന്ന് മനസ്സിലാക്കാം. സഅ്‌ലബഃ ബിന്‍ അബൂ മാലിക് ഉദ്ധരിക്കുന്നു: ഖാലിദ്(റ) മരിച്ചപ്പോള്‍ ഉമര്‍(റ) പലതവണ ഇസ്തിര്‍ജാഅ് (ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ എന്ന് പറയല്‍) നടത്തുകയും അദ്ദേഹത്തിന്റെ പാപമോചനത്തിനായി നിരവധി തവണ പ്രാര്‍ഥിക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘ശത്രുവിന്റെ മാറിടത്തിനു നേരെയദ്ദേഹം ശക്തനായിരുന്നു. സല്‍സ്വഭാവത്തിനുടമയുമായിരുന്നു.’ അപ്പോള്‍ അലി(റ) ചോദിച്ചു: ‘പിന്നെയെന്തിനദ്ദേഹത്തെ നീക്കി?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മാന്യന്‍മാര്‍ക്കും വാക്‌സാമര്‍ഥ്യക്കാര്‍ക്കുമായി ധനം ചെലവഴിച്ചതിനാലാണ് അദ്ദേഹത്തെ നീക്കിയത്’ അപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു: ‘സാമ്പത്തിക കാര്യത്തില്‍ നിന്നൊഴിവാക്കി സൈന്യത്തിനുമേല്‍ അദ്ദേഹത്തെ തുടര്‍ത്താമായിരുന്നില്ലേ’. അദ്ദേഹം പറഞ്ഞു: ‘അദ്ദേഹമത് തൃപ്തിപ്പെടുകയില്ല’.
സഹാബികളുടെ പരസ്പരസ്‌നേഹത്തിന്റെ തോത് എത്രത്തോളമായിരുന്നുവെന്ന് കുറിക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം. മുസ്‌ലിം സമൂഹത്തിന്റെ നന്മമാത്രമാണ് ഖാലിദ്(റ)നെ നീക്കിയതിനു പിന്നിലെന്നും ഉമര്‍(റ)ന്റെ ഇജ്തിഹാദായിരുന്നു ആ തീരുമാനമെന്നും വ്യക്തമാക്കുന്നവയാണവ. നേതൃത്വത്തില്‍ നിന്നദ്ദേഹത്തെ നീക്കിയത് അവര്‍ക്കിടയിലെ സ്‌നേഹത്തിനോ സാഹോദര്യത്തിനോ ഒരു ഭംഗവും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

വിവ: അഹമദ് നസീഫ് തിരുവമ്പാടി

Related Articles