Current Date

Search
Close this search box.
Search
Close this search box.

ഔറംഗസീബും ഹിന്ദു, സിഖ് വിശ്വാസികളും

Aurangzeb.jpg

ഔറംഗസീബിന്റെ നേട്ടങ്ങളുടെയും മതനിഷ്ഠയുടെയും കാര്യത്തില്‍ തര്‍ക്കമില്ലാത്തതോടൊപ്പം തന്നെ അദ്ദേഹം പിന്തുടര്‍ന്നിരുന്നത് അസഹിഷ്ണുതയുടെയും അടിച്ചമര്‍ത്തലിന്റെയും രീതിയായിരുന്നുവെന്നാണ് ചില ചരിത്രകാരന്‍മാരും അക്കാദമിക വിദഗ്ദരും ഊന്നിപ്പറയുന്നത്. ക്ഷേത്രങ്ങള്‍ തകര്‍ക്കുകയും തന്റെ സാമ്രാജ്യത്വത്തില്‍ നിന്ന് ഹിന്ദുക്കളെ നിഷ്‌കാസനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത ഒരാളായിട്ടാണ് അദ്ദേഹം പൊതുവെ പരിചയപ്പെടുത്തപ്പെടുന്നത്. വസ്തുത വെളിപ്പെടുത്തുന്നതിന് ആവശ്യമായ ചില ഉദാഹരണങ്ങളാണ് ഇവിടെ സമര്‍പ്പിക്കുന്നത്.

ഹിന്ദുക്കളോടും സിഖുകാരോടുമുള്ള അദ്ദേഹത്തിന്റെ സമീപനത്തെ വിലയിരുത്തുമ്പോള്‍ അവരോട് ഏതെങ്കിലും മുന്‍ധാരണയോട് കൂടിയോ വിവേചനപരമായോ അദ്ദേഹം സമീപിച്ചിരുന്നില്ലെന്ന് വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ രാജകൊട്ടാരത്തില്‍ പോലും നിരവധി ഹിന്ദുക്കള്‍ ഉപദേശകരും ഉദ്യോഗസ്ഥരുമായി സേവനം ചെയ്തിരുന്നു. ഏറ്റവുമധികം സഹിഷ്ണുത കാണിച്ച മുഗള്‍ ചക്രവര്‍ത്തിയായി ഉദ്ധരിക്കാറുള്ള അക്ബര്‍ ചക്രവര്‍ത്തിയുടെ രാജസദസ്സിലുണ്ടായിരുന്നതിനേക്കാള്‍ അമുസ്‌ലിംകള്‍ ഔറംഗസീബിന്റെ സദസ്സിലുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അദ്ദേഹത്തിന്റെ ഭരണകൂടത്തിലും സൈന്യത്തിലും ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും സ്ഥാനങ്ങളുണ്ടായിരുന്നുവെന്നത് തന്റെ ഹിന്ദു പ്രജകളുടെ സംഭാവനകളെ അംഗീകരിക്കാന്‍ വിസമ്മതിച്ച ഒരു മതഭ്രാന്തനായിരുന്നില്ല അദ്ദേഹം എന്നതാണ് വ്യക്തമാക്കുന്നത്.

വിശകലനത്തില്‍ വരുന്ന രണ്ടാമത്തെ കാര്യമാണ് ഔറംഗസീബിന്റെ ഭരണത്തില്‍ അദ്ദേഹം ഹിന്ദു ക്ഷേത്രങ്ങളും സിഖ് ദേവാലയങ്ങളും തകര്‍ക്കുകയും പുതിയതൊരെണ്ണം നിര്‍മിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തു എന്നുള്ളത്. അത്തരം കല്‍പനകള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായി എന്നുള്ളത് നിഷേധിക്കാനാവാത്ത ചരിത്ര യാഥാര്‍ത്ഥ്യമാണ്.

ഇസ്‌ലാമിക അധ്യാപന പ്രകാരം ക്ഷേത്രങ്ങളെ സംരക്ഷിക്കുന്ന ദീര്‍ഘകാല പൈതൃകം തന്നെ ഇന്ത്യക്കുണ്ട്. 711-ല്‍ മുഹമ്മദ് ബിന്‍ ഖാസിമിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലേക്ക് കടന്നുവന്ന ആദ്യ മുസ്‌ലിം സൈന്യം ഹിന്ദുക്കളുടെയും ബുദ്ധന്‍മാരുടെയും വിശ്വാസത്തിനും ആരാധനാ കേന്ദ്രങ്ങള്‍ക്കും സംരക്ഷണം ഉറപ്പ് നല്‍കിയിരുന്നു. മുഗളന്‍മാര്‍ വരുന്നതിനും നൂറുകണക്കിന് വര്‍ഷങ്ങള്‍ മുമ്പ് മുതല്‍ സ്വീകരിച്ചു വരുന്ന രീതിയാണത്. എന്തൊക്കെയാണെങ്കിലും, മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നുള്ള ഇസ്‌ലാമിക കല്‍പന ഔറംഗസീബ് ധിക്കരിച്ചിട്ടില്ല. അതിന്റെ ഇസ്‌ലാമികതയെ കുറിച്ച് ഔറംഗസീബ് തന്നെ സൂചിപ്പിച്ചിട്ടുണ്ട്. 1659-ല്‍ ക്ഷേത്രം നശിപ്പിക്കുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ട് അദ്ദേഹം എഴുതി, ‘ഇസ്‌ലാമിക ശരീഅത്തും പ്രമാണങ്ങളും സ്ഥാപിക്കുന്നത് പുരാതന ക്ഷേത്രങ്ങള്‍ ഒരു കാരണവശാലും തകര്‍ക്കരുതെന്നാണ്.’

മതപരമായ കാരണങ്ങളാല്‍ ഔറംഗസീബ് ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടില്ലെങ്കില്‍, എന്ത് കാരണത്താലാണ് അദ്ദേഹമത് ചെയ്തത്? 1600 കളിലെ ക്ഷേത്രങ്ങളുടെ രാഷ്ട്രീയ സ്വഭാവം എങ്ങനെയായിരുന്നു എന്നതിലാണ് അതിന്റെ ഉത്തരം കിടക്കുന്നത്.

ഹിന്ദു, സിഖ് ക്ഷേത്രങ്ങള്‍ കേവലം ആരാധനാ കേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല. അതിന് സവിശേഷമായ രാഷ്ട്രീയ പ്രധാന്യം കൂടി ഉണ്ടായിരുന്നു. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങളായിട്ടായിരുന്നു വര്‍ത്തിച്ചിരുന്നത്. അവ ഭരണകൂടത്തിന്റെ മുതലും അവയുടെ ചുമതല ഏല്‍പ്പിക്കപ്പെട്ടിരുന്ന പുരോഹിതര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായിരുന്നു. ഏതെങ്കിലും പ്രദേശത്തെ ഹിന്ദുക്കളുടെ പിന്തുണ ആവശ്യമായി വരുമ്പോള്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ (മുഗളന്‍മാരല്ലാത്ത ഹിന്ദു രാജാക്കന്‍മാര്‍ പോലും) ക്ഷേത്ര സംവിധാനത്തിലൂടെ ആളുകളെ കൂട്ടാന്‍ ഈ പുരോഹിതന്‍മാരെയായിരുന്നു ആശ്രയിച്ചിരുന്നത്. ഇപ്രകാരം ഒരു ക്ഷേത്രങ്ങള്‍ മതവിശ്വാസവുമായി ബന്ധപ്പെട്ട ഒരു കെട്ടിടം എന്നതിലുപരിയായി ഏറെ ശക്തമായ ഒരു രാഷ്ട്രീയ ഉപകരണം കൂടിയായിരുന്നു.

ഇത്തരത്തില്‍ ക്ഷേത്രങ്ങള്‍ക്കും അവക്കുണ്ടായിരുന്ന പ്രാധാന്യത്തെയും മനസ്സിലാക്കിയ ശേഷമാണ് ഔറംഗസീബ് നിശ്ചിതമായ ചില ക്ഷേത്രങ്ങള്‍ തകര്‍ത്തതിനെ നാം മനസ്സിലാക്കേണ്ടത്. ഇന്ത്യയിലൊട്ടാകെയുള്ള ക്ഷേത്രങ്ങളോട് വിവേചനപരമായ ഒരു സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്ന് കാണിക്കുന്ന ചരിത്രപരമായ തെളിവുകളൊന്നും തന്നെയില്ല. വളരെ ശ്രദ്ധാപൂര്‍വം തെരെഞ്ഞെടുത്ത, ഇന്ത്യയിലെ ഹിന്ദു സമൂഹത്തിന്റെ വളരെ ചെറിയൊരു വിഭാഗം മാത്രം ആരാധന നടത്തിയിരുന്ന ക്ഷേത്രങ്ങളാണ് അദ്ദേഹം തകര്‍ത്തിട്ടുള്ളത്. ഔറംഗസീബ് തകര്‍ക്കാനായി ഒരു ക്ഷേത്രം തെരെഞ്ഞെടുക്കുമ്പോള്‍ അതിന് പിന്നിലുണ്ടായിരുന്ന കാരണം തികച്ചും രാഷ്ട്രീയ പ്രേരിതമായിരുന്നു, മതപരമായിരുന്നില്ല.

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ ഭരണത്തിലെ ധൂര്‍ത്തും അതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക ഞെരുക്കവും കണ്ട നിരവധി ഗവര്‍ണര്‍മാരും പുരോഹിതന്‍മാരും ഔറംഗസീബിന്റെ ഭരണകാലത്ത് മുഗള്‍ ഭരണകൂടത്തിനെതിരെ നില്‍ക്കാന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ ഒരു ഭാഗത്ത് ഒരു വിമത പ്രക്ഷോഭം പൊട്ടിപുറപ്പെടുമ്പോള്‍ സ്വാഭാവികമായും വിമതരുടെ ശക്തികേന്ദ്രം പ്രദേശത്തെ ക്ഷേത്രങ്ങളായിരുന്നു. വിമത നേതാക്കളും അവര്‍ക്കൊപ്പം നിന്ന ക്ഷേത്രങ്ങളും മുഗള്‍ ഭരണകൂടത്തിന് ഭീഷണിയായി മാറി.

ഇത്തരത്തില്‍ ഭരണകൂടത്തിനെതിരെ നില്‍ക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ അവര്‍ക്ക് സംരക്ഷണം നല്‍കുന്ന ക്ഷേത്രങ്ങള്‍ കൂടി തകര്‍ക്കല്‍ നയത്തിന്റെ ഭാഗമായി മാറുകയാണുണ്ടായത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളി ശിവജിയുടെ നേതൃത്വത്തില്‍ 1669-ല്‍ ബനാറസിലുണ്ടായ കലാപം ഇതിനൊരു ഉദാഹരണമാണ്. തന്റെ ലക്ഷ്യത്തിനായി ആളെ കൂട്ടാന്‍ ശിവജി ഉപയോഗിച്ചത് പ്രദേശത്തെ ക്ഷേത്രത്തെയായിരുന്നു. ശിവജിയെ പിടിച്ച ശേഷം ഔറംഗസീബ് തന്റെ ഭരണകൂടത്തിനെതിരെ രാഷ്ട്രീയ കരുനീക്കം നടത്താന്‍ ഉപയോഗിച്ച ബനാറസിലെ ക്ഷേത്രം കൂടി തകര്‍ത്തു. 1670-ല്‍ മധുരയില്‍ ജാട്ടുകള്‍ കലാപമുണ്ടാക്കുകയും ഒരു പ്രാദേശിക മുസ്‌ലിം നേതാവിനെ കൊലപ്പെടുത്തുകയും ചെയ്തത് മറ്റൊരു ഉദാഹരണമാണ്. കലാപം അടിച്ചമര്‍ത്തിയ ഔറംഗസീബ് അതിന് പിന്തുണ നല്‍കിയ ക്ഷേത്രവും തകര്‍ക്കുകയാണ് ചെയ്തത്.

ക്ഷേത്രങ്ങള്‍ നശിപ്പിക്കുക എന്ന നയം പൊതുവെ സ്വീകരിച്ചിട്ടുള്ളത് വഞ്ചന കാണിച്ച ഹിന്ദു ഉദ്യോഗസ്ഥര്‍ക്കുള്ള രാഷ്ട്രീയമായ ശിക്ഷയെന്നോണം ആയിരുന്നെന്ന് കാണാം. ചിലര്‍ വാദിക്കും പ്രകാരം മതഅസഹിഷ്ണുതയുടെ അടയാളമായി അതിനെ കാണാനാവില്ല. അതേസമയം അദ്ദേഹം മുസ്‌ലിം പള്ളികള്‍ തകര്‍ത്തില്ലെന്നത് അദ്ദേഹത്തിന്റെ മതഭ്രാന്തിനെയാണ് കുറിക്കുന്നതെന്ന വാദത്തിനും അടിസ്ഥാനമില്ല. ക്ഷേത്രങ്ങളെ പോലെ മുസ്‌ലിം പള്ളികള്‍ രാഷ്ട്രീയ സംവിധാനങ്ങളായി മാറിയില്ല എന്നത് തന്നെയാണതിന് കാരണം. ഔറംഗസീബിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മതപ്രേരിതമായിരുന്നു എന്ന എതിരാളികളുടെ വാദത്തിലും കഴമ്പില്ല. എന്നാല്‍ തന്റെ ജീവിതത്തിലുടനീളം ഇസ്‌ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കാന്‍ അതീവ ശ്രദ്ധവെച്ചിരുന്ന ഒരു നേതാവായിരുന്നു അദ്ദേഹം. അന്യമത വിരോധമല്ല അദ്ദേഹം കാണിച്ചത്, മറിച്ച് ഇസ്‌ലാമിക നിയമം അനുശാസിക്കുന്നതനുസരിച്ച് ഇതര വിശ്വാസികളെ സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയാണ് അദ്ദേഹം ചെയ്തത്.

മൊഴിമാറ്റം: നസീഫ്‌

ഔറംഗസീബും ഇന്ത്യയിലെ ഇസ്‌ലാമിക ഭരണവും

Related Articles