Current Date

Search
Close this search box.
Search
Close this search box.

ഉമ്മു സുഹൈല്‍ : വര്‍ത്തമാന കാലത്തെ ‘ഖന്‍സാഅ്’

ummu-suhail.jpg

ചരിത്രത്തിലെ ഓരോ ദിനത്തെയും കണ്ണഞ്ചിപ്പിക്കുന്ന നിലപാടുകള്‍ കൊണ്ട് അടയാളപ്പെടുത്താന്‍ മുസ്‌ലിം സ്ത്രീക്ക് സാധിച്ചിട്ടുണ്ട്. ദൃഢനിശ്ചയം, ക്ഷമ, തന്റേടം, സമചിത്തത തുടങ്ങിയവയുടെ മൂര്‍ത്തരൂപമായിരുന്നു അവ. മൂല്യവും തൂക്കവും അളന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം വിലയേറിയ ഉദാഹരണങ്ങളാണ് അവളുടേത്. പുരുഷകേസരികള്‍ക്ക് സാധിക്കാത്ത പോരാട്ടവീര്യവും, സഹനവും പ്രകടിപ്പിച്ച്, പൗരുഷത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പ്രായോഗികമായി പകര്‍ന്ന് നല്‍കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. തലമുറകള്‍ക്കതീതമായി ജനങ്ങള്‍ മാതൃകയാക്കിയ മഹിളാരത്‌നങ്ങളെക്കുറിച്ച് ചരിത്രം വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്ത് ചങ്കുറപ്പോടെ രംഗത്ത് വന്ന, അറബികളിലെ ഏറ്റവും പ്രഗല്‍ഭയായ കവയത്രി എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച ഖന്‍സാഅ് അവരിലൊരാളാണ്. ഖാദിസിയ്യ യുദ്ധക്കളത്തില്‍ വെച്ച് തന്റെ ആകെയുള്ള നാല് മക്കളും വീരമൃത്യു വരിച്ചിരിക്കുന്നതറിഞ്ഞ അവര്‍ പ്രകടിപ്പിച്ച ധീരതയും, ക്ഷമയും വിവരണാതീതമാണ്.

വര്‍ത്തമാന കാലവും ഇത്തരം മഹത്വങ്ങള്‍ക്ക് സാക്ഷിയാണ്. അവരുടെ സ്ഥൈര്യത്തിന് മുന്നില്‍ പുരുഷന്മാര്‍ പോലും പകച്ച് പോയ അനുഭവമുണ്ട്. ഐഹികതയുടെ പ്രലോഭനങ്ങള്‍ക്ക് മുന്നിലോ, ആഢംബരങ്ങളുടെയും ആസ്വാദനത്തിന്റെയും മാധുര്യത്തിലോ മയങ്ങിവീഴുന്നവരല്ല അവര്‍. പ്രവര്‍ത്തിക്കാത്തത് പറയുകയും ഉപദേശിക്കുകയും ചെയ്യുന്നത് പതിവായ ഇക്കാലത്ത് അവര്‍ വിശ്വാസത്തിന്റെ തേരിലേറി ചെറുത്ത് നില്‍പ് നടത്തി. ഉമര്‍ ബിന്‍ ഖത്താബിന്റെ സഹോദരിയുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ധീരനായിരുന്ന, പരുഷ സ്വഭാവിയായിരുന്ന ജനങ്ങള്‍ ഭയപ്പെട്ടിരുന്ന ഒരു മനുഷ്യന്‍. പക്ഷെ, തന്റെ നിലപാട് സ്വീകരിക്കുന്നതില്‍ ഫാത്വിമ തന്റെ സഹോദരനെ ഭയപ്പെട്ടില്ല. അദ്ദേഹത്തിന്റെ കാര്‍ക്കശ്യം അവള്‍ക്ക് മുന്നില്‍ പ്രതിബന്ധമായില്ല. അതിന്റെ പേരില്‍ ഇസ്‌ലാമില്‍ നിന്ന് മടങ്ങുന്നുമില്ല. മാത്രമല്ല, അവളുടെ നിലപാടായിരുന്നു ഉമറിനെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ച കാരണങ്ങളിലൊന്ന്.

പ്രസവവേദനയേക്കാള്‍ ശക്തമായ വേദന തങ്ങള്‍ക്കിനി സഹിക്കാനില്ല എന്നറിയുന്നവരാണ് അധികം സ്ത്രീകളും. തന്റെ ഗര്‍ഭപാത്രത്തോട് ചേര്‍ന്ന മക്കളിലൊരാളെ നഷ്ടപ്പെടുകയെന്നത് സമാനമായ വേദന തന്നെയാണ്. അതിനാലാണ് ‘നൊന്തുപെറ്റ’ എന്ന പ്രയോഗം തന്നെ കടന്ന് വന്നത്. അതിനേക്കാള്‍ പ്രയാസകരമായ, വിഷമകരമായ മറ്റൊരു അനുഭവം അവര്‍ക്കില്ല. മക്കള്‍ക്ക് ആപത്തിറങ്ങിയാല്‍ രക്ഷപ്പെടുത്തുന്നതിനായി ഏത് ദുര്‍ബലയായ മാതാവും സിംഹത്തിന്റെ ധീരതയോടെ മുന്നിട്ടിറങ്ങും. അങ്ങനെയിരിക്കെ തന്റെ മക്കളിലാരെങ്കിലും കൊല്ലപ്പെട്ടാല്‍ അവര്‍ സഹിക്കുന്ന വേദനയെത്രയായിരിക്കും!

തബൂക്കിലെ വിധവ ഉമ്മു സുഹൈല്‍ വര്‍ത്തമാന കാലത്തെ പ്രതീകമാണ്. ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം അവള്‍ക്കാകെയുള്ള അത്താണി മൂത്ത മകനായിരുന്നു. ആ മകനെയും അവര്‍ക്ക് നഷ്ടപ്പെടുന്നു. അയല്‍പക്കത്തുള്ള ഒരു യുവാവുമായി നടന്ന തര്‍ക്കത്തിനിടയില്‍ അയാള്‍ അവന്റെ ശരീരത്തില്‍ കഠാര കുത്തിയിറക്കുകയായിരുന്നു. ആ ശരീരത്തില്‍ മാരകമായ മൂന്ന് കുത്തുകള്‍ ആഴ്ന്നിറങ്ങി. മൂന്ന് സഹോദരിമാരെയും, കുഞ്ഞു സഹോദരനെയും മാതാവിനെയേല്‍പിച്ച് അവന്‍ യാത്രയായി. മാതാവിനെ സംബന്ധിച്ചിടത്തോളം രണ്ടാമതും വിധവയായതിന് തുല്യമായിരുന്നു അത്. പിതാവിന്റെ വിയോഗത്തിന് ശേഷം സംരക്ഷണം നല്‍കിയിരുന്ന മൂത്ത സഹോദരന്റെ അന്ത്യം അവര്‍ക്ക് അനാഥത്വത്തിന്റെ കയ്പുനീര്‍ വീണ്ടും പകര്‍ന്നു നല്‍കി.

സ്വന്തമായി ഒരു കൂര പോലുമില്ലാത്ത് ആ കുടുംബം തബൂക്കിലെ സന്നദ്ധ സേവകര്‍ ഒരുക്കിയ ടെന്റിലാണ് താമസിക്കുന്നത്. കൊലയാളിയുടെ ബന്ധുക്കള്‍ ധാരാളം വാഗ്ദാനങ്ങളുമായി ആ മാതാവിനെ സമീപിച്ചു. കാശും മറ്റും നല്‍കി വിവിധ മാര്‍ഗങ്ങളിലൂടെ കേസ് ഒതുക്കാനുള്ള ശ്രമങ്ങള്‍ നടത്തി. താമസ സൗകര്യവും, മില്യണ്‍ റിയാലും നല്‍കാമെന്ന് മോഹിപ്പിച്ചു. പക്ഷെ ആ ധീരവനിത വഴങ്ങിയില്ല. കേസ് പിന്‍വലിക്കുകയാണെങ്കില്‍ രണ്ട് മില്യണ്‍ റിയാല്‍ നല്‍കാമെന്നായി വാഗ്ദാനം. പക്ഷെ, എല്ലാ പ്രലോഭനങ്ങളെയും അവര്‍ നിരസിക്കുകയാണ് ചെയ്തത്. ദാരിദ്രത്തിന്റെ കാഠിന്യത്തിന് മുന്നില്‍ ആ ഉമ്മ തളരുകയോ, ദുര്‍ബലപ്പെടുകയോ ചെയ്തില്ല. തന്റേടിയായ ആ മാതാവിന്റെ ഒരു തലമുടിക്ക് വിലയിടാന്‍ പോലും അവരുടെ മില്യണുകള്‍ മതിയാവുമായിരുന്നില്ല.

എല്ലാം നഷ്ടപ്പെട്ട ആ വിധവ വേദന കടിച്ചിറക്കി കാലങ്ങള്‍ കഴിച്ചു. ഒടുവില്‍ പ്രതിക്രിയ വിധിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോടതിയിലെത്തി തന്റെ മകന്റെ കൊലയാളിയെ കാണണമെന്ന് ആവശ്യപ്പെട്ടു ആ സ്ത്രീ. ഏതൊരു ഉമ്മയും അഭിമുഖീകരിക്കാന്‍ വിസമ്മതിക്കുന്ന, വെറുക്കുന്ന കൂടിക്കാഴ്ച. പക്ഷെ, ഉമ്മു സുഹൈല്‍ ധീരതയോടും, സ്ഥൈര്യത്തോടും കൂടി മുന്നോട്ട് വന്നിരിക്കുന്നു. കൊലയാളി കോടതിയില്‍ ഹാജരാക്കപ്പെട്ടു. ജഡ്ജിയുടെ മുന്നില്‍ വെച്ച് ആ സ്ത്രീ അയാളോട് പറഞ്ഞു ‘മകനേ, അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഞാന്‍ നിനക്ക് പൊറുത്ത് തന്നിരിക്കുന്നു, ഞാന്‍ അല്ലാഹുവിന് വേണ്ടി ഈ കേസ് പിന്‍വലിക്കുകയാണ്. എനിക്ക് അല്ലാഹുവിന്റെ അടുക്കലുള്ളത് മാത്രം മതി.’  വളരെ ലളിതമായ ഏതാനും പദങ്ങള്‍. ധാരാളം പാഠങ്ങളും, സന്ദേശങ്ങളുമടങ്ങിയിരിക്കുന്നു അവയില്‍. ഈ കേസുമായി ബന്ധപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കും മഹത്തായ സന്ദേശം നല്‍കുന്നു അത്. തന്റെ മകനെ/മകളെ കൊന്നവരില്‍ നിന്നും മില്യണുകള്‍ വാങ്ങി കീശയിലിട്ട് മാപ്പ് കൊടുക്കുന്ന എത്രയെത്ര പുരുഷകേസരികള്‍ നമുക്ക് മുന്നിലുണ്ടെന്ന് നാമോര്‍ക്കണം. എല്ലാറ്റിനും ശേഷം അവര്‍ പ്രഖ്യാപിക്കും ‘അല്ലാഹുവിന്റെ പ്രതീ കാംക്ഷിച്ച്’  അവര്‍ മാപ്പ് കൊടുത്തെന്ന്.

പരലോകത്തിന് വേണ്ടി ഇഹലോക സുഖങ്ങള്‍ ത്യജിച്ചവളാണ് ഈ മാതാവ്. അനാഥയായ തന്റെ മകനെ നിഷ്ഠൂരമായി കൊന്നവര്‍ക്ക് പൊറുത്ത് കൊടുത്തിരിക്കുന്നു അവര്‍. അല്ലാഹുവിന്റെ അടുത്ത് നിന്നുള്ള പ്രതിഫലമാണ് അവര്‍ക്ക് വേണ്ടത്. മാന്യത, സ്‌നേഹം, മാതൃത്വം തുടങ്ങിയ മൂല്യങ്ങളുടെ സ്ഥാപനായിരുന്നു അത്. മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ച, ഭൗതിക നേട്ടങ്ങള്‍ക്ക് വേണ്ടി പരസ്പരം കലഹിക്കുന്ന പ്രഭാതത്തില്‍ വിരിഞ്ഞ മനോഹര പുഷ്പമാണിത്.

 

Related Articles