Current Date

Search
Close this search box.
Search
Close this search box.

അലക്സാണ്ട്രിയ ലൈബ്രറി; ആ നുണയുടെ യാഥാർത്ഥ്യമെന്താണ്?

മനുഷ്യന്റെ സഹവാസവും വികാസവും അലിഞ്ഞുചേർന്ന ഭൂമിയായിരുന്നു അലക്‌സാണ്ട്രിയ. അറിവിന്റെ അക്ഷയഖനികളായ പണ്ഡിതരും ശാസ്ത്രജ്ഞരും, ധൈഷണികമായി ലോകത്ത് വിപ്ലവം സൃഷ്ടിച്ച ചിന്തകരും അലക്‌സാണ്ട്രിയ സ്പർശിക്കാതെ കടന്നുപോയിട്ടില്ല. അലക്‌സാണ്ട്രിയയിലാണ് ബി.സി. 300-ൽ  തുടങ്ങി പിന്നീടുള്ള 600 വർഷങ്ങളിലായി മനുഷ്യൻ തന്റെ ബുദ്ധിപരമായ സാഹസിക യാത്ര നടത്തി തുടങ്ങിയത്. ആ സാഹസികതയാണ് നമ്മെ അറിവിന്റെ അനന്തപ്രപഞ്ചങ്ങളിലേക്ക് നയിക്കുവാൻ തുടങ്ങിയത്. 

മഹാനായ അലക്‌സാണ്ടർ ചക്രവർത്തിയാണ് അലക്‌സാണ്ട്രിയ നഗരം സ്ഥാപിച്ചത്, ആ നഗരം നിർമ്മിച്ചത് അദ്ദേഹത്തിന്റെ മുൻകാല അംഗരക്ഷകനും. അവിടെ അലക്‌സാണ്ടർ ചക്രവർത്തി വിദേശ സംസ്കാരങ്ങളെ ബഹുമാനിക്കുകയും അതുപോലെ യാതൊരു വിലിക്കുമില്ലാതെ അറിവ് നേടുന്നതിനെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ സേനാനായകന്മാരെയും പട്ടാളക്കാരെയും പേർഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് പ്രോത്സാഹിപ്പിച്ചു. ഒപ്പം അദ്ദേഹം മറ്റു രാജ്യങ്ങളിലെ ദൈവങ്ങളെ ബഹുമാനിക്കുകയും ചെയ്തു. വളരെ ആഡംബരമായാണ് അലക്സാണ്ട്രിയയുടെ നിർമ്മാണം നടന്നത്. അലക്സാണ്ട്രിയയെ ലോകത്തിലെ വാണിജ്യത്തിന്റെയും സംസ്കാരത്തിന്റെയും അതുപോലെ വിദ്യാഭ്യാസത്തിന്റെയും കേന്ദ്രമിക്കുക എന്നതായിരുന്നു ലക്ഷ്യം. മുപ്പത് മീറ്ററോളം വീതിവരുന്ന മനോഹരമായ വഴികൾ, ഭംഗിയുള്ള കെട്ടിടങ്ങൾ, ആകർഷകമായ കൊത്തുപണികളോടുകൂടിയ പ്രതിമകൾ, തുടങ്ങി സപ്താത്ഭുതങ്ങളിലൊന്നായ ഫറോസ് എന്നറിയപ്പെടുന്ന ഭീമമായ ഒരു ലൈറ്റ് ഹൗസ് ഇവയെല്ലാം അലക്സാണ്ട്രിയയിൽ ഉണ്ടായിരുന്നു.

പക്ഷെ, അലക്സാണ്ട്രിയയിലെ ഏറ്റവും വലിയ അത്ഭുതം എന്നത് അറിവിന്റെ ഗ്രന്ഥശാല തന്നെയായിരുന്നു. അലക്സാണ്ട്രിയ എന്ന മഹാ നഗത്തിന്റെ യശസ്സായിരുന്നു അന്നത്. ലോകത്തിലെ ആദ്യത്തെ ഗവേഷണസ്ഥാപനവും അത് തന്നെ. മാത്രവുമല്ല, ആ ഗ്രന്ഥപ്പുരയിലെ പണ്ഡിതമാർ ഊർജ്ജതന്ത്രം, സാഹിത്യം, തത്വശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, ഭൂമിശാസ്ത്രം, ഗണിതം, ജീവിശാസ്ത്രം, എൻജിനീയറിങ് തുടങ്ങിയ വിവിധ മേഖലകളിൽ ഗവേഷണം നടത്തി. അലക്സാണ്ട്രിയയിലെ ഗ്രന്ഥശാലയിലാണ് മനുഷ്യർ ഈ ലോകത്തെക്കുറിച്ച് വളരെ ചിട്ടയോടും ആത്മാർത്ഥതയോടും കൂടി പഠിക്കാൻ തുടങ്ങിയത്. അലക്സാണ്ട്രിയയിൽ ജീവിച്ച ഈ മഹാന്മാരായ പുരുഷന്മാരുടെ ഇടയിൽ ഒരു സ്ത്രീയും ഉണ്ടായിരുന്നു. ‘ഹിപ്പോഷ്യ’ എന്ന് പേരുള്ള അവർ ഗണിതശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും അഗ്രഗണ്യയായിരുന്നു. ഹിപ്പൊഷ്യയാണ് ആ വിലമതിക്കാനാവാത്ത വായനശാലയിലെ അവസാനത്തെ കണ്ണി. 

അലക്സാണ്ടറിനു ശേഷം വന്ന ഗ്രീക്ക് രാജാക്കന്മാർ പഠനത്തിന് വളരെ പ്രാധാന്യം നല്കിയവരായിരുന്നു. അവർ നൂറ്റാണ്ടുകളോളം ഗ്രന്ഥശാലയുടെ സുഗമമായ പ്രവർത്തനത്തെയും ഗവേഷണത്തെയും പിന്താങ്ങി. ആ ഗ്രന്ഥശാലയിൽ പത്തു വലിയ ഹാളുകൾ ഉണ്ടായിരുന്നു. ഓരോ ഹാളിലും ഓരോ വിഷയത്തിന്റെ ഗവേഷണം നടന്നിരുന്നു. അത് കൂടാതെ അതിലുണ്ടായിരുന്ന മറ്റൊരു മുറിയിൽ ശാസ്ത്രജ്ഞർ ഒഴിവുസമയങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെടുമായിരുന്നു..

മാത്രവുമല്ല, ആ ഗ്രന്ഥശാലയുടെ ഹൃദയം എന്നത് അതിലേ പുസ്തകശേഖരം ആയിരുന്നു. അതിനായി സംഘടകർ പുറംരാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയച്ചു. അലക്‌സാണ്ട്രിയയിലേക്ക് വന്ന വാണിജ്യകപ്പലുകൾ പോലീസുകാർ വ്യാജചരക്കുകൾക്ക് വേണ്ടിയല്ല, മറിച്ച് പുസ്തകങ്ങൾക്ക് വേണ്ടി അരിച്ചുപെറുക്കുകയായിരുന്നു. പലരുടെയും പക്കലുണ്ടായിരുന്ന പുസ്തകങ്ങൾ അവർ കടമായി വാങ്ങുകയും അത് പകർത്തി എഴുതിയതിന് ശേഷം തിരിച്ചു നൽകുകയും ചെയ്യുമായിരുന്നു. കൃത്യമായ ഒരു സംഖ്യ പറയാൻ പ്രയാസമാണെങ്കിലും ആ ഗ്രന്ഥശാലയിൽ ഏകദേശം 5 ലക്ഷത്തോളം പുസ്തകങ്ങൾ ഉണ്ടെന്നാണ് ചരിത്രം. ആ പുസ്തകങ്ങൾക്കെല്ലാം എന്ത് സംഭവിച്ചു? ശ്രേഷ്ടമായ ആ സംസ്കാരം ശിഥിലമാക്കുകയും അതോടൊപ്പം ആ വായനശാല നശിപ്പിക്കപ്പെടുകയും ചെയ്തു. ചില പുസ്തകങ്ങളും മറ്റ് ചില പുസ്തകങ്ങളുടെ ചില ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചത്. ആ മഹാ ഗ്രന്ഥാശാല എങ്ങനെയാണ് നശിപ്പിക്കപ്പെട്ടത്.?! ചരിത്രഗതിയിൽ ഒരുപാട് വ്യാഖ്യാനങ്ങൾ ഈ ഗ്രന്ഥശാല നശിപ്പിക്കപ്പെട്ടതിനെ തുടന്ന് കാണാം. 

രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിന്റെ നിർദേശാനുസരണം അദ്ദേഹത്തിന്റെ ഈജിപ്ഷ്യൻ ഗവർണറായ അംറുബ്നുൽ ആസ്വ് ഈ ലൈബ്രറി നശിപ്പിച്ചെന്നാണ് മുമ്പ് നിലവിലുണ്ടായിരുന്ന ഒരാരോപണം. കുളിക്കാൻ വെള്ളം ചൂടാക്കാനായി ആറു മാസക്കാലം തുടർച്ചയായി ഈ ഗ്രന്ഥങ്ങൾ ഉപയോഗിച്ചാണ് അംറ് ലൈബ്രറി നശിപ്പിച്ചത്. ഈ കഥയുമായി ബന്ധപ്പെട്ട് ഉമർ (ഭരണം: 634-644) നടത്തിയ ഒരു പ്രസ്താവനയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്: “ഈ രചനകൾ ദൈവിക ഗ്രന്ഥവുമായി യോജിക്കുന്നവയാണെങ്കിൽ അവ നിഷ്പ്രയോജനവും സൂക്ഷിക്കൽ ആവശ്യമില്ലാത്തതുമാണ്; അഥവാ വിയോജിക്കുകയാണെങ്കിൽ അവ നശിപ്പിക്കപ്പെടുകയും വേണം.” 

ഈ പ്രഖ്യാപനത്തോടെ ഗ്രന്ഥങ്ങൾ തുറന്നുനോക്കുകപോലും ചെയ്യാതെ കത്തിച്ചു നശിപ്പിക്കപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. അലക്സാൻഡ്രിയൻ ലൈബ്രറി നശിപ്പിച്ച സംഭവത്തെ നാസി പോളിസിയോട് ഉപമിച്ചുകൊണ്ട് ജോസഫ് ബർണബാസ്, ഖലീഫാ ഉമറിനും നാസികൾക്കും പുസ്തകം കത്തിക്കുന്നതിന് ന്യായീകരണങ്ങളുണ്ടായിരുന്നു’ എന്ന് ആക്ഷേപഹാസ്യത്തോടെ എഴുതി.

ഹിന്ദുത്വവർഗീയതയുടെ താത്ത്വികനായ ബി.എൻ. ജോഗ് കുറേക്കൂടി കടു പ്പിച്ചുപറയുന്നു: “ഖലീഫാ ഉമർ കോൺസ്റ്റാന്റിനോപ്പിളിലെ വമ്പൻ ലൈബ്രറി കത്തിച്ചതിൽ പലരും അദ്ഭുതം കൂറുന്നു. ഇതിന് പ്രചോദകമായത് അദ്ദേഹത്തിന്റെ മതമാണ്.” എന്നാൽ, ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച പാശ്ചാത്യരും പൗരസ്ത്യരുമായ ഗവേഷകന്മാരും ചിന്തകന്മാരും പണ്ഡിതന്മാരും ചരിത്രപരമായ അപഗ്രഥനത്തിലൂടെ ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട് എന്ന വസ്തുത വിമർശകർ അറിഞ്ഞിട്ടില്ല. മാത്രവുമല്ല, ചരിത്രകാരൻ കൂടിയായ ജവഹർലാൽ നെഹ്റു എഴുതുന്നു: “അറബികൾ അലക്സാൻഡ്രിയയിലെ പേരെടുത്ത ഗ്രന്ഥശാല ചുട്ടെരിച്ചു എന്നൊരു കഥയുണ്ട്. എന്നാൽ, അത് വ്യാജമാണെന്നാണ് ഇന്നത്തെ അറിവ്. ഇങ്ങനെയൊരു നീചവൃത്തി അവർ ഒരിക്കലും ചെയ്തിരിക്കാൻ വഴിയില്ല. അത്രക്ക് ഗ്രന്ഥപ്രണയികളായിരുന്നു അവർ. കോൺസ്റ്റാന്റിനോപ്പിളിലെ തിയോഡോഷ്യസ് ചക്രവർത്തിയായിരിക്കാം ഈ അവിവേകത്തിന്റെ കർത്താവ്. അതിന് എത്രയോ മുമ്പ് ജൂലിയസ് സീസറുടെ കാലത്തു തന്നെ ഒരു ഉപരോധത്തിനിടയിൽ ഈ ഗ്രന്ഥശാലയുടെ ഒരു ഭാഗം നശിച്ചുകഴിഞ്ഞിരുന്നു. പുരാതനഗ്രീക്ക് ദൈവങ്ങളെയും തത്ത്വചിന്തകളെയും സംബന്ധിച്ചുള്ള വിഗ്രഹാരാധനാപരമായ പ്രാചീനഗ്രന്ഥങ്ങൾ തിയോഡോഷ്യസിന് പഥ്യമായിരുന്നില്ല. അത്രക്ക് മതഭ്രാന്തനായിരുന്നു അയാൾ. തന്റെ കുളിമുറിയിൽ വെള്ളം ചൂടുപിടിപ്പിക്കാനാണ് അയാൾ ഈ പുസ്തകങ്ങൾ ഉപയോഗിച്ചിരുന്നത്.” 

മുഹമ്മദീയ പ്രവാചകത്വത്തിന് വളരെ മുമ്പു തന്നെ എ.ഡി. നാലാം നൂറ്റാണ്ടിൽ, അലക്സാൻഡ്രിയൻ ലൈബ്രറി നശിപ്പിക്ക പ്പെട്ടുവെന്ന് എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്ക രേഖപ്പെടുത്തുന്നു. മറ്റൊരു ഭാഗത്ത് അതേ എൻസൈക്ലോപീഡിയ തന്നെ എഴുതുന്നത്, പ്രധാന മ്യൂസിയവും ലൈബ്രറിയും മൂന്നാം നൂറ്റാണ്ടിലെ യുദ്ധത്തിൽ തന്നെ നശിപ്പിക്കപ്പെട്ടുവെന്നും അവശേഷിച്ചത് ക്രിസ്ത്യാനികളാൽ എ.ഡി. 391-ൽ കത്തിക്കപ്പെട്ടുവെന്നുമാണ്. എന്നാൽ, അതേ വിജ്ഞാനകോശത്തിന്റെ മൂന്നാമത്തെ വാള്യത്തിൽ “സെൻസർഷിപ്പ്’ എന്ന ലേഖനത്തിൽ സംഭവത്തെ മുസ്ലിം കാലഘട്ടവുമായി ബന്ധപ്പെടുത്തുന്നതും കാണാം!  ഈ വിഷയകമായി എസ്. രാധാകൃഷ്ണൻ എഴുതുന്നത്, ക്രിസ്ത്യൻ ചക്രവർത്തി തിയോഡോഷ്യസ് എ.ഡി. 389-ൽ പ്രസ്തുത ലൈബ്രറി നശിപ്പിച്ചുവെന്നാണ്. അതിന്റെ ഒരു ഭാഗം ജൂലിയസ് സീസറുടെ ഉപരോധത്തിൽ തകർന്നതായും അദ്ദേഹം എഴുതിയിട്ടുണ്ട്.

അറബികളുടെ ചരിത്രമെഴുതിയ ഓറിയന്റലിസ്റ്റ് പണ്ഡിതൻ ഫിലിപ്പ് കെ.ഹിറ്റി ഉമറുമായി ബന്ധപ്പെടുത്തിയുള്ള കഥയെപ്പറ്റി പറയുന്നത്, ‘നല്ല കഥയും ചീത്തയായ ചരിത്രവും’ എന്നാണ്. അദ്ദേഹം തുടരുന്നു: “മഹത്തായ ടോളമിയൻ ലൈബ്രറി ജൂലിയസ് സീസറാൽ ബി.സി 48-ൽ തന്നെ തീവെച്ചു നശിപ്പിക്കപ്പെട്ടു. അവശേഷിച്ചത് തിയോഡോഷ്യസ് ചക്രവർത്തിയുടെ ഉത്തരവിനാൽ നശിപ്പിക്കപ്പെട്ടു. അറബ് അധിനിവേശക്കാലത്ത് അലക്സാൻഡ്രിയയിൽ സുപ്രധാനമായ ഒരു ലൈബ്രറിയും അവശേഷിച്ചിരുന്നില്ല. സമകാലീനരായ ഒരെഴുത്തുകാരനും ഇത്തരമൊരാരോപണം ഉമറിനോ അംറിനോ എതിരായി ഉന്നയിച്ചിരുന്നില്ല. കടുത്ത ഇസ്ലാം വിമർശകനും നാഗരികതകളുടെ പോരാട്ടത്തിന്റെ വക്താവുമായ പ്രൊഫ. ബർണാഡ് ലൂയിസ് പോലും ഈ കഥയെ ശക്തമായി നിഷേധിക്കുന്നുണ്ട്. മാത്രവുമല്ല ,സ്വതന്ത്രചിന്തയുടെയും യുക്തിവാദത്തിന്റെയും ചരിത്രമെഴുതിയ ജോൺ റോബർട്സൺ, അലക്സാൻഡ്രിയൻ ലൈബ്രറി ഉമർ തകർത്തുവെന്നത് കള്ളകഥയായി തള്ളിക്കളയുന്നുണ്ട്..

പ്രസിദ്ധ ചരിത്രകാരൻ ഡി.പി. സിംഗാൾ ഈ കഥയെ ഐതിഹ്യമായി വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ വിശകലനം ഇങ്ങനെ തുടരുന്നു: ‘അപരിചിതനായ ഒരു വ്യക്തിയിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരമാണ് ഈ കഥ ആരംഭിക്കുന്നതുതന്നെ. അബ്ദുൽഫറാജ് ഇതെഴുതുന്നത് 500 വർഷങ്ങൾക്ക് ശേഷമാണ്. മുസ്ലിം ചിന്തയുടെ ധർമശാസ്ത്രങ്ങൾക്ക് തികച്ചും അന്യമായ ഒന്നായി ഉമറിന്റെ വാചകത്തെ കാണാം. ക്രിസ്ത്യാനികളുടെയും ജൂതരുടെയും മതഗ്രന്ഥങ്ങളും ശാസ്ത്രപഠനങ്ങളും ഗ്രീക്ക് തത്ത്വചിന്താകൃതികളും നശിപ്പിക്കരുതെന്ന് വിശ്വാസികൾ തെര്യപ്പെടുത്തപ്പെട്ടിരുന്നു.! 

തത്ത്വചിന്തകനും ഹ്യൂമനിസ്റ്റുമായിരുന്ന ബർട്രന്റ് റസ്സൽ ഈ വിഷയകമായി നടത്തുന്ന പ്രസ്താവനയിതാ: ‘അലക്സാൻഡ്രിയയിലെ ലൈബ്രറി ഖലീഫ തകർത്തുവെന്ന് എല്ലാ ക്രിസ്ത്യാനികളും പഠിപ്പിക്കപ്പെട്ടു. സത്യത്തിൽ, പ്രസ്തുത ലൈബ്രറി പലവുരു തകർക്കപ്പെടുകയും പുനരുദ്ധരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ നാശകാരി ജൂലിയസ് സീസറും ഏറ്റവുമൊടുവിലത്തേത് പ്രവാചകന് മുമ്പുമായിരുന്നു. ആദ്യകാല മുഹമ്മദീയർ, ക്രിസ്ത്യാനികളിൽനിന്ന് വ്യത്യസ്തമായി, സഹിഷ്ണുതയുള്ളവരായിരുന്നു. അവർ ഭരണത്തെ അംഗീകരിക്കണമെന്നേ ചട്ടം വെച്ചിരുന്നുള്ളൂ. മറിച്ച്, ക്രിസ്ത്യാനികളാവട്ടെ, ബഹുദൈവാരാധകരോട് മാത്രമല്ല, തമ്മിൽ തമ്മിലും കനത്ത പോരിലായിരുന്നു. മുഹമ്മദീയർ അവരുടെ ഹൃദയവിശാലതയാലാണ് പരക്കെ സ്വാഗതം ചെയ്യപ്പെട്ടത്. ഈ മനോഭാവം തന്നെയാണ് മുഖ്യമായും അവരുടെ പിടിച്ചടക്കുകളെ സഹായിച്ചതും’. 

കേംബ്രിഡ്ജ് യൂനിവേഴ്സിറ്റിയിലെ അറബിവിഭാഗം മേധാവിയായിരുന്ന എഡ്വേർഡ് ബ്രൗൺ ഈ സംഭവത്തിലേക്ക് വെളിച്ചം വീശി എഴുതിയത്, ഗിബ്ബൺ എഴുതിയതുപോലെ ഈജിപ്തിലെ മുസ്ലിം ആധിപത്യത്തിന് മൂന്നു നൂറ്റാണ്ട് മുമ്പുതന്നെ ക്രിസ്ത്യൻ മതഭ്രാന്തന്മാരാൽ വിലപ്പെട്ട ലൈബ്രറി തകർക്കപ്പെട്ടുവെന്നാണ്.  ഹ്യൂമനിസ്റ്റ് ചിന്തകനും വിപ്ലവകാരിയുമായിരുന്ന എം.എൻ. റോയ് ഈ വിഷയത്തെപ്പറ്റി ആഴത്തിൽ പഠിച്ചതിനുശേഷം നടത്തിയ പ്രസ്താവനയിൽ നിന്ന് ചിലത് ചുവടെ: ‘കെയ്റോയിലുണ്ടായിരുന്ന ലൈബ്രറിയിൽ ഒരു ലക്ഷവും കൊർദോവയിൽ ആറു ലക്ഷവും വാള്യങ്ങളുണ്ടായിരുന്നു. ഈ വസ്തുത തന്നെ, ഇസ്ലാമിന്റെ ഉദയം മതഭ്രാന്തിന്റേതാണെന്നും അലക്സാൻഡ്രിയൻ ലൈബ്രറി തകർത്തത് മുസ്ലിംകളാണെന്നുമുള്ള ഐതിഹ്യം തെറ്റാണെന്ന് തെളിയിക്കുന്നു. ഉന്നതവിദ്യാകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ആഹ്ലാദമനുഭവിച്ച ഒരു ജനത ഏറ്റവും മികച്ച ഒരു ലൈബ്രറിക്ക് തീകൊളുത്തിയെന്ന് വിശ്വസിക്കാവതല്ല. മനുഷ്യരാശിയുടെ നന്മക്കായി സമസ്ത പൗരാണികവിജ്ഞാനങ്ങളുടെയും സംരക്ഷകരായി അറിയപ്പെടുന്ന ഒരു വിഭാഗത്തിന് അത്തരമൊരു ഹീനകൃത്യം ചെയ്യാനാവില്ല. വൈകാരികത വെടിഞ്ഞുള്ള ശാസ്ത്രീയമായ ചരിത്രപഠനം ഇത്തരം നാടോടിക്കഥകളെയും ഐതിഹ്യങ്ങളെയും തള്ളിക്കളയുന്നു. ഇസ്ലാമിന്റെ ഉദയം ഒരു ദുരന്തമായല്ല, മനുഷ്യരാശിക്കുള്ള അനുഗ്രഹമായാണനുഭവപ്പെട്ടത്’.! 

ഖലീഫാ ഉമറും അലക്സാൻഡ്രിയൻ ലൈബ്രറിയുമായി ബന്ധപ്പെടുത്തിയുള്ള കഥ തള്ളിക്കൊണ്ട് ഡോ. സിംഗാൾ നടത്തിയ പ്രസ്താവന ഇവിടെ പ്രധാനമാണ്: “ഒരു നുണ ഇത്ര ശക്തമായും നിരന്തരമായും അചഞ്ചലമായും ഉന്നയിക്കപ്പെട്ടത് ചരിത്രത്തിൽ ഏറെ വിരളമാണ്.” ചുരുക്കത്തിൽ ഓറിയന്റലിസ്റ്റ് ദുഷ്പ്രചാരകർ 18-ാം നൂറ്റാണ്ടോടെ കൈയ്യൊഴിച്ച ഒരു വാദത്തെയാണ് ഇന്നും ചില വിമർശകർ പൊക്കികൊണ്ടുവരുന്നത്. 

ഉമറുമായി ബന്ധപ്പെടുത്തിയ സംഭവത്തിന് 500 വർഷക്കാലത്തിനിടക്ക് ഒരു ക്രിസ്ത്യൻ ചരിത്രകാരനും ഇത് സൂചിപ്പിച്ചിട്ടില്ല. എ.ഡി 933-ൽ അലക്സാണ്ടിയായിലെ ആർച്ച് ബിഷപ്പായിരുന്ന യൂട്ടിച്ചിയസ്, അറബികൾ അലക്സാണ്ട്രിയ പിടിച്ചടക്കിയത് വിശദമാക്കിയപ്പോഴും ലൈബ്രറി തകർത്ത ഒരു സംഭവം ഉദ്ധരിക്കുന്നില്ല. ചരിത്രം പോലും പിന്താങ്ങുന്ന ഈ സത്യത്തെയാണ് ഇന്നത്തെ ചില അല്പജ്ഞാനികൾ കണ്ണടച്ചു ഇരുട്ടാക്കുന്നത്.

 

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/I1aiVNVTlZsKM3mMWkQmod

 

Related Articles