Current Date

Search
Close this search box.
Search
Close this search box.

ഹസ്റത്തെ ദില്ലി

ദില്ലിയുടെ ചരിത്രത്തിൽ നിസാമുദ്ധീൻ ഔലിയയുടെ ശിഷ്യന്മാരായി പേരെടുത്തവർ നിരവധിയാണ്. അവരിലെ കലാകാരന്മാരിൽ എടുത്തുദ്ധരിക്കേണ്ട പേരാണ് അമീർ ഖുസ്രു. സൂഫികളുടെ പുണ്യഭൂമിയായി ലോക ചരിത്രത്തിൽ തന്നെ അറിയപ്പെട്ട സ്ഥലമാണ് ദില്ലി. ദില്ലി സുൽത്താന്മാരുടെയും മുഗൾ രാജാക്കന്മാരുടെയും കാലത്ത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അതിഥികളായും അഭയാർത്ഥികളായും എത്തിപ്പെട്ട സൂഫിവര്യന്മാരിൽ പല പ്രമുഖരുടെയും ഖബറുകൾ നിലനിൽക്കുന്ന പ്രദേശമാണ് ദില്ലി. നിസാമുദ്ധീൻ ഔലിയയുടെ പേരിലുള്ള നിസാമുദ്ധീനും, നാസിറുദ്ധീൻ്റെ ചെറാഗേ ദില്ലിയും ഖുതുബുദ്ധീൻ ബഖ്തിയാർ കാക്കിയുടെ മെഹറൊലിയും അവയിൽ ചിലത് മാത്രം.

ലോകത്ത് സൂഫികളുടെ പ്രധാന കേന്ദ്രമായിരുന്ന ബാഗ്ദാദ് പതിമൂന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെ മംഗോൾ പടയോട്ടത്തോടെ നാമാവശേഷമായി. അതോടെ മധ്യേഷ്യയിൽ നിന്നുള്ള സൂഫികളും പണ്ഡിതന്മാരും കലാകാരന്മാരും അഭയാർത്ഥികളായി ദില്ലിയിലെത്തി പ്രവർത്തനമാരംഭിച്ചു. അവരിൽ സൂഫിവര്യന്മാർക്ക് പ്രത്യേക പരിഗണന തന്നെ ദില്ലി സുൽത്താന്മാർ നൽകി. അതോടെ ‘ദില്ലി ശരീഫ് ‘, ‘ദാറുൽ ഔലിയ’, ‘ബാഗ്ദാ ദെ – ഹിന്ദ്’, ‘ഹസ്റത്തെ ദില്ലി’ എന്നീ പേരുകളിൽ ദില്ലി അറിയപ്പെടാൻ തുടങ്ങി. ‘സ്വർഗത്തിലെ പൂന്തോട്ടം’, ‘വിശ്വാസത്തിൻ്റെ അഭയകേന്ദ്രം’ എന്നീ വർണനകളോടെ ദില്ലിയെ കവികൾ പാടിപ്പുകഴ്ത്തി. ഗ്രന്ഥങ്ങളിൽ ദില്ലിയെക്കുറിച്ച പഠനങ്ങൾ വന്നതിലൂടെ ദില്ലിയുടെ വിപണി സാധ്യതകൾ ആഗോളതലത്തിൽ ചർച്ചചെയ്യപ്പെട്ടു.

ദില്ലി എന്ന പ്രദേശത്തോടുള്ള തങ്ങളുടെ അടങ്ങാത്ത പ്രണയത്തെ വിവരിച്ചവരിൽ മിർസാ ഗാലിബിനെപ്പോലെ നിരവധി പ്രഗത്ഭരെ കാണാം. അവരിൽ ഒരാളാണ് കവിയും പണ്ഡിതനുമായ അമീർ ഖുസ്രു. അമീർ ഖുസ്രു ദില്ലിയെ വർണിച്ചത് ഇപ്രകാര ണ്:
‘ഹസ്റത്തെ ദില്ലി കൻ ഫെ ദീനോ-ദാദ്
ജന്നത്തെ അദാൻ അസ്ത് കെ ആബാദ് ബാദ്’

‘Respected Dilli ( Hazrat e Dilli) is a emblem of justice and Charity
A Garden of heaven flourishes and will remain forever’

ദില്ലി സുൽത്താന്മാരുടെ കാലത്ത് ഇരുപത്തി രണ്ടോളം സൂഫിവര്യന്മാരുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ തുടക്കം കുറിച്ച പ്രദേശമാണ് ദില്ലി. സൂഫികളുടെ പാദസപർശമേറ്റ പരിശുദ്ധ ഗേഹം എന്ന ആശയത്തെ മുൻനിർത്തി അമീർ ഖുസ്രു ദില്ലിക്ക് നൽകിയ അംഗീകാരമാണ് ‘ഹസ്റത്തെ ദില്ലി’ (Respected Dilli). ദില്ലിയിൽ നിസാമുദ്ധീൻ ഔലിയയുടെ ദർഗയിൽ തന്നെയാണ് അമീർ ഖുസ്രുവിൻ്റെ മഖ്ബറയും ഇന്നുള്ളത്.

Related Articles