Current Date

Search
Close this search box.
Search
Close this search box.

മവാലി; അനറബികളും സ്വതന്ത്ര അടിമകളും വൈജ്ഞാനിക രംഗത്ത് നൽകിയ സംഭാവനകൾ

ആദ്യകാല ഇസ്ലാമിക പാണ്ഡിത്യത്തിന് അടിമകളും അനറബികളും നൽകിയ സംഭാവനകൾ

പ്രാചീന മുസ്ലിം പണ്ഡിതന്മാരിൽ ഭൂരിഭാഗവും അറബികളായിരുന്നുവെന്ന് ഇസ്ലാമിക വൈജ്ഞാനിക ചരിത്രം അറിയാത്തവർ കരുതിയിരുന്നു. എന്നാൽ ആ കൂട്ടത്തിൽ ധാരാളം അടിമകളുണ്ടായിരുന്നുവെന്ന് കേൾക്കുമ്പോൾ ചിലർ ആശ്ചര്യപ്പെട്ടേക്കാം. ഇസ്ലാമിക പാണ്ഡിത്യം വളരെയധികം കടപ്പെട്ടിരിക്കുന്നത് വിമോച്പിക്കപ്പെട്ട അടിമകളുടെയും അറബ് ഇതര പണ്ഡിതന്മാരുടെയും പരിശ്രമങ്ങളോടാണ് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. ഈ ലേഖനത്തിൽ,  മവാലി എന്ന പദത്തെക്കുറിച്ച ആലോചനകളോടൊപ്പം ഇസ്‌ലാമിൻറെ ആദ്യകാലത്ത് സ്വതന്ത്രരായ അടിമകളെയും അറബികളല്ലാത്തവരെയും അതെങ്ങനെ ഉൾകൊള്ളുന്നുവെന്ന് വിശദീകരിക്കുന്നു.

അതോടൊപ്പം, അറേബ്യൻ ഉപദ്വീപിലെ ഗോത്ര സമ്പ്രദായത്തിന്റെ പ്രാധാന്യവും അത് മാവാലീ വിഭാഗത്തിന്റെ രൂപീകരണത്തിൽ എത്തിയതെങ്ങനെയെന്നും, മാവാലികൾ ആരാണെന്നും ഇസ്ലാമിക പണ്ഡിത പാരമ്പര്യം വളർത്തിയെടുക്കുന്നതിലും സംരക്ഷിക്കുന്നതിലും അവർക്കുള്ള പങ്കെന്താണെന്നും വിശദീകരിക്കുന്നു. കൂടാതെ കഴിവിൻറെ അടിസ്ഥാനത്തിൽ എല്ലാ പശ്ചാത്തലത്തിലുമുള്ള പണ്ഡിതന്മാരെയും അറിവിന്റെ അന്വേഷണത്തിലും സംരക്ഷണത്തിലും പങ്കാളികളാക്കുന്ന ഒരു പണ്ഡിതാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സമത്വത്തിനായുള്ള ഇസ്‌ലാമിന്റെ ആഹ്വാനം പ്രചോദനമായതെങ്ങനെയെന്ന് ഈ പഠനം തെളിയിക്കുന്നു.

അറബികളല്ലാത്ത പണ്ഡിതന്മാർ അറബ് പണ്ഡിതന്മാരെക്കാൾ വളരെ കൂടുതലാണെന്ന് പലരും വാദിക്കുന്നത് കാണാം. ഈ അനുമാനം കൃത്യമായിരിക്കണമെന്നില്ല.  ഇസ്‌ലാമിക പണ്ഡിത പാരമ്പര്യത്തിൽ അറബികളല്ലാത്തവർ തീർച്ചയായും ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു, എന്നാൽ അറബികൾ ഒട്ടും തന്നെ സംഭാവന ചെയ്യുന്നില്ല എന്ന തെറ്റിദ്ധാരണയും ഇതിലൂടെ തിരുത്തപ്പെടേണ്ടതുണ്ട്. ഹിജ്റ 400 നോ അതിനുമുമ്പോ മരണമടഞ്ഞ ആയിരത്തിലധികം പണ്ഡിതന്മാരെ പരിശോധിച്ചാൽ, ഇസ്ലാമിലെ പ്രധാന പഠന ശാഖകളിൽ (ഹദീസ്, തഫ്‌സിർ, ഖിറാഅ:, നഹ്‍വ്, ഫിഖ്ഹ്) 51% പണ്ഡിതന്മാരും അറബികകളും 49% അറബികളല്ലാത്തവരുമായി മനസ്സിലാക്കാൻ സാധിക്കും.  ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ അറബികൾ അറബികളല്ലാത്തവരെക്കാൾ 90% അധികമായിരുന്നു, എന്നാൽ നാലാം നൂറ്റാണ്ടിൽ അറബികളല്ലാത്തവർ 35% മുതൽ 65% വരെ അറബികളെക്കാൾ കൂടുതലായി.1

അബു ഇസ്ഹാഖ് അൽ-ശീറാസിയുടെ (മ. 476/1083) തബഖത്ത് അൽ-ഫുഖഹാ എന്ന ഗ്രന്ഥത്തിൽ ഇതിനെ കുറിച്ച് പരാമർശിക്കുന്നതായി കാണാം. മദീനയിൽ ആദ്യ രണ്ട് നൂറ്റാണ്ടുകളിൽ അറബ്, അറബ് ഇതര പണ്ഡിതൻമാരുടെ അനുപാതം 8:2,  മക്കയിൽ 2:8, സിറിയയിലും വടക്കൻ ഇറാഖിലും 7:3, ഈജിപ്തിൽ 4:4, കൂഫയിലും ബസറയിലും 7:3 എന്നിങ്ങനെയായിരുന്നു2. ഇസ്ലാമിക പണ്ഡിത പാരമ്പര്യത്തിൽ അറബികൾ തികച്ചും അനിവാര്യമായ പങ്ക് വഹിച്ചതായി ഇതിൽ നിന്ന് മനസ്സിലാക്കാം, പ്രത്യേകിച്ചും മുസ്‍ലിംകളിൽ ബഹുഭൂരിപക്ഷവും അറബികളായിരുന്ന ആദ്യ കാലഘട്ടത്തിൽ.  കാലക്രമേണ അനറബികൾ ഭൂരിപക്ഷമായി മാറി. പ്രാരംഭ ദിശയിലെ അറബികളുടെ ആധിപത്യം പിന്നീട് ക്ഷയിച്ചുപോവുന്നത്, ഒരു പണ്ഡിതന്റെ നിലയെ നിർണ്ണയിക്കുന്നത് വംശമല്ല, മറിച്ച് അവൻ്റെ ഭക്തിയും അറിവുമാണ് എന്ന ഇസ്ലാമിക അധ്യാപനത്തെയാണ് അടയാളപ്പെടുത്തുന്നത്. ആദ്യകാല മുസ്ലിം സമൂഹം എല്ലാ സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ആളുകളെയും ഇസ്ലാമിക വിജ്ഞാന പാരമ്പര്യത്തിലേക്ക് ഉൾച്ചേർക്കുന്നത് ഇതിൽ നിന്ന് വ്യക്തമാണ്.

ഏഴാം നൂറ്റാണ്ടിലെ അറേബ്യയിൽ അടിമത്തം എങ്ങനെയായിരുന്നു?

ഇന്ന്, അടിമത്തമെന്ന് മുദ്രകുത്തപ്പെട്ട ഏതൊരു ചരിത്ര പ്രതിഭാസത്തെയും അമേരിക്കൻ ചാറ്റൽ അടിമത്തത്തിന്റെ ലെൻസിലൂടെ പലരും വീക്ഷിച്ചുകൊണ്ടിരിക്കുന്നു.  ഇത് ഇസ്ലാമിക പാരമ്പര്യത്തിലെ അടിമത്തമെന്ന സങ്കൽപത്തെക്കുറിച്ച ചർച്ചകൾ സങ്കീർണ്ണമാക്കി മാറ്റുന്നു. കാരണം, ചരിത്രത്തിലുടനീളം വ്യത്യസ്തങ്ങളായ രൂപങ്ങൾ കൈക്കൊണ്ട അടിമത്തത്തിൻ്റെ പ്രതിനിധാനമല്ല പുതിയ ലോകത്തെ പടിഞ്ഞാറൻ യൂറോപ്യൻ കോളനികൾ മുന്നോട്ടുവെക്കുന്നത്. അത് തീവ്രമായി അടിച്ചമർത്തി വിപുലീകരിക്കപ്പെടുന്ന വംശീയ അടിത്തറയുള്ള അടിമത്തമായിട്ടാണ്. അടിമത്തത്തെ അമേരിക്കൻ പ്രിസത്തിലൂടെ മാത്രം നോക്കുമ്പോൾ മനസ്സിലാവുന്നത്, ആഗോളതലത്തിലും ചരിത്രത്തിലുടനീളവും മനുഷ്യ സമൂഹങ്ങളിൽ പ്രത്യക്ഷപ്പെട്ട ആശ്രിതത്വത്തിൻ്റെയും ചൂഷണത്തിന്റെയും വ്യത്യസ്തമായ ബന്ധങ്ങളിലെ വൈവിധ്യത്തെ അത് മറച്ച് കളയുന്നു എന്നതാണ്3. എന്നിരുന്നാലും, അമേരിക്കയിലെ അടിമത്തവും, ഇസ്ലാമിക ചരിത്രത്തിലെ അടിമത്തവും അത് സ്വീകരിച്ച രൂപങ്ങളും വ്യത്യാസങ്ങളും എടുത്തുപറയേണ്ടത് പ്രധാനമാണ്.

ഏഴാം നൂറ്റാണ്ടിൽ അറേബ്യയിൽ നിലനിന്ന അടിമത്തം നിറമോ വംശമോ അടിസ്ഥാനമാക്കിയുള്ളതല്ല.  ഒരു യുദ്ധത്തടവുകാരനാവുക അല്ലെങ്കിൽ റെയ്ഡിലൂടെ പിടിക്കപ്പെടുക എന്നതായിരുന്നു ഒരാൾ അടിമയാകാനുള്ള പ്രധാന കാരണങ്ങളായി കണക്കാക്കിയിരുന്നത്. ആധുനിക യുഗത്തിൽ, ശത്രുസൈന്യത്തിലെ സൈനികർ പിടിക്കപ്പെടുമ്പോൾ, അവരെ ജയിലിലിടാറാണ് പതിവ്. എന്നാൽ, നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് വരുന്ന തടവുകാരെ പാർപ്പിക്കാനുള്ള സംവിധാനം ആധുനികേതര യുഗത്തിലുണ്ടായിരുന്നില്ല.  ജയിലുകളിൽ അടക്കുന്നതിനുപകരം, യുദ്ധത്തടവുകാരെ ഒന്നുകിൽ കൊല്ലുകയോ മോചനദ്രവ്യം നൽകുകയോ വ്യക്തികളുടെ വീടുകളിൽ അടിമകളായി കൊണ്ടുപോകുകയോ ചെയ്തിരുന്നു.  വംശീയതയെ അടിസ്ഥാനമാക്കാതെ, യുദ്ധത്തിൽ പിടിക്കപ്പെട്ടത് കൊണ്ട് തന്നെ വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള അടിമകൾ അന്ന് ഇതിലുൾക്കൊണ്ടു. ഇസ്ലാമിൻ്റെ ആഗമനത്തിനു മുമ്പുള്ള അറേബ്യയിലെ അടിമകളിലധികവും അനറബികളായിരുന്നു4

അറേബ്യയിലെ അടിമകളെ അവരുടെ ഉടമസ്ഥരിൽ നിന്ന് മാറ്റി പാർപ്പിച്ചിരുന്നില്ല. കുടുബത്തിൻ്റെ ഭാഗമായി അവർ പരിഗണിക്കപ്പെട്ടു.  വസ്ത്രം, ഭക്ഷണം, പാർപ്പിടം, അടിമകളോട് മാനുഷികമായി പെരുമാറുക, അവരെ സഹോദരങ്ങളെപ്പോലെ പരിഗണിക്കുക തുടങ്ങിയവയുടെ പ്രാധാന്യവും ആവശ്യകതയും പ്രവാചകൻ മുഹമ്മദ് നബി (സ) ഊന്നിപ്പറഞ്ഞിട്ടുണ്ട്.  അവരെ അടിക്കുന്നത് പ്രവാചകൻ വിലക്കി. ഖുർആനും സുന്നത്തും അവരെ മോചിപ്പിക്കാൻ ശക്തമായി പ്രോത്സാഹിപ്പിച്ചു.  ഒരു ഹദീസിൽ, സഹാബിയായ അൽ-മറൂർ ഇബ്‌നു സുവൈദ് (മ. 82/701) (റ) വിവരിക്കുന്നത്:

അബൂദർറ് അൽ ഗിഫാരി ഒരു കുപ്പായം ധരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിൻരെ അടിമയും ഒരു മേലങ്കി ധരിച്ചിരുന്നു.  ഞങ്ങൾ അദ്ദേഹത്തോട് അതേക്കുറിച്ച് ചോദിച്ചു (അതായത്, രണ്ടുപേരും എങ്ങനെയാണ് സമാനമായ വസ്ത്രങ്ങൾ ധരിച്ചിരുന്നത് എന്ന്).  അദ്ദേഹം മറുപടി പറഞ്ഞു: “ഒരിക്കൽ ഞാൻ ഒരു മനുഷ്യനെ അപമാനിക്കുകയും അവൻ എന്നെക്കുറിച്ച് പ്രവാചകനോട് പരാതിപ്പെടുകയും ചെയ്തു.  പ്രവാചകൻ എന്നോട് ചോദിച്ചു, ‘അയാളുടെ മാതാവിനെ ചീത്തവിളിച്ചാണോ നീ അവനെ അധിക്ഷേപിച്ചത്?’ എന്നിട്ട് പ്രവാചകൻ കൂട്ടിച്ചേർത്തു, ‘അല്ലാഹു നിങ്ങൾക്ക് അധികാരം നൽകിയ നിങ്ങളുടെ അടിമകൾ നിങ്ങളുടെ സഹോദരന്മാരാണ്. അതിനാൽ, ഒരാളുടെ നിയന്ത്രണത്തിൽ ഒരാളുടെ സഹോദരങ്ങളുണ്ടെങ്കിൽ, അവൻ കഴിക്കുന്നത് പോലെ അവർക്ക് ഭക്ഷണം നൽകുകയും ധരിക്കുന്നത് പോലെയുള്ള വസ്ത്രം നൽകുകയും വേണം.  അവർക്ക് താങ്ങാൻ കഴിയാത്തത് കൊണ്ട് നീ അവർക്ക് ഭാരം നൽകരുത്, അങ്ങനെ ചെയ്യുകയാണെങ്കിൽ (അവരുടെ പ്രയാസകരമായ ജോലിയിൽ) അവരെ സഹായിക്കുക5.

1800-കളിൽ നിരോധിക്കപ്പെടുന്ന കാലഘട്ടം വരെ, എല്ലാ നാഗരികതയിലും അടിമത്തം ഒരു ലൗകിക യാഥാർത്ഥ്യമായിരുന്നു.  ഇസ്‌ലാം അടിമത്തത്തെ നിരോധിക്കുന്നില്ലെങ്കിലും അതിനോട് വളരെ അടുത്ത് എത്തിയിരുന്നു.  അടിമകളുടെ വിമോചനത്തെ ഖുർആൻ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചില പാപങ്ങൾ പൊറുക്കുന്നതിനുള്ള വ്യവസ്ഥയായി അടിമമോചനത്തെ ഇസ്ലാം നിർബന്ധമാക്കുകയും ചെയ്യുന്നു. പാപങ്ങൾ പൊറുക്കുന്നതിന് അടിമകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിനപ്പുറം, ഖുർആനും സുന്നത്തും അടിമകളെ മോചിപ്പിക്കുന്നത് ഒരു സൽകർമ്മമായി കണക്കാകുന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്6. അടിമകളെ പലപ്പോഴും അവരുടെ ഉടമകൾ ധർമ്മാനുസരണം പുണ്യ പ്രവൃത്തി എന്ന നിലക്ക് മോചിപ്പിക്കുന്നത് ശ്രദ്ധേയമാണ്. 

മുകാത്തബ  എന്നൊരു തൊഴിൽ കരാറിലൂടെ മോചനം നേടാൻ അടിമകൾക്ക് സാധിച്ചിരുന്നു. ഉടമകൾ തീരുമാനിക്കുന്ന തൊഴിൽ കാലയളവ് പൂർത്തിയാക്കികൊണ്ടോ, കാരാർ ചെയ്ത പണം അടച്ചതിന് ശേഷമോ അടിമകളെ സ്വതന്ത്രരാക്കിയിരുന്നു.  ഇതിനർത്ഥം അടിമയെ പണം സമ്പാദിക്കാൻ ഉടമ അനുവദിക്കണം എന്നതാണ്.  ഉമ്മു വലദ് എന്നറിയപ്പെട്ട അടിമസ്ത്രീ, ഉടമയുടെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം ഉടമ മരിച്ചപ്പോൾ ഉടനടി സ്വതന്ത്രയായി.  അവിചാരിതമായോ തമാശക്കോ ആണെങ്കിൽ പോലും, ഒരു ഉടമ അവനെ അല്ലെങ്കിൽ അവളെ സ്വതന്ത്രയായി പ്രഖ്യാപിച്ച് പ്രസ്താവന നടത്തിയാൽ, ഒരു അടിമ സ്വയമേവ സ്വതന്ത്രനാകുമെന്നും നബി (ﷺ) പറഞ്ഞു വെക്കുന്നുണ്ട്. ഇനി ഒരു മുസ്ലീം മനഃപൂർവമല്ലാത്ത നരഹത്യ പോലുള്ള പാപങ്ങൾ ചെയ്താൽ, ഒരു അടിമയെ മോചിപ്പിക്കാനാണ് ഇസ്ലാം ആവശ്യപ്പെടുന്നത്.

ഇസ്ലാമിക നാഗരികതയിൽ, അടിമകൾ ചുരുങ്ങിയ കാലം മാത്രമാണ് ആ അവസ്ഥയിൽ തുടർന്നിരുന്നത്. മിക്ക അടിമകളും ഒടുവിൽ മോചിപ്പിക്കപ്പെട്ടിട്ടുണ്ട്.  ഇത്രയധികം ആളുകൾ മോചിതരായതിനാൽ, ഒരിക്കലും സമൂഹത്തിൽ സ്ഥിരതയുള്ള അടിമകളുടെ ഒരു വിഭാഗം ഉണ്ടായിരുന്നില്ല എന്നതാണ് ഇതിന്റെ അർത്ഥം. ആദ്യകാല മുസ്‌ലിംകൾ അടിമകളെ സ്വതന്ത്രരാക്കാനുള്ള ഖുർആനിക ഉദ്‌ബോധനത്തെ സ്വീകരിച്ചത് തങ്ങളുടെ സമ്പത്തിനെ പോലും അവഗണിച്ചു കൊണ്ടുള്ള ഒരു തലത്തിൽ നിന്നാണ്7

ഉദാഹരണത്തിന്, തന്റെ ജീവിതകാലത്ത്, പ്രവാചകന് ﷺ ഡസൻ കണക്കിന് അടിമകളെ ആളുകൾ സമ്മാനിച്ചിരുന്നു. അവരെയെല്ലാം പ്രവാചകൻ മോചിപ്പിച്ചു8. അടിമത്തം അധാർമികമായി കണക്കാക്കാത്ത, മിക്കവാറും എല്ലാ ഇടത്തരം കുടുംബങ്ങൾക്കും ഒരു അടിമയുണ്ടായിരുന്ന കാലത്താണ് പ്രവാചകൻ ഇത് ചെയ്തത്.  പ്രവാചകൻ ﷺ തനിക്ക് സമ്മാനിച്ച എല്ലാ അടിമകളെയും മോചിപ്പിച്ചതു കൊണ്ടു തന്നെ അടിമയെ സ്വന്തമാക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല എന്നതിന്റെ സൂചനയാണ്. ചില പാപങ്ങൾക്കുള്ള ശിക്ഷയായി അടിമയെ മോചിപ്പിക്കണമെന്ന ഖുർആനിന്റെ ആവശ്യകതയും പ്രവാചകന്റെ പ്രവർത്തനങ്ങളും തെളിയിക്കുന്നത് ഇസ്ലാം അടിമത്തം നിരോധിച്ചിട്ടില്ലെങ്കിലും അത് തീർച്ചയായും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നുകൂടിയാണ്. ഇത് ഇസ്‌ലാമിന്റെ ഒരു ക്ഷമാപണ സ്വഭാവമല്ല, മറിച്ച് ഒരു ചരിത്ര വസ്തുതയാണ്.

(തുടരും)

വിവ: അമീൻ നാസിഹ്

References:

  1. John Nawas, “The Contribution of Mawālī to the Six Sunnite Canonical Ḥadīth Collections,” in Ideas, Images, and Methods of Portrayal Insights into Classical Arabic Literature and Islam, ed. Sebastian Günther (Boston: Brill, 2005), 141–52.
  2. Harold Motzki, “The Role of Non-Arab Converts in the Development of Early Islamic Law,” Islamic Law and Society 6, no. 3 (1999): 293–317.
  3. See Jonathan Brown, Slavery and Islam (London: Oneworld, 2019). Also see Jonathan Brown and Abdullah Hamid Ali, “Slavery and Islam: What is Slavery?,” Yaqeen, February 7, 2017, https://yaqeeninstitute.org/abdullah-hamid/slavery-and-islam-what-is-slavery.
  1. Jonathan Brown, Slavery and Islam, 114.
  2. Saḥīḥ al-Bukhārī, no. 2545.
  3. See Qur’an 90:12–13.
  4. Jonathan Brown, Slavery and Islam, 263–64.
  5. See Saḥīḥ al-Bukhārī, no. 2379.

Related Articles