Current Date

Search
Close this search box.
Search
Close this search box.

മകനെ, ഭക്ഷണം കഴിക്കുമ്പോഴും ചില മര്യാദകള്‍ പാലിക്കണം

ഖാബൂസ്‌നാമ - 6

മകനെ, സമൂഹത്തില്‍ പലരും തങ്ങളുടെ ഒരു കാര്യത്തിലും ചിട്ടയും കൃത്യനിഷ്ഠയും ഇല്ലാത്തവരാണ്. ഒന്നിന്റെയും നിശ്ചിത സമയത്തെക്കുറിച്ച് അവര്‍ ബോധവാന്മാരാവുകയേ ഇല്ല. എന്നാല്‍, നമ്മുടെ പൂര്‍വസൂരികളുടെ ചരിത്രം അങ്ങനെയല്ല. അവര്‍ പ്രവര്‍ത്തനങ്ങളുടെ സമയത്തെക്കുറിച്ച് കൃത്യമായ ബോധമുള്ളവരായിരുന്നു. അതിനുവേണ്ടി രാപകലുകളെ ഇരുപത്തിനാല് മണിക്കൂറായി വിഭജിച്ചു. ഓരോ പ്രവൃത്തികള്‍ക്കും അവര്‍ സമയം നിശ്ചയിച്ചു. ഒരു പ്രവര്‍ത്തനം മറ്റൊന്നുമായി കൂടിക്കലരാതിരിക്കാന്‍ കൃത്യമായ അളവും രേഖപ്പെടുത്തി. അങ്ങനെയാണ് അവര്‍ തങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോയത്. അവരുടെ പ്രവൃത്തികള്‍ക്കെല്ലാം മൂല്യവും പൂര്‍ണതയും കൈവന്നത് അങ്ങനെയാണ്. കൃത്യനിഷ്ഠത അവരുടെ സകല പ്രവൃത്തികള്‍ക്കും ചിട്ടയും ഘടനയും നല്‍കി.
ഭക്ഷണം കഴിക്കുന്ന കാര്യവുമായി ബന്ധപ്പെട്ടു തന്നെ തുടങ്ങാം. കച്ചവടക്കാര്‍ മിക്കവാറും രാത്രിയാണ് ഭക്ഷണം കഴിക്കാറുള്ളത്. അതാണ് അവരുടെ പതിവ്. അത് അപകടം പിടിച്ചൊരു സമയമാണ്. മാത്രമല്ല, അതുമൂലം ഗ്രഹണി ബാധിക്കുകയും ചെയ്യും. സൈനികരും അപ്രകാരംതന്നെ ഭക്ഷണ സമയം തീരെ പാലിക്കാറില്ല. സൗകര്യപ്പെടുമ്പോഴെല്ലാം അവര്‍ ഭക്ഷിക്കും. നാല്‍ക്കാലികളുടെ സ്വഭാവമാണത്. എവിടെ നിന്നൊക്കെ തീറ്റ ലഭിക്കുന്നുവോ അവിടെനിന്നെല്ലാം അവര്‍ ഭക്ഷിക്കും. ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുക്കളാണെന്ന് പറയുന്ന ചില ആളുകള്‍ ദിവസത്തില്‍ ഒരു തവണ മാത്രമേ വയറുനിറച്ച് ഭക്ഷിക്കൂ. അത് നല്ല പഥ്യം തന്നെ. പക്ഷെ, അത് ആരോഗ്യം ക്ഷയിക്കാനേ കാരണമാകൂ. ശരീരം പാടെ ബലഹീനമായിപ്പോകും. ഏറ്റവും നല്ലത് അതിരാവിലെ അല്‍പ്പം ഭക്ഷണം കഴിച്ച് ളുഹ്‌റ് നമസ്‌കാരം വരെ ജോലിയില്‍ വ്യാപൃതരാകലാണ്. പിന്നീട് മറ്റുള്ളവരുമായി ഒന്നിച്ചിരുന്ന് കഴിക്കാം. ഭക്ഷണം കഴിക്കുമ്പോഴെല്ലാം ആര്‍ത്തിയോടെ ധൃതിപിടിച്ച് കഴിക്കാതിരിക്കുക. അതിഥികളോടൊത്ത് കുശലാന്വേഷണം നടത്തി ഭക്ഷിക്കുക. അത് ഇസ്‌ലാം നിസ്‌കര്‍ഷിക്കുന്ന കാര്യമാണ്. നിന്റെ പാത്രത്തിലേക്കു നോക്കി കഴിക്കുക. മറ്റുള്ളവര്‍ കഴിക്കുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ അതാണ് നല്ല മാര്‍ഗം.
ഇസ്മാഈല്‍ ബ്ന്‍ അബ്ബാദ് എന്ന മന്ത്രി ഒരിക്കല്‍ തന്റെ ഇഷ്ടക്കാരുമൊത്ത് ഭക്ഷണം കഴിക്കുകയായിരുന്നു. ഇടക്കുവച്ച് കൂട്ടത്തിലൊരാള്‍ കഴിക്കാനെടുത്ത ഉരുള അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടു. ഉടനെ ഇസ്മാഈല്‍ ബ്ന്‍ അബ്ബാദ് അയാളോട് പറഞ്ഞു: ‘ഹേയ്, താങ്കള്‍ കഴിക്കാനെടുത്ത ഉരുളയില്‍നിന്ന് ആ മുടി എടുത്തു കളയൂ.’
ഉടനെ അയാള്‍ അത് കഴിക്കാതെ പാത്രത്തിലേക്കുതന്നെ തിരികെയിട്ട് പോകാന്‍ എഴുന്നേറ്റു. ഇതുകണ്ട് ആശ്ചര്യപ്പെട്ട് ഇസ്മാഈല്‍ അയാളെ തരിച്ചുവിളിച്ചു.
‘ഹേ മനുഷ്യാ, ശഅ്ബാന്‍ പകുതിയിലെ നമ്മുടെ വിരുന്നില്‍നിന്ന് താങ്കള്‍ എഴുന്നേറ്റു പോവുകയാണോ?’
‘എന്റെ ഭക്ഷണത്തില്‍ മുടിയും രോമവും കാണുന്നവരോടൊത്ത് കഴിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല.’ അയാളുടെ മറുപടി കേട്ടപ്പോള്‍ ഇസ്മാഈന്‍ ബ്ന്‍ അബ്ബാദ് ലജ്ജിച്ച് തലതാഴ്ത്തി.
അവനവന്റെ കാര്യങ്ങളില്‍ എപ്പോഴും ബദ്ധശ്രദ്ധനാവുക. ആദ്യം തൊട്ടുമുന്നിലെ ഭക്ഷണം കഴിക്കുക. പിന്നീട് പതിയെ മറ്റു വ്യത്യസ്ത വിഭവങ്ങളിലേക്ക് കടക്കുക. എല്ലാത്തിലും ഒരു സാവകാശം ഉണ്ടായിരിക്കുന്നത് നല്ലതാണ്. രണ്ട് രൂപത്തിലാണ് ആളുകള്‍ ഭക്ഷണം പങ്കുവക്കുക:
ചിലര്‍ എല്ലാ ഭക്ഷണവും ആദ്യം തന്റെ മുന്നിലേക്കു നീക്കിവക്കും. രണ്ടാമതായി മാത്രമേ അതിഥികളെ പരിഗണിക്കൂ. മറ്റു ചിലര്‍ എല്ലാം ആദ്യംതന്നെ അതിഥികള്‍ക്ക് നല്‍കും. രണ്ടാമത്തേതാണ് മാന്യമായ രീതി. ഏറ്റവും നല്ലുതം അതുതന്നെ. ആ പങ്കുവക്കലില്‍ ഒരു നേതൃഗുണവും തെളിഞ്ഞു കാണാം.
വ്യത്യസ്ത വിഭവങ്ങളുണ്ടാകുമ്പോള്‍ എല്ലാം പെട്ടെന്ന് എത്തിച്ചതിനു ശേഷമേ അതിഥികളെ ക്ഷണിക്കാവൂ. കാരണം, എല്ലാവരുടെയും വയറ് ഒരുപോലെയല്ല. തീന്മേശയില്‍ എത്തിക്കഴിഞ്ഞാല്‍ അവരില്‍ചിലര്‍ക്ക് പെട്ടെന്ന് വയറു നിറയും. അപ്പോള്‍ എല്ലാം ഒന്നിച്ചു കണ്ടാല്‍ സാവകാശം താല്‍പ്പര്യംപോലെ അവര്‍ക്ക് കഴിക്കാനാകും. മറ്റുള്ളവര്‍ക്ക് മുന്നിലില്ലാത്ത ആകര്‍ഷണീയമായ ഭക്ഷണം നിനക്കു മുന്നില്‍ ഉണ്ടെങ്കില്‍ അവരുമായി അത് പങ്കുവക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരിക്കലും ഒരു ഭക്ഷണത്തോടും വെറുപ്പോ അനിഷ്ടമോ കാണിക്കരുത്. അതിഥികള്‍ക്ക് ഒപ്പമായാലും അല്ലെങ്കിലും തീന്മേശക്കു മുന്നിലിരുന്ന് ശണ്ഠ കൂടരുത്. അത് നല്ല സ്വഭാവമല്ല. അത്തരം തര്‍ക്കങ്ങളെല്ലാം മറ്റൊരു സമയത്താകാം. ഭക്ഷണം കഴിക്കേണ്ടതിന്റെ ഈ ചെറുരൂപം നീ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ പാനീയം കുടിക്കുന്നതിന്റെ ചില മര്യാദകളെക്കുറിച്ച് പറഞ്ഞു തരാം.
മദ്യപാനം നല്ലതല്ല; ശ്രദ്ധിക്കണം 
വീഞ്ഞ് കുടിക്കാന്‍ നിന്നോട് ഞാന്‍ നിര്‍ദേശിക്കുകയില്ല. കുടിക്കരുതെന്ന് ആജ്ഞാപിക്കുകയുമില്ല. കാരണം, ഈ കാര്യത്തില്‍മാത്രം യുവാക്കള്‍ ആരുടെയും വാക്കുകള്‍ മുഖവിലക്കെടുക്കാറില്ല. എന്നാല്‍, വീഞ്ഞ് ഉപേക്ഷിക്കുന്നപക്ഷം ഇഹപര വിജയമാണ് നിന്നെ കാത്തിരിക്കുന്നത്. അല്ലാഹുവിന്റെ സംതൃപ്തി നിനക്ക് അത് നേടിത്തരും. സൃഷ്ടികളുടെ ആക്ഷേപത്തില്‍നിന്നും വിഡ്ഢികളുടെ സൗഹൃദത്തില്‍നിന്നും രക്ഷ നേടാം. വീഞ്ഞ് സേവിക്കാത്തവന് രക്ഷാകര്‍തൃപരവും നേതൃത്വപരവുമായ ഗുണത്തില്‍ പൂര്‍ണത നേടാനാകും. നീ കുടിക്കാതിരിക്കുന്നുവെങ്കില്‍ മറ്റെന്തിനെക്കാളും എനിക്ക് ഇഷ്ടം അതാണ്. എങ്കിലും നീ യുവാവാണല്ലോ. നിന്റെ സൗഹൃദവലയം നിന്നെ വീഞ്ഞ് കുടിക്കാതെ വിടുകയില്ലെന്നറിയാം. അതുകൊണ്ടാണ് സൂഫികള്‍ പറഞ്ഞത്: ‘ദുഷിച്ച സൗഹൃദത്തെക്കാള്‍ നല്ലത് ഏകാന്തവാസമാണ്.’ എപ്പോഴൊക്കെ നീ കുടിക്കാന്‍ നിര്‍ബന്ധിതനാകുന്നുവോ അപ്പോഴെല്ലാം ഹൃദയത്തെ പശ്ചാത്താപത്തിന് വേണ്ടി ഒരുക്കിവക്കുക. അതിനുവേണ്ടി അല്ലാഹുവിനോട് സൗഭാഗ്യത്തെ തേടുക. ചെയ്ത പ്രവൃത്തിയില്‍ അതിയായി ഖേദിക്കുക. അതുമൂലം അല്ലാഹു അവന്റെ കരുണകടാക്ഷം നിനക്കുമേല്‍ ചൊരിഞ്ഞേക്കാം.
എന്തായിരുന്നാലും, മുന്തിരിക്കള്ളാണ് നീ കുടിക്കുന്നതെങ്കില്‍ അതെങ്ങനെ കുടിക്കണമെന്ന് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. അല്ലായെങ്കില്‍ അത് വീഞ്ഞ് വിഷമായി ഭവിക്കും. അറിഞ്ഞു കഴിഞ്ഞാല്‍ അത് പാമ്പിന്റെ മാംസത്തില്‍നിന്നും നിര്‍മിച്ചെടുക്കുന്ന മരുന്നാണ്. അന്നപാനീയങ്ങളൊക്കെത്തന്നെയും അമിതവ്യയമാകുമ്പോള്‍ അതെല്ലാം വിഷമായിത്തീരും. അതുകൊണ്ടാണ് ‘അമിതമായാല്‍ അമൃതവും വിഷം’ എന്ന് തത്ത്വജ്ഞാനികള്‍ പറയുന്നത്.
ഭക്ഷണം കഴിച്ച ഉടനെ വീഞ്ഞ് കുടിക്കരുത്. ഏറ്റവും ചുരുങ്ങിയത് മൂന്ന് വട്ടമെങ്കിലും നിനക്ക് ദാഹിക്കട്ടെ, എന്നിട്ടാകാം. അതുതന്നെ ശുദ്ധജലമാകുന്നതാണ് നല്ലത്. ഒട്ടും ദാഹമില്ലായെങ്കില്‍ ഭക്ഷണശേഷം പാനീയത്തിന് മൂന്ന് മണിക്കൂറെങ്കിലും കാത്തിരിക്കുക. അത് ആമാശയത്തിന് ആരോഗ്യവും ശക്തിയും നല്‍കും. ഭക്ഷണവും പാനീയവും ഒരേസമയം ധാരാളമായി കഴിച്ചാല്‍ അത് ദഹിക്കാന്‍ ഏഴ് മണിക്കൂറോളം വേണ്ടി വരും. ആമാശയത്തില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ മൂന്ന് മണിക്കൂറെടുക്കും. പിന്നീട് ഭക്ഷണത്തില്‍നിന്ന് ആവശ്യമായ പോഷകഗുണങ്ങള്‍ വലിച്ചെടുത്ത് ലിവര്‍വഴി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെത്തിക്കാനും മൂന്ന് മണിക്കൂര്‍ വേണം. അതുകഴിഞ്ഞ് കുടലുകളിലേക്ക് എത്താന്‍ ഒരു മണിക്കൂറും. ഇതെല്ലാം പൂര്‍ത്തിയായി കഴിഞ്ഞാല്‍ വയറ് കാലിയാകും. ദഹനപ്രക്രിയ നടക്കാത്ത വയറ് ആള്‍പാര്‍പ്പുള്ള ഇടമാണ്, എന്നാല്‍ വയറല്ല. അതുകൊണ്ടാണ് എന്തു പാനീയമാണെങ്കിലും മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് മതിയെന്നു പറഞ്ഞത്. ഈ ക്രമം പാലിക്കുമ്പോഴേ അന്നപാനീയങ്ങളുടെ യഥാര്‍ഥ പോഷകഗുണങ്ങള്‍ ലഭ്യമാകൂ.
ഇനി ജാപ്പനീസ് വീഞ്ഞായ സേകാണ് നീ സേവിക്കുന്നതെങ്കില്‍ അത് സന്ധ്യാ നമസ്‌കാരത്തിന് ശേഷമാകട്ടെ. അതിന്റെ മത്ത് നിന്നെ ഉന്മാദനാക്കുമ്പോഴേക്ക് രാത്രിയാകും. നിന്റെ ക്ഷീബത ജനങ്ങള്‍ കാണാതിരിക്കാന്‍ അതാണ് നല്ലത്. ഉന്മാദാവസ്ഥയില്‍ യാത്ര ചെയ്യരുത്. അത് പ്രോത്സാഹജനകമല്ല. ‘യാത്ര ഒരു പരീക്ഷണമാണ്’ എന്ന മൊഴി മറക്കരുത്. മരുഭൂമിയിലും തോട്ടങ്ങളിലുംവച്ച് സേക് കുടിക്കരുത്. കുടിച്ചുകഴിഞ്ഞാല്‍ പിന്നെ അവിടെ തങ്ങുകയും ചെയ്യരുത്. ഉന്മത്തനാകും മുന്നേ വേഗം വീടണയാന്‍ ശ്രമിക്കുക. മേല്‍ക്കൂരക്കു താഴെയിരുന്ന് ചെയ്യാന്‍ പറ്റിയതൊന്നും ആകാശത്തിന് കീഴെ ഇരുന്ന് ചെയ്യരുത്. വീടിന്റെ മേല്‍ക്കുരയുടെ തണലാണ് പുറത്തെ വൃക്ഷത്തിന്റെ തണലിനെക്കാള്‍ ഉത്തമം. കാരണം, ഒരാള്‍ തന്റെ വീട്ടില്‍ സ്വന്തം രാജ്യത്തിന്റെ അധികാരിയെപ്പോലെയാണ്. എന്നാല്‍, അവന്‍തന്നെ മരുഭൂമിയില്‍ ഒരു വിദേശിയെപ്പോലെയാണ്. വിദേശിയെ ഏതുരീതിയിലുള്ള പ്രതിബന്ധവും വന്നു പിടികൂടിയേക്കാം. മുന്തിരിക്കള്ളാണെങ്കില്‍കൂടി രണ്ട് കപ്പിനുള്ള സ്ഥലംവിട്ട് എഴുന്നേല്‍ക്കണം. വയറു നിറഞ്ഞതിനുശേഷവും കഴിക്കരുത്. ഉന്മത്തനാകുംവരെ കുടിക്കുകയും ചെയ്യരുത്. വയറു നിറയലും ലഹരിയും എല്ലാ അന്നപാനീയങ്ങള്‍കൊണ്ടും ലഭ്യമാവുകയില്ല. ഒടുവിലത്തെ ഉരുളയും ഇറക്കുമാണ് ഇവ രണ്ടും നല്‍കുന്നത്. അതുകൊണ്ട് ഭക്ഷണത്തിലും പാനീയത്തിലും നന്നായി കുറവു വരുത്തണം.
മുഴുസമയ കുടിയനായി മാറരുത്. അതിന്റെ ദുരന്തഫലം രണ്ടെണ്ണമാണ്: രോഗവും ഭ്രാന്തും. കള്ളു കുടിക്കുന്നവന്‍ ഒന്നുകില്‍ മുഴുകുടിയനാകും അല്ലെങ്കില്‍ ലമ്പടനാകും. മുഴുകുടിയനായാല്‍ അവനെ ഭ്രാന്തനായി കണക്കാക്കാം. എന്നാല്‍, ലമ്പടനായാല്‍ അവന്‍ രോഗിയായി എന്നാണര്‍ഥം. ലമ്പടത്വം ഒരുതരം അസുഖം തന്നെയാണ്. അതുകൊണ്ട് ഭ്രാന്തും അസുഖവും മാത്രം തരുന്ന ഒരുകാര്യവുമായും ബന്ധപ്പെടാതിരിക്കുക.
ഇത്രയും ഞാന്‍ പറഞ്ഞുവെന്ന് കരുതി വീഞ്ഞിന്റെ പാനപാത്രത്തില്‍നിന്ന് നീ കയ്യെടുക്കുമെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ ഉപദേശമെല്ലാം നീ സ്വീകരിക്കുമെന്ന ഉറപ്പുമില്ല. എങ്കിലും, അതിരാവിലെത്തന്നെ മദ്യപാനം നടത്തരുത്. ബുദ്ധിയുള്ളവരെല്ലാം ആക്ഷേപിക്കുന്ന കാര്യമാണത്. പ്രഭാത നമസ്‌കാരം നഷ്ടപ്പെടുമെന്നതാണ് അതിന്റെ ആദ്യ ദുര്‍ലക്ഷണം. തലേദിവസം രാത്രിയിലെ ലഹരി വിട്ടൊഴിയാതെ പുതിയൊരു പ്രഭാതത്തിലെ ലഹരിയെ സ്വീകരിക്കാന്‍ മാത്രം പര്യാപ്തമായിരിക്കില്ല നിന്റെ തലയും തലച്ചോറും. വിഷാദരോഗമായിരിക്കും അതിന്റെ ഫലം. ജനങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോഴെല്ലാം പിന്നീട് നീ നിലവിളിച്ച് കരഞ്ഞുകൊണ്ടിരിക്കും. ജനങ്ങള്‍ ഉണര്‍ന്നു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നീ നല്ല ഉറക്കത്തിലുമാകും. പകലിലെ മുഴുസമയ ഉറക്കം രാത്രി മുഴുവന്‍ ഉറക്കം ലഭിക്കാതെ ഉണര്‍ന്നിരിക്കാന്‍ കാരണമാകും. അതോടെ നിന്റെ അവയവങ്ങളോരോന്നും ക്ഷീണിക്കുകയും വേദനിക്കുകയും ബലഹീനമാവുകയും ചെയ്യും. പ്രഭാത സമയങ്ങളിലെ മദ്യപാനം എത്രമാത്രം ഒഴിവാക്കുന്നുവോ അത്രമാത്രം വെറിക്കൂത്തുകളില്‍നിന്ന് സുരക്ഷിതനാകാം. നിരാശ നല്‍കുന്ന സകല പ്രവൃത്തികളില്‍നിന്ന് അകന്നുനില്‍ക്കാം. സമ്പത്തിലെ അമിതവ്യയത്തില്‍നിന്ന് രക്ഷ നേടാം.
നീ എത്ര വലിയ മദ്യപാനിയാണെങ്കിലും വെള്ളിയാഴ്ച രാവില്‍ അതില്‍നിന്ന് അകലം പാലിക്കണം. വെള്ളി ആയാലും ശനി ആയാലും മദ്യം നിഷിദ്ധമാണ് എന്നത് ശരിയാണ്. എന്നിരുന്നാലും, വെള്ളി പ്രത്യേക പവിത്രതയുള്ള ദിവസമാണ്. അതിന്റെ പരിശുദ്ധി പരിഗണിച്ചിട്ടെങ്കിലും വീഞ്ഞ് ഉപേക്ഷിക്കുക. പതിയെ പതിയെ നിന്റെ മദ്യപാനം ആഴ്ചയില്‍ ഒരുതവണയെന്ന സ്ഥിതിയിലേക്ക് കൊണ്ടുവരിക. ജനഹൃദയത്തില്‍ നിന്നോട് മതിപ്പുണ്ടാകാന്‍ അതുമതി. പൊതുയിടത്തില്‍ നീ സ്വീകാര്യനുമാകും. പരലോകത്ത് പ്രതിഫലവും ഇഹലോകത്ത് സുപ്രസിദ്ധിയും ലഭിക്കും. ഒരുതവണ നിന്നെക്കുറിച്ച് നല്ലത് പറയപ്പെട്ടാല്‍പ്പിന്നെ അത് നിലനിര്‍ത്താനുള്ള ശ്രമമാണ് നീ നടത്തേണ്ടത്. മദ്യം പാടേ വര്‍ജിക്കലാണ് അതിനുള്ള ഉത്തമവഴി. അതോടൊപ്പം അമിതവ്യയവും സൂക്ഷിക്കുക. ( തുടരും )
വിവ. മുഹമ്മദ് അഹ്സൻ പുല്ലൂര്

Related Articles