Current Date

Search
Close this search box.
Search
Close this search box.

സഫ്ദർജംഗ് ടോംബ്: സ്വർഗത്തിലെ മഖ്ബറ

ദില്ലിയിൽ സന്ദർശകരായി വരുന്നവർ അധികം എത്തിപ്പെടാത്ത ടൂറിസ്റ്റ് കേന്ദ്രമാണ് സഫ്ദർജംഗ് ടോംബും പരിസര പ്രദേശങ്ങളും. 1753/54 ൽ ചെങ്കല്ലും മാർബിളും കൊണ്ട് തീർത്ത, മുഗൾ കാലത്തെ അവസാന ഉദ്യാന- ശവകുടീര മാതൃകയാണ് സഫ്ദർജംഗ് ടോംബ്. നവാബ് മിർസാ മുഖീം അബ്ദുൾ മൻസൂർ ഖാൻ എന്ന വ്യക്തിക്ക് വേണ്ടിയാണ് പ്രസ്തുത മഖ്ബറ നിർമിക്കപ്പെട്ടത്. കവി, ഗണിതശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിൽ പ്രശസ്തനായ ഉമർ ഖയ്യാമിൻ്റെ ജന്മസ്ഥലമായ ഇറാനിലെ നിശാംബൂർ പ്രദേശത്താണ് ഇദ്ദേഹം ജനിച്ചത്. 1722 ൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് വന്ന് അവധിലെ ഭരണാധികാരിയായ അബ്ദുൾ മൻസൂർ ഖാൻ ചരിത്രത്തിൽ അറിയപ്പെടുന്നത് ‘സഫ്ദർജംഗ്’ എന്നാണ്.

ദില്ലിയിലെ ആദ്യ ഉദ്യാന മാതൃകയിൽ നിർമ്മിച്ച ഹുമയൂൺ ടോംബിന് സമാനമായ നിർമാണ രീതിയാണ് സഫ്ദർജംഗ്‌ ടോംബിൻ്റേതും. താജ് മഹൽ, ഹുമയൂൺ ടോംബ്, സഫ്ദർജംഗ് ടോംബ് ഇവ മൂന്നും നോട്ടത്തിൽ ഏകരൂപ നിർമിതികളായാണ് അറിയപ്പെടുന്നത്. മുഗൾ കാലത്തെ അവസാന നിർമിതി കൂടിയാണ് പ്രസ്തുത ടോംബ് കണക്കാക്കപ്പെടുന്നത്‌. 1748 ൽ മുഹമ്മദ് ഷാ ദില്ലി ഭരിക്കുന്ന കാലത്ത് അവധിലെ ഗവർണർ, മിനിസ്റ്റർ പദവികൾ വഹിച്ച വ്യക്തിയാണ് അബ്ദുൾ മൻസൂർ ഖാൻ. മുഹമ്മദ് ഷായാണ് ‘സഫ്ദർജംഗ്’ എന്ന പേര് ഇദ്ദേഹത്തിന് നൽകിയത്. ലഖ്നൗവിലായായിരുന്നു അബ്ദുൾ മൻസൂർ ഖാൻ്റെ മരണം. പിന്നീട് 1754 ൽ ഇദ്ദേഹത്തിൻ്റെ ഖബറിടം ദില്ലിയിലെ സഫ്ദർജംഗ് ടോംബിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുകയായിരുന്നു.

മൈലാഞ്ചി ചെടികളാൽ വലയം ചെയ്യപ്പെട്ട പ്രസ്തുത മഖ്ബറ നിലകൊള്ളുന്ന സ്ഥലത്ത് പള്ളിയും സഫ്ദർജംഗിൻ്റെയും ഭാര്യയുടെയും ഖബറുകൾ കാണാം. നിർമാണ സമയത്ത് ടോംബ് നിലനിൽക്കുന്ന പ്രദേശം ധാരാളം വ്യത്യസ്തമായ വൃക്ഷങ്ങളും ചെടികളും കൊണ്ട് സമ്പന്നമായിരുന്നു. പ്രവേശന കവാടത്തിൻ്റെ വലതുഭാഗത്തുള്ള പള്ളി മൂന്ന് കുംഭ ഗോപുര മാതൃകകളാൽ നിർമിക്കപ്പെട്ടതാണ്. പ്രസ്തുത പള്ളിയും ഒപ്പമുള്ള മദ്രസാ സംവിധാനവും പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ഇന്ന് അനുവാദമില്ല. അറബി കലിഗ്രഫിയുടെ മനോഹര ശൈലികൾ ടോംബിൻ്റെ ചുവരുകളിൽ കൊത്തിവെച്ചത് ഏറെ ആകർഷണീയമാണ്. ‘ചാർബാഗാ’ണ് (നാല് ഭാഗമായി തിരിച്ച ഉദ്യാന മാതൃക) ടോംബിൻ്റെ മറ്റൊരു പ്രത്യേകത. താജ്മഹലും ഹുമയൂൺ ടോംബും ചാർബാഗിൻ്റെ ഉത്തമോദാഹരണങ്ങളായി പ്രസിദ്ധിയാർജിച്ചവയാണ്. ആർച്ച് രൂപത്തിലുള്ള ടോംബിൻ്റെ പ്രവേശന കവാടം പച്ച, ഓറഞ്ച്, പർപ്പിൾ കളറുകളിലുള്ള അലങ്കാര മാതൃകകളാൽ സമ്പന്നമാണ്. മൂന്ന് പ്രധാന മണ്ഡപങ്ങളായ ജംഗ് ലി മഹൽ (Palace in the Wood) , മോട്ടി മഹൽ (Pearl Palace), ബാദ്ഷാ പസന്ത് (The emperor’s favorite) എന്നിവ ടോംബിൻ്റെ പ്രധാന ആകർഷകങ്ങളായി പറയാം. മുഗൾ കാല പ്രൗഢിയുടെ ഉത്തമോദാഹരണമാണ് പ്രസ്തുത അലങ്കാര മാതൃകകൾ. ടോംബിന് മുന്നിൽ നിർമിക്കപ്പെട്ട ജലധാര ഹുമയൂൺ ടോംബിനെ അനുസ്മരിപ്പിക്കും വിധമുള്ളതാണ്. ജലധാരക്ക് ഇരുവശവും ഉയർന്നുനിൽക്കുന്ന പനമരങ്ങൾ ടോംബിനെ കൂടുതൽ ഭംഗിയാക്കുന്നു. സഫ്ദർജംഗിൻ്റെ മരണത്തിന് ശേഷം അബ്സീനിയൻ ആർക്കിടെക്കായ ബിലാൽ മുഹമ്മദ് ഖാൻ്റെ മേൽനോട്ടത്തിൽ സഫ്ദർജംഗിൻ്റെ മകൻ ഷുജാ ഉ ദവ്ളയാണ് ടോംബ് നിർമിച്ചത്. ‘സ്വർഗത്തിലെ മഖ്ബറ’ എന്നാണ് ചരിത്രത്തിൽ പ്രസ്തുത ടോംബ് അറിയപ്പെടുന്നത്.

ദില്ലിയിൽ ലോധി റോഡിൻ്റെ സമീപത്താണ് സഫ്ദർജംഗ് ടോംബ് ഇന്നുള്ളത്. നെഹ്റു പ്ലാനിറ്റോറിയം, കുഷാക് മഹൽ, തീൻ മൂർത്തി ഭവൻ, ഇന്ദിരാഗാന്ധി മെമ്മോറിയൽ, മഹാത്മാ ഗാന്ധി മെമ്മോറിയൽ എന്നിവ സഫ്ദർജംഗിൻ്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.

Related Articles