Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്, മറിച്ച് ഇതിനൊക്കെ പുറമെ ആരോഗ്യകരമായ വിനോദങ്ങളും ശാരീരികമായും ബൗദ്ധികമായും ഫലം ചെയ്യുന്ന, സുഖവും ഉപകാരവും ഒരുപോലെ നേടിത്തരുന്ന വിനോദങ്ങളും തമാശ പറച്ചിലുകളുമൊക്കെ ഉള്‍ചേര്‍ന്നതാണ് ഇസ്‌ലാമിന്റെ പാരമ്പര്യം.

പ്രണയങ്ങളുടെ സ്വാധീനം
മത്സരാര്‍ഥികള്‍ ഭൂരിപക്ഷവും പുരുഷന്മാര്‍ തന്നെയായതിനാല്‍ സ്ത്രീകളുടെ പ്രോത്സാഹനമായിരുന്നു വിധിനിര്‍ണയിച്ചിരുന്ന മറ്റൊരു പ്രധാനഘടകം. വിശേഷിച്ച്, മത്സരത്തിലെ വിജയത്തെക്കാള്‍ കാഴ്ചക്കാരുടെ കൂട്ടത്തിലെ പ്രണയിനിയുടെ സന്തോഷത്തിന് മൂല്യം കല്‍പിക്കുന്ന യുവാക്കളുണ്ടെങ്കില്‍. ഇത്തരത്തില്‍ പ്രമുഖ പ്രണയിനികളും കവികളുമായ തൗബ ബിന്‍ ഹുമയ്യിര്‍(ഹി. 85 വഫാത്ത്), ജമീല്‍ ബിന്‍ മഅ്മര്‍(ഹി. 83 വഫാത്ത്) എന്നിവര്‍ക്കിടയില്‍ നടന്ന സംഭവം ‘അശ്ശിഅ്‌റു വശ്ശുഅറാ’ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു ഖുതൈബ അദ്ദൈനൂരി(ഹി. 276 വഫാത്ത്) പറയുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ‘ശാമിലേക്ക് യാത്ര പോവുകയായിരുന്ന തൗബ, ബനൂ ഉദ്‌റ ഗോത്രത്തിനടത്തുകൂടെ കടന്നുപോയപ്പോള്‍ ഗോത്രത്തിലെ സുന്ദരിയായ ബുഥൈന അദ്ദേഹത്തെ ഏറെനേരം നോക്കിനിന്നു. ബുഥൈനയെ ഏറെ സ്‌നേഹിച്ചിരുന്ന അതേ ഗോത്രത്തിലെ ജമീലിന് ഇത് സഹിക്കാനായില്ല. തൗബയെ പരിചയപ്പെട്ട ശേഷം മല്‍പിടിത്തം നടത്താന്‍ ജമീല്‍ അദ്ദേഹത്തെ വെല്ലുവിളിച്ചു. ഇതേസമയം ബുഥൈന അണിഞ്ഞൊരുങ്ങി അവിടെ വരികയും ചെയ്തു. അതോടെ ആവേശഭരിതനായ ജമീല്‍ തൗബയെ മലര്‍ത്തിയടിച്ചു. തുടര്‍ന്ന് അമ്പെയ്ത്തും ഓട്ടമത്സരവും നടത്തിയപ്പോഴും ജമീലിന് തന്നെയായിരുന്നു വിജയം. അവസാനം, ഈയിരിക്കുന്ന ബുഥൈനയുടെ കരുത്ത് കൊണ്ടാണ് നിന്റെ ഈ വിജയമൊക്കെയെന്ന് തൗബ പറയുകയും ചെയ്തു. ശേഷം കാണികളൊന്നുമില്ലാതെ, മലഞ്ചെരുവില്‍ വെച്ച് രണ്ടുപേരും വീണ്ടും മത്സരിച്ചപ്പോള്‍ മൂന്നിലും തൗബക്കായിരുന്നു വിജയം. പ്രണയിനി ബുഥൈനയുടെ സാന്നിധ്യത്തില്‍ വിജയിക്കുകയും അസാന്നിധ്യത്തില്‍ പരാജയപ്പെടുകയുമായിരുന്നു ജമീല്‍!’

ജനങ്ങളില്‍ ഭൂരിപക്ഷവും മിക്കമത്സരങ്ങളിലും മത്സരാര്‍ഥികള്‍ക്ക് ആവേശം പകരാന്‍ പക്ഷംചേര്‍ന്നു തുടങ്ങിയപ്പോള്‍ കായികമായ ഗ്രൂപ്പുകള്‍ പലതും രൂപപ്പെട്ടുതുടങ്ങി. ജബര്‍തി(ഹി. 1237 വഫാത്ത്) തന്റെ ‘അജാഇബുല്‍ ആഥാറി’ല്‍ ഉഥ്മാനികളുടെ ആദ്യകാലത്ത് മിസ്‌റിലെ സൈനികര്‍ ഫുഖാരിയ്യ, ഖാസിമിയ്യ എന്നിങ്ങനെ രണ്ടായി തരംതിരിഞ്ഞ സംഭവം രേഖപ്പെടുത്തുന്നുണ്ട്. ഉഥ്മാനി സുല്‍ത്താന്‍ സലീം ഒന്നാമന്‍(ഹി. 926 വഫാത്ത്) സൈനികരോട് ദുല്‍ഫുഖാര്‍, സഹോദരന്‍ ഖാസിമുല്‍ കര്‍റാര്‍ എന്നിങ്ങനെ രണ്ടു നേതാക്കളുടെ കീഴില്‍ അണിനിരക്കാന്‍ പറഞ്ഞതോടെയാണ് ഈ വിഭാഗങ്ങള്‍ രൂപപ്പെട്ടത്. ദുല്‍ഫുഖാറിന് കഴില്‍ പ്രധാനപ്പെട്ട ഉഥ്മാനി കുതിരപ്പടയാളികളെയും ഖാസിമിനു കീഴില്‍ മിസ്‌റിലെ പ്രധാന ധീരരെയും സുല്‍ത്താന്‍ അണിനിരത്തി. ഫുഖാരികള്‍ക്ക് വെള്ളവസ്ത്രവും ഖാസിമികള്‍ക്ക് ചുവന്നവസ്ത്രവും പ്രത്യേകമായി നിശ്ചയിച്ചു.

ഈ രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ നടക്കാറുള്ള തീപാറുന്ന പോരാട്ടങ്ങളെക്കുറിച്ച് അദ്ദേഹം തുടര്‍ന്നു പറയുന്നു: ‘പരസ്പരം എതിരാളികളെപ്പോലെ മൈതാനത്ത് പ്രവേശിക്കാന്‍ സുല്‍ത്താന്‍ അവരോട് കല്‍പിച്ചു. കുതിരപ്പുറത്തു കയറി മലവെള്ളപ്പാച്ചില്‍ പോലെ അവര്‍ ഒഴുകിയെത്തി. ഒരുകൂട്ടര്‍ അമ്പെയ്യുകയും മറുകൂട്ടര്‍ പര്‍വതങ്ങള്‍ പോലെ അവ തടുത്തുനിര്‍ത്തുകയും ചെയ്തു. ഊടുവഴികളിലൂടെ കുതിരകളെ പായിച്ച് പൊടിപറത്തി. അമ്പെയ്ത്തും വാള്‍പയറ്റുമായി കളംനിറഞ്ഞാടി. കാണികളില്‍ ഒച്ചയും അട്ടഹാസങ്ങളും നിറഞ്ഞു. ആവേശംമൂത്ത് ജീവഹാനി ഭയന്നപ്പോള്‍ എല്ലാം നിര്‍ത്തിവെക്കാനുള്ള ആഹ്വാനമുണ്ടായി’. ചൂടേറിയ ഈ മത്സരപ്രകടനങ്ങളുടെ ഫലമായാണ് കിനാന പ്രദേശത്ത് അഹ്‌ലി, സമാലിക് എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ രൂപപ്പെട്ടത്. അവര്‍ക്ക് ആവേശം പകര്‍ന്നിരുന്ന രീതി ഇന്നു കാണുന്നതിലും എത്രയോ ശക്തമായിരുന്നെന്ന് ജബര്‍തി പറയുന്നുണ്ട്. ‘അന്നുമുതല്‍ മിസ്‌റിലെ ഗവര്‍ണര്‍മാരും സൈനികരും രണ്ടു വിഭാഗങ്ങളായി തിരിഞ്ഞു. സ്വന്തം വിഭാഗത്തിന്റെ നിറം എല്ലാത്തിലും ഇഷ്ടപ്പെടുകയും എതിര്‍വിഭാഗത്തിന്റെ നിറം പാടെ നിരാകരിക്കുകയും ചെയ്തു. ഭക്ഷണ പാനീയങ്ങളില്‍ പോലും ഈ നിറങ്ങളിലുള്ള വിഭാഗീയത നിറഞ്ഞാടി. വിഭാഗീയ വര്‍ധിച്ച് വര്‍ധിച്ച് രക്തം ചിന്തുന്നതില്‍ വരെ കാര്യങ്ങളെത്തി. പല ഗ്രാമങ്ങളും കൊട്ടാരങ്ങളും വീടുകളും തകര്‍ക്കപ്പെട്ടു. ഹിജ്‌റ പന്ത്രണ്ടാം നൂറ്റാണ്ടു വരെ അവസ്ഥ അങ്ങനെതന്നെ തുടര്‍ന്നു’.

അമാനുഷികമായ പന്തുകളി
ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ കായിക വിനോദങ്ങളിലൊന്നും പൊതുജനപങ്കാളിത്തം കൊണ്ട് ഏറ്റവും ശ്രദ്ധിക്കപ്പെട്ടതുമായ ഒന്നാണ് പന്തുകളി. കുതിരമേല്‍ കയറി സ്വൗലജാന്‍ എന്നു പേരുള്ള ഒരു പ്രത്യേകതരം വടികൊണ്ടായിരുന്നു ഇതു കളിച്ചിരുന്നത്. അബൂ മന്‍സൂറുല്‍ അസ്ഹരി(ഹി. 370 വഫാത്ത്) ‘തഹ്ദീബുല്‍ അഖ്‌ലാക്’ എന്ന നിഘണ്ടുവില്‍ ‘സ്വൗലജാന്‍’ എന്ന പദത്തിന്റെ അര്‍ഥം വിശദീകരിക്കുന്നു: ‘ഒരു വശം മിനുസപ്പെടുത്തിയ വടിയാണ് സ്വൗലജാന്‍. മൃഗങ്ങളുടെ പുറത്തേറി ഇതുപയോഗിച്ചാണ് പന്തുകളടിക്കുക. സൃഷ്ടിപരമായിത്തന്നെ അറ്റം വളഞ്ഞിട്ടുള്ള വടിക്ക് മിഹ്ജന്‍ എന്നാണ് അറബിയില്‍ പറയുക. സ്വൗലജാന്‍ എന്ന പദം ഫാരിസി ഭാഷയില്‍ നിന്ന് അറബീകരിക്കപ്പെട്ട പദവുമാണ്’. ഇബ്‌നുന്നഫീസി(ഹി. 687 വഫാത്ത്)ന്റെ ‘അല്‍ മൂജസു ഫിത്ത്വിബ്ബി’ന് അല്ലാമാ ഇബ്‌നുല്‍ അംശാത്വി(ഹി. 902 വഫാത്ത്) എഴുതിയ വിശദീകരണഗ്രന്ഥത്തില്‍ സ്വൗലജാന്‍ എന്ന പദം വിശദീകരിക്കുന്നുണ്ട്. അല്ലാമാ അഹ്‌മദ് തൈമൂര്‍ പാഷ(ഹി. 1348 വഫാത്ത്)യുടെ ‘ലഅ്ബുല്‍ അറബ്(അറബികളുടെ വിനോദങ്ങള്‍) എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട്. വെറും പന്തടിക്കാന്‍ ഉപയോഗിക്കുന്ന വടിയെന്നതിലുപരി പന്തുകൊണ്ടുള്ള കളിതന്നെയാണ് ഈ പേരില്‍ പ്രസിദ്ധമായതെന്നാണ് ചുരുക്കം. അദ്ദേഹം പറയുന്നു: ‘കുതിരപ്പന്തയക്കാര്‍ പന്തുപയോഗിച്ച് കളിക്കുന്നൊരു കളിയാണ് സ്വൗലജാന്‍. വലിയൊരു പന്ത് നിലത്തിടുകയും കയ്യിലുള്ള വടിയുപയോഗിച്ച് ഓടിക്കൊണ്ടിരിക്കുന്ന കുതിരപ്പുറത്തുവെച്ച് പന്ത് ലക്ഷ്യസ്ഥാനത്തേക്കെത്തിക്കുകയും ചെയ്യലാണ് കളിയുടെ രീതി’. അംശാത്വിയുടെ അഭിപ്രായപ്രകാരം പന്തിനെ ജനങ്ങള്‍ പലരും ‘ത്വാബ്’ എന്നാണ് വിളിച്ചിരുന്നത്. ഇന്നും സിറിയയിലെ ജനങ്ങള്‍ കാല്‍പന്തിന് ‘ത്വാബ’ എന്നാണ് പറയാറ്! ഇബ്‌നുല്‍ അംശാത്വിയുടെ വിശദീകരണം വെച്ചുനോക്കുമ്പോള്‍ ഇന്ന് നിലവിലുള്ള പോളോ ഗെയിമിന്റെ പൂര്‍വ രൂപമാണിതെന്നു മനസ്സിലാക്കാം.

ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പണ്ടുകാലത്തു തന്നെ ഈ കളി നിര്‍ദേശിക്കപ്പെട്ടിരുന്നുവെന്നും കാണാം. ജാലിനൂസ്(ഹി. 216) തന്റെ ‘കിതാബുര്‍രിയാള ബില്‍കുറതിസ്വഗീറ’ എന്ന പുസ്തകത്തില്‍ ഈ പന്തുകളിയെ മികച്ച കായികയിനമായി പരിചയപ്പെടുത്തിയിട്ടുണ്ടെന്ന് ഇബ്‌നു അബീ ഉസൈബിഅ(ഹി. 668 വഫാത്ത്) ‘ഉയൂനുല്‍ അന്‍ബാഅ് ഫീ അഖ്ബാരില്‍ അത്വിബ്ബാഅ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. തൈമൂര്‍ പാഷയുടെ ‘ലഅ്ബുല്‍ അറബി’ല്‍ സ്വൗലജാനെ ശരീരത്തിനും മനസ്സിനും ഒരുപോലെ ഫലംചെയ്യുന്ന കായികയിനമായി പരിചയപ്പെടുത്തുന്നുണ്ട്. ചില ചരിത്രങ്ങളനുസരിച്ച് അറബികള്‍ ഈ വിനോദം കുതിരപ്പുറത്തല്ലാതെയും കളിച്ചിരുന്നുവെന്നു കാണാം. പേര്‍ഷ്യന്‍ രാജാവ് അര്‍ദശീര്‍ ബിന്‍ ബാബകി(ഹി. 242)ന്റെ മുമ്പില്‍വെച്ച് ഈ വിനോദം അരങ്ങേറിയിരുന്നുവെന്ന് ഒരുപാട് ചരിത്രകാര്‍ രേഖപ്പെടുത്തുന്നുണ്ട്.

ഖലീഫമാര്‍, രാജാക്കന്മാര്‍, ഗവര്‍ണര്‍മാര്‍ തുടങ്ങി എല്ലാവരുടെ പക്കലും ഉന്നതസ്ഥാനമുണ്ടായിരുന്ന ഒരു വിനോദം കൂടിയാണ് പന്തുകളി. ആദ്യമായി പന്തുകളിച്ച ഖലീഫ ഹാനൂന്‍ റശീദാ(ഹി. 193 വഫാത്ത്)ണെന്നും മകന്‍ മുഹമ്മദ് അമീന്‍(ഹി. 198 വഫാത്ത്) ഈ പാരമ്പര്യം അദ്ദേഹത്തില്‍ നിന്ന് കടംകൊണ്ടുവെന്നും സിബ്ത്വു ബ്‌നുല്‍ അജമി(ഹി. 884 വഫാത്ത്)യുടെ ‘കുനൂസുദ്ദഹബി’ല്‍ കാണാം. ഖലീഫ അമീന്റെ മുഖ്യപരിഗണന പന്തുകളിക്കുണ്ടായിരുന്നെന്നും ഖിലാഫത്ത് ഏറ്റെടുത്തതിന്റെ രണ്ടാം നാള്‍ തന്നെ കൊട്ടാരത്തിന് സമീപത്തായി പന്തുകളി മൈതാനമുണ്ടാക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നുവെന്നും ഇമാം സുയൂത്വി(ഹി. 911 വഫാത്ത്) ‘താരീഖുല്‍ ഖുലഫാ’ഇല്‍ രേഖപ്പെടുത്തുന്നു.

പന്തുകളിച്ച സമുന്നതര്‍
പന്തുകളിയുമായി വ്യാപൃതമായ ഗവര്‍ണര്‍മാരില്‍ പ്രമുഖനാണ് മിസ്‌റിലെ തൂലൂനി സാമ്രാജ്യത്തിന്റെ സ്ഥാപകനായ അഹ്‌മദ് ബിന്‍ ത്വൂലൂന്‍(ഹി. 270 വഫാത്ത്). അദ്ദേഹത്തിന് ശേഷവും മിസ്‌റില്‍ വര്‍ഷങ്ങളോളം ഈ സംസ്‌കാരം നിലനിന്നു. ഇബ്‌നു തഗ്‌രി ബര്‍ദി(ഹി. 874 വഫാത്ത്) തന്റെ ‘അന്നുജൂമുസ്സാഖിറ’യെന്ന ഗ്രന്ഥത്തില്‍ ഇദ്ദേഹത്തെക്കുറിച്ചു പറയുന്നിടത്ത് പന്തു കളിക്കാനുള്ള മൈതാനമടങ്ങിയ ഒരു വലിയ കൊട്ടാരം നിര്‍മിക്കുകയും കൊട്ടാരത്തിന് മൈതാനമെന്ന് നാമകരണം ചെയ്യുകയും ചെയ്തുവെന്ന് പറയുന്നു.

പില്‍ക്കാലത്ത് ഈ വിനോദത്തെ ഏറെ ആഘോഷിച്ച ആളാരെന്നു ചോദിച്ചാല്‍ സുല്‍ത്താന്‍ നൂറുദ്ദീന്‍ മുഹമ്മദ് സങ്കി(ഹി. 569 വഫാത്ത്)യെന്നു നിസ്സംശയം പറയാം. സുല്‍ത്താന് ഏറെ പ്രിയപ്പെട്ട വിനോദമായിരുന്നു പന്തുകളി. അബൂ ശാമ അല്‍ മഖ്ദിസി(ഹി. 665 വഫാത്ത്) ‘കിതാബു താരീഖു റൗളത്തൈിനി’ല്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നു: ‘സുല്‍ത്താന് ഏറ്റവുമധികം ഭംഗി കുതിരപ്പുറത്തിരിക്കുമ്പോഴായിരുന്നു. യാതൊരു ചാഞ്ചല്യവുമില്ലാത്ത അദ്ദേഹത്തിന്റെ പ്രകടനം കണ്ടാല്‍ കുതിരപ്പുറത്തുതന്നെ സൃഷ്ടിക്കപ്പട്ടതു പോലെയായിരുന്നു! ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ പന്തുകളിയില്‍ മികവു പുലര്‍ത്തിയത് അദ്ദേഹം തന്നെ. അദ്ദേഹത്തിന്റെ പന്തുകളിക്കാനുള്ള വടി ഒരിക്കലം അദ്ദേഹത്തിന്റെ തലയുടെ മീതെ ഉയര്‍ന്നതുമില്ല. വടി കൊണ്ട് പന്തടിച്ച ശേഷം കുതിരമേല്‍ തന്നെ അന്തരീക്ഷത്തില്‍ നിന്ന് പന്തെടുക്കുകയും മൈതാനത്തിന്റെ അങ്ങേയറ്റത്തേക്ക് പന്തെത്തിക്കുകയും ചെയ്തു അദ്ദേഹം. മത്സരത്തെ നിസ്സാരമായി കാണിക്കാന്‍ പലപ്പോഴും മത്സരം നടക്കുമ്പോള്‍ അദ്ദേഹം മുന്‍കൈ ജുബ്ബയുടെ അകത്തേക്ക് കയറ്റിയിടുമായിരുന്നു!’.

വിനോദങ്ങളുമായി ഇത്രമേല്‍ ഇടപഴകി കഴിയുമ്പോഴും അതൊന്നും തികഞ്ഞൊരു ആത്മജ്ഞാനിയും യോദ്ധാവുമായ അദ്ദേഹത്തിന്റെ ആരാധനകളെയോ യുദ്ധപടയോട്ടങ്ങളെയോ ഭരണത്തെയോ തെല്ലും ബാധിച്ചിരുന്നില്ല. മറിച്ച്, കുതിരപ്പുറത്തുള്ള ഈ സാഹസങ്ങളെ യുദ്ധസന്നാഹങ്ങളുടെ ഭാഗമായിത്തന്നെ കാണുകയായിരുന്നു അദ്ദേഹം. ധാരാളം നോമ്പനുഷ്ഠിക്കുകയും രാത്രിയും പകലും ദിക്‌റുകളിലായി നിരതമാവുകയും ധാരാളം പന്തുകളിക്കുകയും ചെയ്ത ആളാണദ്ദേഹമെന്ന് പറഞ്ഞ ശേഷം ഇമാം ദഹബി താരീഖുല്‍ ഇസ്‌ലാമില്‍ ഒരു രസകരമായ സംഭവം വിവരിക്കുന്നുണ്ട്. ആരാധനകള്‍ക്കൊപ്പം തന്നെ കുതിരയെക്കൊണ്ടുള്ള ഇദ്ദേഹത്തിന്റെ ഈ സാഹസത്തില്‍ വെറുപ്പ് പ്രകടിപ്പിച്ച് ചില ഗുണകാംക്ഷികള്‍ ‘നിങ്ങള്‍ യാതൊരു ഉപകാരവുമില്ലാതെ കുതിരയെ ക്ഷീണിപ്പിക്കുകയാണെ’ന്ന് എഴുതിയത്രെ. മറുപടിയായി അദ്ദേഹം സ്വന്തം കൈപടയില്‍ എഴുതിയത് ഇപ്രകാരം: ‘അല്ലാഹുവാണെ, ഞാന്‍ വെറുമൊരു വിനോദമല്ല ഇതുകൊണ്ട് ലക്ഷീകരിക്കുന്നത്. നമ്മളിപ്പോള്‍ ഫ്രഞ്ച് കുരിശുപടയാളികളുടെ ഭീഷണി നേരിടുന്ന സാഹചര്യമാണ്. ഇനി പെട്ടെന്നെങ്ങാനും യുദ്ധാഹ്വാനം വന്നാല്‍, ഓടാനും ചാടാനും എന്റെ കുതിര സദാസജ്ജമാവുകയാണ് ഇതിലൂടെ’.

സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി(ഹി. 589 വഫാത്ത്)യെ അദ്ദേഹം ഭരണത്തിലേറിയ ഉടനെ സദാസമയവും നൂറുദ്ദീന്‍ സങ്കി കൂടെക്കൂട്ടിയത് അദ്ദേഹത്തിന്റെ പന്തുകളിയിലുള്ള മികവു കൂടെ പരിഗണിച്ചാണെന്ന് ഇബ്‌നു കസീര്‍ പറയുന്നുണ്ട്. ഇത്രയും വിശദീകരിച്ച സ്ഥിതിക്ക് ഇമാം നൂറുദ്ദീന്‍ സങ്കിയുടെ ദേഹവിയോഗവും ഒരു പന്തുകളിക്കു ശേഷമാണെന്നു പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. ഒരു ദിവസം പന്തുകളിക്കിടെ ചില ഗവര്‍ണര്‍മാരുമായി എന്തോ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും (അദ്ദേഹത്തിന്റെ സ്വഭാവം ഒരിക്കലും അങ്ങനെയായിരുന്നില്ല) കോപാകുലനായി കോട്ടയിലേക്കു തിരിച്ചുവന്ന അദ്ദേഹത്തിന്റെ പിന്നീടുള്ള സ്വഭാവങ്ങളിലും ഇടപെടലുകളിലും കാര്യമായ ഭാവമാറ്റങ്ങള്‍ രൂപപ്പെടുകയായിരുന്നു. പിന്നീട് അല്‍പകാലം ഏകാന്തവാസം നയിക്കുന്നതിനിടെയായിരുന്നു അദ്ദേഹം മരണപ്പെട്ടത്.

ചില രാജാക്കന്മാര്‍ ഇത്തരം വിനോദങ്ങള്‍ക്ക് മുന്‍കൂട്ടി ദിവസം പ്രഖ്യാപിക്കുക പോലും ചെയ്തിരുന്നു. മംലൂകി സുല്‍ത്താന്‍ നാസിര്‍ മുഹമ്മദ് ബിന്‍ ഖലാവൂന്‍(ഹി. 741 വഫാത്ത്) അക്കൂട്ടത്തില്‍ പ്രധാനിയാണ്. ‘മലമുകളിലെ കോട്ടയുടെ താഴെയായി അദ്ദേഹം കളിമൈതാനം നിര്‍മിച്ചു. വെള്ളച്ചാലുകള്‍ ഒഴുക്കിയും ഈന്തപ്പനയും മറ്റു മരങ്ങളും നട്ടും അവിടം കൂടുതല്‍ സുന്ദരമാക്കി. എല്ലാ ചൊവ്വാഴ്ചകളിലും ഗവര്‍ണര്‍മാര്‍, മക്കള്‍ എന്നിവര്‍ക്കൊപ്പം അവിടെ വെച്ച് പന്തുകളിച്ചു. അക്കാലത്ത് പന്തുകളിയില്‍ അദ്ദേഹത്തെ വെല്ലാന്‍ പോന്ന ആരുമുണ്ടായിരുന്നില്ല!’ ഇബ്‌നു തഗ്‌രി ബര്‍ദി റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരംപോക്കിനും പന്തുകളി
സുല്‍ത്താന്‍ നൂറുദ്ദീന്‍ സങ്കിയെപ്പോലുള്ളവര്‍ പന്തുകളിയെ യുദ്ധപരിശീലത്തിന്റെ ഭാഗമായാണ് കണ്ടിരുന്നതെങ്കില്‍, ഒഴിവുനേരങ്ങളില്‍ വെറും നേരംപോക്കു മാത്രമായി ഇത്തരം കളികളെ നോക്കിക്കണ്ട ചില ഗവര്‍ണര്‍മാരുമുണ്ടായിരുന്നു. മംലൂകി ഗവര്‍ണര്‍ അലാഉദ്ദീന്‍ അസ്സ്വാലിഹി(ഹി. 690 വഫാത്ത്) വലിയൊരു ഭരണാധികാരിയാണെങ്കിലും കുട്ടികള്‍ക്കൊപ്പം മൈതാനത്ത് വെച്ച് പന്തുകളിക്കുകയും മുന്‍നിരയില്‍ തന്നെ ഉണ്ടാവുകയും ചെയ്യുമായിരുന്നുവെന്ന് സ്വഫദി ‘അല്‍ വാഫി ബില്‍ വഫിയ്യാത്തി’ ല്‍ പറയുന്നു. വിശുദ്ധ റമദാനിലെ സുദീര്‍ഘമായ പകലുകളില്‍ ചിന്തകളില്‍ നിന്ന് മുക്തമായി കഴിഞ്ഞുകൂടാന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുക പോലും ചെയ്തിരുന്നു ചിലര്‍. അയ്യൂബികളില്‍ പ്രമുഖരമായ കാമില്‍, അശ്‌റഫ്(രണ്ടുപേരും ഹി. 635 വഫാത്ത്) റമദാനിലെ എല്ലാ പകലിലും കുതിരപ്പുറത്തേറി പന്തുകളിക്കുകയും അങ്ങനെ പകല്‍ കഴിച്ചുകൂട്ടുകയും ചെയ്യുമായിരുന്നെന്ന് ഇബ്‌നു ഖല്ലികാന്‍(ഹി. 681 വഫാത്ത്) ‘വഫിയ്യാത്തുല്‍ അഅ്‌യാനി’ല്‍ പറയുന്നു.
പൊതുവില്‍ മുസ്‌ലിം ഗവര്‍ണര്‍മാരുടെ കളിഭ്രമത്തെ കുറിക്കുന്ന ഒരുപാട് ചരിത്രസംഭവങ്ങള്‍ കാണാം. ഇബ്‌നു തഗ്‌രി ബര്‍ദി, മംലൂകി സുല്‍ത്താനായ മുളഫര്‍ ഹാജി(ഹി. 748 വഫാത്ത്)യെക്കുറിച്ച് പറയുന്നതു കാണുക: ‘അക്കാലത്തെ പ്രസിദ്ധ കായിക താരങ്ങളെയൊക്കെ അദ്ദേഹം ഒരുമിച്ചു കൂട്ടുമായിരുന്നു. മല്‍പിടിത്തം, വാല്‍പയറ്റ്, ഓട്ടമത്സരം, കോഴിപ്പോര്, ആടുപോര് എന്നിവയില്‍ പ്രസിദ്ധരായ ആള്‍ക്കാരെ അദ്ദേഹം വിളിച്ചുചേര്‍ക്കും. എന്നിട്ട് കൈറോയിലും മിസ്‌റിന്റെ മറ്റു ഭാഗങ്ങളിലുമായി ഇവരുടെ മത്സരങ്ങള്‍ നടത്തും’.

വളരെ അപകടം നിറഞ്ഞ കളികൂടിയായതു കൊണ്ട്, കുതിരപ്പുറത്തുള്ള പന്തുകളിയില്‍ പലപ്പോഴും അപകടം സംഭവിക്കുക പതിവായിരുന്നു. സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പിതാവ് നജ്മുദ്ദീന്‍ അയ്യൂബ്(ഹി. 568 വഫാത്ത്) പന്തുകളിയില്‍ അതീവഭ്രമമുള്ളവരായിരുന്നു. അപകടകരാംവിധമുള്ള അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ കണ്ട് ജനങ്ങളൊക്കെയും അദ്ദേഹത്തിന്റെ മരണം കുതിരപ്പുറത്തു നിന്നു വീണുതന്നെയാവുമെന്ന് പറയുകയും ചെയ്യുമായിരുന്നത്രെ. ദൗര്‍ഭാഗ്യകരമെന്നോണം അദ്ദേഹത്തിന്റെ വഫാത്ത് അപ്രകാരം തന്നെയായിരുന്നു. ഈ സംഭവം വാസ്വിലുല്‍ ഹമവി(ഹി. 697 വഫാത്ത്) ‘മുഫര്‍രിജുല്‍ കുറൂബി’ല്‍ രേഖപ്പെടുത്തുന്നുണ്ട്. ഇത്തരത്തില്‍ കുതിരപ്പുറത്തു നിന്നു വീണുള്ള മരണത്തിന്റെ സംഭവങ്ങള്‍ ചരിത്രത്തില്‍ ഒരുപാട് കാണാം. ളാഹിര്‍ ബൈബറസി(ഹി. 676 വഫാത്ത്)ന്റെ മകന്‍ സഈദ് ബറക(ഹി. 678 വഫാത്ത്) ഇത്തരത്തിലാണ് മരണപ്പെട്ടതെന്ന് അയ്യൂബി അബുല്‍ ഫിദാ(ഹി. 732 വഫാത്ത്) ‘അല്‍ മുഖ്തസ്വര്‍ ഫീ താരീഖില്‍ ബശറി’ല്‍ പറയുന്നു. മത്സരാര്‍ഥിയുടെ ദേഹത്ത് കുതിര വീണുള്ള അപകടങ്ങളും നടന്നിട്ടുണ്ട്. രണ്ടുകുതിരകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കുതിരമേല്‍ നിന്ന് തെറിച്ചു വീണപ്പോള്‍ സ്വന്തം കുതിര നെഞ്ചത്തുകയറി നിന്ന് ശ്വാസം കിട്ടാതെയാണ് കാമില്‍ ശഅ്ബാന്‍ ബിന്‍ നാസ്വിര്‍ ഖലാവൂനി(ഹി. 747 വഫാത്ത്)ന്റെ ഗവര്‍ണര്‍മാരിലൊരാളായ യല്‍ബുഗാ അസ്സ്വാലിഹി(ഹി. 747 വഫാത്ത്) മരണപ്പെട്ടതെന്ന് ഇബ്‌നു ശാഹീനുല്‍ മലത്വി(ഹി. 920 വഫാത്ത്) ‘നൈലുല്‍ അമലി’ല്‍ രേഖപ്പെടുത്തുന്നു.

സ്ത്രീപ്രാതിനിധ്യം
അപകടംനിറഞ്ഞതും പ്രയാസമേറിയതുമായ വിനോദമായിരുന്നിട്ടും ഇസ്‌ലാമിക ചരിത്രത്തില്‍ പന്തുകളിയില്‍ സ്ത്രീ സാന്നിധ്യം ഒരുപാട് കാണാവുന്നതാണ്. ഇബ്‌നു തഗ്‌രി ബര്‍ദി തന്നെ മംലൂകി സുല്‍ത്താന്‍ സ്വാലിഹ് ഇസ്മാഈല്‍ ബിന്‍ നാസ്വിര്‍ ഖലാവൂനി(ഹി. 746 വഫാത്ത്)നെക്കുറിച്ച് പറയുന്നിടത്ത് അദ്ദേഹത്തിനു കീഴിലുണ്ടായിരുന്ന, പന്തുകളിയിലും കുതിരപ്പന്തയത്തിലും പ്രാഗത്ഭ്യം തെളിയിച്ചിരുന്ന സ്ത്രീകളെക്കുറിച്ച് പറയുന്നുണ്ട്. സ്ത്രീകളുടെ വിശാലാര്‍ഥത്തിലുള്ള വിനോദങ്ങള്‍ക്ക് അബ്ബാസി ഭരണകൂടത്തിന്റെ ആദ്യകാലഘട്ടത്തോളം പഴക്കമുണ്ടെന്ന് ഇബ്‌നു ഖല്‍ദൂന്‍(ഹി. 808 വഫാത്ത്) മുഖദ്ദിമയില്‍ പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘കര്‍റജ് എന്ന പേരില്‍ നൃത്തത്തിനുള്ള പ്രത്യേക ഉപകരണങ്ങള്‍ അക്കാലത്ത് നിര്‍മിക്കപ്പെട്ടു. സ്ത്രീകളുടെ വസ്ത്രത്തിന്റെ അറ്റത്തായി ഘടിപ്പിക്കുന്ന മരത്തില്‍ ഉണ്ടാക്കപ്പെട്ട കുതിരയുടെ രൂപമാണത്. ശേഷം കുതിരപ്പുറത്തു കയറി ഓടിയും ചാടിയും അവര്‍ കളിക്കും. ഇത്തരത്തില്‍ പല കളികളും വിവാഹവേളകള്‍, സല്‍ക്കാരം, പെരുന്നാള്‍, ഒഴിവുസമയങ്ങള്‍ എന്നീ സമയങ്ങളിലും അരങ്ങേറിയിരുന്നു. ബഗ്ദാദിലും ഇറാഖിലെ മറ്റു സ്ഥലങ്ങളിലും ആരംഭിക്കുകയും പിന്നീട് മറ്റു നാടുകളിലേക്ക് പ്രചരിക്കുകയും ചെയ്തു ഇത്’.

അതേസമയം കുട്ടികളുടെ ഇടയില്‍ സജീവമായിരുന്ന വിനോദമായിരുന്നു പന്തുകളി തന്നെയായിരുന്നു. ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ ഒരുപാട് കാണാവുന്നതാണ്. മുഹമ്മദ് ബിന്‍ ഔഫ്(ഹി. 272 വഫാത്ത്) ചെറുപ്പകാലത്ത് പന്തുകളിച്ച് പള്ളിയില്‍ കയറിയപ്പോള്‍ മുആഫി ബിന്‍ ഇംറാന്‍(ഹി. 200 വഫാത്ത്) എന്നവര്‍ അടുത്തു വിളിച്ച് ആരുടെ മകനാണെന്ന് ചോദിച്ചത്രെ. ഔഫിന്റെ മകനെന്നു പറഞ്ഞപ്പോള്‍ നിന്റെ പിതാവ് ഇങ്ങനെയായിരുന്നില്ലെന്നും നീയും പിതാവിന്റെ മാര്‍ഗത്തില്‍ സഞ്ചരിക്കണമെന്നും പറഞ്ഞപ്പോള്‍ വീട്ടില്‍ പോയി വിവരം പറഞ്ഞു. അതാണു ശരിയെന്നു പറഞ്ഞ മാതാവ് പുതിയ വസ്ത്രം ധരിപ്പിക്കുകയും പേനയും കടലാസുമായി അദ്ദേഹത്തിന്റെയടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തു. ഈ സംഭവം ഇമാം ദഹബി ‘താരീഖുല്‍ ഇസ് ലാമി’ല്‍ ഖാദി അബ്ദുസ്സമദിനെത്തൊട്ട് ഉദ്ധരിക്കുന്നുണ്ട്.

പന്തുകളി അത്യാവശ്യം കായികക്ഷമതയും അധ്വാനവും ആവശ്യമുള്ള വിനോദമാണെങ്കില്‍, സുഖകരമായി കളിക്കാവുന്ന മരക്കഷ്ണം എന്നര്‍ഥം വരുന്ന ‘ലബ്ഖ’ എന്ന പേരിലുള്ള കളികളും കാണാം. ഈ വിനോദം ഇന്നും ഈജിപ്തില്‍ ‘തഹ്ത്വീബ്’ എന്ന പേരില്‍ പ്രസിദ്ധമാണ്. ഹിജ്‌റ 746 ലെ സംഭവവികാസങ്ങള്‍ വിവരിക്കുന്നിടത്ത് ഇബ്‌നു തഗ്‌രി ബര്‍ദി ഇതിന്റെ ഉത്ഭവമടക്കം വിശദീകരിക്കുന്നുണ്ട്. ‘സുല്‍ത്താന്‍ കാമില്‍ ശഅ്ബാന്‍(ഹി. 747 വഫാത്ത്) സിര്‍യാഖൂസ് പ്രദേശത്തേക്ക് കടന്നുവരികയും ജനങ്ങള്‍ അദ്ദേഹത്തിനു മുമ്പില്‍വെച്ച് ലബ്ഖ കളിക്കുകയും ചെയ്തു. വലിയ വടികൊണ്ടുള്ള, ആ ദിവസങ്ങളില്‍ മാത്രം അവര്‍ക്കിടയില്‍ രൂപപ്പെട്ട ഒരു കളിയാണത്. അദ്ദേഹത്തിന്റെ മുന്നില്‍ വെച്ചുതന്നെ ഒരു മനുഷ്യന്‍ വടികൊണ്ട് മറ്റൊരാളെ കൊല്ലുകയുണ്ടായി. സുല്‍ത്താന്‍ അവരില്‍ പലര്‍ക്കും ഉപഹാരങ്ങള്‍ നല്‍കുകയും ചിലര്‍ക്ക് സൈന്യത്തില്‍ ചേരാന്‍ അവസരം നല്‍കുകയും ചെയ്തു. ദിനേന സുല്‍ത്താന്‍ അവിടെ വന്നു കളിക്കുന്നത് പതിവായി. പതിയെ രാജ്യഭരണത്തില്‍ ശ്രദ്ധചെലുത്താന്‍ സാധിക്കാതെ വരികയും സാമ്രാജ്യം തകരുകയും ചെയ്തു’. ഇബ്‌നു തഗ്‌രി എഴുതുന്നു.

ഒരുപരിധിവരെ അപകടം നിറഞ്ഞ കളികളുടെ കൂട്ടത്തില്‍ പെട്ടതാണ് ഇന്ന് പവര്‍ ലിഫ്റ്റിംഗെന്ന പേരില്‍ പ്രസിദ്ധമായ ഭാരം ചുമക്കുന്നതുമായി ബന്ധപ്പെട്ടവ. ഇതിനും നമ്മുടെ നാഗരികതയില്‍ വേരുകള്‍ കാണാവുന്നതാണ്. അമീര്‍ അലമുദ്ദീന്‍ സഞ്ചര്‍ അല്‍ ഹലബി(ഹി. 692 വഫാത്ത്) ഭരണനിര്‍വഹണ കര്‍മങ്ങള്‍ അവസാനിച്ചശേഷം ഇത്തരം വിനോദങ്ങള്‍ സ്ഥിരമായി പരിശീലിച്ചിരുന്നുവെന്ന് കാണാം. അദ്ദേഹത്തെക്കുറിച്ച് ഇമാം ബദ്‌റുദ്ദീന്‍ ഐനി(ഹി. 855 വഫാത്ത്) ‘അഖ്ദുല്‍ ജമാനി’ല്‍ പറയുന്നു: ‘സിറിയയില്‍ അധികാരം നടത്തിയിരുന്ന പ്രമുഖനാണദ്ദേഹം. ഇങ്ങനെ പറയപ്പെടുന്നു; ഔദ്യോഗിക ജോലി കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചാല്‍ ആദ്യം ചെയ്യുക ഉണ്ടനിറച്ച തന്റെ തോക്കുമായി കുതിരപ്പുറത്ത് നിന്ന് കളിക്കുകയാണ്. ശേഷം വലിയ വൈക്കോല്‍ കെട്ട് നിലത്തിട്ട് എടുത്തുയര്‍ത്തും. ഏകദേശം 40 കിലോഗ്രാം വരുന്ന ഒരു ഇരുമ്പിന്റെ തൂണെടുത്ത് വലത്തും ഇടത്തും തിരിച്ച് പരിശീലിക്കുകയാണ് അടുത്തപടി’.

ബുദ്ധിപരമായ വിനോദങ്ങള്‍
ശാരീരികക്ഷമത അടിസ്ഥാനപ്പെടുത്തിയുള്ള കളികള്‍ക്കു പുറമേ ചതുരംഗം പോലോത്ത, ബുദ്ധിപരമായ കളികളും മുസ്‌ലിംകള്‍ ഏറ്റെടുത്തിരുന്നു. സാഹിത്യകാരന്‍ ജാഹിള് ‘അര്‍റസാഇലി’ല്‍ ഇന്ത്യന്‍ സംസ്‌കാരങ്ങള്‍ പരിചയപ്പെടുത്തുന്നിടത്ത് ഏറ്റവും മഹത്തായതും ബുദ്ധിയുപയോഗിക്കേണ്ടതുമായ ഇന്ത്യന്‍ ഗെയിമാണ് ചതുരംഗമെന്നു പറയുന്നുണ്ട്. ചതുരംഗം ഒരു ഇന്ത്യന്‍ സൃഷ്ടിയാണെന്നും അതു കണ്ടെത്തിയാളുടെ പേര് സ്വസ ബിന്‍ ദാഹര്‍ എന്നാണെന്നും അതിനു നിര്‍ദേശിച്ച രാജാവിന്റെ പേര് ശിഹ്‌റാം എന്നാണെന്നും ചരിത്രകാരന്‍ ഇബ്‌നു ഖല്ലികാനും രേഖപ്പെടുത്തുന്നു. ഇസ്‌ലാമിന്റെ ആദ്യ നൂറ്റാണ്ടു മുതല്‍ തന്നെ മുസ്‌ലിംകള്‍ ചതുരംഗം കളി ഏറ്റെടുത്തതായി കാണാം. അതില്‍ പണ്ഡിതരും സാധാരണക്കാരും ഖലീഫമാരും ഗവര്‍ണര്‍മാരും ഒരുപോലെ പങ്കുചേര്‍ന്നു.

ഇസ്‌ലാമിക നാഗരികതയിലെ ആദ്യ സാംസ്‌കാരിക കേന്ദ്രത്തിന് ബീജാവാപം നല്‍കപ്പെട്ടത് വിശുദ്ധ മക്കാ ഹറമില്‍ ഹിജ്‌റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണെന്നും അവിടെയുണ്ടായിരുന്ന വിനോദോപകരണങ്ങളുടെ കൂട്ടത്തില്‍ ചതുരംഗവുമുണ്ടായിരുന്നു എന്നുമാണ് ചരിത്രം! ഇക്കാര്യം ഖുറൈശി ചരിത്രകാരന്‍ സുബൈര്‍ ബിന്‍ ബക്കാര്‍(ഹി. 256 വഫാത്ത്) ‘ജംഹറത്തു നിസബി ഖുറൈശ് വ അഖ്ബാറുഹാ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘അബ്ദുല്‍ ബഹം ബിന്‍ അംറുബ്‌നു അബ്ദുല്ലാ ബിന്‍ സ്വഫ്‌വാന്‍ അല്‍ ജമഹി ചതുരംഗം, നിരത്തുകളി(നര്‍ദാത്ത്), ഖിര്‍ഖ എന്ന കളി, എല്ലാ വിജ്ഞാനീയങ്ങളും പറയുന്ന ഗ്രന്ഥങ്ങള്‍ എന്നിവയൊക്കെ അടങ്ങിയ ഒരു കെട്ടിടം നിര്‍മിച്ചു. ചുമരില്‍ ഒരുപാട് ആണികളുമുണ്ടായിരുന്നു. വിശ്രമിക്കാന്‍ വരുന്നവര്‍ക്ക് വസ്ത്രം അതില്‍ കൊളുത്തിവെക്കാം. വേണ്ട പുസ്തകങ്ങളെടുത്ത് വായിക്കാം. കളിക്കേണ്ടവര്‍ക്ക് ഇഷ്ടമുള്ളത് കളിക്കാം’.

താബിഉകളിലെ പല പണ്ഡിതന്മാരും ചതുരംഗത്തില്‍ അതീവ മികവു പുലര്‍ത്തിയിരുന്നു. സാമര്‍ഥ്യം തെളിയിക്കാന്‍ മേശയോട് പുറം തിരിഞ്ഞ് കരുക്കള്‍ നോക്കുക പോലും ചെയ്യാതെ അടുത്ത നീക്കങ്ങള്‍ കൃത്യമായി നിര്‍ദേശിക്കുക പോലും ചെയ്യുന്നവര്‍ അക്കൂട്ടത്തിലുണ്ടായിരുന്നു! ഇക്കാര്യം ഇമാം ബൈഹഖി(ഹി. 458 വഫാത്ത്) അദ്ദേഹത്തിന്റെ ‘മഅ്‌രിഫതുസ്സുനനി വല്‍ ആഥാര്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ഇമാം ശാഫി(റ) പറയുന്നതായി ഞാന്‍ കേട്ടു; സഈദ് ബിന്‍ ജുബൈര്‍(റ)(ഹി. 95 വഫാത്ത്) പിന്തിരിഞ്ഞ് ചതുരംഗം കളിക്കുകയും ഓരോ നീക്കങ്ങളും കൃത്യമായി പറഞ്ഞു കൊടുക്കുകയും ചെയ്യുമായിരുന്നു!’ മുഹമ്മദ് ബിന്‍ സീരീന്‍(ഹി. 110 വഫാത്ത്), ഹിശാം ബിന്‍ ഉര്‍വ(ഹി. 146 വഫാത്ത്) എന്നിവരും പുറം തിരിഞ്ഞിരുന്ന് ചതുരംഗം കളിച്ചവരാണെന്ന് ഇമാം ശാഫി(റ) നിവേദനം ചെയ്യുന്നു.

പില്‍ക്കാലത്ത്, മുസ്‌ലിംകള്‍ ചതുരുംഗം കളിയില്‍ കൂടുതല്‍ മികവു പുലര്‍ത്തിത്തുടങ്ങി. അവരില്‍ ചിലരെക്കുറിച്ച് ചതുരംഗവുമായി ബന്ധപ്പെട്ട് ഉപമകള്‍ വരെ ഉണ്ടാക്കപ്പെട്ടിരുന്നു! ആദ്യമായി ചതുരംഗം കണ്ടെത്തിയത് അവരാണെന്നു പോലും ജനങ്ങള്‍ പറഞ്ഞുതുടങ്ങി! ചരിത്രകാരന്‍ ഇബ്‌നു ഖല്ലികാന്‍, സാഹിത്യകാരനായ അബൂബക്കര്‍ സ്വൗലി(ഹി. 330 വഫാത്ത്)യെക്കുറിച്ച് പറയുന്നിടത്ത് പറയുന്നു: ‘അദ്ദേഹത്തിന്റെ ജീവിതകാലത്ത് അദ്ദേഹത്തെപ്പോലെ ചതുരംഗത്തില്‍ മികവു പുലര്‍ത്തിയ ആരുമുണ്ടായിരുന്നില്ല. നന്നായി ചതുരംഗം കളിക്കുന്നവരെക്കണ്ടാല്‍ സ്വൗലിയെപ്പോലെ കളിക്കുന്ന മനുഷ്യനെന്ന് ജനങ്ങള്‍ പറഞ്ഞുതുടങ്ങി. സ്വൗലിയാണ് ചതുരംഗം കളിയുടെ ഉപജ്ഞാതാവെന്ന് കരുതുന്ന എത്രയോ മനുഷ്യരെപ്പോലും ഞാന്‍ കണ്ടിട്ടുണ്ട്, പക്ഷെ വസ്തുതാ വിരുദ്ധമാണത്’.

ചതുരുംഗം കളിയില്‍ മികവു പുലര്‍ത്തിയ മറ്റൊരു വ്യക്തിത്വമാണ് അന്ദലൂസിയന്‍ ഭിഷഗ്വരനായിരുന്ന അബൂബക്കര്‍ ബിന്‍ അബില്‍ ഹസനിസ്സുഹ്‌രി അല്‍ ഇശ്ബീലി. ഇബ്്‌നു അബീ ഉസൈബിഅ ‘ഉയൂനുല്‍ അന്‍ബാഇല്‍’ അദ്ദേഹത്തെക്കുറിച്ച് പറയുന്നു: ‘തുടക്കത്തില്‍ ചതുരംഗം ഏറെ ഇഷ്ടപ്പെടുകയും അതില്‍ അതീവ മികവു പുലര്‍ത്തുകയും ചെയ്തിരുന്നു അദ്ദേഹം. ചതുരംഗത്തിലേക്ക് ചേര്‍ത്ത് അബൂബക്കര്‍ സുഹ്‌രി അശ്ശത്‌റഞ്ചി(ശത്വ്‌റഞ്ച് എന്നാല്‍ ചതുരംഗം) എന്നുപോലും ജനങ്ങള്‍ വിളിച്ചു. പക്ഷെ, ചതുരംഗപ്രേമികളൊക്കെയും ഇഷ്ടപ്പെട്ടിരുന്ന ഈ നാമകരണം അദ്ദേഹത്തിന് തീരെ ഇഷ്ടമായിരുന്നില്ല. അവസാനം, ഈ പേര് സഹിക്കവയ്യാതെ ചതുരംഗം ഉപേക്ഷിക്കുകയും ഈ പേരു മാറാന്‍ വേറെ വല്ലതും പഠിക്കണമെന്നു പറഞ്ഞ് വൈദ്യം പഠിക്കുകയുമായിരുന്നു എന്നതാണ് ഇതിലെ കൗതുകം’.

വീടുകളിലെ വിനോദങ്ങള്‍
വീട്ടില്‍ വെച്ച് അധ്യാപനം നടത്തിയിരുന്ന പല പണ്ഡിതരും വിദ്യാര്‍ഥികള്‍ക്ക് ഒഴിവുസമയത്ത് കളിക്കാനെന്ന ഉദ്ദേശ്യത്തോടെ ചതുരംഗം കളിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നുവെന്നു കാണാം. അറബി, ഫാരിസി ഭാഷകളില്‍ കവിതകളെഴുതിയിരുന്ന ഫഖ്‌റുദ്ദീന്‍ മുബാറക് ശാഹ് ബിന്‍ ഹസനി അല്‍ മര്‍വറൂദി(ഹി. 602 വഫാത്ത്)ക്ക് ഗ്രന്ഥങ്ങളും ചതുരംഗവുമുള്ള ഒരു സല്‍ക്കാരമുറിയുണ്ടായിരുന്നുവെന്നും പണ്ഡിതര്‍ അവിടെ ഗ്രന്ഥപാരായണം നടത്തുകയും മറ്റുള്ളവര്‍ ചതുരംഗം കളിക്കുകയും ചെയ്തിരുന്നുവെന്ന് ‘അല്‍ കാമില്‍’ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നുല്‍ അഥീര്‍ പറയുന്നു. സമാനമായ അവസ്ഥയായിരുന്നു മിസ്‌റിലെ അറബി ഭാഷാ പടുവായിരുന്ന അല്ലാമാ ബഹാഉദ്ദീന്‍ ബ്‌നുന്നുഹാസ് അല്‍ ഹലബി(ഹി. 698 വഫാത്ത്)യുടെ വീട്ടിലുമെന്ന് ‘മസാലികുല്‍ അബ്‌സ്വാറില്‍’ ഇബ്‌നു ഫള്‌ലുല്ലാഹില്‍ ഉമരി(ഹി. 749 വഫാത്ത്) പറയുന്നുണ്ട്. ഒഴിവു സമയങ്ങളില്‍ ചിലര്‍ ഗ്രന്ഥപാരായണത്തിലും ചില ചതുരംഗത്തിലും മുഴുകുകയും അധ്യാപനത്തിന്റെ സമയമായാല്‍ പിന്നെ ഇത്തരം വിനോദങ്ങള്‍ നിരുത്സാഹപ്പെടുത്തുകയുമായിരുന്നു അവിടത്തെ രീതി.

ചതുരംഗത്തില്‍ ഹരംമൂത്ത് ഓരോ ദിവസവും ഓരോ വീടുകളിലുമായി കളിച്ചുനടക്കുന്ന ആള്‍ക്കാര്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ഇമാം സഖാവി(ഹി. 902 വഫാത്ത്) ‘അള്‍ളൗഉല്ലാമിഅ്’ എന്ന ഗ്രന്ഥത്തില്‍ അല്ലാമാ മുഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ കിനാനി അസ്സംനൂദി അശ്ശാഫിഇയെ പരിചയപ്പെടുത്തി പറയുന്നുണ്ട്. വലിയ പണ്ഡിതനായിരിക്കുമ്പോഴും, മുന്‍പ് സൂചിപ്പിക്കപ്പെട്ട കളിയുമായി ബന്ധപ്പെട്ട നിയമങ്ങളൊന്നും തന്നെ പാലിച്ചിരുന്നില്ല അദ്ദേഹം. അതുകൊണ്ട് തന്നെ പരിസരബോധം മറന്ന്, പരിധിവിട്ട പല പ്രയോഗങ്ങളും അദ്ദേഹത്തില്‍ നിന്നുണ്ടാവലും പതിവായിരുന്നു.

ചതുരംഗം കളിയിലും കാണികളുടെ ഭാഗത്തു നിന്നുള്ള പ്രോത്സാഹനങ്ങളും പിന്തുണകളും സാധാരണയായിരുന്നു. ഖലീഫമാരും ഗവര്‍ണര്‍മാരും പോലും ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. അബ്ബാസി ഖലീഫ മുത്കഫി(ഹി. 295 വഫാത്ത്) അക്കൂട്ടത്തില്‍ പ്രധാനിയാണ്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഏറ്റവും മികച്ച രീതിയില്‍ ചതുരംഗം കളിക്കുക മാവറദിയായിരുന്നു. ഒരു ദിവസം മുന്‍പ്രസ്താവ്യനായ സ്വൗലി ഖലീഫയുടെ അടുക്കല്‍ ചെന്നു. മാവറദിയുമായി ചതുരംഗ മത്സരം നടത്തിയപ്പോള്‍ ആദ്യം മാവറദിയെ പിന്തുണക്കുന്നതു കണ്ട സ്വൗലി അത്ഭുതം കൂറി. വൈകാതെ തന്നെ സ്വൗലി, മാവറദിയെ നിഷ്പ്രയാസം കീഴ്‌പ്പെടുത്തിയപ്പോള്‍ സുല്‍ത്താന്‍ തന്റെ വീക്ഷണം മാറ്റുകയും മാവറദിക്കുള്ള സഹായങ്ങള്‍ നിര്‍ത്തിവെക്കുകയുമായിരുന്നു. ഈ സംഭവം സ്വൗലിയുടെ ജീവചരിത്രം പറയുന്നിടത്ത് ഇബ്‌നു ഖല്ലികാന്‍ രേഖപ്പെടുത്തുന്നുണ്ട്.

പന്തയംവെക്കല്‍
കുതിരപ്പന്തയം, ഒട്ടകപ്പന്തയം, അമ്പെയ്ത്ത് എന്നിവയിലൊക്കെ പന്തയംവെക്കല്‍ വ്യാപകമായതു പോലെ, ചതുരംഗം പോലോത്ത കളികളിലും ഇത് വ്യാപകമായിരുന്നു. മതപരമായി പണ്ഡിതന്മാരുടെ വിലക്ക് നേരിടെത്തന്നെയാണിത് സംഭവിക്കുന്നതും. ഇതിന് ഉപോല്‍ബലകമായ ഒരു സംഭവം അബുല്‍ അയ്‌നാഇ(ഹി. 283 വഫാത്ത്) നെത്തൊട്ട് അബുല്‍ ഹസനുശ്ശാബുശ്തി(ഹി. 388 വഫാത്ത്) ‘അദ്ദിയാറാത്ത്’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട്.

ചതുരംഗം വ്യത്യസ്ത രൂപങ്ങളിലും ഭാരങ്ങളിലുമുണ്ടായിരുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും രൂപത്തിലുള്ള, ഓരോ കരുക്കളും ഒരു ചാണോ അതിലധികമോ വലിപ്പമുള്ള ചതുരംഗമാണ് ഇന്ത്യയിലുണ്ടായിരുന്നതെന്ന് ചരിത്രകാരന്‍ മസ്ഊദി(ഹി. 346 വഫാത്ത്) ‘മുറൂജുദ്ദഹബി’ല്‍ പറയുന്നു. ഈ ഇന്ത്യന്‍ ചതുരംഗമായിരിക്കാം ഉസ്ബക്ക് സുല്‍ത്താന്‍ തൈമൂര്‍ ലങ്കി(ഹി. 807 വഫാത്ത്)നെ വലിയ ചതുരംഗമുണ്ടാക്കാന്‍ പ്രചോദിപ്പിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. സ്ഥിരമായി ചതുരംഗം കളിച്ചിരുന്ന അദ്ദേഹം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ചെറിയ ചതുരംഗം മടുത്തപ്പോള്‍ വലുത് പ്രത്യേകം ഉണ്ടാക്കിക്കുകയായിരുന്നെന്ന് ‘അല്‍ മന്‍ഹലുസ്സ്വാഫി’യില്‍ ഇബ്‌നു തഗ്‌രി ബര്‍ദി പറയുന്നു.

ഇത്രനേരവും വിശദീകരിച്ചതിനു പുറമെ, ഇന്നും വ്യാപകമായിട്ടുള്ള മറ്റു പല വിനോദങ്ങളും മുന്‍കാലത്തു തന്നെ ആരംഭിച്ചവയായിരുന്നു. ജനങ്ങളെ ആനന്ദിപ്പിക്കാന്‍ പാമ്പുകളെ കളിപ്പിക്കുന്ന രീതി അതിലൊന്നാണ്. കണ്‍കെട്ടു വിദ്യകളും അന്ന് വ്യാപകമായിരുന്നു. ഈ വിഷയം ഇബ്‌നുല്‍ ജൗസിയുടെ ‘മിര്‍ആതുസ്സമാനി’ലും മഖ്‌രീസി(ഹി. 845 വഫാത്ത്)യുടെ ‘അല്‍ മവാഇളു വല്‍ ഇഅ്തിബാറി’ലും കാണാം. പ്രാവ് പോലുള്ള പക്ഷികളെക്കൊണ്ടുള്ള കളിയും അന്ന് വ്യാപകമായിരുന്നു. അമവി ഖലീഫ വലീദ് ബിന്‍ അബ്ദുല്‍ മലികി(ഹി. 96 വഫാത്ത്)നെപ്പോലുള്ള പ്രമുഖ ഖലീഫമാരും സമൂഹത്തിലും ഉന്നതരും പോലും ഇത്തരത്തില്‍ പക്ഷികളെക്കൊണ്ട് കളിച്ചിരുന്നുവെന്ന് സിബ്ത്വുബ്‌നുല്‍ ജൗസി രേഖപ്പെടുത്തുന്നു. അബ്ബാസി ഖലീഫ മുസ്തക്ഫി ബില്ലാഹി(ഹി. 334 വഫാത്ത്)യും പക്ഷികളുമായി കളിച്ചിരുന്നുവെന്ന് അബുല്‍ ഹസനുല്‍ ഹമദാനി(ഹി. 521 വഫാത്ത്) ‘തക്മിലതു താരീഖുത്ത്വബ്‌രി’യില്‍ പറയുന്നു. ( അവസാനിച്ചു )

 

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles