Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്, മറിച്ച് ഇതിനൊക്കെ പുറമെ ആരോഗ്യകരമായ വിനോദങ്ങളും ശാരീരികമായും ബൗദ്ധികമായും ഫലം ചെയ്യുന്ന, സുഖവും ഉപകാരവും ഒരുപോലെ നേടിത്തരുന്ന വിനോദങ്ങളും തമാശ പറച്ചിലുകളുമൊക്കെ ഉള്‍ചേര്‍ന്നതാണ് ഇസ്‌ലാമിന്റെ പാരമ്പര്യം.

സാര്‍വത്രികമായ വിനോദങ്ങളുടെ നിയമങ്ങളും മാനദണ്ഡങ്ങളുമൊക്കെ അടിസ്ഥാനപ്പെടുത്തി തന്നെയായിരുന്നു മുസ്ലിംകള്‍ കളിച്ചത്. നബി(സ) തങ്ങള്‍ അറബികളിലെ മല്ലന്മാരുടെ കൂട്ടത്തില്‍ പ്രധാനിയായിരുന്നല്ലോ. ഒട്ടകയോട്ട മത്സരങ്ങളില്‍ പലപ്പോഴും നബി തങ്ങളുടെ ഒട്ടകം വിജയിക്കുകയും ഒരുവട്ടം പരാജയപ്പെടുകയുമാണുണ്ടായത്. താബിഉകളിലെ പ്രധാനികളായ പല പണ്ഡിതന്മാരും പ്രസിദ്ധരായ ചതുരംഗ കളിക്കാരായിരുന്നു. നീന്തല്‍, കാല്‍പന്തുകളി, വേട്ട, മല്‍പിടുത്തം തുടങ്ങിയവയില്‍ തല്‍പരരായിരുന്നു മിക്ക പണ്ഡിതന്മാരും ഭരണകര്‍ത്താക്കളും. ഇസ്ലാമിക നാഗരികതയില്‍ പ്രചാരം നേടിയിരുന്ന വിനോദങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പില്‍.

അതിപുരാതന പാരമ്പര്യം
ചെറുപ്പകാലത്ത് തുടങ്ങി വലിയപ്രായംവരെ വ്യത്യസ്തമായ സംഘടിത വിനോദങ്ങളിലേര്‍പ്പെടുന്നവരായിരുന്നു ജാഹിലിയ്യാ കാലം മുതല്‍ തന്നെ അറബികള്‍. അറബി നിഘണ്ടുകളില്‍ ഇത്തരം വിനോദങ്ങളുടെ പേരുകള്‍ ഒരുപാട് കാണാം. ഭാഷാപണ്ഡിതനായ ഇബ്‌നു സീദ അല്‍ അന്ദുലുസി(ഹി 458 വഫാത്ത്)യുടെ ‘മുഖസ്സസ്’ എന്ന ഗ്രന്ഥത്തില്‍ ‘പൊതുവായ കളി വിനോദങ്ങളുടെ പേരുകള്‍’ എന്നൊരു അധ്യായമുണ്ട്. അതില്‍ വിനോദങ്ങളെക്കുറിച്ചു പറയുന്ന ഭാഗത്ത് 42 കളികളുടെ പേരുകള്‍ അദ്ദേഹം വിശദീകരിക്കുന്നു. പിന്നീടുവന്ന ഇബ്‌നു മന്‍ളൂര്‍(ഹി. 711 വഫാത്ത്)തന്റെ ‘ലിസാനുല്‍ അറബി’ ല്‍ ഒരുപാട് വിനോദങ്ങളെയും അവയില്‍ ചിലത് കളിക്കുന്ന രീതിയും പരിചയപ്പെടുത്തുന്നുണ്ട്.

മക്കയിലെ ജനങ്ങളെക്കുറിച്ചു പറയുന്ന ‘മക്കയുടെ വര്‍ത്തമാനങ്ങള്‍'(അഖ്ബാറു മക്ക) എന്ന ഗ്രന്ഥത്തില്‍ ചരിത്രകാരന്‍ ഫാകിഹി(ഹി. 272 വഫാത്ത്) ‘ജാഹിലിയ്യാ കാലത്തും ഇസ്ലാമിലും മക്കക്കാര്‍ കളിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത വിനോദങ്ങളെ കുറിച്ച്’ എന്ന ഒരധ്യായം തന്നെ വിശദീകരിക്കുന്നുണ്ട്. അതിലദ്ദേഹം പറയുന്നു: ഉമര്‍ ബിന്‍ ഖത്താബ്(റ) മക്കയില്‍ വന്നപ്പോള്‍ കര്‍റക് എന്ന കളി കളിക്കുന്ന ചിലരെ കാണാനിടയായി. നബി(സ) ഇത് അംഗീകരിച്ചിരുന്നില്ലെങ്കില്‍ ഞാനും അംഗീകരിക്കുമായിരുന്നില്ല എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഹിജ്‌റ 210 വരെ തങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു പുരാതന വിനോദമാണ് കര്‍റക് എന്ന് മക്കക്കാര്‍ പറയുന്നു. ഈ വിനോദത്തിന്റെ രീതി വിശദീകരിച്ചുകൊണ്ട് ഫാകിഹി തുടരുന്നു: ‘എല്ലാ ആഘോഷവേളകളിലും മക്കക്കാര്‍ ഈ കളി കളിക്കുമായിരുന്നു. മക്കയിലെ ഓരോ പ്രവിശ്യകള്‍ക്കും(ഹാര്‍റ) പ്രത്യേക കര്‍റകുകള്‍ ഉണ്ടാകും. ജനങ്ങളൊക്കെ അതുകാണാന്‍ ചുറ്റുംകൂടി നില്‍ക്കും. അതിനുശേഷം ഹിജ്‌റ 252 വരെ വലിയൊരു ഇടവേളയായിരുന്നു. 252 നു ശേഷം ഇന്നേവരെ പിന്നെയതിന് തുടര്‍ച്ചയുണ്ടായില്ല. നിഘണ്ടുകള്‍ പരിശോധിക്കുമ്പോള്‍ ഇതുതന്നെയാണ് ‘കര്‍റജ്’ എന്ന പേരില്‍ പ്രസിദ്ധമായ കളിയെന്ന് തെറ്റിദ്ധരിച്ചേക്കാം. പക്ഷെ രണ്ടും രണ്ടാണ്. കുട്ടിക്കുതിരയുടെ രൂപത്തില്‍ മരക്കഷ്ണം വെട്ടിയെടുത്ത് അതിനുമേല്‍ കളിക്കുന്നതാണ് കര്‍റജ് എന്ന് ലിസാനുല്‍ അറബില്‍ ഇബ്‌നു മന്‍ളൂര്‍ പറയുന്നുണ്ട്’.

അറബികള്‍ക്കിടയില്‍ പ്രസിദ്ധമായ ബുദ്ധിയുപയോഗിച്ചുള്ള കളിയാണ്, ‘ഖുര്‍ആനിലെയും ഹദീസിലെയും വിചിത്രകാര്യങ്ങള്‍’ എന്ന ഗ്രന്ഥത്തില്‍ അബൂ ഉബൈദ് അള്‍ ഹറവി(ഹി. 401 വഫാത്ത്) വിശദീകരിച്ച ‘ഖിര്‍ഖ്’ എന്ന വിനോദം. അതിലദ്ദേഹം പറയുന്നു: ‘ഖിര്‍ഖ് എന്ന വിനോദം സ്വഹാബികള്‍ കളിക്കുന്നത് നബി തങ്ങള്‍ കണ്ടിട്ടും അതിനെ വിലക്കിയിരുന്നില്ല എന്ന് അബൂ ഹുറൈറ(റ)യുടെ ഹദീസില്‍ കാണാം. ഒരു സമചതുരം, അതിനകത്ത് മറ്റൊരു സമചതുരം, അതിനകത്ത് വേറൊരു സമചതുരം. തുടര്‍ന്ന് ആദ്യത്തെ വരിയുടെ ഓരോ കോണില്‍ നിന്നും രണ്ടാമത്തെ വരിയിലേക്കും ഓരോ രണ്ട് കോണുകള്‍ക്കിടയിലും ഒരു വര വരയ്ക്കും. അങ്ങനെ ഇരുപത്തിനാല് വരകള്‍ രൂപപ്പെടുന്നു. ഈ വരകള്‍ക്കു മുകളില്‍ ചരല്‍ക്കല്ലോ സമാനമായതോ വെച്ച് കളിക്കുന്നതാണ് രീതി. ഇന്നും നമ്മുടെ നാടുകളില്‍ വ്യാപകമായ ഈ കളിക്ക് സിറിയന്‍ പ്രദേശങ്ങളില്‍ ‘ഡ്രേസ്’ എന്നാണു പേര്’.

അറബികള്‍ക്കിടയില്‍ പ്രചാരം നേടിയിരുന്ന മറ്റൊരു വിനോദമാണ് മല്‍പിടുത്തം. അതിലേറ്റവും സുപ്രധാനമാണ് നബി(സ) തങ്ങള്‍ മക്കക്കാരനായ ഇബ്‌നു റുകാനയുമായി നടത്തിയ മല്‍പിടുത്തം. ഇബ്‌നു അബ്ബാസി(റ)ൽ നിന്ന് ഇബ്‌നു കസീര്‍(റ) അല്‍ ബിദായത്തു വിന്നിഹായയില്‍ ഉദ്ധരിച്ചതിന്റെ ചുരുക്കം ഇപ്രകാരം വായിക്കാം: യസീദ് ബ്‌നു റുകാന നബിയുമായി മല്‍പിടുത്തം നടത്തി. നബി തങ്ങള്‍ മൂന്നുവട്ടം അയാളെ പരാജയപ്പെടുത്തി. ശേഷം അയാള്‍ നബിയോട് പറഞ്ഞത്രെ: മുഹമ്മദ്, നിനക്കുമുമ്പ് വേറൊരാളും എന്നെ മല്‍പിടുത്തത്തില്‍ പരാജയപ്പെടുത്തിയില്ല’.

കൃത്യമായ രീതികള്‍
ഇസ്ലാമിക ചരിത്രത്തിലെ വിനോദങ്ങള്‍ക്ക് നബി തങ്ങളുടെ നുബുവ്വത്തിനോളം പ്രായമുണ്ടെന്നു പറഞ്ഞാല്‍ അതൊരിക്കലും അതിശയോക്തിയാവില്ല. കാരണം, അന്നവിടെ പ്രചുരപ്രചാരം നേടിയിരുന്ന വിനോദങ്ങളെ എല്ലായര്‍ഥത്തിലും നബി തങ്ങള്‍ അംഗീകരിച്ചുവെന്നതു തന്നെ. ആദ്യ ഇസ്ലാമിക രാഷ്ട്രമായ മദീനയിലെ വിനോദങ്ങള്‍ പരിശോധിക്കുമ്പോള്‍ രണ്ടു രീതിയിലുള്ളവ കാണാം. ആഘോഷരീതിയിലുള്ളതും മത്സരരൂപത്തിലുള്ളതും. ചിലപ്പോള്‍ ഇവ രണ്ടും ഒന്നില്‍ തന്നെ ഒരുമിച്ചുകൂടുകയും ചെയ്യാം. ആഘോഷത്തിന്റെ ഭാഗമായുള്ള വിനോദങ്ങളുടെ കൂട്ടത്തില്‍ പ്രസിദ്ധമാണ് ഇമാം ബുഖാരി(റ) തന്റെ സ്വഹീഹില്‍ ഉദ്ധരിക്കുന്ന ആയിശാ ബീവി(റ)യുടെ ഹദീസ്. മഹതി പറയുന്നു: ‘ എത്യോപക്കാര്‍ പള്ളിയില്‍ കളിച്ചുകൊണ്ടിരിക്കെ നബി തങ്ങള്‍ എന്റെ മുറിയുടെ വാതില്‍ക്കല്‍ നില്‍ക്കുകയായിരുന്നു. ഞാന്‍ അവരുടെ കളി നോക്കിയിരിക്കുമ്പോള്‍ തന്റെ മേല്‍വസ്ത്രം കൊണ്ട് എന്നെ മറച്ചുപിടിക്കുകയാണ് നബി തങ്ങള്‍ ചെയ്തത്’. ചില റിപ്പോര്‍ട്ടുകളില്‍ അവര്‍ വാളുകള്‍ കൊണ്ടാണ് കളിച്ചിരുന്നതെന്നും കാണാം. മദീനയിലെ അന്‍സാരികള്‍ക്കിടയില്‍ വ്യാപകമായിരുന്ന ഒരു രീതിയായിരുന്നു അതെന്നാണ് മനസ്സിലാവുന്നത്. അനസ് ബിന്‍ മാലിക്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് അബൂ ദാവൂദ്(റ) റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നബി തങ്ങള്‍ മദീനയിലേക്ക് കടന്നുവരുമ്പോള്‍ ആഗമനത്തില്‍ സന്തോഷിച്ച് എത്യോപ്യക്കാര്‍ വാളുകള്‍ കൊണ്ട് കളിച്ചുവെന്നാണ് ഹദീസ്. ഇമാം സിബ്ത് ബിനുല്‍ ജൗസി(ഹി. 654 വഫാത്ത്) ‘മിര്‍ആത്തു സമാന്‍’ എന്ന ഗ്രന്ഥത്തില്‍ അന്‍സാറുകള്‍ ഏറ്റവുമധികം സന്തോഷിച്ചത് നബി തങ്ങളുടെ ആഗമന സമയത്താണെന്നും എത്യോപ്യക്കാര്‍ നബിയുടെ മുന്നില്‍ വെച്ച് വാളുകള്‍ കൊണ്ട് കളിച്ചുവെന്നും വിശദീകരിക്കുന്നുണ്ട്.

പ്രത്യക്ഷത്തില്‍ വാള്‍പ്പയറ്റെന്നു കേള്‍ക്കുമ്പോള്‍ യുദ്ധത്തിനുള്ള ഒരുക്കമായോ പരസ്പരം നടക്കുന്ന പോരാട്ടമായോ തോന്നിയേക്കാം.
സ്വഹീഹുല്‍ ബുഖാരിയുടെ ശറഹില്‍ കിര്‍മാനി(ഹി. 786 വഫാത്ത്) എന്നവര്‍ ഇബ്‌നുല്‍ മുനയ്യര്‍(ഹി. 683 വഫാത്ത്)എന്നവരെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞത് യുദ്ധത്തിന്റെ ഒരുക്കമായി തോന്നാമെങ്കിലും വിനോദമെന്ന് ഇതിനെ വിളിക്കാന്‍ കാരണം വാള്‍പ്പയറ്റു നടത്തുന്നവര്‍ പരസ്പരം വെട്ടുന്നതായി അഭിനയിക്കുക മാത്രമാണ്, യഥാര്‍ഥത്തില്‍ വെട്ടുന്നില്ല എന്നാണ്. എത്യോപ്യക്കാര്‍ വാള്‍പയറ്റു നടത്തുമ്പോള്‍ തന്നെ നൃത്തം ചെയ്യുക കൂടി ചെയ്യുന്നുണ്ടായിരുന്നുവെന്നും കിര്‍മാനി വിശദീകരിക്കുന്നു. ഇമാം ദഹബി(ഹി. 748 വഫാത്ത്)യുടെ താരീഖുല്‍ ഇസ്‌ലാമിലും, പള്ളിയില്‍ വെച്ച് എത്യോപ്യക്കാര്‍ വാളുകള്‍ കൊണ്ട് കളിക്കുകയും നൃത്തം വെക്കുകയും ചെയ്തിരുന്നു എന്നു കാണാം.

ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഹദീസ് പണ്ഡിതര്‍, കായിക വിനോദങ്ങള്‍ കാണുന്നതിന്റെ വിധി പോലെ സമകാലികമായ ഒരുപാട് കര്‍മശാസ്ത്ര മസ്അലകള്‍ വിശദീകരിക്കുന്നുണ്ട്. ഇബ്‌നു ബത്വാല്‍ ഖുര്‍ത്വുബി(ഹി. 449 വഫാത്ത്) തന്റെ സ്വഹീഹുല്‍ ബുഖാരിയുടെ ശറഹില്‍ ‘അനുവദനീയമായ കളികള്‍ കാണുന്നത് ജാഇസാ’ണെന്ന് ഈ ഹദീസിന്റെ വിശദീകരണത്തില്‍ പറയുന്നു. വാള്‍ കൊണ്ടുള്ള പരിശീലനം തിരുനബിയുടെ സുന്നത്താണെന്നും അദ്ദേഹം പറയുന്നു. ഇന്നത്തെ സൈനിക പരിശീലനത്തിന്റെയും പ്രദര്‍ശനത്തിന്റെയും വിവിധ രീതികളിലുള്ള പരേഡുകളുടെയും അടിസ്ഥാനം നമുക്ക് ഇതില്‍ വ്യക്തമാണ്.

തൊഴിലവസരങ്ങള്‍
ആഘോഷമായി കൊണ്ടുനടക്കപ്പെട്ടിരുന്ന വിനോദങ്ങള്‍ ചിലര്‍ക്കെങ്കിലും ഒരു തൊഴിലവസരം കൂടിയായിരുന്നു. ഇബ്‌നു അബ്ബാസ്(റ) തന്റെ മകന്റെ സുന്നത്ത് കല്യാണം ചെയ്ത സമയത്ത് കളിക്കാരെ വിളിക്കുകയും അവര്‍ക്ക് നാലോ മൂന്നോ ദിര്‍ഹം കൊടുക്കുകയും ചെയ്തിരുന്നുവെന്ന് ഇബ്‌നു അബീശൈബ(ഹി. 235 വഫാത്ത്) ‘മുസ്വന്നഫി’ല്‍ രേഖപ്പെടുത്തുന്നു. പില്‍ക്കാല ചരിത്രങ്ങളില്‍ പല ഖലീഫമാരും സുല്‍ത്താന്മാരും ഇത്തരം കളിക്കാരെ പരിഗണിച്ചതായും ഔദ്യോഗിക പരിപാടികളില്‍ സൈനികര്‍ക്കൊപ്പം അവരെ ഉപയോഗിച്ചതായും കാണാം. ഹിജ്‌റ ഏഴാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, താര്‍ത്താരികളുടെ പ്രതിനിധിക്കു മുന്നില്‍ വെച്ച് ബഗ്ദാദിലെ അബ്ബാസി ഖലീഫ നടത്തിയ സൈനിക പരേഡില്‍, ഇന്ധനമുപയോഗിച്ച് തീയുണ്ടാക്കുകയും അതുകൊണ്ട് അഭ്യാസപ്രകടനം നടത്തുകയും ചെയ്യുന്ന ഒരു കൂട്ടരുണ്ടായിരുന്നുവെന്ന് ഇമാം ദഹബി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഘോഷവേളകളിലെ വിനോദങ്ങളുടെ കൂട്ടത്തില്‍ പ്രധാനമാണ് സ്‌പെയിന്‍ യാത്രികനായ ഇബ്‌നു ജുബൈര്‍(ഹി. 614 വഫാത്ത്) തന്റെ രിഹ്‌ലയില്‍ അതിസൂക്ഷ്മമായി വിശദീകരിച്ച, റജബ് മാസത്തിലെ ഉംറക്കാലത്തെ മക്കക്കാരുടെ ആഘോഷം. അദ്ദേഹം എഴുതുന്നു: ‘മുന്‍പെങ്ങും കേട്ടിട്ടില്ലാത്ത ആയൊരു ആഘോഷത്തിനായി മക്കക്കാര്‍ മുഴുവന്‍ ഒത്തുകൂടി. അവരുടെ മുന്‍ഗണനാക്രമമനുസരിച്ച് ഓരോ ഗോത്രങ്ങള്‍ നിരനിരയായി, ആയുധധാരികളായി, കുതിരമേലും കാല്‍നടയുമായി അത്ഭുതകരമായ ഒരു ക്രമീകരണത്തിലായിരുന്നു അവരൊക്കെയും. കുതിരപ്പടയാളികള്‍ കുതിരമേല്‍ നിന്ന് വാളുകള്‍ കൊണ്ട് ആയുധപ്രകടനം നടത്തുന്നു. ശ്വാനരന്മാര്‍ പരസ്പരം വെട്ടി പരിശീലിച്ചും വാളുകള്‍ പരിചയില്‍ ഇടിച്ച് ശബ്ദമുണ്ടാക്കിയും ആകാശത്തേക്ക് ഉയര്‍ന്നുചാടി പ്രകടനം നടത്തിയും വാളുകള്‍ അന്തരീക്ഷത്തിലേക്ക് ചുഴറ്റിയെറിഞ്ഞ് അത്ഭുതകരമാംവിധം അത് പിടിയിലൊതുക്കിയും പ്രകടനം നടത്തുന്നു’.

ഘോരമായ യുദ്ധങ്ങളില്‍ വിജയം വരിച്ചശേഷം ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായി ഇത്തരം വിനോദങ്ങള്‍ പലതും അരങ്ങേറിയിരുന്നു. ശാമിലെ അയ്യൂബികള്‍ മിസ്‌റിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കു മേല്‍ വിജയം നേടിയപ്പോള്‍ കൈറോ നഗരത്തില്‍ പ്രവേശിച്ച് രണ്ടു കൊട്ടാരങ്ങള്‍ക്കു നടുവിലായി കുതിരമേല്‍നിന്ന് കുന്തം കൊണ്ട് നടത്തിയ ആയുധപ്രകടനം ചരിത്രകാരന്‍ ഇബ്‌നുദ്ദവാദുരി(ഹി. 736 വഫാത്ത്) ‘കന്‍സു ദുററി’ല്‍ രേഖപ്പെടുത്തുന്നുണ്ട്. അടുത്ത കാലത്തായി നടന്ന സമാനമായ സംഭവത്തിന്റെ ഉദാഹരണമാണ് ഹിജ്‌റ 1156 ല്‍ ദമസ്‌കസിലെ ഗവര്‍ണറായിരുന്ന സുലൈമാന്‍ പാഷാ(ഹി. 1156 വഫാത്ത്) തന്റെ മകന്റെ സുന്നത്ത് കല്യാണത്തിന്റെ ഭാഗമായി എല്ലാവിധ കളിക്കാരെയും ഒരുമിച്ചുകൂട്ടുകയും ഇഷ്ടമുള്ളത് കളിക്കാന്‍ അവസരം നല്‍കുകയും ഇതേയവസ്ഥ ഏഴുദിനരാത്രങ്ങള്‍ തുടര്‍ന്നുപോവുകയും ചെയ്തത്. ഈ സംഭവം ഹല്ലാഖ് ബദീരി(ഹി. 1175 വഫാത്ത്) ‘ഹവാദിസു ദിമശ്ഖ് അല്‍ യൗമിയ്യ’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.

ഈ വിനോദങ്ങളുടെ കൂട്ടത്തില്‍ വെറും വിനോദമെന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുള്ള കളികളുമുണ്ടായിരുന്നു. ഇതിലാണെങ്കില്‍ പണ്ഡിതന്മാരും രാജ്യത്തെ പ്രമുഖരും പോലും പങ്കെടുത്തിരുന്നു. രാജ്യനന്മയെക്കുറിച്ചു പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളിലൊക്കെയും ഇത്തരം വിനോദങ്ങളെയും അതിന്റെ ആള്‍ക്കാരെയും പരിഗണിക്കല്‍ രാജ്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നു കാണാം. ജാഹിളി(ഹി. 255 വഫാത്ത്)ന്റെ ‘അത്താജ്’ എന്ന ഗ്രന്ഥത്തില്‍ ‘പന്തുകളി, വേട്ടയ്ക്കു പോകല്‍, അമ്പെയ്ത്ത്, ചതുരംഗം അതുപോലോത്ത കളികള്‍ രാജാവും പരിവാരങ്ങളും തുല്യമാവുന്ന കാര്യങ്ങളാണെന്നും രാഷ്ട്രത്തിനോ രാജാവിനോ നഷ്ടമോ കുറവോ വരുത്താത്ത കാര്യങ്ങളാണെന്നും’ കാണാം.

സാമുദായിക പ്രാതിനിധ്യം
പണ്ഡിതന്മാരും ഇത്തരം വിനോദങ്ങളുടെ ഭാഗമായിരുന്നതിന്റെ ഉദാഹരണം ഇബ്‌നു റജബ് അല്‍ ഹമ്പലി(ഹി. 795 വഫാത്ത്) ‘ദൈലു ത്വബഖാത്തില്‍ ഹനാബില’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഹനഫികളിലെ പ്രമുഖനായ അബൂ മന്‍സൂര്‍ അബ്ദുല്‍ അസീസ് ബിന്‍ സാബിത്ത് അല്‍ ബഗ്ദാദി(ഹി. 596 വഫാത്ത്) മറ്റുചില പണ്ഡിതരോടൊപ്പം ഇമാം അഹ്‌മദ് ബിന്‍ ഹമ്പലി(റ)ന്റെ ഖബര്‍ സിയാറത്ത് ചെയ്തു വരുംവഴി കുളിക്കാന്‍ വെള്ളത്തിലിറങ്ങി. വെള്ളത്തിലങ്ങനെ കളിച്ചുകൊണ്ടിരിക്കെ കൂട്ടത്തില്‍ ചിലര്‍ അദ്ദേഹത്തോട് ‘ശൈഖ് മുഹമ്മദ് നഅ്ആല്‍(ഹി. 596 വഫാത്ത്) നിങ്ങളെ വീക്ഷിക്കുന്നുണ്ടാവു’മെന്നു പറഞ്ഞപ്പോള്‍ ‘ഓ മിസ്‌കീനേ, അല്ലാഹു നമ്മെ വീക്ഷിക്കുന്നുണ്ടല്ലോ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കുട്ടികള്‍ക്ക് അവരുടേതായ പ്രത്യേക കളികളും വിനോദങ്ങളുമുണ്ടായിരുന്നു. രാവും പകലുമായി വഴികളിലും മുറ്റങ്ങളിലും അവരതു കളിച്ചു. പല പദങ്ങളും വിശദീകരിക്കുന്നിടത്ത് നിഘണ്ടുകളില്‍ ‘അത് കുട്ടികളുടെ വിനോദനമാണ്’ എന്നു പറയുന്നതു കാണാം. സ്വഹീഹു മുസ്ലിമില്‍ നബി(സ) തങ്ങളുടെ ചെറുപ്പകാലത്ത് നടന്ന ഹൃദയം കീറിയ സംഭവം പറയുന്നിടത്ത് ‘നബി തങ്ങള്‍ കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെ’ എന്നാണുള്ളത്. ഇമാം ദഹബി ‘സിയറു അഅ്‌ലാമിന്നുബലാഇ’ ല്‍ അബൂഹുറൈറ(റ) മദീനയിലെ കുട്ടികളോട് തമാശരൂപേണ കളിക്കുന്നയാളായിരുന്നുവെന്നും ചിലപ്പോള്‍ രാത്രികളില്‍ കുട്ടികള്‍ കളിക്കുമ്പോള്‍ പാത്തും പതുങ്ങിയും അവര്‍ക്കരികെ ചെന്ന് കാലുകള്‍ കൊണ്ട് ശബ്ദമുണ്ടാക്കുകയും കുട്ടികള്‍ പേടിച്ചോടുകയും ചെയ്യുമായിരുന്നുവെന്ന് രേഖപ്പെടുത്തുന്നു.

പെണ്‍കുട്ടികള്‍ക്കും പ്രത്യേക കളികളും ഉപകരണങ്ങളും അന്നുണ്ടായിരുന്നു. ആനക്കൊമ്പുകള്‍ കൊണ്ട് നിര്‍മിച്ചിരുന്ന അത്തരം ഉപകരണങ്ങള്‍ അറബികള്‍ക്കിടയില്‍ ‘ബനാത്ത്’ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ആഇശ(റ) ചെറുപ്പത്തില്‍ ‘ഞാന്‍ നബി തങ്ങളുടെയടുക്കല്‍ വെച്ച് ബനാത്ത് കൊണ്ട് കളിക്കാറുണ്ടായിരുന്നു’വെന്നു പറയുന്ന ഹദീസ് സ്വഹീഹുല്‍ ബുഖാരിയിലുണ്ട്. ഇന്നത്തെ ‘ബാര്‍ബി’യെക്കാള്‍ വലിപ്പത്തിലുള്ള പാവകള്‍ അന്ന് ‘ദൂബാര്‍ക’ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. ഖാദി മുഹസ്സിന്‍ തനൂഖി(ഹി. 384 വഫാത്ത്) ‘നശ്‌വാറുല്‍ മുഹാളറ’യെന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ദൂബാര്‍ക എന്നാല്‍ അനറബി പദമാണ്. കുട്ടികളുടെ വലിപ്പത്തിലുള്ള ഒരു കളിപ്പാട്ടമാണത്. ബഗ്ദാദുകാര്‍ നൈറൂസ് ആഘോഷരാവില്‍ ഇത്തരം പാവകളെ മണവാട്ടികളെപ്പോലെ അണിയിച്ചൊരുക്കി, മുന്തിയ വസ്ത്രങ്ങളും ആഭരണങ്ങളും ധരിപ്പിച്ച് പുറത്തിറക്കും. അകമ്പടിയായി വാദ്യമേളങ്ങള്‍ അരങ്ങേറും’.

നബി(സ) തങ്ങളുടെ കാലം മുതല്‍ക്കുതന്നെ മത്സരസ്വഭാവമുള്ള കായികവിനോദങ്ങള്‍ക്ക് പ്രാദേശികമായി വ്യാപകമായ പരിഗണന ലഭിച്ചുപോന്നിരുന്നു. സമുദായത്തിന് യാതൊരു ഉപകാരവുമില്ലാത്തവിധം പണം നശിപ്പിച്ചു കളയുന്ന ചൂതാട്ടങ്ങളുടെ വാതിലുകള്‍ ശരീഅത്ത് മുഴുവനായി കൊട്ടിയടച്ചുവെങ്കിലും, ധീരതയും ശക്തിപ്രകടനവും തെളിയിക്കാനുതകുന്ന, ശാരീരികമായി ബലപ്പെടുത്താനും ഉന്മേഷം പകരാനും സഹായിക്കുന്ന അമ്പെയ്ത്ത്, കുതിരയോട്ടം, ഒട്ടകയോട്ടം പോലോത്ത വിനോദങ്ങള്‍ ഉപര്യുക്ത നിരോധനത്തില്‍ നിന്നൊഴിവായിരുന്നു. അബൂ ദാവൂദ്(റ), തുര്‍മുദി(റ), നസാഈ(റ), എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്ത അബൂ ഹുറൈറ(റ)യുടെ ഹദീസില്‍ ‘നസ്വ് ബ് (അമ്പെയ്ത്ത്), ഖുഫ്ഫ്(ഒട്ടകപ്പന്തയം), ഹാഫിര്‍(കുതിരപ്പന്തയം) എന്നിവയിലല്ലാതെ മത്സരം പാടില്ലെന്ന ‘ നബിവചനം കാണാം. ഇത്തരം മത്സരങ്ങളെ നബി തങ്ങള്‍ പരിഗണിക്കുക മാത്രമല്ല, ചിലപ്പോള്‍ ഉപദേഷ്ഠാവായും ചിലപ്പോള്‍ മത്സരാര്‍ഥിയായും ചിലപ്പോള്‍ ആവേശം പകരുന്നയാളായും ഇത്തരം വിനോദങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്നു. ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: മത്സരത്തിനു വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ട കുതിരമേല്‍ ഹഫ്‌യാഅ് മുതല്‍ സനിയ്യത്തുല്‍ വദാഅ് വരെ(ഏകദേശം 10 കിലോമീറ്റര്‍) നബി തങ്ങള്‍ മത്സരം നടത്തി. സാധാരണ കുതിരമേല്‍ സനിയ്യത്തുല്‍ വദാഅ് മുതല്‍ മസ്ജിദു ബനീ സുറൈഖ് വരെ പന്തയം നടത്തി. അബ്ദുല്ലാഹി ബിന്‍ ഉമറും(റ) മത്സരം നടത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

അമ്പെയ്ത്താണെങ്കില്‍ നബിയുടെ ഇഷ്ടവിനോദങ്ങളിലൊന്നായിരുന്നു. സലമത്തു ബ്‌നു അക്‌വഅ്(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. നബി (സ) അമ്പെയ്ത്തു മത്സരം നടത്തുന്ന ഒരു കൂട്ടരുടെ അടുത്തുകൂടെ നടന്നുപോവുമ്പോള്‍ അവരോടായി പറഞ്ഞു: ‘ഇസ്മായീല്‍ സന്തതികളെ, നിങ്ങള്‍ അമ്പെയ്യുക. നിങ്ങളുടെ പിതാവ് ഒരു അമ്പെയ്ത്തുകാരനായിരുന്നു'(ബുഖാരി). ഒട്ടകപ്പന്തയത്തിലാണെങ്കില്‍, നടന്ന മത്സരങ്ങളില്‍ ഒന്നിലൊഴികെ മറ്റെല്ലാത്തിലും വിജയിച്ചത് നബി തങ്ങളുടെ ഒട്ടകമായിരുന്നു. അനസ് ബിന്‍ മാലിക്(റ) നിവേദനം ചെയ്യുന്നു: ‘നബി(സ്വ) തങ്ങള്‍ക്ക് അള്ബാഅ്(ചില റിപ്പോര്‍ട്ടുകളില്‍ ഖസ്‌വാഅ് എന്നും കാണാം) എന്ന പേരുള്ളൊരു ഒട്ടകമുണ്ടായിരുന്നു. മത്സരങ്ങളിലൊന്നും തന്നെ അത് പരാജയപ്പെട്ടില്ല. അങ്ങനെയിരിക്കെ ഒരു അഅ്‌റാബിയായ മനുഷ്യനാണ് ആദ്യമായി അതിനെ ഒരു പന്തയത്തില്‍ പരാജയപ്പെടുത്തിയത്. നബി തങ്ങളുടെ ഒട്ടകം പരാജയപ്പെട്ടതിലുള്ള വിഷമം അനുചരന്മാരുടെ മുഖത്ത് പ്രകടമായി. ഇതു കണ്ടപ്പോള്‍ ഇഹലോകത്ത് എന്നും ഉയര്‍ന്നു തന്നെയിരിക്കുന്നതിനെ അല്‍പം താഴ്ത്തുകയെന്നതാണ് അല്ലാഹുവിന്റെ ദൗത്യമെന്നായിരുന്നു നബി(സ്വ) തങ്ങള്‍ പ്രതിവചിച്ചത്'(ബുഖാരി).

കൃത്യമായ നിയമങ്ങള്‍
ബുദ്ധി വര്‍ധിപ്പിക്കുക, യുദ്ധതന്ത്രങ്ങള്‍ പഠിക്കുക, ശത്രുക്കളുടെ ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ മനസ്സിലാക്കുക എന്നീ കാര്യങ്ങള്‍ക്ക് ഉപകാരപ്പെടുന്ന വിനോദങ്ങള്‍, ഹദീസില്‍ പറയപ്പെട്ട അമ്പെയ്ത്തും കുതിരപ്പന്തയവുമൊക്കെപ്പോലെ അനുവദിക്കപ്പെട്ട ഗണത്തില്‍ പെട്ടതാണെന്ന് പണ്ഡിതലോകം വ്യാപകമായി അംഗീകരിച്ചതാണ്. ഇക്കാര്യങ്ങള്‍ മഹ്‌മൂദ് ശുക്‌രി അല്‍ ആലൂസി(ഹി. 1342 വഫാത്ത്) തന്റെ ‘മുഖ്തസ്വറു തുഹ്ഫത്തില്‍ ഇഥ്‌നൈ അശരിയ്യ’ എന്ന ഗ്രന്ഥത്തില്‍ സംഗ്രഹിക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയാണ് കര്‍മശാസ്ത്ര ഗ്രന്ഥങ്ങളൊക്കെയും കായികവിനോദങ്ങളെക്കുറിച്ച് വിശദമായിത്തന്നെ വിശദീകരിച്ചത്.

അക്കാലത്തു നടന്നിരുന്ന വിനോദങ്ങളോടൊക്കെയുള്ള നബി(സ്വ) തങ്ങളുടെ സമീപനരീതികളെയും അതിനു നബി തങ്ങള്‍ വെച്ച മാനദണ്ഡങ്ങളെയും വര്‍ത്തമാന ലോകക്രമത്തില്‍ ‘ആരോഗ്യകരമായ കായിക വിനോദങ്ങളുടെ നിയമങ്ങളെ’ന്ന പേരില്‍ പ്രസിദ്ധമായ നിയമങ്ങളുടെ അടിസ്ഥാനമായി മനസ്സിലാക്കാം. അബൂ ദാവൂദ്(റ), തുര്‍മുദി(റ), നസാഈ(റ) എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി(സ്വ) പറയുന്നു: ‘വിനോദങ്ങളില്‍ ‘ജലബ്’, ‘ജനബ്’ എന്നീ രീതികള്‍ അനുവദനീയമല്ല’. ഇക്കാര്യം ഇമാം മാലിക് ബിന്‍ അനസ് (റ)(ഹി. 179 വഫാത്ത്) മുവത്വയില്‍ ഇപ്രകാരം വിശദീകരിക്കുന്നു: ‘പന്തയത്തില്‍ ഒരു കുതിര പിറകിലാവുമ്പോള്‍, പ്രോത്സാഹനമാകുന്ന വല്ലതിനെയും പിറകിലയച്ച് മത്സരത്തില്‍ ജയിക്കലാണ് ജലബ്. മത്സരിക്കുന്ന കുതിരയോടൊപ്പം മറ്റൊരു കുതിരയെ വെക്കുകയും ലക്ഷ്യത്തോടടുക്കുമ്പോള്‍ രണ്ടാമത്തെ കുതിരയുടെ മേല്‍ കയറി വിജയംവരിക്കുകയും ചെയ്യുകയാണ് ജനബ്’.

അമ്പെയ്ത്തു മത്സരത്തിന്റെ നിയമങ്ങളെക്കുറിച്ച് ഇമാം ശാഫി(റ)(ഹി. 204 വഫാത്ത്) നല്‍കിയ ഫത്‌വ കാണുക: ‘മത്സരാര്‍ഥികള്‍ എല്ലാവരും സഹമത്സരാര്‍ഥികള്‍ ആരാണെന്ന് പൂര്‍ണമായി അറിയാതെ അമ്പെയ്ത്ത് ആരംഭിക്കല്‍ അനുവദനീയമല്ല. ഒന്നുകില്‍ മറ്റുള്ളവര്‍ സ്ഥലത്തുണ്ടാവുകയോ അല്ലെങ്കില്‍ അറിയുന്ന ആളാവുകയോ ചെയ്യണം’. അദ്ദേഹത്തിന്റെ കിതാബുല്‍ ‘ഉമ്മി’ലെ ‘ആരോഗ്യകരമായ വിനോദത്തിന്റെ നിയമങ്ങള്‍’ എന്ന ഭാഗത്ത് സമാനമായ ഒരുപാട് ഫത്‌വകള്‍ കാണാം. പ്രമുഖ സാഹിത്യകാരന്‍ ജാഹിള് തന്റെ ‘താജ്’ എന്ന ഗ്രന്ഥത്തിലും വിനോദങ്ങളുമായി ബന്ധപ്പെട്ട ഒത്തിരി നിയമങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ഈ നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ഭരണാധികാരികളും ഭരണീയരും ഒരുപോലെയാണെന്നു വിശദീകരിച്ച് അദ്ദേഹം പറയുന്നു: ‘രാജാവിന്റെ കൂടെ വിനോദത്തില്‍ ഏര്‍പ്പെടുന്നവനും അര്‍ഹമായ നീതി ചോദിച്ചുവാങ്ങാനും പ്രതിരോധിക്കാനും രാജാവിനെക്കാള്‍ മികവു പുലര്‍ത്താനുമൊക്കെ അധികാരമുണ്ട്. മോശമായ രീതിയിലോ പരുഷമായ സംസാരത്തിലൂടെയോ ഉയര്‍ന്ന ശബ്ദത്തിലൂടെയോ അസഭ്യം പറഞ്ഞോ രാജകീയാധികാരത്തോട് വിരുദ്ധമാവുന്ന കാര്യങ്ങള്‍ കൊണ്ടോ ആവരുതെന്നു മാത്രം’.

വിനോദങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റൊരു ഘടകം വിധിനിര്‍ണയമാണ്. നിഷ്പക്ഷമായും വിശ്വസ്തമായും മത്സരങ്ങള്‍ വീക്ഷിക്കുകയും വിജയിയെ പ്രഖ്യാപിക്കുകയുമാണ് രീതി. ഇതും പൂര്‍വകാലത്തു തന്നെ ചില മത്സരയിനങ്ങളില്‍ നടന്നുവന്നതായി കാണാം. ഇന്നു കാണുന്ന രീതിയിലുള്ള ‘വിധിനിര്‍ണയ’മെന്ന പ്രത്യേക പദവി തന്നെ നല്‍കപ്പെടുകയും ‘വിധികര്‍ത്താവ്’ എന്ന് പേരിട്ടുവിളിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഈ പദവി ഏറ്റെടുത്തയാളായി ചരിത്രഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തിയ പേരാണ് ‘അബൂ അബ്ദുല്ലാ അല്‍ മൗസ്വിലി അല്‍ ഹകം’ എന്ന പേരില്‍ പ്രസിദ്ധനായ കവി മുഹമ്മദ് ബിന്‍ അബ്ബാസ് ബിന്‍ അബൂ ഫുളൈലി(ഹി. 610 ന് ശേഷം വഫാത്ത്)ന്റേത്. കമാലുദ്ദീന്‍ ഇബ്‌നുശ്ശിആര്‍ അല്‍ മൗസ്വിലി(ഹി. 654 വഫാത്ത്) തന്റെ ‘ഖലാഇദുല്‍ ജുമാനി’ല്‍ അബൂ അബ്ദുല്ലാഹില്‍ മൗസ്വിലിയെക്കുറിച്ച്, കായിക വിനോദങ്ങളിലെ വിധിനിര്‍ണയം ഒരു തൊഴിലായി കൊണ്ടുനടന്ന ആളായിരുന്നുവെന്ന് പറയുന്നുണ്ട്.

ആവേശംനല്‍കുന്ന രീതികള്‍
മത്സരാര്‍ഥികളെ ഉത്തേജിപ്പിക്കലും ആവേശത്തേരിലേറ്റലും ഇസ്‌ലാമിന്റെ ആദ്യകാലം മുതല്‍ തന്നെ മത്സരങ്ങളില്‍ വിജയികളെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. അക്കൂട്ടത്തില്‍ പ്രഥമസ്ഥാനത്തുള്ളത് അമ്പെയ്ത്തില്‍ ഒരു വിഭാഗത്തെ റസൂല്‍(സ്വ) പ്രോത്സാഹിപ്പിച്ച സംഭമാണ്. സമലത്തുബ്‌നുല്‍ അക്‌വഇ(റ)ന്റെ, മുന്‍പ് സൂചിപ്പിച്ച ഹദീസില്‍ ഇക്കാര്യം കാണാം. റസൂല്‍(സ്വ) ഒരു വിഭാഗത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കെ മറ്റുള്ളവര്‍ അമ്പെയ്ത്ത് നിര്‍ത്തിവെക്കുകയുണ്ടായി. കാരണമന്വേഷിച്ചപ്പോള്‍ ‘നിങ്ങള്‍ അവരുടെ കൂടെയാവുമ്പോ നമ്മളെങ്ങനെ അമ്പെയ്യു’മെന്നായിരുന്നു മറുപടി. ‘നിങ്ങള്‍ അമ്പെയ്‌തോളൂ, ഞാന്‍ നിങ്ങള്‍ എല്ലാവരോടൊപ്പവുമുണ്ട്’ എന്ന് നബി തങ്ങള്‍ പറഞ്ഞപ്പോള്‍ മാത്രമാണ് മത്സരം തുടര്‍ന്നത്. നബി(സ്വ) തങ്ങളുടെ സാന്നിധ്യം മത്സരാര്‍ഥികള്‍ക്ക് എത്രമാത്രം ആവേശമാണ് പകര്‍ന്നു നല്‍കിയതെന്ന് ഈ ഹദീസ് സൂചിപ്പിക്കുന്നുണ്ട്.

നബി(സ്വ)യുടെ കാലത്ത് മത്സരങ്ങളില്‍ പരസ്പരം എതിരിട്ടത് ഗോത്രങ്ങളാണെങ്കില്‍, പിന്നീട് ഇസ്‌ലാമിക സാമ്രാജ്യം വികസിച്ചതോടെയാണ് ഇന്നത്തെ രൂപത്തിലുള്ള ടീമുകള്‍ക്ക് സമാനമായി ഗ്രാമങ്ങളുസരിച്ചും മറ്റും മത്സരവിഭാഗങ്ങള്‍ രൂപപ്പെട്ടത്. സ്വഫദി(ഹി. 764 വഫാത്ത്) തന്റെ ‘അഅ്‌യാനുല്‍ മിസ്വ്‌റി’ല്‍ നാസ്വിറുദ്ദീന്‍ ബിന്‍ ജോകന്ദാര്‍(ഹി. 715 ന് ശേഷം വഫാത്ത്), അലാഉദ്ദീന്‍ ഖത്വ്‌ലീജാ(ഹി. 720 വഫാത്ത്) എന്നീ രണ്ടു ഗവര്‍ണര്‍മാര്‍ തമ്മില്‍ നടന്ന മത്സരം രേഖപ്പെടുത്തുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘ഇവരുടെ മത്സരങ്ങള്‍ വീക്ഷിച്ച് ജനങ്ങള്‍ പ്രോത്സാഹന വാക്കുകള്‍ പലതും വിളിച്ചുപറയുമായിരുന്നു. ഗവര്‍ണര്‍ നാസ്വിറുദ്ദീന്‍ കുതിരപ്പന്തയത്തില്‍ അതീവ മികവു പുലര്‍ത്തുകയും ഗവര്‍ണര്‍ അലാഉദ്ദീന്‍ പന്തു കിട്ടിയാല്‍ ആദ്യ ശ്രമത്തില്‍ തന്നെ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്യുന്നവരായിരുന്നു. ഇതിനു പുറമെ തന്റെ പലതരം കായികമികവുകള്‍ കൊണ്ട് കേളികേട്ടവര്‍ കൂടിയാണ് അലാഉദ്ദീന്‍. ഓടിക്കൊണ്ടിരിക്കുന്ന കുതിരപ്പുറത്തു കയറി നിന്ന് മരത്തിലെ സഫര്‍ജലിന്റെ പകുതിമാത്രം കടിച്ച് ബാക്കി അവിടെ വെക്കുകപോലും ചെയ്തിരുന്നു അദ്ദേഹം’.

ചരിത്രത്തിലെ ഏറ്റവും അപൂര്‍വമായ ഇനം പ്രോത്സാഹനം കാണാനാവുക പല ജനവിഭാഗങ്ങള്‍ തമ്മിലുള്ള മത്സരങ്ങളിലാണ്. ഖാദി മുഹസ്സിന്‍ അത്തനൂഖി, ഇറാഖിലെ ബുവൈഹി സുല്‍ത്താനായ മുഇസ്സുദ്ദൗല(ഹി. 356 വഫാത്ത്)യെക്കുറിച്ച് ഓട്ടമത്സരം, മല്‍പിടിത്തം, നീന്തല്‍ പോലോത്ത കായികയിനങ്ങളില്‍ അതീവമികവു പുലര്‍ത്തിയിരുന്നുവെന്നും അതിനു വേണ്ടി സമ്പത്ത് ചെലവഴിക്കുകയും വ്യവസ്ഥാപിതമായി അത്തരം മത്സരങ്ങള്‍ സംഘടിപ്പിച്ച് അവ ജനകീയമാക്കുകയും ചെയ്തിരുന്നുവെന്ന് രേഖപ്പെടുത്തുന്നു. ഓട്ടമത്സരമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന താത്പര്യയിനം. സഹോദരന്‍ റുക്‌നുദ്ദൗല(ഹി. 366 വഫാത്ത്)യുടെ റയ്യ്(ഇന്നത്തെ ടെഹ്‌റാന്‍)വരെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ആള്‍ക്കാരോടൊപ്പം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഓടിത്തീര്‍ക്കുകയും കൂടെയുള്ളവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിനു വേണ്ടി ബഗ്ദാദിലെ യുവാക്കള്‍ മത്സരിച്ചു മുന്നോട്ടുവന്നു. ജനങ്ങളൊക്കെ തങ്ങളുടെ മക്കളെ ഇത്തരം മത്സരങ്ങളില്‍ പങ്കെടുപ്പിച്ചുവെന്നതാണ് ഇതിന്റെ പരിണിതിഫലം.

മര്‍ഊശ്, ഫള്‌ല് എന്നിങ്ങനെ പേരുള്ള രണ്ടു മികവുറ്റ ഓട്ടക്കാരായിരുന്നു അദ്ദേഹത്തിന് പ്രധാനമായുണ്ടായത്. മുപ്പതിലധികം ഫര്‍സഖ്(ഏകദേശം ഇന്നത്തെ 200 കിലോമീറ്റര്‍) ദൂരം സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള സമയംകൊണ്ട് അവരിരുവരും ഓടിത്തീര്‍ത്തിരുന്നു. ഓരോ ഫര്‍സഖ് ദൂരം പിന്നിടുമ്പോഴും അവരെ ഉത്തേജിപ്പിക്കാനും ആവേശഭരിതരാക്കാനും പ്രത്യേകം ആള്‍ക്കാരെയും അദ്ദേഹം നിശ്ചയിച്ചിരുന്നു. ബഗ്ദാദിലെ ഓട്ടക്കാരെന്ന പേരില്‍ അവരറിയപ്പെട്ടു. ഇക്കാര്യം തനൂഖി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ രണ്ടു ഓട്ടക്കാരെ ജനങ്ങള്‍ എത്രമാത്രം പ്രോത്സാഹിപ്പിച്ചുവെന്ന കാര്യം അബൂ ഹയ്യാനുത്തൗഹീദി(ഹി. 400ന് ശേഷം വഫാത്ത്) ‘അല്‍ ഇംതാഉ വല്‍ മുആനസ’ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: ‘ഫള്‌ല്, മര്‍ഊശ് എന്നിവരെ ജനങ്ങള്‍ എത്രമാത്രം ആരവങ്ങളോടെയാണ് വരവേല്‍ക്കുന്നതെന്ന് നോക്കൂ. ബഗ്ദാദിലെ ജനങ്ങള്‍ മുഴുവന്‍ ഒന്നുകില്‍ മര്‍ഊശിയ്യോ(മര്‍ഊശിനെ പിന്തുണക്കുന്നവര്‍) അല്ലെങ്കില്‍ ഫള്‌ലിയ്യോ(ഫള്‌ലിനെ പിന്തുണക്കുന്നവന്‍) ആയിരുന്നു! അന്നത്തെ ഖാദില്‍ ഖുദാത്ത്(ചീഫ് ജസ്റ്റിസ്) ഒരിക്കല്‍ ബഗ്ദാദിലെ ഏതോ പ്രദേശത്ത് ചെന്നപ്പോള്‍ നിങ്ങള്‍ മര്‍ഊശിയ്യോ, അതോ ഫള്‌ലിയ്യോ എന്നുപോലും ആരോ ചോദിച്ചത്രെ!’ ഇതിനൊക്കെ പുറമെ മര്‍ഊശിയ്യ് ശീആക്കാരനും ഫള്‌ല് സുന്നിയുമായതിനാല്‍ അത്തരമൊരു വിഭാഗീയത കൂടി ഈ പ്രോത്സാഹനങ്ങള്‍ക്കു പിന്നില്‍ വര്‍ത്തിച്ചിരുന്നുവെന്ന് ഇബ്‌നുല്‍ അഥീര്‍ വ്യക്തമാക്കുന്നു. ( തുടരും)

 

വിവ. മുഹമ്മദ് ശാക്കിര്‍ മണിയറ

Related Articles