Current Date

Search
Close this search box.
Search
Close this search box.

ഗസ്സ: മുസ്ലിം ചരിത്രകാരന്മാരുടെയും ഭൗമശാസ്ത്രജ്ഞരുടെയും രചനകളില്‍

ഗസ്സക്ക് ആയിരത്തോളം വര്‍ഷം നീണ്ട ചരിത്രമുണ്ട്. കന്‍ആനികളുടെ (Canaanites) കാലം മുതല്‍ ഗസ്സയെ കുറിച്ചുള്ള പരാമര്‍ശം കാണാവുന്നതാണ്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍ ലോകത്തെ പുരാതന നഗരങ്ങളില്‍ ഒന്നാണ് ഗസ്സ. അതുപോലെ, ഈജിപ്തും ലെവന്റും അറേബ്യന്‍ ഉപദ്വീപും ഇന്ത്യന്‍ തുറമുഖങ്ങളും തമ്മിലുള്ള സമ്പര്‍ക്ക കേന്ദ്രമായതിനാല്‍ ഇതിന് സവിശേഷമായ ഭൂമിശാസ്ത്ര സ്ഥാനവുമുണ്ട്. അതിനാല്‍ തന്നെ, ഇസ്ലാം വരുന്നതിന് മുമ്പും ശേഷവും മിക്ക പ്രധാന ചരിത്ര സംഭവങ്ങള്‍ക്ക് ഗസ്സ സാക്ഷ്യംവഹിച്ചു. കന്‍ആനികള്‍, അസീറയക്കാര്‍, റോമക്കാര്‍ അവര്‍ക്ക് ശേഷം വന്ന കുരിശുയുദ്ധക്കാരും തര്‍ത്താരികളും ഈ പട്ടണത്തെ കൈപിടിയിലൊതുക്കാന്‍ മോഹിച്ചു. ഇസ്‌ലാമിക വിജയത്തിന് (ഫത്ഹുല്‍ ഇസ്ലാമി) ശേഷം മുസ്‌ലിം ചരിത്രകാരന്മാരുടെയും സഞ്ചാരികളുടെയും ഭൗമശാസ്ത്രജ്ഞരുടെയും എഴുത്തുകളില്‍ നഗരം ശ്രദ്ധ നേടി. അപ്രകാരം പ്രധാന ചരിത്ര ഗ്രന്ഥങ്ങളില്‍ ഈ നഗരം പരാമര്‍ശിക്കപ്പെട്ടു. ഇസ്‌ലാമിക രചനകളില്‍, ഗ്രന്ഥങ്ങളില്‍ ഗസ്സ എങ്ങനെ അടയാളപ്പെടുത്തപ്പെട്ടുവെന്നാണ് താഴെ വിവരിക്കുന്നത്.

ഗസ്സയുടെ ശ്രേഷ്ഠത

ഗസ്സയുടെ ശ്രേഷ്ഠതയെ കുറിച്ച് ധാരാളം എഴുത്തുകാര്‍ വിവരിക്കുന്നുണ്ട്. ‘കിതാബുല്‍ ബുല്‍ദാന്റെ’ രചയിതാവായ ഇബ്നു ഫഖീഹില്‍ ഹംദാനി ഫലസ്ത്വീനെ കുറിച്ച് പൊതുവായും ഗസ്സയെ കുറിച്ച് പ്രത്യേകമായും വിവരിക്കുന്നു: ‘ഇബ്നുല്‍ കലബി പറയുന്നു: അല്ലാഹു നിങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പവിത്രഭൂമിയില്‍ നിങ്ങള്‍ പ്രവേശിക്കുവിന്‍’ (അല്‍മാഇദ: 21) വിശുദ്ധ ഖുര്‍ആന്‍ ഇവിടെ പറയുന്നത് ഫലസ്ത്വീനെ കുറിച്ചാണ്. ‘ലോകര്‍ക്ക് വേണ്ടി നാം അനുഗ്രഹീതമാക്കിവെച്ചിട്ടുള്ള ഒരു ഭൂപ്രദേശത്തേക്ക്’ (അല്‍അമ്പിയാഅ്: 71) ഇതും ഫലസ്ത്വീനെ കുറിച്ചാണ്.’ ഒരുപാട് നന്മകള്‍ നിറഞ്ഞുനില്‍ക്കുന്ന വിശാലമായ രാഷ്ട്രമാണ് ഫലസ്ത്വീന്‍. ഇത് ഗ്രീക്കുകാര്‍ നിര്‍മിച്ചതാണെന്നും അവരാണ് അവിടെ ഒലിവ് മരങ്ങള്‍ നട്ടുപിടിപ്പിച്ചതെന്നും പറയപ്പെടുന്നു. അല്ലാഹുവിന്റെ റസൂല്‍(സ) പറയുന്നു: ‘പരസ്പരം ചേര്‍ന്നുനില്‍ക്കുന്ന ഗസ്സയെ കുറിച്ചും അസ്ഖലാനെ കുറിച്ചും ഞാന്‍ നിങ്ങളെ സന്തോഷവാര്‍ത്ത അറിയിക്കുന്നു’. ഉമറുബിനുല്‍ ഖത്താബ്(റ) പറയുന്നു: ‘അതിര്‍ത്തി തടയപ്പെടുകയും അസ്ഖലാനെ അതിന്റെ ജനത നിയന്ത്രിക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ ഞാനതിനെ സംബന്ധിച്ച മഹത്വം നിങ്ങളെ അറിയിക്കുമായിരുന്നു.’ അബ്ദുല്ലാഹി ബിന്‍ സലാം പറയുന്നു: ‘ഓരോ കാര്യത്തിനും ഉന്നതമായ സ്ഥാനമുണ്ട്. ലെവന്റിന്റെ ഉന്നതമായ സ്ഥാനം അസ്ഖലാനാണ്.’ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച ‘പവിത്രമായ ഭൂമി’യുടെ ശ്രേഷ്ഠതയും അവിടത്തെ ആളുകളുടെ വിശേഷണവും പോരാട്ടവും ഈ ഉദ്ധരണികള്‍ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും.

ഗസ്സയുടെ ഭൂമിശാസ്ത്രം

മുസ്‌ലിം ഭൗമശാസ്ത്രജ്ഞരും സഞ്ചാര സാഹിത്യകാരന്മാരും ഗസ്സയെ കുറിച്ച് വിവരണം നടത്തിയിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളൊന്നും ഗസ്സയെ കുറിച്ചും അവിടത്തെ സംഭവങ്ങള്‍, കൃഷി, ആളുകളുടെ സവിശേഷത എന്നിവയെ കുറിച്ചും പരാമര്‍ശിക്കാതെ പോകുന്നില്ല. മുസ്ലിം ഭൗമശാസ്ത്രജ്ഞന്മാര്‍ ലോകത്തെ ഭൂമിശാസ്ത്രപരമായി ഏഴ് മേഖലകളായി വിഭജിച്ചിട്ടുണ്ട്. ഗസ്സ നഗരം സ്ഥിതി ചെയ്യുന്നത് മൂന്നാം മേഖലയിലാണ്. അത് ലോകത്തിന്റെ മധ്യഭാഗത്താണ് വരുന്നത്. യാഖൂതുല്‍ ഹമവിയുടെ ‘മുഅ്ജമുല്‍ ബുല്‍ദാനി’ല്‍ നിന്നുളള ചില ഭാഗങ്ങള്‍ ഞാനിവിടെ ഉദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു: ‘ഗസ്സ മൂന്നാമത്തെ മേഖലയിലാണ് വരുന്നത്. പടിഞ്ഞാറ് ഭാഗത്ത് നിന്ന് അതിന്റെ നീളം 54 ഡിഗ്രിയും 50 മിനിറ്റും വീതി 32 ഡിഗ്രിയുമാണ്. മുഹല്ലബിയുടെ ഗ്രന്ഥത്തില്‍ ഗസ്സയും റംലയും നാലാമത്തെ മേഖലയിലാണ് വരുന്നത് (ഇത് ശരിയല്ലെന്നാണ് യാഖൂത്തുല്‍ ഹമവിയുടെ അഭിപ്രായം). ഈജിപ്തിന് നേരെയായി ലെവന്റില്‍ നിന്ന് വിദൂരമായ പട്ടണമാണ് ഗസ്സ. ഗസ്സയും അസ്ഖലാനും തമ്മില്‍ രണ്ട് ഫര്‍സഖ് (ഒരു ഫര്‍സഖ് മൂന്ന് മൈലാണ്) അല്ലെങ്കില്‍ അതിനെക്കാള്‍ കുറവ് ദൂരം മാത്രമാണുള്ളത്. അത് അസ്ഖലാന് പടിഞ്ഞാറുള്ള ഫലസ്തീന്റെ ഭാഗങ്ങളിലാണ് വരുന്നത്.’

ഗസ്സ എന്ന് വിളിക്കപ്പെടുന്നതിന് പല കാരണങ്ങളുള്ളതായി പറയപ്പെടുന്നു. യാഖൂത്തുല്‍ ഹമവി പറയുന്നു: ‘ഇന്നയാള്‍ മറ്റെയാളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു’വെന്ന് ( قد غز فلان بفلان ) അറബികള്‍ പറയാറുണ്ട്. ‘മസാലികുല്‍ അബ്‌സാര്‍ ഫി മമാലികുല്‍ അമ്‌സാര്‍’ എന്ന ഗ്രന്ഥത്തില്‍ ശിഹാബുദ്ധീന്‍ അല്‍അംറി പറയുന്നു: ‘അല്‍ഗസ്സില്‍ ( الغز ) നിന്നായിരിക്കാം ഗസ്സയുണ്ടായതെന്നാണ് അവര്‍ പറയുന്നത്. ‘ الغز ‘ എന്നാല്‍ വായയുടെ ഒരറ്റമാണ് ( شدق ). അത് കടല്‍ത്തീരത്തിന് തൊട്ടടുത്തുള്ള ലെവന്റിന്റെ പ്രധാന ഭാഗത്ത് വരുന്നത് കൊണ്ടാണ്. ‘ أغزت البقرة ‘ (ഗര്‍ഭംചുമക്കാന്‍ പ്രയാസപ്പെടുക) എന്ന് അറബികള്‍ പറയാറുണ്ട്. മണല്‍പ്രദേശമായത് കാരണം മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും നടക്കാന്‍ പ്രയാസമായതിനാലാണ് ആ പേര് ലഭിച്ചത്.’

ഒരു കൂട്ടം പ്രവാചകന്മാരുടെയും പണ്ഡിതന്മാരുടെയും ജന്മസ്ഥലമാണിതെന്ന് പറയപ്പെടുന്നു. ഇതിനെ കുറിച്ച് മുജീറുദ്ധീന്‍ അല്‍ഹമ്പലി തന്റെ ‘അല്‍ഉന്‍സ് അല്‍ജലീല്‍ ബിതാരീഖില്‍ ഖുദ്സ് വല്‍ജലീല്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘ബൈത്തുല്‍ മഖ്ദിസിനോട് ചേര്‍ന്നുള്ള ഏറ്റവും മനോഹരമായ പട്ടണമാണ് ഗസ്സ. അവിടെയാണ് ദാവൂദ് ബിന്‍ സുലൈമാന്‍ ജനിച്ചത്. ശ്രേഷ്ഠനായ ഇമാം മുഹമ്മദ് ബിന്‍ ഇദ്രീസ് അശ്ശാഫിഈ ജനിച്ചതും അവിടെയാണെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ജന്മം കൊണ്ട് പ്രസിദ്ധമായ സ്ഥലമാണത്. സുലൈമാന്‍ നബിയുടെയും ഇമാം ശാഫിഈയുടെയും ജനനമല്ലാതെ ഗസ്സക്ക് അഭിമാനിക്കാന്‍ മറ്റൊന്നുമില്ലെങ്കില്‍ അത് മതിയാകും.’ അല്‍ഖസ്വീനി പറയുന്നു: ‘അതിന് അത്ഭുതമെന്ന് പറയാന്‍ ഇമാം മുഹമ്മദ് ബിന്‍ ഇദ്രീസ് അശ്ശാഫിഈയുടെ ജനനം തന്നെ മതി.’

ഗസ്സയുടെ പ്രത്യേകത

ഖലീല്‍ അല്‍ളാഹിരിയുടെ ‘സുബദതു കശ്ഫില്‍ മമാലിക് വല്‍ബയാനിത്തുറുക്കി വല്‍മസാലിക്’ ഉള്‍പ്പെടെ ഗസ്സയെ കുറിച്ച് വിവരിക്കുന്ന ധാരാളം പുസ്തകങ്ങളുണ്ട്. ഖലീല്‍ അല്‍ളാഹിരി പറയുന്നു: ‘സമതലമായ ഗസ്സ മനോഹരമായ നഗരമാണ്. അവിടെ ധാരാളം പഴവര്‍ഗങ്ങളുണ്ട്. സര്‍വകലാശാലകളും വിദ്യാലയങ്ങളും അതിശയിപ്പിക്കുന്ന മനോഹരമായ കെട്ടിടങ്ങളുമുണ്ട്. ഇത് രാജാവിന്റെ ഇടനാഴിയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇതിന് അതിന്റെ പ്രവര്‍ത്തനങ്ങളുണ്ട്. ഇവിടെ പല ഗ്രാമങ്ങളുമുണ്ട്. ഇത് വിശാലമായ രാജവംശമാണ്.’ രാജവംശമെന്ന വിശേഷണം അതിശയോക്തിപരമല്ല. ശംസുദ്ധീന്‍ അദ്ദിമിശ്ഖി തന്റെ ‘നഖ്ബത്തുദ്ദഹര്‍ ഫി അജാഇബില്‍ ബര്‍റി വല്‍ബഹര്‍’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ‘അത് ഒരുപാട് പട്ടണങ്ങള്‍ ഉള്‍കൊള്ളുന്നു. ഗസ്സ, പണ്ട് ഹാശിം ഗസ്സയെന്നാണ് അറിയപ്പെട്ടിരുന്നത്. അവിടെ ധാരാളം മരങ്ങളുണ്ട്. മണല്‍കവാടങ്ങളില്‍ ഇസ്ലാമിക സൈന്യത്തിനുണ്ടായിരുന്ന തീന്മേശ പോലെ. കയറ്റുമതിയും ഇറക്കുമതിയും ലെവന്റിലേക്കും ഈജിപ്തിലേക്കുമായിരുന്നു. തീരദേശ നഗരങ്ങളില്‍ ഒന്നാണ് അസ്ഖലാന്‍. ഫ്രഞ്ചുകാരുടെ അധീനതിയിലുണ്ടായിരുന്ന ഈ മഹത്തായ പട്ടണം മുസ്‌ലിംകള്‍ നാശോന്മുഖമാക്കി. അതുപോലെ, ജാഫയും ഖൈസരിയ്യയും ദാറൂമും അല്‍അരീശും.’

നഗരത്തിന്റെ ഭൂപ്രകൃതിയും അവിടത്തെ മനുഷ്യരുടെ പ്രത്യേകതയും അല്‍ഖശ്ഖന്ദി തന്റെ ‘സുബ്ഹുല്‍ അഅ്ശ’യില്‍ പറയുന്നുണ്ട്. ‘ഇബ്നു സഈദില്‍ നിന്ന് അദ്ദേഹം ഉദ്ധരിക്കുന്നു: ഇത് ഫലസ്തീന്‍ സൈന്യത്തിന്റെ നഗരമാണ്. ഏഴ് മേഖകളില്‍ മൂന്നാമത്തെ മേഖലയില്‍ വരുന്നതാണ്. ഇത് ഈജിപ്തിനും ലെവന്റിനും ഇടയിലുള്ള മണല്‍ പ്രദേശത്തിന്റെ അറ്റത്താണ്. കരയും കടലും ഇരുവശങ്ങളിലായുണ്ട്. റോമന്‍ കടലില്‍ നിന്ന് ഒരു മൈല്‍ ഉയരത്തില്‍, ഇടത്തരം വലിപ്പത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അത് പള്ളികളും വിദ്യാലയങ്ങളും ആശുപത്രികളും (ബീമാരിസ്ഥാന്‍) അങ്ങാടികളുമുള്ള സ്ഥലമാണ്. ശുദ്ധമായ അന്തരീക്ഷമാണ് അവിടെയുള്ളത്. അവിടെയുള്ളവര്‍ കിണറില്‍ നിന്നാണ് വെള്ളം കുടിച്ചിരുന്നത്. അവിടെ മഴ പെയ്യുന്ന സ്ഥലങ്ങളുണ്ടെങ്കിലും വെള്ളം കുടിക്കാന്‍ പാകത്തിന് കിണറുകളിലേക്ക് ഒഴുക്കുന്നു. അതിന്റെ തീരത്ത് ധാരാളം തോട്ടങ്ങളുണ്ട്. അവിടെയുള്ള പഴങ്ങള്‍ മുന്തിരിയും അത്തിപ്പഴവുമാണ്. അവിടെ ഈന്തപ്പനകളുമുണ്ട്. അത് ബനൂ ഇസ്രാഈലുകാരിലേക്ക് വ്യാപിച്ച് കിടക്കുന്നു. അത് കൃഷിയുടെയും കാലികളുടെയും സ്ഥലമാണ്.’ അദ്ദേഹം തുടരുന്നു: ‘അവിടത്തെ നാട്ടുകാരായ അശ്‌റാന്‍കാര്‍ പരസ്പരം ശത്രുതയിലായിരുന്നു. അവര്‍ക്ക് ഭരണകൂടത്തോട് ഭയമില്ലായിരുന്നുവെങ്കില്‍ അവിടം യുദ്ധ കലുഷിതമാകുമായിരുന്നു. അവര്‍ നഗരത്തെ ആക്രമിക്കുമായിരുന്നു.’

ഗസ്സയുടെ ചരിത്രം

ഗസ്സയെ പോലെ പുരാതനമായ ഒരു നഗരത്തിന്റെ ചരിത്രം ഒരു ലേഖനത്തില്‍ വിവരിക്കാന്‍ കഴിയുകയില്ല. അതിന് ഒരു പുസ്തകം തന്നെ വേണ്ടി വരും. എന്നാല്‍, രചനകളില്‍, ഗ്രന്ഥങ്ങളില്‍ വന്നിട്ടുള്ളതില്‍ നിന്ന് ചിലതാണ് കുറിക്കുന്നത്. ഇബ്‌നു ഖല്‍ഖാന്‍ ‘വഫയാത്തുല്‍ അഅ്‌യാനില്‍’ പരാമര്‍ശിച്ചതില്‍ നിന്ന് ആരംഭിക്കാം: ‘വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന രണ്ട് യാത്രകളില്‍ (ഖുറൈശികളുടെ ശൈത്യത്തിലെയും വേനലിലെയും യാത്ര) ഒന്നാണ് ഗസ്സ.’ വേനല്‍ കാലത്തെ യാത്ര ലെവന്റിലേക്കായിരുന്നുവെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. അതിന്റെ തുടക്കം ഗസ്സയായിരുന്നു. ശൈത്യകാലത്തെ യാത്ര യമനിലേക്കായിരുന്നു.

പുരാതന കാലം മുതല്‍ക്കെ മുസ്ലിംകള്‍ റോമക്കാരുമായും പിന്നീട് കുരിശുയുദ്ധക്കാരുമായും പോരാടിയിരുന്നു. എന്നാല്‍, മുസ്ലിംകളുടെ റോമക്കാരുമായുള്ള യുദ്ധത്തിന്റെ തുടക്കം ഗസ്സയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉസ്താദ് മുഹമ്മദ് കുര്‍ദ് അലി ‘ഖുതതുശ്ശാമി’ല്‍ പറയുന്നു: ‘ഹിജ്റ 12-ല്‍ ഗസ്സയിലെ ദാഇന്‍ എന്ന ഗ്രാമത്തില്‍ വെച്ചായിരുന്നു അറബികളും റോമക്കാരും തമ്മില്‍ ആദ്യം ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത്. അറബികളും റോമക്കാരും തമ്മില്‍ ശക്തമായ യുദ്ധം നടന്നു.’

അപ്രകാരം ഗസ്സ കുരുശുയുദ്ധക്കാരെ പരാജയപ്പെടുത്തുന്നതില്‍ അനിഷേധ്യമായ പങ്ക് വഹിച്ചു. അവിടെ പല യുദ്ധങ്ങളും നടന്നു. നുവൈരി തന്റെ ‘നിഹായതുല്‍ അറബി ഫി ഫുനൂനില്‍ അദബി’ല്‍, ‘ഫ്രഞ്ചുകാരുടെ യുദ്ധവും ഖുദ്സിന്റെ വിജയവും’ എന്ന തലക്കെട്ടില്‍ വിവരിക്കുന്നുണ്ട്: ‘ഈ വര്‍ഷം (636) റബീഉല്‍ അവ്വല്‍ 18 വ്യാഴാഴ്ച, ഫ്രഞ്ചുകാര്‍ അമീര്‍ റുക്നുദ്ധീന്‍ അല്‍ഹീജാവിയെ ലക്ഷ്യംവെച്ച് നീങ്ങുന്നതായി സുല്‍ത്താന് വാര്‍ത്ത കിട്ടി. അല്‍ഹീജാവിയോടൊപ്പമുണ്ടായിരുന്ന സൈന്യവും ഫ്രഞ്ച് സൈന്യവും ഏറ്റുമുട്ടി. ഈ മാസം പതിനാലാം തീയതി ഞായറാഴ്ച, ഗസ്സക്ക് സമീപമുള്ള ജുമൈസില്‍ വെച്ച് ഇരുസൈന്യവും ഏറ്റുമട്ടി. ഫ്രഞ്ചുകാര്‍ക്കായിരുന്നു പരാജയം. അവരുടെ രാജാവിനെയും മൂന്ന് സൈനികരെയും 80ല്‍ കൂടുതല്‍ കുതിരപ്പടയെയും 250 കാലാല്‍പ്പടയെയും പിടികൂടി. അവരുടെ ഭാഗത്തുനിന്ന് 1800 പേര്‍ കൊല്ലപ്പെട്ടു. ഈ സംഭവത്തില്‍, അമീര്‍ സൈഫുദ്ധീന്‍ മുഹമ്മദ് ബിന്‍ അമീര്‍ അബി ഉമര്‍, ഉസ്മാന്‍ ബിന്‍ അമീര്‍ അല്‍കാന്‍ ബിന്‍ അബി അലി അല്‍കുര്‍ദി അല്‍ഹീജാവി (മുപ്പത് വയസ്സ് മാത്രമുളള യുവാവായിരുന്നു) എന്നിവര്‍ ഉള്‍പ്പെടെ പത്തില്‍ താഴെ മുസ്‌ലിംകള്‍ മാത്രമാണ് കൊല്ലപ്പെട്ടത്. ഈ പരാജയം ഫ്രഞ്ചുകാരെ ദുര്‍ബലരാക്കി. ഇത് കുരുശുയുദ്ധക്കാരെ പുറത്താക്കുകയും ഖുദ്‌സ് വിജയത്തിന് വഴിയൊരുക്കുകയും ചെയ്തു.

വിവ: അര്‍ശദ് കാരക്കാട്
അവലംബം: islamonline.net

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles