Current Date

Search
Close this search box.
Search
Close this search box.

അറബി കലിഗ്രഫിയും പോസ്റ്റൽ സ്റ്റാമ്പുകളും

ലോകത്ത് ഇസ്ലാമിക കലാവിഷ്കാരങ്ങൾ വളർന്നതും വികാസം പ്രാപിച്ചതിനും പിന്നിൽ വ്യക്തിഗത സംഭാവനകളെപ്പോലെ തന്നെ ഭരണകൂടങ്ങളും കൃത്യമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചക്ക് മുമ്പ് ആശയവിനിമയം സാധ്യമായ മാർഗങ്ങളിലൊന്നായിരുന്നു കത്തിടപാടുകൾ. കത്തുകളിൽ ഉപായാഗിക്കുന്ന സ്റ്റാമ്പുകൾ തന്നെ ഒരു കലാവിഷ്കാരത്തിന്റെ പ്രചാരകരായി മാറിയാലോ?

വ്യത്യസ്ത ശൈലികളിലുള്ള അറബി കലിഗ്രഫിയുടെ മുഖങ്ങളെ ആദ്യകാലങ്ങളിൽ ലോകം അനുഭവിച്ചത് പോസ്റ്റൽ സ്റ്റാമ്പുകളിൽ എഴുതപ്പെട്ട മനോഹര അറബി കലിഗ്രഫിയിലൂടെയാണ്. അതിനായി ഇസ്ലാമിക ഭരണം കയ്യാളുന്ന രാജ്യങ്ങൾക്കിടയിൽ മത്സരബുദ്ധിയോടെ തന്നെ അറബി ഭാഷയിലെ വ്യത്യസ്ത എഴുത്തുശൈലികളിൽ മനോഹരമായ സ്റ്റാമ്പുകൾ അടിച്ചിറക്കാൻ ആരംഭിച്ചിരുന്നു. ലോകത്തെ പ്രധാന ആറ് എഴുത്തു ശൈലികളിൽ സ്റ്റാമ്പുകൾ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് വിവിധ കാലങ്ങളിൽ ഇറക്കപ്പെട്ടു.

കുഫി ഖത്തിന്റെ വിവിധ എഴുത്തു ശൈലികളിലാണ് ലോകത്ത് കൂടുതൽ തപാൽ സ്റ്റാമ്പുകൾ ഇറക്കപ്പെട്ടത്. ലബനോൻ , ലിബിയ തുനീഷ്യ, ഇറാഖ്, കുവൈത്ത്, ഖത്തർ, സഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങൾ ഖത്തു കുഫിയിൽ ഏറ്റവും മനോഹരമായി തപാൽ സ്റ്റാമ്പുകൾ അലങ്കരിച്ചു.

ഖത്തു കുഫിയിൽ നിന്ന് നസ്ഖ് ശൈലിയിലേക്ക് കുവൈത്ത്, മൊറോക്കോ, സഊദി അറേബ്യ എന്നീ രാജ്യങ്ങൾ അതിവേഗം ചുവടുമാറ്റി. എന്നാൽ നസ്ഖിൽ നിന്ന് സുലുസ് എഴുത്തുശൈലിയിലേക്ക് തപാൽ സ്റ്റാമ്പുകളിൽ മാറ്റം വരുത്തി ജോർദാനും അൾജീരിയയും വളരെ മുമ്പ് തന്നെ പുതുമ സൃഷ്ടിച്ചിരുന്നു. മൂന്നാമത് അറബ് ഫുട്ബോൾ കപ്പുമായി ബന്ധപ്പെട്ട് 1966 ൽ ഇറാഖിൽ നിന്ന് ഖത്തു സുലുസിലും നസ്ഖിലും സ്റ്റാമ്പുകൾ അടിച്ചിറങ്ങി. ഈജിപ്തിൽ നിന്നും ‘البريد المصري’ എന്ന തലക്കെട്ടിൽ ഖത്തു സുലുസിൽ സ്റ്റാമ്പുകൾ വന്നു. ലബനോനും ഈജിപ്തിന്റെ പാത പിന്തുടർന്ന് കലിഗ്രഫിയിൽ സ്റ്റാമ്പുകൾ ഇറക്കി. തുർക്കി ഭാഷയിൽ ഖത്തു സുലുസിൽ വ്യത്യസ്തതകളോടെ സ്റ്റാമ്പുകൾ വന്നു തുടങ്ങിയിരുന്നു. കുഫി, നസ്ഖ്, സുലുസ് എന്നീ മൂന്ന് എഴുത്തുശൈലികളും ഒരൊറ്റ ഫ്രൈമിൽ കൊണ്ട് വന്ന് ഇറാഖ് മറ്റു രാജ്യങ്ങളെ അതിശയിപ്പിച്ചു.

1971 ൽ ‘Palastine Universal Week’ എന്ന തലക്കെട്ടോടെ പേർഷ്യൻ കലിഗ്രഫിയിൽ സഊദി ഭരണകൂടം സ്റ്റാമ്പ് ഇറക്കിയത് പുതുമയുള്ളതായി. അതിനും മൂന്ന് വർഷങ്ങൾക്ക് മുമ്പ് യു.എ.ഇ പേർഷ്യൻ കലിഗ്രഫിയിൽ സ്റ്റാമ്പുകൾ ഇറക്കാൻ ആരംഭിച്ചിരുന്നു.

1904 ൽ ഖത്തു റുഖ്അയിൽ സ്റ്റാമ്പുകൾ അടച്ചിറക്കി സുഡാൻ ആദ്യത്തെ ആഫ്രിക്കൻ രാജ്യമായി. ഫലസ്തീനിലെ ശുഹദാക്കൾക്കും സ്വാത്രന്ത്ര സമര നായകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാഖ് സ്റ്റാമ്പ് ഇറക്കിയത് ഖത്തു റുഖ്അയിലായിരുന്നു. പേർഷ്യനിലും ഖത്തു റുഖ്അയിലും നിരന്തരം സ്റ്റാമ്പുകൾ ഇറക്കി ലബനോൻ കൂടുതൽ ഈ മേഖലയിൽ വളർച്ച നേടി.

സർ വിൻസന്റ് ചർച്ചിലിന്റെ ഓർമക്കായി ഖത്തു ദീവാനിയിലും കുഫി ശൈലിയിലും ദുബായിൽ നിന്ന് സ്റ്റാമ്പുകൾ ഇറങ്ങാൻ തുടങ്ങി. 1982 ൽ മനോഹര കലാവിഷ്കാരങ്ങളോടെ ഖത്തു ദീവാനിയിൽ ജോർദാൻ സ്റ്റാമ്പുകൾ അടിച്ചിറക്കി വിസ്മയിപ്പിച്ചു. പേർഷ്യൻ, ദീവാനി, കുഫി എഴുത്തു ശൈലികളിൽ ലിബിയ സ്റ്റാമ്പുകൾ ഇറക്കി കൂടുതൽ മുന്നോട്ടുപോയി. സുലുസ്, തൂമാർ കലിഗ്രഫി ശൈലികൾ സമന്വയിപ്പിച്ച് സഊദി ഭരണകൂടം ഇറക്കിയ സ്റ്റാമ്പുകൾ കൂടുതൽ ശ്രദ്ധ നേടി. 2013 ൽ ‘الخط العربي الكوفي القيرواني’ എന്ന തലക്കെട്ടിൽ തുനീഷ്യയിൽ നിന്ന് ഇറങ്ങിയ സ്റ്റാമ്പുകൾ പ്രത്യക്ഷത്തിൽ തന്നെ അറബി കലിഗ്രഫിയെന്ന കലാവിഷ്കാരത്തിന് ഊന്നൽ കൊടുക്കുന്നതായിരുന്നു. ഉമർ ജൊമ്നിയെന്ന പ്രഗത്ഭ ഖത്താതിന്റെ കീഴിൽ തുനീഷ്യ അറബി കലഗ്രഫിയുടെ പ്രചരാണാർത്ഥം തുടർന്നും സ്റ്റാമ്പുകൾ ഇറക്കിക്കൊണ്ടേയിരുന്നു. 2016 ൽ അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ‘Arabic Calligraphy Day’ എന്ന ലേബിളിൽ ഫലസ്തീൻ പുറത്തിറക്കിയ സ്റ്റാമ്പ് വ്യത്യസ്ത അനുഭവമായി വിലയിരുത്തപ്പെട്ടു. 2021 ൽ യു.എ. ഇ ഭരണകൂടം 2021 നെ ‘Year of Arabic Calligraphy ‘ എന്ന് വിശേഷിപ്പിച്ച് അവയുടെ പ്രചരണാർത്ഥം വ്യത്യസ്ത ശൈലികളിൽ സ്റ്റാമ്പുകൾ അടിച്ചിറക്കി.

തപാൽ സ്റ്റാമ്പുകൾക്ക് പുറമെ അമേരിക്ക, കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങൾ പെരുന്നാൾ സനേഹ സന്ദേശമുയർത്തി ഖത്തു സുലുസിൽ സ്റ്റാമ്പുകൾ അടിച്ചിറക്കിയത് കൂടുതൽ ജനശ്രദ്ധ അറബി കലിഗ്രഫി മേഖലക്കും അതുവഴി അറബി ഭാഷക്ക് തന്നെയും നേടിത്തരാൻ കാരണമായി. ഇസ്ലാമിക കലാവിഷ്കാരങ്ങളിലൂടെ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പ്രധാന ഘടകമായി യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഇത്തരം സാധ്യതകൾ ഭാവിയിൽ മാറുമെന്ന് പ്രതീക്ഷിക്കാം.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles