Current Date

Search
Close this search box.
Search
Close this search box.

ഹിജ്‌റ കലണ്ടര്‍ കൈവെടിയുന്നതിലെ അപകടങ്ങള്‍

hijrah.jpg

മുസ്‌ലിങ്ങള്‍ എന്തുകൊണ്ട് കലണ്ടര്‍ തയ്യാറാക്കാനുള്ള മാനദണ്ഡമായി ഹിജ്‌റയെ  സ്വീകരിച്ചു?  പ്രവാചകന്‍(സ) ജനിച്ചത് അറബികള്‍ക്കിടയില്‍ പ്രശസ്തമായ ആനക്കലഹസംഭവം നടന്ന വര്‍ഷത്തിലാണ്. എന്നിട്ട് പോലും ആ വര്‍ഷത്തെ എന്ത് കൊണ്ട് തിയ്യതി നിശ്ചയിക്കാനുള്ള ഏകകമാക്കിയില്ല? ഉമര്‍(റ)വിന്റെ കാലം വരെ സ്വന്തമായ ഒരു കലണ്ടര്‍ ആവിഷ്‌കരിക്കാന്‍ മുസ്‌ലിംകള്‍ തയ്യാറാവത്തതെന്ത് കൊണ്ടായിരുന്നു? പേര്‍ഷ്യക്കാരുടെയും റോമക്കാരുടെയും കലണ്ടര്‍ സ്വീകരിക്കാന്‍ സ്വഹാബികള്‍ വിമുഖത കാണിച്ചതിന്റെ കാരണമെന്തായിരുന്നു? ഹിജ്‌റ വര്‍ഷം തന്നെ റബീഉല്‍ അവ്വലില്‍ നിന്ന് ആരംഭിക്കാതെ മുഹര്‍റം കൊണ്ടാരംഭിച്ചതിന്റെ യുക്തിയെന്താണ്? സമകാലിക മുസ്‌ലിം സമൂഹം ഹിജ്‌റ കലണ്ടര്‍ മാനദണ്ഡമാക്കാതെ ക്രിസ്താബ്ദം മാനദണ്ഡമാക്കുന്നതിലെ അപകടമെന്തെല്ലാം….തുടങ്ങിയവ ഗൗരവത്തില്‍ വിശകലനം ചെയ്യേണ്ട വിഷയങ്ങളാണ്.

ഹിജ്‌റ കലണ്ടറിന്റെ ചരിത്രം ഉമര്‍ ബിന്‍ ഖത്താബി(റ)ന്റെ ഭരണത്തില്‍ നിന്നാണ് തുടങ്ങുന്നത്. സഹാബികളുമായി കൂടിയാലോചിച്ചായിരുന്നു രാഷ്ട്രത്തിലെ സുപ്രധാനമായ കാര്യങ്ങളിലെല്ലാം അദ്ദേഹം തീരുമാനമെടുത്തിരുന്നത്. കലണ്ടര്‍ നിശ്ചയിക്കാനുള്ള നിദാനം ചരിത്രഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണാം. അബൂ മൂസല്‍ അശ്അരി(റ), ഉമര്‍(റ)വിന് എഴുതി. ‘തിയ്യതി രേഖപ്പെടുത്താത്ത ധാരാളം എഴുത്തുകള്‍ ഞങ്ങള്‍ക്ക് വന്നെത്തുന്നു. അവയില്‍ ഏതാണ് ആദ്യത്തെത്, ഏതാണ് പിന്നീട് അയച്ചത് എന്ന് ഞങ്ങള്‍ക്കറിയുവാന്‍ കഴിയുന്നില്ല. ഈ സന്ദര്‍ഭത്തില്‍ ഉമര്‍(റ) ജനങ്ങളെ ഒരുമിച്ചുകൂട്ടി എന്തിനെ മാനദണ്ഡമാക്കിയാണ് കലണ്ടര്‍ തീരുമാനിക്കുക എന്ന് ചര്‍ച്ച ചെയ്തു. പ്രവാചകന്റെ ജന്മദിനത്തെ ആധാരമാക്കാം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ഹിജ്‌റയെ മാനദണ്ഡമാക്കാം എന്നു മറ്റു ചിലര്‍ പറഞ്ഞു. അപ്പോള്‍ ഉമര്‍ പറഞ്ഞു.  ‘ഹിജ്‌റ സത്യത്തെയും നീതിയെയും വേര്‍തിരിച്ച ചരിത്രപ്രാധാന്യമുള്ള സംഭവമാണത്. അതിനാല്‍ അതനുസരിച്ച് കലണ്ടര്‍ തയ്യാറാക്കാം’ അത് ഹിജ്‌റ പതിനേഴാം വര്‍ഷമായിരുന്നു. സഹാബികള്‍ പ്രസ്തുത അഭിപ്രായത്തില്‍ ഐകകണ്‌ഠ്യേന തീരുമാനമെടുക്കുകയുണ്ടായി.

അബൂബക്കര്‍(റ)ന്റെ ഖിലാഫത്തില്‍ ഇസ്‌ലാമിക രാഷ്ട്രം നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചിരുന്നു. മതഭ്രഷ്ടരായവരുടെ ഭീഷണിയെ നേരിട്ടുകൊണ്ട് പോരാടി വിജയം നേടിയതും ഖിലാഫത്തിനെ നിലനിര്‍ത്തിയതും അബൂബക്കര്‍(റ)വിന്റെ ശക്തമായ നിലപാടുകള്‍ കൊണ്ടായിരുന്നു. സങ്കീര്‍ണമായ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ച സന്ദര്‍ഭമായതിനാല്‍ മറ്റു നാഗരിക വികസന പ്രക്രിയകള്‍ക്കൊന്നും അന്ന് സാഹചര്യമുണ്ടായിരുന്നില്ല. ഉമര്‍(റ) വിന്റെ ഭരണകാലത്ത് ഇസ്‌ലാമിക ഖിലാഫത്തും രാഷ്ട്രവും സ്വസ്ഥമായ അവസ്ഥ പ്രാപിക്കുകയുണ്ടായി. മുസ്‌ലിങ്ങള്‍ നിരവധി പ്രദേശങ്ങള്‍ ജയിച്ചടക്കുകയുണ്ടായി. റോമന്‍-പേര്‍ഷ്യന്‍ ഭരണ പരിഷ്‌കാരങ്ങളെയും വ്യവസ്ഥകളെയും കുറിച്ച് മനസ്സിലാക്കാന്‍ അവര്‍ക്ക് അവസരമുണ്ടായി. ഓഫീസ് വ്യവസ്ഥകള്‍, കോടതി, സൈന്യം എല്ലാം അതനുസരിച്ച് ക്രമീകരിച്ചു. അപ്രകാരം തന്നെയാണ് കലണ്ടര്‍ ആരംഭിക്കാന്‍ തീരുമാനിച്ചതും. ഉമര്‍(റ)വിന്റെ വൈജ്ഞാനിക പാടവം അതിന് വഴിയൊരുക്കുകയുണ്ടായി. ഉമറിനെ പ്രവാചകന്‍(സ) വിശേഷിപ്പിച്ചത് ഇപ്രകാരമാണ് ‘ഉമറിന്റെ ഹൃദയത്തിലും നാവിലും അല്ലാഹു സത്യത്തെ സ്ഥാപിച്ചു’ (തിര്‍മുദി)

ഉമറിന്റെ മുമ്പില്‍ പേര്‍ഷ്യന്‍-റോമന്‍ കലണ്ടറുകള്‍ അടിസ്ഥാനമാക്കിയും ആനക്കലഹ വര്‍ഷം പരിഗണിച്ചും കലണ്ടര്‍ ആരംഭിക്കാമെന്ന് ചിലര്‍ ചര്‍ച്ചയില്‍ ഉന്നയിക്കുകയുണ്ടായി. അവരുടെ ഹൃദയത്തില്‍ വിശ്വാസം ദൃഢമായതിനാല്‍ മറ്റു നാഗരിക -സംസ്‌കാരങ്ങളോടും അതിന്റെ ചിഹ്നങ്ങളോടും വ്യതിരിക്തമായ നിലപാട് മുസ്‌ലിങ്ങള്‍ സ്വീകരിക്കുകയായി. പ്രവാചകന്‍ പഠിപ്പിച്ചു. ‘ക്രെസ്തവരോടും ജൂതരോടും നിങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തുക’ അതിനാലാണ് മുസ്‌ലിങ്ങള്‍ക്ക് അവരുടെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഒരു കലണ്ടര്‍ തയ്യാറാക്കാന്‍ തീരുമാനിച്ചത്.

ഹിജ്‌റ അടിസ്ഥാനമാക്കി കലണ്ടര്‍ നിശ്ചയിക്കാമെന്ന് തീരുമാനിച്ചപ്പോള്‍ ഏത് മാസം കൊണ്ടാണ് വര്‍ഷമാരംഭിക്കുക എന്ന ചര്‍ച്ച വരുകയുണ്ടായി. റജബ്, റമദാന്‍ … ുടങ്ങിയ മാസങ്ങള്‍ നിദാനമാക്കാമെന്ന് ചിലര്‍ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. മുഹര്‍റം മുതല്‍ തുടങ്ങാം, അത് വിശുദ്ധ മാസമാണ്. ജനങ്ങള്‍ ഹജ്ജില്‍ നിന്ന് പിരിയുന്ന സന്ദര്‍ഭവുമാണെന്ന് ഉസ്മാന്‍(റ) അഭിപ്രായം രേഖപ്പെടുത്തി. പിന്നീട് ആ തീരുമാനത്തില്‍ എല്ലാവരും യോജിപ്പിലെത്തി. അത് ഹിജ്‌റ പതിനേഴാം വര്‍ഷത്തില്‍ റബീഉല്‍ അവ്വലിലായിരുന്നു.

ശിര്‍ക്കിന്റെ ഭൂമി ഉപേക്ഷിച്ച ചരിത്രപ്രാധാന്യത്താലാണ് ഹിജ്‌റ മാനദണ്ഡമാക്കിയതെന്നും ‘ഒന്നാം തിയ്യതി മുതലേ ദൈവഭക്തിയില്‍ പടുത്തുയര്‍ത്തപ്പെട്ട പള്ളിയാണ് നിനക്ക് നിന്നു നമസ്‌കരിക്കാന്‍ ഏറ്റവും അര്‍ഹമായത്’ എന്ന സൂക്തത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്‍ പ്രഥമ ദേവാലയം സ്ഥാപിച്ച  ദിനത്തെ ആസ്പദമാക്കിയാണ് ഹിജ്‌റ തീരുമാനിച്ചതെന്നും മറ്റുചിലര്‍ അഭിപ്രായപ്പെടുന്നു.

പ്രബോധന ലക്ഷ്യാര്‍ഥമുള്ള പ്രവാചകന്റെ പ്രയാണമായിരുന്നു ഹിജ്‌റ. എന്നാല്‍ ജന്മദിനമെന്നത് പ്രവാചകനെന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണ്. പ്രവാചകനെന്ന വ്യക്തിയുടെ ജന്മദിനത്തേക്കാള്‍ പ്രധാനമാണ് അദ്ദേഹം പ്രബോധനം ചെയ്ത ആശയം. അത് ഒരിക്കലും പ്രവാചകന്റെ മഹത്വത്തിന് ഒരു കുറവും വരുത്തുകയില്ല. പ്രവാചക ചരിത്രത്തിലെ വഴിത്തിരിവായ സംഭവമാണ് ഹിജ്‌റ. ഹിജ്‌റ റബീഉല്‍ അവ്വലിലായിട്ടും എന്തുകൊണ്ട് മുഹര്‍റം തെരഞ്ഞെടുത്തു എന്നതിന് ഹിജ്‌റക്ക് വേണ്ടിയുള്ള തീരുമാനവും സജ്ജീകരണവും മുഹര്‍റമിലാണ് ആരംഭിച്ചതെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
 

എന്തുകൊണ്ട് സമകാലിക മുസ്‌ലിം സമൂഹം ക്രിസ്താബ്ദം അടിസ്ഥാനമാക്കി അജണ്ടകള്‍ നിശ്ചയിക്കുന്നു എന്നതിനെ നാം സൂക്ഷമമായി വിലയിരുത്തേണ്ടതുണ്ട്. മുസ്‌ലിം നാടുകള്‍ അധിനിവേശത്തിന് വിധേയമായപ്പോള്‍  മുസ്‌ലിങ്ങളെ അവരുടെ സ്വത്വ- നാഗരിക-സാംസ്‌കാരിക ചിഹ്നങ്ങളില്‍ നിന്ന് വേര്‍പെടുത്തുകയെന്നത് അധിനിവേശക്കാരുടെ അജണ്ടയില്‍ പെട്ടതായിരുന്നു. മുസ്‌ലിങ്ങളുടെ കലണ്ടര്‍ വിസ്മരിപ്പിക്കാനും സൗരവര്‍ഷമടിസ്ഥാനമാക്കി കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഏര്‍പ്പെടുകയുണ്ടായി. പക്ഷെ, സ്വാതന്ത്ര്യാനന്തരവും മുസ്‌ലിം രാജ്യങ്ങള്‍ അതിനെ അടിസ്ഥാനമാക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ല. മാസപ്പിറവി നിര്‍ണയിക്കാന്‍ അടിസ്ഥാനമാക്കുന്ന, ദീനിന്റെ പിന്‍ബലമുള്ള ഹിജ്‌റയെ മാറ്റി നിര്‍ത്തി ക്രിസ്താബ്ദം അടിസ്ഥാനമാക്കിയുള്ള കലണ്ടര്‍ തെരഞ്ഞെടുക്കുന്നത് ആശങ്കാജനകമാണ്. അല്ലാഹു പറഞ്ഞു. ‘ അവര്‍ നിന്നോട് ചന്ദ്രക്കലയെക്കുറിച്ച് ചോദിക്കുന്നു. പറയുക: അത് ജനങ്ങള്‍ക്ക് കാലം കണക്കാക്കാനുളളത്. ഹജ്ജിനുള്ള അടയാളവും.(അല്‍ബഖറ: 189). ‘ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണങ്ങളനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടതാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം. അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടു തന്നെ അതിക്രമം കാണിക്കാതിരിക്കുക ‘ (അത്തൗബ: 36). അതനുസരിച്ച് മുഹര്‍റം, സഫര്‍, റബീഉല്‍ അവ്വല്‍, റബീഉല്‍ ആഖിര്‍, ജമാദുല്‍ ഊല, ജമാദുല്‍ ആഖിര്‍, റജബ്, ശഅ്ബാന്‍, റമദാന്‍, ശവ്വാല്‍, ദുല്‍ഖഅദ്, ദുല്‍ഹജ്ജ് എന്നിവയാണ് പ്രസ്തുത മാസങ്ങള്‍. സൗദി അറേബ്യ തങ്ങളുടെ പ്രതാപത്തിന്റെ അടിസ്ഥാനമായി ഹിജ്‌റ കലണ്ടറിനെ ഔദ്യോഗികമായി അംഗീകരിച്ച രാഷ്ട്രമാണ്. മറ്റു ഇസ്‌ലാമിക രാഷ്ട്രങ്ങളും ഇത് അനുധാവനം ചെയ്യേണ്ടതുണ്ട്.

ക്രിസ്താബ്ദം അടിസ്ഥാനമാക്കുന്നതില്‍ എന്താണ് കുഴപ്പം? ഈസാ നബിയും പ്രവാചകനാണല്ലോ എന്ന് ചിലര്‍ ദുരുദ്ദേശത്തോടെ ചോദിക്കാറുണ്ട്.
മസീഹ് അല്ലാഹുവിന്റെ അടിമയും മറിയമിലേക്ക് സന്നിവേശിപ്പിച്ച വചനവും അല്ലാഹുവില്‍ നിന്നുളള ചൈതന്യവുമാണ്. ചില പ്രവാചകന്മാരെ അംഗീകരിക്കുകയും മറ്റുചിലരെ നിഷേധിക്കുകയും ചെയ്യുക എന്നത് നമ്മുടെ സമീപനമല്ല. പക്ഷെ, ക്രിസ്താബ്ദം അടിസ്ഥാനമാക്കുന്നതില്‍ ചില അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.
1. ക്രിസ്താബ്ദം അനുസരിച്ചുള്ള കാലഗണന അംഗീകരിക്കുന്നതിലൂടെ ഹിജ്‌റ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുപേക്ഷിക്കുക എന്നതാണ് അവര്‍ ലക്ഷ്യമാക്കുന്നത്. പ്രവാചക ചരിത്രത്തിലെ ഹിജ്‌റ മുതലുള്ള സുപ്രധാനമായ ഇസ്‌ലാമിക ചരിത്ര സംഭവങ്ങളും മൂല്യങ്ങളും മുസ്‌ലിം ലോക ചലനങ്ങളും വിസ്മൃതമാക്കാന്‍ ഇത് ഇടവരുത്തും.
2. ക്രിസ്താബ്ദം അടിസ്ഥാനമാക്കുന്നത് പ്രവാചകന്റെയും ഖലീഫമാരുടെയുമടക്കമുള്ള ഇസ്‌ലാമിക ചരിത്രത്തെ അവഗണിക്കാനിടവരുത്തും.
3. ഹിജ്‌റയെ അടിസ്ഥാനമാക്കിയാണ് നോമ്പ്, ഹജ്ജ്, പെരുന്നാള്‍, ആശൂറ, ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങള്‍ തുടങ്ങിയ ഇസ്‌ലാമിലെ സുപ്രധാന അനുഷ്ടാനങ്ങള്‍ നടത്തേണ്ടത്. ഇതിനെ വിസ്മരിക്കുന്ന പക്ഷം ഇത്തരം അനുഷ്ടാനങ്ങളിലെ അശ്രദ്ധക്ക് അവ വഴിയൊരുക്കും.
4.ക്രിസ്താബ്ദം അടിസ്ഥാനമാക്കുന്നത് ജൂതരെയും ക്രൈസ്തവരെയും അനുകരിക്കലും അവരെ പിന്തുടരലുമാണ്. ‘ ആരെങ്കിലും വല്ല ജനതയോടും സദൃശരായാല്‍ അവന്‍ അവരില്‍ പെട്ടവരാണ്’

ഇസ്‌ലാമിക സമൂഹം ഹിജ്‌റയെ തങ്ങളുടെ കാലഗണനയുടെ മാനദണ്ഡമാക്കി സ്വീകരിക്കുകയും മറ്റുസമൂഹങ്ങളെ അനുകരിക്കുന്നതില്‍ നിന്ന് മാറുകയും ചെയ്യേണ്ടതുണ്ട്. വികസനവും പുരോഗതിയുമാണ് ലക്ഷ്യമെങ്കില്‍ അത് നേടേണ്ടത് അസ്ഥിത്വം പണയം വെച്ചും അന്ധമായ അനുകരണത്താലുമല്ല. മുസ്‌ലിങ്ങളുടെ സ്വത്വവും പ്രതാപവും പൈതൃകവും മുറുകെ പിടിച്ചുകൊണ്ടുള്ള പുരോഗതിയും നാഗരികമായ വികാസവുമാണ് ശാശ്വതമാകുന്നത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles