Current Date

Search
Close this search box.
Search
Close this search box.

‘വെള്ളമൊഴിച്ചിട്ടും പച്ചപിടിക്കാത്ത ജൂതസ്വപ്‌നങ്ങള്‍ ‘

ഫലസ്തീന്‍ ഭൂമിയില്‍ നിന്നും അറബ്-ഇസ്‌ലാമിക പാരമ്പര്യത്തിന്റെയും, അസ്തിത്വത്തിന്റെയും അടയാളങ്ങള്‍ മായ്ച് കളയാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇസ്രായേല്‍. ഫലസ്തീനില്‍ അറബ്-ഇസ്‌ലാമിക സ്വത്വമുണ്ടായിരുന്നുവെന്നതിനെ കുറിക്കുന്ന ചരിത്രപരമായ സകല പൈതൃകങ്ങളെയും തുടച്ച് മാറ്റാനോ, മറച്ച് വെക്കാനോ ആണ് അവരുടെ ശ്രമം. കേവലം ഖുദ്‌സില്‍ മാത്രമല്ല, ഫലസ്തീന്റെ എല്ലാ മുക്കിലും മൂലയിലും അവരതിന് വേണ്ടി അരിച്ച് പെറുക്കുകയാണ്. ഫലസ്തീന്റെ വിശുദ്ധഭൂമി ചരിത്രപരമായി തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന ജൂതരുടെ നിരര്‍ത്ഥക അവകാശവാദവും, കള്ളപ്രചരണവും സ്ഥാപിക്കാനുള്ള ചവിട്ടുപടിയാണിത്. ദൈവം തമ്പുരാന്‍ യഹൂദര്‍ക്കും, അവരുടെ പ്രവാചകന്മാര്‍ക്കും, ശേഷം ഇസ്രായേല്‍ സന്തതികള്‍ക്കും പതിച്ച് നല്‍കിയ വാഗ്ദത്ത ഭൂമിയാണ് ഫലസ്തീന്‍ എന്നാണ് അവരുടെ വാദം. അതിനാല്‍ അവിടെ അവകാശവാദമുന്നയിച്ച് മറ്റാരും വരേണ്ടതില്ല. അവര്‍ എത്ര തന്നെ വര്‍ഷം അവിടെ താമസിച്ചിട്ടുണ്ടെങ്കിലും, അവരുടെ അവശിഷ്ടങ്ങളും പൈതൃകങ്ങളും ശേഷിപ്പുകളും അവിടെ ലഭ്യമാണെങ്കിലും ആ ഭൂമി ഇസ്രായേല്യര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്.

യഹൂദികള്‍ വിശ്വസിക്കുന്ന, മറ്റുള്ളവരെ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കുന്ന, അതിന് വേണ്ടി പണിയെടുക്കുന്ന പൊതുസങ്കല്‍പമാണിത്. ഭൂമിയുടെ അവകാശികള്‍ തങ്ങളാണ്, അതിന്റെ ഉടമസ്ഥരും തങ്ങളാണ് എന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. ധാരാളം കെട്ടുകഥകളും, അന്ധവിശ്വാസങ്ങളും, വാറോലകളും ഉദ്ധരിച്ച് തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അവരല്ലാത്തവരാരും വിശ്വസിക്കാത്തവയാണ് ഈ കഥകളത്രയും. തങ്ങളുടെ വാറോലകള്‍ മറ്റുള്ളവര്‍ വിശ്വസിക്കണമെന്നും, അവ സാക്ഷാല്‍ക്കരിക്കുന്നതിനായി അവര്‍ തങ്ങളോടൊപ്പം പ്രവര്‍ത്തിക്കണമെന്നും യഹൂദര്‍ ശഠിക്കുന്നു. ജൂതര്‍ ഉന്നയിക്കുന്ന ക്രിസ്തുവിന്റെ പുനരാഗമനത്തില്‍ ക്രൈസ്തവര്‍ വിശ്വസിക്കുകയും, യഹൂദരുടെ ഫലസ്തീന്‍ രാഷ്ട്രത്തിനായി പിന്തുണയര്‍പ്പിക്കുകയും ചെയ്യുന്നു. ആ രാഷ്ട്രത്തില്‍ യഹൂദര്‍ മാത്രമെ ഉണ്ടാവുകയുള്ളൂ. മറ്റൊരാളും അവിടെ വസിക്കുകയില്ല. അത് ദൈവം അവര്‍ക്ക് നല്‍കിയ വാഗ്ദാനമാണത്രെ. അലച്ചിലിന്റെ കാലത്തിന് ശേഷം അവര്‍ക്ക് സുസ്ഥിരമായ താമസവും, ജീവിതവും നല്‍കുമെന്നും, പതനത്തിന് ശേഷം ഔന്നത്യം പ്രദാനം ചെയ്യുമെന്നും അല്ലാഹു അവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നുവത്രെ.

എല്ലാ ഫലസ്തീന്‍ പൈതൃകങ്ങളും അടിസ്ഥാനപരമായി തങ്ങളുടേതാണെന്ന നിലപാടാണ് ഇസ്രായേലികള്‍ വെച്ച് പുലര്‍ത്തുന്നത്. അവക്ക് രേഖപ്പെടുത്തപ്പെട്ട ജൂത നാമങ്ങളുണ്ട്. അവയുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളും ആഘോഷദനിങ്ങളും സ്മരണകളുമുണ്ട്. അതിനാല്‍ തന്നെ മായ്ക്കപ്പെടുകയോ, മാറ്റപ്പെടുകയോ ചെയ്ത നാമങ്ങള്‍ വീണ്ടെടുക്കുന്നതിനായി പാഠ്യപദ്ധതിയിലും, ഭൂമിശാസ്ത്രപരമായ ഭൂപടത്തിലും ബോധപൂര്‍വമായ മാറ്റങ്ങള്‍ അവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. വഴിയോരത്തും തെരുവുകളിലും ജൂതനാമങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ അവര്‍ സ്ഥാപിക്കുന്നു. ഫലസ്തീന്‍ പട്ടണങ്ങള്‍ക്ക് ജൂതനാമങ്ങള്‍ നല്‍കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. പുതുതായി നിര്‍മിക്കുന്ന റോഡുകള്‍ക്കും, കുടിയേറ്റ സ്ഥലങ്ങള്‍ക്കും തല്‍മൂദിലെ നാമങ്ങള്‍ ആസൂത്രിതമായി നല്‍കുന്നു. വീടുകളും പള്ളികളും, പള്ളിക്കൂഠങ്ങളും തകര്‍ക്കപ്പെട്ട് കൊണ്ടിരിക്കുന്നു. മാര്‍ക്കറ്റുകളും ശ്മശാനങ്ങളും തെരുവുകളും തുടച്ച് നീക്കിക്കൊണ്ടിരിക്കുന്നു. നാമപരമായോ, മതപരമായോ, നാഗരികമായോ അറബീയതയെക്കുറിക്കുന്ന എല്ലാ അടയാളങ്ങളും ഭൂമിശാസ്ത്രപരമായ ഭൂപടങ്ങളില്‍ നിന്നും പാഠ്യപദ്ധതിയില്‍ നിന്നും മായ്ക്കപ്പെട്ടിരിക്കുന്നു. ബെന്‍യാമീന്‍, ശലൂമോ, ഉസൈര്‍, കോഹീന്‍, അബ്രാഹാം തുടങ്ങിയ നാമങ്ങളാണ് ഇപ്പോള്‍ ഫലസ്തീന് തെരുവുകളില്‍ കാണാനാവുക.

ഇങ്ങനെയൊക്കെയാണെങ്കിലും ഇസ്രായേലിന്റെ കഠിനമായ ശ്രമങ്ങള്‍ വാര്‍ദ്ധക്യം ബാധിക്കാത്തത് അറബ്-ഫലസ്തീന്‍ ഓര്‍മശക്തിക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ്. ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്കും വൃദ്ധന്മാര്‍ക്കും ഫലസ്തീന്‍ ഭൂമിയെ മറക്കാന്‍ സാധിക്കില്ല. അവയുടെ നാമങ്ങള്‍ക്ക് പകരം യഹൂദനാമങ്ങള്‍ സ്വീകരിക്കുകയില്ല. ശക്തിയും ആയുധവുമുപയോഗിച്ച് അവ അടിച്ചേല്‍പിക്കാന്‍ ഇസ്രായേല്‍ എത്ര തന്നെ ശ്രമിച്ചാലും ഫലത്തില്‍ വ്യത്യസ്തമായിരിക്കില്ല. സ്വന്തം നാട് ഇതുവരെ കാണാനോ സന്ദര്‍ശിക്കാനോ കഴിയാത്ത എല്ലാ ഫലസ്തീനികള്‍ക്കും അവയെക്കുറിച്ച് കൃത്യമായ വിവരവും അറിവുമുണ്ട്. അവന്റെ മാതാപിതാക്കളെക്കുറിച്ച് നല്ല ഓര്‍മയുമുണ്ട്. ഒരു സംഘത്തിന്റെ മുന്നില്‍ വെച്ച് ഓരോ വ്യക്തിയുടെ നാമങ്ങള്‍ പറയുമ്പോഴേക്കും നാടും വീടും അവരുടെ ഓര്‍മയിലോടിയെത്തും.

അഭയാര്‍ത്ഥി ക്യാമ്പുകളിലും കാര്യം വ്യത്യസ്തമല്ല. ഫലസ്തീന്‍ പ്രദേശങ്ങള്‍ അതിന്റെ ഏറ്റവും ശക്തവും സുന്ദരവുമായ രൂപത്തില്‍ പ്രതിഫലിക്കുന്നത് അവിടെയാണ്. ഓരോ ക്യാമ്പുകള്‍ക്കും, ടെന്റുകള്‍ക്കും അവര്‍ നല്‍കിയ നാമങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്ന് വീണ ഫലസ്തീന്‍ ഗ്രാമങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. നിലനില്‍പിന് വേണ്ടി പോരാടുന്ന ഏതാനും ഗ്രാമങ്ങളാണ് അഭയാര്‍ത്ഥി ക്യാമ്പുകളുടെ രൂപത്തില്‍ ഓരത്തോരത്തായി നിലകൊള്ളുന്നതെന്നര്‍ത്ഥം. തങ്ങളുടെ നാടിന്റെ നാമങ്ങള്‍ ഉപയോഗിക്കുന്നത്, അതിന്റെ പേരില്‍ അറിയപ്പെടുന്നത് അവരെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. എല്ലാ പ്രദേശത്തിനും സവിശേഷമായ ഭക്ഷണവും, പലഹാരവും, ജീവിതരീതിയുമുണ്ട്. ഫലസ്തീനില്‍ നടക്കുന്ന സദ്യകളൊക്കെയും വേറിട്ട് നില്‍ക്കുന്നത് അത് നടത്തുന്നവരുടെ സവിശേഷമായ ഭക്ഷണയിനം കൊണ്ടാണ്.

തങ്ങളുടെ നാടുകള്‍ കാണാത്ത പുതിയ ഫലസ്തീന്‍ തലമുറ അവയെക്കുറിച്ച ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കുകയും അതിന്റെ അതിര്‍ത്തിയെയും, അവിടത്തെ കൃഷിയെയും വ്യവസായത്തെയും കുറിച്ച് പഠിക്കുകയും ചെയ്യുന്നു. തങ്ങളുടെ ഉപജീവനമാര്‍ഗം, തോട്ടങ്ങള്‍, ജനസംഖ്യ, കുടുംബങ്ങളുടെ നാമങ്ങള്‍, അവര്‍ അഭയം തേടിയ പ്രദേശങ്ങള്‍ തുടങ്ങിയ സൂക്ഷ്മമായ വിവരങ്ങളൊക്കെ അവരുടെ കൈകളിലുണ്ട്. അതുമുഖേനെയാണ് മുറിഞ്ഞു പോയ ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കുന്നതും, നിലവിലുള്ള തലമുറയും മുന്‍കഴിഞ്ഞ തലമുറയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ സാധിക്കുന്നതും. തങ്ങളുടെ അവശേഷിക്കുന്ന സ്മരണകള്‍ സംരക്ഷിക്കാനും, ചിതറിക്കിടക്കുന്നവ ഒരുമിച്ച് ചേര്‍ക്കാനും, ഇസ്രായേല്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തുന്ന വൃത്തികെട്ട ആക്രമണത്തെ ചെറുത്ത് തോല്‍പിക്കാനും ഓരോ ഫലസ്തീനിയും പരമാവധി പരിശ്രമിക്കുന്നു.

തങ്ങള്‍ ഫലസ്തീനികളേക്കാളും അറബികളേക്കാളും ദുര്‍ബലമാണെന്ന് ഫലസ്തീനില്‍ കുടിയേറിപ്പാര്‍ത്ത, അവിടം സന്ദര്‍ശിച്ച, അവിടെ നിന്ന് തിരിച്ച് വന്ന, അധിനിവേശം നടത്തിയ ഓരോ ഇസ്രായേലിക്കും ബോധ്യമുള്ള കാര്യമാണ്. തന്ത്രത്തിലും, ന്യായത്തിലും, പ്രമാണത്തിലും, തെളിവിലും ഫലസ്തീനികളോടൊപ്പമെത്താന്‍ തങ്ങള്‍ക്കാവില്ലെന്ന് അവര്‍ക്കറിയാം. ചരിത്രത്തെ വികലമാക്കാനും സംഭവലോകത്തെ തെറ്റിദ്ധരിപ്പിക്കാനും എത്ര തന്നെ ശ്രമിച്ചാലും ഇസ്‌ലാമിക ദര്‍ശനത്തിന് മേല്‍ അടിയുറച്ച് നില്‍ക്കുന്ന ഫലസ്തീനികളെ നേരിടാന്‍ ശേഷിയില്ലെന്നും അവര്‍ മനസ്സിലാക്കിയിരിക്കുന്നു. ഫലസ്തീനില്‍ നിന്ന് അറബ്-ഇസ്‌ലാമിക സ്വത്വം മായ്ച് കളയുന്നതില്‍ അവര്‍ പരാജയപ്പെട്ടിരിക്കുന്നു. അവ സദാസമയവും സജീവമായി ‘അല്ലാഹു അക്ബര്‍’ എന്ന അലയൊലിയായി അവരെ പിടിച്ച് കുലുക്കിക്കൊണ്ടേയിരിക്കും. കല്ലുകളിലും ഇലന്തമരങ്ങളിലും അവ തലയുയര്‍ത്തി നില്‍ക്കുകയും നാവിലും ഞരമ്പിലും തത്തിക്കളിക്കുകയും ചെയ്യും. തങ്ങള്‍ വിജയിച്ചിരിക്കുന്നുവെന്ന് യഹൂദികള്‍ എത്ര തന്നെ വിളിച്ച് പറഞ്ഞാലും യാഥാര്‍ത്ഥ്യം അതിന് വിരുദ്ധമായി സാക്ഷി പറഞ്ഞ് കൊണ്ടേയിരിക്കും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി  

Related Articles