Current Date

Search
Close this search box.
Search
Close this search box.

ലോകഹൃദയങ്ങള്‍ കീഴടക്കിയ മുസ്‌ലിം കവി

rumi.jpg

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന കവിതകള്‍ ആരുടെതാണ് എന്ന് ചോദിച്ചാല്‍ റൂമി എന്ന രണ്ടക്ഷരമായിരിക്കും ഉത്തരം. ജലാലുദ്ദീന്‍ റൂമിയുടെ കവിതാ സമാഹാരങ്ങള്‍ ദശലക്ഷക്കണക്കിന് കോപ്പികളാണ് അമേരിക്കയില്‍ കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി വില്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഏറെ പ്രിയങ്കരനാണ് അദ്ദേഹം ഇന്ന്.

ഇസ്‌ലാമിക നാഗരികത ലോകത്തിന് ഒരുപാട് കവിശ്രേഷഠരെ സംഭാവന ചെയ്തിട്ടുണ്ട്. അതില്‍ നാലുപേര്‍, പേര്‍ഷ്യനിലെന്നല്ല ലോകതലത്തില്‍ തന്നെയും ഏറെ സ്വീകരിക്കപ്പെട്ടു. ഫിര്‍ദൗസി, നിസാമി, സഅദി ശിറാസി, ഹാഫിസ് ശിറാസി തുടങ്ങിയവരാണവര്‍. എന്നാല്‍ റൂമിയോളം ലോകകീര്‍ത്തി കരസ്ഥമാക്കിയവരായിരുന്നില്ല അവരാരും.

1207ലാണ് വഖ്ഷ് (തജ്ക്കിസ്ഥാന്‍) എന്ന പ്രദേശത്ത് പേര്‍ഷ്യന്‍ ദമ്പതികളുടെ മകനായി റൂമി ജനിക്കുന്നത്. മധ്യേഷ്യന്‍ പ്രദേശങ്ങളിലെ മംഗോളിയക്കാരുടെ ആക്രമണം കാരണം തുര്‍ക്കിയിലെ കൊനിയ നഗരത്തിലേക്ക് കുടിയേറിയവരായിരുന്നു അവര്‍. നിയമജ്ഞനനായും അധ്യാപകനായും റൂമി തന്റെ ഔദ്യോഗിക ജീവിതമാരംഭിച്ചു. ഇടക്ക് വെച്ച് അദ്ദേഹം ശംസെ തബ്‌രീസി എന്ന സൂഫി കവിയെ പരിചയപ്പെടുന്നു. അദ്ദേഹത്തിന്റെ ചിന്തകളാണ് റൂമി എന്ന ഇന്ന് ലോകം ആദരിക്കുന്ന മിസ്റ്റിക് കവിക്ക് ജന്മം നല്‍കുന്നത്. മൂന്ന് വര്‍ഷത്തോളം റൂമിയുടെ കൂടെയുണ്ടായിരുന്ന ശംസ് പെട്ടെന്നൊരു ദിവസം ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷനാകുന്നു. റൂമിയുടെ മകന്‍ വധിച്ചതാണെന്നും അതല്ല സ്വയം വിട്ട് പോയതാണെന്നും അഭ്യൂഹങ്ങളുണ്ട്. ശംസിന്റെ ഈ തിരോധാനമാണ് റൂമിയിലെ കവിക്ക് ജന്മം നല്‍കുന്നത്.

സംഗീതവും കവിതയും സംയോജിപ്പിച്ച് സൂഫി നൃത്തച്ചുവടുകളുടെ അകമ്പടിയോടെ അദ്ദേഹം മറ്റുള്ളവരെ തന്റെ കവിതകള്‍ കേള്‍പ്പിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ‘കറങ്ങല്‍ നൃത്തം’ പ്രചാരം നേടുകയും പിന്നീട് 1273ല്‍ അദ്ദേഹത്തിന്റെ മരണശേഷം തന്റെ ശിഷ്യരിലൂടെ ‘മെവ്‌ലേവി’ സൂഫി നൃത്ത രൂപത്തിന് വഴിതെളിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്ത തുര്‍ക്കിയിലെ കൊനിയ നഗരം ലോക സൂഫി തീര്‍ഥാടകരുടെ കേന്ദ്രമാണിന്ന്.

സാര്‍വദേശീയ സന്ദേശം
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് തുര്‍ക്കി ‘മംഗലരാവ്’ (the wedding night) എന്ന പേരില്‍ റൂമിയുടെ 741ാം ചരമദിനം ആഘോഷിക്കുകയുണ്ടായി.  ആയിരക്കണക്കിന് സൂഫികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശംസും റൂമിയും കണ്ടുമുട്ടി എന്ന് പറയപ്പെടുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഗേഹം സന്ദര്‍ശിക്കാനായി നഗരത്തില്‍ ഒത്തുകൂടിയത്.

തുര്‍ക്കി പ്രസിഡന്റും മറ്റു പ്രധാനികളും പ്രസ്തുത പരിപാടിയില്‍ സംബന്ധിച്ചത് രാജ്യത്തിന് എത്രമാത്രം പ്രധാനപ്പെട്ട മഹാ വ്യക്തിയാണ് അദ്ദേഹമെന്ന് വിളിച്ചോതുന്നു. ഇരുപതോളം സൂഫി നൃത്ത കലാകാരന്മാരും മുപ്പത് സൂഫി സംഗീതഞ്ജരും ചടങ്ങില്‍ പങ്കെടുത്തു. മുസ്‌ലിംകളുടെ മാത്രമല്ല അമുസ്‌ലിംകളുടെ കൂടി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ആഘോഷ പരിപാടികള്‍. എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് ശേഷവും മതത്തിനും ദേശീയതക്കും വിഭാഗീയതക്കും അപ്പുറം എത്ര ഹൃദയങ്ങളെയാണ് അദ്ദേഹം കീഴടക്കിയത് എന്നതിന്റെ വ്യക്തമായ സാക്ഷ്യമായിരുന്നു വിവിധ സംസ്‌കാരങ്ങളെ പ്രതിനിധ്വാനം ചെയ്യുന്ന ആ മഹാ ജനസാഗരം.

കൊനിയയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആഘോഷങ്ങള്‍. തിരക്കുമൂലം കൊനിയയില്‍ എത്തിപ്പെടാന്‍ സന്ദര്‍ശകര്‍ നന്നേ പ്രയാസപ്പെട്ടു. അതുകൊണ്ട് തന്നെ സമാനമായ ആഘോഷങ്ങള്‍ ഒരേ സമയം ഇസ്തംബൂള്‍, ബാഴസലോണ, ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്‌കൊ, വാന്‍കൂവര്‍, മെക്‌സിക്കോ സിറ്റി തുടങ്ങിയ ലോക നഗരങ്ങളിലും അരങ്ങേറി. സഹിഷ്ണുതയെയും വൈവിധ്യത്തെയും സൗന്ദര്യത്തെയും പ്രണയിക്കുന്ന അദ്ദേഹത്തിന്റെ ആരാധകരെ സമ്മേളിപ്പിക്കാന്‍ മാത്രം ശക്തമായിരുന്നു റൂമിയുടെ കവിതാ സാഗരം. അതായിരുന്നു തന്റെ കാലഘട്ടത്തിലെ ജനങ്ങള്‍ക്കും ശേഷമുള്ള തലമുറകള്‍ക്കുമുള്ള റൂമിയുടെ സന്ദേശം. ദൈവവുമായുള്ള ആത്മീയ ബന്ധത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുക, അങ്ങനെ മറ്റുള്ളവരുമായുള്ള ആത്മീയ ബന്ധത്തെയും ശക്തിപ്പെടുത്തുക എന്നാണ് റൂമി ലോകത്തെ പഠിപ്പിച്ചത്.

ഇസ്‌ലാമിക ലോകം കിഴക്ക് നിന്ന് മംഗോളിയരും പടിഞ്ഞാറ് നിന്ന് യൂറോപ്യന്‍ കുരിശു സേനയും ആക്രമിച്ചുകൊണ്ടിരുന്ന സംഘട്ടനങ്ങള്‍ നിറഞ്ഞുനിന്ന കാലത്താണ് റൂമി ജനിക്കുന്നത്. സഹിഷ്ണുതയും വൈവിധ്യവും അംഗീകരിക്കാത്ത സദാ കലഹിച്ചുകൊണ്ടിരിക്കുന്ന ജനതയുടെ കാലമായിരുന്നു അത്. ഭൂമിയും അതിന്റെ സകല വിഭവങ്ങളും ഖനിജങ്ങളും വിശാലതയും അവരുടെ ആര്‍ത്തിയെ ശമിപ്പിക്കാന്‍ പോന്നതായിരുന്നില്ല. സൈന്യത്തെ സജ്ജീകരിച്ച് യുദ്ധത്തിന് ആഹ്വാനം ചെയ്യുന്നതിന് പകരം റൂമി വേറിട്ടൊരു പാത തിരഞ്ഞെടുക്കുകയാണ് ചെയ്തത്. വ്യത്യസ്തരെങ്കിലും ഒരൊറ്റ ദൈവത്തിന്റെ സൃഷ്ടികളാണ് നമ്മള്‍. അവനുമായാണ് ആത്മീയമായി നാം ബന്ധപ്പെട്ടിരിക്കുന്നത്. അതാണ് മറ്റുള്ളവരോടുള്ള നമ്മുടെ ഏകപക്ഷീയമായ ദര്‍ശനങ്ങളില്‍ സ്വാധീനിക്കേണ്ടത്. വ്യത്യസ്തതയോടെ പരസ്പരം അംഗീകരിക്കാന്‍ നാം തയ്യാറാകണം. വൈവിധ്യത്തോടെയാണ് ദൈവം നാമേവരെയും സൃഷ്ടിച്ചത്. അതുകൊണ്ട് തന്നെ ആ വൈവിധ്യത്തെ അംഗീകരിക്കാതെ ലോകത്തിന് മുന്നോട്ട് പോകുക സാധ്യമല്ല.

റൂമിയുടെ സന്ദേശം അതിര്‍ത്തികളും യുഗങ്ങളും ഭേതിച്ച് പുതിയ തലമുറയിലെ ദശലക്ഷക്കണക്കിനാളുകളില്‍ എത്തിയിരിക്കുന്നു. ഒതുക്കത്തിന്റെയും സൗന്ദര്യത്തിന്റെയും സഹിഷ്ണുതയുടെയും യുക്തിയുടെയും തികവുറ്റ മാതൃക അവര്‍ക്ക് ദര്‍ശിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ കവിതകളാണ്. അമേരിക്കയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് റൂമിയുടെ കവിതകളാണ്. എത്രമാത്രം സാര്‍വദേശീയമായിരുന്നു അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ എന്നതിന് വ്യക്തമായ സൂചനയാണിത്. മുസ്‌ലിംകള്‍ക്ക് മാത്രമല്ല ക്രിസ്ത്യാനികള്‍ക്കും ജൂതര്‍ക്കും അവിശ്വാസികള്‍ക്കും എന്നുവേണ്ട എല്ലാവര്‍ക്കും സ്വീകാര്യമായിരുന്നു അത്.

ആത്മീയതയും ധ്യാനവും
ഒരു വശത്ത് പ്രാദേശിക സംഘട്ടനങ്ങളും മറുവശത്ത് ഉത്തേജന ജീവിതരീതിയും അരങ്ങുവാഴുന്ന ഈ കാലത്ത് റൂമിയുടെ കവിതകള്‍ക്ക് പ്രസക്തിയേറെയാണ്. ലാഭനേട്ടങ്ങള്‍ മാത്രം കാണാന്‍ ശീലിപ്പിച്ച, ആത്മീയതയുടെ ഉറവ വറ്റിയ ഈ ലോകത്ത് വായനക്കാര്‍ക്ക് അത് ആശ്വാസവും ആത്മീയ പ്രത്യാശയുമാണ്. റൂമിയുടെ കവിത വായിക്കുന്ന ഒരാള്‍ ജീവിതമെന്നത് വെറും ജീവിക്കാന്‍ മാത്രമുള്ളതല്ലെന്നും ദൈത്തിന്റെ ശക്തിയെക്കുറിച്ചാലോചിക്കാനായി അവന്‍ സൃഷ്ടിച്ച സൗന്ദര്യത്തെ പ്രകീര്‍ത്തിക്കാനുമുള്ളതാണെന്ന് മനസ്സിലാക്കും.
 

റൂമിയുടെ അഭിപ്രായത്തില്‍ ഒരാള്‍ക്ക് ലോക സൗന്ദര്യം ദര്‍ശിക്കാന്‍ തന്റെയുള്ളില്‍ കുടികൊള്ളുന്ന സൗന്ദര്യത്തെ കണ്ടെത്താന്‍ കഴിയേണ്ടതുണ്ട്. നമ്മുടെ ആത്മാവിന്റെ കണ്ണാടിയാണ് ഈ ലോകത്ത് നാം കാണുന്ന സൗന്ദര്യം. സ്വന്തത്തില്‍ സമാധാനം കൈകൊള്ളുന്നവന്‍ ഭൂമിയുടെ ഓരോ മുക്കിലും മൂലയിലും സൗന്ദര്യം ദര്‍ശിക്കുന്നു. എന്നാല്‍ എവിടെയും ദൂഷ്യവും വിദ്വേഷവും കണ്ടെത്തുന്നവന്‍ എങ്ങും തിന്മയായിരിക്കും ദര്‍ശിക്കുക. തന്റെ കൃതികളില്‍ ദസ്തവേസ്‌കി മനുഷ്യസ്വത്വത്തെ നിര്‍വചിക്കുന്നത് ഓരോ മനുഷ്യനും അവന്റെയുള്ളില്‍ അവനെ തിന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു നെപ്പോളിയനെ വഹിക്കുന്നുണ്ട് എന്നാണ്. എന്നാല്‍ മുമ്പ് റൂമി പറഞ്ഞതും മറ്റൊന്നായിരുന്നില്ല ‘മൂസയും ഫറോവയും നിന്റെയുള്ളിലുണ്ട്. അവയെ സ്വയം കണ്ടെത്തുക.’ നമ്മിലെ മൂസയിലൂടെ മാത്രം നമ്മിലെ ഫറോവയെ കീഴടക്കുക. അങ്ങനെ നമുക്ക് നമ്മിലും നാം ജീവിക്കുന്ന ചുറ്റുപാടിലും സൗന്ദര്യം കാണാന്‍ കഴിയുന്നു.

‘മസ്‌നാവി’യാണ് റൂമിയുടെ ഏറ്റവും പ്രശസ്തമായ കൃതി. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ഇരുപത്തി അയ്യായിരത്തോളം വരികളുള്ള പ്രസ്തുത സമാഹാരം ദൈവ പ്രണയത്തിലൂടെ ആത്മീയ പരിപൂര്‍ണ്ണത എങ്ങനെ കൈവരിക്കാമെന്നതിന്റെ പ്രകാശനമാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട എക്കാലത്തെയും മികച്ച സാഹിത്യ കൃതികളായാണ് റൂമിയുടെ ‘മസ്‌നാവി’യും ഫിര്‍ദൗസിയുടെ ‘ശാഹ്നമെ’യും കണക്കാക്കപ്പെടുന്നത്.

വലിയ സ്വാധീനമാണ് ‘മസ്‌നാവി’ ജനങ്ങളില്‍ ചെലുത്തിയത്. സ്വന്തം കഴിവിനെക്കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തുവാന്‍ ആളുകള്‍ എത്രത്തോളം മറ്റുള്ളവരെ ആശ്രയിച്ചിരിക്കുന്നു എന്നതില്‍ തന്നെ അത് പ്രതിഫലിച്ച് കാണാം. ജനങ്ങളില്‍ നിഴല്‍വിരിച്ച നിരാശ ലോകത്തെ അതിന്റെ യതാര്‍ഥ ഭാവത്തില്‍ ദര്‍ക്കുന്നതിന് ഭംഗം വരുത്താവതല്ല. ദൈവം രചിച്ച അല്‍ഭുതം കണ്ണുള്ളവര്‍ക്ക് ദൃഷ്ടാന്തമാകുന്നു.

‘വരൂ, വരൂ, നീ എവിടെയാണെങ്കിലും കടന്നുവരൂ.
നാടോടീ, ഭക്താ, ജീവന്റെ പ്രണയിതവേ, ഭയപ്പെടേണ്ട.
നിരാശയുടെ യാത്രാ സംഘമല്ല നമ്മുടേത്.
വരൂ, നൂറു തവണ വാക്ക് ലംഘിച്ചവനാണ് നീയെങ്കിലും.
കടന്നുവരൂ, എങ്കിലും നീ വരൂ, വരൂ.’

Related Articles