Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം അസം മാറ്റത്തിന് വിധേയമാവുന്നു

പ്രകൃതി രമണീയമാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശം. പച്ച പിടിച്ച മരത്തോപ്പുകള്‍, സമ്പന്നമായ ജലാശയങ്ങള്‍, ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങള്‍ ചിലയിടങ്ങളില്‍ തനതായ കേരളീയതയുടെ ആവാസ വ്യവസ്ഥിതി കാണാന്‍ കഴിയും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്തന്നെ ഇവിടങ്ങളില്‍ മനുഷ്യവാസം ആരംഭിച്ചിട്ടുണ്ട്. നിരവധി ഭരണകൂടങ്ങള്‍ ഈ മണ്ണില്‍ ഉദയ വികാസ സംഹാര പ്രക്രിയകള്‍ക്ക് വിധേയമായിട്ടുമുണ്ട്. വൈവിധ്യമാര്‍ന്ന സാമൂഹിക വിഭാഗങ്ങള്‍ ഇവിടെ വളര്‍ന്നിട്ടുണ്ടെങ്കിലും എവിടെയും ഉത്തമമായ ജീവിതപൊരുത്തം വടക്കു കിഴക്കന്‍ ജനത കാത്തുവെച്ചിരുന്നു എന്ന് ചരിത്രം സ്മരിക്കുന്നുണ്ട്.
    
ഇസ്‌ലാമിക പൈതൃകത്തിന്റെ ചൂടും ചൂരുമേറ്റു വളര്‍ന്ന ചരിത്രമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം സമൂഹത്തിന് പറയാനുള്ളത്. എ.ഡി പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ തന്നെ ഇവിടെ ഇസ്‌ലാം എത്തിത്തുടങ്ങിയിട്ടുണ്ട്. പഴയ ഓട്ടോമന്‍, പേര്‍ഷ്യന്‍ നാടുകളില്‍ നിന്ന് പ്രബോധനാവശ്യര്‍ത്ഥം ലോകത്തിന്റെ അഷ്ടദിക്കുകളിലേക്ക് യാത്ര തിരിച്ച സൂഫികളില്‍ പലരും ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും എത്തിപ്പെട്ടു. ചൈന വഴിയാണ് മിക്കവരും വന്നതെന്ന് ചരിത്രം പറയുന്നു. കച്ചവടക്കാര്‍ വഴിയാണ് പലപ്പോഴും സൂഫികള്‍ വിവിധ നാടുകളില്‍ ചെന്നെത്തിയത്. മുസ്‌ലിം ലോകത്തിന്റെ വൈപുല്ല്യത്തിന്റെ നിദാനം ഇത്തരം വ്യവസായിക അധ്യാത്മിക (Merchant and mystic) ബന്ധങ്ങളുടെ തീക്ഷ്ണതയായിരുന്നു എന്ന് പറയുന്നതില്‍ തെറ്റില്ല. ലോകത്ത് എല്ലായിടത്തും സംഭവിച്ചതുപോലെ ഇത്തരം ദ്വന്ദ ബന്ധങ്ങളുടെ സമന്വയത്തിന്റെ പ്രതിഫലനമാണ് ഇന്ത്യയിലെ വടക്കു- കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഇസ്‌ലാമിന്റെ വികാസവും.
    
വടക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ മുസ്‌ലിം പൈതൃകത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ സംസ്ഥാനമാണ് അസം. സൂഫികള്‍ വഴി മതം മാറിയ തദ്ദേശീയരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടിയേറിയ വ്യത്യസ്ത ജന വിഭാഗങ്ങളുമാണ് ഇവിടുത്തെ മുസ്‌ലിംകളില്‍ ഭൂരിപക്ഷവും പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ കാലഘട്ടത്ത് നിരവധി പേര്‍ തൊഴില്‍ ആവശ്യാര്‍ത്ഥം കുടിയേറിപ്പാര്‍ത്തതായി പറയപ്പെടുന്നു. ഭൂമി ശാസ്ത്രപരമായ വിക്ഷുഭ്ധതകള്‍ സംഭവിക്കുന്ന സമയത്തും, ബംഗ്ലാദേശ് പോലോത്ത പ്രദേശങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ കുടിയേറിയിട്ടുണ്ട്. പ്രകൃതിയില്‍ സ്വാഭാവികമായി നടക്കുന്ന സാധാരണ കുടിയേറ്റങ്ങള്‍ മാത്രമാണ് ഇത്. പക്ഷെ ചരിത്രകാരന്മാരില്‍ ചിലര്‍ മുസ്‌ലിംകളുടെ ഇത്തരം കുടിയേറ്റത്തെ കടന്നു കയറ്റമായി മാറ്റി എഴുതുന്ന പ്രവണതയുടെ വഞ്ചന സമൂഹം തിരിച്ചറിയേണ്ടതുണ്ട്. മുസ്‌ലിം സ്വത്വ ബോധത്തെ ചോദ്യം ചെയ്ത് പുറത്താക്കാനുള്ള ആഭ്യന്തര തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം അതിവായനകള്‍ തീര്‍ത്തും അനുഗുണമല്ല.
    
അസ്തിത്വപ്രതിസന്ധിയുടെ നൂലാമാലകളില്‍ കയറി സമുദായത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ ചരിത്രത്തിന്റെ പ്രത്യേക സന്ധിയില്‍ വെച്ച് മുസ്‌ലിം സമൂഹത്തിന് വന്നുപെട്ട ധൈഷണിക മയക്കം, സാമൂഹികവും രാഷ്ട്രീയ പരവുമായ അരികുവത്കരണം തുടങ്ങിയ ഘടകങ്ങള്‍ പലതും കൂടിച്ചേര്‍ന്നപ്പോള്‍ മുസ്‌ലിം സമൂഹത്തിന്റെ ഗതിവിഗതികള്‍ മാറി മാറിപ്പറയപ്പെട്ടു തുടങ്ങി. കൊളോണിയല്‍ കാലഘട്ടത്ത് നടന്ന വിഭജനങ്ങള്‍ മുസ്‌ലിം ജീവിതത്തെ കൂടുതല്‍ താറുമാറാക്കി. 1905 ലെ ബംഗാള്‍ വിഭജനം, 1947 ലെ ഇന്ത്യ – പാക് വിഭജനം, 1971 ലെ ബംഗ്ലാദേശ് വിഭജനം തുടങ്ങിയവ കനത്ത പ്രത്യാഘാതങ്ങളാണ് അസം പോലോത്ത പ്രദേശങ്ങളില്‍ മുസ്‌ലിംകള്‍ക്ക് സൃഷ്ടിച്ചത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ സമാധാന പരവും ബഹുസ്വരാത്മകവുമായ സമീപനങ്ങളിലൂടെ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന മുസ്‌ലിംകള്‍ പിന്നീട് വിക്ഷുപ്ധമായ പരിസരങ്ങളുടെ ആഴങ്ങളിലേക്ക് വ്യതിചലിക്കാന്‍ തുടങ്ങി. ഈയൊരു അപചയത്തിന്റെ ജുഗുപ്‌സാവഹമായ മൂര്‍ത്തീഭാവത്തിലാണ് വര്‍ത്തമാന മുസ്‌ലിം അസം. മതപരവും ശാസ്ത്രീയവുമായ വിജ്ഞാനങ്ങളുടെ കുറവ്, തൊഴിലില്ലായ്മ, ദാരിദ്രം, മോശമായ സാമൂഹിക പാശ്ചാത്തലം, ആരോഗ്യ പ്രതിസന്ധികള്‍ തുടങ്ങിയവ അസം മുസ്‌ലിംകളിലെ ഭൂരിപക്ഷത്തിന്റെ കൂടെപ്പിറപ്പുകളാണ്. മൂന്ന് കോടിയോളം വരുന്ന മുസ്‌ലിംകളില്‍ നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളുടെ ശോഷണം ഒരു സമുദായത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ വ്യക്തമായ വിള്ളലുകള്‍ വരുത്തിയിട്ടുണ്ട്. ഈ പാവപ്പെട്ട മുസ്‌ലിം സഹോദരന്മാരെ കൈ പിടിച്ചുയര്‍ത്തുന്നതില്‍ നമുക്കും ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട് എന്നത് വിസ്മരിക്കാവുന്നതാണോ?

കേരളാ മുസ്‌ലിം നേതൃത്വത്തിന്റെ ഇടപെടലുകള്‍  
കഴിഞ്ഞ കാലങ്ങളില്‍ കേരളത്തില്‍ നിന്ന് നിരവധി ഉലാമക്കള്‍ ലോകത്തിന്റെ പല ഭാഗങ്ങലിലേക്കും പ്രബോധനത്തിന് പോയിട്ടുണ്ട്. അത്തരം വന്നെത്തിയ നാടുകളിലെ സമ്പ്രദായിക പരികല്‍പനകളില്‍ വന്ന തെറ്റുകളെ വിമലീകരിക്കാന്‍ പുതിയ ജീവിത പാഠങ്ങളെ പകര്‍ന്നു കൊടുക്കാനും അവര്‍ നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. കേരളത്തിലെ മുസ്‌ലിം ഉലമ പാരമ്പര്യം പുലര്‍ത്തിപ്പോന്ന ജ്ഞാനപ്രസരണത്തിന്റെ ബാക്കിവെപ്പുകളില്‍ നിന്ന് ഊര്‍ജ്ജം സംഭരിക്കുന്ന പ്രബോധക വൃന്ദം ഇന്നും കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന് കീഴില്‍ സജീവമാണ്. അന്നവും അക്ഷരവും പകര്‍ന്ന് ധര്‍മ്മ വിപരീതങ്ങളെ അവര്‍ നന്മയുടെ പുതുവെളിച്ചം കൊണ്ട് ഗുണിച്ചെടുക്കുകയാണ്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമക്ക് കീഴില്‍ മര്‍കസിന്റെയും മറ്റു സുന്നി പ്രാസ്ഥാനിക നേതൃത്വവും കഴിവുറ്റ പ്രബോധകരെ വാര്‍ത്തെടുക്കുന്നതിലും ജ്ഞാന തേട്ടങ്ങളുടെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിപ്പിടിക്കുന്നതിലും ബദ്ധശ്രദ്ധരാണ്.
    
വിലക്ഷണമായ അസമിന്റെ മണ്ണില്‍ കേരളമുസ്‌ലിം നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത് 2006 ലാണ്. ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (IEBI) പ്രതിനിധികള്‍ അവിടെ സന്ദര്‍ശിക്കുകയും പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. അതിന് മുമ്പും കേരളത്തില്‍ നിന്നുള്ള പ്രബോധന സംഘങ്ങള്‍ ദിവസങ്ങളോളം അസമിന്റെ വിവിധ ഗ്രാമങ്ങളില്‍ സന്ദര്‍ശനം നടത്തുകയും, വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.
    
ആദ്യഘട്ടത്തില്‍ നൂറോളം അനാഥ വിദ്യാര്‍ത്ഥികളെ സംരക്ഷിക്കാന്‍ വേണ്ടി മര്‍കസ് കെയര്‍ പദ്ധതി നടപ്പിലാക്കി. തുടര്‍വര്‍ഷങ്ങളിലും വിവിധ ഘട്ടങ്ങളിലായി കുട്ടികളെ ഏറ്റെടുത്ത് കൊണ്ടിരിക്കുന്നു. വര്‍ഷത്തില്‍ രണ്ടുതവണയായി ഇത്തരക്കാര്‍ക്ക് ധനസഹായവും മറ്റും എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്തു. കുടുബനാഥന്‍ നഷ്ടപ്പെടുമ്പോള്‍ പെരുവഴിയിലാക്കുന്ന നമ്മുടെ നാട്ടിലെ കുട്ടികളെ ഏറ്റെടുത്ത് വളര്‍ത്തി കൊണ്ട് വരുന്നതില്‍ പഴയകാല അനാഥാലയങ്ങള്‍ തീവ്രമായി ശ്രമിച്ചുരുന്നു. ഇത്തരം ശൈലിയെ അസമിലേക്കും പറിച്ചു നടാനുള്ള പദ്ധതികള്‍ നേതൃത്വം ആവിഷ്‌കരിക്കുന്നുണ്ട്.
    
വ്യവസ്ഥാപിതമായ സംഘടിതരൂപവും കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവവുമാണ് അസം മുസ്‌ലിം പിന്നാക്കാവസ്ഥയുടെ മൂല കാരണം. ഇതിന് പരിഹാരം കണ്ടെത്താനാണ് സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്റെ ശാഖകള്‍ ഇവിടെ ആരംഭിച്ചത്. ഓരോ പ്രദേശത്തെയും മുസ്‌ലിംകള്‍ ഇത്തരത്തില്‍ സംഘടിച്ച് ശാസ്ത്രീയമായ സംഘടന രീതിയില്‍ പരിശീലിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു. അസമിലെ പൗരപ്രധാനികളായ മുസ്‌ലിം നേതൃത്വവും പണ്ഡിതന്മാരും കേരളത്തിലെ മുസ്‌ലിം സംഘടനകളെയും സ്ഥാപനങ്ങളെയും പരിചയപ്പെടുത്താനായി ഇവിടെ കൊണ്ടുവന്നിരുന്നു. കേരളത്തിലെ അച്ചടക്കമുള്ള മുസ്‌ലിം നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അസം മുസ്‌ലിം നേതൃത്വം കഠിനമായ പ്രയത്‌നത്തിലൂടെ സുശക്തമായ ഒരു സാമൂഹ്യ നിര്‍മ്മിതിക്ക് ഉദ്യമിച്ചിരിക്കുന്നു.
    
വൈജ്ഞാനിക ജാഗരണമാണ് ഒരു സാമൂഹിക വ്യവസ്ഥിതിയുടെ ആണിക്കല്ല്. അറിവും അതുവഴി രൂപപ്പെട്ടു വരുന്ന അധികാരവും നല്‍കുന്ന സൗരഭ്യം സമൂഹത്തിന്റെ താഴെ തട്ടുമുതല്‍ മുകളില്‍ വരെ അനുഭൂതിദായകമായ പ്രതിഫലനങ്ങള്‍ സൃഷിടിക്കും. കേരളത്തിലെ ഉലമ നേതൃത്വം എല്ലായിടത്തും പകര്‍ന്നു നല്‍കിയ പോലെ ആസാമിലേക്കും ജ്ഞാനത്തിന്റെ അക്ഷര ഭാണ്ഡങ്ങളെ കൊടുത്തയച്ചു തുടങ്ങി.
    
എട്ട് വര്‍ഷം കൊണ്ട് വിവിധ ഭാഗങ്ങളിലായി ഇരുപതോളം പള്ളികളും അതിനോട് ചേര്‍ന്ന് നിരവധി മദ്രസകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സ്‌കൂള്‍ കിറ്റ് വിതരണവും മര്‍കസിനുകീഴില്‍ ആരംഭിച്ചു കഴിഞ്ഞു. ഈയടുത്തായി ഒരു വനിതാകോളേജും തുറന്നിട്ടുണ്ട്. വെള്ളം – അസം മുസ്‌ലിംകളുടെ വലിയ പ്രതിസന്ധിയാണ് ദീര്‍ഘദൂരം നടന്നാണ് വെള്ളം കൊണ്ട് വരുന്നത്. ഒരു ഗ്രാമത്തില്‍ നിന്ന് മറ്റൊരു ഗ്രാത്തിലേക്ക് നടക്കാനുള്ള ക്ലേശത്തിന് അറുതിവരുത്താന്‍ വിവിധ ഗ്രാമങ്ങളില്‍ ആര്‍.സി.എഫ്.ഐക്ക് കീഴില്‍ അമ്പതോളം കിണറുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. വിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി ആര്‍.സി.എഫ്.ഐക്ക് കീഴില്‍ സ്‌കൂള്‍ കിറ്റ് വിതരണവും നടത്തുകയുണ്ടായി. സമുദായത്തിലെ വിവിധ സമ്പന്നരായ ആളുകളുടെ കയ്യില്‍ നിന്ന് പണം സ്വരൂപിച്ച് ഉള്ഹിയത് കര്‍മങ്ങളും വസ്ത്ര – ഭക്ഷണ വിതരണവും സുതാര്യമായി നടന്നുവരുന്നു.
    
സാധാരണക്കാര്‍ക്കുള്ള പ്രത്യേക പാഠശാലകള്‍ – വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടാലന്റ് ടെസ്റ്റുകള്‍ അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന നോളജ് പ്രോഗ്രാമുകള്‍, ഉന്നത വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള ബോധവല്‍ക്കരണങ്ങള്‍, സ്ത്രീ ശാക്തീകരണ പദ്ധതികള്‍ തുടങ്ങിയ വിവിധ പദ്ധതികളും നടപ്പിലായി വരുന്നുണ്ട്. മര്‍കസിനു കീഴിലുള്ള പൂനൂര്‍ മദീനത്തുന്നൂര്‍ കോളേജില്‍ ഈ വര്‍ഷം റമളാനില്‍ കേരളത്തിലെ അസം തൊഴിലാളികളുടെ സാന്നിധ്യമുണ്ടായിരുന്നു. ഖുര്‍ആന്‍ പഠനവും വിശ്വാസ-അനുഷ്ഠാന പരിശീലനങ്ങളുമായിരുന്നു പ്രധാനം.

അസം മുസ്‌ലിംകളുടെ ആവശ്യങ്ങളും നിലവില്‍ നടക്കുന്ന പദ്ധതികളും താരതമ്യം ചെയ്യുമ്പോള്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. സമീപ ഭാവിയില്‍ തന്നെ നടപ്പാക്കേണ്ട നിരവധി പദ്ധതികള്‍ക്കുള്ള രൂപരേഖകള്‍ തയ്യാറായി വരികയും ചെയ്യുന്നു.
    
കേരളീയ മുസ്‌ലിം നേതൃത്വം സാധ്യമാക്കിയ സാമൂഹിക – സാംസ്‌കാരിക – ധൈഷണിക ജാഗരണത്തെ അസമിന്റെ സാമൂഹിക പരിസരത്തേക്ക് വിവര്‍ത്തനം ചെയ്യേണ്ടതിന്റെ സാംഗത്യം സമൂഹം മനസ്സിലാക്കി തുടങ്ങി. അന്നവും പാനീയവും അന്യമായ ഇടങ്ങളില്‍ നിന്ന് അക്ഷരങ്ങളും പുസ്തകങ്ങളും അന്യമാവുമ്പോള്‍ ഒരു സമൂഹത്തിനുണ്ടവുന്ന അപചയത്തെ കൂടുതല്‍ നിര്‍വ്വചിക്കേണ്ടതിന്റെ ആവശ്യമില്ല. സപ്ത സഹോദരികളായ ആന്ധ്രാപ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും കേരളത്തിലെ മുസ്‌ലിം നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടുണ്ട്. അടുത്ത കാലത്തായി മുസ്‌ലിം സമൂഹം കൂടുതല്‍ നികൃഷ്ടതകള്‍ നേരിട്ട അസമിലേക്ക് നവംബര്‍ ആദ്യവാരം മുതല്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ വിവിധ  തലങ്ങളിലുള്ള പ്രതിനിധികളും പണ്ഡിതന്മാരും, സംഘടനാ നേതൃത്വവും ഒരു യാത്ര സംഘടിപ്പിക്കുന്നുണ്ട്. അസമിന്റെ വിലക്ഷണമായ പരിസരങ്ങളെ നേരിട്ട് കാണാനും, നവീവ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും, അസമിലെ ഉന്നതരായ രാഷ്ട്രീയ -സാമൂഹിക രംഗത്തെ പ്രമുഖരുടെ പിന്‍ബലത്തോടെയാണ് യാത്ര. ബോഡോ തീവ്രവാദികളാല്‍ വംശീയ ആക്രമണം നേരിട്ട ഗ്രാമത്തിലുള്ള കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രിമാര്‍ അടങ്ങുന്ന ഭരണ നേതൃത്വത്തിന്റെ കീഴില്‍ നടത്തും മതമൈത്രിയും സൗഹാര്‍ദ്ദവും കളിയാടുന്ന അസം മണ്ണില്‍ നമുക്ക് പുഷ്‌ക്കലമായ അന്തരീക്ഷത്തെ നിര്‍മ്മിക്കണം. അന്നവും അക്ഷരവും പകര്‍ന്ന് അവരെയും നമുക്ക് മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തണം. സമുദായത്തിലെ എല്ലാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അതിന് കൈത്താങ്ങ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.

(Relief & Charitable Foundation Of India യുടെ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Related Articles