Current Date

Search
Close this search box.
Search
Close this search box.

ജറുസലേമിലെ ഖുബ്ബൂസ്

KHUBBOOS.jpg

പുരാതന നഗരമായ ജറുസലേം മൂന്ന് പ്രധാന മതങ്ങളുടെ പുണ്യസ്ഥലമാണ്. തങ്ങളുടെ ആദ്യത്തെ ദേവാലയം സ്ഥാപിക്കപ്പെട്ട ഭൂമി എന്ന നിലക്ക് ജൂതന്മാര്‍ക്ക് അത് പുണ്യഭൂമിയാണ്. യേശു ക്രൂശിക്കപ്പെടുന്നതിനും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനും സാക്ഷിയായ മണ്ണ് എന്ന നിലക്ക് ക്രിസ്ത്യാനികള്‍ക്ക് ഇത് പാവനഭൂമിയാണ്. മുഹമ്മദ് നബി ആകാശാരോഹണം നടത്തിയ സ്ഥാനം എന്ന നിലക്ക് മുസ്‌ലിംകളും ജറുസലേമിനെ വിശുദ്ധമായി കാണുന്നു. ധാരാളം ചരിത്രശേഷിപ്പുകളും മതചിഹ്നങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശം എന്നാല്‍ ഇന്ന് അശാന്തിയുടെ ഇരുട്ടറ കൂടിയാണ്. നൂറ്റാണ്ടുകളായി നടക്കുന്ന പോരാട്ടങ്ങളും അധിനിവേശങ്ങളും ഈ ഭൂമിയെ കീറിമുറിച്ചിരിക്കുന്നു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷങ്ങളുടെ രാഷ്ട്രീകുപ്പായമണിഞ്ഞ ജറുസലേമാണ് ലോകത്തിന് സുപരിചിതം.

തിരക്കേറിയ അങ്ങാടികളും വര്‍ണ്ണാഭമായ തെരുവുജീവിതവുമാണ് ജറുസലേമിന്റെ പുരാതനനഗരം അതിന്റെ സമാധാനനാളുകളില്‍. എന്നാല്‍ സംഘര്‍ഷങ്ങള്‍ മുളപൊട്ടുന്നതോടെ കശാപ്പുശാലകള്‍ക്ക് സമാനമായി അവിടെ രക്തപ്പുഴയൊഴുകുന്നു. ഫലസ്തീന്‍ മക്കള്‍ തങ്ങളുടെ ഭൂമിയായി വിശേഷിപ്പിക്കുന്ന ജറുസലേമില്‍ ഐക്യത്തിന്റെ സ്വരങ്ങള്‍ കുറഞ്ഞുവരുന്നു. മനുഷ്യര്‍ തമ്മിലുള്ള അകലം വര്‍ധിക്കുന്നു.

എന്നാല്‍ അത്ഭുതകരമാം വിധം ജറുസലേമില്‍ മനുഷ്യരെ ഒന്നാക്കുന്ന ഒരു ഘടകമേയുള്ളൂ. ഭക്ഷണം. ലോകത്ത് ഏറ്റവും കൂടുതല്‍ ചരിത്രവും സംസ്‌കാരവും മൂല്യങ്ങളും ഈ ഭക്ഷണ വിഭവങ്ങള്‍ക്ക് പറയാനുണ്ടാകും. ഇവിടെ ചുട്ടെടുക്കുന്ന ഖുബ്ബൂസും ബുറേക്കയും മതഭേദമില്ലാതെ വിശപ്പടക്കുന്നു. ലോകത്ത് തങ്ങള്‍ക്ക് അവകാശപ്പെടാന്‍ സ്വന്തം ഭൂമി പോലുമില്ലെങ്കിലും ഫലസ്തീനികള്‍  കൈപുണ്യത്തിലൂടെ അവരുടേതായി ഒരു സാമ്രാജ്യം തന്നെ തീര്‍ക്കും. ഖബാബും ശുര്‍ബത്തും മല്‍ഫൂഫുമൊക്കെ ജൂതന്റെ വായിലും കപ്പലോട്ടും. ഇസ്രായേലി ജൂതന്മാരില്‍ അധികവും പശ്ചിമേഷ്യന്‍ രാജ്യങ്ങളായ ഇറാഖിലും യെമനിലും മൊറോക്കോയിലും അറബ് നിവാസികളൊടൊത്ത് കഴിഞ്ഞവരാണ്. അവരുടെ വിഭവങ്ങള്‍ക്കും ജൂത-അറബ് സാംസ്‌കാരിക വിനിമയത്തിന്റെ പുരാതന ചരിത്രങ്ങള്‍ പറയാനുണ്ടാകും. എന്നാല്‍ ഇന്നത്തെ വിഭജന രാഷ്ട്രീയത്തില്‍ അതൊക്കെ എല്ലാവരും വിസ്മരിക്കുന്നു.

ഫലസ്തീനിയുടെയും ജൂതന്റെയും മേളന ഭൂമിയാണ് ഭക്ഷണത്തില്‍ ഈ പുരാതന ജറുസലേം നഗരം. അത്തിപ്പഴം തിന്നുന്ന ഫലസ്തീനിയെയും ഇസ്രായേലിയേയും നമുക്കിവിടെ കാണാം. യൂക്കാലിപ്റ്റസ് തോട്ടങ്ങള്‍ ജൂതന്റെയോ അറബിയുടെയോ എന്ന് പറയുക പ്രയാസം. ഇസ്രായേലി ജൂതനും ഫലസ്തീനിയന്‍ മുസ്‌ലിമും അര്‍മീനിയന്‍ ക്രിസ്ത്യാനിയും ഇവിടെ ഖുബ്ബൂസും മറ്റ് വിഭവങ്ങളും അങ്ങാടിയിലെത്തിക്കും. അത് വാങ്ങുന്നവരും തിന്നുന്നവരും ഇവരൊക്കെ തന്നെയായിരിക്കും. ഇവിടുത്തെ അടുക്കളകളില്‍ നിന്നും സമാധാനത്തിന്റെയും ഐക്യത്തിന്റെയും പുകച്ചുരുളുകള്‍ ഉയരുന്നു. ഓരോ ഫലസ്തീനിയും ഇസ്രായേലിയും അയവിറക്കട്ടെ തങ്ങളുടെ വയര്‍ നിറച്ചവ അന്നും ഇന്നും ഒന്നായിരുന്നുവെന്നത്.

അവലംബം: അല്‍ജസീറ

വിവ: അനസ് പടന്ന

Related Articles