Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം കുടികൊള്ളുന്ന അമേരിക്കന്‍ കെട്ടിടങ്ങള്‍

american.jpg

ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെ വിദ്വേഷവും ഭീതിയും പടരുന്ന ഈ രാഷ്ട്രീയ സാഹചര്യത്തില്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ അതിന്റെ ഈറ്റില്ലമായി വിമര്‍ശിക്കപ്പെടുന്നു. എന്നാല്‍ ചരിത്രബോധമില്ലാത്ത ആധുനിക സമൂഹത്തിന്റെ ചെയ്തികള്‍ക്ക് ഒരു രാജ്യത്തിന്റെ ഭൂതകാലത്തെ മൊത്തമായും പഴിക്കുന്നത് ഔചിത്യമല്ല. ഇതര ആദര്‍ശങ്ങളെയും ആശയങ്ങളെയും അംഗീകരിച്ചതിന്റെയും സ്വീകരിച്ചതിന്റെയും മഹത്തായ മാതൃക അമേരിക്കയിലടക്കം നമുക്ക് കാണാന്‍ സാധിക്കും. ഗ്രീസും റോമും മാത്രമാണ് പാശ്ചാത്യരെ സ്വാധീനിച്ചതായി അവര്‍ ഉദ്‌ഘോഷിക്കുന്നതെന്ന് നാം തന്നെ തെറ്റിദ്ധരിക്കുമ്പോള്‍ അമേരിക്കയിലെ പ്രധാനപ്പെട്ട അഞ്ച് കെട്ടിടങ്ങളില്‍ ഇസ്‌ലാമിക ചിഹ്നങ്ങളും പ്രതീകങ്ങളും കുടികൊള്ളുന്നതായി അറിയുക.

1. ഹാര്‍വാര്‍ഡ് ലോ സ്‌കൂള്‍
അമേരിക്കയിലെ നീതി-ന്യായ വ്യവസ്ഥിതിയുടെ പാഠശാല എന്നു വിളിക്കാവുന്ന ഹാര്‍വാര്‍ഡ് ലോ സ്‌കൂളിന്റെ ഫാക്കല്‍റ്റി ലൈബ്രറിയില്‍ ‘നീതിയുടെ വാക്കുകള്‍’ എന്ന പേരില്‍ ചരിത്രത്തില്‍ നീതിയെ കുറിച്ചുള്ള 33 സാരവാക്യങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രവേശന കവാടത്തിന് മുകളിലായി സ്ഥാപിച്ച മൂന്ന് വാക്യങ്ങളില്‍ ഒന്ന് ഹിപ്പോയിലെ അഗസ്റ്റിനിന്റേതാണ്. തൊട്ടപ്പുറത്ത് മാഗ്നാ കാര്‍ട്ടയില്‍ നിന്നുള്ള വാക്കുകള്‍, മൂന്നാമതായി വിശുദ്ധ ഖുര്‍ആനില്‍ നിന്നുള്ള സൂക്തമാണ്. സൂറ അന്നിസാഅിലെ 135-ാം സൂക്തമാണ് അത്: ” അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ നീതി നടപ്പിലാക്കി അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരാവുക. അത് നിങ്ങള്‍ക്കോ നിങ്ങളുടെ മാതാപിതാക്കള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനോ ദരിദ്രനോ എന്നു നോക്കേണ്ടതില്ല. ഇരുകൂട്ടരോടും കൂടുതല്‍ അടുപ്പമുള്ളവന്‍ അല്ലാഹുവാണ്. അതിനാല്‍ നിങ്ങള്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെ പേരില്‍ നീതി നടത്താതിരിക്കരുത്. വസ്തുതകള്‍ വളച്ചൊടിക്കുകയോ സത്യത്തില്‍നിന്ന് തെന്നിമാറുകയോ ചെയ്യുകയാണെങ്കില്‍ അറിയുക. തീര്‍ച്ചയായും നിങ്ങള്‍ ചെയ്യുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു”. ഹാര്‍വാര്‍ഡിലെ നിയമ ഫാക്കല്‍റ്റിയും അതിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഈ വാക്യങ്ങള്‍ തെരെഞ്ഞെടുത്തത്.

2. അമേരിക്കന്‍ സുപ്രീം കോടതി
മാര്‍ബിളില്‍ തീര്‍ത്ത അമേരിക്കന്‍ സുപ്രീം കോടതി കെട്ടിടത്തിന്റെ കോര്‍ട്ട് റൂം ബെഞ്ചിന്റെ മുകളിലായി ചരിത്രത്തില്‍ നിയമനിര്‍മാണത്തില്‍ പങ്കുവഹിച്ച 18 പ്രധാന നേതാക്കളുടെ ശിലാ പ്രതിമകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ആ ശ്രേണിയില്‍ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിക്കും ഷാര്‍ലിമെയ്ന്‍ ചക്രവര്‍ത്തിക്കും ജോണ്‍ രാജാവിനുമൊപ്പം മുഹമ്മദ് നബിയുടെ പ്രതിമയുമുണ്ട്. ലോകത്ത് മുഹമ്മദ് നബിയുടെ പേരിലുള്ള ഏക ശിലാരൂപവും ഇതു മാത്രമാണ്. ഈ പ്രതിമകള്‍ സ്ഥാപിക്കപ്പെട്ടത് 1935-ലാണെങ്കിലും 1997-ല്‍ മുഹമ്മദ് നബിയുടെ പ്രതിമയുമായി ബന്ധപ്പെട്ട് ഒരു വിവാദമുണ്ടായി. മുഹമ്മദ് നബിയുടെ രൂപമോ പ്രതിമയോ സ്ഥാപിക്കുന്നത് വിലക്കപ്പെട്ടതാണെന്നും അതിനാല്‍ പ്രതിമ ഉടനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്‌ലിംകള്‍ രംഗത്തെത്തി. എന്നാല്‍ അന്നത്തെ അമേരിക്കന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വില്യം റെന്‍ക്വിസ്റ്റ് വളരെ ലളിതമായി കാര്യം വിശദീകരിച്ചു, ”ഈ ശിലാരൂപം മുഹമ്മദ് നബിയെ പ്രതിനിധീകരിക്കുക മാത്രമാണ് ചെയ്യുന്നത്. നീതിന്യായ ചരിത്രത്തില്‍ മറ്റ് പല നിയമജ്ഞരെയും പോലെ പ്രമുഖ സ്ഥാനമാണ് മുഹമ്മദ് നബിക്കുള്ളത്”. വടക്കേ അമേരിക്കന്‍ ഫിഖ്ഹ് കൗണ്‍സില്‍ അംഗവും പണ്ഡിതനുമായ ത്വാഹ ജാബിര്‍ അല്‍-അലവാനി സുപ്രീം കോടതിയിലെ പ്രതിമ പോസിറ്റീവായ ഒരു പ്രതിനിധാനമാണെന്നും അത് അമുസ്‌ലിംകളുടെ ഭാഗത്ത് നിന്നുള്ള ഒരു ആദരവിന്റെ ഭാഗമായി കണക്കാക്കണമെന്നും ഫത്‌വ പുറപ്പെടുവിക്കുകയുണ്ടായി.

3. യു.എസ് കാപിറ്റോള്‍
യു.എസ് കാപിറ്റോളിലെ പ്രതിനിധി സഭാ ഹാളിന്റെ പുറം ചുവരുകളില്‍ അമേരിക്കന്‍ നിയമനിര്‍മാണത്തില്‍ സ്വാധീനിച്ച 23 ചരിത്ര വ്യക്തിത്വങ്ങളുടെ രൂപങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. 1950-ല്‍ സ്ഥാപിച്ച ഈ പ്രതിമകളുടെ ശ്രേണിയില്‍ മോസസിനും ഗ്രോട്ടിയസിനും നെപ്പോളിയനും തോമസ് ജെഫേഴ്‌സണുമൊപ്പം ഉഥ്മാനീ ഖലീഫ സുലൈമാന്‍ അല്‍-ഖാനൂനിയുടെ പ്രതിമയും കാണാം. ചിന്തകനായ മൈമോണിഡസിന്റെയും മാര്‍പാപ്പ വിന്‍സെന്റ് മൂന്നാമന്റെയും പ്രതിമകള്‍ക്കിടയിലാണ് സുലൈമാന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. നീതിയുടെ പര്യായമായി അറിയപ്പെട്ടിരുന്ന സുലൈമാന്റെ പേരിനൊപ്പം തന്നെ ഖാനൂനി (നിയമജ്ഞന്‍) എന്നു ചേര്‍ത്തിരുന്നു. ഇസ്തംബൂളിലെ സുലൈമാനി മസ്ജിദിന്റെയും ജറുസലേമിലെ പഴയ നഗര മതിലുകളുടെയും പേരില്‍ ഖാനൂനി പ്രശസ്തനാണ്. പ്രമുഖ ചരിത്രകാരന്‍ ലോര്‍ഡ് കിന്റോസിന്റെ അഭിപ്രായപ്രകാരം ജൂതന്മാര്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതും ക്രിസ്ത്യന്‍ പ്രജകളുടെ മേലുള്ള ജിസ്‌യ ലഘൂകരിച്ചതും അവര്‍ക്ക് നിരുപാധികം ടര്‍ക്കിഷ് പ്രദേശങ്ങളില്‍ പ്രവേശനം അനുവദിച്ചതും സുലൈമാന്‍ അല്‍-ഖാനൂനിയായിരുന്നു.

4. ലൈബ്രറി ഓഫ് കോണ്‍ഗ്രസ്
അമേരിക്കയിലെ പ്രശസ്തമായ ലൈബ്രറി ഓഫ് കോണ്‍ഗ്രസിലെ പ്രധാന വായനാമുറിക്ക് മുകളിലാണ് വിശാലമായ അതിന്റെ താഴികക്കുടം സ്ഥിതിചെയ്യുന്നത്. താഴികക്കുടത്തിന്റെ അകം 1897-ല്‍ എഡ്വിന്‍ ബ്ലാഷ്ഫീല്‍ഡ് പെയിന്റ് ചെയ്ത് അലങ്കരിച്ചിരുന്നു. താഴികക്കുടത്തിന്റെ ഏറ്റവും മുകളിലായി പാശ്ചാത്യന്‍ നാഗരികതയെ സ്വാധീനിച്ച 12 കാലഘട്ടങ്ങളെയും പ്രദേശങ്ങളെയും മാലാഖമാരുടെ രൂപത്തില്‍ വൃത്താകൃതിയിലായി ചിത്രീകരിച്ചിട്ടുണ്ട്. അവയില്‍ ജൂദിയയും ഗ്രീസും റോമും ഇറ്റലിയും സ്‌പെയിനും ഇംഗ്ലണ്ടും ഫ്രാന്‍സും പിന്നെ ഇസ്‌ലാമും ഉണ്ട്. ‘ഫിസിക്‌സ്’ എന്ന ഫലകമേന്തി കൊണ്ടാണ് ഇസ്‌ലാമിന്റെ രൂപം നില്‍ക്കുന്നത്. അഥവാ പടിഞ്ഞാറിന്റെ ഭൗതികശാസ്ത്രത്തിന് ഇസ്‌ലാം നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. ആധുനിക ശാസ്ത്രത്തില്‍ ‘അല്‍’ എന്നും ‘അ’ എന്നും ആരംഭിക്കുന്ന പദങ്ങള്‍ ഇസ്‌ലാമിക വേരുകളുള്ളവയാണ്. അള്‍ജിബ്ര, അല്‍ഗോരിതം, ആല്‍ക്കെമി, ആല്‍ക്കഹോള്‍, നാദിര്‍, സെനിത്ത്, അമാല്‍ഗം എന്നിവ ഏതാനും ഉദാഹരണങ്ങള്‍.

5. തോമസ് ജെഫേഴ്‌സണിന്റെ ലൈബ്രറി
അപൂര്‍വ ഗ്രന്ഥങ്ങളും വിശേഷ ശേഖരങ്ങളും സൂക്ഷിച്ചിരിക്കുന്ന ലൈബ്രറി ഓഫ് കോണ്‍ഗ്രസിന്റെ കിഴക്ക് ഭാഗത്ത് അമേരിക്കന്‍ ഭരണഘടനാ ശില്‍പിയും ദേശീയ നേതാവുമായിരുന്ന തോമസ് ജെഫേഴ്‌സണിന്റെ സ്വകാര്യ ഗ്രന്ഥശേഖരം കാണാം. ആ ഗ്രന്ഥങ്ങള്‍ക്കിടയില്‍ രണ്ട് വാല്യങ്ങളിലായി വിശുദ്ധ ഖുര്‍ആനുമുണ്ട്. മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജോര്‍ജ് സെയ്ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഈ ഖുര്‍ആന്‍ പ്രതിക്ക് മുഖവുര എഴുതിയിരിക്കുന്നത് തോമസ് ജെഫേഴ്‌സണ്‍ തന്നെയാണ്. നിയമപഠനം നടത്തുമ്പോള്‍ 1765-ലാണ് ജെഫേഴ്‌സണ്‍ ഈ ഖുര്‍ആന്‍ പ്രതി കരസ്ഥമാക്കുന്നത്. 2007-ല്‍ യു.എസ് കോണ്‍ഗ്രസിലെ പ്രഥമ മുസ്‌ലിം പ്രതിനിധിയായി തെരെഞ്ഞെടുക്കപ്പെട്ട കെയ്ത്ത് എല്ലിസണിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഹാജരാക്കിയപ്പോഴാണ് ലോകം ആദ്യമായി ഈ ഖുര്‍ആന്‍ പ്രതിയെ കുറിച്ച് അറിയുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ കെയ്ത്ത് എല്ലിസണ്‍ പറഞ്ഞു, ”ഈ ഖുര്‍ആന്‍ തീര്‍ച്ചയായും നമ്മുടെ രാജ്യത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും ദീര്‍ഘവീക്ഷണത്തിന്റെയും അടയാളമാണ്. തോമസ് ജെഫേഴ്‌സണിനെ പോലുള്ള ഒരു ദീര്‍ഘദര്‍ശി ഒരിക്കലും ബഹുസ്വരതക്ക് എതിരായിരുന്നില്ല. രാജ്യത്തിന്റെ ആധാരശില സഹിഷ്ണുതയില്‍ അധിഷ്ഠിതമാണെന്നും മതങ്ങളുടെ വൈവിധ്യം ഒരിക്കലും ഭയക്കേണ്ട ഒന്നല്ലെന്നും ഇത് തെളിയിക്കുന്നു”.

അമേരിക്ക അടക്കമുള്ള പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്കും മുസ്‌ലിം രാജ്യങ്ങള്‍ക്കും ഇതില്‍ വലിയ മാതൃകകളുണ്ട്. സാംസ്‌കാരിക വിനിമയത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും മഹത്തായ പാഠങ്ങളാണ് ഇതൊക്കെ കൈമാറുന്നത്. നമ്മിലുള്ള ഏറ്റവും നല്ലതിനെ സ്വീകരിക്കുക എന്നതാണ് ഏറ്റവും മോശമായ ഒന്ന് അവതരിപ്പിക്കുന്നതിനേക്കാള്‍ ഉത്തമം. ഏതെങ്കിലും മതത്തെയോ വംശത്തെയോ അകറ്റിനിര്‍ത്തുകയല്ല, അവരെ അംഗീകരിക്കാനും ഉള്‍കൊള്ളാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

വിവ: അനസ് പടന്ന

Related Articles