Current Date

Search
Close this search box.
Search
Close this search box.

ആധുനിക മുസ്‌ലിമിന്റെ നാഗരിക ദൗത്യം

ഒരു മുസ്‌ലിം തന്റെ ഇസ്‌ലാമികമായ നാഗരിക ദൗത്യം നിര്‍വഹിക്കാനിറങ്ങുമ്പോള്‍ മനസിലാക്കിയിരിക്കേണ്ട ചില അടിസ്ഥാന യാഥാര്‍ഥ്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് വിവരിക്കുന്നത്.
– ഇസ്‌ലാമിന്റെ അന്തസും പ്രതാപവും ഉള്‍ക്കൊണ്ടിരിക്കണം. ലോക രക്ഷിതാവായ അല്ലാഹു തന്റെ സൃഷ്ടികള്‍ക്ക് തെരെഞ്ഞെടുത്തിരിക്കുന്ന ദര്‍ശനമാണ് ഇസ്‌ലാം. ഖുര്‍ആന്‍ അത് വ്യക്തമാക്കുന്നു : ‘ഉറപ്പായും അല്ലാഹുവിങ്കല്‍ ദീനെന്നാല്‍ ഇസ്‌ലാംതന്നെ.’ (ആലുഇംറാന്‍ : 19)
– നാഗരികതയുടെയും പുരോഗതിയുടെയും അടിസ്ഥാനം വിജ്ഞാനമാണ്. ശരിയായ ആദര്‍ശവും ധാര്‍മിക മൂല്യങ്ങളോടുമൊപ്പം വിജ്ഞാനം നേടുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കലും അതിന് അനിവാര്യമാണ്. ദീനില്ലാതെ നാഗരികതക്ക് നിലനില്‍പ്പില്ല. മൂല്യങ്ങളില്ലാത്ത നാഗരികതയുടെ നാശത്തിന് വേറെ കാരണങ്ങള്‍ ആവശ്യമില്ല.
– വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞ് പോയ സ്വത്താണ്, എവിടെ കണ്ടാലും അവനാണതിന് ഏറ്റവും അര്‍ഹന്‍. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും പുരോഗതിയില്‍ നിന്നുള്ള ഗുണപാഠങ്ങള്‍ അവന്‍ സ്വീകരിക്കാന്‍ മടി കാണിക്കേണ്ടതില്ല. അത്തരത്തില്‍ സ്വീകരിക്കുന്ന കാര്യങ്ങള്‍ ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ക്ക് വിരുദ്ധമാകരുതെന്ന് മാത്രം.
– ഇസ്‌ലാമിക അധ്യാപനങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ ഈ സമുദായത്തിന്റെ സംസ്‌കരണം സാധ്യമാകൂ. ഉമര്‍ ബിന്‍ ഖത്താബ് (റ) ഒരിക്കല്‍ പറഞ്ഞു: ‘ഞങ്ങള്‍ അറബികള്‍ ജനങ്ങളില്‍ ഏറ്റവും നിന്ദ്യന്മാരായിരുന്നു, ഇസ്‌ലാമിലൂടെ അല്ലാഹു ഞങ്ങളെ പ്രതാപികളാക്കി. അവനല്ലാത്തവരില്‍ നാം പ്രതാപത്തെ തേടിയാല്‍ അല്ലാഹു നമ്മെ നിന്ദ്യരാക്കും.’

ഒരു വിശ്വാസി മേല്‍പറഞ്ഞ കാര്യങ്ങളെ കുറിച്ച് ബോധവാനായിരിക്കണം. എന്നാലും തന്റെ നാഗരിക ദൗത്യം എങ്ങനെ നിര്‍വഹിക്കും എന്നതിനെ കുറിച്ച് ആശങ്കള്‍ നിലനില്‍ക്കും. തന്റെ ദൗത്യ നിര്‍വഹണത്തിന് രണ്ട് രൂപങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് ഓരോ മുസ്‌ലിമും തന്റെ നാഗരിതക്ക് പ്രാധാന്യം നല്‍കുകയും അംഗീകരിക്കുകയും ചെയ്യുകയെന്നതാണ്. അപ്പോള്‍ ദൗര്‍ബല്യത്തിന്റെയും പ്രേരകങ്ങള്‍ അവന് തിരിച്ചറിയാന്‍ സാധിക്കും. പരാജയത്തിന്റെ പ്രേരകങ്ങളെ വിദൂരത്താക്കി വിജയ പ്രേരകങ്ങളെ അവന് സ്വീകരിക്കാന്‍ കഴിയും. നാഗരികയില്‍ തന്റേതായ കണ്ടെത്തലുകളും നിര്‍മാണങ്ങളും നടത്തി നാഗരികതയില്‍ പങ്കുവഹിക്കാന്‍ സാധിക്കുകയെന്നതാണ് രണ്ടാമത്തെ രൂപം. പ്രപഞ്ചത്തില്‍ കൂടുതല്‍ സഞ്ചരിക്കാനും ദൈവിക സൃഷ്ടികളെയും പ്രപഞ്ചത്തെയും കുറിച്ച് ചിന്തിക്കാനും അവയിലെല്ലാമുള്ള ദൈവിക ചര്യ മനസിലാക്കാനും ഖുര്‍ആന്‍ വിശ്വാസികളോട് കല്‍പ്പിക്കുന്നുണ്ട്.

നാഗരികതയെ സജീവമാക്കാനുള്ള ആഗോള സംവിധാനങ്ങള്‍

1. മാധ്യമങ്ങള്‍:
ഇസ്‌ലാമിക നാഗരികതയുടെ അടിസ്ഥാനങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കുമായി മാധ്യമ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണം. ദൃശ്യ, ശ്രാവ്യ, പ്രിന്റ് മാധ്യമങ്ങളെയെല്ലാം ഇത്തരത്തില്‍ ഉപയോഗപ്പെടുത്താം. നാഗരികതയുടെ മഹത്വവും അത് ഉന്നതമായി നില്‍ക്കാനുള്ള കാരണങ്ങളും അതിലൂടെ പ്രകടമാക്കണം. എല്ലാ മേഖലകളിലും മുസ്‌ലിംകള്‍ നല്‍കിയ സംഭാവനകളെയത് വെളിച്ചത്ത് കൊണ്ടുവരണം. വ്യത്യസ്ത മേഖലകളിലുള്ള മുസ്‌ലിം പണ്ഡിതന്‍മാരെയും അവരുടെ സേവനങ്ങളെയും ആളുകള്‍ക്കെത്തിച്ച് നല്‍കണം. ശുദ്ധമായ ഇസ്‌ലാമിക നാഗരികത എങ്ങനെ യൂറോപ്യന്‍മാര്‍ക്ക് ഒരു സ്രോതസ്സായി മാറി എന്നത് വിശദീകരിക്കും. അന്ധകാരത്തിലായിരുന്നു യൂറോപിലേക്കത് എങ്ങനെയെത്തി? ഇന്നവരെത്തി നില്‍ക്കുന്ന പുരോഗതിക്കതെങ്ങനെ സഹായകമായി എന്നൊക്കെ വിശകലമാക്കുന്ന പരിപാടികള്‍ രൂപപ്പെടുത്തേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനായി ശാസ്ത്രത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന പുരോഗതികള്‍ പ്രദര്‍ശിപ്പിക്കുന്നവയായി മാധ്യമങ്ങളെ മാറ്റണം. തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അറിവിനെ കുറിച്ച് ബോധ്യമുള്ളവരും അതനുസരിച്ച് കൂടുതല്‍ കണ്ടെത്താന്‍ ശ്രമിക്കുന്നവരുമായിരിക്കണം മുസ്‌ലിംകള്‍.

2. വിദ്യാഭ്യാസം:
നാഗരികതയെ ജീവിപ്പിക്കുന്നതില്‍ വിദ്യാഭ്യാസത്തിന് അതിയായ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിലും ദീനും അതിന്റെ നാഗരികതയും പഠിപ്പിക്കുന്ന തരത്തില്‍ കരിക്കുലത്തില്‍ പരിഷ്‌കരണം നടത്തേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ ഓരോ തലത്തിലും ഖുര്‍ആന്‍, ഹദീസ്, കര്‍മശാസ്ത്ര അടിസ്ഥാനങ്ങള്‍, ഇസ്‌ലാമിക നാഗരികത തുടങ്ങിയ കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയിരിക്കണം. ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍ മുസ്‌ലിംകള്‍ക്ക് എങ്ങനെ മുന്നേറ്റം സാധിച്ചു? ഇസ്‌ലാമിനെ മുറുകെ പിടിച്ച കാലത്ത് ശാസ്ത്ര കണ്ടുപിടുത്തങ്ങളില്‍ യൂറോപ്യന്‍മാരെ കവച്ചു വെക്കാന്‍ അവര്‍ക്കെങ്ങനെ സാധിച്ചു എന്നും വിദ്യാര്‍ഥികള്‍ക്കതിലൂടെ മനസിലാക്കാന്‍ സാധിക്കണം.

ഇസ്‌ലാമിക നാഗരികത മനസിലാക്കുന്നത് എളുപ്പമാക്കുന്നതിന് അതിന്റെ ഭാഷയായ അറബി പഠിക്കുകയെന്നതിന് മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. അറബി ഭാഷയോട് വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹം ഉണ്ടാക്കിയെടുക്കുകയും വേണം. അതോടൊപ്പം മറ്റ് വിദേശ ഭാഷകള്‍ പഠിക്കാനും പ്രോത്സാഹിപ്പിക്കണം. മറ്റു ഭാഷകളില്‍ നിന്നുള്ള വിജ്ഞാനീയങ്ങളെ അറബിയിലേക്ക് മൊഴിമാറ്റം നടത്തുകയും ശാസ്ത്ര കണ്ടു പിടുത്തങ്ങളെ അറബിയില്‍ പരിചയപ്പെടുത്തുകയും വേണം. യൂറോപ്യന്‍മാര്‍ തുടക്കത്തില്‍ ചെയ്തിരുന്നത് ഈ കാര്യങ്ങളായിരുന്നു. അറബി ഭാഷയിലുണ്ടായിരുന്ന വിജ്ഞാനങ്ങളെ അവര്‍ അവരുടെ ഭാഷയിലേക്ക് മാറ്റി. അതിനെ അടിസ്ഥാനമാക്കിയാണ് പിന്നീട് അവര്‍ കണ്ടുപിടുത്തങ്ങള്‍ നടത്തിയത്.

ഇസ്‌ലാമിക നാഗരികതയിലെ പണ്ഡിതന്‍മാരുടെ ശ്രേഷ്ഠതകള്‍ക്ക് യൂറോപ്യന്‍മാര്‍ തന്നെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ജര്‍മന്‍ എഴുത്തുകാരിയായ സിഗ്രിഡ് ഹൂങ്കെ (Sigrid Hunke) തന്റെ ‘Allah’s sun over the Occident’ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു : ‘വളരെ കാലം മുമ്പുള്ള അറബികളുടെ ഒരു കടം വീട്ടാനാണ് ഈ പുസ്തകം താല്‍പര്യപ്പെടുന്നത്. അതോടൊപ്പം ഇസ്‌ലാമിക അടിസ്ഥാനങ്ങളോട് ചേര്‍ന്ന് നിന്നു കൊണ്ട് ചരിത്രത്തെ ഇസ്‌ലാമികമായി പഠിക്കുക കൂടിയാണ്. അതില്‍ കടന്ന് കൂടിയ തെറ്റുകളില്‍ നിന്നതിനെ ശുദ്ധീകരിക്കുന്നു. മുസ്‌ലിംകള്‍ ശക്തരായി ജീവിച്ച കാലഘട്ടത്തില്‍ നിന്നും പ്രയോജനം സ്വീകരിക്കുകയും പ്രസ്തുത ശക്തിയുടെ കാരണങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുന്നു.

വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനം പകര്‍ന്ന് നല്‍കുന്ന അധ്യാപകര്‍ ഇസ്‌ലാമിക നാഗരികതക്ക് പ്രാധാന്യം നല്‍കിയാല്‍ മാത്രമേ ഇത് സാക്ഷാല്‍കരിക്കപ്പെടുകയുള്ളൂ. അതിന് വൈജ്ഞാനികമായി അധ്യാപകന്‍ ഒരുക്കപ്പെട്ടിരിക്കണം. ഭൗതികമായും സാമൂഹികമായും അവര്‍ക്ക് ആദരവ് കല്‍പ്പിക്കപെടണം. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളും മൂല്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്ന് സാധിക്കുന്ന തരത്തിലുലഌസൗകര്യങ്ങളും അവര്‍ക്ക് ഏര്‍പ്പെടുത്തണം.

3. സാമ്പത്തികം:
ഇസ്‌ലാമികാധ്യാപനങ്ങള്‍ക്കനുസൃതമായി ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ സാമ്പത്തി രംഗം പരിഷ്‌കരിക്കേണ്ടതുണ്ട്. പലിശ സംവിധാനങ്ങള്‍ ഉപേക്ഷിച്ച് ശരീഅത്ത് അനുവദിക്കുന്ന സംവിധാനം സ്ഥാപിക്കപ്പെടണം. സാമ്പത്തിക നിയമങ്ങള്‍ ഇസ്‌ലാമിന്റെ ശുദ്ധമായ അടിസ്ഥാനങ്ങളില്‍ നിന്ന് സ്വീകരിച്ചതായിരിക്കണം.

4. രാഷ്ട്രീയം :
ഇസ്‌ലാമിക രാഷ്ട്രീയ വ്യവസ്ഥ സ്വീകരിക്കുകയെന്നത് പ്രധാനമാണ്. ഇസ്‌ലാമിക ശരീഅത്തിലൂന്നി കൊണ്ട് ഇസ്‌ലാമിക പണ്ഡിതന്മാര്‍ അതിന് ധാരാളം നിയമങ്ങളും അടിസ്ഥാനങ്ങളും രൂപീകരിച്ചിട്ടുണ്ട്, അവയെല്ലാം പ്രയോജനപ്പെടുത്തണം.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles