Current Date

Search
Close this search box.
Search
Close this search box.

ആതിഥ്യമര്യാദയുടെ ഇസ്‌ലാമിക പാഠങ്ങള്‍

guests.jpg

‘ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ, അവന്‍ അതിഥിയെ ആദരിക്കട്ടെ.’ അതിഥികളെ ആദരിക്കുന്നതില്‍ പൊതുവായി പരിഗണിക്കപ്പെടുന്നത് അതിഥികളെ സന്തോഷിപ്പിക്കലാണ്. എന്നാല്‍ ഒരു മുസ്‌ലിംമിനെ സംബന്ധിച്ചടത്തോളം വിശ്വാസത്തിന്റെ ഭാഗമാണിത്. അതിഥ്യം വലിയ പുണ്യമായിട്ടാണ് ഇസ്‌ലാം കാണുന്നത്. അഥിതികളെയും അയല്‍ക്കാരെയും ആദരിക്കുന്നതിലൂടെ സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുകയും സമൂഹത്തില്‍ ഐക്യം രൂപപ്പെടുകയും ചെയ്യും. വിശ്വാസികളോട് അല്ലാഹു കല്‍പിച്ചിട്ടുള്ള കാര്യമാണത്. ഇസ്‌ലാമിന്റെ ആതിഥ്യത്തിന് വിശാലമായ അര്‍ത്ഥങ്ങളാണുള്ളത്.

നമ്മുടെ വീട്ടിലെത്തുന്നവരില്‍ നമ്മുടെ ബന്ധുക്കളുണ്ടാവാം, സുഹൃത്തുക്കളുണ്ടാവാം അപരിചിതരും അമുസ്‌ലിംകളും ആയവരും ഉണ്ടായിരിക്കും. വളരെ ആദരവോടെയും ദയവോടെയുമായിരിക്കണം അവരോട് പെരുമാറേണ്ടത്. തങ്ങള്‍ക്ക് സാധ്യമാകുന്നതില്‍ ഏറ്റവും നല്ല ഭക്ഷണവും പാനീയവുമാണ് അവര്‍ക്ക് നല്‍കേണ്ടത്.

ഇബ്‌റാഹീം നബി(അ) അതിന് നമുക്ക് ഉദാത്തമായ മാതൃകയാണ് കാണിച്ച് തന്നിട്ടുള്ളത്. അദ്ദേഹം വളരെ ഉന്നതമായ പരിചരണമാണ് അതിഥികള്‍ക്ക് നല്‍കിയിരുന്നത്. അതിഥി തന്നോടൊപ്പം കഴിക്കാതെ ഭക്ഷണം കഴിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തിന്റെ അടുക്കല്‍ മൂന്ന് മലക്കുകള്‍ അദ്ദേഹത്തിന്റെ അടുക്കലെത്തിയപ്പോള്‍ അവര്‍ യാത്രക്കാരാണെന്ന് തെറ്റിധരിക്കുകയും അവര്‍ക്ക് കഴിക്കുന്നതിനായി പെട്ടന്ന് തന്നെ ഒരു കാളകുട്ടിയെ അറുത്ത് ഭക്ഷണം ഒരുക്കുകയും ചെയ്തു. ദൈവത്തിന്റെ ഒരു കല്‍പന നടപ്പാക്കുന്നതിനായി എത്തിയ മലക്കുകളാണെന്ന് അദ്ദേഹത്തിന് മനസിലായിരുന്നില്ല.

എല്ലാ കാര്യത്തിലും വിശ്വാസികള്‍ക്ക് മാതൃകയായ പ്രവാചകന്‍ മുഹമ്മദ് (സ) അതിഥികളെ ആദരിക്കുന്നതിലും വളരെ ഉദാത്തമായ മാതൃകയാണ് കാണിച്ചിട്ടുള്ളത്. സ്വഹാബികളും അതിഥികളോട് വളരെ ഉദാരമായി പെരുമാറുന്നവരായിരുന്നു. സഹാബിയായ അബൂത്വല്‍ഹയും അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുത്വല്‍ഹയും കാണിച്ച ആതിഥ്യ മര്യാദയെ പ്രശംസിച്ച് ഖുര്‍ആന്‍ അവതരിച്ചു എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. വിശക്കുന്ന ഒരു യാത്രികനെ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ വളരെ കുറച്ച് ഭക്ഷണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ അവിടെയുണ്ടായിരുന്ന ഭക്ഷണം അതിഥിക്ക് കൊടുക്കാന്‍ ഭാര്യയോട് നിര്‍ദേശിച്ചു. അവര്‍ കഴിക്കാതെ താന്‍ മാത്രം കഴിക്കുന്നതില്‍ അതിഥിക്ക് പ്രയാസം ഇല്ലാതിരിക്കാന്‍ മങ്ങിയ വെളിച്ചത്തില്‍ കഴിക്കുന്നതായി അവര്‍ അഭിനിയിക്കുകയും ചെയ്തു. അതിഥിയായി വന്നയാള്‍ വളരെ സന്തോഷത്തോടെ തന്നെ ഭക്ഷണം കഴിച്ചു. അടുത്ത ദിവസം നബി(സ) അല്ലാഹു അവതരിപ്പിച്ച ആയത്ത് അവരെ അറിയിച്ചു. ‘…  തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍ പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍.’ (അല്‍ ഹശ്ര്‍: 9)

അതിഥിക്ക് ഭക്ഷണവും പാനീയവും നല്‍കുന്നതിന് പുറമെ അവരെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള സമീപനമായിരിക്കണം സ്വീകരിക്കേണ്ടത്. അവരോട് സംസാരിക്കുന്നതിലും അവരുടെ സംസാരം ശ്രവിക്കുന്നതിലും നാം ശ്രദ്ധവെക്കണം.

ആതിഥ്യത്തിന് ഇസ്‌ലാമില്‍ വളരെ വിശാലമായ അര്‍ത്ഥമാണുള്ളത്. മറ്റുള്ളവരോട് ആദരവോടെയും ബഹുമാനത്തോടെയും പെരുമാറുകയും സല്‍പെരുമാറ്റം കാഴ്ച വെക്കുകയുമാണ് ആതിഥ്യം കൊണ്ടുദ്ദേശിക്കുന്നത്. ആവശ്യമുള്ള ആളുകള്‍ക്ക് സഹായമേകുകയാണ് മുസ്‌ലിംകളുടെ ഉത്തരവാദിത്വം. പ്രകൃതിദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അതിന് ശേഷം അതിന്റെ ഇരകളായ ധാരാളം ആളുകളുണ്ടാവും അവരെ സഹായിക്കുന്നത് വിശ്വാസികളുടെ ബാധ്യതയായിട്ടാണ് മുഹമ്മദ് നബി(സ) എണ്ണിയിട്ടുള്ളത്. ‘അയല്‍ക്കാരന്‍ പട്ടിണികിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ വിശ്വാസിയല്ല.’ (ഹാകിം)

ഇസ്‌ലാമിനെ കുറിച്ച് മാധ്യമങ്ങള്‍ സൃഷ്ടിച്ചിരിക്കുന്ന തെറ്റിധാരണകള്‍ തിരുത്തി ഇസ്‌ലാമിന്റെ നന്മകള്‍ അവര്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നതിനുപകരിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍. ആളുകള്‍ക്ക് ആവശ്യങ്ങള്‍ വരുമ്പോള്‍ മുസ്‌ലിംകളായിരിക്കണം അവിടെ സന്നദ്ധസേവനത്തിനായി ആദ്യമെത്തേണ്ടത്.

നിങ്ങള്‍ വീട് തെരെഞ്ഞെടുക്കുന്നതിന് മുമ്പ് അയല്‍വാസിയെയാണ് തെരെഞ്ഞെടുക്കേണ്ടത് എന്ന് അറബികള്‍ സാധാരണയായി പറയാറുണ്ട്. അയല്‍വാസിക്ക് മുന്തിയ പരിഗണനായാണ് ഇസ്‌ലാം നല്‍കിയിട്ടുള്ളത്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘അയല്‍വാസിക്ക് നന്മചെയ്യുന്നതിനെ കുറിച്ച് ജിബ്‌രീല്‍ എന്നെ ഉപദേശിച്ചു, എത്രത്തോളമെന്നാല്‍ അയല്‍വാസി എന്നെ അനന്തരമെടുക്കുമെന്ന് ധരിക്കുവോളം.’ (ബുഖാരി, മുസ്‌ലിം)

അയല്‍വാസിയോടുള്ള മര്യാദ അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുക മാത്രമല്ല, അവരോടൊപ്പം സമാധാനത്തോടെയും ഐക്യത്തിലും ജീവിക്കുകയും അതിനവര്‍ക്ക് അവസരം സൃഷ്ടിക്കുകയും ചെയ്യുക എന്നതുകൂടിയാണ്. പല സമൂഹങ്ങളിലും അയല്‍ക്കാര്‍ അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരില്‍ ശത്രുക്കളായി നിലകൊള്ളുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. വിട്ടുവീഴ്ച ചെയ്ത് അവ പരിഹിക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. ‘അയല്‍വാസി തന്റെ ചുമരില്‍ കഴുക്കോല്‍ വെക്കുന്നത് ഒരു അയല്‍വാസിയും തടയരുത്.’ (ബുഖാരി, മുസ്‌ലിം) എന്നാണ് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടുള്ളത്.

അയല്‍വാസിയോട് ഏറ്റവും ഉത്തമമായ രൂപത്തില്‍ സംസാരിക്കാനാണ് ഇസ്‌ലാം കല്‍പ്പിക്കുന്നത്. കൈകൊണ്ടോ നാവുകൊണ്ടോ ഒരിക്കലും അയല്‍വാസിക്ക് ഉപദ്രവം ഏല്‍പ്പിക്കരുത്. വിശ്വാസിക്ക് നന്മകള്‍ ചെയ്യുന്നതിന് ധാരാളം അവസരങ്ങളാണ് ആതിഥ്യത്തിലൂടെ ഉണ്ടാവുന്നത്. മറ്റുള്ളവരുടെ സഹായത്തിനായി നാം രംഗത്തിറങ്ങുമ്പോഴാണ് അല്ലാഹുവിന്റെ സഹായവും അനുഗ്രവും നമുക്കുണ്ടാവുക. അതൊടൊപ്പം ഇഹത്തിലും പരത്തിലും വിജയിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ നമുക്കൊരിക്കി തന്ന അല്ലാഹുവോട് നാം നന്ദി കാണിക്കുകയും വേണം.

അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles