Current Date

Search
Close this search box.
Search
Close this search box.

അറബി കവിത: ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍

arabi-poem.jpg

ഇസ്‌ലാം ലോകത്തിന്റെ നാനാകോണുകളില്‍ വ്യാപിക്കുകയും, ലോകം അതിന്റെ സദ്ഫലങ്ങള്‍ ആസ്വദിക്കുകയും ചെയ്ത കാലത്ത് അതിന്റെ കൂടെ അറബി ഭാഷയും രംഗത്തുണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും ഭാഷയായും, ഇസ്‌ലാമിക സമൂഹത്തിന്റെ സാംസ്‌കാരിക ഭാഷയായും അത് മുന്നോട്ട് നീങ്ങി. രാഷ്ട്രീയമായ കുതന്ത്രങ്ങളും, മറ്റ് ഇടപെടലുകളും ഇല്ലായിരുന്നുവെങ്കില്‍ ലോകത്തെ മിക്ക പ്രദേശങ്ങളിലെയും ഭാഷയായി അത് മാറുമായിരുന്നു.
എല്ലാ വിധ ആസൂത്രിതമായ ആക്രമണങ്ങളുണ്ടായിട്ടും അറബി ഭാഷ മത-ഭൗതിക വിജ്ഞാനങ്ങളുടെ ഭാഷയായി ഇസ്‌ലാമിക നാഗരികതയില്‍ നിലകൊണ്ടു. മറ്റ് ഭാഷകളില്‍ നിന്ന് വ്യതിരിക്തമായ പല സവിശേഷതകളും അത് കാത്ത് സൂക്ഷിച്ചു. എന്നല്ല അവയെല്ലാം സാഹിതീയമായ ആശയങ്ങളും പ്രയോഗങ്ങളും അറബിയില്‍ നിന്നും കടമെടുത്തു.

വളരെ അത്ഭുതകരമായ ചരിത്രമാണ് അറബി ഭാഷക്ക് ഇന്ത്യാ ഉപഭൂഖണ്ഡത്തിലുള്ളത്. വിശുദ്ധ ഖുര്‍ആന്റെ ഭാഷയാണെങ്കില്‍ പോലും അത് ഒരിക്കലും അവിടത്തെ ഭൂരിപക്ഷത്തിന്റെ ഭാഷ ആയിരുന്നില്ല. ഇവിടെ വ്യക്തമാവുന്ന ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട് :-
1. അറബി ഭാഷയില്‍ നിന്നും ധാരാളം പദങ്ങള്‍ ഹിന്ദിയിലേക്ക് പേര്‍ഷ്യനിലൂടെ കടന്ന് കൂടിയിട്ടുണ്ട്. അറബിയില്‍ നിന്ന് പേര്‍ഷ്യക്കാര്‍ മുന്‍കാലത്ത് ധാരാളം പദങ്ങള്‍ സ്വീകരിച്ചിരുന്നു. ഉര്‍ദുഭാഷയിലെ 100-ല്‍ 40% പദങ്ങളും അറബിയില്‍ നിന്നാണ്.
2. ശര്‍ഈ വിജ്ഞാനങ്ങളോട് അഗാധ ബന്ധം കാത്ത് സൂക്ഷിക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ എക്കാലത്തും അവിടെ ഉണ്ടായിരുന്നു. അവര്‍ അറബി ഭാഷയില്‍ വായിക്കാനും മനസ്സിലാക്കാനുമുള്ള ജ്ഞാനം നേടിയെടുക്കുകയും ചെയ്തിരുന്നു. പക്ഷെ സംസാരത്തിന് വൈദഗ്ദ്യമുള്ളവരായിരുന്നില്ല അവര്‍.
3. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പണ്ഡിതര്‍ അറബി ഭാഷയില്‍ ഗ്രന്ഥരചന നിര്‍വ്വഹിക്കാന്‍ തുടങ്ങി. ദീനീ വിജ്ഞാനങ്ങളിലും ഭാഷാസാഹിതീയങ്ങളിലും ഒരു പോലെ അവര്‍ ഇടപെട്ടിരുന്നു. മറ്റ് മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ നിന്നും ഭിന്നമായ സമീപനമായിരുന്നു ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ മുസ്‌ലിങ്ങള്‍ അറബി ഭാഷയോട് സ്വീകരിച്ചിരുന്നത്. സുനന്‍ അബൂദാവൂദ്, തുര്‍മുദി, ഇബ്‌നു മാജ തുടങ്ങി ഹദീസ് ഗ്രന്ഥങ്ങളുടെ വിശദീകരണങ്ങള്‍ അവര്‍ രചിച്ചു. മാത്രമല്ല വളരെ നിസ്സാരമായി ഗണിച്ചിരുന്ന വിഷയങ്ങളില്‍ പോലും അവര്‍ രചനകള്‍ നിര്‍വ്വഹിച്ചു.
4. വളരെ പ്രഗല്‍ഭരായ അറബി കവികളെ ലോകത്തിന് സമര്‍പ്പിക്കാന്‍ ഇന്ത്യാഉപഭൂഖണ്ഡത്തിന് സാധിച്ചു. അതിനെക്കുറിച്ചാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്. വ്യവസ്ഥാപിതമായ ദര്‍സ് സംരംഭങ്ങളിലൂടെ അവര്‍ ഇസ്‌ലാമുമായും, അറബി ഭാഷയുമായുള്ള ബന്ധം കാത്തുസൂക്ഷിച്ചു. അവിടെ മഖാമാത്തുല്‍ ഹരീരിയും, മുതനബ്ബിയുടെ ദീവാനും, ദീവാനുല്‍ ഹമാസയുമെല്ലാം പഠിപ്പിച്ചിരുന്നു.
അറബി കവിതയ്ക്ക് നല്‍കിയ അങ്ങേയറ്റത്തെ ഈ പ്രാധാന്യം യഥാര്‍ത്ഥത്തില്‍ കവിത രചിക്കുന്നതിനും, ചൊല്ലുന്നതിനും അവരെ പ്രാപ്തരാക്കി. അറബി സാഹിത്യം പഠിച്ചതും, കവിതകള്‍ ഹൃദിസ്ഥമാക്കിയതും അവരിലെ കവിത്വത്തെ പരിപോഷിപ്പിച്ചു.

 

അറബി വിശേഷങ്ങള്‍ ഇന്ത്യയില്‍
ഇന്ത്യാഉപഭൂഖണ്ഡത്തിലെ അറബി കവിതയുടെയും കവികളുടെയും ചില വ്യതിരിക്തതകള്‍ സൂചിപ്പിക്കുകയാണിവിടെ.
1. ശര്‍ഈ വിജ്ഞാനങ്ങളില്‍ അവഗാഹമുള്ളവരായിരുന്നു ഈ കവികളില്‍ മിക്കവരും. അവരില്‍ ഹദീസ് പണ്ഡിതരും, വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാതക്കളും, കര്‍മ്മശാസ്ത്ര വിശാരദരും ഉണ്ടായിരുന്നു. കേവലം സാഹിത്യത്തില്‍ മാത്രം ശ്രദ്ധ ചെലുത്തിയിരുന്ന ഒരാളെയും അവര്‍ക്കിടയില്‍ നമുക്ക് കാണാന്‍ സാധിക്കുകയില്ല.
2. പൂര്‍വ്വ കവികളോടുള്ള അനുകരണവും അവരുടെ പാത പിന്‍പറ്റലും ഇവരുടെ നയമായിരുന്നു. അതിനാല്‍ തന്നെ മുന്‍ഗാമികളുടെ ഭാഷകെട്ടുറപ്പില്ലായ്മയും, അപൂര്‍വ്വമായ പദങ്ങളുടെ പ്രയോഗങ്ങളും ഇവരിലേക്ക് കടന്ന് വന്നു. മദ്ഹ് അഥവാ പ്രശംസയും, റസാഅ് അഥവാ അനുശോചനം തുടങ്ങിയവയില്‍ പരിമിതമായിരുന്നു അവരുടെ കവിതകള്‍. ശുദ്ധമായ അറബികളല്ലെന്ന കാരണത്താല്‍ തന്നെ ധാരാളമായി വിജ്ഞാനം ആര്‍ജിച്ച പണ്ഡിതരുടെ കവിതകളില്‍ പോലും ഭാഷാബലഹീനത പ്രകടമാവാറുണ്ടായിരുന്നു. മാത്രമല്ല പല കവിതകളിലും അനറബി പദങ്ങളും പ്രയോഗങ്ങളും അവര്‍ ഉപയോഗിക്കാറുണ്ടായിരുന്നു. പൂര്‍ണമായും അറബി പദങ്ങള്‍ മാത്രം ഉപയോഗിച്ച കവികള്‍ ഇന്ത്യയില്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകള്‍ക്കിടയില്‍ അപൂര്‍വ്വമായി മാത്രമെ ഉണ്ടായിരുന്നുള്ളൂ.
3. അറബിയില്‍ കവിതകളെഴുതുന്ന പണ്ഡിതര്‍ തന്നെ ഉര്‍ദുവിലും പേര്‍ഷ്യനിലും രചനകള്‍ നിര്‍വ്വഹിക്കാറുണ്ടായിരുന്നു. മാത്രമല്ല വിവിധ ഭാഷകളില്‍ എഴുതുന്ന ഒരു കവിയുടെ തന്നെ കവിതാശകലങ്ങളില്‍ തന്നെ പല നിലവാരങ്ങളാണ് ഉണ്ടായിരുന്നത്. ഉദാഹരണമായി അബ്ദുര്‍റഹ്മാന്‍ റൂമി അറബിയിലും പേര്‍ഷ്യനിലും എഴുതിയ കവിതകള്‍ താരതമ്യം ചെയ്താല്‍ ഈ യാഥാര്‍ത്ഥ്യം വ്യക്തമാവുന്നതാണ്.

 

കവികളും കവിതയും 

 

ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രശസ്തരായ കവികളിലൊരാളായിരുന്നു ശാഹ് വലിയുള്ളാഹ് ദഹ്‌ലവി. അത് പോലെ ഗുലാം ആസാദ് ബല്‍ഗറാമി ഇന്ത്യയിലെ ഹസ്സാന്‍ ബിന്‍ സാബിത് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സിദ്ദീഖ് ഹസന്‍ ഖാന്‍, അന്‍വര്‍ ശാഹ് കശ്മീരി തുടങ്ങിയവരു അറിയപ്പെട്ട കവികള്‍ തന്നെയായിരുന്നു. തങ്ങളുടെ മതപരമായ ആശയത്തിന്റെ പ്രചരണത്തിന് കവിതകള്‍ ഉപയോഗിക്കുന്നതിലും പണ്ഡിതര്‍ സമയം കണ്ടെത്തി. മുഫ്തി മുഹമ്മദ് ശഫീഇന്റെയും, മുഹമ്മദ് നാളിം നദ്‌വി തുടങ്ങിയവര്‍ ഇവരില്‍ പ്രസിദ്ധരാണ്.

വിവ: അബ്ദൂല്‍ വാസിഅ് ധര്‍മഗിരി

Related Articles