Current Date

Search
Close this search box.
Search
Close this search box.

അഞ്ച് ക്യാമറകളുടെ സാക്ഷിമൊഴി

camera.jpg

പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് കിസ്ലോവ്‌സ്‌കി പ്രസിദ്ധി നേടിയ സിനിമകളുടെ പരമ്പരകള്‍ നിര്‍മിക്കുന്നതിനു മുമ്പ് രാഷ്ട്രീയത്തൈയും വൈയക്തികമായ ഉത്തരവാദിത്വങ്ങളെയും പ്രതിപാദിക്കുന്ന സിനിമകള്‍ നിര്‍മിച്ചിരുന്നു. അക്കൂട്ടത്തില്‍ പ്രശസ്തമായതാണ് ക്യാമറ ബഫ് എന്ന സിനിമ. പോളിഷ് നഗരത്തിലെ ഒരു താഴ്ന്ന ഉദ്യോഗസ്ഥനായ ഫിലിപ്പ് എന്നയാളെ കുറിച്ചാണ് സിനിമ. തന്റെ മകളുടെ ചിത്രം പിടിക്കാനാണ് ഫിലിപ് ക്യാമറ വാങ്ങിക്കുന്നതെങ്കിലും തന്റെ മുതലാളിയുടെ ആവശ്യപ്രകാരം സ്ഥാപനത്തിന്റെ പ്രമോഷനുവേണ്ടി ഒരു സിനിമ നിര്‍മിച്ചു. വൈകാതെ സിനിമ ഫിലിപ്പിന്റെ ജീവിതത്തെ കീഴടക്കുന്നതാണ് പിന്നീട് സംഭവിക്കുന്നത്. താനെടുക്കുന്ന സോദ്ദേശപരമായ പടങ്ങള്‍ സ്വേഛാ ഭരണകൂടത്തെ വിറളിപിടിപ്പിക്കുന്നതിനാല്‍ ഫിലിപ്പിന്റെ ദാമ്പത്യജീവിതത്തെയും അദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ജീവന്‍ മുള്‍മുനയിലാവുന്നു.

ഇസ്രായേല്‍ അധിനിവേശ പ്രദേശമായ വെസ്റ്റ് ബാങ്കിലെ ഗ്രാമത്തില്‍ വെച്ച് പൂര്‍ണ്ണമായും ചിത്രീകരിക്കുകയും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ഇറങ്ങിയ ആഴമുള്ള ഡോക്യമെന്ററികളില്‍ ഒന്നായ 5 ബ്രോകണ്‍ കാമറാസ് എന്ന സിനിമ ശീതയുദ്ധ കാലത്ത് നിര്‍മിച്ച കാമറ ബഫ് എന്ന സിനിമയുമായി അത്ഭുതപ്പെടുത്തുന്ന സമാനതകളുണ്ട്. കാമറ ബഫിലേതു പോലെ, സിനിമ നിര്‍മാണമെന്നത് സാമൂഹിക ഉത്തരവാദിത്വത്തിനും പ്രതികരണത്തിനും തുല്യമായ ജോലിയാണെന്ന് സ്ഥാപിക്കുകയാണ് 5 ബ്രോകണ്‍ കാമറയിലെ നായകന്‍ കൂടിയായ സംവിധായകന്‍ ഇമാദ് ബുര്‍നാഥ്. തലമുറകളായി ജീവിക്കുന്ന ബില്‍ഈന്‍ നഗരത്തിലെ തന്റെ ജീവിതം ചിത്രീകരിക്കാന്‍ ദിവസങ്ങളോളം പകലുകളും രാത്രികളും ചിലവഴിക്കുന്ന ഇമാദ് ബുര്‍നാഥ് തന്നെയാണ് കേന്ദ്ര കഥാപാത്രം. കാമറ ബഫിലെ ഫിലിപിനെ പോലെ, ഇമാദ് തന്റെ കാമറ വാങ്ങിക്കുന്നത് 2005-ല്‍ തന്റെ നാലാമത്തെ മകന്‍ ജിബ്‌രീല്‍ ജനിക്കുമ്പോഴാണ്. തുടക്കത്തില്‍ വീടിലെ കാര്യങ്ങള്‍ ചിത്രീകരിച്ചിരുന്ന ഇമാദ് പിന്നീട് അയല്‍വാസികളുടെ ആഗ്രഹപ്രകാരം അവര്‍ക്ക് വേണ്ടിയും പടങ്ങള്‍ പിടിക്കുകയാണ്.

എന്നാല്‍, നാളുകള്‍ പിന്നിടവേ ഒരുതരം കരുത്തും സാമൂഹിക ഉത്തരവാദിത്വ ബോധവും ഇമാദില്‍ നിറയുന്നു. ഇസ്രായേല്‍ സൈന്യം തങ്ങളുടെ ഗ്രാമത്തില്‍ അതിക്രമിച്ച് കടന്ന് ഇരുമ്പ് മതില്‍ നിര്‍മാണം നടത്തുമ്പോള്‍ അതിനെ ചെറുക്കുന്ന നാട്ടുകാരേയും അവരുടെ പോരാട്ടത്തെയും ചിത്രീകരിച്ച് ഇമാദ് അവരില്‍ ഐക്യബോധത്തെ വളര്‍ത്തുകയാണ്. ബെര്‍ലിനിലും, കത്തോലിക്കരെയും പ്രൊട്ടസ്റ്റന്റുകളെയും വേര്‍തിരിക്കാന്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റിലും നിര്‍മിച്ച മതിലുകളെ അനുസ്മരിപ്പിക്കുന്നത് തന്നെയാണ് ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ ഉയര്‍ത്തുന്ന മതിലുകളും. സാമ്പ്രദായികമായ രീതിയില്‍ രാഷ്ട്രീയവത്കരിക്കപ്പെട്ടയാളായിരുന്നില്ല ഇമാദ്. അദ്ദേഹം ഒരു രാഷ്ട്രീയ കക്ഷിയുടെ ഏജന്റായിരുന്നില്ല. അതിനുള്ള വിലയും അദ്ദേഹത്തിന് നല്‍കേണ്ടി വന്നു. ഒരു അപടകടത്തില്‍ പെട്ട് ഒരു ഇസ്രായേല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം കടക്കെണിയിലായി. ഫലസ്തീന്‍ അതോറിറ്റി യാതൊരു നഷ്ടപരിഹാരവും നല്‍കിയില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതോറിറ്റിക്ക് ഉത്തരവാദിത്വമില്ലെന്നായിരുന്നു അവരുടെ വാദം.

അഞ്ച് വര്‍ഷമെടുത്താണ് ഈ സിനിമ ഇമാദ് നിര്‍മിക്കുന്നത്. അത്രയും കാലത്തിനിടക്ക് പലരീതിയില്‍ തകര്‍ക്കപ്പെട്ട അഞ്ച് ക്യാമറകളെ സൂചിപ്പിക്കുന്നതാണ് സിനിമയുടെ തലക്കെട്ട്. പോരാട്ടത്തിനിടെ തകര്‍ന്ന സ്മാരകങ്ങള്‍ എന്ന കണക്കെ ആ ക്യാമറകള്‍ സിനിമയുടെ ആരംഭത്തില്‍ കാണിക്കുന്നുണ്ട്. ആ ഗ്രാമത്തിന്റെ സ്വകാര്യവും പൊതുവുമായ വിശേഷങ്ങള്‍ വര്‍ഷങ്ങളായി ഒപ്പിയെടുത്തത് ആ ക്യാമറകളാണ്. ചിത്രത്തില്‍ കുറേ കഥാപാത്രങ്ങള്‍ സംബന്ധിക്കുകയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇസ്രായേലീ പട്ടാളത്തിന്റെ വെടിയുണ്ടകളെ ഭയക്കാതെ അവരുടെ ബാരിക്കേടുകളെ നേരിടുന്ന ഗ്രാമീണരെ ചിത്രത്തില്‍ കാണാം. വെസ്റ്റ് ബാങ്കില്‍ നടക്കുന്ന അതിക്രൂരമായ പിടിച്ചുപറികളും, അനധികൃത ജൂത കുടിയേറ്റക്കാര്‍ക്ക് വേണ്ടി ഫലസ്തീനികളുടെ ഒലീവ് തോട്ടങ്ങള്‍ നശിപ്പിക്കുന്നതുള്‍പ്പടെയുള്ള ഹിംസകളുമാണ് ഇതിലൂടെ ഇമാദ് കാണിച്ചുതരുന്നത്. സ്വന്തം വീട്ടില്‍ പോലും ഒരു ക്യാമറ ഉപയോഗിക്കാന്‍ കഴിയാത്ത തരത്തിലുള്ള പട്ടാള ബന്തവസ്സുള്ള ഗ്രാമത്തിലാണ് താന്‍ ജീവിക്കുന്നതിനാല്‍ ജീവഹാനിയും ക്യാമറ നശിപ്പിക്കലുമെല്ലാം നിരന്തരം നേരിടുമ്പോഴും തന്റെ അവകാശങ്ങളെ കുറിച്ച് ഇമാദ് നിരന്തരം ശബ്ദമുയര്‍ത്തുന്നുണ്ട്. കൊച്ചു ജിബ്‌രീല്‍ ആദ്യം പഠിക്കുന്ന വാക്കുകള്‍ തന്നെ ‘മതില്‍’, ‘യുദ്ധം’ ‘വെടിയുണ്ട’ എന്നൊക്കെയാണ്. തന്റെ ഭര്‍ത്താവ് അറസ്റ്റിനെ നേരിടാന്‍ സാധ്യതയുണ്ടെന്ന് കാണുമ്പോള്‍ ഉദ്യമത്തില്‍ നിന്ന് പിന്തിരിയാന്‍ കേണപക്ഷേിക്കുന്ന ഇമാദിന്റെ സുന്ദരിയായ ഭാര്യ സുരയ്യയെയും ചിത്രത്തില്‍ കാണാം.

ഒരു നിയമയുദ്ധം ജയിക്കുന്നതും അത് ഗ്രാമീണര്‍ ആഘോഷിക്കുന്നതും, ഇസ്രായേലി ബുള്‍ഡോസറുകള്‍ പറിച്ചിളക്കിയ ഒലീവ് മരത്തില്‍ നിന്നും ഒരു കമ്പ് മുറിച്ച് ഇസ്രായേലി പട്ടാളക്കാരന് ജിബ്രീല്‍ ഒരു കമ്പ് നല്‍കുന്നതുമുള്‍പ്പടെ തരളിതവും പ്രതീക്ഷകള്‍ നല്‍കുന്നതുമായ രംഗങ്ങളും സിനിമയിലുണ്ട്. ഗയ് ദാവീദി എന്ന ജൂത ഇസ്രായേലി പൗരനാണ് സിനിമയുടെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

തീര്‍ച്ചയായും പക്ഷം ചേര്‍ന്നുള്ള ഒരു ചിത്രീകരണമാണ് 5 ബ്രോക്കണ്‍ ക്യാമറാസ്. ഭീകര തോതിലുള്ള അനീതിയെ ശക്തമായ രീതിയില്‍ തന്നെ അത് തുറന്ന് കാണിക്കുന്നു. അടിച്ചമര്‍ത്തപ്പെടുകയെന്നാല്‍, കുടിയിറക്കപ്പെടുകയെന്നാല്‍, സ്വന്തം അവകാശത്തെ കുറിച്ച് മാത്രം സംസാരിക്കുന്ന കഠിനഹൃദയരാല്‍ ഭരിക്കപ്പെടുകയെന്നാല്‍, എന്താണെന്ന് നേര്‍ക്കുനേരെയുള്ള അനുഭവമായി കാണിച്ചുതരികയാണ് ഈ ചിത്രം. എന്നാല്‍ ചരിത്രബോധം ഉള്‍ചേര്‍ന്നിട്ടുള്ള, പ്രതികാരബോധമില്ലാത്ത ചിത്രീകരണമാണത്.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles