Current Date

Search
Close this search box.
Search
Close this search box.

തണ്ടർബോൾട്ട് എന്നറിയപ്പെട്ട ബായസീദ്

ഒട്ടോമൻ സിംഹാസനത്തിൽ നാലാമത്തെ ഭരണാധികാരിയായി അധികാരമേറ്റത് സുൽത്താൻ മുറാദ് ഒന്നാമന്റെ മകൻ സുൽത്താൻ ബായസീദ് ഒന്നാമനായിരുന്നു. സുൽത്താൻ ബായസീദ് ഒന്നാമൻ ജനിച്ചത് 1360 ലാണ്, അദ്ദേഹത്തിന്റെ പിതാവ് സിംഹാസനത്തിൽ കയറിയ അതേ വർഷം തന്നെ. ബായസീദ് എന്നാൽ “യസീദിന്റെ പിതാവ്” എന്നാണ് അർത്ഥമാക്കുന്നത്, ഇത് അമവി ഖലീഫ മുആവിയതു ബ്‌നു അബീ സുഫ്‍യാൻറെ വിളിപ്പേരാണ്. 1387 ൽ തന്റെ പിതാവിനൊപ്പം കറാമാനി സൈനികർക്കെതിരായ യുദ്ധത്തിൽ ബായസീദ് ചേർന്നു. വേഗമേറിയതും ത്വരിതഗതിയിലുള്ളതുമായ ഒരു സൈനികനായിരുന്നതിനാൽ, യുദ്ധങ്ങളെല്ലാം വിജയകരമായിരുന്നു. അത് അദ്ദേഹത്തിന് “തണ്ടർബോൾട്ട്” എന്നർത്ഥമുള്ള “Yıldırım” (തുർകിഷ്) എന്ന പദവി നൽകുകയായിരുന്നു.

അദ്ദേഹത്തിന്റെ പിതാവായ സുൽത്താൻ മുറാദ് ഒന്നാമൻ 1389 ൽ കൊസോവോ യുദ്ധത്തിൽ രക്തസാക്ഷിയായതിന് ശേഷം, ഒരു പ്രമുഖ പടത്തലവനായി അദ്ദേഹത്തെ യുദ്ധക്കളത്തിൽ സിംഹാസനസ്ഥനാക്കി. വിജയത്തിന്റെ ആഹ്ളാദപ്രകടനങ്ങളില്ലാതെ വിജയത്തിന്റെ ഫലം കൊയ്യാൻ അദ്ദേഹം ഒരു വർഷത്തോളം റുമേലിയയിൽ താമസിക്കേണ്ടി വന്നു. വലിയ രാഷ്ട്രീയ വൈദഗ്ധ്യത്തോടെ, സെർബിയയെ നശിപ്പിക്കുന്നതിനുപകരം, യുദ്ധക്കളത്തിൽ മരിച്ച രാജാവിന്റെ മക്കളുമായി അദ്ദേഹം ഒരു ഉടമ്പടി ഉണ്ടാക്കുകയായിരുന്നു. അങ്ങനെ, അദ്ദേഹം സെർബിയക്കാരുടെ ഹൃദയങ്ങൾ കീഴടക്കി, ഇത് സെർബിയൻ ജനതയെ ഓട്ടോമൻമാരോട് വിശ്വസ്തത പുലർത്താൻ കൂടുതൽ പ്രേരിപ്പിച്ചു. 

യൂറോപ്പിലെ ചിലർക്ക് ഓട്ടോമൻ ഭരണകൂടത്തിന്റെ മുന്നേറ്റം അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ആ കാലഘട്ടത്തിൽ ഹംഗറിയിലെ രാജാവായിരുന്ന ബൊഹീമിയയിലെ സിഗിസ്മണ്ട് മാർപ്പാപ്പയോട് സഹായം അഭ്യർത്ഥിച്ചു. അതിനുശേഷം, ഹംഗേറിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, പോളിഷ്, ജർമ്മൻ, സ്പാനിഷ്, വെനീഷ്യൻ, റോഡിയൻ, വല്ലാച്ചിയൻ പട്ടാളക്കാർ അടങ്ങുന്ന 130,000 കുരിശുയുദ്ധക്കാരുടെ ഒരു സൈന്യം സംഘടിപ്പിച്ചു.

സൈന്യത്തിലെ 60,000 ത്തോളം പേർ ഹംഗേറിയൻ പട്ടാളക്കാരായിരുന്നു. ട്യൂട്ടോണിക് നൈറ്റ്സ്, നോർവേ, സ്കോട്ട്ലൻഡ്, ചെറിയ ഇറ്റാലിയൻ രാജ്യങ്ങൾ എന്നിവ പ്രതീകാത്മക സൈനികരുമായി കോർപ്സിൽ ചേർന്നു. റുമേലിയയിൽ നിന്ന് ഓട്ടോമൻ വംശജരെ പുറത്താക്കുന്നതിനൊപ്പം മംലൂക്കുകളിൽ നിന്ന് ജറുസലേം പിടിച്ചെടുക്കാനും സൈന്യം ലക്ഷ്യമിട്ടിരുന്നു.

കുരിശുയുദ്ധക്കാർ നിക്കോപോളിസ് ഉപരോധിച്ചു (ഇപ്പോൾ ഡാന്യൂബ് നദിക്ക് അരികെ നിക്കോപോൾ എന്ന് വിളിക്കപ്പെടുന്ന ഒരു ബൾഗേറിയൻ നഗരം). ഓർത്തഡോക്സ് ക്രിസ്ത്യാനികൾ അധിവസിക്കുന്ന ദേശങ്ങളിലെ പ്രാദേശിക ജനങ്ങളെ കൊള്ളയടിക്കുകയും കശാപ്പ് ചെയ്യുകയും ചെയ്തു. സുൽത്താൻ ബായസീദ് ഈജിപ്തിലേക്ക് പലായനം ചെയ്തതായി അവർ കരുതി. എന്നിരുന്നാലും, ഓട്ടോമൻ രഹസ്യാന്വേഷണ വിഭാഗം ഹംഗേറിയൻ രാജാവും ബൈസന്റൈൻ ചക്രവർത്തിയും തമ്മിലുള്ള കത്തിടപാടുകളെക്കുറിച്ച് സുൽത്താനെ അറിയിക്കുകയും ശത്രുവിന്റെ സാഹചര്യം പൂർണ്ണമായും മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. “തണ്ടർബോൾട്ട്” എന്ന വിളിപ്പേരിന് യോഗ്യനായ സുൽത്താൻ ബായസീദ് ഹംഗേറിയൻ വസ്ത്രങ്ങൾ ധരിച്ച് അവിശ്വസനീയമായ ധൈര്യത്തോടെ ഓട്ടോമൻ കോട്ടയുടെ അടിയിലേക്ക് കുതിരപ്പുറത്ത് കയറി. ഇവിടെയുള്ള കാസ്റ്റലൈൻ സെന്യവുമായി സംസാരിച്ച് അദ്ദേഹം തന്റെ സൈനികരെ പ്രോത്സാഹിപ്പിക്കുകയും ധാർമിക പിന്തുണ നൽകുകയും ചെയ്തു. തുടർന്ന്, ദേശത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് 70,000 പേരടങ്ങുന്ന തന്റെ അച്ചടക്കമുള്ള സൈന്യത്തെ അദ്ദേഹം തയ്യാറാക്കി.

എ.ഡി, 1396 സെപ്തംബർ 25 ന്, ഒട്ടോമൻ സൈന്യം ക്രസന്റ് തന്ത്രം എന്ന് വിളിക്കപ്പെടുന്ന പിൻസർ മൂവ്മെന്റിലൂടെ ശത്രു സൈന്യത്തെ കുടുക്കുകയും നശിപ്പിക്കുകയും ചെയ്തു. ഡാന്യൂബിൽ കുരിശുയുദ്ധ കപ്പൽ മുങ്ങുകയും 20,000 പേർ രക്ഷപ്പെടുകയും 10,000 തടവുകാരെ പിടിക്കുകയും ചെയ്തു. ഹംഗേറിയൻ രാജാവ് സിഗിസ്‌മണ്ടും ഇംഗ്ലണ്ടിലെ രാജാവായ ഹെൻറി നാലാമനും രക്ഷപ്പെട്ട് സ്വയം രക്ഷ തേടുകയായിരുന്നു. ഡാന്യൂബിലേക്ക് എടുത്തു ചാടിയവർ കനത്ത കവചം കാരണം വിശാലമായ നദിയിൽ മുങ്ങിമരിച്ചു. 70 വലിയ കപ്പലുകളിൽ വെനീഷ്യക്കാർ അയച്ച വെടിമരുന്ന് പിടിച്ചെടുത്തു. യുദ്ധ ധനമായി ലഭിച്ച വസ്തുക്കൾ അനട്ടോളിയയിലും റുമേലിയയിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉപയോഗിച്ചു, അതിന്റെ അഞ്ചിലൊന്ന് സുൽത്താന്റെ വിഹിതത്തിലേക്ക് പോകുകയായിരുന്നു. 

കുരിശുയുദ്ധക്കാരുടെ പരാജയ വാർത്ത യൂറോപ്പിൽ ഒരു ബോംബ് പതിക്കുന്നത് പോലെയുള്ള പ്രകമ്പനമുണ്ടാക്കി. ബന്ദികളാക്കിയവർക്കായി ഉയർന്ന രക്ഷാ കവചം സുൽത്താൻ തീർത്തു. ഇനിയൊരിക്കലും തനിക്കെതിരെ വാളെടുക്കില്ലെന്ന് ശപഥം ചെയ്ത ശത്രു ബന്ദികൾക്കായി സുൽത്താൻ ബായസീദ് അവസാന ദിവസം ഒരു വിരുന്നൊരുക്കി. ബന്ദികളാക്കിയവരിൽ 27 ഫ്രഞ്ച് പ്രഭുക്കന്മാരിൽ ഏറ്റവും പ്രശസ്തൻ ഫ്രാൻസിലെ രാജാവിന്റെ അമ്മാവന്റെ മകൻ ജീൻ സാൻസ് പ്യൂർ (ജീൻ ദി ഫിയർലെസ്) ആയിരുന്നു. സുൽത്താൻ ബായസീദിന് തന്നിൽ തന്നെ അങ്ങേയറ്റം വിശ്വാസമുണ്ടായിരുന്നു. അദ്ദേഹം അവരോട് പറഞ്ഞു: “ഞാൻ ഈ പ്രതിജ്ഞ നിങ്ങൾക്ക് തിരികെ നൽകുന്നു. പോയി സൈന്യങ്ങളെ കൂട്ടി വീണ്ടും എന്നിലേക്ക് മുന്നേറുക. വിജയത്തിന്റെ മഹത്വം വീണ്ടെടുക്കാൻ എനിക്ക് അവസരം നൽകൂ! ”

വിജയത്തെ ഇസ്ലാമിക ലോകം ആവേശത്തോടെയാണ് വരവേറ്റത്. സുൽത്താൻ ബായസീദിനുള്ള തന്റെ അഭിനന്ദന കത്തിൽ, കെയ്‌റോയിലെ അബ്ബാസീ ഖലീഫ അദ്ദേഹത്തെ “സുൽത്താൻ- ഇക്ലിമെ റൂം” (റോമ നാടിന്റെ സുൽത്താൻ) എന്ന് അഭിസംബോധന ചെയ്തു. പ്രതിരോധമില്ലാതെ തുടരുന്ന ഹംഗറിയെ പിന്നീട് കീഴടക്കാൻ സുൽത്താൻ ശ്രമിച്ചില്ല എന്നതും ഡാന്യൂബിന്റെ ചുറ്റുപാടുകൾ ശക്തിപ്പെടുത്താതെ ഈ ദേശങ്ങൾ പിടിച്ചെടുക്കാൻ ആഗ്രഹിച്ചില്ല എന്നതും അദ്ദേഹം ഉജ്ജ്വലമായ നയം പിന്തുടർന്നുവെന്നതിന്റെ തെളിവുകളാണ്. 

യുദ്ധത്തിനായി റുമേലിയയിലേക്ക് പോയ സുൽത്താന്റെ അഭാവം മുതലെടുത്ത്, അന അനാട്ടോളിയൻ പ്രദേശങ്ങൾ (ചെറിയ പ്രവിശ്യകൾ) കരാമിദുകളുടെ നേതൃത്വത്തിൽ ഓട്ടോമൻമാർക്കെതിരെ ഒരു സഖ്യം രൂപീകരിച്ചു. തൽഫലമായി, സുൽത്താൻ ബായസീദ് സരുഖാനിദ്സ്, അയ്‌ഡിൻസ്, ജെർമിയാനിദ്സ്, ഹമിദിദ്സ്, ഇസ്‌ഫെൻഡിയാരിദ്സ്, മെന്റേഷിത്സ് എന്നീ പ്രവിശ്യകൾ ചെറുത്തുനിൽപ്പില്ലാതെ കീഴടക്കുകയായിരുന്നു. ഇവിടങ്ങളിൽ സുൽത്താൻ അവരുടെ മുൻ ബൈകളെ തന്നെ നിയമിക്കുകയായിരുന്നു. നിഗ്ബോലുവിൽ യുദ്ധം ചെയ്യുമ്പോൾ, തന്റെ പിതാവ് സുൽത്താൻ മുറാദ് ഒന്നാമനെയും തന്നെയും ഒറ്റിക്കൊടുത്ത തന്റെ സഹോദരിയുടെ ഭർത്താവായ കരാമിദുകളിലെ അലി ബേയെയും അദ്ദേഹം പരാജയപ്പെടുത്തി. 

കരാമിദുകൾക്ക് ശേഷം, ഖാദി ബുർഹാനുദ്ദീന്റെ പ്രവിശ്യയും അവർ കീഴടക്കി. മാലാത്യയെ മംലൂക്കുകളിൽ നിന്ന് പിടിച്ചെടുക്കുകയും, ദുൽക്കാദിർ (സുൽക്കദർ) ബെയ്‌ലിക്കും ഓട്ടോമൻ ഭരണത്തിൻ കീഴിൽ അംഗീകരിക്കപ്പെടുകയും ചെയ്തു. ഒട്ടോമൻ അതിർത്തികൾ, മെഡിറ്ററേനിയൻ, കരിങ്കടൽ എന്നിവയ്ക്കിടയിലുള്ള പ്രദേശം മുതൽ യൂഫ്രട്ടീസ് വരെ വ്യാപിച്ചിരുന്നു. അങ്ങനെ, സെൽജൂക്കുകളുടെ ഭരണത്തിനു ശേഷം ആദ്യമായി അനറ്റോലിയൻ ഐക്യം  പിടിമുറുക്കി. ബൈസന്റൈൻ സാമ്രാജ്യവുമായി സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കാൻ സുൽത്താൻ ബായസീദ് ആഗ്രഹിച്ചിരുന്നുവെങ്കിലും അവർ കുരിശുയുദ്ധക്കാരുമായി സഖ്യമുണ്ടാക്കി, ഇത് സുൽത്താൻ ബൈസന്റൈൻ ദേശങ്ങൾ നാല് തവണ ഉപരോധിക്കുന്നതിന് കാരണമായി. മറ്റൊരു ഭീഷണിയെ പ്രതിരോധിക്കാൻ ഓരോ ഉപരോധവും നിർത്തിവെക്കുകയും ചെയ്തു അദ്ദേഹം. 700 വീടുകളുള്ള ഒരു മുസ്‍ലിം പ്രദേശങ്ങളുള്ള കോൺസ്റ്റാന്റിനോപ്പിളിൽ സ്വന്തമായി പള്ളിയും കോടതിയും സ്ഥാപിച്ചു. ഈ ഉപരോധങ്ങളിലുടനീളം സുൽത്താൻ ബായസീദ് കോൺസ്റ്റാന്റിനോപ്പിൾ നഗരത്തെ ഉപരോധിച്ചു.

1400 ൽ സുൽത്താൻ നഗരത്തിന്റെ നാലാമത്തെ ഉപരോധസമയത്ത്, നഗരത്തിന്റെ പതന സമയം  അടുത്തിരുന്നു. നിക്കോപോളിസ് യുദ്ധത്തിനുശേഷം ബൈസന്റൈൻ സാമ്രാജ്യത്തെ സഹായിക്കാൻ ഒരു ക്രിസ്ത്യൻ ഭരണാധികാരിക്കും വരാൻ കഴിഞ്ഞില്ല. ഈ നിമിഷം തന്നെ, ബൈസന്റൈൻ സാമ്രാജ്യത്തെ സഹായിക്കാൻ ഒരു അപ്രതീക്ഷിത ശക്തി കടന്നുവന്നു. അത് മംഗോളിയൻ വംശജനായ അമീർ തിമൂർ (Tamerlane) ആയിരുന്നു, അദ്ദേഹം ചഗതായ് ഖാനേറ്റിന്റെ സിംഹാസനം പിടിച്ചെടുക്കുകയും ചെങ്കിസ് ഖാന്റെ പാരമ്പര്യം പിന്തുടരുകയും ചെയ്ത വ്യക്തിയായിരുന്നു. 

Reference:

محمد سهيل طقوش (2013). تاريخ العُثمانيين من قيام الدولة إلى الانقلاب على الخلافة (ط. 3). بيروت: دار النفائس للطباعة والنشر والتوزيع

Gibbons, Herbert Adam. The Foundation of the Ottoman Empire: A History of the Osmanlis Up To the Death of Bayezid I 1300-1403

طوماس ووكر أرنولد؛ رينيه باسيه (1933). “بايزيد الأول”. دائرة المعارف الإسلامية. ترجمة: عبَّاس محمود؛ عبد الحميد يونس؛ أحمد الشنتناوي؛ إبراهيم زكي خورشيد (ط. 3)

Related Articles