Current Date

Search
Close this search box.
Search
Close this search box.

സാങ്കേതിക മികവ് പുലർത്തിയ വാനനിരീക്ഷണ കേന്ദ്രങ്ങൾ

ആകാശ പ്രതിഭാസങ്ങളെ ഗൗരവത്തിൽ സമീപിക്കാനുള്ള മുസ്‍ലിംകളുടെ ശ്രമങ്ങൾ ഉമവീകാലം മുതലേ തുടങ്ങിയതായി കാണാനാവും. ആകാശഭൂമികളുടെ സൃഷ്ടിപ്പിൽ മനനം ചെയ്യാനുള്ള ഖുർആനിക അധ്യാപനം തന്നെയായിരുന്നു അതിൻറെ ഒന്നാമത്തെ ചോദന. മുസ്ലിം നിത്യജീവിതത്തിന്റെ ഭാഗമായ നമസ്കാരങ്ങളുടെ സമയം, ഹജ്ജ്, സകാത്ത്, വ്രതം, പെരുന്നാളുകൾ പോലുള്ള അനുഷ്ഠാനങ്ങൾക്കാവശ്യമായ മാസ-വർഷ നിർണയങ്ങൾ മുതലായ കാര്യങ്ങൾ ഗോളശാസ്ത്രത്തിന് മുസ്‍ലിംകൾക്കിടയിൽ മതപരമായ ഒരു ബാധ്യതയുടെ തലം രൂപപ്പെടുത്തി. 

മതപരമായ അനിവാര്യതയും പ്രകൃതി പ്രതിഭാസങ്ങളെ വിശദീകരിക്കാനുള്ള വൈജ്ഞാനിക ത്വരയും സമം ചേർന്ന പശ്ചാത്തലത്തിലാണ് ഗോളശാസ്ത്രം ഒരു വിജ്ഞാനശാഖയെന്ന നിലയിൽ മുസ്ലിം ലോകത്ത് വളർന്നത്. അതിനായി അവർ വാനനിരീക്ഷണ കേന്ദ്രങ്ങൾ പണിതു. ‘മർസദ്’ (വാന നിരീക്ഷണ കേന്ദ്രം) എന്ന പദവും ‘റസ്വദ്’ (നിരീക്ഷണ പഠുക്കൾ) എന്ന പദവും അറബി വിജ്ഞാന ശാഖയുടെ തന്നെ ഭാഗമായി വികസിച്ചു. 

മുസ്‍ലിംകളുടെ ഗോളശാസ്ത്ര രംഗത്തെ വളർച്ചയ്ക്ക് പിന്നിൽ ഈ വാന നിരീക്ഷണ കേന്ദ്രങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. ആദ്യമായി നക്ഷത്ര നിരീക്ഷണങ്ങൾക്കുള്ള ഉപകരണങ്ങൾ നിർമ്മിച്ചത് ഗ്രീക്കുകാരാണ് എന്ന് ചരിത്രകാരനായ ഹാജി ഖലീഫ (ക്രി.1657) പറയുന്നുണ്ട്. ബി.സി മൂന്നാം നൂറ്റാണ്ടിൽ അലക്സാണ്ട്രിയയിൽ വാന നിരീക്ഷണ കേന്ദ്രം നിലനിന്നതായി അദ്ദേഹം തൻ്റെ ‘സുല്ലമുൽ വുസൂൽ’ എന്ന കൃതിയിൽ പറയുന്നു. ഉമവീ കാലത്താണ് ആദ്യമായി അറബികൾക്കിടയിൽ വാന നിരീക്ഷണകേന്ദ്രം ഉണ്ടായതെന്ന് സ്പാനിഷ് ഓറിയന്റലിസ്റ്റ് ഫെർദീഹി സൂചിപ്പിക്കുന്നുണ്ട്. 

ജോർദാനിലെ സർഖാഅ് പ്രവിശ്യയിലുള്ള പൗരാണിക ഉമവീകൊട്ടാര ശേഷിപ്പുകളിൽ നിന്നും ലഭിച്ച ചിത്രങ്ങളിൽ നിന്നും മറ്റുമാണ് ഈ നിഗമനത്തിലേക്ക് അദ്ദേഹം എത്തുന്നത്. അതേസമയം വ്യവസ്ഥാപിതമായി വാനനിരീക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കപ്പെടുന്നത് അബ്ബാസി ഖലീഫ മഅമൂന്റെ കാലത്താണ്. ഈ നിരീക്ഷണാലയങ്ങൾ ഡമസ്കസ് ,കൈറോ, അന്ദലൂസ്, സമർഖന്ത് തുടങ്ങിയ ഇസ്ലാമിക നഗരങ്ങളുടെ വിവിധ ഇടങ്ങളിലേക്ക് പിന്നീട് വ്യാപിച്ചു. പള്ളികളും മതവിദ്യാലയങ്ങളും ഗ്രന്ഥശാലകളും പോലെ മുസ്ലിങ്ങളുടെ വൈജ്ഞാനിക മുന്നേറ്റത്തിന് ശക്തമായ അടിത്തറപാകിയ വൈജ്ഞാനിക ഗോപുരങ്ങളായി ഈ നിരീക്ഷണ കേന്ദ്രങ്ങൾ വർത്തിച്ചതായി ആസ്ട്രേലിയൻ ഗവേഷകനായ സാമിർ അക്കാശ് പറയുന്നു.

വാനനിരീക്ഷണ കേന്ദ്രങ്ങൾ

  1. കൈറോ (ഈജിപ്ത്)

ഫാത്വിമി മന്ത്രിയായിരുന്ന ബദറുദ്ദീൻ ജമാലി ഹിജ്റ 515 (ക്രി. 1119) ൽ കൈറോയിലെ മുഖത്വം മലയിൽ സ്ഥാപിച്ച വാനനിരീക്ഷണകേന്ദ്രത്തെ കുറിച്ച് ചരിത്രകാരനായ തഖിയുദ്ദീൻ മുഖ്രീസി തൻറെ ‘അൽ മവാഇളി’ൽ പറയുന്നുണ്ട്. ജൂതനായ ഗോളശാസ്ത്രജ്ഞൻ സഈദ് ബിനു ഖർഖ: (ക്രി.1119/ഹി.513) യ്ക്കാണ് അതിൻറെ ചുമതല അദ്ദേഹം നൽകിയിരുന്നത്. ശേഷം വന്ന മന്ത്രി മഅമൂൻ ബതാഇഹി (ഹി.519) യുടെ കാലത്താണ് ഇതിൻ്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഈ കേന്ദ്രത്തിലെ ‘ദാത്തു ഹിലഖ്’ എന്ന നിരീക്ഷണ ഉപകരണം അതിൻറെ നിർമ്മാണം കൊണ്ടും വലിപ്പം കൊണ്ടും ഏറെ പ്രസിദ്ധമായിരുന്നു. 

  1. മറാഗ (ഇറാൻ)

മംഗോളിയൻ മന്ത്രിയുടെ നിർദ്ദേശപ്രകാരം പ്രശസ്ത ഗോളശാസ്ത്രജ്ഞൻ നസീറുദ്ദീൻ അത്തൂസി (ക്രി.1273 /ഹി.672) ഇറാനിലെ മറാഗയിൽ സ്ഥാപിച്ച കേന്ദ്രമാണിത്. ബാഗ്ദാദ് നഗരത്തിൻ്റെ പതനത്തിന് ഒരു വർഷത്തിനുശേഷം 1259 ൽ സ്ഥാപിക്കപ്പെട്ട ഇവിടെ വിവിധയിടങ്ങളിൽ നിന്നുള്ള പ്രശസ്ത ശാസ്ത്രജ്ഞരുടെ പങ്കാളിത്തമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന ഗോളശാസ്ത്രജ്ഞരെപ്പറ്റി തൂസി തന്നെ തന്റെ ‘സീജുൽ ഇൽഖാനി’യിൽ പറയുന്നത് ഇങ്ങനെയാണ് : ”നിരീക്ഷണ കേന്ദ്ര നിർമ്മാണത്തിനായി ധാരാളം പ്രഗൽഭരെ ഞാൻ വിളിച്ചുചേർത്തു. അതിൽ ഡമസ്കസിലെ മുഅയ്യിദ് അൽ ഉറദി (ഹി. 664 ), മറാഗക്കാരനായ ഫഖ്റുൽ മറാഗി (ഹി. 657), ജോർദാനിലെ ഫഖ്റുൽ ഖലാതി (682), ഇറാനിലെ നജ്മുദ്ദീൻ ഖസ്വൈനി (ഹി. 657) എന്നിവർ ഉണ്ടായിരുന്നു. 

ഇറാനിലെ ഏറ്റവും വലിയ വാനനിരീക്ഷണ കേന്ദ്രമായിരുന്നു മറാഗയിലേതെന്ന് ഇറാനിയൻ ഗവേഷക ഹമീദ കരിമീ -തന്റെ മറാഗയിലെ നിരീക്ഷണ കേന്ദ്രത്തെ കുറിച്ചുള്ള പഠനത്തിൽ- പറയുന്നു. പ്രസ്തുത കേന്ദ്രം നിലനിന്ന സ്ഥാനത്ത് 1972 ൽ ഇറാനിലെ ആർക്കിയോളജി വിഭാഗം നടത്തിയ ഗവേഷണത്തിൽ അതിൻ്റെ പഴയ ശേഷിപ്പുകൾ കണ്ടെത്താൻ സാധിച്ചു. പഞ്ചകോണം പോലുള്ള ഉപകരണങ്ങൾ, ഗ്രന്ഥപ്പുര, ശാസ്ത്രജ്ഞന്മാർക്കുള്ള മുറികൾ, കുടിവെള്ള സംഭരണി, നിസ്കാര പള്ളി, പിച്ചള കൊണ്ട് നിർമ്മിച്ച വിവിധ നിരീക്ഷണ കേന്ദ്രങ്ങൾ മുതലായവ അവർ കണ്ടെത്തി. 

  1. സമർഖന്ദ് (ഉസ്ബെക്കിസ്ഥാൻ) 

മംഗോളിയൻ രാഷ്ട്രത്തലവൻ ഉലൂഗ് ബേഗ്, മാറാഗയിലെ വാന നിരീക്ഷണാലയം സന്ദർശിക്കുകയും അവിടെയുള്ള പ്രവർത്തനങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു. തുടർന്ന് തന്റെ തലസ്ഥാനമായ സമർഖന്ദിൽ അതിലും വലിയ ഒരു കേന്ദ്രം സ്ഥാപിക്കണമെന്ന് അദ്ദേഹം തീരുമാനിക്കുകയും അങ്ങനെ അക്കാലത്തെ ഗോളശാസ്ത്രവിദഗ്ധരെ അദ്ദേഹം വിളിച്ചുകൂട്ടുകയും ഹി. 824 – 830 (ക്രി. 1422- 1428) വർഷങ്ങളിൽ അതിൻറെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഗോള ശാസ്ത്രജ്ഞനായ ഗിയാസുദ്ദീൻ മസ്ഊദ് അൽകാശി (ഹി. 832/ക്രി.1429) യുടെ മുഖ്യകാർമികത്വത്തിലാണ് പ്രസ്തുത കേന്ദ്രം പ്രവർത്തിച്ചത്. ‘സീജ് – ഉലൂഗ് ബേഗിൻ്റെ രചന നിർവഹിച്ചതും ഗിയാസുദ്ദീൻ കാശിയാണെന്ന് ഹാജി ഖലീഫ തൻറെ സുല്ലമുൽ ഉസൂലിൽ പറയുന്നുണ്ട്. തന്റെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അറുപതിലധികം ഗോളശാസ്ത്രജ്ഞരെ ഉലൂഗ് ബേഗ് ക്ഷണിച്ചുവരുത്തി. കാശിയുടെ കൂടെ പ്രശസ്തരായ പലരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. സ്വലാഹുദ്ദീൻ മൂസാ ഷാഹ്, അലാഉദ്ദീൻ ഖവയ്ശജി തുടങ്ങിയവർ ഉദാഹരണം. ‘സീജ് ജദീദ് സുൽത്വാനി’ എന്ന കൃതി ഏറ്റവും ആധികാരികവും കൃത്യതയുള്ളതുമായ ‘സീജ്’ ആയി പരിഗണിക്കപ്പെടുന്നു. ക്രി. 1449 ൽ ഉലൂഗ് ബേഗ് മകൻ്റെ കയ്യാൽ വധിക്കപ്പെട്ട ശേഷം സമർഖന്തിലെ പ്രശസ്തമായ ഈ കേന്ദ്രവും തകരുകയായിരുന്നു. 

  1. ഇസ്തംബൂൾ (തുർക്കി)

സമർഖന്തിലെ വാന കേന്ദ്രത്തിലെ മുൻഗാമികളായ മംഗോളിയരിൽ നിന്നും പ്രചോദിതരായി ഉസ്മാനികൾ തങ്ങളുടെ തലസ്ഥാനമായ ഇസ്തംബൂളിലെ ഗലതയിൽ ക്രി. 1575 (ഹിജ്റ 983) ല്‍ നിർമ്മിച്ച വാനനിരീക്ഷണാലയമാണിത്. ക്രി. പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിലേക്കുള്ള വാന നിരീക്ഷണ കേന്ദ്രങ്ങളുടെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ച കേന്ദ്രം കൂടിയാണിത്. തഖിയുദ്ദീൻ അൽ റാസ്വിദ് എന്ന പേരിൽ പ്രസിദ്ധനായ ഗോളശാസ്ത്രജ്ഞൻ അബൂബക്കർ അസദി (ക്രി. 1585/ഹി. 993) യുടെ മേൽനോട്ടത്തിൽ ഉസ്മാനി സുൽത്താൻ മുറാദ് മൂന്നാമൻ്റെ പ്രോത്സാഹനത്തിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. അതേസമയം ഗോളശാസ്ത്രവിജ്ഞാനം എന്നതിൽനിന്ന് ജ്യോതിഷത്തിന്റെ തലത്തിലേക്ക് മുറാദ് മൂന്നാമൻ്റെ കാലത്ത് ഈ വിജ്ഞാനം മാറിയതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ദീനിന് വിരുദ്ധമായ വിജ്ഞാന ശാഖയാണെന്ന് വാദിച്ച് ഇസ്ലാമിക പണ്ഡിതന്മാർ ഇതിനെ എതിർത്ത് രംഗത്ത് വന്നു. യാതൊരു ഉപകാരവും ലഭിക്കാത്ത ഈ ജ്ഞാനം ആഭിചാര പഠനം പോലുള്ള ഒന്നായും അവർ വിലയിരുത്തി. സുൽത്താന്റെ ‘മുനജ്ജിം’ അഥവാ നക്ഷത്രനോട്ടക്കാരന് ഉസ്മാനി ബ്യൂറോക്രസിയിൽ വലിയ പദവിയാണ് ലഭിച്ചത്. ഉസ്മാനി സാമ്രാജ്യത്തിന്റെ ഔദ്യോഗിക മുഫ്തിയായ ഇസ്ലാമിക പണ്ഡിതനേക്കാൾ സുൽത്താന്റെ അടുക്കൽ ‘റഈസുൽ മുനജ്ജി’ (നക്ഷത്രരാശിവിദഗ്ദൻ) മിന് കൈവന്നു. അധികാര ശ്രേണിയിൽ സൈന്യാധിപനു ശേഷം രണ്ടാമനായി ‘റഈസുൽ മുനജ്ജിം’ പരിഗണിക്കപ്പെട്ടു. 

സിംഹാസനത്തിലെ അവരോധനം, യുദ്ധപ്രഖ്യാപനം, സൈനിക മുന്നേറ്റം, സുൽത്താന്റെ മോതിര കൈമാറ്റം, കപ്പൽ യാത്ര തുടങ്ങിയ സുപ്രധാന കാര്യങ്ങൾക്ക് അനുയോജ്യമായ സമയം നക്ഷത്ര രാശികൾ ഉപയോഗിച്ച് പറഞ്ഞുകൊടുക്കുകയെന്ന ഉദ്യമമായിരുന്നു അന്നത്തെ ഈ ധാരയിലെ പണ്ഡിതന്മാർക്ക് ഉണ്ടായിരുന്നത്. സുൽത്താൻ മുഹമ്മദ് അൽ ഫാതിഹ്, നക്ഷത്രനോട്ടക്കാർ നിശ്ചയിച്ച സമയമാണ് കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കാൻ തെരഞ്ഞെടുത്തത്. മുറാദ് മൂന്നാമനെ പോലുള്ള ചില ഉസ്മാനി സുൽത്താൻമാർ ഇത്തരം നക്ഷത്രനോട്ടക്കാരുടെ നിർദ്ദേശമില്ലാതെ ഒരു പ്രവൃത്തി പോലും ചെയ്യുമായിരുന്നില്ലെന്ന് പോലും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ കാര്യങ്ങൾ ടർക്കിഷ് ഗവേഷകനായ പ്രൊഫസർ മുഹമ്മദ് ഇബ്ശീർലി തന്റെ ‘ഉസ്മാനി രാഷ്ട്ര വ്യവസ്ഥകൾ’ എന്ന പഠനത്തിൽ വിശദമാക്കുന്നുണ്ട്. ഇറാനിലെ സഫവി ഭരണകൂടത്തെ ആക്രമിക്കാൻ തയ്യാറെടുത്ത മുറാദ് മൂന്നാമൻ, താൻ അവിടെ യുദ്ധം ചെയ്താൽ അവസരം ഉപയോഗപ്പെടുത്തി യൂറോപ്യന്മാർ തൻ്റെ രാജ്യം ആക്രമിച്ചേക്കുമെന്ന് ആശങ്ക കാരണം യുദ്ധത്തിൽ നിന്നും പിന്മാറി. ഈ അവസരത്തിൽ ‘റഈസുൽ മുനജ്ജിമീൻ’ (ചീഫ്) ആയ തഖിയുദ്ദീൻ റാസ്വിദ് ആകാശത്ത് വാൽനക്ഷത്രം കാണുകയും അത് വിജയപ്രതീക്ഷയാണ് സൂചിപ്പിക്കുന്നത് എന്ന് സുൽത്താനെ അറിയിച്ചതായും പറയപ്പെടുന്നുണ്ട്. 

ഇത്തരം കാര്യങ്ങളാണ് ഇസ്തംബൂളിലെ വാനനിരീക്ഷണ കേന്ദ്ര നിർമ്മാണത്തിന് പിന്നിലുണ്ടായിരുന്നതെന്നും ഇത് ഗോളശാസ്ത്രമല്ല, മറിച്ച് നിഷിദ്ധമായ ജ്യോതിഷമാണെന്നുമുഉള്ള ശക്തമായ വിമർശനങ്ങൾ ഉയർന്നത് ഈ പശ്ചാത്തലത്തിലാണ്. വാനനിരീക്ഷണ കേന്ദ്രം ദീനിന് വിരുദ്ധമാണെന്ന് അവർ ഫത്‍വകൾ പുറത്തിറക്കി മൂന്ന് വർഷങ്ങൾക്ക് ശേഷം ഫുഖഹാക്കളുടെ സ്വാധീനത്താൽ ഉസ്മാനി ‘ഇൻകിശാരി’ സൈന്യം ഈ കേന്ദ്രം തകർത്തു. ചില അസൂയാലുക്കളാണ് അതിനെ തകർത്തതെന്ന പരാമർശം ഹാജി ഖലീഫ തൻറെ ‘സുല്ലമുൽ വുസൂലി ‘ൽ നടത്തുന്നുണ്ട്. നിരീക്ഷണ കേന്ദ്രം തകർന്ന നിമിഷം വിഭാഗീയതയുടെ വിജയമാണുണ്ടായത് എന്ന് ടർക്കിഷ് ചരിത്രകാരൻ ഖലീൽ ഇനാല്‍ജിക് വിശേഷിപ്പിക്കുന്നത് കാണാം. ഗോളശാസ്ത്ര വിജ്ഞാനത്തോടും അതിന്റെ വക്താക്കളോടും പഴയകാല ക്രൈസ്തവ സഭകൾ വച്ചുപുലർത്തിയ മനോഭാവത്തിന് സമാനമായി ചില മുസ്‍ലിം പണ്ഡിതന്മാരുടെ സമീപനം മാറിയതായും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

ചരിത്രകാരനായ ഖൈറുദ്ധീൻ സിറിക്ലി (1976) തൻ്റെ ‘അഅലാമി’ൽ മദീനയിലെ ഗോളശാസ്ത്ര പണ്ഡിതനായിരുന്ന ഹസൻ ഇബ്നു ഹുസൈൻ അൽ അസ്കൂബി(ക്രി.1886/ഹി.1303) യുടെ ചരിത്രം പറയുന്നുണ്ട്. മദീനയിലെ തൻറെ വീടിനു മുകളിൽ ഒരു വാനനിരീക്ഷണ കേന്ദ്രം അസ്കൂബി സ്ഥാപിച്ചു. പക്ഷേ മദീനയിലെ പണ്ഡിതന്മാർ അത് പ്രശ്നവൽക്കരിക്കാൻ തുടങ്ങി. അബ്ദുൽജലീൽ ബർറാദ എന്ന പണ്ഡിതൻ അസ്കൂബിക്കെതിരെ കവിത വരെ എഴുതി. ചില വരിയുടെ ആശയം ഇങ്ങനെയാണ്: 

”കറങ്ങുന്ന ലോകം അതിലൂടെ നോക്കുകയാണയാൾ.. ഇത് ക്രിസ്ത്യാനികൾ ചെയ്യുന്ന അതേ പണി തന്നെ”.

അങ്ങനെ അവർ അസ്കൂബിയുടെ വീട് കയ്യേറി അവിടെയുള്ള ആസ്ട്രോലാബും മറ്റു ഉപകരണങ്ങളും അവിടെ നിന്നും ഒഴിവാക്കി. അതിനുശേഷം, മരണം വരെയും സമൂഹത്തിൽ നിന്ന് മാറി താമസിക്കുകയായിരുന്നു അസ്കൂബി.

സാങ്കേതിക മികവ് 

ഗോളശാസ്ത്ര രംഗത്തെ നിരീക്ഷണ പാടവത്തോടൊപ്പം മുസ്ലിം ശാസ്ത്രജ്ഞരുടെ നിർമ്മാണത്തിലുള്ള സാങ്കേതിക മികവിനെ പറ്റിയും യൂറോപ്യൻ ചരിത്രകാരന്മാർ വിശദമായി പറയുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങളിലെ സൂക്ഷ്മതയും കൃത്യതയുമാണ് പിന്നീടുള്ള പല യൂറോപ്യൻ കണ്ടുപിടിത്തങ്ങൾക്കും നിദാനമായതെന്ന് ഓറിയൻ്റലിസ്റ്റ് സിഗ്രിദ് ഹോങ്കെ എഴുതുന്നു. ബുവൈഹി ഭരണത്തിനു കീഴിൽ നടന്ന ഗോളശാസ്ത്ര ഉപകരണങ്ങളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സൂക്ഷ്മ വിവരണങ്ങൾ വിശദമായി പ്രതിപാദിക്കുന്ന മുഹമ്മദ് ഹുസൈൻ സഗാനി (ഹിജ്റ 379) യുടെ ഗ്രന്ഥത്തെ കുറിച്ച് ഹാജി ഖലീഫ തൻ്റെ ‘കശ്ഫുള്ളുനൂ’നിൽ പറയുന്നുണ്ട്. ചരിത്രകാരനായ ശിഹാബുദീൻ ഫദ്ലുള്ളാഹിയുടെ (ക്രി. 1348) ‘മസാലികുൽ അബ്സ്വാർ’ എന്ന ഗ്രന്ഥത്തിൽ ‘മറാഗ’ യിലെ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും വിശദാംശങ്ങൾ പ്രതിപാദിക്കുന്നുണ്ട്. 

ഗോളശാസ്ത്രജ്ഞനായ ഇസ്ലാമിക പണ്ഡിതൻ അബ്ദുൽ അലിയ്യിബ്നു മുഹമ്മദ് ബിർജൻദി (ഹി.932/ക്രി.1526) യുടെ ‘ആലാത്തുറുസ്വാദ് ( നിരീക്ഷകരുടെ ഉപകരണങ്ങൾ) എന്ന കൃതിയാണ് ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വന്ന അവസാന കൃതി. ഓരോ പരീക്ഷണ ഉപകരണങ്ങളുടെയും വ്യത്യസ്തമായ ഉപയോഗങ്ങളും ലക്ഷ്യങ്ങളും വേർതിരിച്ചു പറഞ്ഞു കൊണ്ടാണ് ഈ ഗ്രന്ഥത്തിൽ അദ്ദേഹം വിശദീകരിക്കുന്നത്. 

വിൽ ഡ്യൂറൻ്റ് പറയുന്നു: ”ആസ്ട്രോ ലാബിൽ മാത്രം ഒതുങ്ങിയിരുന്ന നിർമ്മാണങ്ങൾ ആയിരുന്നില്ല മുസ്ലിങ്ങളുടെത്, മറിച്ച് പൗരാണിക ഗ്രീക്കുകാരുടെ കൈവശമുണ്ടായിരുന്ന ഗോളങ്ങളടക്കം പല അമൂല്യമായ യന്ത്രങ്ങളും അവർ വികസിപ്പിച്ചെടുത്തു. അവയിൽ പലതും ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിൽ ( ഹി. നാലാം നൂറ്റാണ്ട്) യൂറോപ്പിലും എത്തി. ഒരേസമയം കലാവിരുതും വൈജ്ഞാനിക തികവും സമ്മേളിച്ച പ്രസ്തുത ഉപകരണങ്ങൾ പതിനൊന്നാം നൂറ്റാണ്ടിലെ സർവ്വേയർമാർക്കിടയിൽ വ്യാപകമായിരുന്നു”.

ആസ്ട്രോലാബ് ഉപയോഗത്തിന്റെ രീതിശാസ്ത്രത്തെ വിശദീകരിച്ചുകൊണ്ട് നൂറുകണക്കിന് മുസ്ലിം ശാസ്ത്രജ്ഞന്മാർ ഗ്രന്ഥരചനകൾ നടത്തിയിട്ടുണ്ട്. അതിലൊരാളാണ് സർഖാലി എന്ന പേരിൽ അറിയപ്പെട്ട അബൂ ഇസ്ഹാഖ് ഇബ്രാഹിം ഇബ്നു യഹിയ തുജീബി(ക്രി. 1099/ഹി. 493) യെന്ന അന്ദലൂസ് പണ്ഡിതൻ. ഇമാം ദഹബി പറയുന്നു: ” നക്ഷത്ര നിരീക്ഷണത്തിലും ഉപകരണ നിർമ്മാണങ്ങളിലും പ്രഗൽഭ്യം തെളിയിച്ച സർഖാലിയെ പോലെയൊരാൾ അന്ന് അന്തലൂസിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന് കൊർദോവയിൽ ഒരു വാന നിരീക്ഷണ കേന്ദ്രവും ഉണ്ടായിരുന്നു”. ആസ്ട്രോ ലാബ് മെഷീനറികളെ നൂതനമായ ശൈലിയിൽ എങ്ങനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാമെന്ന് വിശദീകരിച്ചുകൊണ്ട് സർഖാലി രചിച്ച ഗ്രന്ഥമാണ് ‘അൽ അമലു ബി സഫീഹതുസ്സീജിയ്യ:’. 

വാന നിരീക്ഷണ പ്രവർത്തനങ്ങൾക്കിടയിൽ മുസ്ലിം ഗോളശാസ്ത്രജ്ഞന്മാർ ഉപയോഗിച്ചിരുന്ന പെൻഡുലം മാതൃകയിലുള്ള ഉപകരണത്തെക്കുറിച്ച് ഡോ : ഉമർ ഫർറൂഖ് പറയുന്നുണ്ട്. ഗലീലിയോ ഗലീലിക്കും 600 വർഷക്കൾക്കു മുമ്പേ ഇബ്നു യൂനുസാണ് ഇത് നിർമ്മിച്ചതെന്നും അദ്ദേഹം പറയുന്നു.

സമയ നിർണയത്തിനുള്ള ഘടികാരങ്ങൾ ഇസ്ലാമിക നാഗരികതയിലെ പ്രചുരപ്രചാരം നേടിയ ഉപകരണമായിരുന്നു. മക്കയിലെയും ദീനയിലെയും വലിയ പള്ളികൾ മുതൽ വിദൂരനാടുളിലെ ചെറിയ പള്ളികളിൽ വരെ ഇത്തരം ഘടികാരങ്ങൾ വ്യാപകമായിരുന്നു. പള്ളികളുടെ ഭിത്തികളിൽ സ്ഥാപിക്കപ്പെട്ടിരുന്ന അത്തരം ഘടികാരങ്ങളിൽ ഒന്ന് മക്കയിലെ മസ്ജിദുൽ ഹറാമിലും ഉണ്ടായിരുന്നു. മുഹമ്മദി ബ്നു അലി അബൂ മൻസൂർ അൽ അസ്ഫഹാനി (ഹി. 559/ക്രി. 1164) യായിരുന്നു അതിൽ ശിൽപി. ഇതിൻ്റെ വിശദ വിവരങ്ങൾ മക്കൻ ചരിത്രകാരനായ തഖിയുദ്ദീൻ അൽ ഫാസി (ക്രി. 1419/ ഹി. 822) തൻ്റെ ‘ശിഫാഉൽ ഗറാമി’ൽ വിവരിക്കുന്നുണ്ട്. 

മതപരമായ സംഘർഷം 

ഇസ്ലാമിക ലോകത്തെ ഫുഖഹാക്കളുടെ ഗോളശാസ്ത്ര വിജ്ഞാന വിരുദ്ധ നിലപാടുകളെക്കുറിച്ച് സൂചിപ്പിച്ചല്ലോ. അവർ അതിലെ ഇൽമുൽ ഗൈബും (അദൃശ്യജ്ഞാനം), അന്ധവിശ്വാസവും മന്ത്രവാദവും അടിസ്ഥാനമാക്കിയുള്ള ജ്യോതിഷത്തെ വിലക്കുകയും അതിനെതിരെ വിലയുറപ്പിക്കുകയും ചെയ്തു. പക്ഷേ അവർ ഗോളശാസ്ത്രത്തിന്റെ ശാസ്ത്രീയ രീതികളെ അംഗീകരിക്കുകയും മനുഷ്യരാശിക്ക് പൊതുവേയും ഇസ്ലാമിലെ സുപ്രധാനമായ നാലു സ്തംഭങ്ങളെ (നമസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ്) നിർവഹിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന അതിൻറെ സേവനങ്ങളെ പ്രത്യേകിച്ചും അവർ ഉപയോഗപ്പെടുത്തുകയും ചെയ്തു.

ശാഫിഈ ഫഖീഹ് ആയ ഇമാം ബഗവി (ഹി. 516) തൻ്റെ ‘ശറഹുസ്സുന്ന’ യിൽ ഇങ്ങനെ ടുത്തുന്നു: ” ഇതുവരെ നടക്കാത്തതും ഭാവിയിൽ നടക്കാൻ സാധ്യതയുള്ളതുമായ കാര്യങ്ങളെക്കുറിച്ചുള്ള ചർച്ചയാണ് ഈ വിജ്ഞാനത്തിൽ നിഷിദ്ധമായ കാര്യങ്ങൾ. കാരണം, അത് അല്ലാഹുവുമായി മാത്രം ബന്ധപ്പെട്ട കാര്യമാണ്. അതേസമയം നിത്യജീവിതവുമായി ബന്ധപ്പെട്ട- ഖിബ്‍ല നിർണയം, സമയനിർണയം പോലുള്ളവക്ക് ഇതിനെ ആശ്രയിക്കുന്നതിൽ വിരോധമില്ല. 

ഇമാം ശംസുദ്ദീൻ ദഹബി (ഹി. 748/ക്രി. 1347) ഈ വിജ്ഞാന ശാഖയുടെ നന്മതിന്മകളെ വേർതിരിച്ചുകൊണ്ട് തൻറെ ‘സഗലുൽ ഇൽമ്’ എന്ന ഗ്രന്ഥത്തിൽ പറയുന്നത് ഏറെ ശ്രദ്ധേയമാണ്: ”ഗോളശാസ്ത്രം അടക്കമുള്ള തത്വജ്ഞാനങ്ങളിൽ ജ്യോതിഷമടക്കമുള്ള പിഴച്ച ആശയങ്ങളുണ്ട്. അതിനു പിറകെ പോയാൽ ഒരാൾ വഴികേടിലേക്കാണ് ചെന്ന് പതിക്കുന്നത് പക്ഷേ അതിൽ കൃത്യവും സുതാര്യവുമായ മറ്റു വിവരങ്ങളും ലഭ്യമാണ്. അത് പഠിക്കുന്നത് മുഖേന ഇഹപര ലോകങ്ങളിൽ ഒരു ഗുണവുമില്ലാത്തതിനാൽ പ്രത്യേകിച്ച് പ്രതിഫലമോ ശിക്ഷയോ അതിലൂടെ കിട്ടില്ല. അതേസമയം ശരിയായ ആദർശത്തിൽ അടിയുറച്ചു നിന്നുകൊണ്ട് നല്ല ഉദ്ദേശത്തോടെ (നിയ്യത്ത്)  അത് പഠിക്കുമ്പോൾ അത് പ്രതിഫലാർഹമായ കാര്യമായി മാറുന്നു’.

ഇസ്ലാമിക വൈജ്ഞാനിക പാരമ്പര്യത്തിലെ ഫുഖഹാക്കളും ഖാദിമാരും മുഅദ്ദിനുമാരുമടങ്ങുന്ന അടങ്ങുന്ന വലിയ വിഭാഗം പണ്ഡിതന്മാർ ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ തൽപരരും വിദഗ്ധരുമായിരുന്നുവെന്ന് കാണാൻ സാധിക്കും. പ്രത്യേകിച്ചും ഹിജ്റ ആറാം നൂറ്റാണ്ട് മുതൽ വന്ന ഇമാം റാസിയടക്കമുള്ളവർ അതിന്റെ ഉദാഹരണങ്ങൾ ആണെന്ന് നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്. 

നമസ്കാര സമയ നിർണയവുമായി ബന്ധപ്പെട്ട ഗോള ശാസ്ത്ര ഉപകരണങ്ങളും അതിനാവശ്യമായ തൊഴിലാളികളും മസ്ജിദുകളുമായി ബന്ധപ്പെട്ട് ഇസ്ലാമിക നാഗരികതയുടെ ഭാഗമായി ഉണ്ടായിരുന്നു. ‘മുഅദ്ദിൽ’ എന്ന പേരിൽ ഒരു ഗോളശാസ്ത്ര വിദഗ്ധൻ പള്ളികൾ കേന്ദ്രീകരിച്ച് നിയമിക്കപ്പെടുകയും അവർക്കുള്ള വേതനം അധികാരികൾ പൊതു ഖജനാവിൽ നിന്നും മുടക്കുകയും ചെയ്തതായി ചരിത്രം പറയുന്നുണ്ട്. ഇത്തരം ഗോളശാസ്ത്ര പഠനങ്ങൾക്കായി പൊതുമുതൽ ചെലവഴിക്കുന്നതിൽ മുസ്ലിം സമൂഹം ന്യൂനതയായോ പ്രശ്നമായോ കണ്ടിരുന്നില്ല. 

മറുവശത്ത് മധ്യകാല യൂറോപ്പിൽ ക്രൈസ്തവ ചർച്ചുകൾ ഗോളശാസ്ത്രത്തിനെതിരിൽ യുദ്ധം പ്രഖ്യാപിക്കുന്നതാണ് കാണാൻ കഴിയുന്നത്. വേദഗ്രന്ഥത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന ധാരണയാണ് അവരെ നയിച്ചത്. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്ന് കോപ്പർനിക്കസ് വാദിച്ചപ്പോൾ അദ്ദേഹത്തിനെതിരെ ക്രൈസ്തവ സഭകൾ -മതപരിഷ്കർത്താക്കളായ ജോൺ കാൽവിൻ, മാർട്ടിൻ ലൂഥർ എന്നിവരടക്കം- മതനിഷേധം ആരോപിക്കുകയാണ് ചെയ്തത്. 

ക്രൈസ്തവതയും ഇസ്ലാമും ഗോളശാസ്ത്ര വിജ്ഞാനങ്ങളോട് സ്വീകരിച്ച സമീപനത്തെ താരതമ്യം ചെയ്തുകൊണ്ട് ജർമൻ ഓറിയൻ്റലിസ്റ്റ് സിഗ്രിദ് ഹോങ്കെ തൻ്റെ ‘പടിഞ്ഞാറ് ഉദിച്ച അറബ് സൂര്യൻ’ എന്ന ഗ്രന്ഥത്തിൽ വിശദമായി ഫറയുന്നുണ്ട്. ക്രൈസ്തവതയുടെ സങ്കുചിത സമീപനവും ഇസ്ലാമിൻറെ സമഗ്ര രീതിയും അതിൽ അവർ വിശദീകരിക്കുന്നു. 

ഹോങ്കെ തുടരുന്നു: വാന നിരീക്ഷകരായ ശാസ്ത്രജ്ഞരെ ക്രൈസ്തവർ സംശയത്തോടെ നോക്കി കണ്ടപ്പോൾ, അനാവശ്യ വ്യാഖ്യാനങ്ങളെ ഇസ്ലാമിക പണ്ഡിതർ തള്ളിക്കളഞ്ഞു എന്ന് മാത്രമല്ല, പ്രപഞ്ച പ്രതിഭാസങ്ങളെ നിരീക്ഷിച്ചുകൊണ്ട് അവയുടെ സൃഷ്ടാവായ നാഥനിലേക്ക് എത്തിക്കുന്ന ആദർശതലത്തിനാണ് അവർ മുൻഗണന നൽകിയത്”. 

വിൽ ഡ്യൂറൻ്റ് എഴുതുന്നു: ”ഇസ്ലാമിക നാടുകളിൽ നിന്നുള്ള വൈജ്ഞാനിക പ്രവാഹം യൂറോപ്യൻ ശാസ്ത്രജ്ഞരെ ആഴത്തിൽ സ്വാധീനിച്ചു. അതിലൂടെയാണ് അവർ തങ്ങളുടെ ഉറക്കത്തിൽ നിന്ന് ഉണർന്നത്”.

ഫ്രഞ്ച് ഗവേഷകനായ ഹെൻറി ഹോഗ്നറുടെ ‘ മധ്യകാല യൂറോപ്പിലെ അറബ് ഗോളശാസ്ത്രത്തിന്റെ സ്വാധീനം’ എന്ന പേരിലുള്ള പഠനം മുസ്ലിം ഗോളശാസ്ത്രജ്ഞന്മാർ യൂറോപ്പിൽ ഉണ്ടാക്കിയ അതിരുകളില്ലാത്ത സ്വാധീനത്തെ കുറിച്ചുള്ള സമഗ്രമായ പഠനമായി പരിഗണിക്കപ്പെടുന്നു.

(അവസാനിച്ചു)

വിവ: ബിലാൽ നജീബ്

ഭാഗം ഒന്ന്: https://islamonlive.in/culture/civilization/astronomy-muslim-scholars-precede/

ഭാഗം രണ്ട്: https://islamonlive.in/culture/astronomy-muslim…the-way-part-two/

 

 

Related Articles