Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പിലെ അറബ് ഫിലിം മേളകൾ

സുമയ്യ ഫ്രഞ്ച്കാരിയാണ്, മുസ്ലിമാണ്. തൊഴിലിടത്തിലേക്ക് കടക്കുമ്പോൾ അവൾ ഹിജാബ് പുറത്ത് അഴിച്ചു വെക്കും. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ എയർപോർട്ടിൽ ലഗേജുകൾ യഥാസ്ഥാനങ്ങളിലെത്തിക്കുന്ന ഒരു കമ്പനിയിലാണ് ജോലി. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയാൽ വീണ്ടും ഹിജാബ് ധരിക്കും. ഇങ്ങനെ ജോലിയിൽ പതിനാല് വർഷം പിന്നിട്ടു. ഒട്ടും പ്രതീക്ഷിക്കാതെയാണ് അവൾക്ക് ആ കുറിപ്പ് കിട്ടിയത്. അവളെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരിക്കുന്നു! അവൾ വല്ലാതെ പരിഭ്രമിച്ചു. തന്റെ മേലുദ്യോഗസ്ഥയോട് അവൾ പരാതിപ്പെട്ടു. ഇത്രയും കാലം ജോലി ചെയ്തിട്ടും എന്നെപ്പറ്റി ഒരു പരാതി പോലും ഉണ്ടായിട്ടില്ല. എന്നിട്ടും യാതൊരു മുന്നറിയിപ്പുമില്ലാതെ എന്നെ പിരിച്ചു വിട്ടു. അതിന് മേലുദ്യോഗസ്ഥയുടെ മറുപടി ഒറ്റ വാക്കിലൊതുങ്ങി: ‘നീയാകെ മാറിപ്പോയില്ലേ!’ തൊട്ടുടനെ മാധ്യമങ്ങളിൽ വാർത്ത വരാൻ തുടങ്ങി. അവൾക്ക് ഭീകര നെറ്റുവർക്കുകളുമായി ബന്ധമുണ്ടത്രെ! പിന്നീട്, പുറത്താക്കപ്പെട്ട ആ ജീവനക്കാരിയുടെ ജീവിതം തകിടം മറിയുകയാണ്. കവർന്നെടുക്കപ്പെട്ട തന്റെ അവകാശങ്ങൾ തിരിച്ചു പിടിക്കാൻ അവൾ നിയമപ്പോരാട്ടത്തിനിറങ്ങുന്നു. 2019 -ൽ വഹീദ് ഖാനും ഉബൈദ അബൂ ഉസൈദും ചേർന്ന് സംവിധാനം ചെയ്ത ‘സുമയ്യ ‘ എന്ന ഫ്രഞ്ച് സിനിമയുടെ പ്രമേയമാണിത്.

2015 – ൽ ഫ്രാൻസിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരതയെ ചെറുക്കാനെന്ന പേരിൽ കൊണ്ട് വന്ന നിയമങ്ങൾ മുസ്ലിം പുരുഷൻമാരെയും സ്ത്രീകളെയും കുട്ടികളെയും എങ്ങനെ വേട്ടയാടുന്നു എന്നാണ് ചിത്രം കാണിച്ചു തരുന്നത്. ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. ഇരു സംവിധായകരും ആദ്യമായി കണ്ടു മുട്ടുന്നത് പാരീസിലെ ‘അൽ മുഖ്താർ ഫിലിം ഫെസ്റ്റിവലി’ൽ വെച്ചാണ്. അറബി- മുസ്ലിം പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന സിനിമകൾ ഈ ഫെസ്റ്റിവലിൽ ആണ് പ്രദർശിപ്പിക്കാറുള്ളത്. ഈ ഫെസ്റ്റിവലിന്റെ സംഘാടകരിൽ പലരും വർഷങ്ങൾക്ക് മുമ്പ് എന്നെ സന്ദർശിച്ചിട്ടുണ്ട്. പുണ്യ റസൂലി(സ)നെ നിരന്തരം അവമതിക്കുന്നതിനെതിരെ പ്രതിരോധം തീർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ എന്നോട് പറഞ്ഞു. അത് കൊണ്ടാണ് ഫെസ്റ്റിവലിന് ‘ അൽ മുഖ്താർ’ എന്നു പേരു കൊടുത്തത്.

തുടക്കത്തിൽ ആ ഫെസ്റ്റിവലിൽ ഹ്രസ്വ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചിരുന്നത്. അറബ് കുടിയേറ്റക്കാരുടെ രണ്ടാം തലമുറയിൽ പെട്ടവരായിരുന്നു അതിന്റെ സംഘാടനം ഏറ്റെടുത്തത്. പിന്നെ അതിന്റെ പ്രവർത്തനങ്ങൾ അൽപ്പാൽപ്പമായി മന്ദീഭവിക്കാൻ തുടങ്ങി. യൂറോപ്പിൽ ഇത് പോലുള്ള മിക്ക ഫെസ്റ്റിവലുകളുടെയും ഗതിയാണിത്. സംഘാടകരെ കണ്ടുമുട്ടിയപ്പോൾ ഞാൻ അവരോട് ചോദിച്ചിരുന്നു, ഇതിന്റെയൊക്കെ ഫിനാൻസ് എവിടെ നിന്നാണ് എന്ന്. ഫ്രാൻസിൽ അറബ്- മുസ്ലിം ബിസിനസുകാരെ കണ്ടാണ് പണം സംഘടിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. ഇത്തരക്കാരുടെ ഹോട്ടലുകളിലും മറ്റു കടകളിലും കയറും. ഇത്തരം സിനിമകളുടെ നിർമാണ ചുമതലകൾ ഏറ്റെടുക്കേണ്ടത് അവരുടെ സാമൂഹിക ബാധ്യതയാണെന്ന് അവരെ ബോധ്യപ്പെടുത്തും. തുടക്കത്തിൽ ഈ യത്നങ്ങൾ വിജയകരമായിരുന്നു. അടുത്ത കാലങ്ങളിലായി ആ സംരംഭം വളരെ പിറകോട്ട് പോയി. നിലച്ചു പോയത് പോലെ തോന്നി.

അതേസമയം വഹീദ് ഖാൻ, അബൂ ഉസൈദ് പോലുള്ള പ്രതിഭാധനരായ സംവിധായകർക്ക് വളക്കൂറുള്ള മണ്ണൊരുക്കാൻ ഇത്തരം ഫെസ്റ്റിവലുകൾ പ്രയോജനപ്പെടുന്നുമുണ്ട്. അൾജീരിയയിലെ മുഹമ്മദ് ബ്നു സിദ്ദീഖ് യഹ് യ യൂനിവേഴ്സിറ്റിയിലെ ഡോ. ഈമാൻ ഫവാൽ എന്ന ഗവേഷക ‘സുമയ്യ’ എന്ന സിനിമയെക്കുറിച്ച് ഒരു വിമർശന പഠനം എഴുതിയിട്ടുണ്ട്. അതിൽ പല ധാരണകളെയും തിരുത്തുന്നു. ഫ്രഞ്ച് മുസ്ലിംകൾ ഏകശിലാഘടനയിലുള്ളവരാണ് എന്ന ധാരണയാണ് അതിലൊന്ന്. മുസ്ലിം പശ്ചാത്തലത്തിൽ നിന്ന് വരുന്ന പല തരം വ്യക്തിത്വങ്ങളുടെ സംവാദത്തിലൂടെയാണ് അത് സാധ്യമാകുന്നത്. ഒരേ സ്വഭാവമുള്ള ഒരൊറ്റ ഐഡന്റിറ്റിയാണ് ഫ്രഞ്ച് മുസ്ലിംകൾക്ക് എന്ന കെട്ടുകഥയാണ് അവിടത്തെ ഇസ്ലാമോഫോബിയക്ക് പ്രധാന ഇന്ധനമായിത്തീരുന്നത്. ഫ്രഞ്ച് മുസ്ലിംകളുടെ വ്യത്യസ്ത അഭിരുചികളെയും നിലപാടുകളെയും സിനിമ മുന്നോട്ട് വെക്കുന്നുണ്ട്. വംശീയ വിവേചനം കേവലം വ്യക്തികളടെ പെരുമാറ്റത്തിൽ ഒരുങ്ങുന്നതല്ലെന്നും തുറന്നുകാട്ടുന്നു. ഫ്രഞ്ച് ഭരണ, രാഷ്ട്രീയ ഘടനക്കകത്ത് ആ വംശീയ ചിന്ത സ്ഥാപനവൽക്കരിക്കപ്പെട്ടിരിക്കുന്നു. അതിനെതിരെയുള്ള നിയമ പോരാട്ടവും വിശദമാക്കപ്പെടുന്നു.

ലണ്ടൻ, പാരീസ് പോലുള്ള വൻ യൂറോപ്യൻ നഗരങ്ങളിൽ അറബ് ഫിലിം ഫെസ്റ്റിവലുകൾ അത്ര വിജയകരമാവാറില്ല. അവ നടത്താൻ ആവശ്യമായി വരുന്ന വൻ സാമ്പത്തിക ചെലവാണ് പ്രധാന കാരണം. ആവശ്യത്തിന് ഫണ്ടും സ്വരൂപിക്കാനാവുന്നില്ല. ചെറിയ യൂറോപ്യൻ നഗരങ്ങളിൽ ഈ ഫിലിം മേളകൾ കുറെക്കൂടി വിജയകരമായി നടന്നു പോകുന്നുണ്ട്. പ്രത്യേകിച്ച് പിന്തുണ നൽകാൻ ആ ചെറിയ നഗരങ്ങളിൽ അറബ് വംശജർ ഉണ്ടെങ്കിൽ. സ്വിറ്റ്സർലൻഡിലെ സൂറിച്ച് അറബ് ഫിലിം ഫെസ്റ്റിവൽ ഉദാഹരണമാണ്. 2012 മുതൽ എല്ലാ രണ്ട് വർഷം കൂടുമ്പോഴും അത് നടന്നു വരുന്നുണ്ട്. മറ്റു പല അറബ് ഫിലിം ഫെസ്റ്റിവലുകളിൽ നിന്നും വ്യത്യസ്തമായി, പോഡിയം സൂറിച്ച് എന്ന സിനിമാ കമ്പനിയുമായി ചേർന്നാണ് അവിടെ ഈ മേള സംഘടിപ്പിക്കുന്നത്.

സ്വീഡനിലെ ‘മാൽമോ അറബ് ഫിലിം ഫെസ്റ്റിവൽ’ ആണ് ശ്രദ്ധേയമായ മറ്റൊന്ന്. തെക്കൻ സ്വീഡനിലെ Malmo നഗരം കേന്ദ്രീകരിച്ച് 2011 മുതൽ ഇത് വിജയകരമായി നടന്നു വരുന്നുണ്ട്. അറബ് ലോകത്തിന് പുറത്ത് നടക്കുന്ന ഏറ്റവും വലിയ അറബ് ഫിലിം ഫെസ്റ്റിവലായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.. അറബ് ലോകവുമായി ഒരു പാലം പണിയുന്നു എന്നത് മാത്രമല്ല ഈ മേളയുടെ പ്രത്യേകത. സ്വീഡിഷ് പ്രാദേശിക സ്ഥാപനങ്ങളുമായും ബന്ധങ്ങൾ വിളക്കിച്ചേർക്കാൻ ഇതിന് കഴിഞ്ഞിരിക്കുന്നു. സംവിധായകനും ഈ മേളയുടെ സംഘാടകനുമായ മുഹമ്മദ് ഖബലാവിക്കാണ് മാൽമോ നഗരസഭ നൽകുന്ന സർഗാത്മകതക്കുള്ള പുരസ്കാരം 2023 – ൽ ലഭിച്ചത്. യൂറോപ്പിലുള്ള ഇത്തരം തെരഞ്ഞെടുക്കപ്പെടുന്ന നഗരസഭാ പ്രതിനിധി സഭകൾ വലിയ തോതിലുള്ള സാംസ്കാരിക, വിദ്യാഭ്യാസ, ജന സേവന സംരംഭങ്ങൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അവ ഭരണകൂടത്തിൽ നിന്ന് വേറിട്ടതല്ലെങ്കിലും, കൂടുതൽ വികേന്ദ്രീകരണ സ്വഭാവമുള്ളവയാണ്. അതിനാൽ ഫിലിം മേളകളെയും മറ്റും സ്വന്തമായി പ്രൊമോട്ട് ചെയ്യാൻ അവക്ക് സാധിക്കും.

മാൽമോ ഫെസ്റ്റിവലുമായി സാദൃശ്യമുണ്ട് ഹോളണ്ടിലെ റോട്ടർഡാം അറബ് ഫിലിം മേളക്കും. സിനിമാ പ്രദർശത്തിനുള്ള ഹാളും മറ്റും നൽകുന്നത് ഇവിടത്തെ മുൻസിപ്പാലിറ്റിയാണ്. വർഷങ്ങൾക്ക് മുമ്പ് ഞാൻ റോട്ടർഡാം സന്ദർശിച്ചപ്പോൾ അറബിയിലും ഹോളണ്ട് ഭാഷയിലും സിനിമാ പരസ്യ പോസ്റ്ററുകൾ പതിച്ചിരുന്നത് കണ്ടിരുന്നു. ഫെസ്റ്റിവലിന്റെ വിശദാംശങ്ങളും പോസ്റ്ററുകളിൽ കാണാമായിരുന്നു. ഏതൊരു സന്ദർശകനും വലിയൊരു സംഭവം നടക്കാൻ പോകുന്നു എന്ന തോന്നലാണ് ഉണ്ടാവുക. ഈ ചെറിയ നഗരത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നുള്ളത് എന്നോർക്കണം. ഈ ഫെസ്റ്റിവലുകളിൽ അറബ് സിനിമാ ലോകത്തെ പ്രമുഖർ സംബന്ധിക്കാറുണ്ടെങ്കിലും, വേണ്ട പോലെ ഫണ്ട് സ്വരൂപിക്കാനോ ഒരു സ്ഥാപനമായി വേരുറക്കാനോ അവക്ക് കഴിഞ്ഞിട്ടില്ല.

വിവ. അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles