Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യത്തെ ഇന്ധനലോബി അട്ടിമറിച്ച വിധം

പടിഞ്ഞാറന്‍ അധിനിവേശമാണ് മിഡില്‍ഈസ്റ്റിലെ എണ്ണ വ്യവസായത്തിന്റെ അപാര സാധ്യതകള്‍ കണ്ടെത്തിയതെന്ന് പൊതുവെ പറയപ്പെടാറുണ്ട്. 1908 ല്‍ അധിനിവേശ ബ്രിട്ടീഷ് വ്യവസായികള്‍ ഇറാനില്‍ എണ്ണശേഖരം കണ്ടെത്തിയത് മുതല്‍ തന്നെ തങ്ങളുടെ രാജ്യത്തിനു വേണ്ട എണ്ണ ഉറപ്പുവരുത്താന്‍ പാശ്ചാത്യന്‍ ശക്തികള്‍ എല്ലാ നീക്കങ്ങളും നടത്തിയിരുന്നു. മേഖലയിലെ ഭരണാധികാരികളുമായി ചങ്ങാത്തം സ്ഥാപിച്ചും തങ്ങളോട് വിമുഖത കാണിക്കുന്ന ഭരണാധികാരികളെ അട്ടിമറിച്ചുമായിരുന്നു പടിഞ്ഞാറ് തങ്ങളുടെ ഇന്ധന ഓഹരി സംരക്ഷിച്ചു നിര്‍ത്തിയിരുന്നത്. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളുമായി, പ്രത്യേകിച്ച് ഈജിപ്തുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ഇസ്രയേല്‍ അധികം ഉത്സാഹം കാണിച്ചതും മറ്റൊന്നും കൊണ്ടായിരുന്നില്ല. എന്നാല്‍ ഇസ്രയേലുമായുള്ള ഇന്ധന കരാര്‍ ഈജിപ്തിനും ഈജിപ്ത് ജനതക്കും എന്തുമാത്രം വിനാശകരമായിട്ടാണ് മാറിയിരിക്കുന്നത് എന്ന് വ്യക്തമാക്കി തരുന്ന ഒരു ഡോക്യുമെന്ററി ഈ അടത്ത് ‘അല്‍ജസീറ’ പുറത്ത് വിടുകയുണ്ടായി. ഇസ്രയേലുമായുണ്ടാക്കിയ ഇന്ധന കരാര്‍ ഇന്ന് ഈജിപ്തിന് തന്നെ ഇരുട്ടടിയായി മാറിക്കൊണ്ടിരിക്കുന്നതായാണ് ഡോക്യുമെന്ററി വെളിപ്പെടുത്തുന്നത്.

പടിഞ്ഞാറിന്റെ എല്ലാവിധ ആശീര്‍വാദങ്ങളുമായി നിലവില്‍ വന്ന ഇസ്രയേല്‍ രാഷ്ട്രം അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്‌നം ഇന്ധന ക്ഷാമമായിരുന്നു. മിഡില്‍ഈസ്റ്റ് രാജ്യങ്ങളുമായി കരാറുണ്ടാക്കി ഇസ്രയേലിന്റെ ഇന്ധന ക്ഷാമം പരിഹരിക്കാന്‍ പടിഞ്ഞാറന്‍ ശക്തികളും ആവുന്നത്ര ശ്രമിച്ചിരുന്നു. എണ്ണയും ഗ്യാസുമടക്കം ഇസ്രയേലിലേക്ക് ഏറ്റവും കൂടുതല്‍ ഇന്ധനം കയറ്റുമതി ചെയ്തിരുന്ന രാജ്യം ഈജിപ്തായിരുന്നു. ഇസ്രയേലുമായുണ്ടാക്കിയ ഇന്ധന കയറ്റുമതി കരാറിലൂടെ ഈജിപ്ത് അധികാരികളും അവിടത്തെ വന്‍കിട വ്യവസായികളും കോടികളാണ് സമ്പാദിച്ചത്. വിപണി മൂല്യത്തേക്കാള്‍ കുറഞ്ഞ വിലക്കാണ് ഈജിപ്ത് ഇസ്രയേലിന് ഇന്ധനം കൈമാറിയിരുന്നത്. ഒരു യൂണിറ്റ് പ്രകൃതി വാതകം കൈമാറാന്‍ ജപ്പാന്‍ ഈജിപ്തിന് നല്‍കിയിരുന്നത് 12.5 ഡോളറായിരുന്നു. റഷ്യയില്‍ നിന്നും പ്രകൃതി വാതകം ഇറക്കുമതി ചെയ്തിരുന്ന ജര്‍മ്മനി ഒരു യൂണിറ്റിന് നല്‍കിയിരുന്നത് 8 ഡോളറിനും 10 ഡോളറിനും ഇടയിലായിരുന്നു. അതേസമയം ഒരു യൂണിറ്റ് പ്രകൃതി വാതകത്തിന് കേവലം 1.5 ഡോളര്‍ മാത്രമാണ് ഇസ്രയേലില്‍ നിന്നും ഈജിപ്ത് വാങ്ങിയിരുന്നത്. ജനങ്ങള്‍ നല്‍കുന്ന നികുതി പണത്തില്‍ നിന്നും സബ്‌സിഡി നല്‍കിയാണ് ഇസ്രയേലിന് ഇത്രയും കുറഞ്ഞ ചെലവില്‍ ഈജിപ്ത് ഇന്ധനം കൈമാറിയിരുന്നത്. രാഷ്ട്ര ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യതയാണ് ഇതുണ്ടാക്കിയത്. 2008 ല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 770 മില്യണ്‍ ഡോളര്‍ വിലക്കുള്ള ഇന്ധനം ഈജിപ്തില്‍ ഉല്‍പ്പാദിപ്പിച്ചിട്ടുണ്ടെങ്കിലും കേവലം 100 മില്യണ്‍ ഡോളര്‍ മാത്രമാണ് ഈജിപ്ത് ഖജനാവിന് അതുവഴി ലഭിച്ചതെന്ന് അല്‍ജസീറയുടെ ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. എന്നാല്‍ അഴിമതി വീരന്മാരായ ഭരണാധികാരികള്‍ക്ക് വേണ്ടത്ര കിട്ടുകയും ചെയ്തു.

പതിറ്റാണ്ടുകളായി ഇസ്രയേലുമായി നിലനില്‍ക്കുന്ന ഈജിപ്തിന്റെ ഈ അവിശുദ്ധ ഇന്ധന കരാര്‍ തന്നെയാണ് മുഹമ്മദ് മുര്‍സിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ബ്രദര്‍ഹുഡ് സര്‍ക്കാറിനെതിരെയുള്ള സൈനിക അട്ടിമറിക്ക് കാരണമായതെന്നും ഡോക്യുമെന്ററി വെളിപ്പെടുത്തുന്നു. മുര്‍സി അധികാരത്തില്‍ തുടരുന്നത് ഇസ്രയേലിനും ഇന്ധന വ്യവസായികള്‍ക്കും മാത്രമായിരുന്നില്ല നഷ്ടം ഉണ്ടാക്കിയിരുന്നത്, മറിച്ച് ഇന്ധന അഴിമതിയില്‍ ഏറ്റവും പ്രധാന റോള്‍ വഹിച്ചിരുന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കായിരുന്നു അത് ഏറ്റവും വലിയ ആഘാതമായിരുന്നത്. സ്വാഭാവികമായും സൈനിക ഉദ്യോഗസ്ഥരടക്കമുള്ള ഇന്ധന ലോബി ആസൂത്രിതമായി ഉണ്ടാക്കിയ കടുത്ത ഇന്ധന ക്ഷാമം മുര്‍സി സര്‍ക്കാറിനെതിരെ ജനരോഷം ഇളക്കി വിടാന്‍ വലിയ അര്‍ഥത്തില്‍ സഹായിച്ചു. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിയാണ് സൈന്യം അട്ടിമറി സംഘടിപ്പിച്ചതും. അട്ടിമറി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടന്‍ തന്നെ ഒരു മാജിക്കെന്ന പോലെ രാജ്യത്തെ ഇന്ധന ക്ഷാമം പരിഹരിക്കപ്പെട്ടതും ഇന്ധന ലോബിയുടെ ഗൂഢാലോചന വെളിപ്പെടുത്തുന്നതാണ്. ഡോക്യുമെന്ററിയില്‍ പ്രത്യക്ഷപ്പെടുന്ന ഈജിപ്തിലെ മുന്‍ അമേരിക്കന്‍ അംബാസഡര്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം പറയുന്നു : ‘സീസി അമേരിക്കക്ക് വേണ്ടപ്പെട്ടയാളായിരുന്നു. ഇസ്രയേലും ഈജിപ്തും തമ്മിലുള്ള കരാറുകള്‍ നിലനിര്‍ത്താന്‍ അദ്ദേഹമാണ് യോജിച്ചയാള്‍ എന്നതു തന്നെയാണ് അതിന്റെ കാരണവും. ഇസ്രയേലും ഈജിപ്തും തമ്മിലുള്ള ബന്ധത്തില്‍ ഇന്ധനം എപ്പോഴും ഒരു മുഖ്യമായ പ്രശ്‌നമായിരുന്നു. അതിനാല്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധികാരത്തില്‍ തുടരണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നില്ല’.

ഈജിപ്തില്‍ നിന്നും ഇസ്രയേല്‍ പിടിച്ചെടുത്ത അതിര്‍ത്തി പ്രദേശമായ സിനായിലും സൂയസ് കനാലിലും നടത്തിക്കൊണ്ടിരിക്കുന്ന എണ്ണ ഘനനം വഴി ഇന്ധന ക്ഷാമത്തില്‍ നിന്നും ഇസ്രയേല്‍ ഇപ്പോള്‍ ഏറെക്കുറെ മോചിതരായിട്ടുണ്ട്. മെഡിറ്റേറിയന്‍ കടലിലും വന്‍ ഇന്ധന ശേഖരം കണ്ടെത്തിയത് ഇസ്രയേലിന് മറ്റൊരു അനുഗ്രഹമായി മാറിയിട്ടുണ്ട്. അതേസമയം, ഈജിപ്തിന്റെ ഇന്ധന ശേഖരത്തില്‍ വന്‍ കുറവും അനുഭവപ്പെട്ട് തുടങ്ങിയിരിക്കുന്നു. എന്ന് മാത്രമല്ല രാജ്യത്ത് വര്‍ധിച്ചു വരുന്ന ഇന്ധന ഉപയോഗത്തെ മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തതിനാല്‍ പുതിയ പ്രതിസന്ധിയെ നേരിടാനാകാതെ വിഷമിക്കുകയാണ് ഇപ്പോള്‍ ഈജ്പ്ത് സര്‍ക്കാര്‍. ഈജിപ്തിനെ വന്‍ പ്രതിസന്ധിയിലേക്കാണ് ഇത് കൊണ്ടെത്തിച്ചിരിക്കുന്നത്. മുര്‍സിയുടെ കാലത്ത് ഇന്ധന ലോബി ഉണ്ടാക്കിയ ഇന്ധന ക്ഷാമം അവസാനിപ്പിക്കാന്‍ അധികാരത്തില്‍ വന്ന ഉടന്‍ തന്നെ അട്ടിമറി സര്‍ക്കാറിന് സാധിച്ചെങ്കിലും ഇപ്പോള്‍ ഈജിപ്ത് വീണ്ടും അതേ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധനം രാജ്യത്തെ ഉപയോഗത്തിന് തന്നെ തികയാതെ വന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര കമ്പനികളുമായും ലോക രാഷ്ട്രങ്ങളുമായും ഉണ്ടാക്കിയ കരാറില്‍ നിന്നും പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ് ഈജിപ്ത്. ഇതിനെ തുടര്‍ന്ന് കമ്പനികള്‍ ഈജിപ്തിനെതിരെ നഷ്ടപരിഹാരം തേടി നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. വിപണി മൂല്യത്തേക്കാള്‍ കുറഞ്ഞ വിലക്ക് ഇന്ധനം നല്‍കി തങ്ങളെ സഹായിച്ച ഈജിപ്തിനെ അതുപോലെ തന്നെ തിരിച്ച് സഹായിക്കാന്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ ഇസ്രയേല്‍ തയ്യാറല്ല. ചുരുക്കത്തില്‍, സീസി അടക്കമുള്ള സൈനിക ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും പിന്തുണയോടെ നടന്ന ഇസ്രയേല്‍ അനുകൂല ഇന്ധന കച്ചവടത്തിന്റെയും അഴിമതിയുടെയും പരിണിതി ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഈജിപ്ത് ജനതയാണ്. ഇന്ധന ക്ഷാമവും അതിനെ തുടര്‍ന്നുള്ള പവര്‍ക്കട്ടും രൂക്ഷമാവുകയാണ് അവിടെ. ജനജീവിതം ദുസ്സഹമായിരിക്കുന്നു. ഈ പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുമെന്നത് തന്നെയായിരിക്കും വരും നാളുകളില്‍ സീസിയുടെ ഭാവി നിര്‍ണയിക്കുന്ന പ്രധാന ഘടകവും.

ഈജിപ്തിലെ സൈനിക അട്ടിമറിക്ക് പിന്നില്‍ ചരടുവലിച്ച ഇന്ധന ലോബിയെ കുറിച്ചും അതുമായി ബന്ധപ്പെട്ട നടന്ന വന്‍ അഴിമതിയിലേക്കും വിരല്‍ ചൂണ്ടുന്ന ‘Egypt’s Lost Power’ എന്ന ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് അല്‍ജസീറയുടെ ഡോക്യുമെന്ററി വിഭാഗം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഫില്‍ റീസാണ്. അമേരിക്കയുടെ മുന്‍ ഈജിപ്ത് അംബാസഡര്‍, ബ്രദര്‍ഹുഡ് നേതാക്കള്‍, ഇന്ധന അഴിമതി വഴി കോടികള്‍ ലാഭമുണ്ടാക്കിയ വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഡോക്യുമെന്ററിയില്‍ സംസാരിക്കുന്നുണ്ട്. ഡോക്യുമെന്ററിയുടെ ലിങ്ക് താഴെ : https://www.youtube.com/watch?v=pk1WXwPJz

Related Articles