Current Date

Search
Close this search box.
Search
Close this search box.

ഖുദുസും ഇസ്‌ലാമിക വാസ്തുവിദ്യയും

aqsa-masjid.jpg

ജറുസെലമിലെ (ഖുദുസ്) പഴയ നഗരവാതിലുകളോട് ചേര്‍ന്ന് കിടക്കുന്ന ഹറം ശരീഫ് അല്ലെങ്കില്‍ അല്‍അഖ്‌സ മസ്ജിദ് ഇസ്‌ലാമിലെ പുണ്യ സ്ഥലങ്ങളില്‍ ഒന്നാണ്. ഇസ്‌ലാമിലെ ആദ്യത്തെ ഖിബ്‌ലയും, മക്കയും മദീനയും കഴിഞ്ഞാല്‍ മൂന്നാമത്തെ പുണ്യസ്ഥലവുമാണത്. പ്രവാചകന്റെ ആകാശാരോഹണം നടന്നത് ഇവിടെ നിന്നാണ് എന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രവാചകന്‍ ഇവിടെ നിന്ന് ആകാശാരോഹണം നടത്തുന്നതിന് മുമ്പ് തന്നെ ഈ സ്ഥലത്തെ അല്ലാഹു ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു അക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. ‘ തന്റെ ദാസനെ, ചില ദൃഷ്ടാന്തങ്ങള്‍ കാണിക്കുന്നതിനുവേണ്ടി മസ്ജിദുല്‍ ഹറാമില്‍നിന്ന് മസ്ജിദുല്‍ അഖ്‌സയിലേക്ക് – അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട് – ഒരു രാവില്‍ സഞ്ചരിപ്പിച്ചവന്‍ പരിശുദ്ധനത്രെ. സത്യത്തില്‍ അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനും തന്നെയാകുന്നു.’ (അല്‍ ഇസ്‌റാഅ് : 1)
വിശുദ്ധ ഖുര്‍ആന്‍ അല്‍-അഖ്‌സാ പള്ളിയെ വിദൂരമായ പള്ളി എന്നാണ് പ്രയോഗിച്ചിരിക്കുന്നത് (‘അഖ്‌സാ’ എന്ന അറബി വാക്കിന് വിദൂരമായത് എന്നാണര്‍ത്ഥം.അപ്പോള്‍ ‘മസ്ജിദുല്‍-അഖ്‌സാ’ എന്നാല്‍ വിദൂരമായ പള്ളി എന്നാണര്‍ത്ഥം) ഭൂമിയില്‍ നിര്‍മിക്കപ്പെട്ട പള്ളികളില്‍ രണ്ടാമതായി നിര്‍മിക്കപ്പെട്ട പള്ളി എന്ന പ്രത്യേകതയും ഇതിനുണ്ട്. കഅ്ബ നിര്‍മിച്ച് നാല്‍പത് വര്‍ഷത്തിന് ശേഷമാണ് മസ്ജിദുല്‍ അഖ്‌സാ നിര്‍മിക്കപെട്ടത് എന്ന് പറയപ്പെടുന്നു. ചരിത്ര സ്മാരകങ്ങള്‍കൂടാതെ വ്യത്യസ്ത കാലഘട്ടങ്ങളിലായി അവിടെയുണ്ടായിരുന്ന മുസ്‌ലിംകള്‍ മസ്ജിദുല്‍ അഖ്‌സായുടെ അതിര്‍ത്തിക്കുള്ളില്‍ ധാരാളം പള്ളികളും സ്മാരകങ്ങളും വേറെയും പണി കഴിപ്പിച്ചിട്ടുണ്ട്. ഗോള്‍ഡണ്‍ കളറില്‍ തിളങ്ങുന്ന ഖുബ്ബതു സ്വഖ്‌റായും, കറുത്ത നിറത്തിലുള്ള മസ്ജിദുല്‍ അഖ്‌സാ മസ്ജിദിന്റെ മിനാരങ്ങളും പ്രസിദ്ധങ്ങളാണ്.

ഖുബ്ബതുസ്വഖ്‌റാ ഒരു പ്രതീകമെന്ന നിലയില്‍
വാസ്തുവിദ്യയനുസരിച്ചുള്ള ഇസ്‌ലാമിലെ ആദ്യ നിര്‍മിതിയും ഇസ്‌ലാമിലെ ശിആറുകളിലൊന്നുമാണ് ഖുബ്ബതു സ്വാഖ്‌റ. ഈപള്ളി നിര്‍മിക്കാനുപയോഗിച്ച ഒരു പാറക്കഷ്ണം പ്രാവാചകന്‍ ഇസ്‌റാഇന്റെയും മിഅ്‌റാജിന്റയും സന്ദര്‍ഭത്തില്‍ ആകാശാരോഹണത്തിന് ഉപയോഗിച്ചതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. അമവി കാലഘട്ടത്തില്‍ അബ്ദുല്‍ മലിക് ജെറുസെലെം(ഖുദ്‌സ്) ഭംഗി കൂട്ടുമ്പോള്‍ അദ്ദേഹം പണി കഴിപ്പിച്ചതാണ് ഖുബ്ബതു സ്വഖ്‌റ.  
എട്ടുഭാഗങ്ങളുള്ള കെട്ടിടത്തിന് ആറാം നൂറ്റാണ്ടിന്റെ അവസാനം വരെ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടുത്തെ നിര്‍മിതികളെ വിലയിരുത്തി കൊണ്ടുള്ള ചില പണ്ഡിതന്മാരുടെ വീക്ഷണങ്ങള്‍ ഇങ്ങനെയാണ്, പാറക്ക് മുകളിലുള്ള ഗോപുരവും അഷ്ടകോണില്‍ നിലനില്‍ക്കുന്ന ചുമരുകളും സൂചിപ്പിക്കുന്നത് ഇത് പള്ളി മാത്രമായിരുന്നില്ലെന്നും മറിച്ച് അവിടത്തെ വിശുദ്ധമായ പാറയുടെ സ്മരണ നിലനിര്‍ത്തുന്നതിനുള്ള സ്മാരകമായിരുന്നു എന്നാണ്. ആ പാറയെ മധ്യത്തില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ ഈ കെട്ടിടം കഅ്ബയെപ്പോലെ പ്രതിക്ഷണം വെക്കാവുന്ന ഒരു കെട്ടിടം പോലെ തോന്നിപ്പിക്കും.

വാസ്തുവിദ്യാപരമായ പ്രത്യേകതകള്‍
ബൈസാന്റിയന്‍ ശൈലിയിലാണ് ഇതിന്റെ നിര്‍മാണം. ഒരേ രീതിയില്‍ ക്രമീകരിച്ച മാര്‍ബിളും കടും നീല നിറമുള്ള മൊസൈകുകളും ചായം പൂശിയ ചില്ലു ജനാലകളും തിളങ്ങുന്ന സ്വര്‍ണ നിറത്തിലുള്ള ഗോപുരവും അടങ്ങുന്നതാണിത്. കോണിപ്പടികളിലൂടെ ഖുബ്ബതു സ്വഖ്‌റയില്‍ എത്താന്‍ കഴിയും. കോണിപ്പടികള്‍ കയറിയാല്‍ പിന്നീട് എത്തിച്ചേരുന്നത് ഒരു പ്ലാറ്റ് ഫോമിലാണ്.  മധ്യത്തിലുള്ള ഗോപുരം (ഇതിന് ഏകദേശം 25 മീറ്റര്‍ ഉയരവും 20 മീറ്റര്‍ വ്യാസവുമുണ്ട്.) സിലിണ്ടര്‍ പോലെ ചുമരായി രൂപാന്തരപ്പെടുന്നു. ഇതിന് 16 ജനാലകളും 12 കല്‍തൂണുകളുമുണ്ട്. ഈ കല്‍തൂണുകള്‍ പള്ളിക്കകത്ത് തൂണിന്റെ ഒരു വൃത്തം രൂപപ്പെടുത്തുന്നു.  മരം കൊണ്ടുള്ള ഗോപുരം സ്വര്‍ണം പൂശിയ ഈയത്തകിടുകള്‍ കൊണ്ട് പൊതിഞ്ഞതാണ്. അത് വിശുദ്ധ പാറ എന്ന് പറയപ്പെടുന്ന കല്ലിന്റെ നേരെ മുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
അഷ്ടകോണാഗൃതിയിലുള്ള എട്ട് പുറം ചുമരുകളില്‍ ഓരോന്നും ഏഴു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. താഴ് ഭാഗത്ത് ചാര വരകള്‍ കോറിയ മാര്‍ബിളുകളും മേല്‍ഭാഗം തുര്‍ക്കിയില്‍ നിന്നുള്ള പിഞ്ഞാണക്കളിമണ്‍ ടൈലുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരിക്കുന്നു. ചുമരിന്റ ഓരോ ഭഗങ്ങളിലുമുള്ള സങ്കീര്‍ണമായി രൂപകല്‍പനകളാല്‍ അലങ്കരിക്കപ്പെട്ട ജനാലകളിലൂടെ പ്രകാശം കടത്തിവിടുമ്പോള്‍ പള്ളിക്കകം മങ്ങിയ പ്രകാശം കൊണ്ട് അലങ്കരിക്കപ്പെടുന്നു. മുകളിലെ ചുമര്‍ പാളികള്‍ കടും നീലനിറത്തിലും പച്ചനിറത്തിലുമുള്ള ഗ്ലാസ് മൊസൈക്കുകള്‍ കൊണ്ട് പൊതിഞ്ഞിരുന്നത് മാറ്റി ഉഥ്മാനി ഭരണ കാലത്ത് തുര്‍ക്കി ടൈലുകളാക്കിയിരുന്നു. എന്നാലും പഴയ ചുമരിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അകത്ത് കാണാം. ഇടുങ്ങിയ രീതിയില്‍ അറബിയിലുള്ള ഖുര്‍ആന്‍ ലിഖിതങ്ങള്‍ വെള്ളനിറത്തില്‍ നീല പശ്ചാതലത്തില്‍ എഴുതിയതാണ്. പ്രവാചകന്‍ മുഹമ്മദ് (സ) അവസാന പ്രാവാചകനാണെന്നും ഇസ്‌ലാം അവസാന മതമാണെന്നും സൂചിപ്പിക്കുന്നതാണ് ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍.
നാലുദിശയില്‍ നിന്നും നാലു പ്രവേശന വാതിലുകള്‍ പള്ളിക്കുണ്ട്. ഇതിലൂടെ പ്രവേശിച്ചാല്‍ പള്ളിക്കകത്തുള്ള മനോഹരമായ രൂപകല്‍പനകള്‍ ദര്‍ശിക്കാനാകും. അകത്തുള്ള മൊസൈകില്‍ വ്യത്യസ്തമായ ജ്യാമിതീയ ഡിസൈനുകളുണ്ട്. സ്വര്‍ണത്തകിടിലും മുത്തുച്ചിപ്പിയിലുമായി സസ്യഫലാദികളുടെ ചിത്രീകരണങ്ങളും കാണാം. മധ്യത്തിലുള്ള തൂണുകളെ താങ്ങിക്കൊണ്ടുള്ള അഴികള്‍ മംലൂകുകളുടെയും  ഉഥ്മാനികളുടെയും കാലത്തെ വെണ്‍കല നിര്‍മിതവും ക്ലാസിക് ഡിസൈനിന്റെ രൂപഭേദങ്ങളില്‍ പെട്ട പാല്‍മെറ്റ് (പന മരം പോലുള്ള പ്രത്യേക ഡിസൈനങ്ങ്) അകന്തസ് (അകന്തസ് മരം പോലുള്ള ഡിസൈനിങ്ങ്) രീതികളില്‍ സജ്ജീകരിക്കപ്പെട്ടതമാണ്. ഖുബ്ബതു സ്വഖ്‌റയുടെ ഉള്‍വശം അറബ് ചിത്രപ്പണികളോടു കൂടി പുതുക്കി പണിതത് 1818 ല്‍ ഉഥ്മാനി സുല്‍താനായിരുന്ന സുല്‍താന്‍ മഹ്മൂദ് രണ്ടാമനായിരുന്നു.

മസ്ജിദുല്‍ അഖ്‌സാ ജറുസലമിന്റെ ആത്മീയ കേന്ദ്രമെന്ന നിലയില്‍
ഇവിടുത്തെ ഹറം ശരീഫിലെ രണ്ടാമത്തെ ബില്‍ഡിങ്ങായ കറുത്ത ഖുബ്ബയുള്ള മസ്ജിദുല്‍ അഖ്‌സാ പണികഴിഞ്ഞത് ക്രിസ്തുവര്‍ഷം 709-715 ല്‍ ഖലീഫ അബ്ദുല്‍മലികിന്റെ കാലത്താണ്. ഒരേസമയം ഏകദേശം 5,000 ത്തോളം പേര്‍ക്ക് ഒരുമിച്ച് കൂടാന്‍ കഴിയുന്ന ഈ മസ്ജിദ് ഇസ്‌ലാമിലെ ആദ്യത്തെ മുഅദ്ദിനായ ബിലാലിന്റെ പേരില്‍ അറിയപ്പെടുന്നതാണ്. വലിയ ഭൂമിക്കുലുക്കങ്ങളും മതപരമായ സംഘട്ടനങ്ങളും കാരണമായി കേടുപാടുകള്‍ സംഭവിച്ച മസ്ജിദുല്‍ അഖ്‌സ്വാ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി പുനര്‍നിര്‍മിക്കപ്പെട്ടിട്ടുണ്ട്. കുരിശുയുദ്ധ കാലത്ത് ഇത് ക്രിസ്ത്യന്‍ ചര്‍ച്ചായി മാറ്റിയിരുന്നു. അന്നത് സോളമന്‍ ദേവാലയം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട 1187 ല്‍ സ്വലാഹുദ്ധീന്‍ അയ്യൂബിയാണ് ഇതിനെ മുസ്‌ലിം മസ്ജിദാക്കി മാറ്റിയത്. ഇതിന്റെ ആദ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ഖലീഫ ഉമറാണെന്നും വിശ്വസിക്കുന്നവരുണ്ട്. ഖുദുസിലെ മാലിന്യങ്ങളെല്ലാം നീക്കി  ലളിതമായി പള്ളിയാക്കി മാറ്റിയത് അദ്ദേഹമാണത്രെ. പിന്നീട് ഈ പള്ളിക്ക് മസ്ജിദുല്‍ ഉമരി എന്നും പേരുണ്ടായിരുന്നു.
ചരിത്ര പാരമ്പര്യമുള്ള ഈ മസ്ജിദ് ഇന്ന് നമസ്‌കാരവും മറ്റു പ്രാര്‍ത്ഥനകളും നടത്താന്‍ സൗകര്യമുള്ള മനോഹരമായ കെട്ടിടമാണ്. ഇതിന് ഒമ്പത് പ്രവേശന കവാടങ്ങളുണ്ട്. അതില്‍ ഏഴെണ്ണം വടക്കു ഭാഗത്തുള്ള ചുമരിലൂടെയാണ്. കിഴക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തുമായി ഓരോ വാതിലുകളും ഉണ്ട്. വടക്ക് ഭാഗത്തുള്ള പ്രവേശന കവാടങ്ങള്‍ക്ക് മുകളില്‍ വലിയ ആര്‍ച്ചുകളാണുള്ളത്. വടക്കന്‍ കവാടങ്ങളിലൂടെ കടന്നാല്‍ പിന്നീട് വലിയ തൂണുകള്‍ കൊണ്ട് വിഭജിക്കപ്പെട്ട ഏഴു ഇടനാഴികളിലാണ് എത്തിച്ചേരുക. 45 തൂണുകളില്‍ 12 എണ്ണം കല്‍തൂണുകളും 33 എണ്ണം വെള്ള മാര്‍ബിളില്‍ നിര്‍മിച്ചതുമാണ്. ഇതില്‍ ചില മാര്‍ബിള്‍ തൂണുകള്‍ ബെനീറ്റോ മുസ്സോളിനിയുടെ സംഭാവനകളാണ്. പ്രധാന ആര്‍ച്ച് വാതിലിലൂടെയുള്ള വഴിയിലൂടെ നടന്നാല്‍  മധ്യഭാഗത്തുള്ള ഇടനാഴിയില്‍ എത്തിച്ചേരും. അവിടെ മനോഹരമായ കൊത്തു പണികളോടു കൂടിയതുമായ മേല്‍പുരയുള്ള മനോഹരമായ മിഹ്‌റാബ് കാണാം.  മസ്ജിദിന്റെ ചുമരുകള്‍ ചായക്കൂട്ടുള്ള 121 ചില്ലു ജനാലകളാല്‍ അലങ്കരിച്ചിരിക്കുന്നു. അവയിലെല്ലാം ജ്യാമിതീയ ഡിസൈനികളും ഖുര്‍ആന്‍ സൂക്തങ്ങളും ഉല്ലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
ഇന്ന് നമ്മള്‍ കാണുന്ന ഇരുണ്ട വെള്ളി നിറത്തോടു കൂടിയ മിനാരം തുടര്‍ച്ചയായുണ്ടായ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. അതില്‍ പലതും നടക്കുന്നത് 1969 കളിലാണ്. ഈ മിനാരത്തിന്റെ നിര്‍മാണത്തില്‍ റീ ഇന്‍ഫോസ്‌മെന്റായി ആനോഡൈസ്ഡ് അലൂമിനിയവും കോണ്‍ക്രീറ്റുമാണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നീട് വാസ്തുവിദ്യാപരമായ രൂപകല്‍പന ലഭിക്കുന്നതിനായി അതിന്റെ മുകളില്‍ ലെഡ് ഉപയോഗിച്ചു കോട്ട് ചെയ്യുകയായിരുന്നു. സങ്കീര്‍ണമായ മൊസൈക്ക് കൂട്ടുകളും മാര്‍ബിളും ഡിസൈനിങ്ങുകളും പതിനാലാം നൂറ്റാണ്ടിലേതാണ്. മധ്യഭാഗത്തുള്ള ഇടനാഴിയിലും ഖുബ്ബയുടെ താഴെക്കുള്ള ഡ്രംപോലുള്ള ഭാഗവും എ.ഡി 1035 ഓളം പഴക്കമുള്ളതാണ്. കുരിശുയുദ്ധക്കാരില്‍ നിന്ന് ജറുസെലെം(ഖുദുസ്) മോചിപ്പിച്ചതിന്റെ ഓര്‍മക്കായി സ്വലഹുദ്ധീന്‍ അയ്യൂബി കൊത്തുപണികളോടു കൂടിയ മരം കൊണ്ടുള്ള ഒരു മിമ്പര്‍ പള്ളിക്ക് നല്‍കിയിരുന്നു. എന്നാല്‍ 1969 ലെ തീവെപ്പില്‍ അത് കത്തി നശിച്ചു. വിശുദ്ധ ഖുര്‍ആന്‍ മസ്ജിദുല്‍ അഖ്‌സാ എന്നത് കൊണ്ട് ഉദ്ദേശിച്ചത് കറുത്ത മിനാരമുള്ള മസ്ജിദുല്‍ അഖ്‌സാ മാത്രമല്ല മറിച്ച് വിശാലമായ ഹറമുല്‍ അഖ്‌സാ മുഴുവനുമാണ്.

അനുഗ്രഹീത കെട്ടിടമല്ല അനുഗ്രഹീത ഭൂമി
ഈ വിശുദ്ധ ഖുദ്‌സ് ഭാഗത്തെ ആദരിക്കുന്നതിനായി വിശ്വാസികളാല്‍ നിര്‍മിക്കപ്പെട്ട ഈ പരിശുദ്ധ ഭവനങ്ങളെ നമ്മള്‍ തീര്‍ച്ചയായും ആദരിക്കുന്നു. ഇവിടുത്തെ അനുഗ്രഹീത ഇടങ്ങള്‍ ഇവിടുത്തെ കെട്ടിടങ്ങളല്ല മറിച്ച് വിശാലമായ ഭൂമിയാണ്. ആരാധനകള്‍ നിര്‍വഹിക്കാനുള്ള സ്ഥലങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ മാത്രമാണ് പ്രവാചകന്റെ കാലഘട്ടത്തില്‍ പള്ളികള്‍ നിര്‍മിക്കപ്പെട്ടത്. അക്കാലത്തെ പള്ളികളുടെ രൂപമാതൃകള്‍ വളരെ ലളിതവും വെയിലില്‍ ഉണക്കിയെടുത്ത മണ്‍കട്ടകള്‍ ഉപയോഗിച്ച് നിര്‍മിച്ചതായിരുന്നു. വിശ്വാസപരമായ ആവശ്യങ്ങള്‍ക്കും പ്രാര്‍ത്ഥനക്കും മറ്റുമായി ഒത്തു കൂടാനുള്ള ഒരു പൊതു ഇടം എന്ന നിലയില്‍ ഈ പള്ളികള്‍ അവരുടെ ലക്ഷ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോന്നതായിരുന്നു.

വിവ: അബ്ദുല്‍മജീദ് താണിക്കല്‍

Related Articles