Current Date

Search
Close this search box.
Search
Close this search box.

നല്ല പിതാക്കന്‍മാരാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്, പക്ഷേ..

father.jpg

നല്ല പിതാവായി മാറണമെന്നു തന്നെയാണ് ഒരോ പിതാവും ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ ഭാരിച്ച ദൗത്യത്തിലേക്ക് കടക്കുമ്പോള്‍ പലര്‍ക്കും അതിന് സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രതീക്ഷകളില്‍ നിന്ന് എത്രയോ അകലയുള്ള പിതാക്കന്‍മാരായിട്ടാണവര്‍ മാറുന്നത്. ഒരു നല്ല പിതാവായി മാറുന്നതിന് സ്വീകരിക്കേണ്ട ചില കാല്‍വെപ്പുകളാണ് ഇവിടെ ഉണര്‍ത്തുന്നത്.

നമ്മുടെ മക്കള്‍ക്ക് ജീവിതത്തില്‍ അനുകരിക്കാന്‍ ഒരു മാതൃക ആവശ്യമാണ്. അത്തരത്തിലുള്ള നല്ല മാതൃകകളായി മാറാന്‍ നമുക്ക് സാധിക്കണം. അതിന് ഏറ്റവും നല്ല മാര്‍ഗം നാം പറയുന്ന കാര്യങ്ങള്‍ ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുക എന്നതാണ്. പ്രവര്‍ത്തനങ്ങള്‍ക്കാണ് വാക്കുകളേക്കാള്‍ കൂടുതല്‍ സ്വാധീന ശക്തിയുള്ളത്. ആയിരം ആളുകള്‍ക്കിടയില്‍ ഒരാളുടെ പ്രവര്‍ത്തനം ഒരാളോട് ആയിരം പേര്‍ പറയുന്ന വാക്കുകളേക്കാള്‍ ശക്തമാണ്. നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് ഏറ്റവും ഉത്തമായ രീതിയും അതു തന്നെയാണ്. സംസാരപ്രായമെത്തുന്നതിന് മുമ്പു തന്നെ കുട്ടികള്‍ നമസ്‌കാരത്തില്‍ നമ്മെ അനുകരിക്കുന്നുവെങ്കില്‍ അവര്‍ക്കു മുമ്പില്‍ വെച്ചുള്ള നമ്മുടെ നമസ്‌കാരത്തിന്റെ ഫലമാണത്.

മക്കള്‍ നമ്മുടെ പുറം മോഡിയിലേക്ക് മാത്രമല്ല നോക്കുന്നത്. മറിച്ച് നമ്മുടെ പ്രകൃതത്തെയും പെരുമാറ്റങ്ങളെയും അവര്‍ സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. പിതാവ് കലര്‍പ്പില്ലാത്ത തന്റെ തനി പ്രകൃതമാണ് വീട്ടില്‍ പ്രകടിപ്പിക്കുന്നതെങ്കില്‍ സ്വാഭാവികമായും മക്കള്‍ അതായിരിക്കും അനുകരിക്കുക. അതുകൊണ്ട് തന്നെ മക്കളെ ശരിപ്പെടുത്താനിറങ്ങുന്നതിന് മുമ്പ് നമ്മുടെ തന്നെ പ്രകൃതവും സ്വഭാവവും സംസ്‌കരിക്കേണ്ടതുണ്ട്.

മക്കളോട് പിതാവ് വാത്സല്യം കാണിക്കുകയാണെങ്കില്‍ നല്ല ഒരു മാനസികാവസ്ഥ മക്കളിലുണ്ടാക്കുന്നതിന് അതിലൂടെ സാധിക്കും. ദുര്‍ബലരോടും അശരണരോടും അവരുടെ മനസില്‍ അനുകമ്പയും കാരുണ്യവും അതുണ്ടാക്കും. എന്നാല്‍ നേര്‍ വിപരീത സ്വഭാവത്തിലാണ് പിതാവ് പെരുമാറുന്നതെങ്കില്‍ മക്കളയത് പരുക്കന്‍ സ്വഭാവക്കാരാക്കിയത് മാറ്റുകയായിരിക്കും ഫലം. പ്രവാചകന്‍(സ) കുട്ടികളോടു വളരെയധികം വാത്സല്യത്തോടെയായിരുന്നു പെരുമാറിയിരുന്നതെന്ന് ഹദീസുകള്‍ വിവരിച്ചു തരുന്നുണ്ട്. എന്നാല്‍ ഇന്ന് പല പിതാക്കന്‍മാരും മക്കളോട് പരുക്കന്‍ സ്വഭാവത്തില്‍ പെരുമാറുന്നുവെന്നത് ദുഖകരമാണ്. കാരുണ്യത്തോടെയല്ലാത്ത പിതാക്കന്‍മാരുടെ പെരുമാറ്റം മക്കളില്‍ വലിയ ആഴത്തിലുള്ള മുറിവുകളാണ് ഏല്‍പ്പിക്കുക. പലപ്പോള്‍ അവ  ഭേദപ്പെടുന്നതിന് വര്‍ഷങ്ങള്‍ വേണ്ടി വരും. വാത്സല്യം കാണിക്കണം എന്നു പറഞ്ഞതിന്റെ അര്‍ത്ഥം ഉറച്ച നിലപാടുകള്‍ മക്കളുടെ കാര്യത്തില്‍ സ്വീകരിക്കരുത് എന്നല്ല. മക്കള്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ യുക്തിയും കാരുണ്യവും വാത്സല്യവും മുന്‍നിര്‍ത്തി അവരെ അതിന് അനുവദിച്ചു കൊടുക്കുകയല്ല വേണ്ടത്. കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കേണ്ടിടത്ത് വാത്സല്യം അതിനൊരിക്കലും തടസ്സമായി മാറരുത്.

മക്കളോടുള്ള പെരുമാറ്റത്തില്‍ പിതാവിന് വ്യക്തമായ ഒരു മാര്‍ഗരേഖയുണ്ടായിരിക്കണം. മക്കള്‍ക്ക് ചില കാര്യങ്ങളില്‍ താല്‍പര്യമുണ്ടാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അത് അവര്‍ക്കതിനോട് താല്‍പര്യവും ഇഷ്ടവും വളര്‍ത്തി കൊണ്ടായിരിക്കണം. കല്‍പനകളിലൂടെയും ഭയപ്പെടുത്തലിലൂടെയും അതിന് ശ്രമിക്കുമ്പോള്‍ അതവരെ അതില്‍ നിന്ന് അകറ്റുകയാണ് പലപ്പോഴും ചെയ്യുക.

മക്കളുടെ പ്രവര്‍ത്തനങ്ങളില്‍ ക്ഷമ കാണിക്കാന്‍ കഴിയുകയെന്നത് നല്ല പിതാവിനുണ്ടായിരിക്കേണ്ട ഗുണമാണ്. മക്കളോട് ദേഷ്യപ്പെട്ട് പെരുമാറുന്നതിനെ കുറിച്ച് പേരന്റിങ് രംഗത്തെ വിദ്ഗര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് കാണാം. ദേഷ്യക്കാരായ ആളുകളുടെ ഭാഗത്ത് നിന്നും സാധാരണയായി സംഭവിക്കുന്ന ഒന്നാണിത്. ദേഷ്യപ്പെടുമ്പോള്‍ മക്കളെ അടിക്കുന്നത് അങ്ങേയറ്റം അപകടകരമായ കാര്യമാണ്. അതൊരിക്കലും അവരെ പഠിപ്പിക്കുന്നതിനോ നിര്‍ദേശം സ്വീകരിക്കുന്നതിനോ സഹായിക്കുകയില്ല. ദേഷ്യത്തിന്റെ പ്രകടനം മാത്രമായി അത് അവശേഷിക്കുന്നു.

മക്കളോടുള്ള സൗഹൃദം വളരെ പ്രധാനമാണ്. മക്കള്‍ കുറച്ചു വളര്‍ന്നു വരുമ്പോള്‍ തന്നെ അവരുമായി സംസാരിക്കുന്നതിനും തമാശകള്‍ പറയുന്നതിന് സമയം കണ്ടെത്താന്‍ പിതാക്കന്‍മാര്‍ ശ്രമിക്കണം. അവരോട് വളരെ അടുക്കാനും അവരെ അലട്ടി കൊണ്ടിരിക്കുന്ന പ്രയാസങ്ങള്‍ ചോദിച്ചറിയാനും പിതാവിന് കഴിയണം. അവന്റെ മോഹങ്ങളെയും സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് ചോദിച്ചറിയണം. മക്കളുടെ മാനസിക വികാസത്തില്‍ ഇത്തരം കൂടിക്കാഴ്ച്ചക്ക് വളരെയധികം പ്രധാന്യമുണ്ട്. മക്കളോട് അടുത്ത് പെരുമാറാന്‍ സാധിക്കുന്നില്ലെന്ന് പല രക്ഷിതാക്കളും ആവലാതിപ്പെടാറുണ്ട്. മക്കളുടെ ചെറുപ്പകാലത്ത് അവരുമായി തുറന്ന സംസാരിക്കുന്നതില്‍ വരുത്തിയിട്ടുള്ള വീഴ്ച്ചയാണ് അതിന്റെ മുഖ്യ കാരണം. മക്കള്‍ വലുതാകുന്നതോടൊപ്പം അവര്‍ക്കിടയില്‍ വളര്‍ന്നു വരുന്ന മതില്‍ പരസ്പരം അടുക്കുന്നതിന് വലിയ പ്രയാസം ഉണ്ടാക്കുന്നു.

ഒരു നല്ല പിതാവും നല്ല ഭര്‍ത്താവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളത്. പ്രയാസങ്ങളും പ്രതിസന്ധികളും ഇല്ലാത്ത ഒരു അന്തരീക്ഷം മക്കള്‍ക്ക് ഒരുക്കി കൊടുക്കാന്‍ നല്ല ഒരു ഭര്‍ത്താവിന് മാത്രമേ സാധിക്കുകയുള്ളൂ. വിജയകരമായ രീതിയില്‍ സന്താനങ്ങളെ പരിപാലിക്കുന്നതിന് അദ്ദേഹം തന്റെ ഇണക്ക് സഹായിയായിരിക്കും. അതിലെല്ലാം ഉപരിയായി കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്ന ലോകരക്ഷിതാവിനോട് മക്കളുടെ സന്മാര്‍ഗത്തിനും ഗുണത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നതിനും രക്ഷിതാക്കള്‍ സമയം കണ്ടെത്തേണ്ടതുണ്ട്.

വിവ : അഹ്മദ് നസീഫ്‌

Related Articles