Current Date

Search
Close this search box.
Search
Close this search box.

കണ്ടതും കേട്ടതും

പലതരക്കാര്‍ക്കിടയിലാണ് നമ്മുടെ ജീവിതം. സത്യവിശ്വാസികള്‍ക്കിടയില്‍പോലും ബഹുവിധ സ്വഭാവക്കാരുണ്ടെന്ന് സ്രഷ്ടാവ്തന്നെ അറിയിച്ചിട്ടുണ്ട്. അല്ലാഹു അത് ഉള്‍ക്കൊള്ളുന്നു. പ്രവാചകനും അതിന് കഴിഞ്ഞിരുന്നു. ” നിനക്ക് നിന്റെ ഹൃദയം നാം വിശാലമാക്കിത്തന്നില്ലേ?” (ഖുര്‍ആന്‍-94:1) എന്ന സൂക്തം എല്ലാ വിശ്വാസികള്‍ക്കും കൂടി ഉള്ളതാണല്ലോ. സ്‌നേഹത്തിന്റെയും ദയയുടെയുമെല്ലാം ഉറവിടമാണ് ഹൃദയം. അത് വിശാലമായാല്‍ എല്ലാസല്‍ഗുണങ്ങളും വര്‍ദ്ധിക്കും. അത്തരം വിശാലഹൃദയരുടെ കൂട്ടായ്മയാവേണ്ടവരാണ് സത്യവിശ്വാസികള്‍.

കണ്ടതെല്ലാം പറയാനോ കേട്ടതെല്ലാം പ്രചരിപ്പിക്കാനോ ഉള്ളതല്ല. ചിലതെല്ലാം കണ്ടില്ലെന്ന് വിചാരിക്കണം. കേട്ടാലും കേള്‍ക്കാത്തപോലെ ചിലപ്പോള്‍ നടിക്കേണ്ടിയും വരാം. അതാണ് പ്രവാചകന്റെ ഉത്തമ മാതൃക. ”തന്റെ കുട്ടുകാരന്‍ ചെയ്ത അബദ്ധം ഒരാള്‍ അറിയുകയും എന്നിട്ട് അത് രഹസ്യമാക്കി വെക്കുകയും ചെയ്താല്‍ അന്ത്യനാളില്‍ അല്ലാഹു അവന്റെ ന്യൂനതകള്‍ ജനങ്ങളില്‍നിന്ന് മറച്ചുവെക്കും.” (നബി വചനം – ത്വബ്‌റാനി)

അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ) ല്‍നിന്ന് ഉദ്ധരിക്കുന്ന ചരിത്രം. ”മോഷണക്കുറ്റത്തിന് നബി(സ) കൈ മുറിച്ച വ്യക്തിയെ ഞാന്‍ ഓര്‍ക്കുന്നു. അയാളുടെ കൈ മുറിക്കാന്‍ കല്‍പിച്ചപ്പോള്‍ പ്രവാചകരുടെ മുഖം ദുഃഖത്താല്‍ വിവര്‍ണ്ണമായിരുന്നു. ചിലര്‍ ചോദിച്ചു: റസൂലേ, അയാളുടെ കൈ മുറിക്കുന്നത് അങ്ങേയ്ക്ക് ഇഷ്ടമില്ലെന്ന് തോന്നുന്നു. നബി(സ) പറഞ്ഞു: അതെ, എങ്ങനെയാണ് ഞാനതിഷ്ടപ്പെടുക? നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കുന്നവരാകരുത്. ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ന്യായാധിപന്റെ മുന്നിലെത്തിയാല്‍ ശിക്ഷ നടപ്പാക്കുകയല്ലാതെ നിര്‍വാഹമില്ല. എന്നാല്‍ അല്ലാഹു വിട്ടുവീഴ്ച ചെയ്യുന്നവനും വിട്ടുവീഴ്ച ഇഷ്ടപ്പെടുന്നവനുമാണ്. അല്ലാഹുവിന്റെ വചനം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ; ‘ജനങ്ങള്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച ചെയ്യുകയും വേണം. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നല്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാവാരിധിയുമാണ്.” (ഖുര്‍ആന്‍ 24:22) സമൂഹ സുരക്ഷിതത്വത്തിന്റെ താക്കോലാണ് പ്രവാചകന്‍ നല്‍കുന്നത്. അന്യോന്യം പുലര്‍ത്തേണ്ട ആദരവും മര്യാദയുമാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ശിക്ഷാര്‍ഹമായ കുറ്റങ്ങളെപ്പോലും പരസ്പരം പരതിനടക്കരുതെന്നുള്ള താക്കീതാണിത്. ‘അല്ലാഹു പൊറുത്താലും ഞാന്‍ പൊറുക്കില്ല.’ എന്ന മനോഭാവം പുലര്‍ത്തുന്ന സ്വന്തം തിന്മകളെക്കുറിച്ച് വേവലാതിപ്പെടാതെ അന്യന്റെ സ്വകാര്യതകളില്‍ തലയിടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്.

ഉമര്‍(റ) ല്‍നിന്ന് ഉദ്ധരിക്കുന്നു: ”നിങ്ങളുടെ സഹോദരന് തെറ്റ്പറ്റിയാല്‍. അയാളെ വീഴ്ചയില്‍നിന്ന് രക്ഷിക്കാനും നേര്‍മാര്‍ഗത്തില്‍ നടത്താനുമാണ് നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്. ചെയ്തുപോയ തെറ്റിന്റെ പേരില്‍ അയാളില്‍ പശ്ചാത്താപമുണ്ടാകാനും, അല്ലാഹു അയാള്‍ക്ക് പൊറുത്തു കൊടുക്കാനും പ്രാര്‍ഥിക്കുക. ഒരിക്കലും അയാളുടെ കാര്യത്തില്‍ നിങ്ങള്‍ പിശാചിനെ സഹായിക്കരുത്.” (ബൈഹഖി)

ഖലീഫ ഉമറും അബ്ദുര്‍റഹ്മാന്‍ ബിന്‍ ഔഫും മദീനാ തെരുവിലൂടെ പാതിരാവില്‍ നടക്കുകയായിരുന്നു. ഒരു വീട്ടില്‍ വലിയ ബഹളം. ഉമര്‍(റ) പറഞ്ഞു: ”ഇത് റബീഅത് ബിന്‍ ഉമയ്യതിന്റെ വീടാണ്. അവിടെ അവരെല്ലാം മദ്യപിച്ചുകൊണ്ടിരിക്കുകയാണ്. നാമെന്താണ് ചെയ്യേണ്ടത്?” ഇബ്‌നുഔഫ് പറഞ്ഞു: ”അമീറുല്‍ മുഅ്മിനീന്‍, അല്ലാഹു നിരോധിച്ച കാര്യമാണ് നാമിപ്പോള്‍ ചെയ്യുന്നത്. അന്യരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുതെന്ന് നമ്മോട് പറഞ്ഞിട്ടില്ലേ? ഇതുകേട്ടപ്പോള്‍ കൂടുതല്‍ അന്വേഷണത്തിന് മുതിരാതെ ഉമര്‍(റ) തിരിച്ചുപോന്നു. ഈ ചരിത്രം പറഞ്ഞുകൊണ്ട് ഇമാം ഗസ്സാലി വിശദമാക്കുന്നു: ”ജനങ്ങളുടെ ന്യൂനതകള്‍ മറച്ചുവെക്കണമെന്നും അവരുടെ കുറ്റങ്ങള്‍ അന്വേഷിച്ചു നടക്കരുതെന്നുമാണ് ഈ സംഭവം തെളിയിക്കുന്നത്.” (ഇഹ്‌യാ ഉലൂമുദ്ദീന്‍)

ഒരിക്കല്‍ വഴിയരികില്‍ ഒരു സ്ത്രീയുമായി ശൃംഗാരഭാവത്തില്‍ നില്‍ക്കുന്നയാളെ കണ്ട ഉമര്‍(റ) അടിക്കാന്‍ ചാട്ടവാറെടുത്തപ്പോള്‍ ”അമീറുല്‍ മുഅ്മിനീന്‍ ഇതെന്റെ ഭാര്യയാണ്” എന്നയാള്‍ പറഞ്ഞു. ഉമറിന്റെ മറുപടി ഇതായിരുന്നു. ”എങ്കില്‍ നിനക്കത് ആരും കാണാത്തിടത്ത് വെച്ചാകാമായിരുന്നില്ലെ?” (ഇമാം ദഹബി, മനാഖീബു ഉമര്‍) സംശയമുണ്ടാക്കുന്ന കാര്യമാണ് അയാള്‍ ചെയ്തത്. ഖലീഫ ഉമര്‍ അത് തിരുത്തുന്നു. നമ്മള്‍ നല്ലത് വിചാരിച്ചാല്‍ മാത്രം പോരാ; ചിലപ്പോള്‍ മറ്റുള്ളവരെ അത് ബോധ്യപ്പെടുത്തേണ്ടിയും വന്നേക്കും. മറ്റുള്ളവര്‍ക്ക് നമ്മെ കുറിച്ച് മോശമായത് തോന്നാനുള്ള അവസരം നാം ഒരുക്കരുത്.

Related Articles