Columns

സകരിയ്യ സ്വലാഹി: ഇസ്‌ലാഹി രംഗത്ത് പുതിയ ചര്‍ച്ചക്ക് തുടക്കമിട്ട പണ്ഡിതന്‍

കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഏറെ ശ്രദ്ധ നേടിയ പണ്ഡിതനും പ്രഭാഷകനുമായിരുന്നു ഡോ. കെ.കെ സകരിയ സ്വലാഹി. ഇന്ത്യയിലും വിദേശത്തുമായി ആയിരക്കണക്കിന് വേദികളില്‍ സകരിയ സ്വലാഹി പ്രഭാഷണം നടത്തിയിട്ടുണ്ട്. മുജാഹിദ് ആദര്‍ശ വിഷയങ്ങളിലുള്ള അഗാധ അറിവും അത് അവതരിപ്പിക്കാനുള്ള കഴിവും തന്നെയാണ് സകരിയ സ്വലാഹിയെ എപ്പോഴും വേറിട്ടു നിര്‍ത്തിയത്. പാലക്കാട് ജില്ലയിലെ എടത്തനാട്ടുകരയാണ് സ്വദേശം. എടവണ്ണ ജാമിഅ നദ്വിയ്യയില്‍ നിന്ന് ബിരുദവും അലിഗഡ് മുസ്‌ലിം യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കടവത്തൂര്‍ നുസ്രത്തുല്‍ ഇസ്ലാം അറബിക് കോളജിലാണ് അധ്യാപന ജീവിതം തുടങ്ങുന്നത്. 20 വര്‍ഷമായി കടവത്തൂര്‍ ഇരഞ്ഞിന്‍ കീഴില്‍ മംഗലശ്ശേരിയിലാണ് വീട്. തലശ്ശേരി സലഫി മസ്ജിദില്‍ സകരിയ സ്വലാഹിയുടെ ജുമുഅ ഖുതുബ ഏറെ ആളുകളെ ആകര്‍ഷിച്ചിരുന്നു.

കേരള ഇസ്ലാഹി ചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന പണ്ഡിതനാണ് സക്കരിയ സ്വലാഹി. ഇസ്ലാഹി രംഗത്ത് പുതിയ ചര്‍ച്ചക്ക് കേരള മണ്ണില്‍ ഇടം നല്‍കിയ പണ്ഡിതന്‍ കൂടിയാണ് അദ്ദേഹം. പക്ഷെ അദ്ദേഹത്തിന് അവിടെയും ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. കേരള ഇസ്ലാഹി ചരിത്രത്തില്‍ മറ്റൊരു പിളര്‍പ്പിനു അത് കാരണമായി. കേരളത്തിലെ ബിദ്ഈ ശിര്‍ക്ക് പ്രവണതകളെ സധൈര്യം നേരിട്ട പണ്ഡിതനായിരുന്നു അദ്ദേഹം. ഒരിക്കല്‍ സംഘടനയുടെ വാക്താവായ അദ്ദേഹം പിന്നീട് തികച്ചും സംഘടന വിരുദ്ധനായി. തന്റെ പല നിലപാടുകളിലും അദ്ദേഹം മാറ്റം വരുത്തിയിരുന്നു.

എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ പഠിക്കുന്ന കാലം മുതല്‍ തന്നെ പഠനത്തിലും ഗവേഷണത്തിലും മുന്നിലായിരുന്നു സകരിയ. ഏറ്റവും ആധുനിക മാധ്യമങ്ങള്‍ ഉപയോഗിച്ച് ആദര്‍ശ വിഷയങ്ങള്‍ പഠിക്കുകയും എതിരാളികള്‍ക്കെതിരെയുള്ള വാദഗതികള്‍ മന:പാഠമാക്കുകയും ചെയ്യുകയായിരുന്നു സ്വലാഹി. കേരളത്തിലെ സുന്നി വിഭാഗങ്ങളുമായുള്ള ആശയ സംവാദമായിരുന്നു ആദ്യഘട്ടത്തില്‍ പ്രധാന പ്രവര്‍ത്തന മേഖല. നിരവധിയിടങ്ങളില്‍ നടന്ന സുന്നി- മുജാഹിദ് സംവാദങ്ങളില്‍ സകരിയയുടെ അറിവും അവതരണ മികവും ശ്രദ്ധിക്കപ്പെട്ടു.

ജമാഅത്തെ ഇസ്ലാമി, തബ്‌ലീഗ് ജമാഅത്ത് തുടങ്ങി മുസ്ലിംകള്‍ക്കിടയിലെ വ്യത്യസ്ത ധാരകളെയും സകരിയ സ്വലാഹി രൂക്ഷ വിമര്‍ശനത്തിന് വിധേയമാക്കി. പല സമയത്തും ഇത് വിവിധ വിവാദങ്ങള്‍ക്കും തിരികൊളുത്തി. മുജാഹിദ് പിളര്‍പ്പിനു ശേഷം എതിര്‍ വിഭാഗങ്ങള്‍ക്കെതിരെ നടത്തിയ മൂര്‍ച്ചയുള്ള ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പുകളിലും ആശയ ധ്രുവീകരണങ്ങളിലും ഏതെങ്കിലുമൊരു പക്ഷത്തിന് ആശയാടിത്തറ ഒരുക്കുന്നതില്‍ സകരിയ സ്വലാഹിയുടെ പങ്ക് വലുതായിരുന്നു. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തെ ഗള്‍ഫ് സലഫിസത്തിനനുസരിച്ച് നവീകരിക്കണമെന്ന പക്ഷക്കാരനായിരുന്നു സ്വലാഹി. അറബ് സലഫി പണ്ഡിതരുടെ നിരവധി ഗ്രന്ഥങ്ങളും പഠനങ്ങളും കേരളത്തിന് പരിചയപ്പെടുത്തുകയും അതിനനുസരിച്ച് മുജാഹിദ് പ്രസ്ഥാനത്തെ മാറ്റിയെടുക്കുകയും ചെയ്യുന്നതില്‍ സകരിയ സ്വലാഹിക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു.

ഗള്‍ഫ് സലഫി പണ്ഡിതരുടെ ഗ്രന്ഥങ്ങളില്‍ നടത്തിയ ഗവേഷത്തിനാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും സകരിയ സ്വലാഹി ഡോക്ടറേറ്റ് നേടിയത്. സലഫി മന്‍ഹജ് എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംജ്ഞ കേരളത്തിലുനീളം പ്രചരിപ്പിക്കുകയായിരുന്നു സ്വലാഹി. 2002ല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ ആദ്യ പിളര്‍പ്പുണ്ടായപ്പോള്‍ കെ.എന്‍.എം ഔദ്യോഗിക പക്ഷത്തിനൊപ്പമാണ് സകരിയ സ്വലാഹി നിന്നത്. അന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റും കെ.എന്‍.എം ഫത്വാ ബോര്‍ഡ് അംഗവുമായിരുന്നു സകരിയ. ഈ വിഭാഗത്തിലാണ് സലഫി മന്‍ഹജ് ചര്‍ച്ചയും അതിന്റെ ഉപോല്‍പന്നമായ ജിന്ന് വിവാദവും കൊടുമ്പിരി കൊണ്ടത്. ഇതിനെ തുടര്‍ന്ന് കെ.എന്‍.എം സകരിയ സ്വലാഹി അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. തുടര്‍ന്ന് സകരിയ സ്വലാഹിക്കൊപ്പം നിന്നിരുന്നവര്‍ വിസ്ഡം ഗ്ലോബല്‍ മിഷന്‍ എന്ന പേരില്‍ സംഘം ചേര്‍ന്നു. ആദ്യഘട്ടത്തില്‍ ഇതിനൊപ്പം നിന്നെങ്കിലും ആധുനിക സംഘടനാ രൂപം തന്നെ തിന്മയുടെ രൂപമാകുന്നുവെന്ന വിമര്‍ശനം ഉന്നയിച്ച് സൗദിയില്‍ മതകാര്യ വിഭാഗവുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു സ്വലാഹി.

തന്റെ അവസാന പ്രസംഗത്തില്‍ അദ്ദേഹം പ്രതിപാദിച്ചത് നല്ല മരണത്തെ കുറിച്ചാണ്. പേടിക്കാനും ദു:ഖിക്കാനും ഇടവരാത്ത നന്മയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സര്‍വ ശക്തന്‍ അദ്ദേഹത്തിന്റെ പാരത്രിക ജീവിതം വിശാലമാക്കി കൊടുക്കട്ടെ. (ആമീന്‍).

Facebook Comments
Show More

Related Articles

Close
Close