Current Date

Search
Close this search box.
Search
Close this search box.

ആർ.എസ്.എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ?

മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പത്തു വർഷങ്ങൾക്കു മുമ്പുള്ള ഒരു ലക്കത്തിൽ (2011 ഫിബ്രവരി 27) വന്ന കവർ സ്‌റ്റോറിയു ടെ തലവാചകമാണ് “ആർ.എസ്.എസ് ഇന്ത്യയെ വിഴുങ്ങുമോ?” എന്ന ചോദ്യം. മുസ് ലിംകളുടെ മേൽ ആരോപിക്കപ്പെട്ട മാലേഗാവ്, മക്കാ മസ്ജിദ്, അജ്മീർ, സംജോത എക്സ്പ്രസ് ബോംബു സ്ഫോടനങ്ങൾ നടത്തിയത് ഹിന്ദുത്വ ശക്തികളാണെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലും അതിന് നിമിത്തമായ കലീം എന്ന മുസ് ലിം യുവാവിൻ്റെ അന്യായമായ തടങ്കലും മുന്നിൽ വെച്ച് ഇന്ത്യയിൽ സംഘ് പരിവാർ കളിക്കുന്ന കപട രാഷ്ട്രീയത്തിൻ്റെ മുഖം മൂടി വലിച്ചെറിയുന്നുണ്ട് ആ ലക്കം മാതൃഭൂമി.

എല്ലാ രാഷ്ട്രീയപ്പാർട്ടികളിലും പ്രത്യക്ഷവും പരോക്ഷവുമായി നുഴഞ്ഞു കയറി അവയിൽ വിഷപ്പല്ലുകളാഴ്ത്താൻ സാധിക്കുന്നു എന്നതാണ് നാം തിരിച്ചറിയാതെ പോകുന്ന ഫാഷിസത്തിൻ്റെ ഭീകരതകളിൽ ഒന്ന്!

കെ.ഇ. എന്നിൻ്റെ ഭാഷയിൽ പറഞ്ഞാൽ (ഫാഷിസത്തിൻ്റെ അദൃശ്യ ലോകം – പാപ്പിയോൺ – ) പൊളിറ്റിക്സ് മാത്രമല്ല,
സംഘ് ഫാഷിസത്തിന് ദേശീയതയും സംസ്കാരവും പൈതൃകവുമെല്ലാം ഒളിപ്പുരകളാണ്. ഹിന്ദുത്വ ഫാഷിസം അതിൻ്റെ നൂറ് ഉടലുകൾ പുറത്ത് കാണിക്കുമ്പോൾ ആയിരം ഉടലുകൾ പ്രസ്തുത ഗുഹകളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നു. ഫാഷിസത്തിൽ നിന്ന് സാമ്രാജ്യത്വ മുതലാളിത്തത്തിലേക്കും ഒരു കാണാച്ചരടുണ്ട്.

നിങ്ങൾ പുറത്ത് കാണുന്നതല്ല ആർ.എസ്.എസ്. അത് തുടങ്ങി എന്നു പറയപ്പെടുന്ന കൊല്ലമല്ല യഥാർത്ഥ ജനനവർഷം! അതിനപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന കൊടും ഭീകരതയുടെയും ജാതീയതയുടെയും ആരും വേണ്ടത്ര പോസ്റ്റുമോർട്ടം ചെയ്തിട്ടില്ലാത്ത ഒരു ഐഡിയോളജിയും ഒപ്പം പറയുന്ന ആശയം നടപ്പാക്കാനുള്ള സായുധ വിംഗും ആർ.എസ്.എസിന് സ്വന്തമായുണ്ട്!

കൂടെ ബജ്റംഗ്ദൾ, വി.എച്ച്.പി, അഭിനവ് ഭാരത്, രാഷ്ട്ര സേവിക സംഘം തുടങ്ങി നമുക്കറിയാവുന്നതും അറിയാത്തതുമായ ഒട്ടേറെ സംഘടിത – സൈനിക – സായുധ കാക്കിപ്പടകൾ വേറെയും! അവരൊന്നും വെറുതേയിരിക്കുകയല്ല, അതിരാവിലെ ഉണർന്ന് ഗദയും ദണ്ഡയും ത്രിശൂലവും ഉയർത്തി ഇന്ത്യൻ നഗരങ്ങളിൽ / ഗ്രാമങ്ങളിൽ കവാത്ത് നടത്തുന്നുണ്ട്! (വെടിവെപ്പു പരിശീലനവുമുണ്ട് ചിലയിടങ്ങളിൽ. ഡൽഹി പൗരത്വ നിഷേധസമരപ്പന്തലിലേക്ക് ഇരച്ചു വന്ന യുവാവിൻ്റെ കൈയിലും തുടർന്നു നടന്ന ഡൽഹി കലാപത്തിലും തോക്കുകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്! )

ഗർഭിണിയുടെ വയറ് കീറി ഗർഭസ്ഥ ശിശുവിനെ ത്രിശൂലം കൊണ്ട് പുറത്തെടുത്ത് തീയിലെറിഞ്ഞ, രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിൽ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കിയ ഗുജറാത്ത് വംശഹത്യയാണ് ഏറ്റവും വലിയ ഫാഷിസ്റ്റക്രമണം എന്നാണെങ്കിൽ തെറ്റി! സ്വതന്ത്ര ഇന്ത്യയിൽ നാലായിരത്തോളം കലാപങ്ങൾ നടത്തിയ ആർ.എസ്.എസും കൂട്ടരും ഇതേ ഗുജറാത്തിൽ മാത്രം നേരത്തേ അയ്യായിരത്തോളം മുസ് ലിംകളെ കൊന്നൊടുക്കിയിട്ടുണ്ട്! പുറമെ ദലിത് പീഡനത്തിൻ്റെ ഭീമ കൊറേഗാവും ഉനയും ഉന്നാവും ഹാഥറസും..! കയ്യും കണക്കുമില്ലാത്ത ജാതിക്കൊലകളും ബലാത്സംഗങ്ങളും.. ഒഡീഷയെ വർഗീയമായി ധ്രുവീകരിച്ച കണ്ഡമാൽ ഉൾപ്പെടെയുള്ള നൂറുക്കണക്കിന് ക്രൈസ്തവ പീഡനങ്ങളും.. വടക്കേന്ത്യൻ ചരിത്രം മുഴുവൻ മുസ് ലിം / ക്രൈസ്തവ /ദലിത് രക്തം വീണ് ചുവന്നതാണ് !

ഒപ്പം നോട്ടു നിരോധം, ജി.എസ്.ടി, പൊതുമേഖല മുഴുവൻ വിറ്റുതുലക്കൽ, ഇന്ധന വിലക്കയറ്റം.. എന്നിങ്ങനെ പൊതു ജനത്തെ മുഴുവൻ വരിഞ്ഞു മുറുക്കി വീർപ്പുമുട്ടിക്കുന്ന കോർപ്പറേറ്റ് പ്രീണനത്തിൻ്റെ ദുരവസ്ഥയും!

മുസ് ലിം / ക്രൈസ്തവ ആരാധനാലയങ്ങൾ തകർത്തും കൂട്ടക്കുരുതികൾ നടത്തിയും ജനദ്രോഹ നയങ്ങൾ ആവർത്തിച്ചും ഇന്ത്യയിൽ ഫാഷിസം പിടിച്ചുകെട്ടാൻ ആളില്ലാത്ത വിധം തിടം വെക്കുകയാണ്! മഹാത്മജിയുടെ നാട് തന്നെ ഗോദ്സെയുടെ വീടായി മാറിയ ദുരന്തം! ദൈവത്തിൻ്റെ റോൾ അഭിനയിക്കുന്ന പിശാചിൻ്റെ ഈ മുഖം മൂടികൾ വലിച്ചു കീറാതെ ഇന്ത്യ എന്ന മനോഹരമായ മതനിരപേക്ഷ ആശയം നിലനിൽക്കുക അസാധ്യം! പക്ഷെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ പോലും ഭീകരമായ മൗനത്തിലാണ്!

Related Articles