Current Date

Search
Close this search box.
Search
Close this search box.

1977ന് ശേഷം ഏറ്റവും പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്

രാജ്യത്തെ 18ാമത് പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാര്‍ വോട്ട് ചെയ്യാന്‍ തുടങ്ങി. മുമ്പ് നടന്ന ഈ 17 തെരഞ്ഞെടുപ്പുകളിലും രണ്ടെണ്ണം വളരെ പ്രധാനപ്പെട്ടവയായിരുന്നു. 1951-1952 കാലഘട്ടത്തില്‍ നടന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു അതില്‍ ഒന്നാമത്തേത്. ഇന്ത്യക്കാര്‍ വളരെ ദരിദ്രരും, വിഭജിക്കപ്പെട്ടവരും, വളരെ നിരക്ഷരരും തങ്ങളുടെ നേതാക്കളെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാത്തവരാണെന്നും വലിയ വിമര്‍ശനം അക്കാലഘട്ടത്തെ തെരഞ്ഞെടുപ്പിന് ഉണ്ടായിരുന്നു.

‘നിരക്ഷരരുടെ രാജ്യത്ത് സാര്‍വത്രിക വോട്ടവകാശം അനുവദിക്കുന്ന ഏതൊരു ഭരണഘടനയും ‘ഭ്രാന്തമാണ്” എന്നാണ് മനസ്സില്ലാമനസ്സോടെ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന അന്നത്തെ ഒരു മഹാരാജാവ്, അമേരിക്കയില്‍ നിന്നും വന്ന ടൂറിസ്റ്റ് ദമ്പതികളോട് പറഞ്ഞിരുന്നത്. ‘വളരെ വലിയ ഭൂരിപക്ഷ ജനതയും ആദ്യമായാണ് വോട്ട് ചെയ്യുന്നത്. വോട്ട് എന്താണെന്നും എന്തിന് വോട്ട് ചെയ്യണം, ആര്‍ക്ക് വോട്ട് ചെയ്യണമെന്നും പലര്‍ക്കും അറിയില്ല. ഇതിനെ ചരിത്രത്തിലെ ഏറ്റവും വലിയ പന്തയമായി വിലയിരുത്തപ്പെടുന്നതില്‍ അതിശയിക്കാനില്ല.’ മദ്രാസിലെ ഒരു എഡിറ്റര്‍ പറഞ്ഞു. ‘ഇന്ത്യയിലെ സമ്പൂര്‍ണ്ണമായും പ്രായപൂര്‍ത്തിയായവരുടെ ഫ്രാഞ്ചൈസിയുടെ പരാജയം ഏറ്റുപറയാന്‍ പണ്ഡിറ്റ് നെഹ്റു ജീവിക്കും’ എന്നാണ് രാഷ്ട്രീയ സ്വയംസേവക് ഓര്‍ഗനൈസേഷന്റെ വാരികയായ ഓര്‍ഗനൈസര്‍ അഭിപ്രായപ്പെട്ടിരുന്നത്. എന്നിട്ടും പന്തയം ഫലിച്ചു. വ്യത്യസ്ത പ്രത്യയശാസ്ത്രപരമായ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന വിവിധ പാര്‍ട്ടികളും വ്യക്തികളും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, പ്രായപൂര്‍ത്തിയായ പുരുഷന്മാരും സ്ത്രീകളും അവരില്‍ സ്വതന്ത്രരായി തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ ആദ്യ തെരഞ്ഞെടുപ്പ് വിജയകരമായി നടത്തിയത് ഇന്ത്യന്‍ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. പിന്നീട് 1957, 1962, 1967, 1971 വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ 1952ലെ ഈ നേട്ടം ഏകീകരിച്ചു.

നമ്മുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നത് 1977 മാര്‍ച്ചിലാണ്. കാരണം, 1975 ജൂണില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയപ്പോള്‍, ഇത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതും രാഷ്ട്രീയ മത്സരമുള്ളതുമായ അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കുമെന്ന് പലരും കരുതി. സ്വേച്ഛാധിപത്യ ഭരണത്തിന് കീഴിലുള്ള എണ്ണമറ്റ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും വരുമെന്ന് പലരും ഭയന്നു. വ്യക്തിപരമായ അനുഭവത്തില്‍ നിന്നും 1976-ന്റെ രണ്ടാം പകുതിയില്‍ തെരുവുകള്‍ ശാന്തമായിരുന്നു എന്ന് എനിക്ക് സാക്ഷ്യപ്പെടുത്താന്‍ കഴിയും. ഇന്ദിരാഗാന്ധിയുടെ ഭരണത്തിന് വെല്ലുവിളിയോ ഭീഷണിയോ ഉണ്ടായിരുന്നില്ല, അടിയന്തരാവസ്ഥ പിന്‍വലിക്കാനും പുതിയ തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യാനും അവര്‍ക്ക് പ്രത്യേകിച്ച് ഒരു കാരണവുമുണ്ടായിരുന്നില്ല, എന്നിട്ടും അവര്‍ അത് ചെയ്തു.

1977ലെ ആ തെരഞ്ഞെടുപ്പുകളുടെ മൂന്ന് വശങ്ങള്‍ ചരിത്രകാരന്മാര്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. ആദ്യത്തേത്, അവര്‍ പൂര്‍ണ്ണമായും തടവിലാക്കപ്പെട്ടു എന്നതാണ്. രണ്ടാമത്തേത്, ഇന്ദിരാഗാന്ധി വിജയിക്കുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നതിനാല്‍, അവരുടെ ഫലങ്ങള്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരെ ആശയക്കുഴപ്പത്തിലാക്കി എന്നതാണ്. ഇന്ദിര ഗാന്ധി അങ്ങേയറ്റം ജനപ്രീതിയുള്ളവളാണെന്ന് കരുതപ്പെട്ടിരുന്നു. 1971-ല്‍ പാക്കിസ്ഥാനെതിരായ സൈനിക വിജയത്തിന്റെ പ്രഭാവലയം ഇപ്പോഴും അവരെ ചുറ്റിപ്പറ്റിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൂടാതെ, അവരുടെ പാര്‍ട്ടി നല്ല നിലയിലുമായിരുന്നു, പാര്‍ട്ടിക്ക് നല്ല സാമ്പത്തിക പിന്തുണയും ഉണ്ടായിരുന്നു, കാരണം പ്രമുഖ വ്യവസായികളില്‍ ഭൂരിപക്ഷവും അടിയന്തരാവസ്ഥയെ പിന്തുണച്ചിരുന്നു.

മറുവശത്ത്, പ്രതിപക്ഷം ഛിന്നഭിന്നമാവുകയും അവര്‍ക്ക് വേണ്ടത്ര ഫണ്ട് ലഭിക്കാതെ വരികയും ചെയ്തു, അതിന്റെ നേതാക്കളും അണികളും ദീര്‍ഘകാലം ജയില്‍വാസമനുഷ്ടിച്ചു. എന്നിട്ടും, കോണ്‍ഗ്രസിന് ഭൂരിപക്ഷത്തില്‍ കുറവുണ്ടായി, ശ്രീമതി ഗാന്ധിക്ക് പോലും അവരുടെ സ്വന്തം സീറ്റില്‍ വിജയിക്കാനായില്ല. അതായത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു പാര്‍ട്ടി ന്യൂഡല്‍ഹിയില്‍ അധികാരത്തിലെത്തി എന്നര്‍ത്ഥം.

അവര്‍ തടങ്കിലടക്കപ്പെട്ടു, കോണ്‍ഗ്രസ് പരാജയപ്പെട്ടു, ഇന്ത്യ ഇനി മുതല്‍ ഒരു ഒറ്റകക്ഷി രാജ്യമല്ല എന്നിങ്ങനെ 1977ലെ തെരഞ്ഞെടുപ്പിന്റെ ഈ മൂന്ന് ശ്രദ്ധേയമായ സവിശേഷതകളില്‍ നാലാമത്തേത് കൂടി ചേര്‍ത്തുവെക്കപ്പെടണം. അതായത്, ദീര്‍ഘകാലമായി രാജ്യത്ത് ആധിപത്യം പുലര്‍ത്തിയിരുന്ന കോണ്‍ഗ്രസിനെതിരെ വിവിധ കക്ഷികളായ പാര്‍ട്ടികള്‍ ഒറ്റ ലേബലില്‍ പ്രായോഗികമായി മത്സരിച്ച് വിജയിച്ചു എന്നതാണ് അത്. സ്വേച്ഛാധിപത്യത്തെ പരാജയപ്പെടുത്തുകയും ജനാധിപത്യം പുനഃസ്ഥാപിക്കുകയും ചെയ്യുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ ഒന്നിച്ചുചേര്‍ന്ന വ്യത്യസ്ത ആശയധാരയിലുള്ള നാല് പാര്‍ട്ടികളാണ് ജനതാ പാര്‍ട്ടി എന്ന് വിളിക്കപ്പെടുന്ന മുന്നണി ഉണ്ടാക്കിയത്.

1977നും 2014നും ഇടയില്‍ ഒരു പാര്‍ട്ടിയോ സഖ്യമോ രണ്ട് തവണയില്‍ കൂടുതല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്നിട്ടില്ലായിരുന്നു. ഈ അധികാരമാറ്റം ഇന്ത്യന്‍ ജനാധിപത്യത്തിന് എന്തുകൊണ്ടും നല്ലതായിരുന്നു. ഒരു കക്ഷിയുടെ ദീര്‍ഘകാല ആധിപത്യത്തെക്കുറിച്ചുള്ള ഭയത്തില്‍ നിന്നുള്ള മോചനമായിരുന്നു അത്. ആ വര്‍ഷങ്ങളില്‍, മാധ്യമങ്ങള്‍ കൂടുതല്‍ സ്വതന്ത്രവും സര്‍ക്കാര്‍ സ്ഥാപനങ്ങളും ജീവനക്കാരും കൂടുതല്‍ സ്വതന്ത്രവും ജുഡീഷ്യറി കൂടുതല്‍ ഉറച്ചതും ആയിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി തന്നെ എല്ലായിപ്പോഴും അധികാരത്തിലില്ലാത്ത ഒരു മത്സര രാഷ്ട്രീയം ഇന്ത്യന്‍ ഫെഡറലിസത്തിനും വളരെ നല്ലതാണ്, സംസ്ഥാനങ്ങള്‍ക്ക് അവരുടെ സാമ്പത്തികവും സാമൂഹികവുമായ അജണ്ടകള്‍ പിന്തുടരാനുമെല്ലാം ഇത് സഹായിക്കും.

ഇപ്പോള്‍ നടക്കുന്ന ഈ തെരഞ്ഞെടുപ്പുകള്‍ ഈ പ്രവണതയെ മാറ്റുമോ? മിക്ക വോട്ടര്‍മാരും അങ്ങനെയാണ് ചിന്തിക്കുന്നത്. നരേന്ദ്ര മോദിയും ഭാരതീയ ജനതാ പാര്‍ട്ടിയും തുടര്‍ച്ചയായി മൂന്നാമതും ഭൂരിപക്ഷം നേടുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് അവര്‍ വിശ്വസിക്കുന്നു. മോദിയും ബി.ജെ.പിയും മൂന്നാം തവണയും വിജയിച്ചാല്‍ എന്താണ് സംഭവിക്കുക? ‘രാജ്യത്ത് ഇനി ഒരു തിരഞ്ഞെടുപ്പ് ഉണ്ടാകില്ല’ എന്ന് ഞാന്‍ ബഹുമാനിക്കുന്ന ഒരു രാഷ്ട്രീയ നിരീക്ഷകനായ പാറക്കാല പ്രഭാകര്‍ പറഞ്ഞിട്ടുണ്ട്.

ഇന്ദിരാഗാന്ധിയെപ്പോലെ മോദിക്കും സ്വേച്ഛാധിപത്യ സഹജ വാസനയും സമ്പൂര്‍ണ ആധിപത്യത്തിനുള്ള ആഗ്രഹവും ഉണ്ടെന്നത് ശരിയാണ്. എന്നാല്‍, ഇന്ദിരയുടെയും മോദിയുടെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ തമ്മില്‍ ഒരു പ്രധാന വ്യത്യാസമുണ്ട്; അതായത്, 1977-ല്‍, ഒരു സംസ്ഥാനം ഒഴികെ മറ്റെല്ലായിടത്തും കോണ്‍ഗ്രസ് അധികാരത്തിലായിരുന്നു (തമിഴ്നാട്, അന്നത്തെ മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് കൂറുപുലര്‍ത്തിയിരുന്നു) അതേസമയം 2024-ല്‍ ദക്ഷിണേന്ത്യയിലുടനീളവും കിഴക്കന്‍, ഉത്തരേന്ത്യയിലെ പല പ്രധാന സംസ്ഥാനങ്ങളിലും ബി.ജെ.പി അധികാരത്തിന് പുറത്താണ്.

1975നും 1977നും ഇടയില്‍ ശ്രീമതി ഗാന്ധിക്കും കോണ്‍ഗ്രസിനും ജനാധിപത്യ പ്രതിപക്ഷത്തിന്റെ സമ്പൂര്‍ണ്ണ നിശബ്ദതയാണ് നേടിയെടുക്കാനായത്. ലോക്സഭയില്‍ 370 സീറ്റുകള്‍ നേടാമെന്ന സങ്കല്‍പ്പം പൂര്‍ത്തീകരിച്ചാലും മോദിക്കും ബി.ജെ.പിക്കും ഇത് നിറവേറ്റാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും. തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍, തെലങ്കാന തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഇനിയും ഉണ്ടാകും. മോദിയും അമിത് ഷായും അവരെ എന്ത് ചെയ്യും? കൂസലില്ലാതെ ആര്‍ട്ടിക്കിള്‍ 356 അടിച്ചേല്‍പ്പിക്കുമോ ? അതോ നിയമസഭാംഗങ്ങളെ വിലക്ക് വാങ്ങുമോ ? എങ്കിലും മോദിയെ ആരാധന പുരുഷനായി കാണാത്ത അല്ലെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ദശലക്ഷക്കണക്കിന് പൗരന്മാര്‍ ഓരോരുത്തരും ബി.ജെ.പിയെ ശക്തമായി എതിര്‍ക്കും.
ബി.ജെ.പിയുടെ ആധിപത്യം രാജ്യത്തിന്റെ വലിയ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളാത്തതിനാല്‍, അടിയന്തരാവസ്ഥയുടെ പൂര്‍ണ്ണമായ സ്വേച്ഛാധിപത്യത്തിലേക്ക് ഇന്ത്യ തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണ്.
വിദ്വേഷം നിറഞ്ഞതും വിഭജിക്കുന്നതുമായ ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് ബി.ജെ.പിയെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരുന്നത്.

തരംതാഴ്ന്ന ജനാധിപത്യം

നരേന്ദ്രമോദി അധികാരത്തിലേറിയ പത്തുവര്‍ഷത്തിനുള്ളില്‍ മതന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് മുസ്ലിംകള്‍, എന്നെന്നേക്കുമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മൂലയിലേക്ക് തള്ളപ്പെട്ടു. നിത്യജീവിതത്തിലും തെരുവുകളിലും മാര്‍ക്കറ്റുകളിലും സ്‌കൂളുകളിലും ആശുപത്രികളിലും ഓഫീസുകളിലും അവര്‍ പ്രാദേശികമായ വലിയ വിവേചനമാണ് നേരിടുന്നത്. ബി.ജെ.പി എം.പിമാരും മന്ത്രിമാരും ഇന്ത്യന്‍ മുസ്ലിംകളെ നിരന്തരം പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. അവരുടെ അനുയായികള്‍ ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ വാട്സ്ആപ്പിലും യൂട്യൂബിലും വ്യാപകമായി പ്രചരിപ്പിക്കുന്നു. ഹിന്ദുക്കളല്ലാത്ത സഹപൗരന്മാരോട് വിദ്വേഷത്തോടെ പെരുമാറാന്‍ സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കുന്നു. അതിനായി പാഠപുസ്തകങ്ങള്‍ മാറ്റിയെഴുതുന്നു. നരേന്ദ്ര മോദിയും ബി.ജെ.പിയും മൂന്നാം തവണയും അധികാരത്തില്‍ വന്നാല്‍ മുസ്ലിംകള്‍ക്കെതിരെയുള്ള വിദ്വേഷപ്രചാരണം തുടരും, ഒരുപക്ഷേ ഇതിനേക്കാള്‍ മൂര്‍ച്ച കൂട്ടിയായിരിക്കും അത്.

ലോക്‌സഭയില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ഈ തവണയും ബി.ജെ.പി അധികാരത്തില്‍ വരുന്നതെങ്കില്‍, മാധ്യമങ്ങളുടെ മേല്‍ കൂടുതല്‍ ശക്തമായ കുരുക്കിടാന്‍ മോദിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും അത് ധൈര്യപ്പെടുത്തും. സിവില്‍ സര്‍വീസ്, ജുഡീഷ്യറി, പബ്ലിക് റെഗുലേറ്ററി സ്ഥാപനങ്ങള്‍ എന്നിവയുടെ സ്വാതന്ത്ര്യത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും കേന്ദ്ര സര്‍വകലാശാലകളെയും ഐ.ഐ.ടികളെയും ഐ.ഐ.എമ്മുകളെയും ഹിന്ദുത്വ പ്രചാരണത്തിന്റെ കേന്ദ്രങ്ങളാക്കുകയും ഇന്ത്യന്‍ ഫെഡറലിസത്തിന്റെ ഘടനയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.

ജനസംഖ്യാനുപാതികമായുള്ള ലോക്സഭാ സീറ്റുകളുടെ പുനര്‍വിന്യാസത്തിന് ബി.ജെ.പി ശക്തമായ ഉത്തരേന്ത്യയില്‍ ജനസംഖ്യാപരമായ മുന്‍തൂക്കം ചലനമുണ്ടാക്കും. ഇത് ബി.ജെ.പി ദുര്‍ബലമായ ദക്ഷിണേന്ത്യയുടെ ശാശ്വതമായ രാഷ്ട്രീയ കീഴ്‌വഴക്കമായി മാറ്റപ്പെടും. ദക്ഷിണേന്ത്യ, ബി.ജെ.പിയുടെ അടിച്ചമര്‍ത്തലിന് അങ്ങിനെയൊന്നും കീഴടങ്ങാന്‍ സാധ്യതയില്ല. എങ്കിലും മോദിയും ബി.ജെ.പിയും അവരുടെ പദ്ധതികളുമായി സര്‍വസന്നാഹവുമായി മുന്നോട്ടുപോകും.

2007ല്‍ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ ഞാന്‍ ഇന്ത്യയെ ’50-50′ ജനാധിപത്യം എന്നാണ് വിശേഷിപ്പിച്ചത്. ഒന്നര പതിറ്റാണ്ടിനുശേഷം ഈ പുസ്തകം അപ്ഡേറ്റ് ചെയ്യുമ്പോള്‍, ഞാന്‍ ഇതിനെ ’30-70 ജനാധിപത്യം” ആക്കി കുറച്ചിട്ടുണ്ട്. മോദിക്കും ബി.ജെ.പി.ക്കും തുടര്‍ച്ചയായി ലഭിക്കുന്ന മൂന്നാമത്തെ ഭൂരിപക്ഷം ഈ തകര്‍ച്ചയെ കൂടുതല്‍ വേഗത്തിലാക്കും. നമ്മുടെ സാമൂഹിക ഘടനയ്ക്കും നമ്മുടെ സാമ്പത്തിക സാധ്യതകള്‍ക്കും ഇനിയും ജനിക്കാത്ത ഇന്ത്യക്കാരുടെ തലമുറകളുടെ ഭാവിക്കും ഇത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

1970കളില്‍ ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യത്തെ കുടുംബഭരണത്തോടുള്ള ഭക്തിയുമായി കൂട്ടിയിണക്കി. ഇപ്പോള്‍, നരേന്ദ്ര മോദി സ്വേച്ഛാധിപത്യത്തെ ഹിന്ദു ഭൂരിപക്ഷവാദത്തോടുള്ള ഭക്തിയുമായി കൂട്ടിച്ചേര്‍ക്കുന്നു. പരിവാര്‍വാദം മോശമാണെങ്കിലും, ബഹുസംഖ്യവാദം തീര്‍ച്ചയായും അതിലും മോശമാണ്, നമ്മുടെ അയല്‍പക്കത്തുള്ള രാജ്യങ്ങളുടെ ഗതി പോലെയാകും അത്. അതിന്റെ വൈവിധ്യങ്ങള്‍ക്ക് മേല്‍ ഇസ്ലാം അല്ലെങ്കില്‍ ബുദ്ധമത ഭൂരിപക്ഷവാദം അതിനെ മറികടന്നിരിക്കുന്നത് പ്രകടമാക്കുന്നു. ഹിന്ദു ഭൂരിപക്ഷവാദത്തിന്റെ ഫലവും മറ്റൊന്നായിരിക്കുമെന്ന് വിശ്വസിക്കാനും പ്രത്യേകിച്ച് ഒരു കാരണവുമില്ല.

സ്വേച്ഛാധിപത്യം ആത്മാവിനെ തകര്‍ക്കുന്നു. ഭൂരിപക്ഷവാദം മനസ്സിനെയും ഹൃദയത്തെയും വിഷലിപ്തമാക്കുന്നു. അത് ജനിപ്പിക്കുന്ന വെറുപ്പും വര്‍ഗീയതയും ശരീരമെന്ന രാഷ്ട്രീയത്തില്‍ ഒരു ക്യാന്‍സര്‍ പോലെ പടരുന്നു. വ്യക്തികളില്‍ നിന്നും സമൂഹത്തില്‍ നിന്നും മനുഷ്യത്വം, സമൂഹത്തിന്റെ നാഗരികത, അന്തസ്സ്, അനുകമ്പ എന്നിവ കവര്‍ന്നെടുക്കുന്നു. അതിനാല്‍ തന്നെ നമുക്ക് നമുക്ക് ഇപ്പോഴും ലഭ്യമായിട്ടുള്ള ഇത്തരം ജനാധിപത്യ മാര്‍ഗങ്ങളിലൂടെ അതിന്റെ വളര്‍ച്ച പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് 1977ന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുതെരഞ്ഞെടുപ്പാണിതെന്ന് പറയേണ്ടി വരുന്നത്.

 

🪀 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

 


അവലംബം: scroll.in

വിവ: പി.കെ സഹീര്‍ അഹ്‌മദ്

 

Related Articles