Current Date

Search
Close this search box.
Search
Close this search box.

സമ്പത്ത് തിരിഞ്ഞു കൊത്തുമ്പോള്‍

സമ്പത്ത് മനുഷ്യരുടെ നിലനില്‍പ്പിന്റെ ആധാരമാണ് എന്ന കാര്യത്തില്‍ എല്ലാവരും യോജിക്കുന്നു. പക്ഷെ സമ്പത്ത് മനുഷ്യനെ ഭരിക്കാന്‍ തുടങ്ങിയാല്‍ അതൊരു ദുരന്തമാകും. എല്ലാം സമ്പത്തിലൂടെ നോക്കിക്കാണുന്ന കാലത്താണ് നാം ജീവിക്കുന്നത്. മനുഷ്യ ജീവതത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ത് എന്ന ചോദ്യത്തിന് പലര്‍ക്കും നല്‍കാന്‍ കഴിയുന്ന ഉത്തരം സമ്പാദിക്കുക എന്നത് തന്നെയാകും. പലര്‍ക്കും അതൊരു അതിരുവിട്ട ആര്‍ത്തിയായി മാറും. അവരുടെ ഊണും ഉറക്കവുമെല്ലാം സമ്പത്തിനെ ചുറ്റിപ്പറ്റി കടന്നു പോകും. പലപ്പോഴും അവരുടെ അവസാനവും അത് കൊണ്ട് തന്നെയാകും.

സമ്പത്തും സന്താനവും എന്നത് മനുഷ്യരെ സംബന്ധിച്ചിടത്തോളം സമൂഹത്തില്‍ സ്ഥാനം നല്‍കുന്ന കാര്യങ്ങളാണ്. ഒരാളുടെ സമൂഹത്തിലെ സ്ഥാനം നിര്‍ണയിക്കുന്നതില്‍ സമ്പതിനുള്ള സ്ഥാനം വലുതാണ്‌. മറ്റൊരാളുടെ കയ്യിലുള്ള സമ്പത്ത് തന്റെ കയ്യിലേക്ക് വരാനുള്ള അടിസ്ഥാന കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞത് “ നിങ്ങള്‍ പരസ്പരം തൃപ്തിപ്പെടുന്ന കച്ചവടത്തിലൂടെ” എന്നാണ്. അതെ സമയം ലോകത്തിലെ അധികം സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഈ തത്വം പാലിക്കാതെ പോകുന്നു. വിശ്വാസികള്‍ പോലും ചിലപ്പോള്‍ വേണ്ടത്ര സൂക്ഷമത സമ്പത്തിന്റെ കാര്യത്തില്‍ കാണിക്കാതെ പോകുന്നു.

Also read: ധീര രക്തസാക്ഷി ഖുബൈബ് (റ)

പരലോക വിചാരണയുടെ കാര്യം പറഞ്ഞപ്പോള്‍ ചില കാര്യങ്ങില്‍ കൃത്യമായ മറുപടി പറഞ്ഞതിന് ശേഷം മാത്രമേ ഒരു അടിമയുടെയും കാല്‍പാദങ്ങള്‍ മുന്നോട്ടു ചലിക്കൂ എന്ന പ്രവാചക വചനത്തില്‍ സമ്പത്തിനെ കുറിച്ച് എങ്ങിനെ സമ്പാദിച്ചു എങ്ങിനെ ചിലവഴിച്ചു എന്നീ രണ്ടു ചോദ്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞു. സമ്പത്തിന്റെ കാര്യത്തില്‍ വരവും ചിലവും കൃത്യവും സുതാര്യവുമാവുക എന്നത് ഭൌതിക ലോകത്ത് തന്നെ ഒരു ആവശ്യമാണ്. അത് തന്നെയാണ് പാരത്രിക ലോകത്തും ഒന്നാമതായി നില്‍ക്കുന്നതും.

മക്കളെ കുറിച്ചും സമ്പത്തിനെ കുറിച്ചും ഖുര്‍ആന്‍ വിശേഷിപ്പിച്ച പ്രയോഗം “ പരീക്ഷണം” എന്നാണു. പലരും ഈ പരീക്ഷണത്തില്‍ പരാജയപ്പെടുന്നു. ആരാധാന കാര്യങ്ങളില്‍ തികഞ്ഞ സൂക്ഷ്മത കാത്ത് സൂക്ഷിക്കുന്ന പലരും സാമ്പത്തിക രംഗത്ത്‌ പരാജയമായി തീരുന്നു. അല്ലഹുമായുള്ള ബന്ധം എത്ര ശക്തമാണോ അത്ര തന്നെ ശക്തമാണ് അദ്ദേഹത്തിന്റെ സാമ്പത്തിക സൂക്ഷ്മത. സമ്പത്ത് ഒരു അനുഗ്രഹമാണ്. അതിന്റെ കടമകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രം. അല്ലെങ്കില്‍ അതൊരു ദുരന്തം തന്നെ. മക്കള്‍ മറ്റൊരു അനുഗ്രഹമാണ്. നല്ല നിലയില്‍ വളരുമ്പോള്‍. മറ്റു പ്രവര്‍ത്തികള്‍ അല്ലാഹുവും മനുഷ്യനും തമ്മിലുള്ള വിഷയമാണ്‌. അതെ സമയം സമ്പത്ത് അത് ജനങ്ങളുമായി ബന്ധപ്പെട്ട കാര്യവും. അതില്‍ അല്ലാഹു ഇടപെടാന്‍ സാധ്യത കുറവാണ്. അത് കൊണ്ട് തന്നെ തന്റെ കയ്യിലുള്ള സമ്പത്തില്‍ മറ്റാരുടെയും അവകാശമില്ല എന്ന് വിശ്വാസികള്‍ ഉറപ്പ് വരുത്തണം.

കേരളം ഇപ്പോള്‍ ഒരു ഞെട്ടലിലാണ്. സംസ്ഥാനത്തെ തന്നെ വലിയ വീടിന്റെ ഉടമ ജീവിതം അവസാനിപ്പിച്ച വാര്‍ത്തകള്‍ നാം വായിച്ചു കൊണ്ടിരിക്കുന്നു. ജീവിക്കാന്‍ വേണ്ടി നാം പല മാര്‍ഗവും സ്വീകരിക്കും. പക്ഷെ ജീവിതം മാത്രം ഉണ്ടാവാറില്ല. മനുഷ്യ ജീവിതത്തില്‍ വലിയ സമ്പാദ്യം എന്തെന്ന ചോദ്യത്തിന് സമ്പത്ത് എന്ന് ബുദ്ധിയുള്ളവര്‍ ഉത്തരം പറയില്ല. അത് മനസ്സമാധാനം എന്നെ അവര്‍ പറയൂ. മനസ്സിന് സ്വസ്ഥത നല്‍കാത്ത എന്തും ദുരന്തമായെ അവസാനിക്കൂ. അത് കൊണ്ടാണ് ഐശ്വര്യത്തെ കുറിച്ച് പ്രവാചകന്‍ “ അത് സമ്പത്തിലെ വര്‍ധനവ് അല്ല പകരം മനസ്സിന്റെ ഐശ്വര്യമാണ്” എന്ന് പറഞ്ഞത്. തന്റെ എല്ലാ സമ്പാദ്യവും മനസ്സിന് ഐശ്വര്യം നല്കുന്നതാവണം. മനസ്സിന് ഭാരം ഉണ്ടാക്കുന്ന ഒന്നിനെയും സമ്പാദ്യം എന്ന് പറയാന്‍ കഴിയില്ല.

Also read: ദേഹേഛയെ നിയന്ത്രിക്കുന്ന റമദാൻ

മനുഷ്യന്‍ ഇന്ന് സമ്പത്തിന്റെ തടവറയിലാണ്. സമ്പത്ത് ഉണ്ടാക്കിയ അതിര്‍ വരമ്പുകളില്‍ നിന്നും മുറിച്ചു കടക്കാന്‍ അവനു കഴിയാറില്ല. അന്യന്റെ പട്ടിണി എന്നതിനേക്കാള്‍ കുറഞ്ഞു പോകുന്ന ബാലന്സാണ് പലരുടെയും വിഷയം. എങ്ങിനെയും സമ്പാദിക്കുക എന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മനസ്സില്‍ നിന്നും മാനുഷിക മൂല്യങ്ങള്‍ പടിയിറങ്ങുന്നു. പ്രവാചക സന്നിധിയില്‍ സ്ഥിര സാനിധ്യമാരിയുന്ന സഹാബി പോലും സമ്പത്തിന്റെ അതിപ്രസരം കാരണം പിന്നീട് ഖേദിക്കേണ്ടി വന്ന ചരിത്രം നാം വായിക്കുന്നു. ഖജനാവുകളുടെ താക്കോല്‍ ചുമക്കാന്‍ ഒട്ടകങ്ങളെ വേണ്ടി വന്ന ഖാരൂന്‍ നമ്മുടെ മുന്നില്‍ മറ്റൊരു ചരിത്രമാണ്‌. എല്ലാം സമ്പത്ത് നേടിത്തരും എന്നത് തെറ്റായ ധാരണയാണ്. സമ്പത്ത് കൊണ്ട് നേടാന്‍ ശ്രമിക്കാം. അത് മാന്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ . സമ്പത്ത് പലര്‍ക്കും ഒരു വിഷസര്‍പ്പം പോലെയാണു. പാല്‍ കൊടുത്ത കൈക്ക് തന്നെ കൊത്തുന്ന സര്‍പ്പം. അതില്‍ പലരും അവസാനിക്കുന്നു എന്നത് നമ്മുടെ മുന്നിലെ മറ്റൊരു വര്‍ത്തമാനം.

Related Articles