Current Date

Search
Close this search box.
Search
Close this search box.

ധീര രക്തസാക്ഷി ഖുബൈബ് (റ)

كلمة حق عند سلطان جائر
“ഭാര്യാ സന്താനങ്ങളുടെ കൂടെ ഞാന്‍ സുഖജീവിതം നയിച്ചുകൊണ്ട് മുത്തുനബിക്ക് ഒരുമുള്ള് തറക്കുന്നതുുപോലും എനിക്ക് അസഹ്യമാണ്” (1)

ഇസ് ലാമിനു വേണ്ടി തൂക്കൂമരത്തിലേക്ക് സധൈര്യം നടന്നടുത്ത ധീരരക്തസാക്ഷിയാണ് ഖുബൈബ്(റ). ബദര്‍ യുദ്ധത്തില്‍ പ്രവാചകനൊപ്പം ശക്തമായി നിലകൊണ്ട ഖുബൈബ് ശത്രുക്കളുടെ നോട്ടപ്പുള്ളിയായിത്തീര്‍ന്നു. ഖുറൈശികളുടെ രഹസ്യനീക്കങ്ങള്‍ മനസ്സിലാക്കാന്‍ പ്രവാചകന്‍ ആസിമുബ്നു സാബിത്തിന്റെ നേതൃത്വത്തില്‍ നിയോഗിച്ച പത്തംഗ സംഘത്തില്‍ ഖുബൈബുമുണ്ടായിരുന്നു. നൂറ്കണക്കിന് വില്ലാളിവീരന്മാരടങ്ങുന്ന ശത്രുസൈന്യം അവരെ വളഞ്ഞപ്പോള്‍ മലമുകളിലേക്ക് രക്ഷപ്പെടാനായി ശ്രമിച്ചു. ആസ്വിം ഉള്‍പ്പടെ ഏഴ് പേര്‍ വില്ലാളികളുടെ അമ്പൈത്തില്‍ രക്തസാക്ഷികളായി. ഇറങ്ങിവരുകയാണെങ്കില്‍ സംരക്ഷണം നല്‍കാമെന്ന ശത്രുക്കളുടെ ഉറപ്പിനെ മുഖവിലക്കെടുത്ത് വന്ന ഖുബൈബിനെയും മറ്റുരണ്ടുപേരെയും ശത്രുക്കള്‍ പിടികൂടി. ബദര്‍ യുദ്ധത്തില്‍ ഖുബൈബിന്റെ കരങ്ങളാല്‍ കൊല്ലപ്പെട്ട ഹാരിസുബ്നു ആമിറിന്റെ മക്കള്‍ക്ക് പ്രതികാരം ചെയ്യാനായി കൈമാറി. തന്‍ഈം എന്ന സ്ഥലത്ത് പ്രത്യേകം സുസജ്ജമാക്കിയ തൂക്കുമരത്തിലേക്ക് അദ്ദേഹത്തെ ആനയിച്ചു.

തനിക്ക് ഏറ്റവും പ്രിയങ്കരമായ നമസ്കാരം ഇനി സാധ്യമല്ലെന്ന് ഓര്‍ത്ത് അദ്ദേഹം രണ്ടു റകഅത്ത് നമസ്കരിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ അന്ത്യാഭിലാഷം എന്നര്‍ഥത്തില്‍ അവര്‍ അതിന് സമ്മതിച്ചു. മനസ്സാന്നിധ്യത്തോടെ രണ്ടു റകഅത്ത് നമസ്കരിച്ചു. വീണ്ടും നമസ്കരിക്കാനുള്ള മോഹമുണ്ടായിരുന്നു. തൂക്കിലേറ്റാന്‍ തയ്യാറായി നില്‍ക്കുന്നവരെ നോക്കി അദ്ദേഹം ഇപ്രകാരം പറഞ്ഞു. “എനിക്കു മരണഭയമാണെന്ന് നിങ്ങള്‍ ധരിച്ചുകളയും…ഇല്ലെങ്കില്‍ ഞാന്‍ ഇനിയും നമസ്കരിക്കുമായിരുന്നു”.(2)

Also read: റമദാനിന്റെ പ്രത്യേകതയും ദുൽഖർനൈനും

തുടര്‍ന്ന് തൂക്കുമരത്തിനു മുമ്പില്‍ ഉണര്‍ത്തുപാട്ടെന്നോണം ചരിത്രപ്രസിദ്ധമായ ഈരടികള്‍ അദ്ദേഹം പാടി.
“അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുസ് ലിമായി വധിക്കപ്പെടുമ്പോള്‍ അത് ഏതുരൂപത്തിലായാലും എനിക്ക് പ്രശ്നമില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ ചിന്നിച്ചിതറിയ അവയവങ്ങളെ അവന്‍ അനുഗ്രഹിക്കും”.(3)

നേരത്തെ സജ്ജമാക്കിയ ഈന്തപ്പനക്കുരിശില്‍ ഖുബൈബിനെ വരിഞ്ഞുമുറുക്കി.അമ്പുകള്‍ അദ്ദേഹത്തിന് നേരെ ചീറിപ്പാഞ്ഞു. ഈ സമയം ശത്രുക്കളുടെ നേതാവ് അബൂസുഫ് യാന്‍ ഖുബൈബിനെസമീപിച്ചു ചോദിച്ചു. ഈ സ്ഥാനത്ത് മുഹമ്മദും നീ സുരക്ഷിതനായി വീട്ടിലും ഇരിക്കണമെന്ന് കരുതുന്നുണ്ടോ…
ഖുബൈബ് ദൃഢസ്വരത്തില്‍ മറുപടി പറഞ്ഞു. “ഭാര്യാ സന്താനങ്ങളുടെ കൂടെ ഞാന്‍ സുഖജീവിതം നയിച്ചുകൊണ്ട് മുത്തുനബിക്ക് ഒരുമുള്ള് തറക്കുന്നതുുപോലും എനിക്ക് അസഹ്യമാണ്”…(4)

ഖുബൈബിന്റെ പ്രഖ്യാപനം കേട്ട് അസഹ്യനായ അബൂസുഫ് യാന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു.
“ദൈവം സത്യം…മുഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ സ്നേഹിക്കുന്നത് പോലെ ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ സ്നേഹിക്കുന്നത് ‍ഞാന്‍ കണ്ടിട്ടില്ല”.(5)

==============
والله ما أحب أن محمدا الآن في مكانه الذي هو فيه تصيبه شوكة تؤذيه وإني جالس في أهلي  ( 1

2)  دعوني أصلي” فصلى ركعتين في موضع مسجد التنعيم وقال للكفار: “لولا أنكم تظنون أنني أخشى الموت بالزيادة، لزدت صليت ركعتين أخريين” لكنه اكتفى بهاتين الركعتين.

فلست أبالي حين أقتل مسلماً * على أي شقٍ كان لله مصرعي  (3
وذلك في ذات الإله وإن يشأ * يبارك على أوصال شلو ممزعِ

4)  فقال له أبو سفيان حين قدم ليقتل أتحب أن محمدا عندنا الآن مكانك نضرب عنقه ، وأنك في أهلك ؟ قال : والله ما.4 أحب أن محمدا الآن في مكانه الذي هو فيه تصيبه شوكة تؤذيه وإني جالس في أهلي

5) يقول أبو سفيان : ما رأيت من الناس أحدا يحب أحدا كحب أصحاب محمد محمدا

Related Articles