Current Date

Search
Close this search box.
Search
Close this search box.

ക്ലാസ്സ്‌റൂം മുതൽ പ്രാർത്ഥനാമുറി വരെ വിദ്വേഷം അലയടിക്കുമ്പോൾ എവിടെയാണ് പ്രതീക്ഷകൾ മുളപൊട്ടുക

പതിറ്റാണ്ടുകൾക്ക് മുമ്പ് 1975 ലെ രസകരമായ ഒരു ഹോളി ദിവസം എന്റെ അച്ചന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നുണ്ട്. അത്യധികം ആഹ്ലാദഭരിതമായ ആ ദിവസത്തിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് കടകൾക്ക് പുറത്ത് തൂക്കിയിടുന്ന ശോഭ നിറഞ്ഞതും വർണ്ണാഭവുമായ പിച്കാരികൾ (വാട്ടർ ഗൺ). ഹോളി പ്രമാണിച്ച് ആഴ്ചകളോളം പുറത്ത് തൂക്കിയിടുന്ന പിച്കാരികൾ വാങ്ങാൻ എല്ലാവർക്കും അതിയായ ആഗ്രഹമുണ്ടാകും. കടയുടമയോട് ചോദിച്ചപ്പോൾ ഒന്നിന് ഏഴ് രൂപ വരുമെന്നാണ് പറഞ്ഞത്.

വ്യക്തിഗത സമ്പാദ്യവും ഒരു സുഹൃത്തിൽ നിന്ന് വായ്പ വാങ്ങിയ തുകയും കൂട്ടിനോക്കുമ്പോൾ ഏകദേശം 2 രൂപയാണുള്ളത്. എന്റെ പിതാവിന് ഇപ്പോഴും 5 രൂപ കുറവാണ്. അദ്ദേഹം എന്നോട് പറഞ്ഞു :“ഹോളിക്ക് ഒരാഴ്ച മുമ്പ് ഞാൻ എന്റെ സുഹൃത്ത് ആരിഫിനൊപ്പം കളിക്കാൻ പോയിരുന്നു. അവന്റെ അച്ഛനും അമ്മാവന്മാരും പച്ചക്കറി വിൽപ്പനക്കാരായ ഒരു മുസ്ലിം കൂട്ടുകുടുംബമാണ്. അവർ മുസ്ലീംകൾ അധിവസിക്കുന്ന ചേരിപ്രദേശത്താണ് താമസിച്ചിരുന്നത്. “ഞങ്ങൾ എല്ലാവരും ഹോളിയെക്കുറിച്ച് ആലോചിച്ച് വളരെ ആവേശത്തിലായിരുന്നു. ഈ ഹോളിക്ക് ഞാൻ വാങ്ങാൻ ആഗ്രഹിച്ചത് ആ കൊതിയൂറുന്ന പിച്ക്കാരി മാത്രമാണെന്ന് ആരിഫിനോട് പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. പക്ഷേ എനിക്ക് അപ്പോഴും ആവശ്യത്തിന് പണമില്ലായിരുന്നു. ഇത് വളരെ ചെലവേറിയതാണെന്നും നമ്മുക്ക് പിച്ക്കാരിയില്ലാതെ കളിക്കാമെന്നും ആരിഫ് എന്നോട് ന്യായവാദം ചെയ്യാൻ ശ്രമിച്ചു. പക്ഷെ ഞാൻ എന്റെ ആഗ്രഹത്തിൽ ഉറച്ചു നിന്നു. ഞങ്ങൾ പരസ്പരം സംസാരിച്ച് ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം ഞാൻ വീട്ടിലേക്ക് പോയി.

എന്റെ അച്ഛൻ തുടർന്നു “ഹോളിക്ക് രണ്ട് ദിവസം മുമ്പ് ആരിഫ് എന്റെ വീട്ടിലേക്ക് ഓടിവന്ന് എന്നെ പുറത്തേക്ക് വിളിച്ചു കൊണ്ട് പോയി. ആ മണ്ടൻ പിച്ക്കരി നിനക്ക് വാങ്ങി വരാം എന്ന് പറഞ്ഞു. എന്റെ കയ്യിൽ പണമില്ലെന്ന് ഞാൻ അവനെ ഓർമ്മിപ്പിച്ചപ്പോൾ മറുപടിയായി നാണയത്തുട്ടുകൾ ഞെക്കിക്കൊണ്ട് അവൻ പോക്കറ്റിൽ തപ്പി. അവൻ എന്നെ ഒന്ന് നോക്കി അതിൽ 1 രൂപ, 50 പൈസ, 25 പൈസയുടെ നാണയങ്ങൾ ഉണ്ടായിരുന്നു. അവന്റെ അടുത്ത് പണം കണ്ട് ആശയക്കുഴപ്പത്തിലായ ഞാൻ അവന് പണം എവിടെ നിന്ന് ലഭിച്ചുവെന്ന് ചോദിച്ചു. അവൻ അത് അവന്റെ മുത്തശ്ശിയിൽ നിന്ന് വാങ്ങിയതാണെന്ന് മറുപടി നൽകി. ഞങ്ങൾ പിച്ക്കരി കണ്ട കടയിലേക്ക് അവൻ എന്നെ വലിച്ചിഴച്ചു. ഞാൻ വീണ്ടും അവനോട് ചോദിച്ചു, “നിങ്ങളുടെ മുത്തശ്ശി നിങ്ങൾക്ക് പണം തന്നതാണോ?.” അപ്പോഴാണ് ആരിഫ് സത്യം വെളിപ്പെടുത്തിയത്. അവർ എനിക്ക് തന്നതല്ല അവർക്ക് പൈസ സൂക്ഷിക്കാൻ ഒരു പൊട്ട്ലി (പാത്രം) ഉണ്ട്.അതിൽ സകാത്തിനായി സൂക്ഷിച്ചു വെച്ചിട്ടുള്ള സമ്പത്തും ഹജ്ജ് തീർത്ഥാടനത്തിനായി ശേഖരിച്ച പൈസയും ഉണ്ടായിരുന്നു. ഞാൻ അത് അവിടെ നിന്ന് മോഷ്ടിച്ചു.” വികാരഭരിതനായി ഞാൻ അവനോട് ചോദിച്ചു: ‘അല്ലാഹു നിന്നോട് ദേഷ്യപ്പെടില്ലേ?’ അവൻ കണ്ണടച്ച് അത് അവൻ മനസ്സിലാക്കിയുട്ടെന്ന് അറിയിച്ചു.

ഈ കഥ മുസാഫർനഗറിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള ലഖ്‌നൗവിൽ നടന്നതാണ്. അവിടെയാണ് ഒരു അധ്യാപിക തന്റെ വിദ്യാർത്ഥികളോട് മുസ്ലീം സഹപാഠിയായ സുഹൃത്തിനെ തല്ലാൻ ആവശ്യപ്പെടുന്ന ഭയാനകമായ വീഡിയോ അടുത്തിടെ വൈറലായത്. “നീ എന്തിനാ അവനെ ഇത്ര ലാഘവത്തോടെ അടിക്കുന്നത്? അവനെ ശക്തമായി അടിക്കുക, അവന്റെ മുഖം ചുവന്നു തുടുക്കട്ടെ, അവന്റെ അരയിലും ആഞ്ഞ് അടിക്കുക” എന്ന് അതീവ അമർഷത്തോടെയാണ് ടീച്ചർ ആക്രോശിച്ചത്. അവന്റെ സഹപാഠികളോട് അവനെ കഠിനമായി അടിക്കാൻ കൽപ്പിക്കുന്നു , എന്നിട്ട് അവനെ ക്ലാസ്സിന് മുന്നിൽ നിർത്തി, അവന്റെ അന്തസ്സ് തകർന്ന ആ നിമിഷം അവന്റെ കവിളിലൂടെ കണ്ണുനീർ ഒഴുകി. അധ്യാപകൻ വർഗീയ അധിക്ഷേപങ്ങൾ നടത്തുന്ന സമയത്ത് അവിടെയുണ്ടായിരുന്ന ഒരു സ്റ്റാഫ് അസ്വസ്ഥമായ ഒരു ചിരിയോടെ എല്ലാം രേഖപ്പെടുത്തുന്നുണ്ടായിരുന്നു.

എന്തിനാണ് അധ്യാപികയായ ത്രിപ്ത ത്യാഗി നിങ്ങളുടെ സഹപാഠിയെ തല്ലാൻ പ്രേരിപ്പിച്ചത് എന്ന് ചോദിച്ച് വന്ന മീഡിയയോട് എനിക്കറിയില്ലാ എന്നാണ് അവൻ പ്രതികരിച്ചത്. ഗുണനപ്പട്ടിക തെറ്റിപ്പോയത് ചൂണ്ടിക്കാട്ടി അവനെ ദുരുപയോഗം ചെയ്യുകയാണെന്ന് അവന് അറിയാമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിദ്വേഷ കുറ്റകൃത്യത്തിന്റെ ഭാഗമായാണ് അവനെ അപമാനിച്ചതെന്ന് അവന്റെ കുഞ്ഞു ഹൃദയം മനസ്സിലാക്കിയിട്ടുണ്ടാവണം. പക്ഷെ അത് വാക്കുകളിൽ വിവരിക്കാൻ കഴിയാത്തത്ര ആഴത്തിൽ അവനെ കുത്തി നോവിക്കുന്നുണ്ടാവും. ഒരു പക്ഷേ ഇന്നത്തെ ഇന്ത്യയിലെ ഓരോ മുസ്ലീം കുട്ടിയും മതന്യൂനപക്ഷ വിഭാഗത്തിൽ പെട്ടവനാണ് താനെന്ന ബോധം ഉൾകൊള്ളാൻ സ്വയം നിർബന്ധിതരാവുകയാണ്. രാഷ്ട്രീയത്തെയും അതിന്റെ പദപ്രയോഗങ്ങളെയും കുറിച്ച് എത്രമാത്രം അജ്ഞരാണെങ്കിലും ആ യുവഹൃദയങ്ങൾ അവരുടെ സ്വത്വത്തിന് വിഘാതമായി നിഴലിക്കുന്ന ആപത്തുകൾ മനസ്സിലാക്കുന്നുണ്ട്. അവരുടെ നിലനിൽപ്പിന് നേരെയുള്ള ആക്രമണങ്ങളെ കുറിച്ച് അവർക്ക് ക്രിത്യമായ അവബോധമുണ്ട്. ബിൽക്കിസ് ബാനുവിന്റെ മൂന്ന് വയസ്സുള്ള മകളെ കല്ലിൽ അടിച്ച് കൊന്ന് കളഞ്ഞ സംഭവം തന്നെ വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിക്കുന്നുണ്ട്.

ഹൃദയത്തിന് അങ്ങേയറ്റം സംഭ്രമമുണ്ടാക്കുന്നുണ്ടെങ്കിലും നേഹ പബ്ലിക് സ്കൂളിന്റെ ചുവരുകൾക്കുള്ളിൽ നടമാടിയ ആ രംഗം വിദ്വേഷം എന്ന കലയുടെ ഒരു ശകലം മാത്രമാണ്. ക്ലാസ് റൂമുകൾ ഇന്ന് വെറുപ്പിന്റെ നാടകം നടക്കുന്ന ഒരു സ്റ്റേജ് മാത്രമാണ്. അതിന്റെ തിരശ്ശീലകൾക്ക് പിന്നിൽ അതിലും വലിയ വളരെ മോശമായ തിരക്കഥകൾ രചിക്കപ്പെട്ട് കൊണ്ടിരിക്കുന്നു. മുസ്ലീം ആൺകുട്ടിയെ അടിക്കാൻ സഹപഠികളോട് ആഹ്വാനം ചെയ്ത വീഡിയോയുടെ തിരശ്ശീലയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന വലിയൊരു സമൂഹം തന്നെയുണ്ട്.

വംശീയ വിദ്വേശം പടച്ചുവിടുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഇന്ത്യയിലെ മാധ്യമങ്ങളാണ്. ടിവി അവതാരകർ തങ്ങളുടെ പ്രേക്ഷകരുടെ മനസ്സാക്ഷിയിൽ വെറുപ്പും ദേഷ്യവും പ്രക്ഷേപണം ചെയ്യുന്നതിനായി ന്യൂസ് റൂമുകളിലിരുന്ന് അലറി വിളിക്കുകയാണ്. ഒരു വിഭാഗത്തെ വെറുക്കുന്നവരും മതഭ്രാന്തന്മാരും ആൾക്കൂട്ടക്കൊലപാതകങ്ങളുമാക്കി മാറ്റുന്നു. ഓരോ ഭൂരിപക്ഷ ഭരണത്തിനുമെതിരെ ഒരു സാങ്കൽപ്പിക ശത്രുവിനെ അവർ കെട്ടിച്ചമയ്ക്കുകയും ലേബൽ ചെയ്യുകയും കണ്ടെത്തുകയും ചെയ്യുന്നു. തുടർന്ന് അതിനോട് പുച്ഛം പ്രകടിപ്പിച്ച് ഈ ശത്രുവിനെ ഉന്മൂലനം ചെയ്യാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

രണ്ടാമത്തേത്, മുസ്‌ലിംകളോടുള്ള വിദ്വേഷം പാചകം ചെയ്തത് ആസ്വദിച്ച് അവരെ ആക്രമിക്കാൻ വിശന്നിരിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളാണ്. റാലികൾ നടത്തുകയും മുസ്‌ലിം പ്രദേശങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തി ഗോവധത്തിന്റെ പേരിൽ അവരെ കൊലപ്പെടുത്തുകയും ചെയ്യുന്നവരാണവർ. ഇസ്ലാമോഫോബിക് സന്ദേശങ്ങൾ വാട്ട്സ് ആപിലൂടെ പ്രചരിപ്പിച്ച് മുസ്ലിമിനെ തങ്ങളുടെ കുടിയാനാകാൻ അനുവദിക്കാത്ത വിധത്തിൽ അതീവ സൂക്ഷ്മമായി അവരെ ഒഴിവാക്കുകയാണ്. അവരോടുള്ള വിദ്വേഷം പ്രകടിപ്പിക്കാൻ അവസരം കാത്ത് നിൽക്കുന്ന ഈ ജനക്കൂട്ടം വംശഹത്യയുടെ തന്ത്രങ്ങൾ മെനയുന്നതിനായി മീറ്റിംഗുകളും രഹസ്യയോഗങ്ങളും നടത്തുന്നുണ്ട്. അതിന് അവർക്ക് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്നതാണ് വാസ്തവം.

നിർഭാഗ്യവശാൽ നിയമപാലകരുടെ ആണിക്കല്ലായ പോലീസ് വംശഹത്യയ്ക്ക് സാധ്യമായ സഹായങ്ങൾ നൽകുന്ന വേദനാജനകമായ അവസ്ഥയാണ് നിലവിലുള്ളത്. അക്രമങ്ങൾക്ക് മുന്നിൽ മൗനംപാലിച്ച് നിൽക്കുന്നില്ലെന്ന് വരുത്തിത്തീർക്കാൻ ഇടയ്ക്കിടെ മുസ്‌ലിംകൾക്കെതിരായ അക്രമ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ഈ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ഇരകളെ പിടികൂടുകയും അവസാനം അവരെ രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്യുന്നു. അത്തരം സംഭവങ്ങൾ നിരന്തരമായി സംഭവിക്കുന്നത് പോലീസ് സേനയുടെ സത്യസന്ധതയിൽ സംശയത്തിന്റെ നിഴൽ വീഴ്ത്തുന്നുണ്ട്.

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ചുമതല ഏൽപ്പിക്കപ്പെട്ട ജുഡീഷ്യറിയാണ് ഈ ശൃംഖലയിൽ നാലാമതായി വരുന്നത്.2002ലെ ഗുജറാത്ത് വംശഹത്യയിൽ ബിജെപി നേതാവ് മായാ കൊദ്‌നാനിയുടെ ശിക്ഷ കോടതി റദ്ദാക്കിയപ്പോൾ ,ഗർഭിണിയായ മുസ്ലീം സ്ത്രീയുടെ ഗർഭപാത്രം പറിച്ചെടുക്കുകയും ഭ്രൂണത്തെ വാളുകൊണ്ട് വലിച്ചെറിയുകയും ചെയ്തുവെന്ന് വീമ്പിളക്കിയ ഹിന്ദുത്വവാദിയായ ബാബു ബജ്രംഗിയുടെ ശിക്ഷയിൽ ഇളവ് ലഭിക്കുമ്പോൾ, സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തിൽ പ്രതികളായ എല്ലാവരെയും പ്രത്യേക കോടതി കുറ്റവിമുക്തരാക്കുമ്പോൾ, ബാബറി മസ്ജിദ് തകർത്ത് 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലെ പരമോന്നത കോടതി ക്ഷേത്രം പണിയാൻ ഭൂമി അനുവദിച്ചപ്പോൾ, ഒരു പ്രത്യേക കോടതി ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രതികളെയും വെറുതെ വിടുമ്പോൾ ഇന്ത്യയിലെ മുസ്ലീങ്ങൾ നേരിടുന്ന ഭീകരതയും അരക്ഷിതാവസ്ഥയും ഒരാൾക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ശിരോവസ്ത്രം സ്ത്രീകൾക്ക് അവിഭാജ്യമല്ല എന്ന കോടതി വിധിക്കെതിരെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് തങ്ങളെ ശിക്ഷിക്കുകയാണെന്ന് ഉയർത്തിക്കാട്ടി ഉത്തർപ്രദേശിലെ മുസ്ലീങ്ങൾ നൽകിയ ഹർജിയോട് 2022 ൽ സുപ്രീം കോടതിയിൽ നിന്ന് അത്തരം കാര്യങ്ങൾ തടയാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് സ്‌കൂളിൽ പോകുന്നത് വിലക്കുന്നത് വർധിച്ചുവരുന്ന സമകാലിക പശ്ചാത്തലത്തിൽ ജുഡീഷ്യറി മോദി സർക്കാരിന്റെ ഒരു ഉപകരണമായി മാറിയോ എന്ന ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. സുപ്രീം കോതിയിൽ നിന്ന് ഉയരുന്ന മുസ്ലീം വിരുദ്ധ വിധികളുടെ നീണ്ട പരമ്പര തന്നെ കോടതികൾ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്തുണക്കുന്നതിനെയും മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലെ പരാജയത്തെയും അടിവരയിടുന്നുണ്ട്.

ഇന്ത്യയിലെ നിലവിലുള്ള അടിച്ചമർത്തലിൽ നിന്ന് ബോധപൂർവ്വം മാറിനിന്ന് അടിച്ചമർത്തുന്നവർക്ക് കൂടുതൽ സൗകര്യങ്ങൾ നൽകി നിശബ്ദമായി നിൽക്കുന്ന നിസ്സംഗരായ ജനക്കൂട്ടമാണ് ആ കൊച്ചുകുട്ടിയെ തല്ലാൻ ഇനി സന്നദ്ധരാകുക. കാലത്തിന്റെ ഇടനാഴികളിൽ പ്രതിധ്വനിക്കുന്ന ഡാന്റേയുടെ ഇൻഫെർണോയിൽ നിന്നുള്ള വാക്കുകൾ ഓർമ്മിപ്പിക്കുന്നതും സമാനമായ രംഗമാണ്. “നരകത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങൾ ധാർമ്മിക പ്രതിസന്ധിയുടെ കാലത്ത് നിഷ്പക്ഷത കാത്തുസൂക്ഷിക്കുന്നവർക്കായി നീക്കിവച്ചിരിക്കുന്നു” എന്നാണ് ഡാന്റേ നിരീക്ഷിച്ചത്. രാഷ്‌ട്രീയവും സാമൂഹികവും സാമ്പത്തികവുമായ അസ്വാസ്ഥ്യങ്ങളുടെ ചുരുളഴിയുമ്പോൾ നമ്മുടെ സമൂഹം ഇന്ന് അങ്ങേയറ്റം ധാർമ്മിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ടെന്ന കാര്യം അവിതർക്കിതമാണ്. നമ്മുടെ രാജ്യത്ത് കാലങ്ങളായി നിലനിൽക്കുന്ന ധാർമ്മിക സ്വത്വത്തിന് വിള്ളൽ വീഴുമ്പോൾ അത്തരം അനീതികൾ അരങ്ങേറുന്നത് അംഗീകരിക്കാതെ അതിക്രമങ്ങൾക്ക് മുന്നിൽ നിശബ്ദമായി കഴിയുന്നത് ഭാവി തലമുറ ഉന്നയിക്കുന്ന ചോദ്യങ്ങളോട് പ്രതികരിക്കാൻ കഴിയാതെ അശ്രദ്ധമായി നമ്മുടെ നിലപാട് അടയാളപ്പെടുത്തേണ്ടി വരും.

നാസി ജർമ്മനിയിൽ വംശീയ അശുദ്ധിയെക്കുറിച്ചുള്ള പാഠങ്ങൾക്കിടയിൽ അധ്യാപകർ ജൂത വിദ്യാർത്ഥികളെ ക്ലാസിന് മുന്നിൽ നിർത്തി അവരുടെ കണ്ണുകൾ, ചെവി, മുക്ക് , വായ, മുടി എന്നിവ ചൂണ്ടിക്കാണിച്ച് നാസി ജനതയുടെ അവയവങ്ങളുമായി താരതമ്യപ്പെടുത്തി. മുസാഫർനഗർ സംഭവം 1930 കളിൽ ജർമ്മനിയിൽ ചിത്രീകരിച്ച ഒരു ഫോട്ടോയെയാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്. അന്ന് രണ്ട് ജൂത ആൺകുട്ടികളെ ക്ലാസിന് മുന്നിൽ നിർത്തി അപമാനിക്കുകയായിരുന്നു. അവരുടെ പിന്നിലെ ബ്ലാക്ക് ബോർഡിൽ ‘ജൂതൻ നമ്മുടെ ഏറ്റവും വലിയ ശത്രുവാണ്, ജൂതനെ സൂക്ഷിക്കുക’ എന്ന് എഴുതി വെച്ചിരുന്നു. ആ ക്ലാസ്സ്‌മുറിയിലെ എല്ലാ യഹൂദേതര വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെ നിശബ്ദതയാണ് അവരുടെ കുട്ടികളിൽ നിന്ന് മനുഷ്യത്വം ഉരിഞ്ഞെടുത്തത്.

തങ്ങളുടെ സുഹൃത്തിനെ തല്ലാൻ ആവശ്യപ്പെട്ട എല്ലാ അമുസ്‌ലിം വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ഗുജറാത്തിലെ ശ്രീ കെ.ടി പട്ടേൽ സ്മൃതി വിദ്യാലയത്തിലെ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ അർണസ്ബാനുവിന്റെ സഹപാഠികളുടെ മാതാപിതാക്കളുടെയും മൗനം അങ്ങനെയായിരിക്കും. മറ്റെല്ലാ ടോപ്പർമാർക്കും അവാർഡ് നൽകുമ്പോൾ അവളെ ആദരിക്കാൻ മാത്രം സ്കൂൾ അധികൃതർ വിസമ്മതിച്ചു.

ഈ നിശ്ശബ്ദതയുടെ പാപങ്ങൾ നിർദാക്ഷിണ്യം രേഖപ്പെടുത്താൻ കാലം ഇനിയും വിധിക്കപ്പെടുന്നു. ആൻ ഫ്രാങ്കും അവളുടെ സുഹൃത്തുക്കളും കൊലചെയ്യപ്പെട്ടപ്പോഴും സമാനമായ അവസ്ഥയായിരുന്നു. ഹന്നാ ഗോസ്‌ലറിന്റെ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പായ മൈ ഫ്രണ്ട് ആൻ ഫ്രാങ്കിൽ മറ്റൊരു കഥ പറയുന്നുണ്ട്. ഒരിക്കൽ പ്രിയ സുഹൃത്തായിരുന്ന ലൂസി പിന്നീട് നാസി യുവജന സംഘത്തിൽ ചേരുകയും ജൂത കുട്ടികളുമായുള്ള സൗഹൃദം വിച്ഛേദിക്കുകയും ചെയ്തു.“ലൂസിയുടെ മാതാപിതാക്കൾ ഡച്ച് നാസി പാർട്ടിയായ എൻഎസ്‌ബിയിൽ ചേർന്നുവെന്നറിഞ്ഞപ്പോൾ ഞാനും ആനും ഞെട്ടിപ്പോയി. അന്ന് ലൂസി ഞങ്ങളെ അവളുടെ ജന്മദിന പാർട്ടികൾക്ക് ക്ഷണിക്കുന്നത് അവസാനിപ്പിച്ചിരുന്നു. അതിന്റെ കാരണം എന്താണെന്ന് അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. ലൂസി കുറച്ചുകാലം നാസി യൂത്ത് ഗ്രൂപ്പായ യൂത്ത് സ്റ്റോമിൽ ചേർന്നുവെന്ന് ഞങ്ങൾ മനസ്സിലാക്കി. മുട്ടോളം നീളമുള്ള ബെൽറ്റുള്ള കറുത്ത പാവാട, ചുവന്ന ടോപ്പുള്ള കറുത്ത തൊപ്പി, നീളൻ കൈയുള്ള ആകാശ നീല ബട്ടൺ ഡൗൺ ഷർട്ട് ധരിച്ച് യൂണിഫോമിൽ ഒരിക്കൽ ഞാൻ അവളെ അയൽപക്കത്ത് കണ്ടു. അവൾ എന്നെ കണ്ടോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഹലോ പറയാൻ നിൽക്കാതെ ഞാൻ വേഗം പോയി.

നേഹ പബ്ലിക് സ്കൂൾ സീൽ ചെയ്യാതെ അടുത്ത ദിവസം തുറന്ന് പ്രവർത്തിക്കുകയാണെങ്കിൽ ആ മുസ്ലീം ആൺകുട്ടിയുടെ ഉറ്റസുഹൃത്ത് ക്ലാസിൽ തിരിച്ചെത്തി തന്റെ സുഹൃത്തിന്റെ സീറ്റ് കാലിയായി കിടക്കുന്നത് കണ്ടാൽ അവന്റെ മനസ്സിൽ എന്തെല്ലാം ചിന്തകളാകും കടന്നുവരുക? അങ്ങനെ ഉണ്ടായാൽ വളരെ ചെറുപ്പത്തിൽ തന്നെ വെറുപ്പിന്റെ ശക്തിയും ആഗാധവും അവൻ പഠിക്കുമെന്ന കാര്യം ഉറപ്പാണ്. ഗോസ്ലറുടെ വാക്കുകൾ സമാനമായ ഒരു വേദനയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് “ഞാൻ സ്കൂളിൽ വന്ന ആദ്യ ദിവസം ആനിന്റെ സീറ്റ് ശൂന്യമാണെന്ന് കണ്ടപ്പോൾ ഒരു കത്തി എന്റെ ഹൃദയത്തിൽ കയറിയതുപോലെ എനിക്ക് തോന്നി. മറ്റ് നിരവധി സീറ്റുകളും അന്ന് കാലിയായിരുന്നു. ഓരോ ദിവസവും കൂടുതൽ വിദ്യാർത്ഥികളെ കാണാതാവുന്നതായി തോന്നി. ആ ദിവസം ക്ലാസിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾ രോഗിയായിരുന്നോ അതോ അവരുടെ കുടുംബത്തെ നാടുകടത്തിയതാണോ അതോ ആ സുഹൃത്ത് ഒളിവിൽ പോയതാണോ എന്ന് ഞങ്ങൾക്കറിയില്ല. ഞങ്ങളുടെ ക്ലാസ് മുറിയിൽ എത്തുമ്പോൾ ഞങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് ഒരിക്കലും അറിയാതിരിക്കുന്ന അവസ്ഥയിൽ ആത്മവീര്യം നിലനിർത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നി.

മധ്യപ്രദേശിൽ നിന്നുള്ള ഒരു വീഡിയോയിൽ 12 വയസ്സുള്ള ഒരു മുസ്ലീം ആൺകുട്ടി കഠിനമായി കരയുന്നത് കാണാം. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ അവന്റെ വസ്ത്രം വലിച്ചൂരി മതപരമായ മുദ്രാവാക്യങ്ങളും ഹിന്ദുസ്ഥാൻ സിന്ദാബാദ് പോലുള്ള മുദ്രാവാക്യങ്ങളും വിളിക്കാൻ അവനെ നിർബന്ധിക്കുമ്പോൾ ഭയത്താൽ അവൻ അവന്റെ വസ്ത്രത്തെ മുറുകെ പിടിക്കുന്ന അതിധാരുണമായ രംഗമാണത്. 1941-ലെ നാസി ജർമ്മൻ കുട്ടികൾ മുറിവേറ്റ ജൂത സ്ത്രീയെ പിന്തുടരുന്ന കുപ്രസിദ്ധമായ ചിത്രത്തിന് മുന്നിൽ ഒരാൾക്കും കണ്ണടച്ച് ഇരുട്ടാക്കാൻ സാധിക്കില്ല. കാലം എത്ര പുരോഗമിച്ചാലും എത്ര ഗതിവിഗതികൾക്ക് ലോകം സാക്ഷ്യം വഹിച്ചാലും വെറുപ്പിന്റെ രാഷ്ട്രീയം യുവ ഹൃദയങ്ങളെ ആവരണം ചെയ്യുന്നത് അത്യധികം ആഴത്തിലാണെന്നതിന്റെ നിദാന്ത ധർശനമാണ് ഈ രണ്ട് സംഭവങ്ങളും.

ഖലീൽ ജിബ്രാൻ ഒരിക്കൽ എഴുതി : മഞ്ഞിനു താഴെ സ്വപ്നം കാണുന്ന വിത്തുകൾ പോലെ നിങ്ങളുടെ ഹൃദയം വസന്തത്തെ സ്വപ്നം കാണുന്നു. മഞ്ഞുമൂടിയ വിദ്വേഷത്തിന്റെ കനത്ത പാളികൾക്കടിയിൽ ഉറങ്ങുന്നതോ കുഴിച്ചിട്ടതോ ആയ കുഞ്ഞുവിത്തുകളാണ് കുട്ടികൾ. അങ്ങേയറ്റം ദുഷ്കരമായ ഈ കാലത്ത് വസന്തമായി കുട്ടികൾ ഉയർന്ന് വരുന്നത് പുതു പ്രതീക്ഷയാണ്. തെരുവുകൾ വർഗീയ വിദ്വേഷത്താൽ ജ്വലിക്കുകയാണ്. കത്തുന്ന തെരുവുകളിലെ അന്തേവാസികൾ തണുത്തുറഞ്ഞ് കിടക്കുകയാണ്. അവരുടെ മരണം ആഗ്രഹിച്ച് പത്തി വിടർത്തി നിന്ന് വിഷം ചീറ്റുന്ന ഒരു സമൂഹം അവരുടെ നിഴലായുണ്ട്. ഇന്ന് നിരന്തരമായി വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളുടെ തണലിരുന്ന് തകർന്ന ഹൃദയത്തോടെയാണ് നവലോകത്തെ സ്വപ്നം കാണേണ്ടി വരുന്നത്. വളർന്ന് വരുന്ന ഈ കുഞ്ഞുങ്ങളിലൂടെയാണ് പുതിയൊരു ലോകക്രമം സാധ്യമാകൂ എന്നതിനാൽ അവരിലൂടെ വേണം സ്വപ്നം കാണാൻ.

വിവ : നിയാസ് പാലക്കൽ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles