Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ എന്ത് നടക്കുന്നു ?

കാശ്മീരിൽ ഇപ്പോൾ എന്ത് നടക്കുന്നു എന്നത് പുറം ലോകം അറിയാതെ പോകുന്നു. വിദേശ വാർത്താ ചാനലുകൾ പുറത്തു വിടുന്ന വിവരങ്ങൾ അതീവ ഗുരുതരമാണ്. പല ഗ്രാമങ്ങളും സന്ദർശിച്ച ബി ബി സി ലേഖകൻ നൽകുന്ന വിവരം അത്ര നല്ലതല്ല. സുരക്ഷാ സൈനികർ വടി കൊണ്ടും കേബിൾ കൊണ്ടും പീഡിപ്പിച്ച അടയാളങ്ങൾ പലരും കാണിച്ചു കൊടുത്തത് അദ്ദേഹം ബി ബി സി യുടെ സൈറ്റിൽ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കേട്ടുകേൾവിയില്ലാത്ത നിരോധനങ്ങളാണ് ഭരണ കൂടം ഏർപ്പെടുത്തിയിട്ടുള്ളത്. പ്രദേശത്തു സൈനികരുടെ എണ്ണവും കൂടുതലാണ്. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളടക്കം ഏകദേശം മുവ്വായിരം പേര് അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണു കണക്ക്. അതിൽ ചിലരെ സംസ്ഥാനത്തിന്റെ പുറത്തേക്കു മാറ്റിയിട്ടുണ്ട് എന്നും പറയപ്പെടുന്നു ” ഞങ്ങളെ തല്ലരുത്, ഞങ്ങളെ വെടിവയ്ക്കുക” എന്നാണത്രെ ജനം സൈനികരോട് പറയുന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ” കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യാ വിരുദ്ധ തീവ്രവാദ കേന്ദ്രമായി മാറിയ തെക്കൻ ജില്ലകളിലെ അര ഡസൻ ഗ്രാമങ്ങളെങ്കിലും ഞാൻ സന്ദർശിച്ചു. നൈറ്റ് റെയ്ഡുകൾ, മർദ്ദനങ്ങൾ, പീഡനങ്ങൾ എന്നിവയെ കുറിച്ച് സമാനമായ വിവരണങ്ങൾ ഈ ഗ്രാമങ്ങളിലെ നിരവധി ആളുകളിൽ നിന്ന് ഞാൻ കേട്ടു.” എന്നാണു ബി ബി സി ലേഖകൻ പറയുന്നത്. പൊതു പ്രവർത്തകരും സന്നദ്ധ സേവകരും ഡോക്ടർമാരും കാര്യങ്ങൾ തുറന്നു പറയുന്നതിൽ ഭയം കാണിക്കുന്നു. പക്ഷെ ആളുകൾ നേരിൽ തന്നെ അവരുടെ ദേഹത്ത് പറ്റിയ മുറിവുകൾ കാണിച്ചു തന്നു എന്നും ലേഖകൻ പറയുന്നു.

സൈന്യം വീടുകൾ തോറും കയറി ഇറങ്ങുന്നു എന്ന ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്. അതെ സമയം ഈ ആരോപണങ്ങൾ സൈന്യം പൂർണമായി തള്ളിക്കളയുന്നു. ഇൻഡ്യാ വിരുദ്ധ ശക്തികൾ പടച്ചുണ്ടാക്കുന്ന ആരോപണം എന്നതാണ് ഈ ആരോപണങ്ങളെ കുറിച്ച് സൈന്യത്തിന്റെ നിലപാട്. കാശ്മീർ ശാന്തമാണ് എന്ന് പറയുമ്പോഴും അകത്തു പുകയുന്നു എന്നാണു മനസ്സിലാക്കാൻ കഴിയുക. ഇന്ത്യൻ മാധ്യമങ്ങൾ വാർത്തകൾ തിരസ്കരിക്കുമ്പോൾ തന്നെ വിദേശ മാധ്യമങ്ങൾ പല വാർത്തകളും പുറത്തു കൊണ്ട് വരുന്നു.

മൂന്നാഴ്ചക്കു ശേഷവും സ്ഥിതിഗതികൾ അത്ര സുഖകരമല്ല. സ്‌കൂളുകൾ തുറന്നെങ്കിലും കുട്ടികൾ കുറവാണ്. അതിനിടെ കാശ്മീർ വിഷയത്തിൽ അമേരിക്ക വീണ്ടും ആശങ്ക രേഖപ്പെടുത്തിയിരിക്കുന്നു. പാകിസ്ഥാൻ ഉന്നയിച്ച ആരോപണങ്ങൾ ലോക വേദികളിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയി. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഗൾഫ് രാജ്യങ്ങളിലേക്കുണ്ടായ സന്ദർശനം കാശ്മീർ വിഷയത്തിൽ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്ന രീതിയിലേക്ക് ഗൾഫ് രാജ്യങ്ങളെ മാറ്റിയിരിക്കുന്നു എന്നാണ് നിരീക്ഷണം. അതിനിടയിൽ പാകിസ്ഥാനിൽ നിന്നും ഭീകരർ കടലിലൂട് ആക്രമണം നടത്താൻ സാധ്യതയുണ്ട് എന്ന ജാഗ്രത നിർദ്ദേശം പല തുറമുഖങ്ങളിലും നൽകിയിട്ടുണ്ട്.

യുദ്ധത്തെ കുറിച്ചാണ് ഇരു രാജ്യങ്ങളിലെ ബന്ധപ്പെട്ടവർ ഇപ്പോൾ സംസാരിക്കുന്നത്. കാശ്മീർ വിഷയം ഇന്ത്യ പാകിസ്ഥാൻ ചർച്ചയിലൂടെ അവസാനിപ്പിക്കണം എന്നതാണ് ലോക നിലപാട്. അതെ സമയം ചർച്ചക്കുള്ള എല്ലാ വാതിലുകളും സ്വയം അടക്കുക എന്നതാണ് ഇരു രാജ്യങ്ങളും ചെയ്യുന്നത്. യുദ്ധം രണ്ടു രാജ്യങ്ങൾക്കും മേഖലക്കും ഗുണം ചെയ്യില്ല എന്നുറപ്പാണ്. ഇരു നാട്ടിലും ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെടേണ്ട സാമ്പത്തിക മാന്ദ്യം ചർച്ച ചെയ്യപ്പെടാതെ പോകാൻ യുദ്ധ മേഘങ്ങൾ കാരണമാണ്. യഥാർത്ഥ വിഷയങ്ങളിൽ നിന്നും ജന ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർമായ ഒന്നായി ഇപ്പോഴത്തെ വാക് യുദ്ധത്തെ ലോകം വായിക്കുന്നു.

അതിനിടയിൽ കാശ്മീർ ബില്ലുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതിയിലേക്ക് എത്തിയിരിക്കുന്നു. കാശ്മീരിൽ ജോലിക്കു വന്ന മറ്റു സംസ്ഥാനക്കാർ അവിടെ താമസിക്കുമോ എന്ന ഭയപ്പാടിലാണത്രെ അവിടുത്തുകാർ. തങ്ങളുടെ ഭൂമിയും വീടും നഷ്ടമാകുന്ന ഒരു പ്രത്യേക മാനസിക അവസ്ഥയിലേക്ക് അവർ മാറിപ്പോകുന്നു എന്നതും അവിടെ നിന്നും വരുന്ന വാർത്തകളാണ്. ഒരു കാര്യം ഉറപ്പാണ് കാശ്മീർ ഇനിയും നമ്മുടെ സമാധാനം നശിപ്പിക്കും. ഭീകരതയുടെ പേരിൽ ഇനിയും ആളുകൾ പീഡിപ്പിക്കപ്പെടും . അതൊന്നും നാം അറിയണമെന്നില്ല. നമ്മോടു കൂടെ സ്വയം ചേർന്ന ഒരു ജനതയെ എന്ത് കൊണ്ട് കഴിഞ്ഞ ഏഴു പതിറ്റാണ്ടു കൊണ്ട് ഒപ്പം നിർത്താൻ കഴിഞ്ഞില്ല എന്നത് നാം വീണ്ടും ചോദിക്കണം. നമ്മുടെ മാധ്യമങ്ങൾ തിരസ്കരിക്കുമ്പോഴും ലോക മാധ്യമങ്ങളിൽ കാശ്മീർ ഇപ്പോഴും മുഖ്യ വാർത്ത തന്നെ എന്നതും ശ്രദ്ധേയമാണ്

Related Articles