Current Date

Search
Close this search box.
Search
Close this search box.

മുഖം ചുളിക്കല്ലേ, അവരും മനുഷ്യരാണ്!

വഴിയോരം ചേർന്ന് വേച്ചുവേച്ച് നടന്നു പോകുന്നയാൾ. ആരെങ്കിലും കൈ പിടിച്ചില്ലെങ്കിൽ തട്ടിത്തടഞ്ഞ് വീഴാം. കൈയിലെപ്പോഴും ഒരു വടിവേണം. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല. ചുളിഞ്ഞ വസ്ത്രം, ചിതറിയ തലമുടി, കാന്തിയില്ലാത്ത മുഖം; അവരിൽ ചിലരെ ഇങ്ങനെയും കണ്ടേക്കാം. സ്വന്തമായി അധ്വാനിച്ച് ഉപജീവനം കണ്ടെത്തുക പലപ്പോഴും പ്രയാസകരം. വഴിവക്കിലിരുന്ന് ചിലർ ചീർപ്പോ, പേനയോ വിൽക്കുന്നുണ്ടാകും. ചിലർ പാട്ടു പാടും, മുന്നിൽ വന്ന് കൈ നീട്ടും. ദൈന്യതയുടെ ഈ മുഖം കണ്ട് നാണയത്തുട്ടുകൾ ഇട്ടു കൊടുത്ത് തൃപ്തിയടയുന്ന സമൂഹം. അവരിൽ ഐശ്വര്യത്തോടെ ജീവിക്കുന്നവരിലേക്കു പോലും സഹതാപത്തിൻ്റെ നോട്ടമെറിയും ചിലർ. അന്ധർ എന്നാണ് വിളിപ്പേര്!

അവരിലൊരാൾ ദൈവദൂതൻ്റെ സന്നിധിയിൽ വന്നു കയറി. അബ്ദുല്ലാഹിബ്നു ഉമ്മി മക്തൂം എന്നു പേര്. ഗോത്രംകൊണ്ട് അറിയപ്പെട്ടവൻ, ഖുറൈശി. ദൈവദൂതന് അദ്ദേഹത്തെ നേരത്തേ അറിയാം. വേദവചനങ്ങൾ കേൾക്കാനുള്ള കൊതിയാണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്. സത്യത്തെ പുണരാനുള്ള വെമ്പൽ ആ ഹൃദയത്തിൽ അലയടിച്ചു കൊണ്ടിരുന്നു. ആവേശത്തോടെയായിരുന്നു അദ്ദേഹത്തിൻ്റെ ആഗമനം. പക്ഷേ, അവഗണനയായിരുന്നു ദൈവദൂതൻ്റെ പ്രതികരണം. പ്രമാണിമാരുമായി സംസാരിക്കുകയായിരുന്നു പ്രവാചകൻ. ആ പൗരപ്രമുഖരിൽ ചിലരെങ്കിലും സത്യവേദം അംഗീകരിച്ചു കിട്ടിയാൽ അത് വലിയ ബലമായിരിക്കും. ആ സദുദ്ദേശ്യമായിരുന്നു ദൈവദൂതൻ്റെ പ്രതികരണത്തിന് പ്രചോദനം. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്!

Also read: കൊറോണ നല്‍കുന്ന കരുതലിന്റ പാഠം

ആ അവഗണന ദൈവത്തിന് അസഹ്യമായിരുന്നു. നന്മേഛുവായ ഒരു മനുഷ്യനിൽ നിന്ന് ദൈവദൂതൻ മുഖം തിരിക്കുന്നത് അംഗീകരിക്കാനാകില്ല. ആകാശം പ്രതിഷേധം രേഖപ്പെടുത്താൻ വൈകിയില്ല. വേദവചനങ്ങൾ അവതീർണ്ണമായി, ദൈവദൂതനെ പരസ്യമായിത്തന്നെ തിരുത്തി. ‘മുഖം ചുളിച്ചു’ എന്ന തലക്കെട്ടിൽ ഒരു അധ്യായം, ആ അരുതായ്മയെ അടയാളപ്പെടുത്തി. “അവന്‍ മുഖം ചുളിക്കുകയും തിരിഞ്ഞുകളയുകയും ചെയ്തുവല്ലോ, ആ അന്ധന്‍ തന്നെ സമീപിച്ചതിന്റെ പേരില്‍”. എൺപതാം അധ്യായത്തിലെ ഒന്ന്, രണ്ട് വചനങ്ങൾ. തിരുത്ത് അൽപ്പം കടുത്തത് തന്നെ. ‘അവൻ മുഖം ചുളിച്ചു’, പ്രവാചകൻ്റെ പേരു പോലും പരാമർശിക്കാതെ വിഷയത്തിൻ്റെ ഗൗരവം ഉണർത്തി. ‘മുഖം ചുളിക്കുക, തിരിഞ്ഞുകളയുക’! ഒരു മനുഷ്യനോട് കാണിക്കുന്ന അപമാനത്തോളം പോന്ന അവഗണനയാണിത്. ഒരിക്കലും ചെയ്യാൻ പാടില്ലാത്തത്. “ദൈവഭക്തിയാൽ നിന്റെയടുക്കല്‍ ഓടിയെത്തിയവൻ. അവനോട് നീ വൈമുഖ്യം കാട്ടുന്നു”. വേദവചനങ്ങൾ തുടർന്നു; അതേ അധ്യായം എട്ട്, ഒമ്പത്, പത്ത് സൂക്തങ്ങൾ. ഈ വചനങ്ങളിൽ പതിവ് ശ്രദ്ധ പോരാ, സൂക്ഷ്മ വായന വേണം.

അവഗണിക്കപ്പെട്ട ഒരു മനുഷ്യന് വേണ്ടി ഒരു അധ്യായവും, പത്ത് വചനങ്ങളും. അതാണ് സത്യവേദത്തിൻ്റെ കരുത്ത്. അവശരും അഗതികളും ഉൾപ്പെടെ അരികിലേക്ക് മാറ്റിനിർത്തപ്പെടുന്ന എല്ലാ മനുഷ്യരേയും വേദഗ്രന്ഥം ചേർത്തുപിടിക്കുന്നു. അവരുടെ അഭിമാനവും സ്വസ്ഥജീവിതവും ഉറപ്പുവരുത്താൻ നിരവധി നിയമനിർദ്ദേശങ്ങൾ വേദവചനങ്ങളിൽ കാണാം. ആദരിക്കപ്പെടേണ്ട മനുഷ്യൻ, ഒരിക്കലും അപമാനിക്കപ്പെടരുത്. അന്ധൻ, മുടന്തൻ, ബധിരൻ, മറ്റെന്തെങ്കിലും ഭിന്നശേഷിയുള്ളവൻ, ദരിദ്രൻ, പാമരൻ… ആരാണെങ്കിലും ദൈവം ആദരിച്ചവനാണ് മനുഷ്യൻ. അവനെ അവജ്ഞയോടെ അവഗണിക്കുന്നതും അപമാനിക്കുന്നതും ദൈവനിന്ദയാകും. ദൈവത്തോട് പ്രാർത്ഥിക്കുന്നവരേ, നിങ്ങൾ എല്ലാ മനുഷ്യരേയും ചേർത്തുപിടിക്കണം. കൈകാലുകൾ, കാഴ്ച്ച, ആകാര സൗന്ദര്യം, സമ്പത്ത്… എല്ലാം ഏതുനേരവും നഷ്ടപ്പെടാമല്ലോ! എന്നിട്ടും അതിൻ്റെ പേരിലെന്തിന് മേന്മ നടിക്കണം?

Also read: സഈദുബ്നു മുസയ്യബ്;സാത്വികനായ പോരാളി

കണ്ണിൻ്റെ നേർക്കാഴ്ച്ചയല്ല, അകക്കണ്ണിൻ്റെ ഉൾക്കാഴ്ച്ചയാണ് പ്രധാനം. ഉപജീവനവഴി എന്ത് എന്നതല്ല, ഉയർന്ന മനസ്സുണ്ടോ എന്നതാണ് പരിഗണനീയം. പവിത്രമാണെങ്കിൽ പിന്നെ, ജോലിയുടെ കൂലിയല്ല, കർമ്മങ്ങളുടെ മൂല്യമാണ് അളക്കേണ്ടത്. വിശ്വാസ വിശുദ്ധിയും ധാർമ്മിക ബോധവും, അതുമതി ദൈവത്തിന്. അതുകൊണ്ടാണ് ദൈവദൂതനോട് സത്യവേദം ഇങ്ങനെ ചോദിച്ചത്; “നിനക്കെന്തറിയാം, ഒരുവേള അയാള്‍ നന്നായിത്തീരാം. അഥവാ ഉപദേശം ശ്രദ്ധിക്കുകയും അത് അയാള്‍ക്ക് ഫലപ്പെടുകയും ചെയ്‌തേക്കാം. സ്വയം പ്രമാണിയായി ചമയുന്നവനെ നീ ശ്രദ്ധിക്കുന്നു. എന്നാല്‍, അവന്‍ നന്നായില്ലെങ്കില്‍ നിനക്കെന്ത്”? നന്മ, അതാണ് പ്രധാവും പരിഗണനീയവും എന്നർത്ഥം.

ഓർത്തുനോക്കൂ, ഏതെങ്കിലുമൊരു മനുഷ്യനെ നാം അവജ്ഞയോടെ അവഗണിച്ചിട്ടുണ്ടോ? ഉള്ളിലൂറിയ പുച്ഛം മുഖത്തുറഞ്ഞ്, ആരോടെങ്കിലും പുഞ്ചിരിക്കാതെ മുഖം തിരിച്ചിട്ടുണ്ടോ? ആരെയെങ്കിലും നിസാരനായി ഗണിച്ച് അപമാനിച്ചിട്ടുണ്ടോ? നോക്കൂ, അയാളും ഒരു മനുഷ്യനല്ലേ!

Related Articles