Current Date

Search
Close this search box.
Search
Close this search box.

മത മൈത്രിയുടെ മഹിത മതൃക

ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ നവോത്ഥാന നായകനാണ് ഉമറുബ്നു അബ്ദിൽ അസീസ്. അഞ്ചാം ഖലീഫയെന്നും ഉമർ രണ്ടാമനെന്നും അദ്ദേഹം അറിയപ്പെടുന്നു. കുടുംബാധിപത്യത്തിലേക്കും  ഗോത്ര വാഴ്ചയിലേക്കും വഴുതി മാറിക്കൊണ്ടിരുന്ന  ഇസ്ലാമിക രാഷ്ട്രത്തെ ശുദ്ധമായ ഖിലാഫത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് അദ്ദേഹമാണ്. മാതൃകാ ഇസ്ലാമിക ഭരണമായിരുന്നു അദ്ദേഹത്തിന്റേത്. അതു കൊണ്ടു തന്നെ സാമുദായിക സൗഹൃദത്തിന്റെയും മത മൈത്രിയുടെയും മഹിതമാതൃകയും.

ഈ രംഗത്ത് മുൻഗാമികളുടെ തെറ്റുകൾ തിരുത്താൻ വരെ അദ്ദേഹം തയ്യാറായി.  സിറിയയിലെ ഡമാസ്കസ് ചർച്ച് ഉപയോഗിച്ചിരുന്ന ക്രിസ്ത്യാനികളിൽ ഒരു വിഭാഗം ഇസ്ലാം സ്വീകരിച്ചു. അതോടെ അവർ തങ്ങളുടെ ആരാധനാലയത്തിന്റെ പാതി പള്ളിയാക്കി മാറ്റി. പിന്നീട് പാതി മുസ്ലിംകളും പാതി ക്രിസ്ത്യാനികളുമാണ് പ്രാർത്ഥനയ്ക്ക് ഉപയോഗിച്ചിരുന്നത്.

മദീനയിലെയും ഫലസ്തീനിലെയും പള്ളികൾ പുതുക്കി പണിത ഉമവീ ഭരണാധികാരി വലീദ്  ഡമാസ്കസിലെ പള്ളി പുനർ നിർമിക്കാൻ തീരുമാനിച്ചു .അവിടത്തെ ക്രൈസ്തവ സഹോദരന്മാരുടെ  വശമുണ്ടായിരുന്ന പാതി ഭാഗം കൂടി അവരുടെ സമ്മതത്തോടെ പള്ളിയോടു ചേർത്തു. പകരം മർയം ചർച്ച് പുതുക്കി പണിതു കൊടുക്കുകയും ചെയ്തു.

വളരെ വിപുലമാം  വിധമാണ് വലീദ് പള്ളി പുനർ  നിർമിച്ചത്. അത് പൂർത്തീകരിക്കാൻ 20 കൊല്ലം വേണ്ടിവന്നു. പന്തീരായിരം ജോലിക്കാർ അതിന്റെ നിർമാണത്തിൽ പങ്കുവഹിച്ചു . റോമിൽ നിന്നുപോലും വിദഗ്ധന്മാരെ ഇറക്കുമതി ചെയ്തു. അതിമനോഹരമായ കുംഭഗോപുരം നിർമ്മിച്ചു. അതിന്മേൽ സ്വർണ്ണം ഘടിപ്പിച്ചു .അകത്ത് മാർബിൾ പതിച്ചു. ചുമരുകൾ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചു . ഇതിൻറെ നിർമാണത്തിന് ഒരു കോടി അറുപത് ലക്ഷം ദീനാർ ചെലവഴിച്ചു. എന്നിട്ടും ജോലി പൂർത്തിയായില്ല. പിന്നീട് സഹോദരൻ സുലൈമാന്റെ കാലത്താണ്പണി പൂർത്തിയായത്.

Also read: ഉമ്മത്താണ് അടിസ്ഥാനം

ഉമർ രണ്ടാമൻ അധികാരമേറ്റതോടെ അദ്ദേഹത്തിൻറെ നീതിബോധത്തിലും മതസഹിഷ്ണുതയിലും പൂർണ വിശ്വാസമുണ്ടായിരുന്ന ക്രൈസ്തവ സമൂഹം അദ്ദേഹത്തെ സമീപിച്ചു .പള്ളി പൊളിച്ച് ചർച്ച് നിർമ്മിക്കണമെന്ന് അവരാവശ്യപ്പെട്ടു. വലീദിന്റെ കാലത്ത് തങ്ങൾ  പേടി കാരണം  നിർബന്ധിതാവസ്ഥയിലാണ് ചർച്ച് വിട്ടുകൊടുത്തതെന്ന് അവർ അവകാശപ്പെട്ടു.

എല്ലാം കേട്ടശേഷം അഞ്ചാം ഖലീഫ ഉമർ രണ്ടാമൻ അക്കാലത്തെ ഏറ്റവും വലുതും മനോഹരവും നിർമാണ മേന്മ കൊണ്ട് ഏറെ ശ്രദ്ധേയവുമായ ദമാസ്കസ് പള്ളി പൊളിക്കാൻ ഉത്തരവിട്ടു.  അതോടെ അവിടത്തെ മുസ്ലിംകൾ കൈസ്തവ സഹോദരന്മാരുമായി കരാറിലെത്തി. അവർ അനുവദിച്ചതു കൊണ്ട് മാത്രമാണ് പള്ളി പൊളിക്കാതെ നില  നിർത്തിയത് . ചരിത്രത്തിൽ തുല്യതയില്ലാത്ത സാമുദായിക സഹിഷ്ണുതക്കും മതമൈത്രിക്കും അദ്ദേഹത്തെ പ്രേരിപ്പിച്ചത്   അടിയുറച്ച ദൈവവിശ്വാസവും പരലോക ബോധവും മതനിഷ്ഠയുമാണ്.

Related Articles