Current Date

Search
Close this search box.
Search
Close this search box.

മുഹര്‍റം മാസത്തിന്റെ ശ്രേഷ്ഠത

‘അല്ലാഹു അവന്റെ ചില സൃഷ്ടികളെയും കാലങ്ങളെയും സവിശേഷസ്ഥാനം നല്‍കി ആദരിച്ചിട്ടുണ്ട്. മനുഷ്യരില്‍നിന്ന് പ്രവാചകന്മാരെ, വചനങ്ങളില്‍നിന്ന് ദൈവിക വചനങ്ങളായ ഖുര്‍ആന്‍ പോലുള്ള വേദങ്ങളെ, സ്ഥലങ്ങളില്‍ നിന്ന് പള്ളികളെ, മാസങ്ങളില്‍നിന്ന് നാല് പവിത്രമാസങ്ങളെ, ദിനങ്ങളില്‍നിന്ന് വെള്ളിയാഴ്ചയെ, രാവുകളില്‍ നിന്ന് ലൈലത്തുല്‍ഖദ്‌റിനെ. അതിനാല്‍ അല്ലാഹു മഹത്വവും പവിത്രതയും നല്‍കിയവയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക’ (ഇബ്‌നു കസീര്‍).

അല്ലാഹു പവിത്രമാസങ്ങളായി നിശ്ചയിച്ച നാല് മാസങ്ങളിലൊന്നാണ് ഹിജ്‌റ കലണ്ടര്‍ പ്രകാരം ഒന്നാമത്തെ മാസമായ മുഹര്‍റം. ഹദീസുകളില്‍ മുഹര്‍റത്തെ അല്ലാഹുവിന്റെ മാസം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇപ്രകാരമാണ് ”റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാകുന്നു.” മുഹര്‍റം പത്തിലെ (ആശൂറാ) നോമ്പിനെപ്പറ്റി തിരുമേനി പറഞ്ഞു: ”ആശൂറാ ദിനത്തിലെ നോമ്പ് അതിനുമുമ്പുള്ള ഒരു വര്‍ഷത്തെ പാപങ്ങള്‍ക്കുള്ള പ്രായശ്ചിത്തമാകുമെന്ന് ഞാന്‍ കരുതുന്നു” (മുസ്‌ലിം).
അല്ലാഹു തന്റെ മാസം എന്ന് വിശേഷിപ്പിച്ച മുഹര്‍റം മാസത്തിന് ശ്രേഷ്ഠതയുണ്ട് എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, അതുമായി ബന്ധപ്പെട്ട് പറയപ്പെടുന്ന പല കാര്യങ്ങളും അടിസ്ഥാനമില്ലാത്തതും പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതുമാണെന്ന് മനസ്സിലാക്കണം.

പ്രമാണങ്ങളിലൂടെ സ്ഥിരപ്പെട്ട മുഹര്‍റത്തിന്റെ ശ്രേഷ്ഠതകള്‍ താഴെ പറയുന്നവയാണ്. ‘അല്ലാഹുവിന്റെ മാസം, പവിത്ര മാസങ്ങളില്‍പെട്ട മാസം (അതുകൊണ്ട് തന്നെ യുദ്ധം വിലക്കപ്പെട്ട മാസം), നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള മാസം, മൂസാ നബിയെയും അനുചരന്മാരെയും ഫറോവയില്‍ നിന്നും കിങ്കരന്മാരില്‍ നിന്നും അല്ലാഹു രക്ഷിച്ച ദിവസം (മുഹര്‍റം 10) ഉള്‍പ്പെട്ട മാസം. അതിനുള്ള നന്ദിസൂചകമായി മൂസാ നബിയും ഇസ്‌റാഈല്യരും നോമ്പനുഷ്ഠിച്ച ദിവസവും ഈ മാസത്തില്‍ തന്നെ’ (ഫത്ഹുല്‍ ബാരി: 4/291).

റമദാന്‍ കഴിഞ്ഞാല്‍ നബി(സ) ഏറ്റവുമധികം പ്രാധാന്യം നല്‍കി അനുഷ്ഠിച്ചിരുന്നതും ആശൂറാഅ് നോമ്പായിരുന്നു.
തിരുമേനി(സ) ഹിജ്‌റക്കു മുമ്പ് മക്കയില്‍ വെച്ചും ഹിജ്‌റക്ക് ശേഷം മദീനയില്‍ വെച്ചും മുടങ്ങാതെ അനുഷ്ഠിച്ചിരുന്ന നോമ്പാണ് മുഹര്‍റം 10 അഥവാ ആശൂറാ. ജൂതന്മാരും അന്നേ ദിവസം നോമ്പനുഷ്ഠിക്കുന്നുണ്ടെന്നും മൂസാ നബിയുടെ ചര്യ പിന്‍പറ്റുകയാണവര്‍ അതിലൂടെ ചെയ്യുന്നതെന്നും തന്റെ അവസാന കാലത്ത് മനസ്സിലാക്കിയ തിരുമേനി, മൂസാ നബിയോട് ജൂതന്മാര്‍ക്കുള്ളതിനേക്കാള്‍ കടപ്പാടും കൂറും ആ പ്രവാചകനോട് തങ്ങള്‍ക്ക് ഉള്ളതിനാല്‍ അടുത്ത വര്‍ഷം താന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം 9 ലും കൂടി നോമ്പ് അനുഷ്ഠിക്കും എന്ന് പറഞ്ഞിരുന്നു. പക്ഷേ, അടുത്ത മുഹര്‍റത്തിനു മുമ്പേ നബി(സ) മരണപ്പെട്ടതിനാല്‍ ആ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല. ഇതു സംബന്ധമായ എല്ലാ രിവായതുകളും വളരെ വിശദമായി ചര്‍ച്ച ചെയ്തശേഷം ഇമാം ഇബ്‌നുല്‍ഖയ്യിം രേഖപ്പെടുത്തുന്നു: ‘മുഹര്‍റത്തിലെ നോമ്പിന്റെ ക്രമം മൂന്ന് തലങ്ങളിലാണ്. അതിലേറ്റവും ശ്രേഷ്ഠം മുഹര്‍റം പത്തിന്റെ തലേന്നും പിറ്റേന്നും കൂട്ടി നോമ്പനുഷ്ഠിക്കലാണ്. മുഹര്‍റം ഒമ്പതും പത്തും അനുഷ്ഠിക്കുന്നതാണ് ശ്രേഷ്ഠതയില്‍ അതിന് തൊട്ടു താഴെ. മുഹര്‍റം പത്തിന് മാത്രം അനുഷ്ഠിക്കുന്നത് മൂന്നാമത്തെ തലം’ (സാദുല്‍ മആദ്). ഇമാം ഇബ്‌നു ഹജറുല്‍ അസ്ഖലാനിയും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട് (ഫതുഹുല്‍ ബാരി).

പ്രമാണങ്ങളിലൂടെ സ്ഥിരപ്പെടാത്തവ
നൂഹ് നബിയുടെ കപ്പല്‍ നങ്കൂരമിട്ട ദിവസം, ഇബ്‌റാഹിം-മൂസാ-ഈസാ(അ) പ്രവാചകന്മാര്‍ ജനിച്ച ദിവസം, ഇബ്‌റാഹീം നബിക്ക് തീ തണുപ്പാക്കപ്പെട്ട ദിവസം, യൂനുസ് നബിയുടെ ജനതയെ അല്ലാഹു ശിക്ഷ വിമുക്തമാക്കിയ ദിവസം, അയ്യൂബ് നബി കടുത്ത പരീക്ഷണത്തില്‍നിന്ന് രക്ഷപ്പെട്ട ദിവസം, യഅ്ഖൂബ് നബിക്ക് കാഴ്ച തിരിച്ചുകിട്ടിയ ദിവസം, യൂസുഫ്‌നബി പൊട്ടക്കിണറ്റില്‍നിന്ന് കര കയറിയ ദിവസം, മൂസാ നബി ഫിര്‍ഔന്റെ മായാജാലക്കാരെ പരാജയപ്പെടുത്തിയ ദിവസം എന്ന് തുടങ്ങി പല കഥകളും മുഹര്‍റം പത്തിനെക്കുറിച്ച് ചില ഗ്രന്ഥങ്ങളില്‍ കാണാം. പക്ഷേ, അതിനൊന്നും യാതൊരു തെളിവും പ്രമാണവും ഇല്ല. അതൊക്കെ വിശ്വസിക്കുന്നതോ അവിശ്വസിക്കുന്നതോ ഇസ്‌ലാമില്‍ പ്രസക്തമായ കാര്യവുമല്ല.

ആശൂറാ നോമ്പിന്റെ ചരിത്രം
ജാഹിലിയ്യാ കാലത്ത് ഖുറൈശികള്‍ പോലും നോമ്പനുഷ്ഠിക്കുകയും കഅ്ബ പുതപ്പിക്കുകയുമൊക്കെ ചെയ്തിരുന്ന ദിവസമാണ് ആശൂറാഅ് അഥവാ മുഹര്‍റം പത്ത്. മുഹമ്മദ് നബി(സ)യും അവരോടൊപ്പം നോമ്പനുഷ്ഠിച്ചിരുന്നു. ഹിജ്‌റ ചെയ്ത് മദീനയിലെത്തിയപ്പോഴും ആ പതിവ് തുടര്‍ന്നു. മാത്രമല്ല, ജനങ്ങളോട് അത് അനുഷ്ഠിക്കുവാന്‍ നിര്‍ദേശിക്കുകയുമുണ്ടായി. റമദാന്‍ നിര്‍ബന്ധമാക്കപ്പെടുന്നതിനു മുമ്പ്, നിര്‍ബന്ധ നോമ്പെന്ന നിലക്ക് ആശൂറാ നോമ്പാണ് അനുഷ്ഠിക്കപ്പെട്ടു പോന്നിരുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടപ്പോള്‍ തിരുമേനി പറഞ്ഞു: ”ആശൂറാ അല്ലാഹുവിന്റെ സവിശേഷം എണ്ണപ്പെടുന്ന ദിനങ്ങളില്‍പെട്ട ഒരു ദിനമാകുന്നു. അതിനാല്‍ ആരെങ്കിലും അന്ന് നോമ്പെടുക്കുന്നെങ്കില്‍ നോമ്പെടുക്കാം; ഇനിയാര്‍ക്കെങ്കിലും ഉപേക്ഷിക്കണമെന്നുണ്ടെങ്കില്‍ അങ്ങനെയുമാവാം” (ബുഖാരി, മുസ്‌ലിം).

ചുരുക്കത്തില്‍, ആശൂറാ വ്രതം പ്രവാചകന്‍ മക്കയില്‍വെച്ച് തന്നെ അനുഷ്ഠിച്ചിരുന്നതാണ്. മദീനയിലെത്തിയതിന് ശേഷവും അതു തുടര്‍ന്നു. ജൂതന്മാരുള്‍പ്പെടെയുള്ളവര്‍ ആ ദിവസത്തിന് പ്രാധാന്യം കല്‍പിക്കുന്നുമുണ്ടായിരുന്നു. മദീനാ കാലഘട്ടത്തിന്റെ തുടക്കത്തില്‍ പ്രവാചകന്‍ പരമാവധി എല്ലാവരുമായി യോജിപ്പിന്റെ വഴികളായിരുന്നു അന്വേഷിച്ചിരുന്നത്. ജൂതന്മാരുടെ ആചാരാനുഷ്ഠാനങ്ങളില്‍ പ്രത്യേകിച്ച് വിലക്ക് വരാത്ത വിഷയങ്ങളില്‍ അവരുമായി ഭിന്നസ്വരം പുലര്‍ത്താറുണ്ടായിരുന്നില്ല തിരുമേനി. മക്കാ വിജയത്തിനുശേഷം ജൂതന്മാരോടുള്ള നയത്തില്‍ കാര്യമായ മാറ്റം വന്നു. ജുതന്മാരുടെ ഗൂഢാലോചനയും ചതിയും ഉടമ്പടി ലംഘനവും ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള നീക്കങ്ങളും മറ നീക്കി പുറത്തുവന്നതോടെ അവരുമായി അകലം പാലിക്കാനും അവരുടെ ആചാരാനുഷ്ഠാനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും തുടങ്ങി. തന്റെ അനുചരന്മാര്‍ക്ക് അക്കാര്യത്തില്‍ കണിശമായ നിര്‍ദേശങ്ങളും നല്‍കി. അങ്ങനെയിരിക്കെയാണ് ആശൂറാ നോമ്പില്‍ അവരുമായുള്ള പൊരുത്തം സ്വഹാബിമാര്‍ പ്രവാചകന്റെ ശ്രദ്ധയില്‍പെടുത്തിയത്. അന്നേരം തിരുമേനി അവര്‍ ആ ദിവസം നോമ്പനുഷ്ഠിക്കുന്നതെന്തുകൊണ്ടാണെന്ന് തിരക്കി. അല്ലാഹു മൂസാനബിയെയും ഇസ്‌റാഈല്യരെയും ഫിര്‍ഔനില്‍നിന്നും കിങ്കരന്മാരില്‍നിന്നും രക്ഷപ്പെടുത്തിയ ദിവസമാണെന്നും അതിന്റെ കൃതജ്ഞതയായി മൂസാ നബി നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നുവെന്നും തങ്ങളും ആ ചര്യ പിന്തുടരുന്നു എന്നും അവര്‍ മറുപടി പറഞ്ഞു. അപ്പോഴാണ് തിരുമേനി പറഞ്ഞത്: ”നിങ്ങളെക്കാള്‍ മൂസായോട് കടപ്പെട്ടവര്‍ ഞങ്ങളാണ്. അടുത്ത കൊല്ലം ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ ഒമ്പതിനും ഞാന്‍ നോമ്പനുഷ്ഠിക്കും.” പക്ഷേ, രണ്ടു മാസത്തിന് ശേഷം തിരുമേനി ഈ ലോകത്തോട് വിടപറഞ്ഞതിനാല്‍ അതിനവസരമുണ്ടായില്ല.

പുതുനിര്‍മിതികള്‍
ഇസ്‌ലാമിക ചരിത്രത്തിലെ കറുത്ത അധ്യായമാണ് പ്രവാചക(സ)ന്റെ പേരമകന്‍ ഇമാം ഹുസൈന്‍(റ) രക്തസാക്ഷിയായ സംഭവം. അതൊരു മുഹര്‍റം പത്തിനായിരുന്നു. ഈ സംഭവത്തെ മുന്‍നിറുത്തി ശിഈ വിഭാഗങ്ങള്‍ മുഹര്‍റം പത്തിനെ കറുത്ത ദിനമായിട്ടാണ് ആചരിച്ചുവരുന്നത്. വിലാപവും മാറത്തടിയും നിലവിളിയും മാരകായുധങ്ങളെടുത്ത് സ്വന്തം ശരീരത്തെ പീഡിപ്പിക്കലുമൊക്കെ അതിന്റെ ഭാഗമായി നടന്നുവരുന്നു. മുഹര്‍റം പത്തിന്റെ യഥാര്‍ഥ പൊരുളറിയാതെയും അതിന്റെ ചൈതന്യം മനസ്സിലാക്കാതെയും തിരുമേനിയുടെ സുന്നത്ത് പിന്‍പറ്റാതെയും നടത്തുന്ന, പില്‍ക്കാലത്ത് രൂപപ്പെട്ട ആചാരങ്ങള്‍ എന്നേ അവയെപ്പറ്റി പറഞ്ഞുകൂടൂ. അവരിലെ പരിഷ്‌കരണവാദികള്‍ ഇതിനെ വിമര്‍ശിക്കുകയും വിലക്കുകയും ചെയ്തിട്ടുണ്ട്.

ഇമാം ഹുസൈന്‍ രക്തസാക്ഷി(ശഹീദ്) ആണെന്നതും അല്ലാഹുവിന്റെ സ്വര്‍ഗ പൂങ്കാവനത്തില്‍ ഇടം നേടിയ മഹാനാണെന്നതും അഹ്‌ലുസ്സുന്നയുടെ വിശ്വാസപ്രമാണമാണ്. അഹ്‌ലുബൈത്തിനെ സ്‌നേഹിക്കാനും ബഹുമാനിക്കാനും ഓരോ വിശ്വാസിയും കല്‍പിക്കപ്പെട്ടതിനാല്‍ അതില്‍ വീഴ്ചവരുത്താനും പാടില്ല. അതുപക്ഷേ, അല്ലാഹുവോ പ്രവാചകനോ പഠിപ്പിക്കാത്ത, അവര്‍ വിലക്കിയ മാര്‍ഗങ്ങളിലൂടെ ആകാന്‍ പാടില്ലാത്തതുമാണ്.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles