Current Date

Search
Close this search box.
Search
Close this search box.

പ്രവാചകൻെറ സാമുഹികാധ്യാപനങ്ങൾ

പ്രവാചക ചരിതം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇസ്ലാം ഒരു സമഗ്രവും സമ്പൂർണ്ണവുമായ ജീവിത പദ്ധതിയാണ്. അതിൻ്റെ വക്താവും പ്രയോക്താവുമായ പ്രവാചകൻ്റെ ചര്യകൾ സഗൗരവം പ്രയോഗവൽക്കരിക്കുകയാണെങ്കിൽ സമകാലിക ലോകം നേരിടുന്ന പല സങ്കീർണ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനാവും.

ഒരിക്കൽ മഹാകവി അല്ലാമാ ഇഖ്ബാൽ മുസ്സോളിനിയുമായുളള കൂടിക്കാഴ്ചയിൽ പ്രവാചകൻ്റെ ഭരണ നൈപുണിയെപ്പറ്റി പരാമർശിച്ചു കൊണ്ടു പറഞ്ഞു: നഗരങ്ങൾ ജനസാന്ദ്രതയാൽ വീർപ്പുമുട്ടുമ്പോൾ അവയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനു പകരം ജനവാസത്തിനായി പുതിയ നഗരങ്ങൾ വികസിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രവാചകൻ നിർദ്ദേശിച്ചിട്ടുണ്ട്. ” “നഗരങ്ങളിലെ ജനബാഹുല്യ നിയന്ത്രണത്തിനും ആസൂത്രണത്തിനും ഇതിനെക്കാൾ വലിയ ഒരു പരിഹാരം ലോകത്തില്ല ” ഏറെ സന്തോഷത്തോടെ മുസ്സോളിനി പ്രതികരിച്ചു.

മദീനയിലെ തെരുവുകൾ വീടുകൾ നിർമ്മിച്ചു കുടുസ്സാക്കുന്നത് പ്രവാചകൻ വിലക്കി. രണ്ട് ഒട്ടകങ്ങൾക്ക് ഭാരം വഹിച്ചു നടന്നു പോകാൻ മാത്രം റോഡുകൾ വിശാലമായിരിക്കണമെന്ന് കല്പിച്ചു. പതിനാലു ശതകങ്ങൾക്കപ്പുറം നൽകപ്പെട്ട ആ അധ്യാപനം ലോകം ഇന്ന് നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
അവിടെ ധാരാളം മരങ്ങളും സസ്യലദാതികളും നട്ടുപിടിപ്പിച്ചിരുന്നു. ചിലപ്പോൾ നബിയും വിശ്രമത്തിനായി അവിടം സന്ദർശിക്കാരുണ്ടായിരുന്നു. നൂറ്റാണ്ടുകൾക്ക് ശേഷം വികസിത നഗരങ്ങളിൽ വിനോദത്തിനായി പാർക്കുകൾ പണിയുന്നത് ഒരു അനിവാര്യതയും അത്യാവശ്യവുമായി മനസ്സിലാക്കപ്പെടുന്നു.

നബി മദീനയിലെ വ്യത്യസ്ഥ ഗോത്രങ്ങളെ യോജിപ്പിച്ചു കൊണ്ട് മദീനാ കരാറുണ്ടാക്കി. അമ്പത്തിരണ്ടു ഖണ്ഡികളുള്ള കരാർ മദീന എന്ന ദേശ രാഷട്രത്തിൻ്റെ ലിഖിത ഭരണഘടനയായിരുന്നു. മദീനയുടെ വികസന പ്രക്രിയയിലും ആഭ്യന്തര സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കുന്നതിലും ഈ കരാറിന് സുപ്രധാന പങ്കുണ്ടായിരുന്നു. ആഭ്യന്തര കലാപങ്ങളുടെ ആധിക്യം രാഷ്ട്രങ്ങൾക്ക് വലിയ വെല്ലുവിളിയായിത്തീർന്ന കാലഘട്ടമാണിത്.കരാറുകൾക്ക് മേൽ കരാറുകളുണ്ടാക്കി ആ പ്രതിസന്ധിയെ മറികടക്കാൻ അവ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

രോഗികൾക്ക് അത്യാവശ്യമായ ചികിത്സ നൽകാൻ മദീനാ പള്ളിയിൽ തന്നെ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇന്ന് പുരോഗതി പ്രാപിച്ച രാജ്യങ്ങൾ അവിടുത്തെ ജനങ്ങൾക്ക് സൗജന്യ വൈദ്യപരിശോധനക്കും മരുന്നിനും വേണ്ടത്ര സൗകര്യങ്ങളുള്ള ആശുപത്രികൾ നിർമ്മിക്കുന്നു.

മദീനാ പള്ളിക്ക് ഒരു ഭരണ സിരാ കേന്ദ്രത്തി(സെൻട്രൽ സെക്രട്ടരിയേറ്റ് )ൻ്റെ സ്ഥാനമാണുണ്ടാതിരുന്നത്. ആവശ്യക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാനാവും വിധം എല്ലാ വഴികളും മദീനാ പള്ളിയിൽ സന്ധിച്ചിരുന്നു. ഇന്ന് ഭരണ കർത്താക്കളുടെ താമസ സൗകര്യങ്ങളൊരുക്കുമ്പോൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധയൂന്നുന്നു.

ലഘുഭക്ഷണം പോലും വയറുനിറച്ചു കഴിക്കാതിരിക്കുന്നതാണ് പ്രവാചക മാതൃക. അമിതഭക്ഷണം പല രോഗങ്ങൾക്കും കാരണമായിത്തീരുന്നു.

തിന്നുക പോലുള്ള സൽക്കാര്യങ്ങൾ വലതു കൈ കൊണ്ട് ആവണമെന്ന് പ്രവാചകൻ നിർദ്ദേശിക്കുന്നു. വലതു കൈ കൊണ്ടുള്ള പ്രവർത്തനങ്ങൾ മനുഷ്യ മസ്തിഷ്കത്തിൽ ക്രിയാത്മകമായ ഫലങ്ങളുണ്ടാക്കുന്നു. മനുഷ്യ മസ്തിഷ്കത്തെ രണ്ടായി -വലതും ഇടതുമായി- ന്യൂറോളജിസ്റ്റുകൾ വിഭജിക്കുന്നു. വലതു ഭാഗം രചനാത്മക ഫലങ്ങളും ഇടതു ഭാഗം നിഷേധാത്മക ഫലങ്ങളും ഉൽപാദിപ്പിക്കുന്നു. വലതു കൈ കൊണ്ട് കര്യങ്ങൾ നിർവ്വഹിക്കുന്നവർ ക്രിയാത്മക ചിന്തകളുടെയും ഇടതുകാർ നിഷേധാത്മക ചിന്തകളുടെയും വാഹകരാണെന്ന് ശാസ്ത്രം നിരീക്ഷിക്കുന്നു.

വൃത്തിയെപ്പറ്റി കൃത്യമായ നിർദ്ദേശങ്ങൾ നൽകിയ പ്രവാചകൻ ദിവസത്തിൽ പല തവണ ദന്ത ശുദ്ധീകരണം നടത്താറുണ്ടായിരുന്നു.മിക്ക രോഗങ്ങളുടെയും കാരണം വായിലൂടെ ആമാശയത്തിലെത്തുന്ന രോഗാണുക്കളാണെന്നും അതിനാൽ വായ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണമെന്നും വിദഗ്ധരായ ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ യുദ്ധസംബന്ധിയായ മൗലികതത്വങ്ങളും മര്യാദകളും പഠിപ്പിച്ചിരുന്നു. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ എന്നിവരെ കൊല്ലരുതെന്നും ആയുധം വെച്ചു കീഴടങ്ങുന്നവർക്ക് അഭയം നൽകണമെന്നും കല്പിച്ചു.രാഷ്ട്രങ്ങൾ ഇന്ന് ഇക്കാര്യങ്ങളിൽ സവിശേഷ ശ്രദ്ധ ചെലുത്തുന്നു.

മനുഷ്യരെല്ലാം സമന്മാരാണെന്ന് പ്രവാചകൻ പ്രഖ്യാപിച്ചു.അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, താമസം, നീതി തുടങ്ങിയ മൗലികാവകാശങ്ങൾ എല്ലാവർക്കും ബാധകമാണ്. വെളുത്തവന് കറുത്തവനെക്കാളോ നേരെ മറിച്ചോ യാതൊരു ഔന്നത്യവുമില്ല. ഇവയെല്ലാം ഇന്ന് ലോകം അംഗീകരിച്ച സുസമ്മത യാഥാർത്ഥ്യങ്ങളാണ്.

സ്ത്രീകളുടെ വിഷയത്തിൽ അല്ലാഹുവിനെ ഭയപ്പെടണമെന്നും അവരോട് നല്ലനിലയിൽ വർത്തിക്കണമെന്നും പതിനാലു നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകൻ കല്പിച്ചു.ഇന്ന് ലോകത്തങ്ങുന്നിങ്ങോളം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച വാദകോലാഹങ്ങളാൽ ശബ്ദമുഖരിതമാണ്.

നൂറ്റാണ്ടുകൾ മുമ്പ് തൻ്റെ ആദ്യത്തേതും അവസാനത്തേതുമായ ഹജ്ജിൽ തിരുമേനി ചെയ്ത വിടവാങ്ങൽ പ്രഭാഷണം മനുഷ്യാവകാശ പ്രഖ്യാപനരേഖയായിരുന്നു.

അന്താരാഷ്ട്ര മനുഷ്യാവകാശ ചാർട്ടർ യു എൻ സഭയിലൂടെ നിലവിൽ വന്നതാവട്ടെ 1948 ൽ മാത്രമാണ്. അതിൻ്റെ ഉള്ളടക്കമാവട്ടെ പ്രവാചകൻ്റെ ഹജ്ജ് പ്രസംഗത്തിൻ്റെ സാരാംശങ്ങളാണ്.

ചുരുക്കത്തിൽ അന്ത്യപ്രവാചകൻ്റെ ഓരോ വാക്കും പ്രവൃത്തിയും സൂക്ഷ്മ പരിശോധനക്കും വിശകലനത്തിനും വിധേയമാക്കിയായാൽ അവയൊക്കെ സമകാലീന ലോകവും ആധുനിക ശാസ്ത്രവും ശരി വെച്ചിരിക്കുന്നുവെന്ന് സുതരാം വ്യക്തമാവും. (സംഗ്രഹം)

വിവ: എം.ബി. അബ്ദുർ റഷീദ് അന്തമാൻ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles