Current Date

Search
Close this search box.
Search
Close this search box.

മുസ് ലിം വംശഹത്യയും മുസ് ലിം വിവാഹങ്ങളും തമ്മിൽ!

ശൈഖ് സൈനുദ്ദീൻ മഖ്ദൂം “തുഹ്ഫത്തുൽ മുജാഹിദീൻ ” എന്ന വിശ്രുത ഗ്രന്ഥത്തിൽ എഴുതുന്നു: “കേരളീയ മുസ് ലിംകൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ മറന്നും ധിക്കരിച്ചും പാപപങ്കിലമായ ജീവിതം നയിച്ചപ്പോൾ അല്ലാഹു യൂറോപ്യൻമാരായ പോർത്തുഗീസ് നികൃഷ്ടന്മാർക്ക് അവരുടെ മേൽ ആധിപത്യം നൽകി. പോർത്തുഗീസുകാർ മുസ് ലിംകളുടെ ഭൂപ്രദേശങ്ങൾ കൈയേറുകയും അവരെ നാനാ പ്രകാരത്തിൽ മർദ്ദിക്കുകയും ചെയ്തു. മുസ് ലിംകൾക്കു നേരെ അവർ പരസ്യമായി നടത്തിയ നിന്ദ്യവും നീചവുമായ അക്രമ പ്രവൃത്തികൾക്ക് കൈയും കണക്കുമില്ല. പോർത്തുഗീസുകാരുടെ ഈ തേർവാഴ്ച എൺപതിൽപരം വർഷം നീണ്ടപ്പോൾ മുസ് ലിംകളുടെ അവസ്ഥ അങ്ങേയറ്റം ദയനീയമായിത്തീരുകയും അവർ ദരിദ്രരും ബലഹീനരും പതിതരുമായി മാറുകയും ചെയ്തു” (പുറം: 34 – 35. വിവർത്തനം.
സി. ഹംസ. അൽ ഹുദ )

അന്നത്തെ വഴിതെറ്റിയ മുസ് ലിം ജീവിതത്തിൻ്റെ ഒരു ഉദാഹരണമായി ശൈഖ് മഖ്ദൂം പറഞ്ഞത് ചില പ്രദേശങ്ങളിലെ മുസ് ലിംകൾ ഇസ് ലാമിക അനന്തരാവകാശത്തിനു പകരം നായന്മാർക്കിടയിലെ “മരുമക്കത്തായം” സ്വീകരിച്ചതാണ്. (പേജ്: 57)
സ്വന്തം മക്കൾക്ക് നൽകേണ്ട “ഹഖ് ” പെങ്ങന്മാർക്കും മരുമക്കൾക്കുമായിരുന്നു പോയ കാല കാരണവന്മാർ വീതിച്ചു നൽകിയിരുന്നത്!
ഇത് അല്ലാഹുവിൻ്റെ കോപം ക്ഷണിച്ചു വരുത്തുകയും മുസ് ലിംകൾക്കു മേൽ പോർത്തുഗീസ് മേധാവിത്വം ഉണ്ടാവാൻ കാരണമായിത്തീരുകയും ചെയ്ത വൻ പാപ കൃത്യങ്ങളിൽ ഒന്നാണെന്ന് ശൈഖ് നിരീക്ഷിക്കുന്നു!

മഖ്ദൂം രണ്ടാമൻ്റെ ഉപര്യുക്ത വീക്ഷണം വെച്ചു ചിന്തിച്ചാൽ ഇന്നത്തെ കേരള മുസ് ലിംകളിൽ നിന്ന് നായർ മരുമക്കത്തായം നിശ്ശേഷം ഇല്ലാതാവുകയും ഇസ് ലാമികമായ പിന്തുടർച്ചാവകാശം നിലവിൽ വരികയും ചെയ്തിട്ടുണ്ടെന്നു കാണാം. എന്നാൽ അതിനു പകരം വ്യാപകമായ വ്യതിയാനങ്ങളും തദ്ദേശീയ /പാശ്ചാത്യൻ അനുകരണങ്ങളും കണ്ടു വരുന്നത് വിവാഹ രംഗത്താണ്.

ഏറ്റവും ഒടുവിൽ വിവാഹാഘോഷത്തിൻ്റെ പേരിൽ കണ്ടത് തനി ജാഹിലിയ്യത്തിൻ്റെ മദ്യസേവയാണ്! (ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജി ഊൻ!) അതും പെൺകുട്ടികൾ ! കുറച്ചു കാലമായി വിവാഹ രാവിൽ / പകലിൽ വധു സിനിമാറ്റിക് ഡാൻസ് കളിച്ചിരിക്കണമെന്നും ബന്ധുജനങ്ങൾ അതൊക്കെ മൊബൈലിൽ പകർത്തി വ്യാപകമായി പ്രചരിപ്പിക്കണമെന്നുമുള്ള ഒരാചാരം തന്നെ നിലവിലുണ്ടത്രെ!

മഹർ സ്വർണം, വധുവിൻ്റെ വസ്ത്രങ്ങൾ, തുടങ്ങിയവ പൊതുജനം കാണുന്ന രീതിയിൽ “താലപ്പൊലി ” മോഡലിൽ എഴുന്നെള്ളിക്കലാണു പോൽ മറ്റൊരു ചടങ്ങ്!

ഭക്ഷണ ധൂർത്ത്, സ്ത്രീ / പുരുഷ അതിർ വരമ്പുകൾ പാലിക്കാത്ത ആട്ടും പാട്ടും തുടങ്ങി എണ്ണിപ്പറയാൻ വേറെയുമുണ്ട് പലതും!

ചുരുക്കത്തിൽ ഒരു ഭാഗത്ത് ഫാഷിസം കത്തി രാകുമ്പോൾ മറുഭാഗത്ത് ശൈഖ് മഖ്ദൂം നടേ പറഞ്ഞതു പോലെ അല്ലാഹുവിൻ്റെ ശിക്ഷ വിളിച്ചു വരുത്തും വിധം ആർമാദിക്കുകയാണ് നാം!?

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles