Current Date

Search
Close this search box.
Search
Close this search box.

മണ്ണിലും വിണ്ണിലും ദൈവികാനുഗ്രഹങ്ങളുടെ വസന്തം വിരിയുന്ന ദിനരാത്രങ്ങൾ

വിശുദ്ധ റമദാനിലെ ഏറ്റവും പവിത്രമായ സന്ദർഭങ്ങളാണ് ഇനിയുള്ള ഓരോ നിമിഷങ്ങളും. മണ്ണിലും വിണ്ണിലും ദൈവികാനുഗ്രഹങ്ങളുടെ വസന്തം വിരിയുന്ന രാവുകളും പകലുകളും വരവായി. അവസാനത്തെ പത്ത് ആഗതമായാൽ മറ്റുള്ള കാലങ്ങളെ അപേക്ഷിച്ചു പ്രവാചകൻ മുഹമ്മദ് നബി (സ) ധാരാളമായി ഇബാദത്തുകളിൽ മുഴുകാറുണ്ടായിരുന്നു. ആഇശ ബീവി ഇതിനെക്കുറിച്ചു പറയുന്നത് ഇങ്ങനെയാണ് “അവസാനത്തെ പത്ത് ദിവസങ്ങളിൽ നബി (സ) അരയുടുപ്പ് മുറുക്കിയുടുക്കും, രാത്രികളെ സജീവമാക്കും, കുടുംബത്തെ വിളിച്ചുണർത്തും.” (ബുഖാരി).

കുടുംബത്തോടൊപ്പം സന്തോഷത്തോടെയും ആവേശത്തോടെയും റബ്ബിന്റെ ചാരത്തേക്കോടിയണയാനുള്ള അസുലഭ മുഹൂർത്തങ്ങളാണ് ഇനി നമ്മുടെ മുന്നിലുള്ളത്. ജീവിതത്തിൽ ഒരിക്കലും നഷ്ടപ്പെടുത്തിക്കളയാൻ പാടില്ലാത്ത ദിനരാത്രങ്ങൾ. നമ്മുടെ ആരാധനകൾക്കും പ്രാർത്ഥനകൾക്കും കൂടുതൽ പ്രതിഫലം നൽകാൻ റബ്ബ് നമ്മിലേക്കിറങ്ങി വരുന്ന അനിർവചനീയമായ സന്ദർഭങ്ങൾ. ആയിരം മാസത്തിന്റെ പുണ്യം പെയ്തിറങ്ങുന്ന ലൈലത്തുൽ ഖദ്‌റിനെ തന്റെ മടിത്തട്ടിൽ ഒരുക്കിവെച്ച രാവ് ഈ ദിവസങ്ങളിലൊന്നിലാണ്. ആകാശവും ഭൂമിയും പ്രപഞ്ചവും കോരിത്തരിക്കുന്ന ദിനരാത്രങ്ങൾ.

അനുഗ്രത്തിന്റെ അനേകമായിരം മാലാഖമാർ ഭൂമിയിലേക്കിറങ്ങി വന്ന് ആരാധനകളിൽ മുഴുകുന്ന ദൈവദാസന്മാർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അനുഗ്രഹീത നിമിഷങ്ങൾ. “നിശ്ചയം നാം ഖുര്‍ആനിനെ ലൈലത്തുല്‍ ഖദ്‌റിലവതരിപ്പിച്ചു. ഖദ്‌റിന്റെ രാത്രി എന്തെന്നു താങ്കള്‍ക്കറിയുമോ? ലൈലത്തുല്‍ ഖദ്ര്‍ ആയിരം മാസത്തെക്കാള്‍ ശ്രേഷ്ഠമാകുന്നു. അന്നു മലക്കുകളും റൂഹും അല്ലാഹുവിന്റെ അനുമതിയോടെ സര്‍വകാര്യങ്ങളുമായി ഇറങ്ങിവരും. സമാധാനത്തിന്റെ രാവാണത്; പ്രഭാതം പുലരുവോളം.” (സൂറത്തുല്‍ ഖദ്ര്‍).

ഖുർആന്റെ അവതരണം സംഭവിച്ചു എന്നത് കൊണ്ടാണ് ഈ രാവ് ഇത്രയും ശ്രേഷ്ഠകരമാവുന്നത്. ജാഹിലിയ്യത്തിന്റെ അന്ധകാരത്തിലും അഹങ്കാരത്തിലും മുഴുകിയ ഒരു ജനതയെ മഹിതമായ സംസ്‌കാരത്തിന്റെ പ്രണേതാക്കളും പ്രബോധകരുമാക്കി തീർത്ത ദിവ്യമായ വേദപുസ്തകത്തിന്റെ അവതരണം ചരിത്രത്തിൽ തുല്യതയില്ലാത്തതാണ്. സദാസമയവും കലഹത്തിലും യുദ്ധത്തിലും മുഴുകിയ ആറാം നൂറ്റാണ്ടിലെ ആ അപരിഷ്‌കൃതരായ ജനതയെ സമാധാനത്തിന്റെ വാഹകരാക്കിത്തീർത്ത വിശുദ്ധഗ്രന്ഥം.

അതിന്റെ അവതരണാരംഭം തീർച്ചയായും മാനവകുലത്തിന് മുഴുക്കെ അനുഗ്രഹദായകം ആണ്. ഇതിന്റെ പുണ്യം ലോകാവസാനം വരെയുള്ള വിശ്വാസികൾക്ക് ലഭിക്കണം എന്നുള്ളത് കൊണ്ടാണ് എല്ലാ റമദാനിലും ലൈലത്തുൽ ഖദ്ർ ആവർത്തിക്കപ്പെടുന്നത്. ഒരു മനുഷ്യായുസ്സിലെ എൺപത്തിരണ്ടര വർഷത്തെ പുണ്യം ഒരൊറ്റ രാത്രി കൊണ്ട് കരസ്ഥമാക്കാൻ സാധിക്കുന്നു എന്നതാണ് ഈ രാവിന്റെ ഏറ്റവും വലിയ പ്രത്യേകത. അല്ലാഹു മനുഷ്യർക്ക് നൽകുന്ന അതിരുകളില്ലാത്ത കാരുണ്യത്തിന്റെ മകുടോദാഹരണം കൂടിയാണിത്.

ഈ രാത്രിക്ക് “വിധിനിർണയ രാവ്” എന്ന പേര് വന്നതിനെ കുറിച്ച് പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. എല്ലാ മനുഷ്യരുടെയും അടുത്ത ഒരു വർഷത്തേക്കുള്ള കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത് ഈ രാവിലാണ്. ഖദ്‌റിന് തഖ്‌ദീർ എന്ന് അർഥം പറഞ്ഞ ഖുർആൻ വ്യാഖ്യാതാക്കളുമുണ്ട്. അവരുടെ വിശദീകരണം ഈ രാവിലാണ് വിധിതീർപ്പുകൾ നടപ്പാക്കുന്നതിന് മലക്കുകൾ ചുമതലപ്പെടുത്തുന്നത് എന്നാണ്. അദ്ദുഖാൻ അധ്യായത്തിലെ അഞ്ചാം സൂക്തമായ “അന്ന് അഭിജ്ഞമായ തീരുമാനങ്ങളെല്ലാം പുറപ്പെടുവിക്കപ്പെടുന്നു” എന്നതാണ്‌ അവരുടെ ഈ അഭിപ്രായത്തിന്റെ ആധാരം.

ഇമാം സുഹ്‌രിയുടെ അഭിപ്രായത്തിൽ ഖദ്‌റിന്റെ അര്‍ഥം മഹത്ത്വമെന്നും വിശുദ്ധിയെന്നുമാണ്. ഗംഭീരവും വിശുദ്ധവുമായ രാവ്. ‘വിധിനിര്‍ണയരാവ് ആയിരം മാസങ്ങളെക്കാള്‍ വിശിഷ്ടമാണ്’ എന്ന വാക്യമാണ് അദ്ദേഹം ഇതിനു തെളിവായുദ്ധരിക്കുന്നത്. അവസാന പത്തിലെ ഒറ്റയായ രാവുകളിലാണ് ഈ അനുഗ്രഹീത രാവിനെ പ്രതീക്ഷിക്കേണ്ടതെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നതെങ്കിലും ഇത് സംബന്ധമായി നാൽപതോളം വിത്യസ്തമായ അഭിപ്രായങ്ങൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയതായും കാണാവുന്നതാണ്. റമദാൻ ഒന്ന് മുതൽ ജീവിത വിശുദ്ധിയോടെ ദൈവസാമീപ്യം കരസ്ഥമാക്കാൻ പരിശ്രമിച്ചവർക്കാണ് ലൈലതുൽഖദ്റിന്റെ പുണ്യങ്ങൾ കരസ്ഥമാക്കാൻ സാധിക്കുക.

“ഈ രാവില്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു എന്നതിനു രണ്ടു താല്‍പര്യങ്ങളാവാം. ഒന്ന്: ആ രാത്രിയില്‍ ഖുര്‍ആന്‍ മുഴുവന്‍ ദിവ്യസന്ദേശവാഹകരായ മലക്കുകള്‍ക്ക് ഏല്‍പിച്ചുകൊടുത്തു. പിന്നീട് സംഭവങ്ങളും സാഹചര്യങ്ങളുമനുസരിച്ച് 23 വര്‍ഷംകൊണ്ട് അല്ലാഹുവിന്റെ ആജ്ഞാനുസാരം സൂക്തങ്ങളും സൂറകളുമായി ജിബ്‌രീല്‍(അ) അപ്പപ്പോഴായി നബി(സ)ക്ക് അവതരിപ്പിച്ചുകൊടുത്തുകൊണ്ടിരുന്നു. ഈ ആശയം ഇബ്‌നു അബ്ബാസ് പ്രസ്താവിച്ചതായി ഇബ്‌നു ജരീറും ഇബ്‌നുല്‍ മുന്‍ദിറും ഇബ്‌നു അബീഹാതിമും ഹാകിമും ഇബ്‌നു മര്‍ദവൈഹിയും ബൈഹഖിയും ഉദ്ധരിച്ചിട്ടുണ്ട്.

രണ്ടാമത്തെ താല്‍പര്യം ഇതാണ്: ഖുര്‍ആനിന്റെ അവതരണം തുടങ്ങിയത് ഈ രാത്രിയിലാകുന്നു. ഇമാം ശഅബി യുടേതാണീ അഭിപ്രായം. എന്നാല്‍, ഇബ്‌നു അബ്ബാസിന്റെ ഉപരിസൂചിത വീക്ഷണവും ഇബ്‌നു ജരീര്‍ അദ്ദേഹത്തില്‍നിന്നുദ്ധരിച്ചിട്ടുണ്ട്. രണ്ടഭിപ്രായത്തിന്റെയും സാരം ഒന്നുതന്നെയാണ്. അതായത്, ആ രാത്രിയിലാണ് സൂറ അല്‍അലഖിലെ പ്രാഥമിക പഞ്ചസൂക്തങ്ങള്‍ അവതരിച്ചുകൊണ്ട് നബി(സ)ക്ക് ഖുര്‍ആന്‍ അവതരണത്തിന് തുടക്കം കുറിച്ചത്. (സയ്യിദ് മൗദൂദി, തഫ്ഹീമുൽ ഖുർആൻ, വാള്യം 6).

നമസ്‌കാരം, ഖുർആൻ പാരായണം, ദിക്റുകൾ, ദുആകൾ, ഇഅതികാഫ്, തൗബ തുടങ്ങിയ കാര്യങ്ങളിൽ ആണ് പ്രവാചകൻ ഈ ദിവസങ്ങളിൽ തന്റെ മുഴു സമയവും ചെലവഴിക്കാറുണ്ടായിരുന്നത്. നമുക്കും അദ്ദേഹത്തിന്റെ ഈ ചര്യയിലൂടെ നമ്മുടെ ജീവിതത്തെ കൂടുതൽ അർത്ഥപൂർണമാക്കേണ്ടതുണ്ട്. തന്റെ അവസാനത്തെ റമദാൻ എന്ന നിലക്കായിരിക്കണം ഓരോ വിശ്വാസിയും ഈ ദിവസങ്ങളെ കാണേണ്ടത്. കാരണം അടുത്ത റമദാനിൽ ആരാണ് ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടാവുക എന്ന് ഒരാൾക്കും ഒരുറപ്പും പറയാനാവില്ലല്ലോ. മരണം എന്നത് ഏത് മനുഷ്യർക്കും ഏത് സമയത്തും സംഭവിക്കാവുന്ന ഒരു യാഥാർഥ്യമാണ്. മുൻ വർഷത്തെ റമദാനിൽ നമ്മുടെ കൂടെയുണ്ടായിരുന്ന പലരും ഇന്നിപ്പോൾ നമ്മുടെ കൂടെയില്ല എന്നത് തന്നെയാണ് അതിനുള്ള തെളിവ്.

ലൈലത്തുൽ ഖദ്‌റിൽ എന്താണ് പ്രാര്ഥിക്കേണ്ടതെന്ന് ആയിഷ ബീവി പ്രവാചകനോട് ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ” അല്ലാഹുവെ നീ പാപങ്ങൾ വിട്ടുപൊറുത്തു മാപ്പാക്കി കൊടുക്കുന്നവനാണ്. നീ മാപ്പു കൊടുക്കുന്നതിനെ ഇഷ്ടപ്പെടുന്നു. അത്കൊണ്ട് എനിക്കും മാപ്പ് തരണമേ”. ഒട്ടേറെ അർത്ഥതലങ്ങളുള്ള ഒരു പ്രാർത്ഥന കൂടിയാണിത്. മനസ്സിൽ വെറുപ്പും വാശിയും കൊണ്ട് നടക്കുന്നവർ അതൊക്കെ ഒഴിവാക്കാതെയും മറ്റുള്ളവരോട് വിട്ടുവീഴ്ചാ മനോഭാവം കാണിക്കാതെയും ഈ പ്രാർത്ഥന നടത്തുന്നതിൽ യാതൊരു അർത്ഥവുമില്ല. നമ്മൾ മറ്റുള്ളവരോട് വിട്ടുവീഴ്‌ച ചെയ്യുമ്പോഴാണ് അല്ലാഹുവും നമ്മോട് വിട്ടുവീഴ്‌ച ചെയ്യുക. മനസുകൾ എല്ലാവരോടുമുള്ള സ്നേഹത്താലും സൗഹൃദത്താലും കൂടുതൽ തരളിതമാവട്ടെ. അപ്പോഴാണ് നമ്മുടെ മനസുകൾ ദൈവാനുരാഗത്താൽ പ്രകാശപൂരിതമാവുക.

അവസാന പത്തിലെ മറ്റൊരു പ്രധാന ആരാധനയാണ് ഇഅതികാഫ് എന്നത്. പുണ്യം പ്രതീക്ഷിച്ചു കൊണ്ട് നിയ്യത്തോട് കൂടി പള്ളിയിൽ ഭജനമിരിക്കുന്നതിനാണ് ഇഅതികാഫ് എന്ന് പറയുന്നത്. മുഹമ്മദ് നബി (സ) തന്റെ മരണം വരെയും റമദാനിലെ അവസാനത്തെ പത്തിൽ പള്ളിയിൽ ഭജനമിരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പത്നിമാരും സഹാബത്തുമൊക്കെ ഈ സുന്നത്തിനെ വളരെ പ്രാധാന്യപൂർവമാണ് പരിഗണിച്ചിരുന്നത്. പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്തിനു മുമ്പ് തന്നെ ഈ ആരാധന നിലവിലുണ്ടായിരുന്നു എന്ന് ഖുർആനിൽ നിന്നും മനസിലാക്കാൻ സാധിക്കും. “‘പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും, കുമ്പിടുകയും സാഷ്ടാംഗം പ്രണമിക്കുകയും ചെയ്യുന്നവര്‍ക്കും വേണ്ടി എന്റെ മന്ദിരത്തെ പരിശുദ്ധമാക്കിവെക്കുക’ എന്ന് ഇബ്‌റാഹീമിനോടും ഇസ്മാഈലിനോടും അനുശാസിക്കുകയും ചെയ്തിരുന്നു.” (അൽ ബഖറ: 125).

ഭൗതിക കാര്യങ്ങൾക്ക് വേണ്ടി പരക്കം പായുന്ന മനുഷ്യർക്ക് കുറച്ചു സമയം അല്ലാഹുവിനെ മാത്രം ഓർത്തു കൊണ്ട് എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു മാറി പള്ളിയിൽ ഇരിക്കുക എന്നതാണ് ഈ കർമ്മത്തിലൂടെ സംഭവിക്കുന്നത്. തന്നിലേക്ക് തന്നെ ഒന്ന് തിരിഞ്ഞു നോക്കാൻ പറ്റുന്ന അവസരം ബോധപൂർവം സൃഷ്ടിച്ചെടുക്കുകയാണ് ഇതിലൂടെ. അവസാനത്തെ പത്തിൽ ഇഅതികാഫ് ഇരിക്കാൻ നിയ്യത്താക്കിയവർ റമദാൻ ഇരുപതിന്റെ സൂര്യാസ്തമയത്തോടെയാണ് ഇഅതിക്കാഫിൽ പ്രവേശിക്കേണ്ടത്. ജമാഅത്ത് നമസ്‌കാരം നടക്കുന്ന പള്ളിയിലാണ് ഇഅതികാഫ് ഇരിക്കേണ്ടത്. ജുമുഅഃ നടക്കുന്ന പള്ളിയിൽ ആണ് ഇഅതികാഫ് ഇരിക്കേണ്ടതെന്നും അഭിപ്രായപ്പെട്ട പണ്ഡിതന്മാർ ഉണ്ട്. പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഇവർ പള്ളിയിൽ നിന്നും പുറത്ത് പോകാൻ പാടുള്ളൂ. എന്നാൽ ഇതിനു സൗകര്യപ്പെടാത്തവർക്ക് ഏത് സമയത്തും എത്ര കുറഞ്ഞ സമയത്തും സാധ്യമാകുന്ന നേരം പള്ളിയിൽ ഇഅതികാഫ് ഇരിക്കുന്നതിലും വിരോധമില്ല.

പൂർവികരായ സ്വാലിഹുകൾ റമദാനിലെ അവസാനത്തെ പത്തിലെ രാത്രികളിൽ പ്രത്യേകമായി കുളിച്ചു ഉള്ളതിൽ ഏറ്റവും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും ചെയ്യാറുണ്ടായിരുന്നു. അനസ് ബ്‌നു മാലിക് (റ)ൽ നിന്നും ഇപ്രകാരം ഉദ്ധരിക്കപ്പെട്ടതായി കാണാം. സുഫിയാനു സൗരി (റ) അവസാനത്തെ പത്ത് ആഗതമായാൽ തന്റെ കുടുംബത്തെയും കുട്ടികളെയും രാത്രി നമസ്‌കാരത്തിന് വേണ്ടി പ്രത്യേകം വിളിച്ചുണർത്താറുണ്ടായിരുന്നു. അദ്ദേഹം പറയുന്നു. ” റമദാനിലെ അവസാനത്തെ പത്തിലുള്ള തഹജ്ജുദ് എനിക്ക് ഏറെ ഇഷ്ടമാണ്. കൂടുതൽ ഇബാദത്തുകളിൽ മുഴുകുവാനും സാധ്യമാവുന്ന രീതിയിൽ കുടുംബത്തിലുള്ള കുട്ടികളുൾപ്പെടെയുള്ളവരെ അതിൽ പങ്കാളികളാക്കാനും നാൻ ഏറെ ഇഷ്ടപ്പെടുന്നു.”

ഈ ദിവസങ്ങളിൽ തൗബയും ഇസ്തിഗ്ഫാറും കൂടുതൽ വർദ്ദിപ്പിക്കേണ്ടതുണ്ട്. “പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈക്കൊണ്ട് സല്‍ക്കര്‍മങ്ങളിലേര്‍പ്പെടുകയും ചെയ്തവനൊഴിച്ച്. അത്തരം ജനത്തിന്റെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റിക്കൊടുക്കുന്നതാകുന്നു. അവന്‍, ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. സ്വന്തം പാപങ്ങളില്‍ പശ്ചാത്തപിച്ച് സല്‍ക്കര്‍മങ്ങളില്‍ ഏര്‍പ്പെടുന്നവന്‍ അല്ലാഹുവിങ്കലേക്ക് തിരിച്ചുചെല്ലേണ്ടവിധം തിരിച്ചുചെല്ലുകയാകുന്നു.” (അൽ ഫുർഖാൻ : 25). വിശ്വാസികളെ സംബന്ധിച്ചിടത്തോളം തൗബ എന്നത് വലിയ ഒരനുഗ്രഹമാണ്. തെറ്റുകൾ സംഭവിച്ചു പോവുക എന്നത് മനുഷ്യസഹജമാണ്. മലക്കുകൾക്ക് മാത്രമേ തെറ്റുകൾ സംഭവിക്കാതിരിക്കുകയുള്ളൂ. എന്നാൽ തെറ്റുകൾ ചെയ്തുപോയതിനു ശേഷം അത് തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുന്നവരെ അല്ലാഹു ഏറെ ഇഷ്ടപ്പെടുന്നു.

ഒരു അടിമ തൗബ ചെയ്‌തു അല്ലാഹുവിലേക്ക് മടങ്ങുമ്പോൾ അവൻ ഏറെ സന്തോഷിക്കുന്നു. അല്ലാഹു അവനെ തന്നിലേക്ക് ചേർത്തുനിർത്തുകയാണ് അപ്പോൾ. ഇതിലൂടെ മനുഷ്യരുടെ സംസ്കരണമാണ് നടക്കുന്നത്. എത്ര തെറ്റുകൾ ചെയ്തുപോയാലും ആത്മാർത്ഥമായി പശ്ചാത്തപിക്കുകയാണെങ്കിൽ തീർച്ചയായും അല്ലാഹു അതവന് പൊറുത്തു കൊടുക്കും. പാതിരാവിൽ എഴുന്നേറ്റ് റബ്ബിന്റെ മുന്നിൽ ചെയ്തുപോയ പാപങ്ങൾ ഏറ്റുപറയുവാനും അതോർത്ത് കണ്ണീർവാർക്കാനും ഈ ദിവസങ്ങൾ നമ്മൾ ഉപയോഗപ്പെടുത്തണം. ഹൃദയത്തിലെ പാപക്കറകൾ കണ്ണീരു കൊണ്ട് കഴുകി ശുദ്ധിയാക്കാനുള്ള അപൂർവമായ അവസരമാണിത്.

ഓരോ വിശ്വാസികളും ദാനധർമ്മങ്ങളും, ഖുർആൻ പാരായണവും, ഖുർആൻ പഠനവും, മറ്റു സൽക്കർമ്മളുമൊക്കെ പരമാവധി വർധിപ്പിച്ചു കൊണ്ട് ഈ ദിനരാത്രങ്ങൾ സജീവമാക്കാൻ ശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.

Related Articles