Current Date

Search
Close this search box.
Search
Close this search box.

ജിഹാദ് എന്നത് കൊണ്ട് വിവക്ഷിക്കുന്നത്

ജിഹാദ് എന്ന പദം വ്യത്യസ്ത രൂപങ്ങളിൽ ഖുർആനിൽ നാൽപത്തിയൊന്നു തവണ വന്നിട്ടുണ്ട്. “ ജിഹാദ്” ചെയ്യണം എന്ന രൂപത്തിൽ ഇരുപത്തിയേഴു തവണയും അതിന്റെ മഹത്വം പറഞ്ഞു പതിനാലു തവണയും എന്നാണു മനസ്സിലാക്കപ്പെടുന്നത്‌. ജിഹാദ് ഇസ്ലാമിൽ ഒരു മോശം പ്രയോഗമല്ല. ശത്രുക്കൾ അത് മോശമായി ഉപയോഗിക്കുന്നു എന്നതിനാൽ അതിൻറെ പ്രാധാന്യം കുറയുന്നുമില്ല. മുജാഹിദ് എന്നത് ഇസ്ലാമിലെ ഉന്നത പദവിയാണ്‌. അത് കൊണ്ട് തന്നെ എന്താണ് ഖുർആൻ മുന്നോട്ടു വെക്കുന്ന ജിഹാദ് എന്നൊരു നിരീക്ഷണം നടത്തുന്നത് ഈ അവസരത്തിൽ നല്ലതാണെന്ന് തോന്നുന്നു.

ജിഹാദ് മൂന്നു രൂപത്തിൽ ഖുർആൻ പരാമർശിക്കുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്‌. ഖുർആൻ മക്കീ അദ്ധ്യായങ്ങളിലും മദനീ അദ്ധ്യായങ്ങളിലും ജിഹാദിനെ കുറിച്ച് പറയുന്നു. “ അതിനാൽ പ്രവാചകാ, സത്യനിഷേധികൾക്ക് ഒട്ടും വഴങ്ങിപ്പോകരുത്. ഈ ഖുർആൻകൊണ്ട് അവരോട് മഹാ സമരത്തിലേർപ്പെടുക.” എന്ന് അൽ ഫുർഖാൻ അദ്ധ്യായത്തിൽ കാണാം. മക്ക കാലത്ത് ഒരിക്കൽ പോലും യുദ്ധം ചെയ്യാൻ ഇസ്ലാം അനുമതി നൽകിയിട്ടില്ല. എന്നിട്ടും ജിഹാദ് ചെയ്യാൻ ആജ്ഞാപിച്ചു. അതും ഖുർആൻ കൊണ്ട്. ഇവിടെ ജിഹാദ് കൊണ്ട് വിവക്ഷ ഖുർആൻ വരച്ചു കാണിക്കുന്ന ജീവിത മാർഗം സ്വീകരിക്കുക, വിശ്വാസി എന്ന നിലയിൽ കടമകൾ വീട്ടുക, ദൈവീക കൽപ്പനകൾ പൂർണമായി അനുസരിക്കുക എന്നാണെന്ന് വിശദീകരിക്കപ്പെടുന്നു.

മറ്റൊരിടത്ത് ജിഹാദ് എന്നത് കൊണ്ട് വിവക്ഷിക്കുന്നത് “ സൽക്കർമ്മങ്ങൾ” എന്ന അർത്ഥത്തിലാണ്. “ അല്ലാഹുവിനെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നവൻ അല്ലാഹു നിശ്ചയിച്ചിട്ടുള്ള സമയം വന്നെത്തുകതന്നെ ചെയ്യും എന്നറിഞ്ഞിരിക്കട്ടെ. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമല്ലോ. വല്ലവനും ജിഹാദ് ചെയ്യുന്നുവെങ്കിൽ അത് അവന്റെത്തന്നെ നന്മക്കുവേണ്ടിയത്രെ. നിശ്ചയം, അല്ലാഹു ലോകവാസികളെ ഒട്ടും ആശ്രയിക്കാത്തവനാകുന്നു” അൽ അങ്കബൂത്ത് അദ്ധ്യായത്തിൽ നമുക്ക് ഇങ്ങിനെ വായിക്കാം. പ്രസ്തുത വചനം ഇങ്ങിനെ മനസ്സിലാക്കാം “ നന്മ പ്രവർത്തിച്ചാലുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് എപ്പോഴും ഭയപ്പെടുത്തുകയും തിന്മയനുവർത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ചെകുത്താനുമായി അവൻ സദാ സമരം ചെയ്തുകൊണ്ടിരിക്കണം. തന്നെ ജഡികേച്ഛകളുടെ അടിമയാക്കാൻ ശക്തമായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വന്തം മനസ്സുമായും സമരം ചെയ്യണം. ഇത് ഒന്നോ രണ്ടോ നാളത്തെ സമരമല്ല. ആജീവനാന്ത സമരമാണ്. ദിവസത്തിൽ, ഇരുപത്തിനാല് മണിക്കൂറും അവിരാമം തുടരുന്ന സമരമാണ്. ഏതെങ്കിലും ഒരു രംഗത്തുമാത്രം നടക്കുന്നതുമല്ല ഈ സമരം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇത് നടക്കേണ്ടതാണ്. ഇതിനെക്കുറിച്ചാണ് “മനുഷ്യൻ തീർച്ചയായും സമരം ചെയ്യുന്നുണ്ട്; അവൻ ഒരിക്കലും വാളെടുത്തിട്ടില്ലെങ്കിലും” എന്ന് പറയപ്പെടുന്നത്‌.

അതിലപ്പുറം സായുധ സമരവും ജിഹാദിന്റെ കീഴിൽ വരുന്നുണ്ട്. വിമർശനം ഭയന്ന് ഇല്ലെന്നു പറയാൻ കഴിയില്ല. ” വിശ്വസിച്ച ജനത്തിൽ, ന്യായമായ കാരണമില്ലാതെ വീട്ടിലിരിക്കുന്നവരും, ജീവധനാദികളാൽ ദൈവികസരണിയിൽ സമരം ചെയ്യുന്നവരും ഒരുപോലെയല്ല. ജീവധനാദികൾകൊണ്ട് സമരം ചെയ്യുന്നവരെ വെറുതെയിരിക്കുന്നവരേക്കാൾ അല്ലാഹു പദവിയിൽ ശ്രേഷ്ഠരാക്കിയിട്ടുണ്ട്. എല്ലാവർക്കും അല്ലാഹു നന്മ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, അല്ലാഹുവിങ്കൽ മുജാഹിദുകളുടെ സേവനങ്ങൾക്കുള്ള പ്രതിഫലം വെറുതെയിരിക്കുന്നവരുടേതിനെക്കാൾ വളരെ വർധിച്ചതാകുന്നു. അവർക്കു മഹത്തായ പദവികളും പാപമുക്തിയും അനുഗ്രഹങ്ങളുമുണ്ട്.” അന്നിസാഅ അദ്ധ്യായത്തിലെ ഈ വചനം കൊണ്ടുള്ള വിവക്ഷ ഇങ്ങിനെ മനസ്സിലാക്കാം.

“ തങ്ങൾക്ക് യുദ്ധത്തിനു ഓർഡർ ലഭിച്ചിട്ടും ഒഴികഴിവുണ്ടാക്കി യുദ്ധത്തിന് പുറപ്പെടാതെ സ്വഗൃഹത്തിൽ ചടഞ്ഞുകൂടുന്നവരല്ല ഇവിടെ ഉദ്ദേശ്യം. ജിഹാദ് സാമൂഹികബാധ്യത (ഫർദ് കിഫായ) മാത്രമായിരിക്കുമ്പോൾ യുദ്ധരംഗത്തേക്ക് പോവാതെ മറ്റു രംഗങ്ങളിൽ ജോലി നിർവഹിച്ചുകൊണ്ടിരിക്കുന്നവരാണ്. ആദ്യത്തെ രണ്ടു തരക്കാരും കപടന്മാരാകുന്നു. ഇവരെ അപേക്ഷിച്ച് ആ മഹാകൃത്യത്തിന്-യുദ്ധത്തിന്- സ്വയം സന്നദ്ധരായി മുന്നോട്ട് ചെല്ലുന്ന ധീരാത്മാക്കൾക്ക് കൂടുതൽ ശ്രേഷ്ഠതയും പദവിയുമുണ്ട്; ഇതര കൃത്യങ്ങൾ സ്വന്തം നിലയിൽ എത്രതന്നെ പ്രയോജനകരങ്ങളാണെങ്കിലും.”

മേൽ പറഞ്ഞ മൂന്നു രീതിയിൽ ജിഹാദിനെ വിലയിരുത്താം. ഇമാം ഇബ്നുൽ ഖയ്യിം ജിഹാദിന് നാല് പദവികൾ നിശ്ചയിച്ചു. ഒന്നാമത്തെ ഹിജാദ് സ്വന്തത്തോട്‌ തന്നെയാണ്. സ്വന്തത്തെ അല്ലാഹുവിന്റെ നിർദ്ദേശങ്ങൾക്ക് സ്വയം സജ്ജമാക്കുക എന്ന രൂപത്തിൽ പ്രവാചകൻ അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടം പിശാചിനോടുള്ള ജിഹാദാണ്. പിശാചിൽ നിന്നും അല്ലാഹുവിനോട് ശരണം തേടുമ്പോൾ തന്നെ പിശാചിനെ അനുസരിക്കുന്ന അവസ്ഥയിലാണ് പലരും. മൂന്നാമത്തെ ജിഹാദ് ജീവിതത്തിൽ കടന്നു വരുന്ന കാപട്യങ്ങളോടാണ്. ഈ മൂന്നു ഘട്ടങ്ങളും വിജയകരമായി തരണം ചെയ്തവന് മാത്രമേ ശത്രുവുമായി സമരത്തിൽ ഏർപ്പെടാൻ കഴിയൂ. അത് കൊണ്ടാണ് ജിഹാദിനെ “ ജിഹാദ് ചെയ്യേണ്ട പ്രകാരം ജിഹാദ് ചെയ്യുക” എന്ന് ഖുർആൻ എടുത്തു പറഞ്ഞത്.

ജിഹാദ് ഒരു ഭീകര പ്രവർത്തനമായി മാറ്റി എന്നിടത്താണ് ശത്രുക്കൾ വിജയിച്ചത്. വേദനാജനകമായ ശിക്ഷയിൽ നിന്നും രക്ഷ നേടാനുള്ള കച്ചവടം എന്ന നിലയിലാണ് ഒരിടത്ത് ഖുർആൻ ജിഹാദിനെ കുറിച്ച് പറയുന്നത്. അതായത് വിശ്വാസികളുടെ ജീവിതത്തിൽ അതൊരു നിർബന്ധ കാര്യമാണ്. ഇസ്ലാമിനെതിരെ ശത്രുക്കൾ നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങളെ പ്രതിരോധിക്കുക എന്നതാണ് കാലഘട്ടത്തിൻറെ ജിഹാദ്. സംവാദമാണ് ഇസ്ലാം മുന്നോട്ടു വെക്കുന്ന രീതി. സംവാദന രീതിയിൽ പലപ്പോഴും ഇസ്ലാമിന് മുന്നിൽ പിടിച്ചു നില്ക്കാൻ എതിരാളികൾക്ക് കഴിയാതെ പോകുന്നു. അങ്ങിനെ “ കൂകി തോൽപ്പിക്കുക” എന്നതിന്റെ മറ്റൊരു രൂപമാണു അധികരിച്ച് വരുന്ന ജിഹാദ് ആരോപണങ്ങൾ.

ഇസ്ലാം എന്നത് സുതാര്യതയുടെ മറ്റൊരു നാമമാണ്. ഇസ്ലാമിൽ എന്തും സുതാര്യമാണ്. അതിന്റെ സമര രീതികളും അങ്ങിനെ തന്നെ. അല്ലാഹുവിന്റെ മാർഗത്തിലേക്ക് ആളുകളെ ക്ഷണിക്കേണ്ട രീതി ഖുർആൻ പറയുന്നു. അത് യുക്തിയും ഗുണകാംക്ഷയുമാണ്. സംവാദമാണ് നിലനിർത്തേണ്ട രീതി. ഇന്ന് ശത്രുക്കൾ പറഞ്ഞു പരത്തുന്ന ജിഹാദിൽ ഇവ രണ്ടും നമുക്ക് കാണാൻ കഴിയില്ല. അത് കൊണ്ട് തന്നെ അവർ മോന്നോട്ടു വെക്കുന്ന ജിഹാദ് ഇസ്ലാമിന്റെ ജിഹാദല്ല എന്ന് രണ്ടു വട്ടം പറയാൻ കൂടുതൽ ചിന്തിക്കേണ്ടി വരില്ല. ഒരു വിശ്വാസിയുടെ ജീവിതം മുഴുവൻ ജിഹാദ് ദർശിക്കാം.. നേരത്തെ പറഞ്ഞ നാല് കാര്യങ്ങളിൽ മൂന്നിലും അവൻ എപ്പോഴും ശ്രദ്ധാലുവാകും.

Related Articles