Current Date

Search
Close this search box.
Search
Close this search box.

ഹുബ്ബുല്ലാഹ്, ഹജ്ജിന്റെ / പെരുന്നാളിന്റെ കാതൽ

“ജനം ആർത്തുവിളിച്ചു: അവനെ ചുട്ടു കളയിൻ! നമ്മുടെ ദൈവങ്ങളെ സംരക്ഷിക്കുവിൻ” (ഖുർആൻ: 21:68)

ഇന്നത്തെ ഇറാഖിൽ ടൈഗ്രീസിൻ്റെ ആകാശത്തിൽ ആയിരം നാമ്പുകളുള്ള അഗ്നി പുളഞ്ഞത് കണ്ട് തെല്ലും ഭയപ്പെടാതെ നിൽക്കുന്ന ഇബ്രാഹിം നബി(അ)യോട് ബുദ്ധി ഇങ്ങനെ ചോദിച്ചതായി അല്ലാമാ ഇഖ്ബാൽ നിരീക്ഷിക്കുന്നുണ്ട്: “ഹേ…ഇബ്രാഹിം.. മണ്ടത്തരം ചെയ്യാതെ മാറി നിൽക്കൂ.. അഗ്നി നിന്നെ കരിക്കുക തന്നെ ചെയ്യും!”

അപ്പോൾ അകത്ത് പരന്നൊഴുകുന്ന ദിവ്യ തേജസ്സിൻ്റെ പ്രണയാഗ്നിയിൽ ചുട്ടെടുത്ത ഇബ്രാഹിമിൻ്റെ മന:സാക്ഷി അർഥവത്തായി പുഞ്ചിരിച്ചു. അതോടെ നംറൂദിൻ്റെ അഗ്നി കുണ്ഠം പ്രവാചകനു മുന്നിൽ പൂമെത്തയായി മാറി!(ഖുർആൻ: 21: 69)

ശിർകിനോടും അതിൻ്റെ അംശലേശങ്ങളോടു പോലുമുള്ള വിയോജിപ്പ് യുക്തിപരമായി തെളിയിക്കാൻ അക്ഷരാർഥത്തിലുള്ള വിഗ്രഹ ധ്വംസനത്തിനു വരെ തയ്യാറായത് ഇബ്രാഹിം പ്രവാചകൻ്റെ കറയറ്റ ദിവ്യ പ്രേമം കാരണമത്രെ. (ഈമാനിൻ്റെ പ്രഥമ ലക്ഷണം ഹുബ്ബുല്ലാഹ് ആണെന്ന് ഖുർആൻ: 2:165 ൽ പറഞ്ഞത് നമുക്കറിയാം)

ഓമന മകൻ ഇസ്മാഈൽ(അ)ൻ്റെ കഴുത്തിൽ കത്തിവെക്കാൻ ഇബ്രാഹിമിനെ പ്രേരിപ്പിച്ചതും ഇതേ ദിവ്യ സ്നേഹം / ഖലീലിയ്യത്ത് തന്നെ.

അല്ലാഹുവിനു വേണ്ടി സ്വദേശം ത്യജിച്ച് ഹിജ്റ ചെയ്യാനും പ്രിയ പത്നി ഹാജറ (റ)യെയും പിഞ്ചുമകനെയും ശ്യാമവർണമൊഴുകുന്ന മരുപ്പറമ്പിൻ്റെ വിജനതയിൽ ഉപേക്ഷിച്ചു പോകാനും മുഴുവൻ ഭൗതിക സ്നേഹത്തെയും അതിജയിച്ച ദിവ്യ പ്രേമത്തിനു മാത്രമേ കഴിയൂ.

ഇബ്രാഹിമിനെ ഞാൻ സുഹൃത്തായി വരിച്ചു എന്ന് – ഖുർആൻ: 4: 125 – അല്ലാഹു പറഞ്ഞത് ഈ പശ്ചാത്തലങ്ങൾ വെച്ച് വായിക്കുക! എത്ര വലിയ അംഗീകാരമാണത്! ഒരു മനുഷ്യന്, ഒരു പ്രവാചകന് ചെന്നെത്താൻ പറ്റിയ അത്യുന്നതവും അതിഗംഭീരവുമായ മറ്റൊരു പദവിയില്ല!!
(മുഹമ്മദ് നബി – സ – യെയും അല്ലാഹു ഖലീൽ ആയി വരിച്ചതായി ഹദീസിൽ വന്നിട്ടുണ്ട്)

സ്വന്തം ഇഷ്ടങ്ങളത്രയും മാറ്റി വെച്ച് ജീവിതം മുഴുവൻ അല്ലാഹുവിൻ്റെ ഇഷ്ടത്തിനു മുന്നിൽ സമർപ്പിച്ച മഹാനായ ഇബ്രാഹിം പ്രവാചകൻ്റെ ധർമവ്യവസ്ഥ (മില്ലത്ത് ) പിന്തുടരണമെന്നാണല്ലോ നമ്മോടുള്ള അല്ലാഹുവിൻ്റെ ആജ്ഞ. (ഇക്കാര്യം പ്രഖ്യാപിക്കുന്ന അന്നിസാഅ: സൂക്തം 125 ൽ പറയുന്ന അസ് ലം, അഹ്സൻ, വജ്ഹ്, ഹനീഫ് എന്നിവയും അന്നംല്: 120 ലെ ശിർക്, ഉമ്മത്ത്, ഖാനിത് എന്നിവയും സവിശേഷമായി പഠന വിധേയമാക്കേണ്ടതാകുന്നു)

കുറിപ്പ്: അന്ത്യപ്രവാചകൻ മുഹമ്മദ് (സ)യുടെ മാതൃക പാലിച്ച് ഇബ്രാഹീമീപാത പിൻപറ്റുന്ന ഏതു സത്യവിശ്വാസിക്കും എത്തിപ്പിടിക്കാവുന്ന മഹത്തായ പദവിയായ ഹുബ്ബുല്ലയും ഇബ്രാഹിം / മുഹമ്മദ് പ്രവാചകന്മാർക്കു ലഭിച്ച ഖുല്ലത്തും / ഖലീലിയ്യത്ത് തമ്മിൽ ഏറെ വ്യത്യാസം, അജഗജാന്തരം തന്നെയുണ്ട് എന്നത് വിസ്മരിക്കരുത്!

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles