Current Date

Search
Close this search box.
Search
Close this search box.

വീട് നിര്‍മ്മാണവും വീട് കൂടലും

ഏതൊരു മനുഷ്യന്‍റേയും ആഗ്രഹമാണ് സ്വന്തമായൊരു വീട്. അവന്റെ താമസ വിശ്രമ സ്ഥലമാണല്ലോ വീട്. وَٱللَّهُ جَعَلَ لَكُم مِّنۢ بُيُوتِكُمْ سَكَنًا അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. (ഖുര്‍ആൻ:16/80)

വീട് നിര്‍മ്മാണത്തിലും വീട് കൂടുന്നതിലും മുസ്ലിംകൾക്കിടയിൽ കടന്നു കൂടിയിട്ടുള്ള അനാചാരങ്ങൾ അനേകമുണ്ട്. ചിലതെല്ലാം ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ വരെ കാരണമാകുന്ന ശിർക്കൻ പ്രവർത്തനങ്ങളാണെങ്കിൽ മറ്റു ചിലത് തീർത്തും അകറ്റി നിർത്തേണ്ട ബിദ്അത്തുകളാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ ഓര്‍മ്മപ്പെടുത്തുന്നു.

ഒന്നാമതായി, വീട് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോൾ അത് പള്ളിയിലെ ബാങ്ക് വിളികൾ കേൾക്കാൻ പര്യാപ്‍തമായ, പുരുഷൻമാര്‍ക്ക് ജമാഅത്ത് നമസ്കാരത്തിന് കൃത്യമായി പങ്കെടുക്കാവുന്ന തരത്തിലുള്ളതാകാൻ പരിശ്രമിക്കുക. പള്ളിയും മുസ്ലിമുമായിട്ടുള്ള ബന്ധം അഭേദ്യമാണ്. നബി ﷺ ഹിജ്റ ചെയ്ത് മദീനയിലെത്തി ഏതാനും ദിവസങ്ങൾക്കകം പള്ളി നിര്‍മ്മിച്ചത് ഇത് അറിയിക്കുന്നു. നമ്മുടെ ഭവനം നല്ല സാമൂഹിക ചുറ്റുപാട് ഉള്ളിടത്താകാനും ശ്രദ്ധിക്കുക.

രണ്ടാമതായി, വീട് നിര്‍മ്മിക്കാനായി ചെലവഴിക്കുന്ന തുക ഹലാലായ മാര്‍ഗത്തിലുള്ളതാണെന്ന് ഉറപ്പ് വരുത്തുക. നിഷിദ്ധ മാര്‍ഗത്തിലൂടെയുള്ള വരുമാനത്തിലും അതുവഴി കെട്ടിയുണ്ടാക്കുന്നതിലും ബറകത്ത് ഉണ്ടാകുകയില്ല. പലിശക്കെടുത്ത് വീട് നിര്‍മ്മിക്കുന്ന രീതി ഒഴിവാക്കുക. വിശുദ്ധ ഖു൪ആനിലൂടെ അല്ലാഹു യുദ്ധം പ്രഖ്യാപിച്ച ഒരേ ഒരു വിഭാഗം പലിശയുമായി ബന്ധപ്പെടുന്നവരാണെന്ന വസ്തുത എല്ലായ്പ്പോഴും ഓര്‍ക്കുക.

മൂന്നാമതായി, വീട് സൗഭാഗ്യത്തിൽപെട്ടതാണെങ്കിലും അത് നമുക്ക് അനിവാര്യമാണെങ്കിലും അവിടെ എത്രകാലം താമസിക്കാനാകുമെന്ന് നമുക്ക് അറിയില്ല. അതിന് ശേഷം ഒരു നിശ്ചിത കാലം ബര്‍സഖിലും ശേഷം കാലാകാലം പരലോകത്തുമാണ് നാം താമസിക്കേണ്ടത്. ഇത് മറന്നുകൊണ്ടാകരുത് നമ്മുടെ വീട് നിര്‍മ്മാണം.

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ مَرَّ بِي رَسُولُ اللَّهِ صلى الله عليه وسلم وَأَنَا أُطَيِّنُ حَائِطًا لِي أَنَا وَأُمِّي فَقَالَ ‏”‏ مَا هَذَا يَا عَبْدَ اللَّهِ ‏”‏ ‏.‏ فَقُلْتُ يَا رَسُولَ اللَّهِ شَىْءٌ أُصْلِحُهُ فَقَالَ ‏”‏ الأَمْرُ أَسْرَعُ مِنْ ذَاكَ ‏”‏ ‏.‏

അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ പറയുന്നു: നബി ﷺ പറഞ്ഞു: ഞാനും എന്റെ ഉമ്മയും എന്റെ വീടിന്റെ ചുമര് പണിയുമ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. നബി ﷺ ചോദിച്ചു: അബ്ദുല്ലാ ഇതെന്താണ്? ഞാൻ പറഞ്ഞു:അല്ലാഹുവിന്റെ റസൂലേ, ഇത് ഞാൻ നന്നാക്കുകയാണ്. നബി ﷺ പറഞ്ഞു: കാര്യം (മരണം) നിങ്ങൾക്ക് അതിനേക്കാൾ വേഗത്തിലാണ്. (അബൂദാവൂദ് )

എന്നാൽ പലയാളുകളും കാലാകാലം താമസിക്കാനാണെന്ന തരത്തിൽ വീട് നിര്‍മ്മാണത്തിൽ ഏര്‍പ്പെടുന്നു. അതിനായി ധാരാളം സമ്പത്തും സമയവും ഉപയോഗപ്പെടുത്തുന്നു. കൊട്ടാരങ്ങളും മണിമാളികകളും പണിയുന്നു. വീടിന് മുകളിൽ ഒരു സ്വഹാബി ഖുബ്ബ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് നബി പറഞ്ഞു: أَمَا إِنَّ كُلَّ بِنَاءٍ وَبَالٌ عَلَى صَاحِبِهِ إِلاَّ مَا لاَ إِلاَّ مَا لاَ (മനുഷ്യർ നിർമ്മിച്ച ഉണ്ടാക്കുന്ന) ഓരോ ഭവനങ്ങളും അവർക്ക് (പരലോകത്ത്) നഷ്ടമായിരിക്കും, അവന് ആവശ്യമായി വേണ്ടതൊഴികെ, അവന് ആവശ്യമായി വേണ്ടതൊഴികെ. (സിൽസിലത്തു സ്വഹീഹ്)

കുടുസ്സായ വീട് നിര്‍മ്മിക്കണമെന്ന് ഇതിന് അര്‍ത്ഥമില്ല. വിശാലതയുളള ഒരു വീട് സൗഭാഗ്യത്തിൽപെട്ടതാണെന്ന് നബി പഠിപ്പിച്ചിട്ടുണ്ട്.
عن سعد بن أبي وقاص رضي الله عنه عن رسول الله صلى الله عليه وسلم قال : أَرْبَعٌ مِنَ السَّعَادَةِ : الْمَرْأَةُ الصَّالِحَةُ، وَالْمَسْكَنُ الْوَاسِعُ ، وَالْجَارُ الصَّالِحُ، وَالْمَرْكَبُ الهنيء
സഅദ് ബ്നു അബീബഖാസ് رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘സ്വാലിഹത്തായ ഭാര്യ, വിശാലതയുളള വീട്, നല്ല അയൽവാസി, ശാന്തമായ വാഹനം’ എന്നീ നാല് കാര്യങ്ങൾ സൗഭാഗ്യത്തിൽപ്പെട്ടതാണ്. (അസ്സഹീഹ് )

ഓരോരുത്തരുടെയും വീടിന്റെ വലിപ്പവും സൗകര്യങ്ങളും വ്യത്യസ്തമായിരിക്കും. ഓരോരുത്തരുടെയും ആവശ്യവും സാമ്പത്തികവും വ്യത്യസ്തമാണല്ലോ. ഓരോരുത്തരും അവർക്ക് ആവശ്യമായ രീതിയിൽ ധൂർത്തില്ലാതെ പൊങ്ങച്ചം കാണിക്കാതെ വീട് നിർമ്മിക്കുകയാണ് വേണ്ടത്.

നാലാമതായി, വീടിന് സ്ഥലും സൗകര്യങ്ങളും ഉണ്ടെങ്കിൽ ഇബാദത്തുകൾക്കായി ഒരു ഭാഗം ഒഴിച്ചിടുന്നത് നല്ലതാണ്. ഇത്ബാൻ ബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിന് അതിനായി നബി ﷺ വീട്ടിൽ ഒരു സ്ഥലം നിശ്ചയിച്ച് കൊടുത്തത് ഹദീസിൽ കാണാം. അദ്ദേഹത്തിന്റെ വീട്ടിലെത്തി നബി ﷺ ചോദിച്ചു:
أَيْنَ تُحِبُّ أَنْ أُصَلِّيَ مِنْ بَيْتِكَ നിങ്ങളുടെ വീട്ടിൽ ഞാൻ എവിടെ നമസ്കരിക്കണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. (നസാഇ:1327) അങ്ങനെ അദ്ദേഹം നബി ﷺ ക്ക് സ്ഥലം കാണിച്ചുകൊടുക്കുകയും നബി ﷺ അവിടെ നമസ്കരിക്കുകയും ചെയ്തു.

അഞ്ചാമതായി, ടോയ്ലറ്റ് നിര്‍മ്മിക്കുമ്പോൾ ഖിബ് ലക്ക് അഭിമുഖമായോ എതിരായോ ഇരിക്കുന്ന തരത്തിൽ ആകാതിരിക്കാൻ ശ്രദ്ധിക്കുക.
عَنْ أَبِي أَيُّوبَ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِذَا أَتَى أَحَدُكُمُ الْغَائِطَ فَلاَ يَسْتَقْبِلِ الْقِبْلَةَ وَلاَ يُوَلِّهَا ظَهْرَهُ، شَرِّقُوا أَوْ غَرِّبُوا
അബൂഅയ്യൂബുല്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരെങ്കിലും മലമൂത്രവിസര്‍ജ്ജനത്തിന് ചെന്നാല്‍ ഖിബ് ലക്ക് അഭിമുഖമായോ എതിരായോ ഇരിക്കരുത്. മറ്റു വശങ്ങളിലേക്ക് നിങ്ങള്‍ തിരിഞ്ഞിരിക്കുക. (ബുഖാരി:144)

ഈ നിയമം മരുഭൂമിപോലെ ഒഴിഞ്ഞ പ്രദേശത്ത് മാത്രം ബാധകമായതാണെന്ന് വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ എവിടെയും ഉത്തമം ഖിബ് ലക്ക് അഭിമുഖമായോ എതിരായോ ഇരിക്കാത്തതാണ്.

قَالَ أَبُو أَيُّوبَ : فَقَدِمْنَا الشَّامَ فَوَجَدْنَا مَرَاحِيضَ قَدْ بُنِيَتْ قِبَلَ الْقِبْلَةِ فَنَنْحَرِفُ عَنْهَا وَنَسْتَغْفِرُ اللَّهَ അബൂഅയ്യൂബുല്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُ പറയുന്നു: ഞങ്ങൾ സിറിയയിൽ വന്നു. അപ്പോൾ കക്കൂസുകൾ ഖിബ് ലക്ക് അഭിമുഖമായി നിർമ്മിക്കുന്നത് ഞങ്ങൾ കണ്ടു. അതിനാൽ ഞങ്ങൾ ഖിബ് ലവിട്ട് തെറ്റിയിരിക്കുകയും അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുമായിരുന്നു. (മുസ്ലിം:264)

ആറാമതായി, വീട് നിര്‍മ്മാണത്തിൽ സമൂഹം പിന്തുടരുന്ന എല്ലാ ശിര്‍ക്കൽ പ്രവൃത്തികളിൽ നിന്നും വിട്ടുനിൽക്കുക. ആളുകൾ വീടിന് സ്ഥലം തീരുമാനിച്ച് കുറ്റിയടിക്കുമ്പോള്‍ വാസ്തുശാസ്ത്രം എന്ന പേരിലുള്ള ചില വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് വീടിന്റെ മൂലയും ജനലും വാതിലും റൂമുകളുമെല്ലാം നിര്‍ണയിക്കുന്നത്. ഇത് ശാസ്ത്രമാണ് എന്ന ധാരണയില്‍ ഇതനുസരിച്ചില്ലെങ്കില്‍ ജീവിതം അപകടകരമാകുമെന്ന് തെറ്റിദ്ധരിച്ച് ധാരാളം ആളുകൾ പിന്തുടരുന്നു. പക്ഷേ, ഇതിന്റെ പിന്നില്‍ ബിംബാരാധനയും ദേവീദേവന്മാരെ കുടിയിരുത്തലുമാണ് സംഭവിക്കുന്നത്. വാസ്തുശാസ്ത്രത്തില്‍ കുടിക്കൊള്ളുന്നത്, ദേവീദേവ സങ്കല്‍പത്തിലധിഷ്ഠിതമായ വിശ്വാസമാണ്. മേല്‍ക്കുളരങ്ങര അജിത്കുമാര്‍ എഴുതി തിതുവനന്തപുരം യൂനിവേഴ്‌സല്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘വാസ്തു ശാസ്ത്രം’ എന്ന പുസ്തകത്തില്‍ 49,50 പേജുകളില്‍ ഇക്കാര്യം കൃത്യമായി പരാമര്‍ശിക്കുന്നുണ്ട്.

കന്നിമൂലയുടെ കാര്യവും അങ്ങനെ തന്നെയാണ്. ‘വാസ്തു ശാസ്ത്രം’ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക:
വാസ്തു ശാസ്ത്രത്തില്‍ തെക്ക് പടിഞ്ഞാറ് ദിക്ക് അല്ലെങ്കില്‍ കന്നിമൂല വളരെ പ്രാധാനപ്പെട്ടതാണ്. നിരൃതിയാണ് ഈ ദിക്കിന്റെ ദേവന്‍. ഏഴ് ദിക്കുകള്‍ക്കും അധിപന്മാര്‍ ദേവന്മാരായിരിക്കുമ്പോള്‍ ഈ ദിക്കില്‍ മാത്രമാണ് നിരൃതി എന്ന രാക്ഷസന്‍ അധിപനായിട്ടുള്ളത്. നിരൃതിരാക്ഷസന്‍ പ്രകോപിയായതിനാല്‍ അദ്ദേഹം താമസക്കാര്‍ക്ക് ഗുണമായാലും ദോഷമായാലും കടുത്ത ഫലങ്ങള്‍ നല്‍കും. ജീവജാലങ്ങളുടെ രക്തം കുടിക്കുന്ന അദ്ദേഹം പച്ചമാംസം തിന്നുകയുംചെയ്യും. (വാസ്തു ശാസ്ത്രം – പേജ്:76)

ഒരു എഞ്ചിനീയര്‍ സ്ഥലത്തിന്റെ കിടപ്പും സൗകര്യവും കാറ്റും വെളിച്ചവുമൊക്കെ പരിഗണിച്ച് കെട്ടിടം രൂപകൽപന ചെയ്യുന്നതുപോലെയാണ് വാസ്തു ശാസ്തത്തിന്റെ അടിസ്ഥാനത്തിൽ കുറ്റിയടിക്കുന്നതെന്ന് വിചാരിക്കുന്നവരുണ്ട്. എന്നാൽ കാര്യം അങ്ങനെയല്ല. എഞ്ചിനീയര്‍ ഭൗതികമായ കാര്യങ്ങൾ പരിശോധിച്ച് ഭൗതികമായ അറിവിന്റെ അടിസ്ഥാനത്തിലാണ് ചെയ്യുന്നത്. എന്നാൽ വാസ്തു ശാസ്ത്ര പ്രകാരം, ഇങ്ങനെ ചെയ്തില്ലെങ്കിൽ എന്തെങ്കിലും ദോഷം ബാധിക്കുമെന്ന് വിശ്വസിക്കുമ്പോൾ അവിടെ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന്, അഭൗതികമായ അറിവ് അല്ലാഹുവിന് മാത്രമെന്നത് സൃഷ്ടികൾക്കും വകവെച്ച് കൊടുക്കലായി. ഭാവിയിൽ എന്തെങ്കിലും ദോഷം ബാധിക്കുമെന്നത് അഭൗതികമായ അറിവാണ്. രണ്ടാമത്തേത്, എന്തെങ്കിലും ഉപകാരമോ ഉപദ്രവമോ ചെയ്യാനുള്ള കഴിവ് അല്ലാഹുവിന് മാത്രമെന്നത് സൃഷ്ടികൾക്കും വകവെച്ച് കൊടുക്കലായി. ദോഷം ബാധിക്കുമെന്നത് ഒരു ഉപദ്രവമാണല്ലോ.

വീടിന് ആശാരിമാരും തച്ചന്മാരും വീടിന്റെ മൂലയും ജനലും വാതിലും റൂമുകളുമെല്ലാം നിര്‍ണയിക്കുന്നതേ കുഴപ്പമുള്ളൂവെന്ന് തെറ്റിദ്ധരിച്ചവരുമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചല മുസ്ലിം വേഷധാരികൾ ഈ പണി ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്. അവര്‍ സ്ഥലത്ത് വന്നു വീടിന്റെ മൂലയും ജനലും വാതിലും റൂമുകളുമെല്ലാം നിര്‍ണയിക്കുന്നു. വീട് നിര്‍മ്മിച്ച ശേഷം ടോയ്ലെറ്റുകൾ പൊളിപ്പിക്കുന്നു. ഇവര്‍ ചെയ്യുന്നതും ആശാരിമാരും തച്ചന്മാരും ചെയ്യുന്നതു ഒന്നുതന്നെയാണ്. അതൊരിക്കലും ഒരു എഞ്ചിനീയര്‍ ചെയ്യുന്നതുപോലെയല്ല.

വീടുണ്ടാക്കിയ ശേഷം വാസ്തു നിയമത്തിന് വിരുദ്ധമാണ് എന്നറിയുമ്പോള്‍ അടുക്കളയും കക്കൂസുമൊക്കെ പൊളിച്ച് മാറ്റിപ്പണിയുകയും വെള്ളമുള്ള കിണര്‍പോലും സ്ഥാനം ശരിയല്ലെന്ന ഉപദേശം കേട്ട് മണ്ണിട്ടുമൂടി വെള്ളം കിട്ടാതെ കഷ്ടപ്പെടുന്നവരും ധാരാളമുണ്ട്. ഇഹലോകത്തും പരലോകത്തും മഹാ നഷ്ടം വരുത്തുന്ന ഈ വിശ്വാസത്തിന് ഇസ്ലാമിൽ ഒരു തെളിവുമില്ലെന്നുള്ളത് വിശ്വാസികള്‍ മനസ്സിലാക്കണം.

ആകാശഭൂമികളുടെ സൃഷ്ടാവായ അല്ലാഹുവിൽ നിന്നല്ലാതെ മറ്റേതെങ്കിലും ആരാധ്യ വസ്തുക്കളിൽ നിന്നും എന്തെങ്കിലും നന്മയും തിന്മയും ലഭിച്ചേക്കുമെന്നു വിശ്വസിക്കാൻ ഒരു മുസ്ലിമിന് പാടുള്ളതല്ല. അല്ലാഹു ഉദ്ദേശിച്ചതിനപ്പുറം യാതൊന്നും ചെയ്‌വാന്‍ ആർക്കും സാദ്ധ്യമല്ല.

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്റെ അനുഗ്രഹം പിടിച്ചുവെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്. (ഖുര്‍ആൻ:39/38)

മനുഷ്യര്‍ സ്വയം കെട്ടിവരിയുന്ന ഭാരങ്ങളും ചങ്ങലകളും അഴിച്ച് മനുഷ്യര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനമാണ് മുഹമ്മദ് നബി ﷺ ചെയ്തത്; ജീവിതം ദുസ്സഹമാക്കുന്നതല്ല. അല്ലാഹു പറയുന്നു.
(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിന്‍പറ്റുന്നവര്‍ക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്). അവരോട് അദ്ദേഹം സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക് അനുവദനീയമാക്കുകയും ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ് വിജയികള്‍. (ഖുര്‍ആൻ:7/157)

നിങ്ങളുടെ പ്രവാചകന്‍ എന്തിലേക്കാണ് ക്ഷണിക്കുന്നത് എന്ന ചോദ്യത്തിന് പ്രവാചകന്റെ പ്രതിനിധി റുസ്തം ചക്രവര്‍ത്തിയുടെ മുമ്പില്‍ പറഞ്ഞ മറുപടി നോക്കൂ: ”സൃഷ്ടിപൂജയില്‍ നിന്ന് സ്രഷ്ടാവിനെ മാത്രം ആരാധിക്കുന്ന മാര്‍ഗത്തിലേക്ക്, ഭൗതിക ലോകത്തിന്റെ ഇടുക്കങ്ങളില്‍ നിന്ന് ഭൗതിക-പാരത്രിക ലോകങ്ങളുടെ വിശാലതയിലേക്ക്…’

عَنْ ثَوْبَانَ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:وَلاَ تَقُومُ السَّاعَةُ حَتَّى تَلْحَقَ قَبَائِلُ مِنْ أُمَّتِى بِالْمُشْرِكِينَ وَحَتَّى تَعْبُدَ قَبَائِلُ مِنْ أُمَّتِى الأَوْثَانَ
ഥൗബാന്‍ رَضِيَ اللَّهُ عَنْهُ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: എന്റെ സമുദായത്തില്‍ പെട്ട ചില ഗോത്രക്കാര്‍ മുശ്രിക്കുകളുമായി കൂടിച്ചേരുന്നത് വരെ; എന്റെ സമുദായത്തില്‍ പെട്ട ചിലര്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് വരെ; അന്ത്യനാള്‍ സംഭവിക്കുകയില്ല. (അബൂദാവൂദ്: 4254)

ഏഴാമതായി, വീട് കൂടുന്ന വേളയിലും ശിര്‍ക്-ബിദ്അത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. വീട് കൂടുന്നതിനായി പാൽ കാച്ചൽ ചടങ്ങ് നടത്തുന്ന മുസ്ലിംകളുണ്ട്. ഇസ്ലാമിൽ അങ്ങനെയൊരു ചടങ്ങേയില്ലെന്ന് മാത്രമല്ല, അത് ബഹുദൈവാരാധനയിൽ അധിഷ്ഠിതമാണ്. വാസ്തു ശാസ്ത്രം’ എന്ന പുസ്തകത്തില്‍ പറയുന്നത് കാണുക:
ഗണപതി ഹോമം ചെയ്ത് ആ രീതിയില്‍ തന്നെപാല്‍കാച്ചി നല്ലവണ്ണം പതഞ്ഞ് പാത്രത്തിന്റെ മീതെ കവിഞ്ഞു വീണാല്‍ ഉണക്കലരി കഴുകിയിട്ട് പായസംവെച്ച് വിഷ്ണുവിനെയും ദേവിയെയും ഭൂമിയെയും പൂജിക്കണം. തിളപ്പിച്ച പാല്‍ അതിഥികള്‍ക്ക് നല്‍കണം. (വാസ്തു ശാസ്ത്രം – പേജ്:195-196)

ചിലര്‍ അന്നേ ദിവസം സുബ്ഹി ജമാഅത്ത് പുതിയ വീട്ടിൽ സംഘടിപ്പിക്കുന്നു. അന്ന് അവിടെ സുബ്ഹി ജമാഅത്ത് നിര്‍വ്വഹിക്കുന്നതിനായി ആളുകളെ അവിടേക്ക് ക്ഷണിക്കുന്നു. പുരുഷൻമാര്‍ക്ക് ജമാഅത്ത് നമസ്കാരം പള്ളിയിൽ നിര്‍വ്വഹിക്കൽ നിര്‍ബന്ധമാണ്. ചില സ്ഥലങ്ങളിൽ പള്ളിയിലെ ഇമാം വരെ പള്ളി ഉപേക്ഷിച്ച് അവിടെ വന്ന് നമസ്കരിക്കുന്നു. പള്ളിയിലേക്ക് പോകുന്നവരെ വീട്ടിലേക്ക് ജമാഅത്തിന് വിളിക്കുന്നത് അക്രമമല്ലാതെ മറ്റെന്താണ്?

ചിലര്‍ വീടുകൂടൽ ചടങ്ങായി സുബ്ഹിക്ക് തന്നെ പ്രവേശിക്കുന്നു. അത് പോലെ ബാങ്ക് വിളിക്കുന്നു. വാസ്തവത്തിൽ ഗൃഹപ്രവേശനത്തിൽ ഇസ്‌ലാം സുന്നത്തായി ഇതൊന്നും പഠിപ്പിക്കുന്നില്ല. ഇസ്ലാം മനുഷ്യന് എല്ലാ വിഷയങ്ങളിലും മാര്‍ഗ നിര്‍ദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. നബി ﷺയുടെ കാലത്തും പുതിയ വീടുകളിലേക്ക് ആളുകൾ താമസം മാറിയിട്ടുണ്ട്. വീടുകൂടൽ ചടങ്ങായി നമുക്ക് ചെയ്യാനുള്ളത് അല്ലാഹു നൽകിയ അനുഗ്രഹത്തെ ഓര്‍ത്തുകൊണ്ട്, ഈ ആനുഗ്രഹത്തിന് ഞാൻ നന്ദി കാണിക്കുമെന്ന നിയ്യത്തോടെ അല്ലാഹുവിന്റെ നാമത്തിൽ (بسمِ اللهِ – ബിസ്മില്ലാഹ്) വലതുകാൽ വെച്ച് വീട്ടിലേക്ക് പ്രവേശിക്കലാണ്.
عَنْ عَائِشَةَ، قَالَتْ كَانَ النَّبِيُّ صلى الله عليه وسلم يُعْجِبُهُ التَّيَمُّنُ فِي تَنَعُّلِهِ وَتَرَجُّلِهِ وَطُهُورِهِ وَفِي شَأْنِهِ كُلِّهِ‏.‏
ആയിശാ رضي الله عنها യിൽ നിന്ന് നിവേദനം: അവർ പറഞ്ഞു: നബി ﷺ ചെരുപ്പ് ധരിക്കുന്നതിലും, മുടി ചീകുന്നതിലും, ശുദ്ധീകരണത്തിലും, തന്റെ മുഴുവൻ കാര്യങ്ങളിലും വലതിനെ മുന്തിക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു. (ബുഖാരി : 168)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّهُ سَمِعَ النَّبِيَّ صلى الله عليه وسلم يَقُولُ:‏ إِذَا دَخَلَ الرَّجُلُ بَيْتَهُ فَذَكَرَ اللَّهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ قَالَ الشَّيْطَانُ لاَ مَبِيتَ لَكُمْ وَلاَ عَشَاءَ ‏.‏ وَإِذَا دَخَلَ فَلَمْ يَذْكُرِ اللَّهَ عِنْدَ دُخُولِهِ قَالَ الشَّيْطَانُ أَدْرَكْتُمُ الْمَبِيتَ ‏.‏ وَإِذَا لَمْ يَذْكُرِ اللَّهَ عِنْدَ طَعَامِهِ قَالَ أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ ‏

ജാബിറു ബ്‌നു അബ്ദില്ല رَضِيَ اللَّهُ عَنْهُ വില്‍ നിന്ന് നിവേദനം: നബി ﷺ പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുകയും അങ്ങനെ അവന്‍ അവന്റെ പ്രവേശനസമയത്തും ആഹരിക്കുന്ന സമയത്തും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്താല്‍, (അപ്പോള്‍) പിശാച് പറയും: ‘നിങ്ങള്‍ക്ക് (ഇവിടെ) രാത്രി താമസിക്കാനിടമോ രാത്രി ഭക്ഷണമോ ഇല്ല.’ (എന്നാല്‍) ഒരാള്‍ തന്റെ വീട്ടില്‍ പ്രവേശിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിക്കാതിരുന്നാല്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനിടം കിട്ടിയിരിക്കുന്നു.’ (ഇനി) ഭക്ഷണം കഴിക്കുന്ന വേളയില്‍ അല്ലാഹുവിനെ സ്മരിച്ചിട്ടില്ലെങ്കില്‍ പിശാച് പറയും: ‘നിങ്ങള്‍ക്ക് രാത്രി താമസിക്കാനുള്ള ഇടവും രാത്രി ഭക്ഷണവും കിട്ടിയിരിക്കുന്നു’ (മുസ്‌ലിം:2018)

ഇനി സുബ്ഹിക്ക് തന്നെ ഒരാൾ വീട് കൂടാൻ തീരുമാനിച്ചാൽ അതിൽ കുഴപ്പമൊന്നുമില്ല. പ്രഭാത സമയം ബറകത്തുള്ള സമയമാണ്.
عَنْ صَخْرٍ الْغَامِدِيِّ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ : اللَّهُمَّ بَارِكْ لأُمَّتِي فِي بُكُورِهَا ‏
സ്വഖ്’രില്‍ ഗാമിദിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പ്രാ൪ത്ഥിച്ചു: അല്ലാഹുവേ, എന്റെ ഉമ്മത്തിന് അവരുടെ പ്രഭാതത്തിൽ നീ ബറകത്ത് ചൊരിയേണമേ. (അബൂദാവൂദ്:2606)

അതേപോലെ വീട്ടിലുള്ള സ്ത്രീ പുരുഷൻമാര്‍ക്ക് അവിടെ സുന്നത്ത് നമസ്കരിക്കുന്നതിനോ സ്ത്രീകൾക്ക് ഫര്‍ള് നമസ്കരിക്കുന്നതിനോ ഒന്നും കുഴപ്പമില്ല. അവിടെ ബാങ്ക് വിളിക്കുന്നതിനോ ഖുര്‍ആൻ പാരായണം ചെയ്യുന്നതിനോ ഒന്നും കുഴപ്പമില്ല. അതൊക്കെ എന്നും വേണ്ടതു തന്നെയാണ്. അതല്ലാതെ വീടുകൂടലിന് ഒരു പ്രത്യേക ചടങ്ങായി സംഘടിപ്പിക്കുന്നത് സുന്നത്തല്ലെന്നുമാത്രം.

വീട് കൂടലിന് ആളുകൾക്ക് ഭക്ഷണം കൊടുക്കുന്നതുകൊണ്ടും കുഴപ്പമില്ല. അത് ഇസ്ലാമിൽ ഏറെ പ്രതിഫലമുള്ള കാര്യം തന്നെയാണ്. അല്ലാഹു നൽകിയ അനുഗ്രഹത്തിന് നന്ദി കാണിക്കലുമാണത്. എന്നാൽ അതിന് അല്ലാഹു പ്രതിഫലം നൽകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അല്ലാഹുവിന്റെ വജ്ഹ് ഉദ്ദേശിച്ച് ഭക്ഷിപ്പിക്കുക. നാട്ടുനടപ്പോ ആളുകളുടെ സമ്പത്തോ പ്രൗഢി കാണിക്കലോ ആഗ്രഹിക്കാതിരിക്കുക.

വീടുകൂടൽ ചടങ്ങായി നമുക്ക് ചെയ്യാനുള്ളത് അല്ലാഹു നൽകിയ അനുഗ്രഹത്തെ ഓര്‍ത്തുകൊണ്ട്, ഈ ആനുഗ്രഹത്തിന് ഞാൻ നന്ദി കാണിക്കുമെന്ന നിയ്യത്തോടെ അല്ലാഹുവിന്റെ നാമത്തിൽ (بسمِ اللهِ – ബിസ്മില്ലാഹ്) വലതുകാൽ വെച്ച് വീട്ടിലേക്ക് പ്രവേശിക്കലാണെന്ന് പറഞ്ഞുവല്ലോ. എന്നാൽ ആളുകൾക്ക് അത് പോരായെന്ന പോലെയാണ് കാര്യങ്ങൾ നടക്കുന്നത്. ഇവിടെ പ്രത്യേകം ചില കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചത് കൂട്ടാതെയും കുറക്കാതെയും നാം സ്വീകരിക്കണം. നമ്മുടെ ദൈനംദിന ജീവിതത്തിലെ സകല കാര്യങ്ങളിലും ഇസ്ലാം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ നിർവ്വഹിക്കാനുള്ള ധാരാളം കാര്യങ്ങൾ നാം പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വീടുകൂടലുമായി ബന്ധപ്പെട്ട് അപ്രകാരം ധാരാളം കാര്യങ്ങൾ നിർവ്വഹിക്കാൻ പഠിപ്പിക്കപ്പെട്ടിട്ടില്ല. അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചതനുസരിച്ച് മാത്രം കാര്യങ്ങൾ ചെയ്യാൻ നമുക്ക് കഴിയണം. അതിനപ്പുറം പ്രവർത്തിക്കുമ്പോൾ അവിടെ രണ്ട് പ്രശ്നങ്ങളുണ്ട്. ഒന്ന്, അല്ലാഹുവും അവന്റെ റസൂലും പഠിപ്പിച്ചതിൽ ഒരു സംതൃപ്തി കണ്ടെത്താൻ കഴിയാതെ വരുന്നു. അതുകൊണ്ടാണല്ലോ അതിനപ്പുറമുള്ളത് ചെയ്യാൻ പരിശ്രമിക്കുന്നത്. രണ്ട്, അല്ലാഹുവും അവന്റെ റസൂലും പഠിപ്പിക്കാത്തത് ഒരാൾ നിർവഹിക്കുമ്പോൾ, അത് നല്ലതാണെന്ന് വാദിക്കുന്ന പക്ഷം, നബി ﷺ തന്റെ ദൌത്യ നിര്‍വഹണത്തില്‍ വഞ്ചന കാണിച്ചുവെന്നാണ് അവന്‍ പറയാതെ പറയുന്നത്. കാരണം ഈ നല്ല കാര്യം നബി ﷺ നമുക്ക് പറഞ്ഞു തന്നിട്ടില്ലല്ലോ എന്നാണ് അങ്ങനെ ചെയ്യുന്നതിലൂടെ സംഭവിക്കുന്നത്.

എട്ടാമതായി, വീട്ടിനുള്ളിലും പുറത്തും هَٰذَا مِن فَضْلِ رَبِّى എന്നും مَا شَاءَ الله എന്നും എഴുതി വെക്കുന്നവരുണ്ട്. ഈ എഴുത്തിനപ്പുറം അതിന്റെ ആശയം ഉൾക്കൊള്ളാൻ വീട്ടുകാര്‍ക്ക് കഴിയണം.

സുലൈമാന്‍ നബി عليه السلام തന്റെ സദസ്സസില്‍ വെച്ച് അങ്ങ് അകലെയുള്ള സബഇലെ ബില്‍ക്കീസ് രാജ്ഞിയുടെ സിംഹാസനം അവ൪ ഇവിടെ എത്തുന്നതിന് മുമ്പ് എടുത്തു കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ‘هَٰذَا مِن فَضْلِ رَبِّى എന്ന പരാമര്‍ശം വിശുദ്ധ ഖുര്‍ആൻ ഉദ്ദരിക്കുന്നത്. ‘എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌’ എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇത് പറഞ്ഞിട്ടുള്ളത് സുലൈമാന്‍ عليه السلام നബി യോ ആസഫ്‌ ബിൻ ബർഖിയാ رحمه الله യോ ആകാം.

ഏകദേശം 1500 കി.മീ. അപ്പുറത്തുള്ള സിംഹാസനം നിമിഷനേരം കൊണ്ട് എത്തിക്കാൻ കഴിഞ്ഞത് മുഅ്ജിസത്ത് കൊണ്ടോ കറാമത്ത് കൊണ്ടോ ആണ്. “എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌” എന്ന് അദ്ധേഹം പറഞ്ഞതിന് ശേഷം പറഞ്ഞിട്ടുള്ള കാര്യങ്ങൾ ശ്രദ്ധേയമാണ്.

قَالَ هَٰذَا مِن فَضْلِ رَبِّى لِيَبْلُوَنِىٓ ءَأَشْكُرُ أَمْ أَكْفُرُ ۖ وَمَن شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِۦ ۖ وَمَن كَفَرَ فَإِنَّ رَبِّى غَنِىٌّ كَرِيمٌ
എന്‍റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്‌, ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായിട്ട്. വല്ലവനും നന്ദികാണിക്കുന്ന പക്ഷം തന്‍റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദികാണിക്കുന്നത്‌. വല്ലവനും നന്ദികേട് കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്‍റെ രക്ഷിതാവ് പരാശ്രയമുക്തനും, ഉല്‍കൃഷ്ടനുമാകുന്നു. (ഖുര്‍ആൻ:27/40)

“ഞാന്‍ നന്ദികാണിക്കുമോ, അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായിട്ട്” എന്നാണ് അദ്ധേഹം പറഞ്ഞിട്ടുള്ളത്. വീട്ടിനുള്ളിലും പുറത്തും هَٰذَا مِن فَضْلِ رَبِّى എന്ന് എഴുതി വെക്കുന്നവരോടും ഇതാണ് പറയാനുള്ളത്. ഈ എഴുത്തിനപ്പുറം അതിന്റെ ആശയം ഉൾക്കൊള്ളുക. അതായത്: നിനക്ക് വീട് നിര്‍മ്മിക്കാൻ കഴിഞ്ഞത് അല്ലാഹുവിന്റെ അനുഗ്രമാണ്, അതോടൊപ്പം ഒരു പരീക്ഷണവുമാണത്. നീ നന്ദി കാണിക്കുന്നുണ്ടോ നന്ദികേട് കാണിക്കുന്നുണ്ടോ എന്ന്.

“അല്ലാഹു ഉദ്ദേശിച്ച യാതൊന്ന് എന്നതാണ്” مَا شَاءَ الله യുടെ അർത്ഥം. ഒരാൾക്ക് അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അയാൾ അല്ലാഹുവിനെ മറക്കുകയും ഇതൊക്കെ എന്റെ അറിവും കഴിവും യോഗ്യതയും കൊണ്ട് എനിക്ക് നേടിയെടുക്കാൻ സാധിച്ചതാണെന്നോ അല്ലെങ്കിൽ അല്ലാഹു എന്നെ ആദരിച്ചതാണെന്നോ ഒക്കെയുള്ള നന്ദികേടിന്റെ ചിന്ത ഉണ്ടാകുമ്പോൾ അല്ലാഹുവിനെ ഓർക്കാൻ വേണ്ടിയും ഇതൊക്കെ അല്ലാഹു നൽകിയതാണെന്ന തിരിച്ചറിവ് ലഭിക്കാൻ വേണ്ടിയും അയാളോട് പറയുന്ന പ്രസ്താവനയാണ് مَا شَاءَ الله. അതെ, എഴുത്തിനപ്പുറം ഇതിന്റെയും ആശയം ഉൾക്കൊള്ളുക.

ദീൻ പഠിക്കാനും അതനുസരിച്ചു ജീവിക്കാനും അല്ലാഹു നമ്മെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

( കടപ്പാട്- കൻസുൽ ഉലൂം ഡോട് കോം )

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles