Current Date

Search
Close this search box.
Search
Close this search box.

ഹിജ്റ കലണ്ടർ- അലി മണിക് ഫാൻ

ഇസ് ലാം വെറുമൊരു മതമല്ല, മഹത്തായ സംസ്കാരവും നാഗരികതയുമാണ്. കാലഗണനയും കലണ്ടറിൻ്റെ കൃത്യതയും നാഗരികതയുടെ അനിവാര്യതകളാണ്. സൂര്യ – ചന്ദ്രൻമാർ കാലഗണനക്കുള്ള ഉപാധികൾ കൂടിയാണെന്ന് വിശുദ്ധ ഖുർആൻ അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ഈ ഖുർആനാണ് മുസ് ലിം ലോകത്തിൻ്റെ ആത്മാവ്. എന്നിട്ടും എന്തുകൊണ്ടാണ്, ആഗോളാടിസ്ഥാനത്തിൽ അംഗീകരിക്കപ്പെട്ട ഒരു ചന്ദ്ര മാസകലണ്ടർ മുസ് ലിം ലോകത്ത് ഇല്ലാതെ പോയത്?

ഈ ആകുലതകൾ പങ്കുവെക്കുകയും ലോകം ഐക്യകണ്ഠേന അംഗീകരിക്കുന്ന ഒരു ഹിജ്റ കലണ്ടറിൻ്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതുകയും ചെയ്യുന്ന പുസ്തകമാണ് സദ്റുദ്ദീൻ വാഴക്കാട് രചിച്ച, “അലി മണിക് ഫാൻ കണ്ടുപിടുത്തങ്ങളുടെ കപ്പിത്താൻ”. പാനൂർ ഏലാങ്കോട് ബി.എസ്.എം ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം കാലം ആവശ്യപ്പെടുന്ന പഠനാർഹമായ രചനയത്രെ.

കൃതിയുടെ ആദ്യഭാഗം പത്മശ്രീ മുറാദ് ഗണ്ടവറു അലി മണിക്ഫാൻ്റെ സംഭവബഹുലമായ ജീവിത കഥയാണ് അവതരിപ്പിക്കുന്നത്.
രണ്ടാം ഭാഗം മുഴുവനായും ഹിജ്റ കലണ്ടറിനെ പറ്റിയാണ്. എന്തുകൊണ്ട് ചന്ദ്ര മാസകലണ്ടർ?, കാലഗണനയും കലണ്ടർ രീതികളും, ഗോള ശാസ്ത്ര പഠനം വിശുദ്ധ ഖുർആനിൽ, കാലഗണന ഖുർആനിൻ്റെ പ്രമേയം, സൂര്യനും ചന്ദ്രനും കണക്കനുസരിച്ചാണല്ലോ!,
തിയ്യതി: കളിയും കാര്യവും, മാസപ്പിറവി കണക്കും കാഴ്ചയും, മദീനയിലെ കലണ്ടർ മുഹമ്മദ് നബിയുടെ നിർദേശങ്ങൾ; തുടർച്ചയും തിരുത്തലും, ഹിജ്‌റ കലണ്ടറും എൻ്റെ സൗദി യാത്രകളും, അനൈക്യവും അറിവില്ലായ്മയും എന്നീ തലക്കെട്ടുകളിൽ ചന്ദ്ര മാസ കലണ്ടറിൻ്റെ അനിവാര്യതയും ഒപ്പം സൗര കലണ്ടറിൻ്റെ ന്യൂനതകളും ഈ കൃതി ചർച്ച ചെയ്യുന്നു.

അലി മണിക് ഫാൻ പറയുന്നു: “ദിവസത്തിൻ്റെ തുടക്കവും അവസാനവും ഭൂമിയിൽ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത സമയങ്ങളിലാണെങ്കിലും ദിവസം എല്ലാവർക്കും ഒന്നു തന്നെയാണ്. അത് മാറുകയില്ല. ദിവസം കണക്കാക്കുന്നത് സൂര്യൻ്റെ ഉദയാസ്തമയങ്ങൾക്ക് അനുസരിച്ചാണെങ്കിൽ തിയ്യതി, മാസം മുതലായവ കണക്കാക്കാൻ മനുഷ്യർ പുരാതന കാലം മുതലേ ആശ്രയിച്ചു വരുന്നത് ചന്ദ്രനെയാണ്…..”

എന്നാൽ എപ്പോൾ, എവിടെ വെച്ചാണ് ചന്ദ്ര മാസക്കലണ്ടർ ലോകത്തിൻ്റെ മുഖ്യധാരയിൽ നിന്ന് അപ്രത്യക്ഷമായത്?

അലി മണിക് ഫാൻ തുടരുന്നു: “ഇന്ന് നമ്മുടെയിടയിൽ പ്രചാരത്തിലുള്ള ഗ്രിഗോറിയൻ കലണ്ടർ ആദ്യമായി റോമിൽ പ്രചരിപ്പിച്ചത്
ബി.സി 46 ൽ ജൂലിയസ് സീസർ ചക്രവർത്തിയായിരുന്നു. അക്കാലത്തെ ജൂതപുരോഹിതർ കലണ്ടറിൽ അവരുടെ ഇഷ്ടപ്രകാരം മാറ്റങ്ങൾ വരുത്തുക പതിവായിരുന്നു. പൗരോഹിത്യ താൽപര്യങ്ങൾ കലണ്ടറിൽ നടത്തിയ കൃത്രിമങ്ങളാണ് അന്ന് എന്ന പോലെ പിൽക്കാലത്തും പ്രശ്നമാകുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക…

സീസർ ചക്രവർത്തി പുതിയൊരു കാലഗണനാ സമ്പ്രദായം നടപ്പാക്കാൻ തീരുമാനിച്ചു. നിലവിലുണ്ടായിരുന്ന ചന്ദ്ര മാസകലണ്ടറുകൾ അദ്ദേഹം നിരോധിക്കുകയും സൗര കലണ്ടർ പ്രചരിപ്പിക്കുകയും ചെയ്തു. ചന്ദ്രമാസ കലണ്ടർ അവഗണിക്കപ്പെടാൻ ഇത് കാരണമായി” (പുറം: 173-174). ഇന്ത്യയിൽ ഒരു കാലത്ത് വ്യാപകമായിരുന്ന ഹിജ്റ കലണ്ടറിൻ്റെ കഴുത്തിൽ കത്തി വെച്ചത് ഇംഗ്ലീഷുകാരാണെന്ന് ഗ്രന്ഥകർത്താവ് പറയുന്നു (പുറം: 237).

ജീവിതം മുഴുവൻ ഹിജ്റ കലണ്ടർ പുന:സ്ഥാപനത്തിനു വേണ്ടി പ്രയത്നിച്ച അലി മണിക് ഫാൻ തൻ്റെ ആശയം ലോക മുസ് ലിം കേന്ദ്രമായ മക്കയുമായും “റാബിത്വ”യുമായും പങ്കിടുകയും തദാവശ്യാർഥം അഞ്ച് തവണ സൗദി സന്ദർശിക്കുകയും കോൺഫ്രൻസുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാമായിട്ടും വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ! “മതം” മാത്രം അറിയുന്ന പണ്ഡിതർക്ക് നിലാവിൻ്റെ ശാസ്ത്രം പറഞ്ഞാൽ തിരിഞ്ഞു കിട്ടാത്ത ദുരവസ്ഥയാണ് ഇതിനെല്ലാമുള്ള ഒരു പ്രധാന പ്രതിസന്ധിയെന്ന് അലി മണിക്ഫാൻ നിരീക്ഷിക്കുന്നുണ്ട്. എന്നാലും ലോക മുസ് ലിംകൾക്ക് / ലോകജനതക്കു തന്നെ സൗര കലണ്ടറിൻ്റെ ന്യൂനതകളിൽ നിന്നെല്ലാം മുക്തമായ ഒരു ഹിജ്റ / ചന്ദ്ര മാസ കലണ്ടർ സമീപകാലത്തു തന്നെ രൂപപ്പെടും എന്നാണ് അലി മണിക്ഫാൻ്റെ പ്രതീക്ഷ.

കെ.കെ സുഹൈലിൻ്റെ പ്രൗഢമായ അവതാരിക ഈ പുസ്തകത്തിൻ്റെ മാറ്റ് കൂട്ടുന്നു.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles